22/04/2026

അഗ്രഹാരം : ഭാഗം 14

രചന – നിവേദ്യ ഹരിഹരൻ

“എന്താ മോളൂസേ ആലോചിക്കുന്നത് …
ഏട്ടൻ ഇത്ര പെട്ടെന്ന് ലാന്റ് ചെയ്തോന്നാണോ ..??

മുടി പതുക്കെ മാടി വെച്ചു വെച്ചുകൊണ്ട് അർജുൻ ചോദിച്ചു.

“ഓഹ് അപ്പോ നിങ്ങൾ ആണല്ലേ അത്യാവശ്യമായി ഈ ബിൽഡിംഗ് വാങ്ങീത് …
അനുവിന്റെ ചൊടികളിൽ പുച്ഛം നിറഞ്ഞു

“അതേ ഞാനാ വാങ്ങീത് …
അതും ഇരട്ടി വില കൊടുത്ത് !!
ലക്ഷങ്ങളാ നഷ്ടം വന്നത് ..
എന്നാലും ഞാനത് സഹിയ്ക്കും..
പിന്നെ പാലക്കാട് ജില്ലയിലെ ഞങ്ങൾടെ ആദ്യത്തെ ഇൻവെസ്റ്റ്മെന്റാ ഇത്…
ഇനിയും കുറേ ഇൻവെസ്റ്റ് ചെയ്യണം എന്നാ ആഗ്രഹം…

“നിങ്ങൾക്ക് ഭ്രാന്താണോ…?
നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്..??
അനുവിന്റെ മിഴികൾ കത്തി.

“അതേ ഭ്രാന്താ…
താനാണ് എന്റെയാ ഭ്രാന്ത്…
പിന്നെ ഇങ്ങോട്ട് വന്നതിൽ എനിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളു.
അനുശ്രീ അയ്യർ എന്ന താൻ..

“തനിക്ക് ചുറ്റുമുള്ളത് ഓരോന്നായി ഞാൻ വാങ്ങും.
അവസാനം തന്നെയും..!
അനുവിന്റെ പിന്നിലായി നിന്നു കൊണ്ട് കാതോരം അർജുൻ പറഞ്ഞു

“ദേ താൻ എന്റെ അടുത്തേക്ക് വരരുത്..
അനു ദേഷ്യത്തോടെ അകന്നു മാറി.

“പിന്നെ ഇതൊക്കെ വാങ്ങുന്ന പോലെ എന്നെ വിലയ്ക്കു വാങ്ങാന്നാണോ തന്റെ പ്ലാൻ ..??
കൈകൾ കെട്ടിക്കൊണ്ട് നിറഞ്ഞ പുച്ഛത്തോടെ അനു ചോദിച്ചു.

“നോ നെവർ ഡിയർ…
തനിയ്ക്ക് ഞാൻ വിലയിട്ടിട്ടില്ല .
കാരണം ഇപ്പോ എന്റെ ലൈഫിൽ ഏറ്റവും മൂല്യമുള്ളതായി ഞാൻ കാണുന്നത് തന്നെയാ…
ഈ പെണ്ണിന് വിലയിടാൻ ഞാൻ ആളല്ല.
അർജുൻ ഒന്നു പുഞ്ചിരിച്ചു.

“നിങ്ങൾ എന്നെ കളിയാക്കിയതാണോ…?

“നോ സീരിയസ്സ്ലി…
എനിക്കിപ്പോ മോസ്റ്റ് പ്രഷ്യസ് ആടോ താൻ…
എന്താ എന്നെ കണ്ടിട്ട് തമാശ പറയുന്നതായി തോന്നുന്നുണ്ടോ ??

“എന്തിനാ നിങ്ങൾ എന്നെ ശല്യം ചെയ്യുന്നേ..
ഞങ്ങൾ സാധാരണക്കാരാ…
പറയത്തക്ക പ്രത്യേകത ഒന്നുമില്ലാത്ത സാധാരണ ഒരു പെൺകുട്ടിയാ ഞാൻ..
നിങ്ങൾക്ക് നിങ്ങൾടെ സമ്പത്തിന് യോജിച്ച ആളെ കിട്ടില്ലേ..
പ്ലീസ് എന്നെ വെറുതെ വിട്..
അനു അർജുനു നേരെ കൈകൂപ്പി.

