15/04/2026

നീയറിയാതെ : ഭാഗം 22

രചന – അയിഷ അക്ബർ

അവൾ മുറിയിലേക്ക് നടക്കുമ്പോഴും ഹൃദയത്തിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞിരുന്നു…. മാധുവിന്റെ ഓർമകളിലേക്ക് വീണ്ടും അവൻ ആഴ്ന്നിറങ്ങിയാലോരുപക്ഷെ അന്നയെന്നത് അവന്റെ ഹൃദയത്തിൽ നിന്നും ഒത്തിരി അകലെയായിരിക്കുമെന്നതവൾക്കുറപ്പുണ്ടായിരുന്നു….. മുറിയിലേക്കവൾ കയറി ചെല്ലുമ്പോൾ അവൻ കട്ടിലിലിരിക്കുകയായിരുന്നു….. മിഴികൾ ജനലഴികളെ കടന്ന് ദൂരെയെങ്ങോ പതിഞ്ഞിരിപ്പുണ്ട്….. അവൾ അവന്റെ അരികിലായിരുന്നു…. അവനതൊന്നും അറിയുന്നില്ലെന്നവൾക്ക് തോന്നി…. അവൻ മറ്റേതോ ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു.. ആ മിഴികളിൽ അലയടിക്കുന്ന സാഗരം അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു….. അവൾ പതിയെ അവന്റെ കൈകൾക്ക് മേൽ കൈകൾ വെച്ചു… അവൻ ഓർമകളിൽ നിന്നും തെന്നി നീങ്ങി അവളിലേക്ക് നോക്കി… അവളുടെ മിഴികൾ അവനെ ആശ്വസിപ്പാനെന്ന പോൽ തഴുകുന്നുണ്ടായിരുന്നു… ഞൊടിയിടയിൽ അവന്റെ ബലിഷ്ടമായ കൈകൾ അവളെ വലയം ചെയ്യുമ്പോൾ പെട്ടെന്നുണ്ടായ പ്രവർത്തിയിൽ അവൾക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു…..

എങ്കിലും അവന്റെ മിഴിനീരവളുടെ സാരിയെ നനച്ചു മേനിയെ തഴുകുന്നുണ്ടായിരുന്നു….. അവന്റെ ശരീരത്തിന്റെ ചൂട് ആദ്യമായവളിലേക്ക് പകർന്ന ആ നിമിഷം അവൾ നിശ്ചലയായിരുന്നു….. അവളറിയാതെ തന്നെ അവളുടെ ഇടത് കൈകൾ അവനെ ചേർത്ത് പിടിക്കാനൊരുങ്ങുമ്പോഴേക്കും എന്തോ ഓർമയിലെന്ന പോലവളിൽ നിന്നവനടർന്നു മാറി….. അവൻ രണ്ടു കൈകൾ കൊണ്ടും മിഴികൾ തുടച്ചു.. സോറി…. ഞാൻ….. പെട്ടെന്ന്….. വാക്കുകൾക്കായി അവൻ പരതി…… ഹൃദയത്തോട് ഒത്തിരി അടുത്തവർ…. അവരിനിയൊരിക്കലും നമ്മുടെ കൂടെയില്ല എന്നോർക്കുന്ന ഒരു നിമിഷമുണ്ട്…. വല്ലാത്തൊരു നീറ്റലാണെടോ അതിന്…. എത്ര കരുതുള്ള ഹൃദയത്തെയും കരയിപ്പിക്കാൻ കഴിയും…. പറയുമ്പോഴും അവൻ കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു…. അവൻ പതിയെ മുറി വിട്ടിറങ്ങി.. അവളുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു…. അവന്റെ മനസ്സിലെ സങ്കടങ്ങൾ പങ്കു വെക്കാൻ മാത്രം അവന് ഞാൻ ആരൊക്കെയോ ആയിരിക്കുന്നുവെന്ന ചിന്ത അവളിൽ ഒരു പുതു ജീവൻ നൽകുന്നതോടൊപ്പം അവന്റെ ശരീരത്തിന്റെ ചൂടപ്പോഴും അവളിൽ നിറഞ്ഞു നിൽക്കുന്നതായി തോന്നി…..

