19/04/2026

ജാനകീരാവണൻ : ഭാഗം 174

രചന – ആസിയ പൊന്നൂസ്

“രാഘവ്…. തന്നോട് എനിക്ക് യാതൊരു വിരോധവും ഇല്ല…. പക്ഷേ ഇവൾ….” വിക്രം റിയക്ക് നേരെ കലിയോടെ വിരല് ചൂണ്ടി….. ഇവർക്കൊക്കെ ഇത്രക്ക് പക തോന്നാൻ റിയ എന്ത് തെറ്റാണ് ചെയ്തതെന്ന ചിന്ത രാഘവിനെ അലട്ടി…. അവന്റെ ചിന്തകൾ പല വഴിക്കും സഞ്ചരിച്ചു….. റിയയുടെ പതർച്ച അവനെ ആശയകുഴപ്പത്തിലാക്കി…. “താനിത് കണ്ടോ…..” തന്റെ സ്വാധീനകുറവുള്ള കാല് തൊട്ട് കാണിച്ചു വിക്രം അവനോട് ചോദിച്ചു….. “ഇത് എങ്ങനെ പറ്റിയതാണെന്ന് അറിയണോ തനിക്ക്….??” ദേഷ്യം നിയന്ത്രിച്ചു കൊണ്ടുള്ള വിക്രത്തിന്റെ ചോദ്യത്തിന് മുന്നിൽ സംശയഭാവത്തിൽ രാഘവ് ഇരുന്നു….. റിയക്ക് എണീറ്റ് ഓടണമെന്നുണ്ട്…..

പക്ഷേ അവൾക്ക് തടസ്സമായി ചന്ദു നിൽക്കുന്നുണ്ട്…. “ദേ ഈ ഇരിക്കുന്നവളുടെ സമ്മാനമാണ്…. തന്റെ വരും കാല ഭാര്യയുടെ…. അതായത് എന്റെ പൂർവകാല കാമുകിയുടെ….”പറയുന്നതിനൊപ്പം അവന്റെ മുഖത്ത് ദേഷ്യവും പുച്ഛവും ഒരുപോലെ നിറഞ്ഞു…. മാനസക്ക് അന്നേരമാണ് ആളെ മനസ്സിലായത്…. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടത് പോലെ രാഘവ് തറഞ്ഞിരുന്നു പോയി….. ഭാവി വധുവിന്റെ കാമുകനെ കണ്ടപ്പോഴുള്ള ക്ലീഷേ ഈഗോ ആയിരുന്നില്ല അവന്റെ മനസ്സിൽ അപ്പോൾ തോന്നിയത്…. ഇന്ന് വരെ ഒരു പ്രണയം പോലും ഉണ്ടായിട്ടില്ല എന്ന റിയയുടെ വാക്കുകളിലെ സത്യസന്ധതയാണ് ഒരു ചോദ്യചിഹ്നമായി കണ്മുന്നിൽ ഇരിക്കുന്നത്….. റിയയോടുള്ള വിശ്വാസത്തിന് തന്നെയായിരുന്നു അപ്പോഴും മനസ്സിൽ മുൻ തൂക്കം….. അത് കൊണ്ട് തന്നേ അത് കേട്ടപ്പോൾ അവൻ ആദ്യം നോക്കിയതും റിയയെ ആയിരുന്നു…..

