23/04/2026

അഗ്രഹാരം : ഭാഗം 24

രചന – നിവേദ്യ ഹരിഹരൻ

എബിയോടൊപ്പം യാത്ര ചെയ്യുമ്പോഴും കലങ്ങിമറിയുകയായിരുന്നു അനുവിന്റെ മനസ്സ് ..

എബി പക്ഷെ ഉത്സാഹഭരിതനായിരുന്നു..
അനുവുമൊത്തുള്ള യാത്ര ശരിയ്ക്കും സ്വപ്നസമാനമായി അവന് അനുഭവപ്പെട്ടു..

എബി മുന്നിലിരുന്ന് ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്നുണ്ടായെങ്കിലും അനുവിന്റെ ചിന്ത മുഴുവൻ നാളെക്കഴിഞ്ഞ് നടക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചായിരുന്നു..

എബിയോടെല്ലാം തുറന്നു പറയാൻ ആഗ്രഹിക്കുമ്പോഴും അവനിലെ ഇപ്പോഴത്തെ ആ സന്തോഷം തല്ലിക്കെടുത്താൻ അവൾക്കെന്തോ വിമ്മിഷ്ടം അനുഭവപ്പെട്ടു.

രാത്രി ടെറസ്സിൽ വച്ച് എല്ലാ കാര്യങ്ങളും തുറന്നു പറയാം എന്ന തീരുമാനത്തോടെ അനു ചിന്തകളെ കടിഞ്ഞാണിട്ടുക്കൊണ്ട് ആ നിമിഷത്തെ സന്തോഷത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചു..

പതുക്കെ പതുക്കെ എബിയോടു ചേർന്നിരുന്നുകൊണ്ട് ഒരേ മനസ്സോടെ അവളും ആ യാത്ര ആസ്വദിക്കാൻ തുടങ്ങി..

ദാഹിച്ചപ്പോൾ കരിക്കു കഴിക്കാൻ ഒഴികെ വഴിയിലൊന്നും വണ്ടി നിർത്താതെയായിരുന്നു പാലക്കാട്ടേക്കുള്ള യാത്ര ..

അമ്മയ്ക്ക് സംശയം തോന്നാത്ത രീതിയിൽ തന്നെയവിടെ എത്തിക്കണമെന്ന് അനു എബിയെ നേരത്തേ ചട്ടം കെട്ടിയിരുന്നു…

ഏകദേശം മൂന്നര നാല് മണിക്കൂറോടെ ഇരുവരും പാലക്കാട് എത്തിച്ചേർന്നു..

അഗ്രഹാരത്തിനു കുറച്ചകലെയാണ് എബി വണ്ടി ഒതുക്കിയത്…

“ഞാൻ പോട്ടെ ഡോക്ടറെ…
ബുള്ളറ്റിന്റെ ഹാന്റിലിൽ പിടിച്ചിരുന്ന എബിയുടെ കൈയ്ക്കു മീതെ കൈ ചേർത്തു കൊണ്ട് അനു ചോദിച്ചു..

“ശരിയെടോ…
രാത്രി ടെറസ്സിൽ കാണാം..
എനിയ്ക്കൊന്നു ഹോസ്പിറ്റൽ വരെ പോണം ..
ശിവരാമൻ ഡോക്ടർ ടെ മെസ്സേജ് ഉണ്ടായിരുന്നു..
എബി പുഞ്ചിരിച്ചു..

ഒരു മൂളലോടെ അനു അഗ്രഹാരത്തിലേക്കു നടന്നു…

വീട്ടിലെത്തിച്ചേർന്നിട്ടും അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു..
കാടുപിടിച്ച ചിന്തകളോടെ അനു മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു..

“എന്നമ്മ എന്നാച്ച് ഉനക്ക് ….
യഥാവത് പ്രച്ചനെ ഇറക്കാ..??

വന്നപ്പോൾ മുതൽ അനുവിന്റെ അസ്വസ്ഥത ശ്രദ്ധിച്ച പാട്ടിയമ്മ അവൾക്കരികിലേക്കു ചെന്നിട്ടു ചോദിച്ചു.

