The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് അർജുൻ പാലക്കാട് നിന്നും കോട്ടയത്തേക്ക് പോയത്. അവൻ ചെല്ലുമ്പോൾ വാതിൽ അടഞ്ഞ് കിടക്കുകയായിരുന്നു. നേരെ കോളിങ്ങ് ബെൽ അമർത്തി. ജയയാണ് വാതിൽ തുറന്നത്. “ഓ…. വന്നോ… നാടുവിട്ടു പോയ എന്റെ പൊന്നുമോൻ ! “എന്താമ്മേ സംസാരത്തിൽ ഒരു പുച്ഛം ? അർജുൻ ജയയുടെ തോളിലൂടെ കൈയ്യിട്ടു കൊണ്ട് ചോദിച്ചു. “ഒരു പുച്ഛോമില്ല … വീടും നാടും ഉപേക്ഷിച്ച് ഏതോ ഒരു പെണ്ണിന്റെ പുറകെ പോണത് ഭയങ്കര അഭിമാനമുണ്ടാക്കുന്ന കാര്യാണല്ലോ… ജയ പരിഭവം കലർന്ന ശബ്ദത്തോടെ പറഞ്ഞു. “അമ്മ അങ്ങനെ പറയരുത്. ഞാനാകെ ഒരു പെണ്ണിന്റെ പിന്നാലെ മാത്രം പോയിട്ടുള്ളു. അതവളെ ഇങ്ങോട്ട് കൊണ്ടുവരാനല്ലേ.. അർജുൻ ചിരിച്ചു.
“ഇതും വല്ലോം നടക്കോടാ…? നീയിങ്ങനെ അതിന്റെ പിന്നാലെ തെക്ക് വടക്ക് നടന്നിട്ട് മറ്റു വല്ലവരും വന്ന് അതിനെ കൊത്തി കൊണ്ടു പോവോ ..?? അജുവിനെ ശുണ്ഠി പിടിപ്പിക്കാനെന്നോണം പറഞ്ഞു കൊണ്ട് ജയ അവനെ നോക്കി. “ദേ നെഗറ്റീവ്…!! എന്റെ പൊന്നമ്മേ… ഇങ്ങനെ ചങ്കി കൊള്ളണ വർത്താനമൊന്നും പറഞ്ഞേക്കല്ലേ… “ഓഹ് അപ്പോ മോന് പേടിയുണ്ട് …. “പേടിയല്ല ചെറിയൊരു ഭയം.. അർജുൻ കണ്ണിറുക്കി. ഇരുവരും ഉറക്കെ ചിരിച്ചു. അതു കണ്ടു കൊണ്ടാണ് ആദി ഗോവണി ഇറങ്ങി താഴെ വന്നത്. “എന്താ അമ്മേം മോനും ഒരു ചിരി.. നാടുവിട്ടു പോയവൻ വീണ്ടും തിരിച്ചു വന്നാ…? എന്താണ് അജു മോനെ പട്ടി ചന്തയ്ക്ക് പോയ അവസ്ഥയായാ…?? ആദി അർജുനെ ചൂഴ്ന്നു നോക്കി.
