രചന – മൈഥിലി മിത്ര
“എന്റെ സ്നേഹം സത്യമല്ലായിരുന്നോ മാഷേ….. അതോണ്ടല്ലേ അനന്തേട്ടൻ “…..
വാക്കുകൾ തൊണ്ടക്കുഴിയിൽ കുരുങ്ങിക്കിടന്നു… ഇനിയും കരയുവാൻ ആവാതില്ലാത്തവളെ പോലെ, എങ്ങലിന്റെ ചീളുകളെ ചുണ്ടുകൾ കൂട്ടി അമർത്തിപ്പിടിച്ചു വിഴുങ്ങിയവൾ… കരഞ്ഞതിന്റെ ശേഷിപ്പുകൾ മുഖത്ത് നന്നായിട്ടറിയാം… ചുവന്നു വീങ്ങിയ കൺപോളകളും, തടിച്ചു നീരുവന്നപോലെ വീർത്ത കവിളും….
ഉണ്ണിയുടെ അവിടെ നിന്നുമിറങ്ങി, നേരെ വന്നത് അപ്പുവിന്റെ വീട്ടിലേക്കാണ്… രേവതിയെ
തനിച്ചു അവളുടെ വീട്ടിലേക്കു വിടാൻ അവനു മനസ്സുവന്നില്ലായിരുന്നു … ഉമ്മറത്തെ കസേരയിലിരുത്തി, അവൾക്കെതിർവശത്തുള്ള ചെയറിൽ പോയി അവനും ഇരുന്നു…
“എന്തിനാ രേവതി ഇനിയും നീയിങ്ങനെ കരയുന്നത്… ഇഷ്ടം ന്നു പറയുന്നത് അറിഞ്ഞു തരേണ്ടതല്ലേടോ… അതിനു വേണ്ടി വാശിപിടിക്കാനോ ഭിക്ഷ യാചിക്കാനോ
പാടില്ല “…..
അപ്പുവിന്റെ കണ്ണുകളിൽ വേദനയായിരുന്നു… രേവതിയുടെ വിഷമം തന്നോളം അറിയുന്ന ആളാരാണുള്ളത്… വിട്ടുകൊടുക്കുന്നതും പ്രണയമല്ലേ….
“മറക്കാൻ പറ്റാഞ്ഞിട്ടാ മാഷേ… ഒരുപാട് ശ്രമിച്ചതാ… പക്ഷെ, നെഞ്ചിനുള്ളിൽ ഇങ്ങനെ…. കിടന്നു നീറിപ്പുകയുവാ അത് “…..
വാക്കുകൾ ഇടറുന്നുണ്ടായിരുന്നു… സാരിത്തുമ്പു വിരലുകൾക്കുള്ളിൽ കിടന്നു ഞെരിഞ്ഞമർന്നു…. ഒഴുകിയിറങ്ങിയ കണ്ണീർ തുടക്കാൻ വയ്യാതെ അങ്ങനെ തന്നെ കുനിഞ്ഞിരുന്നു……
“രേവതി, ഇങ്ങോട്ട് നോക്കിയേ “…..
വിളി കേട്ടിട്ടും അവൾ തലയുയർത്തിയില്ല….
“രേവതി നിന്നോടാ “…..
ഇപ്പോൾ കുറച്ചു ഉച്ചത്തിലായിരുന്ന് അപ്പു വിളിച്ചത്…. എന്നിട്ട്, അവൾക്കടുത്തു കിടന്ന കസേരയിലായി പോയിരുന്നു….
അടുത്തേക്ക് വന്നിരിക്കുന്നവനെ വേദനയോടെ തലയുയർത്തി നോക്കി….
“ഈ സമയവും കടന്നു പോകും ടീച്ചറെ… വേദനകൾ ഉണ്ടാവും ജീവിതത്തിൽ…. കാലം മുന്നോട്ടു പോകുമ്പോൾ, നോവിന്റെ തീവ്രതയും കുറയും…. അതുകൊണ്ട്, ഇത് ഇവിടം കൊണ്ടു നിർത്തിക്കോണം… പറ്റില്ലായെന്നു മുഖത്ത് നോക്കി പറയുന്ന ഒരാളുടെ പുറകെ പിന്നെയും ആത്മാഭിമാനം പണയം വെച്ചു നടക്കുന്നതിൽ നാണക്കേടൊന്നും തനിക്കു
തോന്നുന്നില്ലേ “….
