The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
ആഷ്മി ഉക്കെത്തിലേക്ക് ആഴ്ന്ന ശേഷമാണ് എബി അവളുടെ റും വിട്ടിറങ്ങിയത്..
ആന്റണി ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോൾ അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു..
ആഷ്മിയുടെ ഈ ഗതിയ്ക്ക് താനും കൂടി ഉത്തരവാദി ആണെന്ന ചിന്ത അവന്റെ തലച്ചോറിനെ മഥിച്ചു കൊണ്ടിരുന്നു..
എബി ചെല്ലുമ്പോൾ ഡോ:ആന്റണി പോകാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു..
എബിയെ കണ്ടപ്പോൾ അനിഷ്ടത്തോടെ അയാൾ മുഖം ചുളുക്കി..
“മ്മ്ഹ് എന്താ…??
“ഡോക്ടറെ ഞാൻ…
ആഷിയെ ഒന്നു കാണാൻ വേണ്ടി..
ആന്റണിയുടെ മുഖം കണ്ടപ്പോൾ എബി വല്ലാതായിരുന്നു..
“പപ്പ പറഞ്ഞു നീ വന്നിട്ടുണ്ടെന്ന്…
എന്തിനാണാവോ വന്നത്..?
അവൾ തീർന്നോ എന്നറിയാനാണോ …??
അയാളുടെ ശബ്ദം പരുഷമായിരുന്നു..
ആന്റണിയുടെ ചോദ്യത്തിൽ പകച്ചു നിൽക്കുകയായിരുന്നു എബി..
“ഡോക്ടർ.. അതിനു ഞാൻ ..
“നീയൊന്നും പറയണ്ട എബി..
ആശ കൊടുത്ത് എന്റെ കൊച്ചിന്റെ ജീവിതം ഇല്ലാതാക്കിയിട്ട്..
നിനക്കിപ്പോ അവളെ വേണ്ടല്ലേ..
ആന്റണിയുടെ മുഖം ചുവന്നു..
അയാൾ നിന്നു വിറച്ചു..
“ഡോക്ടറെ.. അതിനു ഞങ്ങൾ തമ്മിൽ അങ്ങനൊന്നും…
എബി അപ്പോഴും ഒന്നും മനസ്സിലാകാതെ നിൽക്കുവായിരുന്നു..
ആന്റണി ഒരു കൊടുങ്കാറ്റു കണക്കേ എബിയ്ക്ക് നേരേ ചെന്നു..
“ഡാ ..അവളെല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്..
കൂട്ടുകാരെ പോലെയാടാ ഞാനും കൊച്ചും..
അവളെ മറന്നിട്ട് വേറൊരുത്തിയുടെ പിന്നാലെ നീ പോയാൽ ..
അവളേം നിന്നേം ഒരു കുഞ്ഞു പോലും അറിയാതെ തീർക്കാൻ എനിക്കറിയാം..
ആന്റണി എബിയുടെ ടീഷർട്ടിൽ കുത്തിപ്പിടിച്ചു..
“വിട് ഡോക്ടറെ…
നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നത്.
ഞാൻ ആഷിയെ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല…
ഇഷ്ടം അവൾക്കായിരുന്നു.
അവൾക്ക് മാത്രം !!
അത് നിങ്ങൾക്കും അറിയാം എന്നിട്ട് അഭിനയിക്കരുത്…
എബി ആന്റണിയുടെ കൈകൾ കുടഞ്ഞെറിഞ്ഞു..
ആന്റണി സങ്കടത്തോടെ ടേബിളിൽ ചാരി നിന്നു..
”എന്റെ കൊച്ച്…
അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു..
“അവളും ഞാനും തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം ഉണ്ട്..
അതുകൊണ്ടു തന്നെ അവളെ പെങ്ങളായിട്ടല്ല ഒരു മകളായി തന്നെയാ ഞാൻ കണ്ടിട്ടുള്ളത്..
അത്രയ്ക്ക് എന്റെ നെഞ്ചോട് ചേർത്ത് വച്ചിട്ടുണ്ട് എന്റെ കൊച്ചിനെ ..
