17/04/2026

പ്രണയനിലാവ് : ഭാഗം 05

രചന – സരിത മനു

ദേവന് അത് വിശ്വസിക്കുവാൻ കഴിഞ്ഞില്ല.അവൻ….അവനാണ് വന്ദനയെ……എന്തിനു വേണ്ടി….? അവനെ ആദ്യം കണ്ടപ്പോഴേ, അവന്റെ കണ്ണുകളിലെ ഭയം കണ്ടപ്പോഴേ തനിക്ക് തോന്നിയിരുന്നു അവന് എന്തൊക്കെയോ അറിയാം എന്ന് ….പക്ഷേ…..അത്….അതിങ്ങനെ …… “മോനെ…..നീ….എന്താ ഇൗ പറയുന്നത്….നീയാണ് ….അവളെ……എന്തിനു വേണ്ടി..”? “ഏട്ടാ….അവള്….അവളോട് ഞാൻ അന്നെ പറഞ്ഞതാ. …ഒന്നും വേണ്ടെന്നു….എന്നിട്ട്…..എന്നിട്ടവളു കേട്ടില്ല….അവസാനം….എല്ലാം…. അവളായിട്ട്…..” അവൻ വിതുമ്പി കരഞ്ഞു. “എന്തൊക്കെയാ….നീ ഇൗ പറയുന്നത്….എനിക്ക്…എനിക്കൊന്നും മനസ്സിലാവുന്നില്ല….എന്താ സംഭവിച്ചത്…?” “അവൻ….രാഹുൽ …അവനാ എല്ലാത്തിനും കാരണം……” അവൻ ഇത്രയും നാൾ തന്റെ മനസ്സിൽ നീറി പുകഞ്ഞ ആ സത്യങ്ങൾ തന്റെ ഏട്ടന് മുന്നിൽ തുറന്നു പറയുക യായിരുന്നു. “ഞങ്ങൾ മൂന്ന് പേരും ഒരു ക്ലാസ്സിൽ ആയിരുന്നു..വന്ദന….അവള്. എന്നെപോലെ ആയിരുന്നില്ല ഏട്ടാ… അമ്മയുടെ കഷ്ടപ്പാട്,അച്ഛന്റെ അവസ്ഥ ….അവള് ഒന്നും ചിന്തിച്ചിരുന്നില്ല….

അവൾക്ക് വേണ്ടതെല്ലാം ഉടനടി കിട്ടണം എന്ത് തന്നെയായാലും….അതിനു അമ്മയ്ക്ക് കഴിവുണ്ടോ എന്ന് പോലും അവള് ചിന്തിക്കില്ലായിരുന്നു. ദേവനും ഓർക്കുകയായിരുന്നു നന്ദു മോൾ….അവളും അങ്ങനെ ആയിരുന്നല്ലോ…. “രാഹുൽ….അവൻ….വല്യ വീട്ടിലെയാ….ഇഷ്ടം പോലെ പൈസ..അച്ഛന് വല്യ ബിസിനസ് ഒക്കെയാ.അമ്മയും ടീച്ചറാ..ഒറ്റ മോനാ. അവൻ….പക്ഷേ….”. അവൻ ഒന്ന് നിറുത്തി. “എന്താ മോനെ….പക്ഷേ….പറയ്…..” “അവന്റെ സ്വഭാവം മോശാർന്ന് ഏട്ടാ…അവൻ എല്ലാ പെൺകുട്ടികളുടെയും അടുത്തു ചെല്ലും….എല്ലാവരോടും അവന് ഇഷ്ടാണ്…അത്….അത് അവന്റെ ആവശ്യം കഴിയുന്നത് വരെ മാത്രം…” “അവൻ…വന്ദനെടെ അടുത്തും വന്നു…അവളോട് ഞാൻ പറഞ്ഞതാ ഏട്ടാ….അവൻ ചതിയൻ ആണ് എന്ന്….എന്നിട്ട് കേട്ടില്ല അവള്…. കേട്ടിരുന്നെങ്കിൽ…..ഇന്ന്…….” അവൻ മുഖം പൊത്തി കരഞ്ഞു.