രാത്രി ഒത്തിരി വൈകിയാണവൻ കയറി വന്നത്….. അവൻ വന്നു മുറിയിലെ ലൈറ്റിടുമ്പോൾ അവൾ എഴുന്നേറ്റു…. നീളൻ മുടി വാരി ഉച്ചിയിൽ കെട്ടി അവന് ഭക്ഷണം വിളമ്പി കൊടുത്തു…. അപ്പോഴേക്കും അവൻ വസ്ത്രം മാറി കൈ കഴുകി മേശ മേൽ വന്നിരുന്നിരുന്നു…. നീ കഴിച്ചില്ലേ…. അവൻ കഴിക്കുന്നതിന്റെ അരികിലായി നിന്ന് വിളമ്പി കൊടുക്കുമ്പോഴാണ് അവനത് ചോദിച്ചത്…. അവൾക്ക് വല്ലാത്ത സന്തോഷം തോന്നി…. ഞാൻ അച്ഛനുമാമ്മക്കുമൊപ്പം കഴിച്ചു…. പറയുമ്പോഴും അവളുടെ കണ്ണുകൾ വിടർന്നിരുന്നു… കിടന്നിട്ടും അവൾക്കെന്തോ ഉറക്കം വന്നില്ല….. കട്ടിലിന്റെ മറുവശത്തായി സിദ്ധു ഉറങ്ങുന്നുണ്ടായിരുന്നു…. ജനലിലൂടെ വരുന്ന നിലാവെളിച്ചം അവന്റെ മുഖത്ത് പതിക്കുന്നുണ്ടായിരുന്നു…. ഒരു കൊച്ചു കുഞ്ഞിനെ പോലെ നിഷകളങ്കമായ അവന്റെ മുഖം അവൾ നോക്കി കിടന്നു….

അവളുടെ ചൊടികളിൽ ഒരു പുഞ്ചിരി തെളിഞ്ഞു നിന്നിരുന്നു….. പെട്ടെന്നാണ് ഇരുളിൽ നിന്നും ആ രൂപം തന്നെ ഉറ്റു നോക്കുന്നതായി അവൾക്ക് തോന്നിയത് ….. ഇരുൾ മൂടി കെട്ടിയ കണ്ണുകളിൽ തന്നോടുള്ള ദേഷ്യമോ പകയോ എന്നറിയാതെ അവൾ ഭയന്നു….. അവളുടെ കണ്ണുകൾ കുറുകി….. കയ്കാലുകൾ വിറക്കാൻ തുടങ്ങിയിരുന്നു….. സി…. സി…. സിദ്ധുവേട്ടാ…. അവൾ വിളിച്ചെങ്കിലും അവൻ ഉറക്കത്തിലായിരുന്നു…. അവളുടെ ശബ്ദം അവനെ ഉണർത്താൻ മാത്രം കഴിവുള്ളതായിരുന്നില്ല…. ആ രൂപം അവളിലെക്കടുത്തടുത്തു വന്നു….. ആ….. അവൾ അലറി വിളിച്ചെഴുന്നേറ്റു…. എന്താ…. എന്ത് പറ്റി….. അവളുടെ ശബ്ദം കേട്ട് സിദ്ധു ഞെട്ടിയെഴുന്നേറ്റു…. അവനെഴുന്നേറ്റ് ലൈറ്റിടുമ്പോൾ അവൾ കട്ടിലിൽ വിറച്ചിരിക്കുകയായിരുന്നു…. അവളുടെ ശ്വാസത്തിന്റെ വേഗത അവനറിയുന്നുണ്ടായിരുന്നു….. അവൻ ജഗ്ഗിൽ നിന്നും വെള്ളമെടുത് ഗ്ലാസ്സിലേക്കൊഴിച്ചവൾക്ക് നേരെ നീട്ടി…. അവൾ വെള്ളം വാങ്ങി കുടിക്കുമ്പോഴും അവളിലെ ഭയം കെട്ടടങ്ങിയിരുന്നില്ല….

