18/04/2026

അഗ്രഹാരം : ഭാഗം 29

രചന – നിവേദ്യ ഹരിഹരൻ

സെക്യൂരിറ്റി മൂവരെയും പുറത്താക്കി ഗെയ്റ്റടച്ചു..ആ നിമിഷം ജോർജ്ജ് ഇരുവരുടെയും കോളറിലേക്ക് കടന്നു പിടിച്ചു.. “എന്തിനാടാ *#@”* അവള് വിളിച്ചിട്ടാ ഞാൻ പോയതെന്ന് പറഞ്ഞത് …? അവളുടെ കണ്ണീരു കണ്ടപ്പോൾ നിനക്കൊക്കെ തൃപ്തിയായല്ലോ…?? അവനു തൊണ്ടയിടറി.. “അതല്ലാതെ വേറെ വഴിയില്ലായിരുന്നെടാ .. നിന്നെ രക്ഷിക്കാൻ വേണ്ടി ചെയ്തതാ .. അവള് ഞങ്ങൾക്ക് ആരുമല്ല.. പക്ഷെ നീ ഞങ്ങടെ ചങ്കാടാ ചങ്ക്..!! ഗോപി ജോർജ്ജിന്റെ കൈകൾ ശക്തിയിൽ കുടഞ്ഞു.. “ചങ്ക്.. ജോർജ്ജ് പല്ലിറുമ്മി.. മര്യാദയ്ക്ക് ഇരുന്ന എന്റെ മനസ്സിലേക്ക് തീ കോരിയിട്ട് ഓരോന്ന് ചെയ്തിട്ട് ഇപ്പോ എല്ലാവർക്കും സമാധാനമായല്ലോ.. അവൾടേം എന്റേം ജീവിതം തകർന്ന് തരിപ്പണമായില്ലേ… എന്റെ കാര്യം പോട്ടെ അവൾ ഇനിയീ കോളേജിൽ നിന്നു തന്നെ പോകേണ്ടി വരും.. ഈ ഒരു കാര്യം കൊണ്ട് … ഒരു തെറ്റും ചെയ്യാതെ തന്നെ… നടുറോഡിൽ കുത്തിയിരുന്നു കൊണ്ട് അവൻ പൊട്ടി കരഞ്ഞു..

“ആ ആന്റപ്പനാ ഇതിനൊക്കെ കാരണം.. വർഗ്ഗീസ് മുഷ്ടിചുരുട്ടി .. “ആരുമല്ല എന്റെ എടുത്തുചാട്ടം അതാണ് ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത്.. മുഖം അമർത്തി തുടച്ചുക്കൊണ്ട് ജോർജ്ജ് എഴുന്നേറ്റു .. ” ചെയ്തു തന്ന സഹായങ്ങൾക്ക് ഒരുപാടു നന്ദി.. ഇനി എനിയ്ക്കു വേണ്ടി ആരും ഒന്നും ചെയ്യണമെന്നില്ല… “ഇനി നിങ്ങൾക്ക് നിങ്ങൾടെ വഴി എനിയ്ക്ക് എന്റേം.. ഗോപിയേം വർഗ്ഗീസിനെയും ഒന്നു നോക്കാതെ അവരെ തള്ളിമാറ്റിക്കൊണ്ട് ചെറിയൊരു ആട്ടത്തോടെ അവനാ ഇരുട്ടിലേക്ക് നടന്നു.. വീട്ടിൽ ചെന്നുകയറുമ്പോൾ അപ്പൻ മുറ്റത്തുണ്ടായിരുന്നു.. നടന്ന സംഭവങ്ങൾ അതേ നിമിഷം ആരോ അവിടേക്ക് അറിയിച്ചിരുന്നു.. അപ്പനെ പൂമുഖത്തു കണ്ടപ്പോൾ അവനൊന്നു വെപ്രാളപ്പെട്ടു.. തല കുമ്പിട്ടു കൊണ്ട് ജോർജ്ജ് അപ്പനടുത്തു കൂടെ നടന്നു… “നടന്നതൊക്കെ ഞാൻ അറിഞ്ഞു. നാളെ കോളേജിൽ ഞാൻ സംസാരിക്കും. നീ മിണ്ടിയേക്കരുത്.. അതല്ല എന്നെ ധിക്കരിക്കാൻ ആണു ഭാവമെങ്കിൽ നിന്നെ അരിഞ്ഞ് റബ്ബറിന് വളമായിട്ട് ഞാനങ്ങ് ഇടും .. ഒന്ന് ചീഞ്ഞാൽ മറ്റൊന്നിന് വളം..!! ഈ ജോസഫിന് അത്രയ്ക്കേ ഉള്ളു നീയൊക്കെ … പതിഞ്ഞ ശബ്ദത്തിലാണ് ജോസഫ് അതു പറഞ്ഞതെങ്കിലും വാക്കുകളിലെ ഭീകരത ജോർജിൽ നടുക്കം സൃഷ്ടിച്ചു.. മുറുക്കാൻ നീട്ടിയൊന്ന് പുറത്തേക്ക് തുപ്പിയ ശേഷം അയാൾ അകത്തേക്ക് കയറിപ്പോയി.. ജോർജ്ജ് അവിടെ തറഞ്ഞു നിന്നു… ❣️❣️❣️❣️❣️

