18/04/2026

അഗ്രഹാരം : ഭാഗം 12

രചന – നിവേദ്യ ഹരിഹരൻ

“എടാ മോനെ നീ ശരിയ്ക്ക് ആലോചിച്ചിട്ടാണോ…? ഇതിന്റെ വരും വരായ്കകൾ ഒക്കെ നിനക്കറിയാമോ…?? ജോർജ്ജ് സെറ്റിയിലേക്ക് അമർന്നിരുന്നു കൊണ്ട് ചോദിച്ചു. “അതെ അപ്പ… ഞാൻ നന്നായ് ആലോചിച്ചു തന്നാ പറയുന്നത്.!! എബിയുടെ ശബ്ദം ഉറച്ചതായിരുന്നു. “ആ കൊച്ചിന് നിന്നെ….?? ജോർജ്ജ് ആകാംക്ഷയോടെ എബിയെ നോക്കി. “അറിയില്ലപ്പ… ഞാനത് അവളോട് ചോദിച്ചിട്ടില്ല. എന്റെ ഇഷ്ടം പറഞ്ഞിട്ടുമില്ല. എബി തലതാഴ്ത്തിയിരുന്നു. “ആ ബെസ്റ്റ്… അവരുടെ ഫാമിലിയൊക്കെയോ…. “അവൾക്ക് ഫാദർ ഇല്ല. മരിച്ചു പോയി. അമ്മ കെഎസ്ഇബിയിൽ ജോലി ചെയ്യുന്നു. ഒരു അനിയത്തിയുണ്ട്. പിന്നെ അമ്മയുടെ അമ്മയും കൂടെയുണ്ട്. അവരുടെ വീട്ടിലാ ഞാൻ വാടകയ്ക്ക് താമസിക്കുന്നത്. “മ്മ്.. ജോർജ്ജ് ഇരുത്തിയൊന്നു മൂളി. “നിന്റെ ഇഷ്ടം ആദ്യം നീയാ കൊച്ചിനോടു പറ.. വെറുതെ മനസ്സിൽ കൊണ്ടു നടന്ന് മനസ്സ് പഴുപ്പിക്കണ്ട… ആ കൊച്ചിന്റെ ഇഷ്ടമാണ് പ്രധാനം… “അത് അത്രേ ഉള്ളു അപ്പ… ഇനി ചെന്നിട്ട് വേണം അവളോടെല്ലാം തുറന്നു പറയാൻ… എബിയുടെ കണ്ണുകളിൽ പ്രതീക്ഷ നാമ്പിട്ടു.

“നീ അകത്ത് പോയി എന്നായെങ്കിലും കഴിക്ക്… അമ്മച്ചി നീ വന്നില്ലല്ലോന്ന് പതി പറയുവാരുന്നു ഇത്രേം നേരം… “ശരി അപ്പ… അപ്പനിത് ഇപ്പോ അമ്മച്ചിയോട് പറയണ്ടട്ടാ… പിന്നെ അതു മതി ആധി പിടിക്കാൻ… “ഞാൻ പറയില്ലെടാ… “എന്നാ ഞാൻ പോയി കഴിക്കട്ടെ… എബി എഴുന്നേറ്റ് അകത്തേക്ക് പോയി. “അനുശ്രീ അയ്യർ..!! നടന്നു പോകുന്ന എബിയെ നോക്കി ജോർജ്ജ് ആ പേര് ഉരുവിട്ടു. ❣️❣️❣️❣️ ചോറുണ്ടു റൂമിലേക്കെത്തിയ എബി നേരേ കട്ടിലിലേക്കു കിടന്നു. അനുവിനെ കുറിച്ചായിരുന്നു അവന്റെ ചിന്ത മുഴുവൻ.. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൻ ഫോൺ കൈയ്യിലേക്കെടുത്തു. വിഡിയോസിന്റെ ഫോൾഡർ തുറന്ന് ഒരു വീഡിയോ പ്ലേ ചെയ്തു. അനുവിന്റെ കല്യാണ വീട്ടിലെ നൃത്തം !! മനുവിന്റെ കൈയ്യിൽ ഫോൺ കൊടുത്ത് എടുപ്പിച്ചതാണ്. അവൻ അനുവിനെ തന്നെ സൂം ചെയ്ത് എടുത്തിട്ടുണ്ട്. ചെറിയ പുഞ്ചിരിയോടെ ആ വീഡിയോ കണ്ടിരിക്കാലെ ഫോണിലേക്ക് ഒരു കോൾ വന്നു… പരിചയമില്ലാത്ത നമ്പർ ആണ്. അവൻ കോൾ എടുത്തു.

