രചന – കണ്ണന്റെ മാത്രം
പെട്ടന്നാണ് അവന്റെ കാബിനിലെ ഫോൺ ബെല്ലടിച്ചത്.. അവൻ ഞെട്ടി എഴുന്നേറ്റു. പെട്ടന്ന് തന്നെ ഫോൺ എടുത്തു…
അപ്പുറത്തെ സൈഡിൽ നിന്നും കേട്ട വാർത്ത വിശ്വസിക്കാനാവാതെ തറഞ്ഞു നിന്നു അവൻ……….
സാർ കേൾക്കുന്നില്ലേ… ഫോണിന്റെ മറുപുറം ഉള്ള ആൾ അവന്റെ മറുപടി ഒന്നും കേൾക്കാതായപ്പോ ഒന്നും കൂടി ചോദിച്ചു.
അവരുടെ ചോദ്യം കേട്ട സിദ്ധു ഞെട്ടികൊണ്ട് ഒരു വിറയലോടെ ചോദിച്ചു.. എന്താ പറഞ്ഞെ ഒന്നും കൂടി പറയുമോ.. അവനു കേട്ട കാര്യം വിശ്വസിക്കാൻ പറ്റിയില്ല…
സാർ ഞാൻ റിസപ്ഷനിൽ നിന്നാണ് വിളിക്കുന്നത്.. സാറിനെ കാണാൻ ഒരു സ്ത്രീ വന്നിട്ടുണ്ട്. ഇന്ന് op ഇല്ലാന്ന് പറഞ്ഞിട്ടും അവർ കേൾക്കുന്നില്ല. അവർ ആണ് പറഞ്ഞത് സാറിനെ വിളിച്ചിട്ട് ഒരു ശിവാമി കാണാൻ വന്നിട്ടുണ്ടെന്നു പറയാൻ.. അവൻ ആദ്യം പറഞ്ഞത് കേട്ടില്ല എന്ന് കരുതി ആ കുട്ടി എല്ലാം ഒന്ന് കൂടി പറഞ്ഞു.
സാർ ഞാൻ എന്താ ചെയ്യേണ്ടേ അവരെ മടക്കി അയക്കട്ടെ..
ഏയ്യ് വേണ്ട വേണ്ട… അവരെ കാബിനിലേക്ക് വിട് പെട്ടന്ന് തന്നെ സിദ്ധു ഉത്സാഹത്തോടെ പറഞ്ഞു.
ഫോൺ വച്ചു കഴിഞ്ഞിട്ടും സിദ്ധുവിന് കേട്ട കാര്യം വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
ശിവ അതും എന്നേ കാണാൻ ഇവിടെ വരുമോ.. ഇനി ഇത് എന്റെ ശിവ തന്നെ അല്ലെ അവൻ ഒരു സംശയത്തോടെ ആലോചിച്ചു. എന്തിനാവോ എന്നേ കാണാൻ ഹോസ്പിറ്റലിൽ വന്നത്. ഇനി എന്തെങ്കിലും അസുഖം.ഏയ്യ് അതൊന്നും ആവില്ല. കുഞ്ഞ് ഉണ്ടാവുമോ അവളുടെ കൂടെ.
എന്ത് കുഞ്ഞാകും ആൺകുട്ടിയോ പെൺകുഞ്ഞോ.. അങ്ങനെ അങ്ങനെ നൂറ് ചിന്തകൾ അവന്റെ ഉള്ളിലൂടെ കടന്നു പോയി…
പെട്ടന്നാണ് ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടത്.. അവൻ വേഗം സീറ്റിൽ ആയി ഇരുന്നു ഉള്ളിലേക്ക് വരാൻ പറഞ്ഞു..
ഡോർ തുറന്ന് ഉള്ളിലേക്ക് വരുന്ന അവന്റെ ശിവയെ അവൻ കണ്ണെടുക്കാതെ നോക്കി.. അവൾക്ക് ഈ 5 കൊല്ലംകൊണ്ട് ഒരുമാറ്റവും ഇല്ലാന്ന് തോന്നി സിദ്ധുവിന്.. ഒന്നുകൂടി ഭംഗി വച്ചിട്ടുണ്ടെങ്കിലേ ഉള്ളൂ. ഇതിനിടയിൽ അവൾ വന്നു അവന്റെ മുന്നിൽ നിന്നതൊന്നും അവൻ അറിഞ്ഞില്ല. അവൾ അവന്റെ ടേബിളിൽ ഒന്ന് കൊട്ടി..
അവൻ ഞെട്ടി കൊണ്ട് പറഞ്ഞു ആ ഇരിക്ക് ശിവ..