“അമ്മയുടെ വാക്കുകൾ കുറച്ചു കടുത്തു പോയോ അനു …?? അനു ഞെട്ടിത്തിരിഞ്ഞ് പിന്നിലേക്ക് നോക്കി… “ആഹ് അമ്മ … ഹേയ് അങ്ങനൊന്നൂല്ല.. അനു ഗായത്രിയിൽ നിന്നു മുഖമൊളിപ്പിച്ചു.. “എനിയ്ക്കറിയാരുന്നു നിനക്കിന്നു പ്രാക്ടിസ് ചെയ്യാൻ പറ്റില്ലെന്ന് അതാ ഞാൻ ടെറസ്സിലേക്ക് കയറി വന്നത്… അനു ശബ്ദിച്ചില്ല.. വിഷാദഛായയിൽ പുറത്തെ ഇരുട്ടിലേക്ക് നോക്കി അവൾ നിന്നു.. “അമ്മയുടെ സങ്കടം കൊണ്ടു പറഞ്ഞതാ മോളെ .. അത്രമാത്രം ദുഃഖം അയാൾ അമ്മയ്ക്ക് തന്നിട്ടുണ്ട്… ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.. “എനിയ്ക്ക് മനസ്സിലായി അമ്മേ.. അല്ലാതെ അമ്മ അത്രമാത്രം ദേഷ്യപ്പെടില്ലെന്ന് എനിയ്ക്കറിയാം.. അനു ഒരു ദീർഘ നിശ്വാസമെടുത്തു… “മോളിവിടെ ഇരിക്ക്… ഇനിയും മറച്ച് വയ്ക്കുന്നില്ല.. നടന്നത് എല്ലാം ഞാൻ തുറന്നു പറയാം. അല്ലെങ്കിലും ഒരു നാൾ എല്ലാം നീ അറിയേണ്ടതല്ലേ .. അടുത്തടുത്തായി അവർ ഇരുന്നു… അനു ഗായാത്രിയുടെ മിഴികളിലേക്ക് ഉറ്റു നോക്കി…