“ഹലോ… മറുതലയ്ക്കൽ നിന്നും ഹലോ കേട്ടു. ഒരു സ്ത്രീയാണ്… ഹലോ… ആരാ…?? “ഡോക്ടറെ ഞാൻ അനുവാ… ഡോക്ടർ ഉറങ്ങിയിരുന്നോ… എബി എഴുന്നേറ്റിരുന്നു. “എടോ താനോ…?? ഞാൻ ഉറങ്ങിയില്ല.. ഒരു വീഡിയോ കാണുവായിരുന്നു. തനിയ്ക്കെന്റെ നമ്പർ എവിടന്നു കിട്ടി…?? എബി അതിശയത്തോടെ ചോദിച്ചു. “അത് ഡോക്ടറെ ഞാൻ ആരതിയെ വിളിച്ചു. സന്ദീപിന്റെ കയ്യീന്നാ നമ്പർ വാങ്ങീത്… “അവരുടെ ഫസ്റ്റ് നൈറ്റിൽ ശല്യമുണ്ടാക്കിയിട്ട് എന്റെ നമ്പർ തപ്പിയെടുക്കേണ്ട അത്യാവശ്യം എന്തായിരുന്നെടോ.. എബി ചിരിച്ചു. “അത് ഡോക്ടറെ എനിയ്ക്കൊരു കാര്യം പറയാൻ വേണ്ടീട്ടാ… “എന്താടോ… ട്രെയിനിൽ എന്തേലും പ്രശ്നമുണ്ടോ ?? എബിയുടെ സംസാരത്തിൽ ഗൗരവം നിറഞ്ഞു. “അത് ഡോക്ടറെ … നമ്മളിന്ന് കല്യാണവീട്ടിൽ വച്ച് ഒരാളെ കണ്ടില്ലേ… ആ അർജുൻ… “മമ്… കണ്ടു അതിന്….?? “അയാളെ ഞാൻ ട്രെയിനിൽ വച്ച് വീണ്ടും കണ്ടു. അവളുടെ ശബ്ദം ചിലമ്പിച്ചു.

“ട്രെയിനിലോ….?? എബി അസ്വസ്ഥനായി. “അതെ ഡോക്ടറെ… എന്റെ എതിർ സീറ്റിൽ… അയാളെന്നോട് എന്തൊക്കെയോ പറഞ്ഞു… അവൾ കരച്ചിലിന്റെ വക്കിലെത്തി. “എന്ത്… എന്നാ അവൻ പറഞ്ഞത്..? താൻ ടെൻഷൻ ആവാതെ കാര്യം പറയ് … “അയാൾക്ക്… അയാൾക്കെന്നെ കല്യാണം കഴിക്കണമെന്ന്…! അതു കേട്ടപ്പോൾ എബിയുടെ തലയിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു. “അവൻ.. അവനങ്ങനെ പറഞ്ഞോ തന്നോട്…? “ആഹ് പറഞ്ഞു ഡോക്ടറെ… പിന്നെയും എന്തൊക്കെയോ… അവളുടെ സംസാരത്തിൽ കരച്ചിലിന്റെ നനവ് പടർന്നു. “എടോ താൻ കരയണ്ട.. അവൻ അങ്ങനെ പറഞ്ഞെന്നു കരുതി അതു നടക്കണമെന്നുണ്ടോ.. അവൻ അവന്റെ ആഗ്രഹം പറഞ്ഞു. അങ്ങനെ വിചാരിച്ചാ പോരെ… ഇതൊരു ചെറിയ കാര്യല്ലേ… “അതങ്ങനെയല്ല ഡോക്ടറെ… അയാൾ വളരെ സീരിയസ്സായിരുന്നു. എന്തോ തീരുമാനിച്ച് ഉറപ്പിച്ച പോലെ.. അയാൾടെ സംസാരം കേട്ടിട്ട് മനസ്സിൽ വല്ലാത്ത അസ്വസ്ഥത… പേടി പോലെ… “എടോ അവൻ ഇവിടെയല്ലേ.. ഇനി എന്ത് ചെയ്യാനാ.. കൂടി വന്നാൽ തന്നെ കല്യാണം ആലോചിച്ച് വരും. പക്ഷേ തനിയ്ക്കിഷ്ടം ആണേൽ അല്ലേ അത്… അത് നടക്കു… അതു പറയുമ്പോൾ എബിയുടെ ശബ്ദം വിറകൊണ്ടു.