അവളത് നിഷേധിക്കും എന്ന് തന്നെ അവൻ പ്രതീക്ഷിച്ചു….. എന്നാൽ ഒരു കുറ്റവാളിയെ പോലെ കണ്ണുകൾ അടച്ച് ഇരിക്കുകയാണ് അവൾ ചെയ്തത്….. “റിയാ…..”അവൻ ഇടർച്ചയോടെ വിളിച്ചു….. അവൾ ഞെട്ടലോടെ അവനെ നോക്കി….. “ഈ കേട്ടതിൽ എന്തെങ്കിലും സത്യമുണ്ടോ…..?” അവന്റെ ഇടറിയ സ്വരത്തിൽ ഗൗരവം കലർന്നു…. “ഇല്ല രാഘവ്….. ഞാൻ…. ഞാൻ ഒന്നും ചെയ്തിട്ടില്ല…. ഇവർ…. ഇവരൊക്കെ നമ്മളെ അകറ്റാൻ…. ഇവർ നുണ പറയുവാണ്….. ട്രസ്റ്റ്‌ മി രാഘവ്….” ഒട്ടും ആലോചിക്കാതെ അവന്റെ കരങ്ങൾ കവർന്നുകൊണ്ട് അവൾ തകർത്ത് അഭിനയിച്ചു…. വിക്രത്തിന് അത്ഭുതം ഒന്നും തോന്നിയില്ല….. വികാസിന്റെ അവസ്ഥയും അത് തന്നെ…. എന്നാൽ മാനസക്കും ചന്ദുവിനും അവജ്ഞത തോന്നി….. “എനിക്ക് അത് മാത്രം കേട്ടാൽ മതി റിയാ….. ഐ ട്രസ്റ്റ്‌ യൂ…..” അവൻ അവളുടെ കവിളിൽ തഴുകി….

റിയക്ക് അന്നേരമാണ് ശ്വാസം തിരികെ കിട്ടിയത്….. “ലുക്ക്‌ വിക്രം….. എന്നെ സംബന്ധിച്ച് നിങ്ങളെക്കാൾ പ്രായോരിറ്റി ദേ ഇവൾക്കാണ്….. പാർട്നേഴ്സ് തമ്മിൽ എല്ലാത്തിലുമുപരി വേണ്ടത് ട്രസ്റ്റ്‌ ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ…. എനിക്ക് റിയയെ കുറേ കാലമായി അറിയാം…. അറിയാം എന്ന് പറഞ്ഞാൽ വളരെ നന്നായി തന്നെ അറിയാം…. സോ ഇന്നലെ കണ്ട നിങ്ങൾക്ക് വേണ്ടി റിയയെ അവിശ്വസിക്കാൻ എനിക്ക് കഴിയില്ല….. നിങ്ങൾ തമ്മിലുള്ള ഇഷ്യൂ എന്താണെന്നോ എന്തിന് താൻ ഇങ്ങനെ ഒക്കെ ചെയ്യുന്നു എന്നൊന്നും എനിക്ക് അറിയില്ല…. പക്ഷേ ഇനി ഇത് ആവർത്തിക്കരുത്…..” രാഘവ് വളരെ മാന്യമായി തന്നെ വിക്രത്തോട് പറഞ്ഞു….. “ചന്ദു…. നീ വിളിച്ചത് കൊണ്ടാണ് ഞാൻ ഇവളെ കൂട്ടി വന്നത്…. ഇനി അത് ഉണ്ടാവില്ല….. ഇത് വിളിച്ചു വരുത്തി ഇൻസൾട്ട് ചെയ്യുന്നത് പോലെ ആയിപ്പോയി…..” രാഘവ് ഇഷ്ടക്കേടോടെ ചന്ദുവിനോട് പറഞ്ഞു….. “ഏട്ടാ….. ഏട്ടൻ ഞങ്ങളെ….” “വേണ്ടാ…. ഇനി ഒന്നും കേൾക്കണം എന്നില്ല…. ഞങ്ങൾ ഇറങ്ങുന്നു….”രാഘവ് അത് പറയാൻ കാത്ത് നിന്നത് പോലെ റിയ ചാടി എണീറ്റു….