ഗായത്രി ഓർമ്മകളാകുന്ന അപ്പുപ്പൻ താടികളെ ഒന്നൊന്നായി അവിടമാകെ പറത്തിവിട്ടു… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അനു മുഖം പൊത്തിക്കരഞ്ഞു… “നീ ഈ കരയുന്നതിന്റെ ആയിരം മടങ്ങ് ശക്തിയിൽ ഞാനന്ന് എന്റെ റൂമിലിരുന്നു കരഞ്ഞു.. പക്ഷേ എന്റെ കണ്ണീർ ആരും കണ്ടില്ല.. ഹോസ്റ്റലിൽ ഉണ്ടായതിനേക്കാൾ വലിയ തേജോവധം ആയിരുന്നു പിറ്റേ ദിവസം ഞാൻ കോളേജിൽ അനുഭവിച്ചത്.. അതറിയോ ..? ഗായത്രി കരയുന്ന അനുവിന്റെ മുഖം മെല്ലെ ഉയർത്തി.. “എ..എന്ത് … പിന്നേം വേദനിപ്പിച്ചോ അവർ.. അനു കരച്ചിലിനെ തടയിട്ടു ക്കൊണ്ടു ചോദിച്ചു.. “പിറ്റേന്ന് ഞാൻ കോളേജിൽ ചെല്ലുമ്പോൾ … ഗായത്രി ആ ദിവസത്തിലേക്കു മടങ്ങിപ്പോയി… ഗേറ്റ് മുതൽ കുട്ടികളെല്ലാം അവളെ ചൂണ്ടിക്കാട്ടിക്കൊണ്ട് എന്തൊക്കേയോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു… ഗായത്രിയെ കണ്ടപ്പോൾ കൂട്ടുകാരി മീന അവൾക്കരികിലേക്ക് ഓടിച്ചെന്നു … “ഗായേ.. എന്തൊക്കെയാ കേൾക്കണത്.. ഇന്നലെ എന്നാ ഉണ്ടായത്.. നിന്റെ മുഖമെന്താ ഇങ്ങനെ …? ഒരുപാടു കരഞ്ഞോ മോളെ ..?? മീന ഗായത്രിയെ ഒന്നുലച്ചു.. ഗായത്രി അവളുടെ മേലേക്കു വീണു പൊട്ടിക്കരഞ്ഞു..

“അറിയില്ല മീനേ.. എനിയ്ക്കൊന്നും അറിയില്ല.. എല്ലാരും കൂടി..എല്ലാരും കൂടി എന്നെ … അവൾക്കത് മുഴുമിപ്പിക്കാൻ ആയില്ല… “നീ വാ ഇവിടിരിക്ക്… തണൽ മരത്തിനു കീഴെയുള്ള സിമന്റ് ബഞ്ചിൽ അവർ ഇരുന്നു… “നി സങ്കടപ്പെടണ്ട ഗായേ… കരയുന്നത് നിർത്ത്… പിന്നെ … ഇവിടെ ഇവിടെയാകെ … മീന പറയാൻ ഒന്നറച്ചു.. “എന്താ …എന്താ..കാര്യം പറ… ഞാൻ മുഴുവനായി തകർന്നു കഴിഞ്ഞു.. ഇനിയെന്തു കേട്ടാലും എനിയ്ക്ക് കുഴപ്പമില്ല… കരച്ചിലിനിടയിലും അവൾ ധൈര്യം സംഭരിക്കാൻ ശ്രമിച്ചു.. “ഇവിടെയാകെ നിന്നേം … നിന്നേം .. ജോർജ്ജിനേം പറ്റിയുള്ള പോസ്റ്ററുകളാ.. അതു കണ്ടപ്പോൾ ഞാനാകെ തകർന്നു പോയി.. വൃത്തികെട്ടവന്മാർ എന്തൊക്കെയാ വരച്ചും എഴുതിം വച്ചിരിക്കുന്നത്… മീന കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. “ഓഹ്.. ഞാനതു പ്രതീക്ഷിച്ചു.. ദൂരേയ്ക്കു കണ്ണുകളയച്ച് ഭാവവ്യത്യാസങ്ങളേതുമില്ലാതെ ഗായത്രി പറഞ്ഞു.. “ഇനിയിപ്പോൾ പ്രിൻസിപ്പാൾ സാർ ടി സി തരുമായിരിക്കും.. ഞാൻ ഇവിടന്നു ഇറങ്ങേണ്ടി വരും മീനേ… ഇന്നലെ മേട്രൺ അത് വിളിച്ചു പറയുന്നുണ്ടായിരുന്നു..