“സാരമില്ല….ഇനി അതോർത്തിട്ട്‌ എന്താ….കഴിഞ്ഞത് പോയി….ഇനി തിരിച്ച് കിട്ടില്യ…പറയ്….എന്താ സംഭവിച്ചത്….”? അവള് ….അവനോട് അടുപ്പം കാണിച്ചു തുടങ്ങി…അവർ ക്ളാസ്സ് കട്ട് ചെയ്തു പുറത്ത് പോകാൻ തുടങ്ങി… വീട്ടിൽ….വീട്ടിലെ അവസ്ഥ ഓർത്തപ്പോൾ ഞാൻ…ഞാൻ ആരോടും ഒന്നും പറഞ്ഞില്ല…അമ്മയോട് പോലും… നരകിച്ച് ജീവിക്കുന്ന അച്ഛൻ,അത് കണ്ട് എന്നും വേദന മാത്രം നെഞ്ചില് പേറുന്ന അമ്മ….പിന്നെ….പിന്നെങ്ങനെ ഞാൻ….അവരോട്….ഇത് കൂടി പറയും….? ഒരുപാട് വിലക്കീതാ ഞാൻ അവളെ…പക്ഷേ….അവൾക്ക് വാശി ആയിരുന്നു…എന്നോട് അവള് ആ പക കാണിച്ചു തുടങ്ങി… അന്നും അവർ ക്ളാസ്സ് കട്ട് ചെയ്തു പുറത്ത് പോയിരുന്നു…ഏറെ വൈകിയാണ് വന്നത്…

“പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ….രാഹുൽ….അവനും കൂട്ടുകാരും ഇന്റർവെൽ സമയത്ത് മൊബൈലിൽ നോക്കിക്കൊണ്ടിരുന്നു….ഞാൻ …അതിലൂടെ പോയപ്പോ ഒന്നേ നോക്കിയുള്ളൂ ഏട്ടാ….അത്…” “എന്താടാ….?” “അത്….രാഹുൽ എന്നെ വിളിച്ചു കാണിച്ചു തന്നു….ഒരു സഹോദരനും സഹിക്കാൻ വയ്യാത്ത,കണ്ടൂ നീക്കാൻ വയ്യാത്ത കാഴ്ച….വന്ദനയും,രാഹുലും കൂടെ ഒരുമിച്ചു…..ഏതോ ഒരു വീട്ടിൽ…” “അവള് …ആരെയും ഓർത്തില്ല,അച്ചനെയോ,അമ്മയെയോ…എന്നെയോ ഒന്നും….അവനെ വിശ്വസിച്ചു…..” “പക്ഷേ അവിടം കൊണ്ടും തീർന്നില്ല….അവൻ…അവൻ എന്നോട് പറഞ്ഞു….അത് ….അവൻ ….എല്ലാവർക്കും അയച്ച് കൊടുക്കുമെന്ന്…..ഇതിനൊക്കെ വല്യ ഡിമാൻഡ് ആണെന്ന്.. കാശ് ഇഷ്ടം പോലെ ഇനീം കിട്ടുമെന്ന്” “എനിക്ക്….എനിക്ക്….അവനെ കൊല്ലാനാ തോന്നിയത്…പക്ഷേ…..അവനെ കൊന്നു ജയിലിൽ പോയാലും….അവളുടെ പേര് ദോഷം…. ഇതറിഞ്ഞാൽ അച്ഛനും,അമ്മയും….സഹിക്കില്ല…”

പിറ്റെ ദിവസം …ക്ലാസ്സിൽ വന്നപ്പോൾ ….രാഹുൽ എനിക്ക് കുറച്ച് പൈസ വെച്ച് നീട്ടി….എന്തിനാണെന്നോ…..അവന്റെ കൂടെ ഇനിയും അവള് വരുമെന്ന് അവനറിയാം….പക്ഷേ….അവന് വേണ്ടിയല്ല….അവളെ മറ്റാർക്കോ വേണ്ടി അവൻ…..”? “അവളോട് ഞാൻ പറഞ്ഞതാ….അവൻ ചതിയൻ ആണെന്ന്….പക്ഷേ….എന്നെക്കാൾ അവൾക്ക് വിശ്വാസം അവനെ ആയിരുന്നു….” “എന്നും ഞാൻ കേൾക്കാറുണ്ട് അച്ഛൻ പറയുന്നത്…..ഇൗ കിടപ്പിലും നല്ലത് മരണമാണെന്ന്….അമ്മ….അമ്മയും പറയാറുണ്ട്…..ഇങ്ങനെ കഷ്ടപ്പെടുന്ന തിനേക്കാൾ മരണമാണ് നല്ലതെന്ന്….” “അപ്പോ….എനിക്കും തോന്നി ഏട്ടാ….മരണമാണ് ഇനി വേണ്ടതെന്ന്…..” “പക്ഷേ….അവളെ…അവളെ കൊല്ലാനല്ല ഞാൻ…..ഞങ്ങൾക്ക്….എല്ലാവർക്കും മരിക്കാൻ വേണ്ടിയാർന്ന്….”

