The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
ആ വലിയ തറവാടിന്റെ മുമ്പിൽ വണ്ടി നിൽക്കുമ്പോൾ നേരം ഉച്ചയോടടുത്തിരുന്നു…..
വണ്ടിയുടെ ശബ്ദം കേട്ടതും മുത്തശ്ശി ഉമ്മറത്തേക്കൊടി വന്നു….
അമ്മയെ കണ്ടതും ചുറ്റുമുള്ളതെല്ലാം മറന്ന് അവർ കെട്ടിപ്പിടിച്ചു…
ഉള്ളിലുള്ള സങ്കടങ്ങളെല്ലാം അമ്മ മുത്തശ്ശിയുടെ മേലോഴുക്കി തീർക്കുകയാണെന്ന് തോന്നിയവന്…..
റാനീ…. വാ മോനെ…. അവരവനെ ചേർത്ത് പിടിച്ചു….
മുത്തശ്ശിയെ കൂടാതെ കുറച്ചു കുട്ടികൾ മാത്രമായിരുന്നു പൂമുഖത്തുണ്ടായിരുന്നത്…
എന്നാൽ ഏതൊക്കെയോ തലകൾ ജനലിലൂടെ അവരെ ഉറ്റു നോക്കുന്നത് അവൻ കണ്ടിരുന്നു…..
വീട് പഴയത് തന്നെയാണെങ്കിലും പല തരത്തിൽ മോഡി പിടിപ്പിച്ചിരിക്കുന്നത് ഭാഗ്യ ലക്ഷ്മി ശ്രദ്ധിച്ചിരുന്നു….
സഹദേവനും കൃഷ്ണനും പറമ്പിലെ സ്ഥലത്ത് വീട് വെച്ചു…ഇവിടിപ്പോ ജയനും ഭാര്യയും അവന്റെ രണ്ട് പെണ്മക്കളുമാണ്….
എല്ലാവരെയും കാണാൻ കൊതിയാവുന്നു അമ്മേ…. ജയേട്ടൻ എവിടെ….
അവൾ വല്ലാത്തൊരു സന്തോഷത്തോടെ ചോദിക്കുമ്പോഴും മുത്തശ്ശിയുടെ മുഖത്ത് ഒരു തരം നിർവികാരതയായിരുന്നു….
ഭാഗ്യം…ഞങ്ങൾ നിന്റെ അച്ഛനും അമ്മയും ആയത് കൊണ്ടൊരുപക്ഷെ ഞങ്ങൾക്ക് നിന്നോട് ക്ഷമിക്കാൻ കഴിഞ്ഞിട്ടുണ്ടാവും…. എന്നാൽ എല്ലാവർക്കും അതിനു കഴിയണമെന്നില്ല….
ആ വാക്കുകളുടെ പൊരുൾ ഭാഗ്യത്തിന് വ്യക്തമായി മനസ്സിലായിരുന്നു….
ചേട്ടന്മാരെല്ലാം തന്നോട് അത്രയേറെ ദേഷ്യത്തിലാണെന്ന് ഭാഗ്യത്തിന് മനസ്സിലായിരുന്നു…..
അവളുടെ മനസ്സിൽ നീറ്റലനുഭവപ്പെട്ടു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 വാതിൽ പടിയിൽ വന്നു എത്തി നോക്കുന്നവളെ മുത്തശ്ശി കയ്കൊണ്ട് പിടിച്ചു മുമ്പിലേക്ക് നിർത്തി….
കണ്ണുകളിൽ കുസൃതിയും ചൊടികളിൽ നിഷ്കളങ്കമായ പുഞ്ചിരിയുമുണ്ടായിരുന്നു..
മേഘാ അപ്പച്ചിയാണ് നിന്റെ….
അവൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു…
ജയന്റെ ഇളയ മോളാ…. മേഘ ……മുത്തശ്ശി അത് പറയുമ്പോൾ ഭാഗ്യം അവളെ ചേർത്ത് പിടിച്ചു….