ശിവാമി… Dr. സിദ്ധാർത്തിന് അങ്ങനെ വിളിക്കാം എന്നേ… മുറുകിയ മുഖത്തോടെ ആമി പറഞ്ഞു…
അതുകേട്ടപ്പോ സിദ്ധുവിന് മനസിലായി അവളോട് ഒരു ക്ഷമ ചോദിക്കാനുള്ള അനുവാദം പോലും അവൾ അവന് കൊടിക്കില്ല എന്ന്.. എന്നാലും അവൻ പറഞ്ഞു.
എന്ത് വിളിക്കണം എന്ന് ഞാനല്ലേ തീരുമാനിക്കുന്നത് ശിവ. എനിക്ക് അങ്ങനെ വിളിക്കാനേ പറ്റൂ…
അതിനു ആമി മറുപടി പറഞ്ഞില്ല.. പറഞ്ഞത് അവളോട് അല്ലാത്തത് പോലെ കൈയിൽ ഇരുന്ന ഫയലും ഒരു ലെറ്ററും അവന്റെ മുൻപിലേക്ക് വച്ചു.
അവൻ അവളെ ഒന്ന് നോക്കികൊണ്ട് ആ ലെറ്റർ തുറന്ന് വായിച്ചു. അത് അവനെ റഫർ ചെയ്ത് വേറെ ഒരു ഡോക്ടർ കൊടുത്തിട്ടുള്ളത് ആണ്. പിന്നീട് അവൻ ആ ഫയൽ തുറന്നു.
അതിലെ പേര് വായിച്ചതും അവൻ ഇടിവെട്ടേറ്റതുപോലെ നിന്നു പോയി..
MANASA THEERTHA (4)
D/O. SHIVAMI
അവന് മനസിലായി അതവന്റെ മോളുടെ റിപ്പോർട്ട് ആണെന്ന്. അതിലെ വിവരങ്ങളിലൂടെ കടന്ന് പോകും തോറും അവന്റെ കണ്ണ് നിറഞ്ഞു പോയി.acute lymphoblastic leukaemia അതും ഇത്രേം ചെറിയ പ്രായത്തിൽ..അവൻ ആകെ തകർന്നു. അവൻ നിറഞ്ഞ കണ്ണുകളോടെ ആമിയെ നോക്കി എന്നിട്ട് പറഞ്ഞു ആമി നമ്മുടെ മോൾക്ക്…
അവനെ പറഞ്ഞു മുഴുവൻ ആക്കാൻ അവൾ സമ്മതിച്ചില്ല… നമ്മുടെ അല്ല എന്റെ മകൾക്ക്.. ശിവാമിയുടെ മകൾ ആ ഒരു മേൽവിലാസം മതി അവൾക്ക്.
ലുകീമിയ ആണ്. കുറച്ചു നാളായി ട്രീറ്റ്മെന്റ് തുടങ്ങിയിട്ട്. bone marrow transplant ആണ് ഏറ്റവും നല്ല ഓപ്ഷൻ എന്നാണ് ഇപ്പോ കാണിച്ച ഡോക്ടർ പറഞ്ഞത്. എന്റെ ടെസ്റ്റ് ചെയ്ത് നോക്കി മാച്ച് ആകുന്നില്ല.
ഇനി Dr. സിദ്ധാർഥിന്റെയും വീട്ടുകാരുടെയും കൂടി ചെക്ക് ചെയ്ത് നോക്കണം. മാച്ച് ആകുന്നുണ്ടോ എന്ന്. ആമി ഒരു ഭാവബേധവും ഇല്ലാതെ പറഞ്ഞു.
സിദ്ധു കുറച്ചു നേരം അവളെ തന്നെ നോക്കി ഇരുന്നു. എന്നിട്ട് പറഞ്ഞു..
ഇത്രയും ഒക്കെ അറിഞ്ഞ സ്ഥിതിക്ക് ശിവക്ക് അറിയാമായിരിക്കുമല്ലോ ഞങ്ങളുടെ മാച്ച് ആവാൻ ഉള്ള സാധ്യത വളരെ കുറവാണ്. അതു കഴിഞ്ഞുള്ള ഓപ്ഷനും അറിയാമല്ലോ.
അറിയാം ഡോക്ടർ. ആമി പറഞ്ഞു.
മ്മ് മ്മ്….ശരി നാളെ മോളെയും കൊണ്ട് വരണം.. സിദ്ധു പറഞ്ഞു..
ഓക്കെ ഡോക്ടർ.. അതും പറഞ്ഞു ആമി പോകുവാനായി എഴുന്നേറ്റു.