“നീ സങ്കടപ്പെടരുത് ഗായേ… ഒരു കാര്യം കൂടി ഉണ്ട്… “എന്താ…?? “നിന്റെ അപ്പ വന്നിട്ടുണ്ട്.. പ്രിൻസിപ്പാളിന്റെ റൂമിൽ ഉണ്ട്.. ജോർജ്ജിന്റെ വീട്ടുകാരും ഉണ്ട്.. “അപ്പാവോ …? എപ്പോ വന്നു.. ?? ഗായത്രി ചാടിയെഴുന്നേറ്റു .. “കുറച്ചു നേരായി.. അപ്പ എന്റെ അടുത്തു വന്നിരുന്നു നിന്നെ ചോദിച്ച്.. നീയിന്ന് വൈകിയല്ലോ എത്താൻ.. പ്രിൻസിപ്പാൾ ആളെ വിട്ടിട്ടാണ് വന്നതെന്ന് പറഞ്ഞു.. അവിടെ റൂമിലുണ്ട്.. “ആണോ ..? ഗായത്രി അങ്ങോട്ടേക്ക് ഒരു ഓട്ടമായിരുന്നു… “സാർ മേ ഐ …?? കിതച്ചു കൊണ്ടവൾ പ്രിൻസിപ്പാളിന്റെ റൂമിന്റെ വാതിൽ പകുതി തുറന്നിട്ടു ചോദിച്ചു.. “ആഹ് ഗായത്രി വാ… അയാൾ അവളെ അകത്തേക്കു വിളിച്ചു.. ഗായത്രിയുടെ അച്ഛൻ കൃഷ്ണയ്യർ കസേരയിൽ തലതാഴ്ത്തിയിരിക്കുന്നുണ്ടായിരുന്നു.. മറ്റൊരു കസേരയിൽ ജോസഫും .. അയാളുടെ പിന്നിലായി കൈകൾ പിറകിൽ പിണച്ചുകെട്ടി നിന്നു കൊണ്ട് ജോർജ്ജും! ഗായത്രി കടന്നു വന്നപ്പോൾ ജോർജ്ജ് അവളെയൊന്നു നോക്കി..

കരഞ്ഞു വീർത്ത അവളുടെ മുഖം കണ്ടപ്പോൾ കുറ്റബോധത്തിൽ അവന്റെ ഉള്ളു നീറി… “എന്താടോ തന്നെപ്പറ്റി ഈ കേൾക്കുന്നത്…?? പ്രിൻസിപ്പാൾ അത്ഭുതത്തോടെ അവളെ നോക്കി.. “ഈ കോളേജിന്റെ അഭിമാനമായ കുട്ടി തന്നെ ഇപ്പോ ഏറ്റവും അപമാനമായി മാറിയിരിക്കുന്നു… അയാൾ സങ്കടഭാവത്തോടെ താടിയുഴിഞ്ഞു.. “തന്റെ ഫാദറോട് ഞാൻ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്.. താൻ പറഞ്ഞിട്ടാ ജോർജ്ജ് അവിടെ വന്നതെന്നാണ് ജോസഫും പറയുന്നത്.. ഇന്നലെ ഇവന്റെ കൂട്ടുകാരും അതാ പറഞ്ഞതെന്ന് മേട്രണും പറഞ്ഞു.. തനിക്കെന്താ ഇനി പറയാനുള്ളത്..?? അയാൾ അവളുടെ മറുപടിക്കായി കാതോർത്തു.. “ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല സാർ.. ഞാനാരെയും വിളിച്ചു വരുത്തിയിട്ടും ഇല്ല… ഗായത്രി വിരലുകൾ ദാവണിത്തുമ്പിൽ ചുറ്റിക്കൊണ്ടിരുന്നു.. ജോർജ്ജിനെ ഞാൻ എന്റെ മരിച്ചു പോയ സഹോദരൻ ഹരികൃഷ്ണനെ പോലെയാ കണ്ടത്..