അവിടെ എന്തോ ഒരു രൂപം…. അവൾ വിരൽ ചൂണ്ടിയത് പറയുമ്പോൾ സിദ്ധു മുറിയാകെ നടന്നു അവൾക്ക് ആശ്വാസമാവാനെന്ന പോൽ… ഇവിടെ യെങ്ങും ഒന്നുമില്ല…. അവൻ ലൈറ്റ് ഓഫ്‌ ചെയ്ത് കിടന്നു…. അപ്പോഴും അവളുടെ ശ്വാസത്തിന്റെ ശബ്ദം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…. നിശബ്ദമായ ആ മുറിയിൽ അവളുടെ ഭയം അവന് തിരിച്ചറിഞ്ഞിരുന്നു…. അവൻ പതിയെ കൈകൾ അവളുടെ മേൽ വെച്ചു…. അവന്റെ കൈകളുടെ ചൂടിൽ അവളുടെ ഭയം അളിഞ്ഞില്ലാതാവുന്നത് അവളറിഞ്ഞിരുന്നു….. കൊച്ചു കുഞ്ഞിനെ പോലെയവളവനിലേക്ക് ചേർന്ന് കിടന്നു…. അവന്റെ നെഞ്ചോരം ചേർന്ന് കിടന്ന് അവനെ ചുറ്റിപ്പിടിക്കുമ്പോൾ വല്ലാത്തൊരു ധൈര്യം അവളിൽ നിറയുന്നത് അവളറിഞ്ഞിരുന്നു….. അവന്റെ ശ്വാസത്തിനു താഴെ അവളുടെ മുടിയിഴകൾ പാറികിടന്നിരുന്നു…. അവയിൽ നിന്നും വരുന്ന കാച്ചെണ്ണയുടെ മണം അവനെ വല്ലാതെ മത്തുപിടിപ്പിച്ചിരുന്നു…..

മുഖത്തെ മുടിയിഴകളെ മാറ്റി അവളുടെ മുഖത്തെ കയ്കുമ്പിളിലെടുത്തു നെറുകെയിൽ ചുംബിക്കുമ്പോൾ അവനെ തടയാൻ പോലും കഴിയാത്തവണ്ണം അവനിലേക്കവൾ അലിഞ്ഞു ചേർന്നിരുന്നു….. ആകാശത്തു നിന്നും ഭൂമിയിലേക്കാഴ്ന്നിറങ്ങിയ ചാറ്റൽ മഴയോടൊപ്പം അവനും അവന്റെ പ്രണയവും അവളിലേക്ക് അലിഞ്ഞു ചേർന്നു… രാവിലെ എഴുന്നേറ്റ് കുളിച് അടുക്കളയിലേക്ക് കയറുമ്പോൾ പതിവിലും വിപരീതമായൊരു സന്തോഷം സീതക്ക് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു… മുറ്റം തൂക്കുമ്പോൾ മുകളിൽ നിന്നും അവൻ നോക്കുന്നത് കണ്ടിട്ടും അവന് മുഖം കൊടുക്കാനവൾക്ക് കഴിഞ്ഞില്ല…. രാത്രിയിലെ ഓർമ്മകൾ അവളുടെ ചൊടികളിൽ നാണത്തിൽ കലർന്ന പുഞ്ചിരി വിരിയിച്ചിരുന്നു……. ചായ കൈകളിൽ കൊടുക്കുമ്പോഴും അവന്റെ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാനിട്ട് തന്നെയാണവൾ താഴേക്ക് നോക്കി നിന്നത്…..