“എനിക്കയാളെ ഇഷ്ടല്ല ഡോക്ടർ.. എനിക്ക് ദേഷ്യമാ.. ഭയാ തോന്നണത്.. അവളതു പറയുമ്പോൾ എബിയ്ക്ക് ഉള്ളിലെവിടെയോ ഒരാശ്വാസം തോന്നി. “ഒരു വൺ അവറിൽ ട്രെയിൻ പാലക്കാടെത്തും. അതോടെ അത് കഴിഞ്ഞു. താനിത് വിട്ടേക്ക്.. നമുക്ക് നോക്കാല്ലോ അവനെന്താ ചെയ്യണേന്ന്… “മമ് ശരി ഡോക്ടറെ.. ഇപ്പോ ചെറിയ ഒരാശ്വാസം തോന്നുന്നു. ഒരു ധൈര്യം വന്ന പോലെ… ഞാൻ വിളിച്ചത് ഡോക്ടർക്ക് ബുദ്ധിമുട്ടായില്ലല്ലോ…?? “എന്ത് ബുദ്ധിമുട്ട്… അതുപോട്ടെ റെയിൽവേ സ്റ്റേഷനീന്ന് എങ്ങനാ വീട്ടിലേക്ക്… ഞാൻ വണ്ടി അറേഞ്ച് ചെയ്യണോ ?? “ഹേയ് വേണ്ട.. സുബ്ബു അണ്ണൻ വരും. എത്താറാവുമ്പോൾ വിളിക്കാൻ പറഞ്ഞിട്ടുണ്ട്… “എന്നാ ശരിയെടോ… താൻ സമാധാനമായിട്ടിരിക്ക്.. ടെൻഷൻ ഒന്നും വേണ്ടട്ടോ… “ഓക്കെ.. ഗുഡ് നൈറ്റ് ഡോക്ടറെ… അനു ഫോൺ കട്ട് ചെയ്തു. അനുവിനെ സമാധാനിപ്പിച്ചെങ്കിലും എബിന്റെ നെഞ്ചിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു. അർജുൻ അവൻ അനുവിന്റെ തൊട്ടടുത്തേക്ക് എത്തിക്കഴിഞ്ഞു. “അർജുൻ” ഉള്ളിൽ തികട്ടിയ വെറുപ്പോടെ എബി ആ പേര് വീണ്ടും പറഞ്ഞു. അവന്റെ മുഖം വലിഞ്ഞു മുറുകി. ❣️❣️❣️

“എടാ അജുവേ.. നീയെവിടെ പോയതാടാ കാറും പറപ്പിച്ചു കൊണ്ട്..?? അകത്തേത് കയറി വന്ന അർജുനെ നോക്കി ആദി ചോദിച്ചു. “അത് ഏട്ടാ.. അത്യാവശ്യമായി ഒരു ഫ്രണ്ടിനെ കാണാൻ… “എന്നാലും എന്നാ പോക്കായിരുന്നെടാ… ഞങ്ങളാ ടെക്സറ്റെയിൽസിന്റെ ഫ്രണ്ടിൽ നിൽക്കുമ്പോഴാ നിന്റെ വണ്ടി പാഞ്ഞ് പോണത് കണ്ടത് …. അജു ചിരിച്ചു. “കുഞ്ഞുണ്ണി എന്ത്യേ ഏട്ടാ…?? “അവൻ ഉറങ്ങിപ്പോയെടാ.. നിമ്മി അവനേം കൊണ്ട് മുകളിലേക്ക് പോയിട്ടുണ്ട്. “മ്മ് ശരിയേട്ടാ… ഗുഡ് നൈറ്റ്… “അപ്പോ നീ കഴിച്ചിട്ടാണോടാ വന്നത്..? “ആഹ് ഞാൻ പുറത്തുന്ന് കഴിച്ചു.. അർജുൻ ഇതും പറഞ്ഞ് കാറിന്റെ കീയും കറക്കിക്കൊണ്ട് റൂമിലേക്ക് നടന്നു. റൂമിൽ ചെന്ന് നേരെ കുളി കഴിഞ്ഞ് തലയും തോർത്തി പുറത്തേക്കിറങ്ങുമ്പോ വാതിൽക്കൽ ജയ.. “ആഹ് അമ്മ… എന്താ ഈ നേരത്ത് പതിവില്ലാത്തൊരു വിസിറ്റ്… കണ്ണാടിയിലേക്ക് നോക്കി മുടി ചീകിയൊതുക്കി കൊണ്ട് അവൻ ചോദിച്ചു “നീ എവിടെ പോയതായിരുന്നു അജു..? ജയയുടെ ശബ്ദം ഗൗരവമുള്ളതായിരുന്നു “എന്താ സംശയം അമ്മേ .. അവളെ കാണാൻ പോയതാ . അമ്മയുടെ ഭാവി മരുമകളെ.. “എന്നിട്ട് … എന്നിട്ടവളോട് നീയെന്ത് പറഞ്ഞു..?