“അന്ന്….തീരുമാനിച്ചു ഉറച്ചാ ഞാൻ ….വന്നത്….. “അന്ന്….അച്ഛന് മരുന്ന് വാങ്ങാൻ വെച്ചിരുന്ന പൈസയിൽ നിന്ന് അമ്മയറിയാതെ ഞാൻ പൈസ എടുത്തിരുന്നു.. ക്ളാസ്സ് കഴിഞ്ഞു വന്നപ്പോൾ ഞാൻ വാങ്ങിയ ആ ഐസ് ക്രീമിൽ എല്ലാവർക്കും വേണ്ടി ഞാൻ വിഷം ചേർത്തിരുന്നു.പക്ഷേ…..” അവൻ നിന്ന് കിതച്ചു… ആ ദിവസം…അവൻ മുന്നിൽ കാണും പോലെ ദേവന് തോന്നി. “അവള്….ഞാനും,അച്ഛനും,അമ്മയും കഴിക്കുന്നതിനു മുൻപേ…അവള് അത് ആരുമറിയാതെ മുഴുവനും കഴിച്ചു….” “ഞാൻ….ഞാനാ ….അവളെ കൊന്നത്….ഞാനാ…..അവൻ ദേവന്റെ കാലുകളിൽ കെട്ടിപിടിച്ചു കരഞ്ഞു.” നിറഞ്ഞൊഴുകുന്ന ആ മിഴികൾ തുടച്ചു അവനെ ചേർത്ത് നിർത്തുമ്പോഴും ദേവന് അറിയില്ലായിരുന്നു ഇനി എന്ത് ചെയ്യണമെന്ന്… *

* പിറ്റേന്ന് നന്ദന കോളജിൽ ചെല്ലുമ്പോൾ നീന അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.അവളെ കണ്ട ഉടനെ നീന ഓടി അവളുടെ അടുത്തേക്ക് ചെന്നു. “നന്ദു… എങ്ങനെ…. ആർ യു. ഓകെ നൗ….”? അതെയെന്ന് അവള് തലയാട്ടി.എന്നിട്ട് അവള് ചുറ്റും കണ്ണോടിച്ചു. “നീ ഇതാരെയാ നോക്കുന്നത് ജിത്തെട്ടനേ ആണോ…”? വീണ്ടും അതേ എന്നവൾ തലയാട്ടി. “നന്ദു…ഇനിയും നിനക്ക്….അത് വേണ്ടെന്നു വെച്ചൂടെ മോളെ…. ജിത്തെട്ടന്‌ നിന്നോട് അങ്ങനെ ഒന്നും ഇല്ലെങ്കിൽ പിന്നെ…നീയായിട്ട്‌ എന്തിനാ…” അത് പറയാൻ നന്ദന അവളെ സമ്മതിച്ചില്ല. “ഇല്ല …ഞാൻ വിശ്വസിക്കില്ല… എനിക്കറിയാം … ആ മനസ്സിൽ ഞാൻ ഉണ്ടാകും…..” “ഇല്ല…നന്ദു….നീയില്ല….. ആ മനസ്സിൽ നിനക്ക് ഒരു സ്ഥാനവും ഇല്ല… ആ മനസ്സ് എന്നേ മറ്റൊരാൾക്ക്…..” “എന്താ….എന്താ….നീ പറഞ്ഞത്…..? ജിത്തട്ടന്റെ മനസ്സിൽ…. ആരാന്ന നീ പറഞ്ഞെ…”? “അത്…..അത് …നന്ദു…നീ അത് മറന്നേക്കൂ മോളെ…” “ഇല്ല നീന….എന്താ…..നിന്നോട് ജിതെട്ടൻ… എന്തെങ്കി ലും പറഞ്ഞിരൂന്നോ…”? “ജിതെട്ടൻ….അന്ന് ഞങൾ നിന്നെ വീട്ടിലാക്കി പൊന്നപ്പോൾ … ചില കാര്യങ്ങൾ പറഞ്ഞിരുന്നു..അതാ ഞാൻ….” നീന അവനിൽ നിന്നറിഞ്ഞ കാര്യങ്ങൾ നന്ദനയോട് പറഞ്ഞു…അവളുടെ മിഴികൾ നിറഞ്ഞു…