രാഘവ് അവളുടെ കൈയിൽ പിടിച്ചു പുറത്തേക്ക് നടക്കാൻ ഒരുങ്ങിയതും….. “ഒന്ന് നിന്നേ…..”വിക്രം ചെറു ചിരിയോടെ പറഞ്ഞു…. രാഘവ് ഇഷ്ടക്കേടോടെ അവനെ നോക്കി….. “നീ ഒരിക്കലും നന്നാവില്ലല്ലോടി….?” സഹതാപം നിറഞ്ഞ നോട്ടത്തോടെ വിക്രം റിയയെ പുച്ഛിച്ചു വിട്ടു….. “താൻ പറഞ്ഞല്ലോ….. തനിക്ക് ഇവളെ പറ്റി നന്നായി അറിയാമെന്ന്…. എന്നാൽ ഞാൻ പറയുന്നു തനിക്ക് ഇവളെ പറ്റി ഒന്നും അറിയില്ല…..”വിക്രം പുച്ഛത്തോടെ പറഞ്ഞു…. രാഘവിന് ദേഷ്യം വരുന്നുണ്ടായിരുന്നു….. അവനെ അവഗണിച്ചു അവൻ റിയയെ വിളിച്ചു ഡോർ ലക്ഷ്യമാക്കി നടന്നു….. “RK ഇവളുടെ കസിൻ ആണെന്ന കാര്യം അറിയുമോ തനിക്ക്….. ഏഹ്ഹ്…..?” ഡോറിന്റെ ലോക്ക് മാറ്റാൻ ഒരുങ്ങിയവൻ വിക്രത്തിന്റെ വാക്കുകളിൽ ഒരു നിമിഷം മരവിച്ചു നിന്നു പോയി….. “വാട്ട്‌….?” അവൻ ഞെട്ടലോടെ തിരിഞ്ഞു…..

“RK ഇവളുടെ കസിൻ ആണെന്ന്….. അതായത് ഇവളുടെ തന്തപ്പടിയുടെ അനന്തരവനാണ് RK എന്ന് എല്ലാം അറിയുന്ന വരും കാല ഭർത്താവിന് അറിയുമോ എന്ന്….?” വിക്രത്തിന്റെ ചോദ്യത്തിൽ പുച്ഛം കലർന്നിരുന്നു….. ആ ചോദ്യത്തിൽ രാഘവ് ഞെട്ടിപ്പോയിരുന്നു…. അത് അവനൊരു പുതിയ അരിവായിരുന്നു…. ഇങ്ങനൊരു ബന്ധം RK യുമായി ഉണ്ടെങ്കിൽ അത് ആരായാലും പരസ്യപ്പെടുത്താനല്ലേ ശ്രമിക്കൂ…. എന്തിന് അവർ മറച്ചു വെക്കണം….. അതിനർത്ഥം വിക്രം കള്ളം പറയുന്നു എന്നാണോ….. പക്ഷേ RK യെ വെച്ച് ഇങ്ങനൊരു കള്ളം പറയേണ്ട കാര്യമുണ്ടോ….? കള്ളമാണെങ്കിൽ അത് തെളിയിക്കപ്പെടാൻ എളുപ്പമല്ലേ….. രാഘവിന്റെ മനസ്സ് അസ്വസ്ഥമായി….. റിയക്ക് ഒന്നും പറയാനും പറ്റുന്നില്ല….. ഇങ്ങനൊരു കാര്യം നിഷേധിക്കാനും കഴിയില്ല….. RK യുമായി തങ്ങൾക്കുള്ള ബന്ധം തെളിയിക്കാൻ വളരെ എളുപ്പമാണ്…..