ജോർജ്ജ് പാടുമ്പോൾ ഹരിയേട്ടൻ പാടും പോലെയാ തോന്നിയിട്ടുള്ളത്… അതിന്റെ പേരിൽ ഞാൻ അൽപ്പം അടുപ്പം കാണിച്ചിട്ടുണ്ട് അതെന്റെ തെറ്റ്…!! ഗായത്രി കത്തുന്ന മിഴികളോടെ അവനെയൊന്നു നോക്കി.. ഗായത്രിയുടെ ആ സംസാരത്തിൽ ജോർജ്ജിന്റെ ഹൃദയം വീണ്ടും രണ്ടായി വലിച്ചു കീറപ്പെട്ടു.. “ഏട്ടൻ…. അതെ ഇടയ്ക്കെപ്പോഴോ അവൾ തന്നെ ഹരിയേട്ടാ എന്നു വിളിച്ചിട്ടുണ്ട്.. അതാരാണെന്നു ചോദിച്ചപ്പോൾ അബദ്ധം പറ്റിയതാന്നു പറഞ്ഞൊഴിഞ്ഞു.. അതവളുടെ സഹോദരൻ ആയിരുന്നോ …?? ജോർജ്ജിനു തല വെട്ടിപ്പൊളിയുന്നതു പോലെ തോന്നി.. “അല്ലാതെ ഞാനും ജോർജ്ജും തമ്മിൽ യാതൊരു ബന്ധവുമില്ല.. സാർ എന്നെ വിശ്വസിക്കണം.. എന്റെ മുതിർന്ന സഹോദരനായെ ജോർജിനെ ഞാൻ കണ്ടിട്ടുള്ളു.. ജോർജ്ജിന്റെ കണ്ണിൽ നിന്നും ഒരിറ്റു കണ്ണീർ തറയിൽ വീണു ചിതറി..

“എന്തായാലും കോളേജിന്റെ ചരിത്രത്തിലെ ആദ്യ സംഭവാ ഇത്.. കൃഷ്ണൻ മാഷിന് എന്താ പറയാനുള്ളത്.. “ഞാനെന്തു പറയാനാ സാറേ .. എന്റെ മകൾ തെറ്റ് ചെയ്യില്ലെന്ന ഉറച്ച വിശ്വാസമുണ്ട് എനിയ്ക്ക് .. കുഞ്ഞുങ്ങൾക്ക് അക്ഷരം പറഞ്ഞു കൊടുക്കുന്ന നാവാ ഇത്.. ആ നാവുകൊണ്ട് നല്ലതു മാത്രേ ഇവൾക്കു പറഞ്ഞു കൊടുത്തിട്ടുള്ളു.. എങ്കിലും സാറിനു തീരുമാനിക്കാം എന്തും … വിറയലോടെ കൃഷ്ണയ്യർ പറഞ്ഞു നിർത്തി.. “നൂറുകണക്കിന് കുട്ടികൾ സാക്ഷിയുള്ള സംഭവമാ ഇന്നലെ നടന്നത് … അതുകൊണ്ട് എനിക്ക് ആക്ഷൻ എടുത്തേ പറ്റു.. ഗായത്രിയ്ക്ക് ടിസി റെഡി ആക്കിയിട്ടുണ്ട്.. ജോർജിന് സസ്പെൻഷനും.. നീ ഒരാഴ്ച കഴിഞ്ഞ് ക്ലാസ്സിൽ കയറിയാൽ മതി.. പിന്നെ ഇനി വീണ്ടും ഇതുപോലെ ഒരു സംഭവമുണ്ടായാൽ ടി സി നിനക്കും കിട്ടും.. ഇതിപ്പോ ജോസഫ് അച്ചായൻ കാലു പിടിച്ചിട്ടാ… പ്രിൻസിപ്പാൾ ജോർജിനെ ദേഷ്യത്തോടെ നോക്കി..