“ജിതെട്ടനെ ….മറക്കാൻ എനിക്ക് വയ്യ നീന….എനിക്ക് ഒരു ജീവിതമുണ്ട് എങ്കിൽ അത് ജീതെട്ടനോടു ഒപ്പമായിരിക്കും…” നീന അവിടെ തന്നെ നിന്നു. ഇതറിഞ്ഞാലെങ്കിലും അവള് പിന്മാറുന്നു വിചാരിച്ച തനിക്ക് തെറ്റി. അന്നു ക്ലാസ് കഴിഞ്ഞു അവള് കോളജിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ടു ലൈബ്രറിയുടെ ചേർന്ന് നിൽക്കുന്ന ആ ആൽമരച്ചുവട്ടിൽ. നിൽക്കുന്ന വിശ്വജിതിനെ.. നീനയോടൊപ്പം അവള് അവന് മുന്നിലൂടെ കടന്നു പോയപ്പോഴാണ് ആ വിളി. “നന്ദന….” അവള് അത് കേട്ട് തിരിഞ്ഞ് നിന്നു..ജിതെട്ടൻ തന്നെയാണോ തന്നെ വിളിച്ചത്…..? “നീന… ഒരഞ്ചു മിനിറ്റ്….എനിക്ക്…. നന്ദനയോട്‌ കുറച്ച് സംസാരിക്കാന് ഉണ്ട്” “ചെല്ല്…നന്ദന…ഞാനിവിടെ നിൽക്കാം.പോയിട്ട് വാ..” നന്ദന അവന്റെ അടുത്തേക്ക് ചെന്നു..ഓരോ അടി നടക്കുന്തോറും തന്റെ ഹൃദയമിടിപ്പ് കൂടുന്നത് അവള് അറിഞ്ഞു… അവന്റെ അടുത്ത് നിൽക്കുമ്പോൾ അവളുടെ ശരീരം വിറ കൊള്ളുന്നുണ്ടായിരുന്നു.

ഇത്രയും നാൾ തന്നിലുണ്ടായിരുന്ന ധൈര്യം ചോർന്നു പോയത് പോലെ… “നന്ദന….താൻ….” അവനും അവളോട് എങ്ങനെയാണ് പറയേണ്ടത് എന്നറിയാതെ വിഷമിച്ചു. “നന്ദന…ഞാൻ നീനയോട്‌….അവള് എന്തെങ്കിലും…”? “പറഞ്ഞിരുന്നു….പക്ഷേ…. ജിത്തെട്ടാ…ഞാൻ….” “മീരയ്ക്ക് പകരമാവാൻ കഴിയില്ല എനിക്ക്…അറിയാം….മീരയുടെ സ്ഥാനം എനിക്ക് വേണം എന്നും പറയുന്നില്ല..” “പക്ഷേ….ജിതെട്ടനേയല്ലാതെ….മറ്റൊരാളെ…എനിക്ക്….ചിന്തിക്കാൻ പോലും….ഞാൻ കാത്തിരുന്നോളാം എനിക്ക് ആ മനസ്സിൽ ഒരു സ്ഥാനം ഉണ്ടാകുന്നത് വരെ….” അത് പറഞ്ഞു അവള് തിരിഞ്ഞ് നടക്കുമ്പോൾ അവളുടെ ഉള്ളിൽ സന്തോഷമായിരുന്നു. ജിത്തെട്ടൻ തന്റെ സ്നേഹം തിരിച്ചറിയും എന്ന വിശ്വാസം അവളിൽ ഉണ്ടായിരുന്നു.. നന്ദന പോകുന്നതും നോക്കി നിന്നപ്പോൾ അവന് തോന്നി അത് തന്റെ മീരയാണെന്ന്… (തുടരും)