ശിവ.. സിദ്ധു വിളിച്ചു.
ഏതോ ഓർമയിൽ അവൾ തിരിഞ്ഞു നോക്കി. പിന്നെ പെട്ടന്ന് തന്നെ നോട്ടം മാറ്റി കൊണ്ട് പറഞ്ഞു ശിവാമി അതാണ് പേര് എന്ന്..
സിദ്ധു അതു അവനോട് അല്ല പറഞ്ഞത് എന്നത് പോലെ ചോദിച്ചു ഇത്രയും നാൾ എവിടെ ആയിരുന്നു മോളെ നീ.. എവിടെയൊക്കെ ഞാൻ അന്വേഷിച്ചു… ഒന്നു ക്ഷമ പറയാനുള്ള അവസരം പോലും തന്നില്ലല്ലോ….
എന്തിന്… Dr. സിദ്ധാർഥ് ശിവാമിയോട് എന്തിനാണ് ക്ഷമ പറയേണ്ടത്. അതുപോലെ എന്നേ അന്വേഷിക്കേണ്ട കാര്യം നിങ്ങൾക്കില്ല.. ഞാൻ ഇപ്പോ വന്നത് എന്റെ മകൾക്ക് വേണ്ടി മാത്രം ആണ്. അവൾക്ക് വേണ്ടി ഞാൻ എന്തും ചെയ്യും. അല്ലാതെ Dr. സിദ്ധാർത്തുമായി പഴയ ബന്ധം പുതുക്കാൻ വന്നതല്ല. ഇതും പറഞ്ഞു അവൾ പോയി..
അവൻ നിറഞ്ഞ കണ്ണോടെ അവൾ പോകുന്നതും നോക്കി കുറച്ചു നേരം ഇരുന്നു. പിന്നീട് അവൻ റിപ്പോർട്ടിലേക്ക് നോക്കി. അതിലെ റിപ്പോർട്സ് എല്ലാം ഓരോ പേജ് ആയി വായിച്ചുവരുമ്പോഴാണ് അതിൽ മോളുടെ ബർത്ത് സർട്ടിഫിക്കറ്റ് കണ്ടത്. അതിൽ അച്ഛന്റെ പേരിന്റെ ഭാഗം ബ്ലാങ്ക് ആയി കിടക്കുന്നത് കണ്ടപ്പോ അവന് സഹിക്കാൻ പറ്റിയില്ല… അവൻ മുഖം കൈയിൽ താങ്ങി പൊട്ടി കരഞ്ഞു..
……….
ആമി ഹോസ്പിറ്റലിൽ നിന്നും വീട്ടിൽ എത്തുമ്പോഴേക്കും സന്ധ്യ ആയിരുന്നു.
അവൾ വീട്ടിൽ എത്തുമ്പോൾ തന്നെ കാണുന്നത് ഉമ്മറപ്പടിയിൽ മുഖവും വീർപ്പിച്ചു ഇരിക്കുന്ന മാനുമോളെ ആണ്.
പിന്നിൽ തന്നെ ഒരു ചിരിയോടെ ജാനകിയമ്മയും ഉണ്ട്.
ആമിയെ കണ്ടതും മാനുമോള് ഒന്നുകൂടി ദേഷ്യം പിടിച്ച് മുഖം തിരിച്ചിരുന്നു.
അമ്മേടെ മാനുട്ടി പിണക്കാണോ അമ്മയോട്.. ആമി കൊഞ്ചിക്കൊണ്ട് ചോദിച്ചു.
ആ മാനുത്തി പെനങ്ങി അമ്മേനോത് എന്നേ കൊന്തുവാന്ത് പോയില്ലേ..
അയ്യോ.. മാനുട്ടി ഉറങ്ങല്ലേ ആയിരുന്നേ അതല്ലേ അമ്മ ഒറ്റക്ക് പോയത്. അമ്മക്ക് ഒറ്റക്ക് പോവാൻ എന്തോരം വിഷമായിന്നോ..
ആനോ… ചങ്കതപെതെന്താ താ.. മാനുത്തി ഒതങ്ങി പോയോന്താ .. നാളെ പോവുമ്പോ മാനുത്തി വതാം..
ശരി.. ഇപ്പോ അമ്മേടെ പൊന്ന് ഉള്ളിൽ കയറ്. മഞ്ഞ് കൊണ്ടാലേ പൊന്നിന് വയ്യാണ്ടാവും…
അതും പറഞ്ഞു ആമി മാനുട്ടിയേയും കൊണ്ട് ഉള്ളിലേക്ക് പോയി…
എന്തായി മോളെ പോയിട്ട് ജാനകിയമ്മ ചോദിച്ചു.