RK വഴി വിവാഹം മുടങ്ങുമോ എന്ന ഭയത്തിലാണ് ആ ബന്ധം ബോധപൂർവം മറച്ചു വെച്ചത്….. അവനോടും കുടുംബത്തോടുമുള്ള വിരോധവും ഒരു കാരണമായിരുന്നു….. “എന്താ റിയേ…. അതും നിഷേധിക്കുമോ നീ…..?” വികാസാണ് ചോദിച്ചത്….. റിയ മറുപടി ഇല്ലാതെ വിയർത്തു….. “അവൾ നിഷേധിക്കട്ടെ ഏട്ടാ…. എന്നിട്ട് വേണം റാവണിനെ എനിക്ക് ഇവിടെ കൊണ്ട് വന്ന് നിർത്താൻ….. എന്റെ ഭാഗം തെളിയിക്കാനുള്ള തെളിവുകൾ ഒക്കെ ഒരുപാടുണ്ട്….” വിക്രം ചിരിച്ചു….. “റിയാ…. ഇത് സത്യമാണോ…. RK നിന്റെ ആരാ….?” ഇത്തവണ രാഘവിന് ദേഷ്യം വന്നിരുന്നു….. എന്നാൽ അവന് മറുപടി നൽകാതെ മുഖം കുനിച്ചു നിൽക്കുകയാണ് റിയ….. “ഇതിലും എന്നെ വിശ്വാസം ഇല്ലെങ്കിൽ റാവണിനെ അറിയുമെന്നല്ലേ പറഞ്ഞത്…. തനിക്ക് നേരിട്ട് ചോദിക്കാം…. ഇവളുടെ അപ്പച്ചി ശിവകാമിയുടെ മൂത്ത മകനാണ് റാവൺ….

. അല്ലെന്ന് ഇവൾ പറഞ്ഞാൽ ദാ ഈ നിമിഷം ഞാൻ തെളിയിച്ചു തരാം…. ഇനി അതല്ലെങ്കിൽ തനിക്ക് ആരോട് വേണമെങ്കിലും അന്വേഷിക്കാം…..” വിക്രം ആത്മവിശ്വാസതത്തോടെ പറയുന്നത് കേട്ടപ്പോൾ രാഘവിന്റെ ശൗര്യം ഒക്കെ കുറഞ്ഞു വന്നു…. റിയയുടെ മൗനമാണ് അവനെ തളർത്തിയത്…. അപ്പോഴും അവന് മനസ്സിലാവാത്തത് അവൾ എന്തിന് ഇത് മറച്ചു വെച്ചു എന്നതാണ്….RK യെ പോലൊരു ബിസിനസ് മാൻ തന്റെ കസിൻ ആണെന്ന് ഇതുവരെ ഒരു സൂചന പോലും അവൾ തന്നിട്ടില്ല…. അവളെക്കുറിച്ച് എല്ലാമറിയാം എന്ന അവന്റെ വിശ്വാസത്തിന് ഏറ്റ ആദ്യത്തെ അടിയായിരുന്നു അത്….. “ഇല്ലാ കഥകൾ പറഞ്ഞ് ആരുടേയും ജീവിതം തകർത്തിട്ട് എനിക്കൊന്നും കിട്ടാനില്ലടോ…. ഞാൻ ഇപ്പോൾ പറഞ്ഞത് സത്യാമാണെന്ന് ഒരു ശതമാനം എങ്കിലും തോന്നുന്നുണ്ടെങ്കിൽ എനിക്ക് പറയാനുള്ളത് താൻ കേൾക്കണം…..