“ഞാനും അതാടാ ഇവനോട് ചോദിച്ചത്.. ജയ അടുക്കളയിലേക്ക് നടന്നുക്കൊണ്ട് പറഞ്ഞു. “ദേ പിന്നേം നെഗറ്റീവ്…! നിങ്ങൾ ഇതെന്തോന്ന് ആൾക്കാരാ… എനിയ്ക്കൊരു പ്രചോദനം തരാതെ എന്നെ തളർത്തിക്കൊണ്ടിരിക്കേണ്.. അർജുൻ സങ്കടം ഭാവിച്ചു. “ആഹ് പിന്നെ … മോൻ ഇന്ത്യയ്ക്ക് വേണ്ടി യുദ്ധം ചെയ്യാൻ പോയതല്ലേ സപ്പോർട്ടാൻ… നാട്ടിൽ വേറെ പെണ്ണില്ലാഞ്ഞിട്ടവൻ പാലക്കാട് പോയേക്കുന്നു. ആദി കളിയാക്കി. “എന്റെ ഏട്ടാ ഒന്നു പതുക്കെ പറ … അച്ഛൻ കേൾക്കും ..! അർജുൻ ചുണ്ടിൽ വിരൽ വച്ചു. “അതല്ലേലും അച്ഛന്റെ അടുത്തുന്ന് നിനക്ക് നല്ലത് കേൾക്കും.. നീയാ 1c മുക്കിയത് അച്ഛൻ അറിഞ്ഞിട്ടുണ്ട്.. അല്ലെങ്കിൽ തന്നെ എന്ത് ഭ്രാന്തായിട്ടാടാ 25സെന്റ് സ്ഥലത്തിനും ഒരു പഴയ ബിൽഡിംഗിനും കൂടി അത്രേം പൈസ കൊടുത്തത്.. ആദി മുഖം ചുളിച്ചു.
“ഏട്ടാ… ഏട്ടനോട് എല്ലാം പറഞ്ഞിട്ടല്ലേ ഞാനാ പൈസ എടുത്ത് മറിച്ചത്.. അല്ലാ അച്ഛനത് എങ്ങനാ അറിഞ്ഞത്..? “അച്ഛൻ എന്തോ കാര്യത്തിന് ബാങ്കിൽ പോയപ്പോ ആ മാനേജർ പറഞ്ഞതാ… ആദി അലസമായ് പറഞ്ഞു. “അയ്യോ അപ്പോ ഇനി അച്ഛനോട് എന്ത് പറയും ?? “എന്ത് വേണേലും പറഞ്ഞോ … എന്തായാലും ഈ സീനിൽ ഞാനില്ലട്ടാ.. ആദി കൈയ്യൊഴിഞ്ഞു . “ദേ ഏട്ടാ അങ്ങനെ പറയല്ലേ… ഞാനെന്തേലും പറഞ്ഞ് അച്ഛനെ സമാധാനിപ്പിച്ചോളാം.. ഒന്നുകൂടെ നിന്നാ മതി ..! അർജുൻ ആദിയുടെ കൈയ്യിൽ അമർത്തി. “മമ് … അത് ആലോചിക്കാം. ആദി താടിയുഴിഞ്ഞു. “കുഞ്ഞുണ്ണി എവിടെ?? അർജുൻ ദൃഷ്ടി മുകളിലേക്കയച്ചു കൊണ്ടു ചോദിച്ചു.. “അമ്മേം മോനും മുകളിലുണ്ട് നീ ചെല്ല്…. ആദി അവന്റെ തോളിൽ തട്ടി.
“ഞാനവനെ കണ്ടിട്ടു വരാം… ഇപ്പോ കുറച്ച് ദിവസായില്ലേ കണ്ടിട്ട്… അർജുൻ മുകളിലേക്കുള്ള ഗോവണി കയറി. അവൻ റൂമിൽ ചെല്ലുമ്പോൾ കുഞ്ഞുണ്ണിയെ ഉടുപ്പിടുവിക്കുകയായിരുന്നു നിമ്മി. “അങ്കിളിന്റെ കുഞ്ഞിയേ … എന്നു വിളിച്ചു കൊണ്ടവൻ അകത്തേക്ക് കയറി. “ആഹ് വന്നോ സാർ…? പോയ കാര്യം എന്തായെടാ…? ആ കൊച്ച് വളഞ്ഞാ…?? നിമ്മി അവന്റെ മുഖത്തേക്ക് ഉറ്റുനോക്കി. “അതൊക്കെ വളയും ഏടത്തി … അതിനുള്ള പണിയൊക്കെ ഞാൻ തുടങ്ങിക്കഴിഞ്ഞു. അർജുൻ കുഞ്ഞിനെയെടുക്കാൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അവനെ കണ്ടപ്പോൾ കുഞ്ഞുണ്ണി നടുവ് പൊക്കിക്കൊണ്ട് മുന്നോട്ടാഞ്ഞു.. “ദേ… ടാ അജു… നോക്കിയേ .. നിന്നെ കണ്ടപ്പോ അവന്റെ ചാട്ടം… നിമ്മി അത്ഭുതത്തോടെ കുഞ്ഞിനെ നോക്കി.
