The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
“അനുശ്രീ… എടോ താൻ…..?? എബിയുടെ കണ്ണുകളിൽ സന്തോഷവും അത്ഭുതവും ഒരുപോലെ നിറഞ്ഞു. പിന്നെ അവനൊരു പൊട്ടിച്ചിരിയായിരുന്നു. “എന്താ … എന്താ ഡോക്ടറെ ചിരിക്കുന്നത്.?? അനുവിന്റെ മുഖം വല്ലാതായി. “ഹേയ് ഒന്നുല്ലടോ … അതല്ല ഞാൻ ആലോചിക്കുവാരുന്നു. ഇത്രേം ദിവസം ഒരു വീട്ടിൽ താമസിച്ചിട്ട് നമുക്ക് പരസ്പരം കാണാൻ സാധിച്ചില്ല . എന്നിട്ടിപ്പോ ഈ ട്രെയിനിൽ വച്ച്… അതോർത്തു ചിരിച്ചതാ… എന്നാലും നമ്മൾ ഒരുമിച്ച് ഒരേ കമ്പാട്ട്മെന്റിൽ … എന്താല്ലേ… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലടോ… “അതേ.. ശരിയാ ഡോക്ടറെ.. അനുവിന്റെ മുഖത്തും മനോഹരമായൊരു പുഞ്ചിരി വിടർന്നു. ചിരിച്ചപ്പോൾ അവളുടെ കവിളിൽ തെളിഞ്ഞ കുഞ്ഞു നുണക്കിഴിയിലേക്ക് എബി സാകൂതം നോക്കി. ഗായത്രി ആന്റിയോട് നല്ല രൂപൃ സാദ്യശ്യം ഉണ്ട്. പക്ഷേ ആന്റിയേക്കാൾ നിറമുണ്ട്.. നല്ല മഞ്ഞൾ അരച്ചിട്ട പോലെ..!! പിന്നെ നർത്തകിയ്ക് വേണ്ട പോലെ വിടർന്ന വലിയ കണ്ണുകൾ.. “കർത്താവേ ഈ പെണ്ണ് എന്ത് സുന്ദരിയാ … ഇത്രേം ദിവസം കാണാതെ കാത്തിരുന്നെങ്കിൽ ഒരു നഷ്ടോം ഇല്ല .
ഈ ബ്രാഹ്മിൺ കുട്ടികൾക്ക് വല്ലാത്തൊരു ഭംഗി തന്നാ… എബി മനസ്സിൽ ഓർത്തു. “ഈ കോട്ടയത്തേക്കുള്ള ട്രെയിനിൽ താൻ എങ്ങോട്ട് പോകുവാടോ..?? അവൻ ഉദ്വേഗത്തോടെ അവളെ നോക്കി. “ഫ്രണ്ടിന്റെ കല്യാണമുണ്ട് ഡോക്ടറെ പാലായിൽ.. അതിനു പോവാ… “കല്യാണോ.. പാലായിലോ..?? എബിയുടെ കണ്ണുകൾ മിഴിഞ്ഞു. “തന്റെ … തന്റെ ആ ഫ്രണ്ടിന്റെ പേരെന്താ…?? “ആരതി… എന്റെ കൂടെ കലമണ്ഡലത്തിൽ പഠിച്ചതാ.. എന്താ ഡോക്ടറെ…?? “ആ ബെസ്റ്റ്… ഗ്രൂമിന്റെ പേര് സന്ദീപ് എന്നല്ലേ.. എയർ ഫോഴ്സിൽ വർക്ക് ചെയ്യുന്നത്.. “ആഹ് അതെ… അവളുടെ കണ്ണുകൾ തിളങ്ങി. “എടോ അനു നമ്മൾ രണ്ടു പേരും ഇപ്പോ പോയ്ക്കൊണ്ടിരിക്കുന്നത് ഒരേ കല്യാണം കൂടാനാ… സന്ദീപ് എന്റെ ഫ്രണ്ടാ.. സ്കൂൾ മേറ്റ്.. എബി ഒന്നു ചിരിച്ചു. “ആണോ…?? അതു ചോദിക്കുമ്പോൾ പോക്കുവെയിൽ തട്ടി അവളുടെ വെള്ളക്കല്ലു പതിച്ച മൂക്കുത്തി തിളങ്ങി.