“ഹാ എന്താ അനുകൊച്ചേ ഇത്…
ഏട്ടനെ ഒന്നു സ്നേഹിക്കാനല്ലേ പറയുന്നുള്ളു.

എടോ എനിക്ക് തന്നെ ശരിയ്ക്കും ഇഷ്ടം ഉള്ളോണ്ടാ ഞാനിങ്ങനെ തന്നെ ഫോളോ ചെയ്യുന്നത്. അല്ലാതെ ദേഷ്യം ഉണ്ടായിട്ടല്ല.

“എനിക്ക് നിങ്ങളെ ഇഷ്ടപ്പെടാൻ പറ്റില്ല അർജുൻ.
നിങ്ങളെപ്പോലെ ഒരാൾ അല്ല എന്റെ മനസ്സിലുള്ളത്.
വല്യ ബഹളങ്ങൾ ഇല്ലാത്ത ശാന്തമായൊരു ജീവിതമാ ഞാൻ കൊതിക്കുന്നത്.
അനു നിസ്സഹായതയോടെ പറഞ്ഞു നിർത്തി.

“മമ്…. ശരി ..
പക്ഷേ എന്റെ ഇഷ്ടം ഞാനെന്തു ചെയ്യും ??
മനസ്സിൽ കുഴിച്ചുമൂടാനൊന്നും എനിക്കു പറ്റില്ല മോളെ…
ഈ ഏട്ടൻ ആ ടൈപ്പല്ല.

അനുക്കുട്ടി ഇഷ്ടപ്പെടും വരെ കാത്തിരിക്കാന്നേ..
പക്ഷെ പിന്നാലെ ഞാൻ കാണും എപ്പോഴും..!!

അർജുൻ കൂളിംഗ് ഗ്ലാസ് പോക്കറ്റിൽ നിന്നും എടുത്തു വച്ചു കൊണ്ട് മുണ്ടും മടക്കിക്കുത്തി പുറത്തേക്ക് നടന്നു.

അനു സങ്കടത്തോടെ അവിടെ കിടന്ന കസേരയിലേക്ക് ഒറ്റയിരുപ്പിരുന്നു.

❣️❣️❣️❣️

അന്നത്തെ വൈകിട്ടുള്ള ട്രെയിനു എബി പാലക്കാട്ടേക്ക് തിരിച്ചെത്തി.
വിനീതിന്റെ വണ്ടിയ്ക്കാണ് അഗ്രഹാരത്തിലേക്കെത്തിയത്.

പാട്ടിയമ്മയെ കണ്ടിട്ടു പോകാമെന്നു കരുതി കോളിംഗ് ബെൽ അമർത്തി. ഗായത്രിയാണ് വാതിൽ തുറന്നത്.

“ആഹ് ഡോക്ടറെ…
ഗായത്രി ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് പുറത്തേക്കു വന്നു.

“എന്നതാ ആന്റി വിശേഷങ്ങൾ ?
നമ്മുടെ പാട്ടിയമ്മ എവിടെ..??

“ഓഹ് നല്ല വിശേഷം തന്നെ..
ഡോക്ടർ കുറച്ചു ദിവസം ഇല്ലാഞ്ഞിട്ട് വേണ്ടപ്പെട്ട ആരെയോ കാണാതിരിക്കുന്ന പോലായിരുന്നു.
അമ്മയും അതു തന്നെ പറയാരുന്നു.

“അമ്മാ… ദാ എബിൻ ഡോക്ടർ വിളിക്കുന്നു.
ഗായത്രി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

ഗായത്രിയുടെ ശബ്ദം കേട്ട് പാട്ടിയമ്മ പുറത്തേക്കു വന്നു…

“ഡോക്ടർ വന്നോ…
അവനെ കണ്ടപ്പോൾ പാട്ടിയുടെ കണ്ണുകൾ വികസിച്ചു.

“ഡോക്ടർ മോൻ പോയിട്ട് വല്ലാത്ത മിസ്സിംഗ് ആയിരുന്നു.
അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് വിരലുകളിൽ സ്നേഹപൂർവ്വം തഴുകി.

“അമ്മ അപ്പ എല്ലാവരും ഹാപ്പി താനാ??