“ഇല്ല പാട്ടിയമ്മ..
ഒന്നൂല്യ…
ഉള്ളിലെ ആധി മറച്ചുവെച്ചു കൊണ്ടവൾ പുഞ്ചിരി തൂകി..

“ഉള്ളിൽ യഥാവത് ടെൻഷൻ ഇറുന്താ അത് യെൻകിട്ടേ സൊല്ല് തങ്കം..

പാട്ടിയമ്മ അനുവിന്റെ കൈകൾ വാത്സല്യപൂർവ്വം നെഞ്ചോടു ചേർത്തു..

“ഒന്നും ഇല്ലെന്റെ പാട്ടീ …
അനു പാട്ടിയമ്മയെ കെട്ടിപ്പിടിച്ചു…
പക്ഷേ അപ്പോഴും അവളുടെ ഉള്ളിൽ അർജുന്റെ കുടുംബത്തിന്റെ വരവിനെ കുറിച്ചോർത്ത് കടലിരമ്പി ക്കൊണ്ടിരുന്നു..

രാത്രി ടെറസ്സിലേക്ക് വരാമെന്ന് പറഞ്ഞെങ്കിലും ഹോസ്പിറ്റലിലെ അർജന്റ് ഒരു മീറ്റിങ്ങ് കാരണം നേരത്തേ വരാൻ സാധിക്കില്ല എന്നു പറഞ്ഞ് എബി അനുവിന് മെസ്സേജ് ചെയ്തു..

എബിയോട് സർവ്വതും പറഞ്ഞ് ആശ്വസിക്കാം എന്ന പ്രതീക്ഷയിലായിരുന്നു അനു ..
എബിയുടെ മെസ്സേജ് കണ്ടപ്പോൾ അവളാകെ നിരാശയായി..
കുറേ സമയം ടെറസ്സിൽ ഒറ്റയ്ക്കിരുന്ന ശേഷം അനു തിരികെ റൂമിലേക്ക് പോന്നു.

❣️❣️❣️❣️

പിറ്റേന്നൊരു ഞായറാഴ്ച ആയിരുന്നു…
മുറ്റത്ത് കാറിന്റെ ഹോൺ ശബ്ദം കേട്ടാണ് ഗായത്രി പുറത്തേക്ക് വന്നത്..

കാറിൽ നിന്നും പരിചയമില്ലാത്ത കുറച്ചുപേർ ഇറങ്ങി അവരുടെ മുറ്റത്തേക്ക് കയറി..
ഏവരും ഗായത്രിയെ നോക്കി
പുഞ്ചിരിച്ചു..

ഗായത്രി തെല്ലൊന്ന് അമ്പരന്നു..

പക്ഷെ പിന്നിൽ മറ്റൊരു കാറിലായി വന്ന അർജുനെ കണ്ടപ്പോൾ ഗായത്രി പരിചിത ഭാവത്തിൽ ചിരിച്ചു..

“ഗായത്രിദേവി അല്ലേ..?
നിറഞ്ഞ പുഞ്ചിരിയോടെ ചുമരിലെ നെയിം ബോർഡിലേക്ക് നോക്കി രാജേന്ദ്രൻ ചോദിച്ചു.

“അതെ…

“അനുശ്രീടെ അമ്മ പേടിക്കണ്ട ..
ഞങ്ങൾ ഈ അർജുന്റെ വീട്ടുകാരാ ..
ഗായത്രിയുടെ മുഖഭാവം മനസ്സിലാക്കിക്കൊണ്ട് രാജേന്ദ്രൻ പറഞ്ഞു..

“ആഹ്.. ആണോ ..
അകത്തേക്കു വരു..
ഗായത്രി അവരെ സ്നേഹപൂർവ്വം ക്ഷണിച്ചു..

ഏവരും അകത്തേക്ക് കയറി..

പുറത്തെ കോലാഹലം കേട്ടാണ് പാട്ടിയമ്മയും അനുവും ശ്രീക്കുട്ടിയും അടുക്കളയിൽ നിന്നും ഹാളിലേക്ക് എത്തിയത്..

അവരെ കണ്ടതും അനു സ്തബ്ദയായി..