“അതുപോട്ടെ തനിയ്ക്ക് എങ്ങനാ എന്നെ മനസ്സിലായത്.?? നമ്മൾ തമ്മിൽ കണ്ടിട്ടില്ലല്ലോ വീട്ടിൽ വച്ച് . എബിയുടെ മുഖത്ത് ആകാംക്ഷ നിറഞ്ഞു. “നമ്മൾ തമ്മിൽ നേർക്കുനേർ കണ്ടിട്ടില്ല എന്നത് ശരി തന്നെ. പക്ഷേ ഞാൻ ഡോക്ടറെ കണ്ടിട്ടുണ്ട്. അവളുടെ ചുണ്ടിൽ കള്ളച്ചിരി വിടർന്നു. “എന്നെയോ.. എപ്പോ…??? എബിക്ക് ആകാംഷ കൂടി. “എത്രയോ തവണ.. ഡോക്ടർ ബുള്ളറ്റിൽ പോകുന്നത്… “ഓഹ് ഐ സീ…. എന്നിട്ടെന്താ വന്ന് സംസാരിക്കാതിരുന്നത് …? “വണ്ടിയോടിച്ച് പോകുന്നയാളെ തടഞ്ഞുനിർത്തി സംസാരിക്കാൻ പറ്റോ ഡോക്ടറെ… അനു ഗൗരവത്തോടെ ചോദിച്ചു. “ആഹ് അതും ശെരിയാ കൊച്ചേ… പിന്നെ കോവിലിലെ തന്റെ പ്രോഗ്രാം അടിപൊളി ആയിരുന്നുട്ടോ… കൺഗ്രാറ്റ്സ്…!! “താങ്ക്യു… ഡോക്ടർടെ അന്നത്തെ പാട്ടും നന്നായിരുന്നു… അനുവിന്റെ ചൊടികളിൽ കുസൃതി ചിരി നിറഞ്ഞു. “പാട്ട്…?? ഓഹ്… അന്നത്തെ.. ആഹ് താങ്ക്സ്… എബി ചെറിയ ചമ്മലോടെ പറഞ്ഞു. “ഡോക്ടർ പാട്ട് പഠിച്ചിട്ടുണ്ടോ..?? നല്ല രസായിരുന്നുട്ടോ കേൾക്കാൻ.. അതു കേട്ടപ്പോൾ എനിക്ക് ചുവടുവയ്ക്കണം എന്നു തോന്നി അതാ അന്ന്… അവൾ മിഴികൾ താഴ്ത്തി പറഞ്ഞു.