“അതു പിന്നെ അങ്ങനല്ലേ ഏടത്തി.. ഞങ്ങൾ ചങ്ക്സ് അല്ലേ.. “അതേയതേ … നിന്റെ കുരുത്തക്കേടും അതേ പോലെ കിട്ടിട്ടിട്ടുണ്ട്. പോരാത്തതിന് ആ വാശിയും… നിമ്മി വാത്സല്യപൂർവ്വം പറഞ്ഞു. അർജുൻ കുഞ്ഞിനെ എടുത്തു കൊണ്ട് കവിളിൽ മുത്തം വച്ചു “അതല്ലേലും ഇവിടുത്തെ ഞങ്ങൾ ആണുങ്ങൾ കുറച്ചു വാശിക്കാരാ ഏട്ടത്തി… “ഹാ… അതു പിന്നെ എനിയ്ക്കറിയാല്ലോ .. നിന്റെ ഏട്ടനെ സഹിക്കുന്നതിന് എനിയ്ക്ക് അവാർഡ് കിട്ടേണ്ടതാ… നിമ്മി പുഞ്ചിരിച്ചു. “അതാണ്…. ആ അവാർഡാണല്ലോ ദേ ഇത്.. അർജുൻ കുഞ്ഞിനെ വായുവിൽ ഒന്നുയർത്തി. “ഞാനിവനെ താഴേക്ക് കൊണ്ടു പോവാണേ ഏടത്തി… ഇതും പറഞ്ഞ് അവൻ പുറത്തേക്കിറങ്ങി. കുഞ്ഞുണ്ണി അവന്റെ നെഞ്ചോട് പറ്റിചേർന്ന് കിടന്നു. അവിടെ നിന്നിറങ്ങിട്ട് അർജുൻ അച്ഛന്റെ റൂമിലേക്കാണു പോയത്.
ഊണു കഴിഞ്ഞുള്ള ചെറിയ മയക്കം കഴിഞ്ഞ് എഴുന്നേറ്റതേയുള്ളു രാജേന്ദ്രൻ “ഹാ നീ വന്നോ അജു .. കണ്ണടയെടുത്ത് മുഖത്തേക്കു വച്ചു രാജേന്ദ്രൻ . “വന്നിട്ട് കുറച്ച് നേരേ ആയൊള്ളു അച്ഛാ… അജു കുഞ്ഞുണ്ണിയെ ബെഡ്ഡിലേക്കിരുത്തി. അടുത്തായി അവനും ഇരുന്നു. “ബാങ്കിലെ പത്മനാഭൻ പറഞ്ഞല്ലോ നീ ഒരു 1 ക്രോർ വിഡ്രോ ചെയ്തെന്ന് .. പാലക്കാട് നിനക്കെന്താ പരിപാടി..? ഈ കാഷ് നീ എന്ത് ബിസിനസ്സിനാ അജു ഇൻവെസ്റ്റ് ചെയ്തത്..?? “അത് അച്ഛാ ഞാനൊരു പ്രോപർട്ടി വാങ്ങീതാ… അവനൊന്നു പരുങ്ങി. “എന്ത് പ്രോപ്പർട്ടി..? ബിൽഡിംഗീന്നു അത്ര വരുമാനമുണ്ടോ ഇത്രേം മണി ഇൻവെസ്റ്റ് ചെയ്യാൻ … “അതച്ഛാ ഞാൻ … “അവനെ ഇങ്ങനെ ചോദ്യം ചെയ്യേണ്ട കാര്യമെന്താ … അവൻ കൊച്ചു കുട്ടിയാണോ .. എന്റെ കൊച്ചൊരു പ്രോപ്പർട്ടി വാങ്ങി അത്രേല്ലേ ഉള്ളു. രാജേന്ദ്രന് ചായയുമായി വന്ന ജയ അവർക്ക് ഇടയ്ക്ക് കയറി സംസാരിച്ചു.