അവൾടെ ആ കിടപ്പ് കണ്ട് എന്റെ നെഞ്ച് പൊട്ടുവാ..
ആന്റണി കരച്ചിലടക്കാൻ ശ്രമിച്ചു..
എബി അയാളുടെ അടുത്തേക്കു ചെന്നിട്ട് പതിയെ ആ തോളിൽ തട്ടി..
“എന്തുണ്ടെങ്കിലും എന്റെ കൊച്ച് ഓടി വന്ന് എന്നോടു പറയും…
മറ്റുള്ളവരേക്കാൾ എന്നോടായിരുന്നു അവൾക്ക് കൂടുതൽ അടുപ്പം.
നിന്നോടുള്ള ഇഷ്ടവും ആദ്യം എന്നോടാ അവൾ പറഞ്ഞത്..
ആന്റണി ടേബിളിൽ നിന്നും ഒരു ടിഷ്യു എടുത്ത് കണ്ണുകൾ ഒപ്പി ..
“നിനക്ക് വേറെ ആരെയോ ഇഷ്ടമാണെന്ന് പറഞ്ഞ് കുറച്ചു നാൾ മുൻപൊരു രാത്രി മുഴുവൻ എന്റെ കൂടെയിരുന്ന് കൊച്ച് കരഞ്ഞു..
അവളെ സമാധാനപ്പെടുത്താൻ എന്റെ കൈവശം ഒന്നും ഉണ്ടായില്ല..
കാരണം അത്രയേറെ അവൾ നിന്നെ ഹൃദയത്തിലേറ്റിയിരുന്നു..
എല്ലാം നിസ്സഹായതയോടെ കേട്ടു നിൽക്കുകയായിരുന്നു എബി..
“നിന്റെ ഓർമ്മകൾ ഇല്ലാതാക്കാനാണ് അവൾ ഡ്രിങ്ക്സ് കഴിക്കാൻ തുടങ്ങിയത്.
ഞാൻ വിലക്കി പലവട്ടം ..
അപ്പോഴൊക്കെ
‘എബിയെ ഇച്ചായനു കൊണ്ടു വന്നു തരാൻ പറ്റോ ‘
എന്ന ചോദ്യം ചോദിച്ച് അവളെന്റെ നാവടക്കി..
പിന്നെ പിന്നെ ആരോടും അധികം സംസാരിക്കാതെയായി..
ഈ എനിയ്ക്ക് പോലും മുഖം തരാതെയാ എന്റെ കൊച്ച് നടന്നത്..
പക്ഷെ അവളുടെ ഉള്ളു നീറുന്നത് ആരും അറിഞ്ഞില്ല.
ഇടയ്ക്കെപ്പോഴോ ഞാനും അവളെ ശ്രദ്ധിക്കാതെയായി..
അതുകൊണ്ടു കൂടി ആയിരിക്കും എന്റെ കൊച്ച് ഈ പ്രവൃത്തി ചെയ്തത്..
ആരും അവളെ സ്നേഹിക്കുന്നില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു കാണും..
അല്ലാതെ ഒരു ആത്മഹത്യ ശ്രമത്തിലേക്ക് എന്റെ കുഞ്ഞ് പോകില്ലായിരുന്നു..
അയാളൊരു നെടുവീർപ്പിട്ടു.
“ഇവിടെ നിന്നാൽ ശരിയാവില്ല എന്നും പറഞ്ഞാ കൊച്ചാപ്പന്റെ അടുത്ത് യു എസ് ലേക്ക് പോകാൻ അവൾ തീരുമാനിച്ചത്..
അതും മുടങ്ങി..
ആന്റണി അത്യധികം വികാരാധീനനായിരുന്നു..
അയാളുടെ ഹൃദയത്തിന്റെ വേദന ഓരോ വാക്കിലും എബിക്ക് വായിച്ചെടുക്കാൻ സാധിച്ചു…
“എബി ക്ഷമിച്ചേക്ക്..
തന്നെ കണ്ടപ്പോൾ എന്റെ കൺട്രാൾ പോയി പെട്ടെന്ന്..