അത് വിശ്വസിക്കുന്നതും വിശ്വസിക്കാത്തതും ഒക്കെ തന്റെ ഇഷ്ടം….. ഒരു അഞ്ച് മിനിറ്റ്…. അത്രേ ഞാൻ ചോദിക്കുന്നുള്ളൂ…..”വിക്രത്തിന്റെ ആവശ്യം കേട്ട് രാഘവ് ഒരു നിമിഷം ചിന്തിച്ചു നിന്നു…. ഒടുവിൽ അരുത് എന്ന റിയയുടെ വിലക്ക് കണ്ടില്ലെന്ന് നടിച്ചു കൊണ്ട് അവൻ വിക്രത്തിന് അഭിമുഖമായി വന്നിരുന്നു…. റിയയുടെ ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി…. ഒരു വിധത്തിൽ സമാധാനിച്ചു വന്നതായിരുന്നു അവൾ….. അവൾ പോകാതിരിക്കാൻ ചന്ദു അവൾക്ക് അടുത്ത് തന്നെ ഒരു തടസ്സമായി നിന്നതും അവൾ പൂർണമായും തളർന്നു പോയി….. “പറയാൻ ആണെങ്കിൽ ഒരുപാടുണ്ടെടോ….. ഇത് എന്റെ കഥയല്ല….. നിരപരാധികളായ ഒരുപാട് ജീവിതങ്ങളുടെ കഥയാണ്….” ചെറു ചിരിയോടെ അവനൊരു ആമുഖം ഇട്ടു….. “ഇവളുടെ അച്ഛന് രണ്ട് സഹോദരിമാരായിരുന്നു…..” അവൻ റിയയെ ചൂണ്ടി പറഞ്ഞു തുടങ്ങി….. “മൂത്തവൾ ശിവകാമി….. ഇളയവൾ ശിവദ….. ഏറെ സ്നേഹിച്ചും ലാളിച്ചും ഒരു കുറവും കൂടാതെയാണ് അവരെ രണ്ട് പേരെയും വളർത്തിയത്…..

എന്നാൽ ആ സ്നേഹലാളനകൾ വേണ്ടെന്ന് വെച്ച് ശിവകാമി തന്റെ കോളേജ് അധ്യാപകനൊപ്പം പ്രണയിച്ചു ഒളിച്ചോടി…. അന്തസ്സും കുടുംബ മഹിമയും നോക്കി ജീവിച്ച ഇവളുടെ അച്ഛനും അച്ഛാച്ഛനും അത് വലിയൊരു അപമാനമായി…. ആ അപമാനം ശിവകാമിയോടുള്ള പകയായി…. അവളോട് ക്ഷമിക്കാൻ അച്ഛനും സഹോദരനും തയ്യാറായില്ല….. എന്നാൽ ശിവകാമി പോലും അറിയാതെ അവൾ വലിയൊരു ചതിയിൽ പെടുകയായിരുന്നു…..” മൂർത്തി എന്ന ചതിയന്റെ കഥകൾ പറയുമ്പോൾ അവർ ഓരോരുത്തരുടെയും രക്തം തിളക്കുകയായിരുന്നു….. ജന്മം നൽകിയ മൃഗത്തിന്റെ ക്രൂര കഥകൾ കേട്ട് തളർന്നു പോയ മാനസക്ക് വികാസ് താങ്ങായി….. ശിവകാമിയോടും മാനസയുടെ അമ്മയോടും ആവണിയോടും (ജാനിയുടെ സഹോദരി )വിക്രത്തിന്റെ സഹോദരിയോടും മാനസയോടും അങ്ങനെ അങ്ങനെ പലരോടും അയാളും കൂട്ടരും ചെയ്ത നെറികേടുകൾ ഒന്നൊന്നായി അവൻ ഒരു കഥ പോലെ പറഞ്ഞു….. ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ രാഘവിന്റെ രക്തവും തിളക്കുന്നുണ്ടായിരുന്നു…..