“ഇത്രം വല്ല്യേ എമൗണ്ട് ഒക്കെ എടുക്കുമ്പോ ഞാൻ അറിയണ്ട എന്നാണോ നീ പറയുന്നത് ജയേ ..?? രാജേന്ദ്രന്റെ വാക്കുകൾ ഗൗരവത്തിലായി. “അങ്ങനല്ല രാജേട്ടാ … അവനത് നശിപ്പിച്ചിട്ടില്ലല്ലോ.. അവന് എന്തേലും നല്ല ഉദ്ദേശ്യം കാണും .. ജയ ഇടംകണ്ണിട്ട് അർജുനെ നോക്കി. “ഞാൻ ഉണ്ടാക്കിയതിന്റെ ഇരട്ടി എന്റെ മക്കൾ എന്റെ കൂടെ നിന്ന് ഉണ്ടാക്കിയിട്ടുണ്ട്. എന്നേക്കാൾ കഴിവും നിങ്ങൾക്കുണ്ട്. എന്നാലും ചിലവാക്കുന്ന പൈസയ്ക്ക് കണക്ക് വേണം. അവനവനെ ബോധിപ്പിക്കാൻ എങ്കിലും !! “ഇവനിപ്പോ എടുത്ത് മറിച്ചിരിക്കുന്നത് ഒന്നും രണ്ടും ലക്ഷമല്ല ജയേ .. ഒരു കോടി രൂപയാ … അതിവൻ എന്താ ചെയ്തതെന്ന് ഞാനും അറിഞ്ഞിരിക്കണ്ടേ… എന്തായാലും അതൊരു മുതലായിട്ട് ഉണ്ടല്ലോ അതുമതി..
“അതുണ്ട് അച്ഛാ … അർജുൻ വിനയാന്വിതനായി “എന്നാലും നീയെന്തിനാ അജു പാലക്കാട് പോയി അത് വാങ്ങിയത്.. നമുക്കിവിടെ നാട്ടിൽ വാങ്ങി ഇടാരുന്നല്ലോ..? പിന്നെ ..ഒന്നും ആലോചിക്കാതെ നീ പൈസ ഇറക്കി കളിക്കില്ലെന്ന് എനിക്കറിയാം.. അതിന്നു ലാഭമുണ്ടാക്കിയിട്ടേ നീ പിന്തിരിയു എന്നുമറിയാം.. എന്നാലും ഇത്ര ദൂരെ … രാജേന്ദ്രൻ ഒന്നു നിർത്തി. “ഞാൻ വിശദമായി പറയാച്ഛാ എല്ലാം .. ഇപ്പോ സമയമായിട്ടില്ല അതാ.. അർജുൻ തല കുനിച്ചിരുന്നു. “ആഹ് നീ ആലോചിച്ച് ചെയ്യ്.. “അച്ഛച്ഛന്റെ കുഞ്ഞുണ്ണിയേ ..” എന്നും പറഞ്ഞ് രാജേന്ദ്രൻ കുഞ്ഞിനെ എടുത്ത് പുറത്തേക്ക് നടന്നു. “ദേ രാജേട്ടാ ചായ കുടിച്ചിട്ട് പോ… ജയ വിളിച്ചു. “അത് നീ അവന് കൊടുത്തേക്ക് .. പോകും വഴി രാജേന്ദ്രൻ പറഞ്ഞു. “എടാ നീ അച്ഛനോട് കാര്യം തുറന്നു പറ അജു. വെറുതെ അച്ഛന്റെ ചീത്ത കേൾക്കണ്ട ആവിശ്യം ഉണ്ടോ… ജയ അവന്റെ അടുത്തേക്ക് ചെന്ന് ചായക്കപ്പ് അവന്റെ കയ്യിൽ കൊടുത്തു. “ഇപ്പോ പറയണില്ലമ്മേ.. പതുക്കെ ഞാൻ എല്ലാം പറഞ്ഞോളാം അച്ഛനോട്… ചായക്കപ്പിൽ മുത്തിക്കൊണ്ട് അർജുൻ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…