പാതി ചാരിയ വാതിലിൽ വന്നു നിന്നു രേവതി വിശേഷങ്ങൾ ചോദിക്കുമ്പോഴും അവരുടെ മുഖത്ത് വലിയ ഒരു സന്തോഷമൊന്നും കണ്ടിരുന്നില്ല……
അന്യ ജാതിക്കാരന്റെ കൂടെ ഇറങ്ങി പോയ നാത്തൂൻ ഒന്നുമില്ലാതെ തിരിച്ചു വരുമ്പോൾ ബാധ്യതയാകുമോയെന്ന ഭയമായിരിക്കും…..
ഭാഗ്യം സ്വയം പുച്ഛിച്ചു…..
വരിവരിയായി നിറയെ മുറികളുള്ള വലിയ ആ വീട് റാനി ചുറ്റി നടന്നു കണ്ടു….
പെട്ടെന്നാണ് ജനലിന്റെ വിടവിലൂടെ ആ മിഴികളവന്റെ ശ്രദ്ധയിൽ പതിഞ്ഞത്….
ആ വെള്ളാരം കണ്ണുകൾ ഓർമയില്ലെങ്ങോ പതിയിരിക്കും പോലെ തോന്നിയിരുന്നവന്…..
വാതിൽ തുറന്നവൾ അവന് മുന്നിലായി നിൽക്കുമ്പോൾ അവളുടെ നീളൻ മുടിയിഴകൾ കാറ്റിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു..
അവനെ കണ്ടതും അവളുടെ മിഴികളിൽ വല്ലാത്തൊരു ദേഷ്യം സ്ഥാനം പിടിച്ചിരുന്നു….
അവനോത്തിരി നേരമൊന്നും ആ മിഴികളെ കുറിച്ചാലോചിക്കേണ്ടി വന്നില്ല ….. പെട്ടെന്ന് തന്നെ ഓർമ്മകൾ ദൂരങ്ങളോളം സഞ്ചരിച് എത്തി നിന്നത് ആ വലിയ എക്സിബിഷൻ ഹാളിലായിരുന്നു….
കരഞ്ഞു കലങ്ങിയ വെള്ളാരം കണ്ണുകൾ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നു….
ഹിമാ…. മോളേ…. നിന്റെ അപ്പച്ചിയുടെ മോനാ റാനി…
അവിടേക്ക് കടന്നു വന്ന മുത്തശ്ശി അവൾക്കവനെ പരിചയപ്പെടുത്തുമ്പോഴും അവളുടെ കണ്ണുകളിൽ എരിയുന്ന പകയുടെ കനലുകൾ അവൻ കണ്ടില്ലെന്ന് നടിച്ചു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാഗ്യം….. ഭാഗ്യം വന്നിട്ടുണ്ട്….
ജയദേവാനായി വെച്ച പാത്രത്തിലേക്ക് ചോറിടുമ്പോഴാണ് പതിയെ രേവതിയത് പറഞ്ഞത്…..
മരിച്ചവരെ കുറിച് സംസാരിക്കാൻ എനിക്ക് താല്പര്യമില്ല…..
അവന്റെ മുഖത്തെ ദേഷ്യം തെളിഞ്ഞു കാണപ്പെട്ടു…..
വാക്കുകളിലെ കനത്തിൽ രേവതിയും നിശബ്ദയായി….
ജയ ദേവൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നിടത്തേക്കാണ് ഭാഗ്യം കടന്നു വന്നത്…..
ജയേട്ടാ…… കുറച്ചകലെ നിന്നാണ് വിളിച്ചതെങ്കിലും ആ പതിഞ്ഞ ശബ്ദം പോലും ജയനിൽ അത്രമാത്രം അസ്സഹനീയമായ പോൽ മുഖം വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു……
അവനെ കണ്ട മാത്രയിൽ ഭാഗ്യത്തിന്റെ ഉള്ളിൽ നിന്നു വന്ന തേങ്ങലുകൾ അവിടെ അലയടിക്കുന്നുണ്ടായിരുന്നു……
ഓടി വന്നൊന്ന് ചേർത്ത് പിടിച്ചെങ്കിൽ എന്നാഗ്രഹിച്ച നിമിഷം അവൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന പാത്രം അത്രമേൽ ദേഷ്യത്തോടെ തട്ടിയെറിഞ്ഞിരുന്നു…..