“മ്മ്… പാട്ട് പഠനം… അതൊക്കെ വല്ല്യ കഥയാ.. പിന്നെ പറയാം. ഒരു കാര്യം ചോദിക്കട്ടെ രാത്രി അങ്ങനെ ഒറ്റയ്ക്ക് ഡാൻസ് ചെയ്യാൻ തനിക്ക് പേടി തോന്നില്ലേടോ… എബിയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു “സത്യത്തിൽ ഡോക്ടറെ അന്നെനിക്ക് ചെറിയ പേടി തോന്നിയാരുന്നു. അതാ ഞാൻ പ്രാക്ടീസ് നിർത്തിയത്. അപ്പോഴാ താഴേന്ന് പാട്ട് കേട്ടത്.. അപ്പോ പെട്ടെന്നൊരാവേശം തോന്നി… “ഞാനുമത് ശരിയ്ക്കും എൻ ജോയ് ചെയ്തെടോ… എബിന്റെ ശബ്ദം മൃദുവായി. “കോട്ടയത്ത് ചെന്നിട്ടെന്താ തന്റെ പരിപാടി എവിടാ സ്റ്റേ ഒക്കെ.. “കലാമണ്ഡലത്തിലെ എല്ലാ ഫ്രണ്ട്സും വരുന്നുണ്ട്. ഹോട്ടൽ റൂം ബുക്ക് ചെയ്തിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ഒരു ഫ്രണ്ട് വരും പിക്ക് ചെയ്യാൻ.. “ആണോ എന്നാ ആങ്ങനാവട്ടെ… എബി സീറ്റിലേക്ക് ചാഞ്ഞിരുന്നു. അനു ജനാലയ്ക്കപ്പുറത്തെ കാഴ്ചകളിലേക്ക് കണ്ണയച്ചു. എബിൻ അറിയാതെ തന്നെ ഇടയ്ക്കിടയ്ക്ക് അവളെ പാളി നോക്കിക്കൊണ്ടിരുന്നു. മുഖത്തു നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. നിയന്ത്രിക്കാനാവാത്ത തരത്തിൽ അവന്റെ കണ്ണുകൾ അവളിലേക്ക് പാറിവീണു കൊണ്ടിരുന്നു.. കാറ്റിൽ പാറിപ്പറക്കുന്ന അനുവിന്റെ മുടിയിഴകളും തിളങ്ങുന്ന മൂക്കുത്തിയും അവന്റെ കണ്ണുകളെ പിന്നെയും മാടി വിളിച്ചു .
അവളുടെ ആകർഷണീയതയിൽ അടിപതറുന്നതായി അവനു തോന്നി. അനുവിന്റെ ദൃഷ്ടി മുഴുവൻ പുറംകാഴ്ചകളിലായിരുന്നു. കുറേ സമയം പുറത്തേക്ക് നോക്കി മടുത്തപ്പോൾ അവൾ ഫോൺ എടുത്ത് ഹെഡ് സെറ്റ് കുത്തി പാട്ടു കേൾക്കാൻ തുടങ്ങി. എബി കഴിവതും അവൾക്കു നേരേ ദൃഷ്ടി പോകാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. “പക്ഷെ എങ്ങനെ.. നേരെ ഒരു സുന്ദരിക്കൊച്ചിരിക്കുമ്പോൾ. “കർത്താവേ കൺട്രോൾ തന്നേക്കണേ.. അവൻ മനസ്സിൽ പ്രാർത്ഥിച്ചു. 🎵”ദേവതെയ് അവളൊരു ദേവതെയ് … അഴകിയ പൂമുഖം കാണവേ ആയുർ താൻ പോകുതെ…” തമിഴ് ഗാനത്തിന്റെ ആ വരികളാണ് അവന്റെ മനസ്സിലേക്കപ്പോൾ വന്നത്. അനുവിനെ നോക്കാതെ ചുറ്റും നോക്കാമെന്ന് വിചാരിച്ചപ്പോൾ അവിടിരിക്കുന്ന സകല ചെറുപ്പക്കാരുടെയും കണ്ണ് അവളിലാണെന്ന് മനസ്സിലായി. “എല്ലാ അവന്മാരും ഈ പാട്ടാണോ കർത്താവേ മനസ്സിൽ പാടുന്നത്. എബി ഓർത്തു ബർത്തിൽ ഉറങ്ങി കിടന്നവൻ വരെ വായും പൊളിച്ച് നോക്കിയിരിക്കുന്നു. “ഇവന്മാരെ ഒക്കെ എന്താ ചെയ്യണ്ടത്.. എബി പല്ലിറുമ്മി. അവൻ എല്ലാവരെയും കൂർപ്പിച്ച് നോക്കിയിട്ട് അവിടെ നിന്നിറങ്ങി ഡോറിനടുത്തേക്ക് ചെന്നു നിന്നു.