പിറ്റേന്നൊരു ഞായറാഴ്ച ആയിരുന്നു. എബി നേരത്തെ കണ്ണുതുറന്നു. ബെഡ്ഡിൽ നിന്നെഴുന്നേറ്റ് കൈകൾ വിടർത്തിക്കൊണ്ട് അവൻ ബ്രഷ് ചെയ്യാൻ ബാത്ത് റൂമിലേക്കു കയറി.. ബ്രഷ് ചെയ്ത് കഴിഞ്ഞ് മുഖം ടവ്വലിൽ തുടച്ചു കൊണ്ട് എബി ബാൽക്കണിയിലേക്ക് നടന്നു.. അഗ്രഹാരം ഉണർന്നു വരുന്നേ ഉണ്ടായുള്ളു. എങ്കിലും മുറ്റത്ത് കോലമിടുന്ന സ്ത്രീകളെ അങ്ങിങ്ങായി കാണാമായിരുന്നു.. രാവിലെയുള്ള അഗ്രഹാരക്കാഴ്ചകൾ അതിമനോഹരമാണെന്ന് എബിയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.. താഴേയും ആരോ കോലം വരയ്ക്കുന്നുണ്ട്. ഗായത്രിയാണ് പതിവായി കോലമിടുന്നത്.. ഗായത്രിയായിരിക്കും എന്നാണ് എബി വിചാരിച്ചത്. കൈകൾ നെറ്റിയിൽ തുടച്ചു കൊണ്ട് ആൾ എഴുന്നേറ്റപ്പോഴാണ് അത് അനുവാണെന്ന് എബിയ്ക്ക് മനസ്സിലായത്. “ഹേയ്… അനു .. ഗുഡ് മോണിംഗ്… എബി വിളിച്ചു പറഞ്ഞു. അനു മുകളിലേക്ക് നോക്കി.
“ഹാ .. ഡോക്ടറെ … ഗുഡ് മോണിംഗ് ഇന്നെന്താ നേരത്തേ…?? “ഇന്ന് ഹോസ്പിറ്റലിലെ സ്റ്റാഫ് വിനീതിന്റെ സിസ്റ്റർടെ കല്യാണാണ് … അവൻ ഇൻവൈറ്റ് ചെയ്തിട്ടുണ്ട്. അതിനു പോണം .. എബി ചിരിച്ചു.. “ഓഹ് ശരി ശരി… അനു വീണ്ടും കൈത്തലം കൊണ്ട് നെറ്റി തുടച്ചു. അരിപ്പൊടി അവളുടെ നെറ്റിയിൽ പടർന്നു. എബി അതു കണ്ടു. “എടോ ദേ തന്റെ നെറ്റിയിൽ… അവൻ മുകളിൽ നിന്ന് ആംഗ്യം കാണിച്ചു. അനുവിന് കാര്യം മനസ്സിലായില്ല. “എന്താ … എന്താന്ന്….? കേട്ടില്ല.. അവൾ വീണ്ടും ചോദിച്ചുക്കൊണ്ട് പടിക്കെട്ടിനു അടുത്തേക്ക് ചെന്ന് പകുതിയോളം മുകളിലേക്ക് കയറി.. അനു വരുന്നത് കണ്ടപ്പോൾ എബിയും പടികളിറങ്ങി അവൾക്കടുത്തേക്കു ചെന്നു. ഇരുവരും പടിക്കെട്ടിന്റെ മധ്യഭാഗത്തായി നിന്നു. “ഡോക്ടറെന്താ പറഞ്ഞേ…? അവനോടു ചേർന്നു നിന്നുകൊണ്ട് അനു വീണ്ടും ചോദിച്ചു.