അപ്പുവിന്റെ ചോദ്യത്തിന് മുന്നിൽ അവളൊന്നു പരുങ്ങി…. മറുപടിയില്ലായിരുന്നു അവളുടെ പക്കൽ….
“ഒന്നുമില്ലെങ്കിലും, കുട്ടികൾക്ക് നാലക്ഷരം പറഞ്ഞുകൊടുക്കുന്ന ടീച്ചറല്ലേ താൻ… നാളെ നിന്റെ ക്ലാസ്സിലുള്ള കുട്ടിക്കു, ഇതുപോലെയൊരു അനുഭവം വന്നാൽ, നീയെന്തു പറഞ്ഞാണ് തിരുത്തികൊടുക്കുക.. ഒന്ന് പറഞ്ഞേ “……
മൂർച്ചയെറിയ വാക്കുകൾ… ശരിയാണ്, പലപ്പോഴും അനന്തേട്ടന്റെ കാര്യത്തിൽ പക്വതയില്ലായ്മയാണ് താൻ കാണിച്ചിട്ടുള്ളത്… അല്ലെങ്കിലും പ്രണയം തലയ്ക്കു പിടിച്ചാൽ ചുറ്റിനുമുള്ളതൊന്നും കാണാനുള്ള ബോധം ഉണ്ടാവില്ലല്ലോ….
“രേവതി, നിനക്ക് മനസ്സിലാവുന്നുണ്ടോ “….?
വീണ്ടും അപ്പുവിന്റെ ശബ്ദം കാതിൽ തറച്ചു കയറി…..
“ആദ്യം തൊട്ടേ ഏട്ടൻ നിന്നെ അകറ്റിയല്ലേ നിർത്തിയിട്ടുള്ളൂ… നിന്റെയിഷ്ടം നേരിട്ട് പറഞ്ഞപ്പോൾ പോലും തടഞ്ഞിട്ടല്ലേയുള്ളൂ? അപ്പോൾ നീയാലോചിക്കു, കുറ്റം ആരുടെ
ഭാഗതാണെന്ന്? “….
തന്റെ ഭാഗത്താണ് തെറ്റ്… പ്രണയം ബാധിച്ച തനിക്കു അന്ധത ബാധിച്ചിരുന്നു… മാറണം…
മാറിയെ പറ്റൂ….. അവളുടെ മനസ്സിനുള്ളിൽ വാദ പ്രതിവാദങ്ങൾ നടക്കുകയായിരുന്നു…. ഭിക്ഷാ യാചിച്ചു കിട്ടേണ്ടയൊന്നല്ല സ്നേഹം ന്നു അമ്മയും തനിക്കിതുപോലെ ഒരിക്കൽ പറഞ്ഞുതന്നിരുന്നതായിട്ട് അവളോർത്തു….. കുറച്ചൊക്കെ താനും മാറിയതായിരുന്നു… പക്ഷെ ഏട്ടന്റെ കേസും കാര്യങ്ങളുമൊക്കെ അറിഞ്ഞപ്പോൾ, മനസ്സ് കൈ വിട്ട് പോയി…..
“രേവതി…. നമ്മുടെയിഷ്ടം അവർക്കു ഒരിക്കലും കഷ്ടമാകരുതെടോ…. അങ്ങനെയായാൽ, നമ്മുടെ സ്നേഹത്തിനു എന്ത് വിലയാണ് ഉള്ളത്… മനസ്സിലാകുന്നുണ്ടോ നിനക്ക്… നീ പ്രണയിച്ചോളൂ… ആരും വേണ്ടെന്നു പറയില്ല… അത് നീയും നിന്റെ മനസ്സും മാത്രമറിഞ്ഞാൽ പോരെ”….
അത് പറയുമ്പോൾ അപ്പുവിന്റെ ശബ്ദം ചെറുതായിട്ട് ചിലമ്പിച്ചിരുന്നു…. ഒരു നഷ്ടപ്രണയത്തിന്റെ നോവുണ്ടായിരുന്നു ആ വാക്കുകളിൽ…..