കൈ പോലും കഴുകാൻ നിൽക്കാതെ അവിടം വിട്ട് പോവുമ്പോൾ ഹൃദയതിൽ വല്ലാത്തൊരു പ്രകമ്പനം അനുഭവപ്പെട്ടിരുന്നു….
പുറത്തേക്ക് വന്ന കണ്ണുനീരിനെ അടക്കി പിടിച്ചു കൊണ്ട് ഭാഗ്യം അവിടെ നിന്നും പോയി…..
രേവതി നിസ്സഹായയായി അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുത്തശ്ശിക്ക് മുറുക്കാൻ കൊടുക്കുമ്പോഴാണ് ഹിമക്കരികിലായി ഭാഗ്യം വന്നു നിന്നത്…..
മോളേ ഹിമാ…. നിന്റെ അപ്പച്ചിയാ……
മുത്തശ്ശി ആർദ്രമായി പറഞ്ഞപ്പോഴും അതിനോട് വലിയ താല്പര്യമൊന്നും കാണിക്കാതെ മുറുക്കാൻ പാത്രം അടച്ചു വെച്ചു കൊണ്ട് ഹിമ എഴുന്നേറ്റു പോയി…..
അവൾക്ക് അവളുടെ അച്ഛന്റെ വാശിയാ….. നീയത് കാര്യമാക്കണ്ടാ….. പുറമെ ദേഷ്യക്കാരിയാണെന്നെ യുള്ളൂ…. പാവാ….
ഹിമ ഒന്നും മിണ്ടാത്തെ പോകുന്നത് വേദനയോടെ നോക്കി നിൽക്കുകയായിരുന്ന ഭാഗ്യത്തിനോട് മുത്തശ്ശിയത് പറയുമ്പോൾ അവർ തല കുനിച്ചു നിന്നു…
മനസ്സിലെ ഭാരത്താൽ അവരുടെ തല യൊരുപക്ഷെ താഴ്ന്നു പോയതായിരിക്കും….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിക്കാനായി മുത്തശ്ശിയോടൊപ്പം ഭാഗ്യവും റാനിയും ഇരുന്നിരുന്നു……
അവർ കഴിച്ചു തുടങ്ങിയപ്പോഴാണ് അങ്ങോട്ട് ഹിമ കടന്നു വരുന്നത്…..
നീ ഭക്ഷണം കഴിച്ചോ കുട്ടീ….
മുത്തശ്ശിയത ചോദിക്കുമ്പോൾ അവൾ ഇല്ലായെന്ന് തലയാട്ടി…
അതെന്താ കഴിക്കാഞ്ഞത്….
മുത്തശ്ശി യുടെ കൂടെയല്ലേ ഞാനെന്നും കഴിക്കാറുള്ളത്……
മേഘ മോളോട് ഞാൻ നിന്നെ വിളിക്കാൻ പറഞ്ഞിരുന്നു…. അവളാ പറഞ്ഞത് നീയെന്തൊക്കെയോ എഴുതുകയാണെന്ന്…..
അവളൊന്നും മിണ്ടിയില്ല….
നീയാ പാത്രമെടുത്തിങ്ങോട്ടിരുന്നോളു……
മുത്തശ്ശി അവളെ നോക്കിയത് പറയുമ്പോൾ അവൾ നോക്കിയത് റാനിയുടെ മുഖത്തേക്കായിരുന്നു…..
അവളുടെ മുഖത്തെ ദേഷ്യം റാനിക്കും ഇഷ്ടക്കേട് ആ മേശയിലിരിക്കുന്ന മറ്റുള്ളവർക്കും വ്യക്തമായി മനസ്സിലായത് കൊണ്ട് തന്നെയാണ് ആരുടേയും മനസ്സ് വിഷമിപ്പിക്കാൻ താല്പര്യമില്ലെന്ന വണ്ണം അവൻ പാത്രമെടുത് അവിടെ നിന്നും എഴുന്നേറ്റത്…..
