രചന – നിവേദ്യ ഹരിഹരൻ
എബി ഒപിയിലെ തിരക്കിലിരിക്കുമ്പോഴാണ് മെഡിക്കൽ കോളേജിലെ പഴയ ഫ്രണ്ട് ഡോ:ജിബിന്റെ കോൾ വന്നത്…
📱” ആഹ് ജിബിനേ…
എന്നതാടാ ഈ നേരത്ത്..?
നീയിന്ന് ഡ്യൂട്ടിയ്ക്ക് കയറിയില്ലെ…??
“ഞാൻ ഡ്യൂട്ടിയിലിടാ …
പിന്നെ എന്തൊക്കെയുണ്ട് വിശേഷങ്ങൾ …?
“ആഹ് ഇവിടെ വല്ല്യ കുഴപ്പമില്ല..
അങ്ങനെയൊക്കെ പോണു..
എബി ഒന്നു ചിരിച്ചു..
” ആണോ… ഗുഡ്..
പിന്നെ നീ ആഷ്മിടെ വിവരം അറിഞ്ഞോ എബി …
ജിബിന്റെ ശബ്ദത്തിൽ ദൈന്യത കലർന്നിരുന്നു..
“ആഷ്മി…
ആഷ്‌മിയ്ക്ക് എന്താടാ …??
“എബി ..അവൾക്കൊരു ആക്സിഡന്റ് പറ്റി..
ഞാനിപ്പോ അവരുടെ ഹോസ്പിറ്റലിൽ ആണ് വർക്ക് ചെയ്തോണ്ടിരിക്കുന്നത്…
കുറച്ച് സീരിയസ്സ് ആണു സിറ്റുവേഷൻ..
“എന്നിട്ട്…??
എബിയുടെ ഉള്ളിൽ നിന്നും ഗദ്ഗദം ഉയർന്നു വന്ന് തൊണ്ടയിൽ തടഞ്ഞു നിന്നു..
“കുറച്ച് ഇഷ്യുസ് ഉണ്ട് എബി..
ജേക്കബ്ബ് സാർ..
ആഷ്മിടെ ഫാദർ പുള്ളി ആകെ ടെൻഷനിലാടാ ..
ആന്റണി ഡോക്ടറും ആൽവിൻ ഡോക്ടറും അതേ സിറ്റുവേഷനിൽ തന്നാ..
അവർ തന്നാ ആഷ്മിയെ ഹാൻഡിൽ ചെയ്യുന്നതും..
വേറേ ഔട്ട് സൈഡ് ഡോക്ടേർസിനെ ഒന്നും അലൗ ചെയ്തിട്ടില്ല..
“ശരിയ്ക്കും അവൾക്ക് എന്നാ പറ്റിയത് ജീബിനേ…
“ആഷ്മിടെ കാർ ആക്സിഡന്റ് ആയെന്നാണു ഹോസ്പിറ്റലിലെ ന്യൂസ് ..
ഒന്നും പുറത്തു വിട്ടിട്ടില്ല…
ഇപ്പോ അവൾ ഐസിയുവിൽ ആണ്..
“മമ്..
എബി നിർവ്വികാരതയിൽ മൂളി..
“പറ്റുമെങ്കിൽ എറണാകുളത്തേക്കൊന്നു വാ എബി..
നീ അവൾക്ക് അത്ര …
ജിബിൻ പാതിയിൽ പറഞ്ഞു നിർത്തി…
“ഞാൻ വരാമെടാ…
നീ വെച്ചോ…
കോൾ കട്ട് ചെയ്ത ശേഷം ആശങ്ക നിറഞ്ഞ ഭാവത്തോടെ എബി കസേരയിലേക്ക് അമർന്നിരുന്നു..
“എന്തു പറ്റി ഡോക്ടറെ..