“ഇവർ നാളെ വരുമെന്നല്ലേ പറഞ്ഞത്..
അനു സ്വയം പറഞ്ഞു..

രാജേന്ദ്രനും ആദിയും അർജുനും നീളൻ സോഫയിലും നിമ്മിയും ജയയും കസേരകളിലുമായി ഇരുന്നു..

പാട്ടിയമ്മയെ കണ്ടപ്പോൾ രാജേന്ദ്രൻ എഴുന്നേറ്റു നിന്നു നമസ്ക്കാരം പറഞ്ഞു കൂടെ
മറ്റുള്ളവരും ..

പാട്ടിയമ്മ തിരിച്ചും ചിരിയോടെ നമസ്ക്കാരം അറിയിച്ചു..

എങ്കിലും ഇവർ ആരാണെന്ന ചോദ്യഭാവത്തിൽ പാട്ടി ഗായത്രിയെ നോക്കി.
ഗായത്രി തിരിച്ചും..

അനുവിനെ വാതിലിനരികെ കണ്ടപ്പോൾ അർജുൻ ഒന്നു പുഞ്ചിരിച്ചു..
അവൾ ദേഷ്യപൂർവ്വം വാതിലിന്റെ പിന്നിലേക്ക് മറഞ്ഞു നിന്നു

“അനുശ്രീടെ അമ്മ വിചാരിക്കുന്നുണ്ടാവും എന്തിനാ ഇപ്പോ എല്ലാരും കൂടി ഒരു സന്ദർശനമെന്ന്..
സ്വാഭാവികം..
രാജേന്ദൻ സംസാരത്തിനു തുടക്കമിട്ടു..

“അതെ .. എനിക്കങ്ങോട്ട് …
ഗായത്രി സംശയത്തോടെ പറഞ്ഞു നിർത്തി.

“കാര്യത്തിലേക്ക് കടക്കും മുൻപ് ഞങ്ങളെ ഒന്നു പരിചയപ്പെടുത്താം..
ഞാൻ അർജുന്റെ അച്ഛൻ അത് അമ്മ ..
പിന്നെ ഇതവന്റെ ഏട്ടനും ഏടത്തിയമ്മയും ..
ഓരോരുത്തരെയും ചൂണ്ടിക്കാണിച്ചു കൊണ്ട് രാജേന്ദ്രൻ പറഞ്ഞു.

“ഞങ്ങൾ കോട്ടയംകാര് മേനോന്മാരാ..
പാരമ്പര്യമായി ബിസിനസ്സുകാരാണ്..
അതു കൊണ്ടു തന്നെ എന്റെ രണ്ടു മക്കൾക്കും അതു തന്നെയാണ് താൽപര്യം..

പിന്നെ അഹങ്കാരം പറയുന്നതാണെന്ന് വിചാരിക്കരുത് അഞ്ചാറ് തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുള്ളത് ഞങ്ങൾ എല്ലാവരും ചേർന്ന് ഉണ്ടാക്കിയിട്ടുണ്ട്..
രാജേന്ദ്രൻ ഒന്നു നിവർന്നിരുന്നു..

“ആരാ ചേച്ചി ഇവര് ..
ശ്രീക്കുട്ടി അനുവിന്റെ കാതോരമായി ചോദിച്ചു..

മിണ്ടാതിരിക്കെന്ന് അനു കൈക്കൊണ്ട് ആംഗ്യം കാണിച്ചു..

അപ്പോഴും ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു ഗായത്രി..

“ഇതൊക്കെ ഞാൻ വിശദീകരിച്ചു പറഞ്ഞത് എന്തിനാന്നു വെച്ചാൽ …
എന്റെ മകൻ അർജുന് നിങ്ങളുടെ മകൾ അനുശ്രീയെ വിവാഹം കഴിക്കാൻ താൽപര്യമുണ്ട്…
അതിനൊരു മുഖവുരയായി പറഞ്ഞതാ ഇതെല്ലാം…

ഗായത്രി ഉള്ളാലെ ഒന്നു ഞെട്ടി..