“ഇപ്പോൾ നിനക്കൊരു നല്ല ജോലിയുണ്ട്… കൂടെ ബാധ്യതകളുണ്ട്…. അനിയത്തിയുടെ ഭാവി നിന്റെ കൈകളിലാണ്…. ഉത്തരവാദിത്യങ്ങൾ ഏറെയുണ്ട് നിനക്ക്…. ഇങ്ങനെയിരുന്നു കരയാതെ, അവരെക്കുറിച്ചു ആലോചിക്കെടോ…. നിന്നെ സ്നേഹിക്കുന്നവർ നിന്റെ ചുറ്റിനുമുണ്ടായിട്ടും, കിട്ടാത്ത പ്രണയത്തിന്റെ പുറകെ പോയി സ്വയം വിഡ്ഢിയാവരുത് ഇനിയെങ്കിലും “……
രേവതിയുടെ കണ്ണുകളിലേക്ക് അവൻ നോക്കി.. കണ്ണുനീർ വറ്റിയിരുന്നവിടെ… കവിളുകളിൽ ഒഴുകിയിറങ്ങിയ നനവ്, അവൾ സാരിത്തുമ്പു കൊണ്ടു തുടക്കുന്നത്, അപ്പു വാത്സല്യത്തോടെ നോക്കി….
“നിനക്കുള്ളതെങ്കിൽ, കാലം അത് നിന്നിലേക്ക് തന്നെ എത്തിക്കും രേവതി… അതിനായി നീ കാത്തിരിക്കൂ… നിനക്ക് ചെയ്യാനുള്ള കടമകൾ മുന്നിലിപ്പോൾ കുന്നോളം ഇല്ലേ…. അത് ചെയ്തു തീർക്കു…. കൂടെയുണ്ടാവും ഞാൻ, ഒരു കൂടെപ്പിറപ്പായിട്ടെന്നും”…..
പറഞ്ഞിട്ട് കണ്ണു ചിമ്മി കാട്ടിയവനെ, സ്നേഹത്തോടെ നോക്കിയവൾ… കസേരയുടെ കൈകളിലിരുന്ന അപ്പുവിന്റെ ഇടം കയ്യുടെ മുകളിലേക്ക്, അവളുടെ വലത്തെ കരം ചേർത്തു വെച്ചു…. പുതിയൊരു ബന്ധം അവിടെ തുടങ്ങുകയായിരുന്നു…. സാഹോദര്യത്തിന്റെ കറകളഞ്ഞ ഭാവം…..
💞💞💞💞💞
ഉണ്ണീ വീട്ടിലേക്കു കയറിവന്നപ്പോൾ രാത്രി പന്ത്രണ്ടു കഴിഞ്ഞിരുന്നു…. അനന്തേട്ടന്റെ കേസിന് പുറകെയുള്ള നടത്തം തുടങ്ങിയിട്ട്, കുറച്ചു ദിവസങ്ങളായി….. ഇന്നും ഹരി സാറിനെ കാണാനാണ് പോയത്….. എന്തെങ്കിലും സംഭവിക്കുന്നതിനു മുൻപ് തന്നെ, പ്രതിനിധികൾ ആലോചിച്ചു വെക്കുന്നത് നല്ലതല്ലേ…. ശേഷം ഈശ്വരന്റെ കൈകളിലാണ് എല്ലാം….
പതിവ് പോലെയിന്നും, വാതിൽ തുറന്നു തന്നത്, ഏട്ടൻ തന്നെയാണ് …. ആ സമയം എല്ലാവരും ഉറങ്ങിയിരിക്കും…. ഇപ്പോൾ പഴയതു പോലെ ചോദ്യങ്ങൾ ഒന്നുമുണ്ടാവില്ല…. കേസിന്റെ കാര്യത്തിനാണ് താൻ ലേറ്റാവുന്നതെന്നു ഏട്ടനുമറിയാം…. പലപ്പോഴും തന്നെ അതിൽ നിന്നും പിന്മാറാൻ വിലക്കിയതാണ്….. ‘വരുന്നത് വഴിയിൽ തങ്ങില്ല ഉണ്ണീ, ഇനിയതിന്റെ പിന്നാലെ ഇങ്ങനെ ഊണും ഉറക്കവും ഇല്ലാതെ നടക്കേണ്ട ‘ എന്ന്, പലപ്രാവശ്യം തന്നെ ഉപദേശിച്ചതും ആണ്….. പക്ഷെ, പറ്റണില്ല…. ഏട്ടനെപ്പോലെ ഇത്രയും ധൈര്യത്തോടെയിരിക്കാൻ, തന്നെക്കൊണ്ടാവില്ല…..