മുറിയിൽ മറന്നു വെച്ച ചാവിയെടുക്കാൻ അവൻ വന്ന നേരമാണ് അവരുടെ മിഴികൾ തമ്മിൽ കൊരുത്തത്…. കുസൃതി നിറഞ്ഞ അവന്റെ ചൊടികൾ അവളുടെ കവിളുകളിൽ ചുവപ്പ് നിറം പടർത്തിയിരുന്നു….. അവനെ കാത്തിരിക്കുന്ന ഓരോ നിമിഷങ്ങൾക്കും വല്ലാത്ത ദൈർഗ്യമായി തോന്നിയിരുന്നവൾക്ക്…. അവൻ വന്നു കഴിഞ്ഞാൽ നിമിഷങ്ങൾ അതി വേഗത്തിൽ ഓടികൊണ്ടിരിക്കുന്നതിനു പരാതിയായിരുന്നവൾക്ക്… ദിനങ്ങളോരോന്നും അവളെ സന്തോഷവതിയാക്കി തന്നെ കടന്നു പോയി…. ഉള്ളിലുള്ള പ്രണയത്തെ കുറിച് കൂടുതലൊന്നും അവർ സംസാരിച്ചില്ലെങ്കിലും അവരുടെ മിഴികൾ അത്ര മേലവരെ അടുത്തറിഞ്ഞിരുന്നു…. കോണിപ്പടികൾ ഇറങ്ങുമ്പോഴാണ് ആരോ അവളെ പിന്തുടരുന്നത് പോലെ തോന്നിയത്…. ഇറക്കം വേഗത്തിലാക്കിയതും പതിയെ തലക്കൊരു കനത്തോടൊപ്പം അവൾ വീണു പോയിരുന്നു….. അവസാന പടികളിലേക്കെത്തി വീണത് കൊണ്ട് തന്നെ നെറ്റി ചുമരിലിടിച്ചു ചോര പൊടിഞ്ഞിരുന്നു…..

രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ ആദ്യം കണ്ടത് സീതയായിരുന്നു…. മാധവേട്ടാ….. സിദ്ധു…. അയ്യോ… ഒന്ന് വേഗം വരൂ… സീതയുടെ നിലവിളി ആ വീട്ടിലൊന്നാകെ മുഴങ്ങി… മാധവനു പിറകെ സിദ്ധുവും ഓടിയെത്തിയിരുന്നു…. രക്തത്തിൽ കുളിച്ചു കിടക്കുന്ന അവളെ കണ്ടതും അവന്റെ ശ്വാസം നിലക്കുന്നത് പോലെയായിരുന്നവന്…. അവൻ വേഗം വന്നവളെ കോരിയെടുത്തു…. മാധു….. എഴുന്നേൽക്ക്‌ മോളേ….. നിനക്കൊന്നുമില്ല…… അവൻ അത്ര മേൽ വെപ്രാളവും അതിലേറെ ദുഃഖവും നിറഞ്ഞത് പറയുമ്പോഴും അവന്റെ മിഴികൾ നിറഞ്ഞു തൂവിയിരുന്നു…. അവളുടെ മിഴികൾ പതിയെ അടഞ്ഞു പോകുമ്പോഴും മാധുവെന്ന അവന്റെ വിളി അവളുടെ കാതുകളിൽ മുഴങ്ങി കേട്ടിരുന്നു…. അന്നയെന്ന വ്യക്തി ഒരിക്കലും അവന്റെ മനസ്സിനുള്ളിൽ കടന്നു കൂടിയിട്ടില്ലെന്നതവൾ തിരിച്ചറിയുകയായിരുന്നുന്നേരം….. അവൾക്ക് തല ചുറ്റുന്നത് പോലെ തോന്നി…. അപ്പോഴും മാധു…. എന്ന് വിളിച്ചവന്റെ മിഴികൾ നിറയുന്നുണ്ടായിരുന്നു….. നെറ്റിയിലെ മുറിവിനെക്കാൾ അവളിൽ ആഴത്തിൽ വേദനിപ്പിച്ചതാ വിളിയാണെന്നവളോർത്തു…. അവളുടെ മിഴികൾ പതിയെ അടഞ്ഞു പോയിരുന്നു….. (തുടരും )