“എന്ത് പറയാൻ… എനിയ്ക്കിഷ്ടമാണ് കല്ല്യാണം കഴിക്കാൻ ആഗഹമുണ്ടെന്നു പറഞ്ഞു. “എന്നിട്ട് ആ കുട്ടി മറുപടിയെന്താ തന്നത്.. ജയ ആകംക്ഷയോടെ അവനെ നോക്കി. “ആഹ് .. അതാണ് കോമഡി . അവൾക്കെന്നെ ഇഷ്ടമല്ലെന്ന്.. ഡ്രോയിൽ നിന്നൊരു ടീഷർട്ട് എടുത്തിട്ടിട്ട് അവൻ പറഞ്ഞു. നിസ്സാരമായി അവനതു പറഞ്ഞപ്പോൾ ജയ നടന്ന് അവനടുത്തേക്ക് ചെന്നു. “അവൾക്കിഷ്ടമല്ലെങ്കിൽ മറന്നേക്കെടാ… നിനക്കൊരു ആഗ്രഹം തോന്നി. അത്രയല്ലേ ഉള്ളു..!! ജയ അവനെ സമാധാനിപ്പിക്കുന്ന പോലെ പറഞ്ഞു. ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി “അമ്മ സത്യത്തിൽ എന്റെ അമ്മ തന്നെ ആണോ ?? എന്നെ ഇതുവരെ മനസ്സിലാക്കിയില്ലല്ലോ.. അമ്മ ഇവിടിരുന്നേ.. അവൻ ജയയെ നിർബന്ധപൂർവ്വം കട്ടിലിലേക്കിരുത്തി. അടുത്തായി അവനും ഇരുന്നു. “പണ്ട് നമ്മൾ ഗുരുവായൂർ തൊഴാൻ പോയിട്ട് ആന കൊട്ടകയിൽ കയറി ആനയെ കണ്ടത് അമ്മ ഓർക്കുന്നുണ്ടോ … മമ്ഹ് … ജയ മുളി “അവിടന്നു വന്നിട്ട് ആനയെ വേണമെന്ന് പറഞ്ഞ് ഞാൻ വാശി പിടിച്ച് ഒരു ദിവസം മുഴുവൻ പച്ചവെള്ളം പോലും കുടിക്കാതെ ഇരുന്നത് അമ്മ എന്തായാലും മറക്കാൻ വഴിയില്ല.

എന്റെ മനസ്സു മാറ്റാൻ നിങ്ങൾ പലതും ചെയ്തു. സ്നേഹത്തോടെയും ദേഷ്യത്തോടെയും … അച്ഛൻ എന്നെ തല്ലി , ചീത്ത പറഞ്ഞു. മറ്റു കളിപ്പാട്ടങ്ങൾ വാങ്ങി തന്നു ശ്രദ്ധ തിരിക്കാൻ നോക്കി . പക്ഷെ ഞാനന്റെ മനസ്സ് മാറ്റിയില്ല. പിറ്റേന്ന് അച്ഛൻ എവിടന്നോ വാടകയ്ക്ക് ഒരാനയെ കൊണ്ടുവന്ന് മുറ്റത്ത് നിർത്തിയതിൽ പിന്നാ ഞാനൊരു ഗ്ലാസ്സ് വെള്ളം കുടിച്ചത്. ഓർക്കുന്നുണ്ടോ…? ആ ദൃശ്യങ്ങൾ അന്നത്തെ അതേ ആധിയോടെ ജയയുടെ മനസ്സിലേക്കോടിയെത്തി. “അന്നെനിക്ക് പത്ത് വയസ്സാ പ്രായം. അന്നത്തെ വാശിയ്ക്ക് മൂർച്ച കൂടിയിട്ടെ ഉളളമ്മേ … കുറഞ്ഞിട്ടില്ല. അവളെ ആഗ്രഹിച്ചെങ്കിൽ ആ കൈ പിടിച്ച് ഇങ്ങോട്ട് കൊണ്ടു വന്നിരിക്കും ഞാൻ !! അവന്റെ ദൃഢനിശ്ചയത്തോടെയുള്ള സംസാരം കേട്ട് ജയ ഒരു ദീർഘശ്വാസമെടുത്തു .
തുടരും …..