ആന്റണി എബിയുടെ കൈയ്യിൽ പിടിച്ചു.
“ഹേയ് അത് കുഴപ്പുല്ല ഡോക്ടറെ..
ഡോക്ടർടെ ഇപ്പോഴത്തെ അവസ്ഥ എനിയ്ക്ക് മനസ്സിലാക്കാൻ സാധിക്കും..
എബി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..
“താങ്ക്യു എബി..
അയാൾ അവനെ ചേർത്തു പിടിച്ചു..
“ഒരു ബ്രദറിന്റെ സ്വാർത്ഥതയായി കണ്ടാൽ മതി..
എന്റെ കൊച്ചിനെ തനിയ്ക്ക് ഇഷ്ടപ്പെടാൻ പറ്റോ..??
ഇനിയും ഇതു പോലെ ബുദ്ധിമോശം കാണിക്കുമോ എന്ന പേടി കൊണ്ട് ചോദിക്കുന്നതാ..
ഞാൻ വേണമെങ്കിൽ തന്റെ കാലുപിടിക്കാം എബി..
ആന്റണി എബിയുടെ കാലിൽ തൊടാനായി ആഞ്ഞു..
എബി പെട്ടെന്ന് പിന്നിലേക്ക് മാറി…
“ഡോക്ടർ ഇതെന്താ ഈ ചെയ്യുന്നത്..?
എബിയുടെ ശബ്ദം കുറച്ച് ഉയർന്നിരുന്നു..
“എന്റെ അവസ്ഥ ഇപ്പോ ഇതാണ്..
അതുകൊണ്ട് ചോദിച്ചതാ ഞാൻ…
ഒരു വിറയലോടെ നടന്ന് പോയി
ആന്റണി ചെയറിൽ ഇരുന്നു..
വല്ലാത്ത ഒരു ആത്മസംഘർഷത്തിലൂടെയായിരുന്നു എബി ആ നിമിഷത്തിൽ കടന്നു പൊയ്ക്കൊണ്ടിരുന്നത്…
ഒരു വശത്ത് അനു ..
മറുവശത്ത് ആഷ്മി…
അവനു തല പെരുക്കുന്നതു പോലെ തോന്നി..
❣️❣️❣️❣️❣️
ഒട്ടും താൽപര്യമില്ലാതെയാണ് അനു പിറ്റേന്ന് ഡാൻസ് സ്ക്കൂളിലേക്ക് പോയത്..
തലേന്ന് കരഞ്ഞതിന്റെ അടയാളമെന്നോണം അവളുടെ മുഖമാകെ വീർത്തു കെട്ടിയിരുന്നു…
റും തുറക്കുന്നതിനിടയിൽ സ്റ്റെപ്പ് ഇറങ്ങി അർജുൻ താഴേക്ക് വരുന്നത് അവൾ കണ്ടു..
അനുവിന്റെ മുഖം ചുവന്നു..
പക്ഷെ അർജുന്റെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു..
“കല്യാണത്തിനു താൻ സമ്മതം പറഞ്ഞെന്ന് കേട്ടല്ലോ അനുക്കുട്ടി…
കുസൃതിയോടെ അവൻ കാറിന്റെ താക്കോൽ വിരലിൽ കറക്കിക്കൊണ്ട് ചോദിച്ചു..
“ഞാൻ ആരോടും സമ്മതം പറഞ്ഞിട്ടില്ല..
അനു അവന്റെ മുഖത്ത് നോക്കാതെ മറുപടി പറഞ്ഞു.
“ഹാ അങ്ങനെ പറഞ്ഞാൽ എങ്ങനാ …
തന്റെ അമ്മ അച്ഛനോട് പറഞ്ഞത് സമ്മതമാണെന്ന് ആണല്ലോ…
എന്നിട്ടെന്താ താൻ ഇപ്പോ മാറ്റി പറയുന്നത്..?
“എനിയ്ക്ക് നിങ്ങളെ ഇഷ്ടമല്ല…!!
അനുവിന്റെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു.