“നല്ല കാറ്റ് … ഡോറിലെ കമ്പിയിൽ പിടിച്ച് അവനങ്ങനെ നിന്നു. കുറേ നേരം അങ്ങനെ നിന്നു കാണും “ഡോക്ടറെന്താ ഇവിടെ വന്ന് നിൽക്കുന്നത്. ഇത് ഡെയ്ഞ്ചർ ഏരിയ ആണട്ടോ… ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോൾ അനുവാണ്.. “ആഹ് താനോ… ഡെയ്ഞ്ചർ ഒന്നും ഇല്ലെടോ… നമ്മൾ ഒന്നു കെയർഫുൾ ആയാ മതി. എബി പുറത്തേക്ക് നോക്കി അലസമായ് പറഞ്ഞു. “മമ് .. നമ്മളെപ്പോഴാ ഡോക്ടറെ കോട്ടയം എത്താ… “ഫോർ അവേഴ്സ് മതി എന്തേ… “ഹേയ് ഒന്നൂല്യാ… ഡോക്ടർക്ക് വിരോധമില്ലെങ്കിൽ അവിടെ വന്നിരിക്കോ… അനു അപേക്ഷിക്കുന്ന പോലെ ചോദിച്ചു. “എന്താടോ… “ഹേയ്…. അത്.. അവിടിരിക്കുന്നവർ വല്ലാതെ… നോക്കുന്നു.. എനിക്ക് എന്തോ പോലെ… അവൾ പരിഭ്രമത്തോടെ പറഞ്ഞു നിർത്തി “മമ്ഹ്…. അതാണോ താൻ വാ… ഒന്നിരുത്തി മൂളിയിട്ട് അവളുടെ വലതുകരം കവർന്നു കൊണ്ട് സീറ്റിനടുത്തേക്ക് അവൻ നടന്നു. എബിന്റെ അപ്രതീക്ഷിത നീക്കത്തിൽ അവൾ പകച്ചു. അമ്പരപ്പോടെ അവനെയും കയ്യിലേക്കും അവൾ മാറി മാറി നോക്കിക്കൊണ്ടിരുന്നു.
“താൻ ഇവിടിരിക്ക്.. ആരാ നോക്കുന്നത് എന്നെനിക്ക് കാണണം.!! എബി ഇരുന്നിരുന്ന സീററ് ചൂണ്ടികാണിച്ചു കൊണ്ട് അൽപ്പം ഉറക്കെയായി അനുവിനോട് പറഞ്ഞു. അനു അവനെത്തന്നെ നോക്കിക്കൊണ്ട് സീറ്റിൽ ഇരുന്നു. അവിടെ ഉള്ളവരെ ഒന്നുകൂടി തറപ്പിച്ച് നോക്കിയിട്ട് അവൾക്കിപ്പുറമായി അവൻ കൈകെട്ടി ഇരുന്നു. ആളുകൾ കണ്ണുകൾ പിൻവലിച്ചു. തിരിഞ്ഞ് അനുവിനെ നോക്കുമ്പോൾ അവൾ അവനെത്തന്നെ രൂക്ഷമായി നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു. “എ..എന്താ അനു…?? അവൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. “ഡോക്ടർ എന്തിനാ എന്റെ കൈയ്യിൽ പിടിച്ചത്..?? അനുവിന്റെ മുഖം ചുവന്നു. “കൈ… കൈയ്യിൽ… ഒരാവേശത്തിന് ഞാൻ.. സോ..സോറി അനു .. എബി പതറി. “പാണിഗ്രഹണം എന്താണെന്ന് ഡോക്ടർക്കറിയോ.. കടവുളേ…!! അനു മുകളിലേക്ക് നോക്കി പ്രാർത്ഥിച്ചു. അവളുടെ മുഖത്ത് ഭയവും സങ്കടവും നിറഞ്ഞു. “പ്രാണി…ഗ്രഹണി…! എന്തോന്ന്…?? എബിൻ ഒന്നും മനസ്സിലാകാത്ത പോലെ അവളെ നോക്കി ചോദിച്ചു. തുടരും ✍️ നിവേദ്യ ഹരിഹരൻ എല്ലാവരുടെയും സ്നേഹത്തിന് ഒരുപാടു നന്ദി. 😊😊☺️☺️😍😍 സ്നേഹം ഡിയേഴ്സ് ❤️❤️❤️❤️