“ഇനി ഇതുപോലെ ഉണ്ടായാൽ ഇവനെ ഞാനീ ഭൂമി ന്നു തന്നെ ടി സി കൊടുത്തു വിടും സാറേ.. ജോസഫായിരുന്നു… ” രണ്ടു പേർക്കു രണ്ടു തരത്തിലുള്ള ശിക്ഷയോ… അതെന്ത് ന്യായാ സാറേ .. ഞാനും ഒരധ്യാപകനാ.. കൃഷ്ണയ്യർ കസേരയിൽ നിന്നും എഴുന്നേറ്റു .. “തന്റെ മോള് വിളിച്ചിട്ടാടോ ഈ ചെക്കൻ അങ്ങോട്ട് പോയത്.. ഇവൾ ആണു കൂടുതൽ കുറ്റം ചെയ്തത്.. പ്രേരണാകുറ്റം… ആൺപിള്ളേരേ ഓരോന്ന് കാട്ടി മയക്കിയിട്ട്… അങ്ങോട്ട് കയറി വന്ന ജോസഫിന്റെ ജേഷ്ഠന്റെ മകനും ഇംഗ്ലീഷ് അധ്യാപകനുമായ തോംസൺ അവളെ അടിമുടി നോക്കിയിട്ട് പറഞ്ഞു.. “ഇനിയൊരു വാക്കു തർക്കം വേണ്ട തോംസൺ മാഷേ.. പ്രിൻസിപ്പാൾ അയാളെ തടഞ്ഞു.. “നമ്മള് മര്യാദയ്ക്ക് പെരുമാറിയപ്പോൾ കിളവന്റെ ഗർവ്വ് കണ്ടില്ലേ സാറേ … ഇതു പോലെ കുറേ പിഴച്ച അവളുമാർ കാരണം നല്ല വീട്ടിലെ ആൺ…. “അച്ചായാ മതി… നിർത്തിക്കോണം… എന്നെക്കൊണ്ട് പറയിപ്പിക്കരുത് ഒന്നും… ജോർജിന്റെ ശബ്ദമുയർന്നു..

ജോസഫ് അവനെയൊന്നു തറഞ്ഞു നോക്കി.. ജോർജ്ജ് മുഖം താഴ്ത്തി… “നമുക്ക് പോവാം അപ്പേ .. അല്ലെങ്കിലും ഇനി ഞാൻ ഇവിടെ പഠിക്കുന്നില്ല.. മതിയായി.. ഗായത്രി കൃഷ്ണയ്യരുടെ കൈയ്യിൽ പിടിച്ചു… “മമ് വാ മോളേ … ഇരുവരും പുറത്തേക്കു നടന്നു… “ഗായത്രിയേ .. നമ്മളെ കൂടി ഒന്നു മൈൻഡ് ചെയ്യ്.. ഹോസ്റ്റലിലോ വീട്ടിലോ അതോ ലോഡ്ജിൽ വേണേലും വരാം… പുറത്തു കൂട്ടംകൂടി നിന്ന ചെറുപ്പക്കാരിൽ ആരോ ഒരാൾ വഷളച്ചിരിയോടെ വിളിച്ചു പറഞ്ഞു.. ഗായത്രിയുടെ നെഞ്ചു പിടഞ്ഞു.. “ഇത്ര അധപ്പതിച്ചോ ലോകം.. വേദനിക്കുന്നവരെ വീണ്ടും കുത്തി നോവിക്കുന്നു.. കൃഷ്ണയ്യർ സ്വയം പറഞ്ഞു.. “ഒന്നും കേൾക്കണ്ട അപ്പേ… ഞാൻ തെറ്റുകാരിയല്ല,. ആ സത്യം എന്നിലുണ്ട്.. അത് ജോർജിനും അറിയാം.. ഗായത്രിയുടെ ശബ്ദം ഉറച്ചതായിരുന്നു.. “മ്മ് ആ കുട്ടി അവന്റെ അച്ഛൻ കാണാതെ എന്നോടു വന്നു പറഞ്ഞിരുന്നു.. തെറ്റുകാരൻ അവനാണെന്ന്… അവന്റെ ഭാവിയും കളയണ്ടല്ലോ എന്നു വിചാരിച്ചാ എല്ലാം കേട്ടിട്ടും ഞാൻ മിണ്ടാതിരുന്നത്..