“അതിപ്പോ പെട്ടെന്ന് ..
ഞങ്ങൾ … മോൾടെ വിവാഹത്തെ പറ്റിയൊന്നും …
ഗായത്രി വിക്കി

അനുവിന്റെ ഉള്ളിൽ പെരുമ്പറ മുഴങ്ങിക്കൊണ്ടിരുന്നു..

“പെട്ടെന്ന് വേണ്ട ആന്റി..
നമുക്ക് വാക്കാലെ ഒന്നു ഉറപ്പിക്കാല്ലോ …
ഇവനാണെങ്കിൽ അനുശ്രീയെ അല്ലാതെ മറ്റാരേം വേണ്ടന്നും പറഞ്ഞ് ഒറ്റക്കാലിൽ നിൽപ്പാ ..
അതാ ഞങ്ങൾ പെട്ടെന്ന് ഇങ്ങോട്ട് പോന്നത്..

ശരിയ്ക്കും നാളെയാണ് ഞങ്ങൾ വരാൻ പ്ലാൻ ചെയ്തിരുന്നത്..
പക്ഷെ നാളെ എനിയ്ക്ക് കുറച്ച് തിരക്കുണ്ട്
അതാ ഇന്നത്തേക്ക് മാറ്റിയത്..
ആദിയാണ്.

ഗായത്രി വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുകയായിരുന്നു…

“ഞങ്ങൾ അയ്യർ സമുദായത്തിൽ ഉള്ളവരെ തന്നെ നോക്കുന്നുള്ളു അനുക്കുട്ടിയ്ക്ക് …
പാട്ടിയമ്മ ഇടയിലേക്ക് കയറി പറഞ്ഞു.

രാജേന്ദ്രനും ആദിയും മുഖത്തോടു മുഖം നോക്കി..

“ക്ഷമിക്കണം അമ്മയ്ക്ക് കുറച്ച് പഴയ മനസ്സാ അതാ ..
സമുദായം ഒന്നുമല്ല പ്രശ്നം..
അവൾക്കു കൂടി താൽപര്യം വേണമല്ലോ..
അതാ ..
ഞങ്ങൾക്ക് ആലോചിക്കാൻ കുറച്ചു സമയം തരണം..
ഗായത്രി വിനയപൂർവ്വം പറഞ്ഞു..

“തീർച്ചയായും…
മോളുടെ മനസ്സ് തന്നാ പ്രധാനം..
ജയ എഴുന്നേറ്റ് ഗായത്രിയ്ക്ക് അരികിലേക്കു ചെന്നു..
കൂടെ നിമ്മിയും.

സമയമെടുത്ത് ആലോചിച്ചു പറഞ്ഞാൽ മതി..
പക്ഷെ ഒരു അപേക്ഷയുണ്ട്..
ഇവിടത്തെ കുട്ടി അല്ലാതെ മറ്റൊരാൾ വേണ്ട എന്ന നിലപാടിലാ അജു..
അതുകൊണ്ടു തന്നെ തീരുമാനം പോസിറ്റീവ് ആകണം എന്നാണെന്റെ പ്രാർത്ഥന..

മറുപടിയായി ഗായത്രി ഒന്നു ചിരിച്ചു..

“എവിടെ അനുവിനെ കണ്ടില്ലല്ലോ..?
ഗായത്രിയോടായി ചോദിച്ചുക്കൊണ്ട് നിമ്മി അകത്തെ വാതിൽക്കലേക്ക് നോക്കി..

“അനു …
ഗായത്രി വിളിച്ചു..

അനു പതിയെ ആ സദസ്സിലേക്ക് ചെന്നു..

“ഞങ്ങൾ പറഞ്ഞതൊക്കെ മോള് കേട്ടല്ലോ…
മോള് ആലോചിച്ച് അമ്മയോട് ഒരു തീരുമാനം പറയണം ..
അത് ഒരു യെസ് ആവണം എന്നാണ് ഞങ്ങളുടെ ആഗ്രഹം..
ജയ അവളുടെ അരികിലേക്കു നീങ്ങി നിന്നു.

അനു ഒന്നു ചിരിച്ചെന്നു വരുത്തിയിട്ട് ഷോളിന്റെ തുമ്പിൽ കശക്കി ക്കൊണ്ടിരുന്നു…

“എന്നാ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ..
രാജേന്ദ്രൻ പോകാനൊരുങ്ങി..