വേഗം തന്നെ മുറിയിലേക്ക് കയറി വാതിൽ അടച്ചു…. ഷർട്ടും പാന്റുമൂരി ഹാങ്ങറിൽ തൂക്കിയിട്ടിട്ടു, ഒരു ലോങ്ങ് ടവൽ ചുറ്റി ഫ്രഷ് ആവാനായിട്ട് കുളിമുറിയിലേക്ക് കടന്നു…. ഷോവർ ഓൺ ചെയ്തു കുറേനേരം അതിന്റെ കീഴിൽ നിന്നു… തലയിൽ നിന്നുമൊലിച്ചിറങ്ങുന്ന ചൂട്, അവന്റെ മുഖമാകെ പടർന്നു… കണ്ണുകളിൽ ചുവപ്പു രാശി തെളിഞ്ഞിരുന്നു… ചുട്ടുപൊള്ളുന്ന മനസ്സിനെ തണുപ്പിക്കാനാവാതെ അവനുരുകി….
കുളി കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോഴാണ്, തുടർച്ചയായി ഫോൺ അടിക്കുന്നത് കേട്ടത്… തല തോർത്തുകൊണ്ട് തുടച്ചുകൊണ്ട്, സെൽ കയ്യിലെടുത്തു നോക്കി….
“പാറുട്ടി കാളിങ് “…..
ഇവൾ ഈ സമയതെന്തിനു വിളിക്കണം…. അവന്റെ ആലോചനകൾ കാട് കയറി…. ഫോൺ ഒരു കൈകൊണ്ടു അറ്റൻഡ് ചെയ്തു സ്പീക്കറിലിട്ടു…..
“ഉണ്ണിയേട്ടാ… എവിടെയാ “…..
ആധിയോടെയുള്ള ചോദ്യം മറുപ്പുറത്തു നിന്നുണ്ടായി…..
“ഞാൻ വീട്ടിൽ…. എന്താടി “….
ഒരു ദീർഘ നിശ്വാസം കേൾക്കാനായി ഉണ്ണിക്കു….
“എന്താടി വിളിച്ചത് “…..
വീണ്ടുമവൻ ചോദ്യമാവർത്തിച്ചു….. കല്യാണത്തിനിനി രണ്ടു ദിവസം കൂടിയേയുള്ളൂ..
പാറുവും സീതമ്മായിയും അവരുടെ വീട്ടിലേക്കു തലദിവസമേ പോയിരുന്നു…. ഒരേ വീട്ടിൽ നിന്നും ചെക്കനും പെണ്ണും കല്യാണത്തിന് ഇറങ്ങുന്നത് നല്ലതല്ലയെന്നു…..
“കല്യാണമടുത്തെപ്പിന്നെ, ഏട്ടനെയെനിക്കൊന്നു കാണാൻ കൂടി കിട്ടണില്ല… രാത്രി ഇത്രേം നേരോം എവിടായിരുന്നു…. പതിവില്ലാത്തതാണല്ലോ ഇതൊക്കെ “…..
ചോദ്യങ്ങളുടെ മേൽ, ചോദ്യങ്ങൾ….. സത്യം പറയാനാവാതെ ഉണ്ണിയൊന്നു കുഴങ്ങി…..
“അത് പിന്നെ, ഞാനൊരു ഫ്രണ്ടിനെ കാണാൻ പോയതാ…. വന്നപ്പോൾ
വൈകി “…..
എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു…. ആദ്യായിട്ടാണ് പാറുവിനോട് കള്ളം പറയുന്നത്..
സത്യമെല്ലാമറിയുമ്പോളുള്ള അവളുടെ അവസ്ഥയോർത്തു അവനു പേടി തോന്നി…. പാറുവിന് ഏട്ടനെന്നാൽ അച്ഛന്റെ സ്ഥാനമാണ്…
അവരുടെ ബന്ധം തന്നെ ആർക്കും ഊഹിക്കാവുന്നതിൽ അപ്പുറവും…..
“ഇതിപ്പോ കുറെ നാൾ ആയല്ലോ, ഈ ഫ്രണ്ടിനെ കാണാൻ രാത്രി പോകൽ തുടങ്ങിയിട്ട് “….
മറുപടി പറയാൻ അറിയാതെ ഉണ്ണീ മൗനമായിട്ട് നിന്നു….
“എനിക്കിപ്പോ ഏട്ടനെ കാണണം “….
ഊഹിച്ചിരുന്നു, അടുത്ത കാര്യം ഇതാവുമെന്ന്…
“ഡീ പാറു സമയമെന്തായെന്നു, നിനക്ക് വല്ല ബോധവുമുണ്ടോ “….
ഭിത്തിയിൽ തൂങ്ങിയ ക്ലോക്ക് നോക്കി അവൻ ചോദിച്ചു…
“പന്ത്രണ്ടര… അല്ലേ “….