“ഓഹ് എല്ലാവരും ഹാപ്പിയായിരിക്കുന്നു പാട്ടിയമ്മ ..
പാട്ടിയെ കാണാതെ എനിക്കും ഭയങ്കര മിസ്സിങ്ങ് ആയിരുന്നു.
അവരെ ചേർത്തു പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.

“ശ്രീക്കുട്ടിയും അനുവും ഇല്ലേ ഇവിടെ…?
എബി അകത്തേക്ക് നോക്കിക്കൊണ്ടു ചോദിച്ചു.

“രണ്ടാളും ഉണ്ട്..
അനു ടെറസ്സിലാ..
ശ്രീ പഠിക്ക്യാണ്..
വിളിക്കണോ ഞാൻ…?

“ഹേയ് വേണ്ട പഠിച്ചോട്ടെ…
എന്നാ ഞാൻ പോട്ടെ ആന്റി…
കുളിക്കണം…

“ഫുഡ് ഞാനിപ്പോ എത്തിച്ചേക്കാം..
ഡോക്ടർ ഫ്രഷ് ആയിക്കോ…

അവിടെ നിന്നിറങ്ങി ഗോവണി കയറുമ്പോൾ എബിയുടെ കണ്ണുകൾ പതിയെ ടെറസ്സിലേക്കു പോയി.

കുളികഴിഞ്ഞ് ഇറങ്ങുമ്പോഴും ടെറസ്സിൽ നിന്നും ചുവടുകൾ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

ടേബിളിൽ കൊണ്ടു വച്ചിരുന്ന ഭക്ഷണത്തിലേക്കു ഒന്നു നോക്കിയ ശേഷം എബി ഒരു ടീഷർട്ടെടുത്തിട്ട് പുറത്തേക്കിറങ്ങി.

ടെറസ്സിലേക്ക് സ്‌റ്റെയർ പിൻ ഭാഗത്തു കൂടിയായിരുന്നു.
അവൻ അതുവഴി മുകളിലേക്കു കയറി.
ആദ്യമായിട്ടാണ് അവൻ ടെറസ്സിലേക്കു കയറുന്നത്.

മുകളിലെത്തിയപ്പോൾ ഏതോ ഗാനത്തിന് മതിമറന്ന് നൃത്തം ചെയ്യുന്ന അനുവിനെയാണ് അവൻ കണ്ടത്.

അവളുടെ നൃത്തത്തിൽ ലയിച്ച് എബി കുറേ നേരം നിശബ്ദമായി അങ്ങനെ നിന്നു….

നൃത്തത്തിനിടയിൽ വട്ടം ചുറ്റിയപ്പോൾ ആണ് പിന്നിൽ നിന്ന എബിയെ അവൾ കണ്ടത്.
അനു നിശ്ചലയായി…

“ഡോക്ടർ എപ്പോഴാ നാട്ടീന്നു വന്നത്..?
ഇവിടെ വന്നിട്ട് കുറേ നേരായോ..??
എബിയെ കണ്ടപ്പോൾ അനുവിന്റെ കണ്ണുകൾ തിളങ്ങി.

“മമ് വീട്ടിലെത്തിയിട്ട് കുറച്ചധികം നേരായി..
ടെറസ്സിലേക്ക് ദാ കുറച്ചു മുൻപാ വന്നത്.
തന്റെ നൃത്തം അസ്സലായിട്ടോ..
എബി പതുക്കെ കൈകൾ ചേർത്തടിച്ചു.

അനു നെറ്റിയിൽ ഒന്നമർത്തി തുടച്ചുകൊണ്ട് അവനരികിലേക്കു ചെന്നു.

“എന്താടോ വൈഫി പുതിയ വിശേഷങ്ങൾ ??
ചെറിയ കുറുമ്പോടെ അവനത് ചോദിക്കുമ്പോൾ അനുവിന്റെ മുഖം വല്ലാതായി.

“ഡോക്ടറെ നമുക്കിവിടെ ഇരിക്കാം..
സ്റ്റെപ്പ് ചൂണ്ടിക്കാണിച്ചു കൊണ്ട് അവളതു പറഞ്ഞപ്പോൾ എബി ഒന്നു മൂളി.

ഒരു പടി താഴെയായി അനുവും മുകളിലെ പടിയിൽ എബിയും ഇരുന്നു.
ഒരു തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി.

“എന്താടോ…
എന്താ മുഖം വല്ലാതായേ…?