അടുത്ത പേഷ്യന്റിന്റെ ഫയൽ എടുക്കുന്നതിനിടയിൽ എബിയുടെ ഭാവമാറ്റം കണ്ട് വിനീത് ഒന്ന് അമ്പരന്നു..
“അത് വിനീതേ..
എന്റെ ഫ്രണ്ടിനു ഒരാക്സിഡന്റ് ..
എനിയ്ക്ക് എറണാകുളം വരെ ഒന്നു പോണം…
ഇനിയെത്ര പേഷ്യന്റ്സ് വെയ്റ്റിങ്ങിൽ ഉണ്ട്..??
“ഒരു 5 പേർ ഉണ്ടാവും ഡോക്ടറെ…
“ആഹ് പെട്ടെന്നായിക്കോട്ടെ ..
ഒപി ക്ലോസ് ചെയ്തേക്കാൻ റിസപ്ഷനിൽ അറിയിച്ചേക്കു ..
“ഓക്കെ ഡോക്ടറെ…
എബി വീണ്ടും ഒപിയിലെ തിരക്കിലേക്കു മുഴുകി..
❣️❣️❣️❣️❣️
അമ്പലത്തിന്റെ ആൽത്തറയ്ക്കടുത്ത് അനുവിനെയും കാത്തിരിക്കുമ്പോൾ എബിയുടെ മനസ്സ് ആഷ്മിയെ കുറിച്ചുള്ള ചിന്തകളാൽ കലുഷിതമായിരുന്നു…
അനുവിനെ കണ്ടിട്ടു എറണാകുളത്തേക്കു പോകുന്ന കാര്യം പറയാമെന്നു വിചാരിച്ചു എവിടാണെന്നു ചോദിച്ചു മെസ്സേജ് ചെയ്തപ്പോഴാണ് അവൾ അമ്പലത്തിലേക്കുള്ള യാത്രയിലാണെന്ന് മറുപടി കിട്ടിയത്…
അവളെ കാണാമെന്ന ചിന്തയിൽ നേരേ അമ്പലത്തിലേക്ക് വച്ചു പിടിച്ചു…
കുറച്ചു സമയം കഴിഞ്ഞപ്പോൾ നിറഞ്ഞ പുഞ്ചിരിയോടെ അനു അമ്പലത്തിന്റെ പടിക്കെട്ടുകളിറങ്ങി അവനടുത്തേക്ക് നടന്നു ചെന്നു..
“എന്താ ഡോക്ടറെ കാണണമെന്നു പറഞ്ഞത്..
ആൽത്തറയിലെ കാറ്റിൽ പാറിപ്പറന്ന മുടിയിഴകൾ ഒതുക്കിക്കൊണ്ട് അനു എബിയെ നോക്കി..
“ഹാ താൻ വന്നോ അനു..
ഏതോ ചിന്തയിൽ മുഴുകിയിരുന്ന അവൻ അനു അടുത്തേക്കു വന്നത് അറിഞ്ഞിരുന്നില്ല..
“ഡോക്ടർ ഏത് ലോകത്തായിരുന്നു..
ചന്ദനം അവന്റെ നെറ്റിയിൽ തൊട്ടുക്കൊണ്ട് ബാക്കിയുള്ളത് അവന്റെ കഴുത്തിലും തേച്ചു അവൾ…
“ഞാൻ വേറെന്തോ ആലോചനയിൽ ആയിരുന്നെടോ…
തെളിച്ചം കുറഞ്ഞൊരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിരിഞ്ഞു..
” ഇതെന്താ പറ്റിയത്..
മുഖമാകെ വല്ലാതെ…
വയ്യേ…??
അനു കൈപ്പത്തി കൊണ്ട് അവന്റെ നെറ്റിയിൽ ഒന്നമർത്തി നോക്കി..
“ചൂടൊന്നും ഇല്ലല്ലോ…
പിന്നെന്താ ഡോക്ടറെ..
വേറെന്തെങ്കിലും പ്രോബ്ലം ഉണ്ടോ…?