പാറുവിന്റെ മറുപടി അവനിൽ കുഞ്ഞു ചിരിയുണ്ടാക്കി….
“പന്ത്രണ്ടര അല്ലേയെന്ന്…. ഡീ പാറു ഇത് പാതിരാത്രിയാണ്…. മനുഷ്യരെല്ലാം ഉറങ്ങുന്ന സമയം “….
“അതൊക്കെയെനിക്കറിയാം… എനിക്കിപ്പോ ഏട്ടനെ കാണണം… രാവിലെ എപ്പഴോ വീട്ടിൽ നിന്നും ഇറങ്ങിപോയതാ… ഇന്ന് കണ്ടേ പറ്റൂ… വരുവോ ഇല്ലയോ “….
“വരുന്നു “….
പറഞ്ഞിട്ടവൻ കാൾ കട്ട് ചെയ്തു… അവളെ കാണണം എന്നുണ്ട്… പക്ഷെ കല്യാണമുറപ്പിച്ച പെണ്ണാണ്… ഈ അസമയത്തു ചെല്ലുന്നത് ആരെങ്കിലും കണ്ടാൽ നാണക്കേടാണ്…. ഒന്ന് ചിന്തിച്ചു നിന്നിട്ട് പോകാൻ തന്നെ തീരുമാനിച്ചവൻ…..
ഒരു ബ്ലാക്ക് ഷോർട്ടും മറൂൺ റ്റീ ഷർട്ടും ഇട്ടുകൊണ്ട്, അടുക്കള വാതിക്കൽ കൂടി പുറത്തേക്കിറങ്ങി… ശേഷം, വാതിൽ പുറത്ത് നിന്നും കുറ്റിയിട്ടു…. മൊബൈലിന്റെ ടോർച്ചു തെളിച്ചുകൊണ്ട് തൊടിയിലേക്കിറങ്ങി പാറുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു….
ഇരുട്ടിൽ കൂടി പതിയെ ഒച്ച വെക്കാതെ കാലുകൾ നീക്കിയവൻ…. അടുത്ത് നിൽക്കുന്ന മരങ്ങൾ പോലും കാണാനാവുന്നില്ല…. ഒരുഹം വെച്ചു നടക്കുകയാണ്…. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോൾ, പാറുവിന്റെ വീട്ടിലെ ലൈറ്റ് കാണാനായി…. മിക്കവാറും അവളുടെ മുറിയിലെ വെളിച്ചം ആവാമെന്നു അവനാലോചിച്ചു…..
വീടിനടുത്തു ചെന്നു, തുറന്നിട്ട ജനലിൽ കൂടി അകത്തേക്കെത്തി നോക്കി… കട്ടിലിൽ രണ്ടു കാലും കേറ്റി വെച്ചു കസേരയിൽ ഇരിക്കുകയാണ്…. വിൻഡോയിൽ കൊട്ടി ചെറുതായിട്ട് ഒച്ചയുണ്ടാക്കിയപ്പോൾ, പെണ്ണിങ്ങോട്ട് നോക്കി കണ്ണുകൾ വിടർത്തുന്നത് കണ്ടു….
മുറിയുടെ സൈഡിലുള്ള വാതിൽ തുറന്നു പാറു അപ്പോഴേക്കും പുറത്തേക്കു കാറ്റു പോലെ വന്നിരുന്നു …. അവന്റെ കൈ പിടിച്ചു വീടിനു പുറകിലുള്ള ഇരുട്ടിലേക്കു അവൾ നീങ്ങി നിന്നു….
“എന്താടി… എന്ത് പറ്റി “…..
കുട്ടിയൊന്നും മിണ്ടണില്ല…..
“ഡീ കാര്യമെന്താന്ന് പറ “..
വീണ്ടും അവിടെ മൗനം… ജനലിൽ കൂടി പുറത്തേക്കു വരുന്ന വെട്ടത്തിൽ കട്ടപ്പിടിച്ച ഇരുട്ടു ഇച്ചിരി മാറി വരുന്നുണ്ട്…. ഇപ്പോൾ ചെറുതായിട്ട് ആ മുഖം കാണാം….
“കാണാൻ തോന്നി “….
പരിഭവത്തോടെ പറഞ്ഞിട്ട്, മുഖം കുനിച്ചു നിൽപ്പുണ്ട് പെണ്ണ്…. ഉണ്ണിയുടെ ചുണ്ടിൽ ചിരി വിടർന്നു…. അത്രയും നേരം ഉണ്ടായിരുന്ന ടെൻഷൻ കുറച്ചു മാറിയത് പോലെ….