“ഡോക്ടറെ ആ അർജുൻ ഇവിടെ പാലക്കാടുണ്ട്…
പതഞ്ഞ ശബ്ദത്തിൽ അവളതു പറയുമ്പോഴും വാക്കുകളിൽ ഭീതി നിറഞ്ഞു നിന്നിരുന്നു.

“ഇവിടെയോ അവനോ..??
ആകാംക്ഷ കലർന്ന മുഖഭാവത്തോടെ എബി അവളെ നോക്കി.

“അതെ ഡോക്ടറെ…
അവൻ എന്നെ ഫോളോ ചെയ്തു വന്നിട്ടുണ്ട് ഇങ്ങോട്ട്…

എന്റെ ഡാൻസ് സ്കൂളിന്റെ കെട്ടിടം അവൻ വാങ്ങിയെന്ന്..
കൈകൾ കൂട്ടിത്തിരുമ്മി അവളത് പറയുമ്പോൾ എബിയുടെ നെഞ്ചിലും കടലിരമ്പി.

“വല്ലാത്ത ഒരു മാനസികാവസ്ഥയിലാ ഡോക്ടറെ ഞാനിപ്പോ …
ഒരുതരം ഭ്രാന്തമായ ഇഷ്ടാ അയാൾക്കെന്നോട്…
എനിക്ക് വല്ലാതെ പേടി തോന്നാ…

എനിയ്ക്കിത് വേറാരോടും ഷെയർ ചെയ്യാനും പറ്റണില്ല.
അമ്മയൊക്കെ അറിഞ്ഞാൽ ആകെ സങ്കടാവും.

“തനിക്ക് തനിക്കവനെ ഇഷ്ടപെടാൻ പറ്റോ അനു ..?

“അയാളെപ്പോലൊരാൾ എന്റെ സങ്കൽപ്പത്തിലേ ഇല്ല ഡോക്ടറെ..
ഒരുപാട് പണമൊക്കെ ഉള്ളവരെ എനിക്ക് പേടിയാ…
കാലാകാലം അവരുടെ കാൽച്ചുവട്ടിൽ കിടക്കേണ്ടി വരും..

ഒരു കൊച്ചു ജീവിതത്തെ പറ്റിയേ ഞാൻ ആലോചിക്കാറുള്ളു.
അധികം പണം ഒന്നും ഇല്ലങ്കിലും സമാധാനത്തോടേം സന്തോഷത്തോടേം ഉള്ള ഒരു ജീവിതം.

തല കാൽമുട്ടിലേക്ക് ചേർത്ത് വച്ച് കിടന്നു കൊണ്ട് അവളതു പറഞ്ഞപ്പോൾ എബിയുടെ ഹൃദയവും നൊന്തു.

“വളരെ ചുരുങ്ങിയ ജീവിതാ ഞങ്ങടെ..
അമ്മേടെ ജോലിയായിരുന്നു ഏക വരുമാനം.
അച്ഛനെ നഷ്ടമായപ്പോൾ ശരിയ്ക്ക് ഞങ്ങൾ ബുദ്ധിമുട്ടി.

ഞങ്ങൾ രണ്ട് കുട്ട്യോളെ പഠിപ്പിക്കാനും വീടു നടത്തിക്കൊണ്ടുപോകാനുമുള്ള അമ്മയുടെ കഷ്ടപ്പാട് കണ്ട് ഒരുപാട് വേദനിച്ചിട്ടുണ്ട്.

അതോണ്ടു തന്നെ ചെറിയ ആഗ്രഹങ്ങളെ ഉണ്ടായിട്ടുള്ളു മനസ്സിൽ …
അന്നും ഇപ്പോഴും !!
അവളുടെ കണ്ണിൽ നിന്നും നീർത്തുള്ളികൾ ഒഴുകി ഉടുപ്പിനെ നനച്ചു.

“എന്തിനാടോ താൻ കരയണേ..
അവനെ പേടിച്ചിട്ടാണോ…
അത്രയ്ക്കൊന്നും ഇല്ലെടോ അവൻ…

ഞാനില്ലേ തന്റെ കൂടെ…!!

എബി അവളുടെ കൈകളെടുത്ത് ചേർത്തു പിടിച്ചു.

അനു നിറഞ്ഞ മിഴികളോടെ അവനെ നോക്കി.

തുടരും