കുളിച്ച് ദാവണി ചുറ്റി, തോർത്തുമുണ്ട് തലയിൽ കെട്ടി നെറ്റിയിൽ ചന്ദനവുമായി അവളെ കണ്ടപ്പോൾ എബിയുടെ ഹൃദയം പടപടാ മിടിച്ചു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. അവളുടെ മുടിയിൽ നിന്നും ഊർന്നു വീണു കൊണ്ടിരുന്ന വെള്ളത്തുള്ളികൾ ചെവിയ്ക്കു പിന്നിലൂടെ ഒഴുകി നഗ്നമായ കഴുത്തും കടന്ന് തോളിലെ ദാവണിത്തുമ്പു നനച്ചു കൊണ്ടിരുന്നു.. എബി വല്ലാത്തൊരു അനുഭൂതിയോടെ അവളെ ത്തന്നെ നോക്കി നിന്നു. “ഡോക്ടർ സ്വപ്നം കാണുവാണോ …?? അനു അവന്റെ കണ്ണിനു നേരേ കൈവീശീ… “എന്താ … എന്താ താൻ ചോദിച്ചേ..? എബി ആ നിമിഷത്തിലേക്കു തിരിച്ചു വന്നു. “ആഹാ … ഇത്രേം നേരം പറഞ്ഞിട്ടും കേട്ടില്ലേ..?? എന്താ ഞാൻ താഴെ നിന്നപ്പോ പറഞ്ഞത്… “അത്… ദേ തന്റെ മുഖത്ത് അരിമാവ്… എബി അവളുടെ നെറ്റിയിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു. “എവിടെ…? അനു നെറ്റിയിൽ തട്ടിയെങ്കിലും അതവിടെത്തന്നെ ഇരുന്നു.
എബി കൈ ഉയർത്തി പതുക്കെ അവളുടെ നെറ്റിയിൽ നിന്നും അത് തട്ടി മാറ്റിക്കൊണ്ടിരുന്നു.. ഇടയ്ക്കിടെ അവന്റെ കണ്ണുകളറിയാതെ അവളുടെ മൂക്കുത്തി ചുവപ്പിലേക്കും തുടുത്ത അധരങ്ങളിലേക്കും പൊയ്ക്കൊണ്ടിരുന്നു.. ഏതോ കാന്തിക ഉൾപ്രേരണയോടെ അനുവും അവിടെത്തന്നെ തറഞ്ഞു നിന്നു. സന്തോഷകരമായ ആ അനുഭൂതിയിൽ ലയിച്ചു ചേർന്നുകൊണ്ട് അവരാ നിൽപ്പു തുടർന്നു.. “അനുക്കുട്ടിയേ ” എന്ന പാട്ടിയുടെ വിളി ഇരുവരേയും ഉണർത്തി. “ഞാൻ പോട്ടെ … എന്നു പറഞ്ഞ് ഞെട്ടി തിരിഞ്ഞവൾ പടിക്കെട്ടുകൾ ഓടിയിറങ്ങി.. “മമ്.. ഹ് … എബി നീട്ടിയൊരു നെടുവീർപ്പിട്ടുക്കൊണ്ട് കൈവരിയിൽ അമർത്തി പിടിച്ചു. മുറ്റത്തിറങ്ങിക്കൊണ്ടവൾ വീണ്ടും അവനെ നോക്കി പുഞ്ചിരിച്ചു. എബി തിരിച്ചും.. 🎵 അവളില്ലാതെ ഞാനില്ല എന്നെന്റെ പെണ്ണിന്റെ കാതിൽ നീ .. ചൊല്ലുമോ … പരിഭവം പറയുമോ… എന്റെ തെങ്കാശി തമിഴ് പൈങ്കിളി…. പാട്ടുമുളി പുഞ്ചിരിയോടെ എബി മുകളിലേക്ക് കയറി.. തുടരും……