“ആരെ കാണാൻ തോന്നി “….
അറിയാമെങ്കിലും വെറുതെ ചോദിച്ചു…. ഇപ്പോൾ നേരെ നോക്കുന്നുണ്ട്…. പരിഭവം മാറി മുഖത്തിപ്പോൾ, കപട ദേഷ്യം വന്നിട്ടുണ്ട്…. കൂർപ്പിച്ച കണ്ണുകൾ കൊണ്ട്, ഉണ്ണിയെ ഒന്നുനോക്കിയവൾ…..
“പറ പാറൂട്ടിയെ…. ആരെ കാണാനാ നിനക്ക് തോന്നിയെ “…..
വലം കയ്യുടെ ചൂണ്ടു വിരൽ തന്റെ നേർക്കു നീളുന്നതും, ഒടുവിലത് നെഞ്ചിന്റെ വലതു ഭാഗത്തു കുത്തി നിൽക്കുന്നതും, ഒട്ടൊരു കൗതുകത്തോടെ ഉണ്ണീ നോക്കി നിന്നു…. അപ്പോഴും അവളുടെ കണ്ണുകൾ താഴെക്കായിരുന്നു….
ആ ചൂണ്ടുവിരൽ പിടിച്ചെടുത്തു അതിൽ അമർത്തി ചുംബിച്ചവൻ…. പതിയെ അവളെ ഇടം കൈകൊണ്ട് നെഞ്ചിലേക്ക് ചേർത്തു നിർത്തി…. വലം കയ്യിലെ ചൂണ്ടു വിരലാൽ, പെണ്ണിന്റെ മുഖം പിടിച്ചുയർത്തി …
“പാറൂട്ടിയെ, നോക്കിയേ ഇങ്ങോട്ട് “….
ഉണ്ണിയുടെ നോട്ടം താങ്ങാനാവാതെ, അവൾ , കണ്ണുകൾ വീണ്ടും എങ്ങോട്ടോ പായിച്ചു…..
“ആഹാ ഇങ്ങനെയാണോ കാണുന്നത്…. ഉറങ്ങാൻ കിടന്ന എന്നെ, കാണണം ന്ന് പറഞ്ഞു വിളിച്ചു വരുത്തിയിട്ട് ഇവിടുള്ള മരങ്ങളുടെ എണ്ണം എടുക്കുവാ മോള്… ഹ്മ്മ്”…..
പറഞ്ഞുകൊണ്ടവളുടെ കവിളിൽ തള്ള വിരലുകൊണ്ട് ഉഴിഞ്ഞവൻ…. പാറുവിന്റെ പെരുവിരലിൽ നിന്നും ഒരു വിറയലുണ്ടായി, ദേഹമാകെ പരന്നു…. അറിയാതെ തന്നെയവളുടെ കൈകൾ ഉണ്ണിയുടെ റ്റീ ഷർട്ടിന്റെ കോളറിൽ പിടിമുറുക്കി…..
“കാണണ്ടങ്കിൽ ഞാൻ പൊക്കോട്ടെ… ഹ്മ് “….
ആർദ്രമായിരുന്നവന്റെ ശബ്ദം…. കാതിനരുകിൽ ചുണ്ടുകൾ ചേർത്തു പറഞ്ഞപ്പോൾ, കൈ കാലുകളിൽ കുളിരു കേറി പെണ്ണിന്…. വേണ്ടായെന്ന അർത്ഥത്തിൽ അറിയാതെ തന്നെ തലയാട്ടിയവൾ…..
“പിന്നെ “….
വീണ്ടും അവന്റെ സ്വരം…. ആ നെഞ്ചോരം തല ചേർത്തു അങ്ങനെതന്നെ നിന്നു….
“ഇങ്ങോട്ട് നോക്കെടി “….
ഇടുപ്പിലിഴഞ്ഞ അവന്റെ കൈകളെ പിടിച്ചു വെക്കാനൊരു വിഫലമായ ശ്രമം നടത്തി ….. അവന്റെ ചുണ്ടിലെ ഭ്രമിപ്പിക്കുന്ന ചിരിയിൽ പാറുവിന്റെ കണ്ണുകൾ കൊരുത്തു…. അപ്പോഴേക്കും ഉണ്ണിയുടെ ചുണ്ടുകൾ അവളുടേതിനെ പൊതിഞ്ഞിരുന്നു… അത്രയും ഗാഡമായി……
(തുടരും )

by