അനു പരിഭ്രമത്തോടെ അവനെ വീക്ഷിച്ചു.
“ഹേയ് പ്രോബ്ലം ശരീരത്തിനല്ലടോ ..
മനസ്സിനാ …
എബി അവളിൽ നിന്നും മുഖം വെട്ടിച്ചു ക്കൊണ്ട് അൽപ്പം മുന്നോട്ടു നടന്നു…
“എന്താന്നു വച്ചാൽ പറ ഡോക്ടറെ…
ഇങ്ങനെ ടെൻഷൻ ആക്കാതെ…
അനു വേഗത്തിൽ നടന്നുക്കൊണ്ട് അവന്റെ മുന്നിലായി കയറി നിന്നു..
എബി അസ്വസ്ഥതയിൽ അവന്റെ മുടിയിഴകളിൽ വിരലുകൾ കോർത്തു..
“എടോ എന്റെ ഫ്രണ്ടില്ലെ ഡോക്ടർ ആഷ്മി..
അവൾക്കൊരു ആക്സിഡന്റ്..
അത് കേട്ടതു മുതൽ വല്ലാത്ത മനപ്രയാസത്തിലാടോ ഞാൻ …
ആഷ്മി എന്ന പേര് കേട്ടതും അനുവിന്റെ ഉള്ളിൽ ഒരാളൽ ഉണ്ടായി…
“ആ.. ആഷ്മിക്ക് എന്താ പറ്റിയത്..?
അനുവിന്റെ കൃഷ്ണമണികൾ ധൃതഗതിയിൽ ചലിച്ചു..
“ക്ലിയർ ആയി ഒന്നും അറിയില്ല അനു ..
ആക്സിഡന്റ് ആണെന്നു തോന്നുന്നു..
ഒരു ഫ്രണ്ട് വിളിച്ചു പറഞ്ഞതാ ..
എനിയ്ക്ക് എറണാകുളത്തേക്ക് ഒന്നു പോണം..
ആഷ്മിടെ കണ്ടീഷൻ അറിയണം..
തന്നെ കണ്ടു പറഞ്ഞിട്ടു പോകാമെന്നു വെച്ചിട്ടാ കാത്തുനിന്നത്…
ഇവിടുന്നു നേരിട്ടു അങ്ങോട്ട് പോവ്വാ ഞാൻ..
മിക്കവാറും നാളെ തിരിച്ചു വരൂ …
എബി അവളോടു ചേർന്നു നിന്നിട്ട് അനുവിന്റെ കൈയ്യിൽ പിടിച്ചു..
അനുവിന്റെ ഹൃദയം അപ്പോൾ വല്ലാതെ മിടിച്ചു കൊണ്ടിരുന്നു…
ആഷ്മി പറഞ്ഞ പോലെ ആത്മഹത്യ എന്തേലും ചെയ്യാൻ ശ്രമിച്ചോ എന്ന ചിന്തയിൽ അവൾക്ക് തല വെട്ടി പൊളിയുന്നതു പോലെ തോന്നി..
“എന്താടോ …
തനിയ്ക്ക് നല്ല ടെൻഷൻ പോലെ..
കൈ വല്ലാതെ തണുത്തിരിക്കുന്നു.. അനുവിന്റെ കൈ തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് എബി ചോദിച്ചു..
“ഹേയ്.. ടെൻഷൻ ഒന്നൂല്ല..
ആക്സിഡന്റ് എന്നു കേട്ടപ്പോൾ മനസ്സിൽ ഒരു …
അനു അവനിൽ നിന്നും മുഖമൊളിക്കാൻ ശ്രമിച്ചു..
“ടെൻഷൻ ഒന്നും വേണ്ടടോ..
അവരുടെ ഹോസ്പിറ്റലിൽ തന്നാ അവൾക്ക് ട്രീറ്റ്മെന്റ്..