നാളെ മോളെയും കൊണ്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട് ജാനകിയമ്മേ..
മോളെ അപ്പൊ മാനുമോള് അറിയില്ലേ അതു അവളുടെ അച്ഛൻ ആണെന്ന്.അവർ എന്തായാലും പറയാതിരിക്കില്ലല്ലോ.
അറിയും ജാനകിയമ്മേ അവർ എന്തായാലും മോളോട് പറയും. എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല ജാനകിയമ്മേ. ഈ സമയം എന്റെ മോളെ രക്ഷിക്കാൻ ഇതല്ലാതെ വേറെ വഴിയില്ല… അവൾക്ക് വേണ്ടി എന്തും സഹിക്കാൻ ഞാൻ തയ്യാറാണ്. അതു പറയുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയുന്നു. അതവളുടെ നിസ്സഹായതയുടെ കണ്ണുനീരായിരുന്നു. ഒരിക്കൽ തന്റെ ആത്മാഭിമാനത്തേയും പരിശുദ്ധിയെയും കീറിമുറിച്ചവന് മുന്നിൽ അതു മിണ്ടാതെ നോക്കിനിന്നവരുടെ മുന്നിൽ നിൽക്കേണ്ടി വരുന്നതിന്റെ നിസ്സഹായതയുടെ കണ്ണുനീർ.
എന്തൊക്കെ വന്നാലും മുന്നോട്ട് പോയെ പറ്റൂ ജാനകിയമ്മേ.. എന്റെ മോൾക്ക് വേണ്ടി ചിലപ്പോ എന്നേ തന്നെ പണയം വെക്കേണ്ടി വന്നേക്കാം. അതൊന്നും എനിക്ക് ഇപ്പോ ഒരു വിഷയം അല്ല. അവളെ ഒരു കുഴപ്പവും ഇല്ലാതെ എനിക്ക് തിരിച്ച് കിട്ടിയ മതി…അതും പറഞ്ഞുകൊണ്ട് അവൾ ഫ്രഷ് ആവാനായി പോയി…
…………
രാത്രി മേലേടത് എല്ലാവരും സിദ്ധുവിന് ആയി വെയിറ്റ് ചെയ്യുകയാണ്. അവൻ ആവശ്യപ്പെട്ടത് പ്രകാരം അർജുൻ മാളുവിനെയും കൊണ്ടുവന്നിട്ടുണ്ട്.
അജു നിനക്കറിയോ എന്തിനാ അവൻ വരാൻ പറഞ്ഞിട്ടുള്ളത് എന്ന്. ശങ്കർ ചോദിച്ചു.
ഇല്ല അച്ഛാ.. എന്നോട് മാളുവിനെ കൊണ്ടുവരാൻ മാത്രേ പറഞ്ഞുള്ളു. എന്തോ അത്യാവശ്യമായി പറയാനുണ്ടെന്ന് മാത്രം പറഞ്ഞു.
മ്മ് മ്മ്.. അല്ല നിങ്ങൾ മോനെ എന്താ കൊണ്ടുവരാഞ്ഞേ. മാളുവിനും അജുവിനും ഒരു മകൻ ആണ്.2 വയസ്സുകാരൻ ആമിഷ് എന്ന മിച്ചുട്ടൻ. മാളുവാണ് ആ പേര് കണ്ടെത്തിയത്. ആ പേര് എന്തെകൊണ്ടാണെന്നു എല്ലാർക്കും അറിയാം. അവൾക്ക് ആമിയോടുള്ള സ്നേഹം അറിയാവുന്ന ആർക്കും അതിൽ അത്ഭുതം ഒന്നും തോന്നിയില്ല.
ആ സമയം ആണ് സിദ്ധു അങ്ങോട്ട് വന്നത്. അവൻ അവർക്ക് എതിരെ സോഫയിൽ ഇരുന്നു.
ഞാൻ നിങ്ങളെ എല്ലാവരെയും വിളിപ്പിച്ചത് ഒരു പ്രധാനപെട്ട കാര്യം പറയാൻ ആണ്.
എന്നേ ഇന്ന് ശിവ കാണാൻ വന്നിരുന്നു.
ഏഹ് ആമി മോളോ.. എന്നിട്ട് എന്ത് പറഞ്ഞു. എന്താ ഇങ്ങോട്ട് വരാഞ്ഞത്. നിനക്ക് ഇങ്ങോട്ട് കൊണ്ടുവരാമായിരുന്നില്ലേ… ലക്ഷ്മിയമ്മ പറഞ്ഞു.