“അയാളുടെ നാട്യമാണ് എല്ലാം.. അപ്പ അയാളെ വിശ്വസിക്കണ്ട.. ചതിയൻ … ജോർജിനോടുള്ള നിറഞ്ഞ വെറുപ്പോടെ ഗായത്രി കോളേജിന്റെ മതിൽക്കെട്ടിറങ്ങി… അനു കണ്ണുചിമ്മാതെ ഗായത്രിയെ കേട്ടിരുന്നു… “അവിടെ നിന്നിറങ്ങിയിട്ടും ഞങ്ങളെ ആരും വെറുതെ വിട്ടില്ല.. അപ്പാവോടെ സ്കൂളിലും പ്രശ്നങ്ങൾ ഉണ്ടായി.. പിഴച്ചൊരു മകൾ ഉള്ളയാൾ കുട്ടികളെ പഠിപ്പിച്ചാൽ ശരിയാകില്ലെന്ന് പറഞ്ഞ് ആളുകൾ ബഹളമുണ്ടാക്കി .. അവസാനം അവിടന്നു ട്രാൻസ്ഫർ വാങ്ങി അപ്പ ടെ നാട്ടിലേക്കു വന്നു… ആരെയും ഒന്നും അറിയിക്കാതെ ഞങ്ങൾ ഇവിടെ ജീവിച്ചു.. ഇവിടെ വന്ന ശേഷം മറ്റു സ്വപ്നങ്ങൾ എല്ലാം ഉപേക്ഷിച്ച് ഞാൻ എഞ്ചിനിയറിംഗ് പഠിക്കാൻ ചേർന്നു… ബാലേട്ടന് എല്ലാം അറിയാം.. വിവാഹത്തിന് മുൻപേ കാര്യങ്ങൾ അപ്പ ബാലേട്ടനോട് തുറന്നു പറഞ്ഞിരുന്നു… വല്ല്യ മനസ്സായിരുന്നു നിന്റെ അച്ഛന്.. ആ കാര്യം എന്നോടു ചോദിക്കുകയോ പറയുകയോ ഉണ്ടായിട്ടില്ല : എന്നെ സ്നേഹിച്ചിട്ടേ ഉള്ളു.. നിങ്ങൾ ഉണ്ടായ ശേഷം നിങ്ങളേം.. ഗായത്രിയുടെ ചുണ്ടിൽ വരണ്ടൊരു പുഞ്ചിരി തെളിഞ്ഞു… “അതുപോട്ടെ ജോർജ്ജിനെ നീയെങ്ങനാ അറിയുക.. ആരാ ഈ കാര്യങ്ങൾ പറഞ്ഞത്…?? ഗായത്രി ആകാംക്ഷ നിറഞ്ഞ മിഴികളോടെ അനുവിനെ നോക്കി.. “അത്.. അത്… ഈ ജോർജ്ജിന്റെ മകനാ എബിൻ ഡോക്ടർ…!! അതു പറയുമ്പോൾ അനുവിന്റെ ഹൃദയം പട പടാ മിടിച്ചു..!! തുടരും…………