ശ്രീക്കുട്ടി അപ്പോഴേക്കും കൂൾ ഡ്രിംഗ്സും പലഹാരങ്ങളുമായി അങ്ങോടെത്തി…

“ഇതെന്റെ ഇളയമകളാ ശ്രീക്കുട്ടി..
പ്ലസ് ടു ന് പഠിക്കുന്നു..
ഗായത്രി അവളെ എല്ലാവർക്കുമായി പരിചയപ്പെടുത്തി..

അർജുൻ ശ്രീക്കുട്ടിയെ നോക്കി കണ്ണിറുക്കി..
അവളും ഹൃദ്യമായൊന്നു പുഞ്ചിരിച്ചു..

വെള്ളത്തിന്റെ ഗ്ലാസ്സിൽ മുത്തികൊണ്ട് രാജേന്ദ്രൻ ഗായത്രിയോട് ചോദിച്ചു..

“നമ്മള് തമ്മിൽ ഇതിനു മുൻപ് എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ ..??
വന്നപ്പോൾ മുതൽ ചോദിക്കണം എന്നു വിചാരിച്ചതാ …

“ഇല്ല.. എനിയ്ക്ക് ഓർമ്മ കിട്ടുന്നില്ല..

“ഗായത്രിദേവി കോട്ടയത്ത് വന്നിട്ടുണ്ടോ …

“ഉണ്ട്.. ഒരു … ഒരു 3 വർഷം അവിടെ ഉണ്ടായിരുന്നു.

ഗായത്രി ഒന്നു പരുങ്ങിക്കൊണ്ട് രുഗ്മിണിയമ്മാളെ നോക്കി..

“ആണോ ..?
അതാണ് ..
കോട്ടയത്ത് എവിടെ ..??
ഗ്ലാസ്സ് ടേബിളിലേക്കു വച്ചു രാജേന്ദ്രൻ ഗായത്രിയെ സസൂക്ഷ്മം നോക്കി..

“അത് സി എം എസ്‌ കോളേജിൽ …
ഗായത്രി മുഖം താഴ്ത്തി.

” ഫിസിക്സ് ഡിപ്പാർട്ട്മെന്റിൽ ഉണ്ടായിരുന്ന ഗായത്രി അയ്യർ..??
രാജേന്ദ്രന്റെ പുരികങ്ങൾ ചുളിഞ്ഞു..

“അ..അതെ ..
അപ്പോഴും ഗായത്രിയുടെ മിഴികൾ താഴ്ന്നു തന്നെ ഇരുന്നു.

രാജേന്ദ്രൻ ഒന്നു പിന്നിലേക്ക് അമർന്നിരുന്നു..

“രാജേട്ടൻ അറിയോ ഗായത്രിയെ ..??
ജയ ആകാംഷയോടെ രാജേന്ദ്രനെ നോക്കി..

“അറിയും..
ജയയ്ക്ക് മുഖം കൊടുക്കാതെയായിരുന്നു ആ മറുപടി..

“ശരി…
എന്നാൽ നമുക്കിറങ്ങാം..
ജുബ്ബ നേരെയിട്ടുകൊണ്ട് രാജേന്ദ്രൻ എഴുന്നേറ്റു ..

ആദിയും അർജുനും പരസ്പരം നോക്കി..
അവരും എഴുന്നേറ്റു..

ഗായത്രി അപ്പോഴും തലകുനിച്ചു തന്നെ നിന്നു..

പുറത്തേക്കിറങ്ങിയ അർജുനോടായി രാജേന്ദ്രൻ പറഞ്ഞു..

“ഇത് നടക്കില്ല അജു…
നീയത് വിട്ടേക്ക് …

നീ കയറ് ജയേ…
ഇതും പറഞ്ഞ് രാജേന്ദ്രൻ കാറിൽ കയറി ഡോറ് വലിച്ചടച്ചു..

എന്താ സംഭവിച്ചതെന്നു മനസ്സിലാവാതെ ആദിയും അർജുനും നിമ്മിയും നിന്നു..!!

തുടരും