ശിവ എന്നേ കാണാൻ വന്നത് എന്റെ കൂടെ ജീവിക്കാൻ അല്ല
അവൾക്ക് എന്നോട് ക്ഷമിക്കാനും കഴിഞ്ഞിട്ടില്ല. ഇപ്പോ വന്നത് Dr. സിദ്ധാർഥ്വിനെ കാണാൻ ആണ്. അതും ഞങ്ങളുടെ മകളുടെ മെഡിക്കൽ റെക്കോർഡ്സും കൊണ്ട് സിദ്ധു ഒരു ആത്മാനിന്ദ നിറഞ്ഞ ചിരിയോടെ പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഇതുകേട്ടപ്പോൾ മാളുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ വേഗം അത് ആരും കാണാതെ തുടച്ചുനീക്കി…
എന്നിട്ട് സിദ്ധു ഇന്ന് ആമി കാണാൻ വന്നതും അവർ തമ്മിൽ സംസാരിച്ചതും എല്ലാം പറഞ്ഞു. അർജുൻ സിദ്ധുവിന്റെ കയ്യിലെ റിപ്പോർട്സ് വാങ്ങി വായിച്ചു നോക്കി. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി.
ലക്ഷ്മിയമ്മക്കും ശങ്കറിനും സഹിക്കാൻ പറ്റിയില്ല. തങ്ങൾക്ക് ഒരു കൊച്ചുമകളുള്ളത് ഇങ്ങനെ ഒരു വാർത്തയിലൂടെ ആണല്ലോ അറിഞ്ഞത് എന്ന് ആലോചിച്ച് അവർ നിശബ്ദമായി കണ്ണീർ പൊഴിച്ചു.
സിദ്ധുവും തന്റെ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു. അപ്പൊ നാളെ എല്ലാവരും ടെസ്റ്റിന് വരാൻ തയ്യാറല്ലേ. മാച്ച് ആകാൻ ചാൻസസ് കുറവാണു. എന്നാലും നമുക്ക് ഒന്ന് ചെക്ക് ചെയ്ത് നോക്കിക്കൂടെ…
അതിനെന്താ ഞങ്ങൾ വരാം.. ശങ്കർ പറഞ്ഞു.
അപ്പൊ നാളെ 9 മണിക്ക് പോകാം…
എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി. മാളുവും അജുവും അവരുടെ വീട്ടിലേക്കും പോയി…
…………
പിറ്റേദിവസം രാവിലെ 9 മണി കഴിഞ്ഞപ്പോഴേക്കും എല്ലാവരും ഹോസ്പിറ്റലിൽ എത്തി. സിദ്ധുവിന് ആകെ ഒരു വെപ്രാളം തോന്നി. ആദ്യമായി സ്വന്തം മകളെ കാണാൻ പോകുന്നതിന്റെ.. ശങ്കറും ലക്ഷ്മിയമ്മയും അജുവും എല്ലാം ആകാംഷയിൽ സിദ്ധുവിന്റെ കാബിന്റെ ഡോറിലേക്ക് നോക്കി ഇരുപ്പായി..
ആ സമയത്ത് ആണ് ഡോറിൽ ഒരു മുട്ട് കേട്ടത്.സിദ്ധു തന്റെ മനസ്സ് വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലേക്ക് വരാൻ പറഞ്ഞു…
ഡോർ തുറന്നു വരുന്ന ആമിയെയും അവളുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞ് മോളെയും എല്ലാവരും അത്യധികം വാത്സല്യത്തോടെ നോക്കി.
സിദ്ധു ആദ്യമായി തന്റെ മകളെ കണ്ട നിർവൃതിയിൽ ആയിരുന്നു. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ആമി ഒരു നിസ്സംഗതയോടെ എല്ലാരേയും ഒന്നു നോക്കികൊണ്ട് അവിടെ നിന്നു. മാനുമോളുടെ കണ്ണുകൾ അവിടെ നിൽക്കുന്ന എല്ലാവരിലും പതിഞ്ഞു. അതിൽ ഒരു മുഖം കണ്ടപ്പോൾ അവൾ ശിവയുടെ കൈയിൽ നിന്നും പിടഞ്ഞിറങ്ങി അയാൾക്ക് നേരെ തന്റെ കുഞ്ഞികാലുകൾ വച്ച് ഓടി. തനിക്ക് അടുത്തേക്കായി ഓടി വരുന്ന മാനുമോളെ കണ്ടപ്പോ സിദ്ധാർഥ്വിന്റെ കണ്ണുകൾ വിടർന്നു.
………..
തുടരും….

by