അവൾടെ ഫാദറും ബ്രദേഴ്സും തന്നാ അവളെ ട്രീറ്റ് ചെയ്തോണ്ടിരിക്കുന്നത്..
സോ നമ്മൾ ടെൻഷനടിക്കേണ്ട കാര്യമില്ലെടോ..
എബി അവളുടെ കൈകൾ ഒന്നു കൂടി മുറുക്കി പിടിച്ചു..
പിന്നെ പതിയെ തോളിൽ ഒന്നു തട്ടി..
“ഞാൻ പോയി വരട്ടെ അനു ..
താൻ വീട്ടിലേക്ക് പൊക്കോ..
വന്നിട്ടു കാണാം..
ലവ് യൂ…
അവളെ ഒന്നു കൂടി നോക്കി പുഞ്ചിരിച്ച ശേഷം എബി ബുള്ളറ്റിനടുത്തേക്കു നടന്നു..
അവൻ പോകുന്നതും നോക്കി നിസ്സംഗതയോടെ അനു നിന്നു..
❣️❣️❣️❣️❣️
“അല്ലാ..ഇപ്പോഴും ആ അനുശ്രീ തന്നെ മതി എന്നാണോ നിനക്ക്…??
ദോശയുടെ പീസ് സാബാറിലേക്ക് മുക്കിയെടുത്തു കൊണ്ട് ഒരു നിമിഷം രാജേന്ദ്രൻ അർജുനെ തന്നെ നോക്കി..
“അതിലൊരു മാറ്റവും ഇല്ലച്ഛാ…
ഭക്ഷണം കഴിക്കുന്നതിനിടയിൽ രാജേന്ദനെ നോക്കാതെയായിരുന്നു അർജുന്റെ മറുപടി
“മമ്..
ഗായത്രിദേവി മറുപടി എന്തെങ്കിലും പറഞ്ഞോ..
നമ്മൾ പോയി വന്നിട്ടിപ്പോ കുറേ ദിവസമായില്ലേ..
രാജേന്ദ്രൻ തുടർന്നു
“അവരൊന്നും പറഞ്ഞിട്ടില്ല ..
നമ്മൾ അങ്ങോട്ടും കോൺടാക്റ്റ് ചെയ്തില്ലല്ലോ അച്ഛാ അതാവും..
കഴിക്കുന്നതു നിർത്തി രാജേന്ദ്രനിലേക്കു മാത്രം ദൃഷ്ടിയൂന്നി അർജുൻ..
“ഞാനായിട്ട് വീണ്ടുമിനി എതിർക്കുന്നില്ല…
നിന്റെ ഇഷ്ടം നടക്കട്ടെ…
അങ്ങനെ പറഞ്ഞെങ്കിലും അനിഷ്ടം രാജേന്ദ്രന്റെ മുഖത്ത് പ്രകടമായിരുന്നു.
“അമ്മ തെറ്റ് ചെയ്തതിനു മകൾ എന്തു പിഴച്ചു..
അനു നല്ല കൂട്ടിയാ..
നമ്മൾ അവളെ മാത്രം നോക്കിയാൽ മതിന്നേ..
ജയ ഇരുവർക്കും ഇടയിൽ കയറി സംസാരിച്ചു..
“എന്റേം നിമ്മിടേം അഭിപ്രായം അതു തന്നാ അച്ഛാ ..
അവന്റെ ജീവിതമല്ലേ..
അവന്റെ ഇഷ്ടത്തിനു തന്നെയാ പ്രധാനം…
ആദി ജയയ്ക്കു സപ്പോർട്ടു നൽകി..
“എല്ലാവർക്കും അതാ ഇഷ്ടമെങ്കിൽ അങ്ങനെ തന്നെയാവട്ടെ..
ഞാനവരെ ഒന്നു വിളിച്ചു നോക്കാം..