മാനസയെ അവൻ പിന്നീട് നോക്കിയ ഓരോ നോട്ടത്തിലും അത്ഭുതവും ആരാധനയും കലർന്നിരുന്നു….. “ഇതൊക്കെ തന്നോട് പറയേണ്ട ഒരു കാര്യവുമില്ലെന്ന് എനിക്കറിയാം പക്ഷേ….. ഞങ്ങളെ അറിയണമെങ്കിൽ ഈ കഥകൾ അറിയണം…. ഈ കഥകൾ ഇല്ലെങ്കിൽ ഞങ്ങളും ഇല്ല…. പരസ്പരം കെട്ടു പിണഞ്ഞു കിടന്ന ഈ കഥകളാണ് ഞങ്ങളെ എല്ലാവരെയും തമ്മിൽ കണ്ട് മുട്ടിച്ചത്…. ഞങ്ങളെ ഒന്നാക്കിയത്….. ഒന്നായി നിന്ന് ഞങ്ങൾ തന്നെ ആ ചെകുത്താന്മാരെ ഉന്മൂലനം ചെയ്തു…. ആ പിശാചിന്റെ സന്തതികളെ ഈ ഭൂമിയിൽ നിന്നും തന്നെ തുടച്ചു മാറ്റി….. പക്ഷേ എനിക്കതല്ല അത്ഭുതം….. ഇത്രയൊക്കെ സംഭവിച്ചിട്ടും സഹോദരിയെയോ അവരുടെ മക്കളേയോ ഒരു നോക്ക് തിരിഞ്ഞു നോക്കിയിട്ടില്ല ഇവളുടെ തന്ത….” അവൻ വർധിച്ച ക്രോധത്തോടെ പറഞ്ഞു…. രാഘവിന് അവർ ഓരോരുത്തരോടും ബഹുമാനം തോന്നിപ്പോയി….

എന്നോ ഒരിക്കൽ വിവാദമായ ആ വാർത്ത കേട്ടപ്പോൾ പേര് വെളിപ്പെടുത്താത്ത ഇരകളെ ഓർത്ത് അന്ന് ഒരുപാട് വേദനിച്ചിരുന്നു….. ഇന്ന്….. വർഷങ്ങൾക്കിപ്പുറം അവരെ നേരിൽ കാണുമ്പോൾ സ്നേഹമോ ബഹുമാനമോ അങ്ങനെ എന്തൊക്കെയോ തോന്നി അവന്…. “അയാൾക്ക് അഭിമാനം മാത്രമായിരുന്നു വലുത്….. മനസ്സിൽ സഹോദരിയോടും അവളുടെ മകനോടുമുള്ള വെറുപ്പ് നിറക്കുന്നതിനൊപ്പം തന്റെ മക്കളിലേക്കും ആ വെറുപ്പ് കുത്തി വെച്ചു….. റോഷന്റെ മനസ്സിന്റെ നന്മ കൊണ്ടാവാം അവൻ അയാളെ പോലെ ആകാതിരുന്നത്…. പക്ഷേ അച്ഛന്റെ പാത മകൾ അത് പോലെ പിന്തുടർന്നു…. റാവണിന്റെ നാശം മാത്രേ ഈ തന്തയും മോളും ആഗ്രഹിച്ചിട്ടുള്ളൂ….” അവൻ റിയയെ പകയോടെ നോക്കി….. “അന്ന് ഇവൾക്ക് അറിയില്ലായിരുന്നു….. നന്ദു ആരാണെന്ന്…..

എന്നിട്ടും റാവണിനെ വേദനിപ്പിക്കാൻ ഇവൾ നന്ദുവിനെ കരുവാക്കി….. ചെറുപ്പം മുതൽ ഞാൻ അറിയാതെ എന്നെ മനസ്സിലിട്ട് നടന്നവളാ നന്ദു….. ആ സ്നേഹത്തെ പോലും ഇവളൊരു ആയുധമാക്കി…..” വിക്രത്തിന് ആ ദിവസങ്ങൾ ഓർമ വന്നു…. ചെറുപ്പം മുതൽ തന്നോട് കളിച്ചും ചിരിച്ചും അടുക്കാൻ ശ്രമിക്കുന്ന നന്ദുവിനെ അവൻ ഓർത്തു…. അന്നേരമൊക്കെ കണ്ണുകൾ കൊണ്ട് റിയയെ തിരയുന്ന തിടുക്കത്തിൽ ആയിരുന്നെന്നു അവൻ ഹൃദയ ഭാരത്തോടെ ചിന്തിച്ചു….. “തന്നെപ്പോലെ…. ദേ ഇവളുടെ ഈ തൊലി വെളുപ്പിൽ മയങ്ങിപ്പോയ ഒരു കാലം എനിക്കും ഉണ്ടായിരുന്നെടോ…..” ..തുടരും….