അർജുൻ പോലും ഒരു നിമിഷത്തേക്ക് സ്തബ്ദനായി…
“അങ്ങനെ പറയല്ലേടോ..
എന്റെ ഹാർട്ട് നിന്നു പോകുമെട്ടോ..
അവനൊന്നു ചിരിച്ചു..
“ഞാൻ നിങ്ങളുടെ കാലു പിടിക്കാം .
ദയവായി ഈ വിവാഹ ആലോചനയിൽ നിന്നും നിങ്ങൾ പിൻമാറിത്തരണം..
അനു അർജുനു നേർക്കു കൈകൂപ്പി..
“അതു നടക്കില്ല അനുക്കുട്ടി..
ആ ശബ്ദം ഉറച്ചതായിരുന്നു..
“നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം അർജുൻ..
മനസ്സു കൊണ്ടു മാത്രമല്ല ശരീരം കൊണ്ടും എബി ഡോക്ടർക്ക് സ്വന്തമായവളാ ഞാൻ …
അങ്ങനെയുള്ള എന്നെ നിങ്ങൾക്ക് എന്തിനാ…?
അനു കരച്ചിലിന്റെ വക്കിലായിരുന്നു.
കേഴുന്ന പോലെയായിരുന്നു അവളുടെ സംസാരവും…
അനു പറഞ്ഞത് കേട്ട് അർജുൻ ഉറക്കെ പൊട്ടിച്ചിരിച്ചു..
“അടുത്ത നുണ…
ഇതു കേട്ടൊന്നും ഞാൻ പിന്മാറില്ല മോളെ ..
അവൻ കണ്ണിറുക്കി..
“നുണയല്ല പരമാർത്ഥം !!
അനു തീഷ്ണമായി അവനെ നോക്കി..
“ശരി ..
ഇനിയിപ്പോ അത് സത്യമാണെങ്കിലും എനിക്ക് പ്രശ്നമില്ലെങ്കിലോ…
അർജുൻ അവൾക്ക് കൂടുതൽ അരികത്തേക്ക് നിന്നു ..
“നാണമില്ലേ നിങ്ങൾക്ക് …
അനുവിന്റെ നാസിക വിറ കൊണ്ടു..
“ഇല്ല തീരെയില്ല…
അപ്പോഴും അർജുന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു..
“ഛേ…
അവൾ ഈർഷ്യയിൽ മുഖം തിരിച്ചു.
“ഇനിയൊരു കാര്യം ഏട്ടൻ സീരിയസ്സ് ആയി പറയാം..
ഓരോ കാരണങ്ങൾ ഉണ്ടാക്കി ഇതിൽ നിന്നു പിൻമാറാൻ ആണു ഭാവമെങ്കിൽ എന്റെ മറ്റൊരു മുഖം നീ കാണും..
ഗായത്രി ദേവിയുടെ ചരിത്രം കോട്ടയത്തു മാത്രമല്ല ഈ പാലക്കാട്ടും ഞാൻ നിറയ്ക്കും..
അഗ്രഹാരത്തിലും പിന്നെ അവർ ജോലി ചെയ്യുന്നിടത്തും തലപൊക്കി നടക്കാൻ സാധിക്കാത്ത വിധം ഞാനവരെ നാണം കെടുത്തും..
വയസ്സാം കാലത്ത് അവരെക്കൊണ്ട് ആത്മഹത്യ ചെയ്യിക്കരുത്..
നിന്റെ അനിയത്തിടെ ജീവിതോം അതോടെ തീരും..
ഓർത്തു വച്ചോ..
അനുകുട്ടി കളിയ്ക്കുന്നത് ഈ അർജുൻ മേനോൻ ആയിട്ടാ..
ബീ കെയർഫുൾ !!
അർജുൻ കൈ കൊണ്ട് അവന്റെ നെഞ്ചിൽ തട്ടിയിട്ട് അനുവിനെ രൂക്ഷമായി നോക്കി…
അനു ശബ്ദിക്കാനാവാതെ അർജുനെ തന്നെ നോക്കി നിന്നു..
എല്ലാ രീതിയിലും അവൾ തളർന്നിരുന്നു..
തുടരും