മോനേ…. റാനീ…. കഴിച്ചില്ലല്ലോ നീ….
ഞാൻ…. ഞാൻ കഴിച്ചോളാം മുത്തശ്ശി….
പറയുമ്പോൾ വാക്കുകൾ ഇടരാതിരിക്കാൻ അവൻ ശ്രമിച്ചു….
അവൻ അടുക്കള പുറത്തേക്ക് നടന്നതിതു പിറകെയായി ഹിമ കസേര വലിച്ചിട്ടു അതിലേക്കിരുന്നു….. പാത്രം മലർത്തി വെച്ച് വളരേ സാധാരണമായി ഭക്ഷണം കഴിച്ചു തുടങ്ങി…അവളുടെ മുഖത്തെ ഗൗരവം അത്രമേൽ ഭാഗ്യലക്ഷ്മിയേ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
അവർ കയ്യിൽ പിടിച്ച ചോരുരുള പാത്രത്തിലേക്ക് തന്നെയിട്ട് റാനിയിലേക്ക് നടന്നു…..
അമ്മി കല്ലിനോട് ചേർന്ന് നിന്ന് മിഴികൾ തുടക്കുന്ന അവനെ കാൻകെ ഭാഗ്യത്തിന്റെ ഹൃദയത്തിൽ വല്ലാത്തൊരു നീറ്റലനുഭവപ്പെട്ടു…..
റാനീ…..
ആ. വിളിയിലെ നനവ് അവനെ വേദനപ്പെടുത്തി…
അമ്മയെന്തിനാ എഴുന്നേറ്റ് വന്നത്…. മുത്തശ്ശിക്ക് സങ്കടമായിട്ടുണ്ടാവും….
എന്റെ മോന് എഴുന്നേറ്റപ്പോൾ എനിക്ക് സങ്കടമായ പോലെ അല്ലെ…
ഭാഗ്യം വിതുമ്പി കൊണ്ടവനെ ചേർത്ത് പിടിച്ചു…..
അതിനെന്താ അമ്മാ…..
ഞാൻ ഇവിടെയിരുന്നു കാറ്റൊക്കെ കൊണ്ട് കഴിച്ചോളാം…..
അമ്മ ചെല്ല്…. മുത്തശ്ശിയെ വിഷമിപ്പിക്കേണ്ട….
അവരെ ചേർത്ത് പിടിച്ചാശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു വിടുമ്പോഴും ആ മനസ്സിലെ വിങ്ങൽ ഭാഗ്യത്തിനറിയുന്നുണ്ടായിരുന്നു……..
അവൻ അമ്മിക്കല്ലിനോട് ചേർന്നുള്ള ആ തിട്ടിൻ മേൽ ഇരുന്നു….
തികട്ടി വന്ന കണ്ണുനീർ തുടക്കുമ്പോഴും കണ്ണ് നിറയരുതെന്ന് പഠിപ്പിച്ച ഉപ്പാന്റെ മുഖമായിരുന്നു മനസ്സ് നിറയെ…..
എന്തും സഹിക്കാനും ക്ഷമിക്കാനുമുള്ള മനസ്സാണ് മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്തെന്ന് പറഞ്ഞു പഠിപ്പിച്ച ഉപ്പാനെ ഓർത്തു കൊണ്ടവൻ മിഴികൾ തുടച്ചു…..
അവന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല….
കയ്യിലുരുട്ടിയ ചോറുരുള കുരച്ചു ദൂരെയായി നിൽക്കുന്ന കാക്കക്കിട്ടു കൊടുത്തപ്പോൾ അത് തല ചെരിച്ചവനെ നോക്കി കുറച്ചു കൂടി അടുത്ത് വന്നു….
പാത്രത്തിലുള്ള ഭക്ഷണം മുഴുവൻ അവിടെ കൊട്ടി തിരിച്ചു നടക്കുമ്പോൾ അങ്ങിങായുള്ള പല കാക്കകളും അതിലേക്ക് പറന്നിറങ്ങിയതൊന്നും അവൻ ശ്രദ്ധിച്ചില്ല…..
(തുടരും )