രാജേന്ദ്രൻ കഴിക്കുന്നത് അവസാനിപ്പിച്ചുകൊണ്ട് എഴുന്നേറ്റ് വാഷ്ബേസിന് അടുത്തേക്ക് നടന്നു…
അർജുന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
❣️❣️❣️❣️❣️
ഗായത്രി ഓഫിസിൽ ഇരിക്കുമ്പോഴാണ് ഫോൺ റിങ്ങ് ചെയ്യുന്നത് കേട്ടത്..
പരിചയമില്ലാത്ത നമ്പർ കണ്ടപ്പോൾ ആരാണെന്ന ആശങ്കയിലാണ് അവൾ കോളെടുത്തത്..
📱” ഹലോ ആരാ..
“ഗായത്രിദേവിയല്ലേ…??
മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം..
“അതെ… ഇതാരാണ്..?
“ഞാൻ രാജേന്ദമേനോനാണ്..
അർജുന്റെ അച്ഛൻ..
“ആഹ് സാർ പറയു …
ഗായത്രി സംസാരത്തിൽ അൽപ്പം വിനയം കലർത്തി..
“നമ്മൾ അന്ന് അനുശ്രീയുടെയും അർജുന്റെയും വിവാഹകാര്യം സംസാരിച്ചിരുന്നല്ലോ..
അതിൽ നിങ്ങളുടെ അഭിപ്രായം എന്താണെന്നറിയാൻ വേണ്ടി വിളിച്ചതാ..
ഒന്നും അറിയിച്ചില്ലല്ലോ..
“ഞങ്ങൾക്ക് സമ്മതാ സാർ..
രണ്ടാമതൊന്നാലോചിക്കാതെ ഗായത്രി വേഗത്തിൽ പറഞ്ഞു..
“ആണോ …
അനുശ്രീയ്ക്ക് എതിർപ്പൊന്നും ഇല്ലല്ലോ..??
രാജേന്ദ്രന്റെ വാക്കുകളിൽ ചെറിയൊരു സന്ദേഹം നിറഞ്ഞു നിന്നിരുന്നു.
“ഇല്ല സാർ…
ഞാൻ പറയുന്നതിനപ്പുറം ഒന്നും അവൾക്കില്ല..
ഗായത്രിയുടെ വാക്കുകളിൽ ആത്മവിശ്വാസം പ്രകടമായിരുന്നു…
“അങ്ങനാണെങ്കിൽ നമുക്കിത് അധികം താമസിപ്പിക്കണ്ടല്ലോ…
വേഗത്തിൽ കാര്യങ്ങൾ നീക്കാം അല്ലേ…
“അതെ സാർ..
എനിയ്ക്കും ഇത് വൈകിക്കാതെ എത്രയും വേഗം നടത്താൻ തന്നെയാ താൽപര്യം..
ഒറ്റ ശ്വാസത്തിൽ ഗായത്രി പറഞ്ഞു തീർത്തു.
“ഓക്കെ ഗായത്രി…
ഒരു ജ്യോതിഷിയെ കണ്ട് കാര്യങ്ങൾ ഒന്നു ചർച്ച ചെയ്ത ശേഷം ഞാൻ അറിയിക്കാം..
“ശരി സാർ…
രാജേന്ദ്രൻ ഫോൺ വെച്ചു..
ഗായത്രിയുടെ ഉള്ളിൽ അനുവിന്റെയും എബിയുടെയും ബന്ധത്തെ കുറിച്ചോർത്ത് ചെറിയ അങ്കലാപ്പ് തോന്നിയെങ്കിലും ഒരു ദീർഘനിശ്വാസത്തോടെ അവൾ കസേരയിലേക്കു ചാരി….
തങ്ങൾക്കു ചുറ്റും നടക്കുന്നതറിയാതെ എറണാകുളത്തേക്കുള്ള യാത്രയിൽ എബിയും ഡാൻസ് ക്ലാസ്സിലെ കുട്ടികളോടൊത്ത് കളിചിരിയോടെ അനുവും !!
തുടരും..

by