19/04/2026

അഗ്രഹാരം : ഭാഗം 11

രചന – നിവേദ്യ ഹരിഹരൻ

” അനുവിന് എന്നെ മനസ്സിലായോ…? ഓർക്കുണ്ടോ ഈ മുഖം..?? മടക്കിയ ന്യൂസ് പേപ്പർ സീറ്റിലേക്കിട്ടുകൊണ്ട് അർജുൻ ചോദിച്ചു. “മ്മ്ഹ് … വിവാഹമണ്ഡപത്തിൽ …. വിസിറ്റിങ്ങ് കാർഡ് തന്ന… അവളൊന്നു പതറി. “അതേ .. അതേയാള് തന്നെ… അർജ്ജുൻ..! അവൻ സൗമ്യമായി പുഞ്ചിരിച്ചു. “നിങ്ങൾ എങ്ങനാ ഇവിടെ…? ഉള്ളിൽ തികട്ടി വന്ന ആകാംക്ഷയോടെ അനു ചോദിച്ചു. “ട്രെയിൻ പൊതുജനങ്ങൾക്ക് ഉള്ളതല്ലേ അനു… പിന്നെ ഇവിടെ എന്താന്നു വച്ചാൽ… അതിനൊരു ഉദ്ദേശ്യമുണ്ട്. അവളുടെ മുഖത്തേക്ക് നോക്കാതെ അവൻ പറഞ്ഞു. അനു പുരുകക്കൊടി ഉയർത്തി അവനെ നോക്കി. “അതായത്… അനു.. തന്നെപ്പറ്റി എല്ലാ കാര്യങ്ങളും എനിക്കറിയാം. അന്വേഷിച്ചറിഞ്ഞു എന്ന് വേണമെങ്കിൽ പറയാം..

അതെന്തിനാന്നു ചോദിച്ചാൽ….. അവനൊരു ഇടവേളയെടുത്തു. “സ്ട്രെയിറ്റ് ആയിട്ടു പറഞ്ഞാൽ… എനിക്ക് തന്നെ വിവാഹം ചെയ്താൽ കൊള്ളാമെന്നുണ്ട്. തന്നെ അവിടെ വച്ച് കണ്ടപ്പോൾ തന്നെ എനിയ്ക്കെന്തോ മനസ്സിൽ വല്ലാത്തൊരു ഫീലായിരുന്നു.. പിന്നെ തന്റെയാ നൃത്തം… “എടോ തന്നെ എനിക്ക് വല്ലാതെ ഇഷ്ടമായെടോ… മുന്നിലേക്കാഞ്ഞിരുന്നു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു തീർത്തു, അനു ഒരു നിമിഷമൊന്നു ഞെട്ടി. പൂർവ്വസ്ഥിതി വീണ്ടെടുത്തു കൊണ്ട് അൽപ്പം ഗൗരവത്തോടെ അവൾ അറിയിച്ചു. “എനിക്ക് താൽപ്പര്യം ഇല്ലെങ്കിലോ…? “എന്താന്ന് ?? അർജുന്റെ കണ്ണുകൾ കുറുകി. “എനിക്ക് തന്നെ വിവാഹം ചെയ്യാൻ താൽപര്യം ഇല്ലെന്ന് … ഇപ്പോ കേട്ടോ..?? അർജുൻ ഒന്നു പിന്നിലേക്കാഞ്ഞു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയിട്ട് പതുക്കെ ചിരിച്ചു. “താൻ ഇത്രവേഗം തീരുമാനിച്ചോ.. എന്നെ വേണ്ടെന്ന്.. അതു കൊള്ളാല്ലോ… അവന്റെ മുഖത്ത് പുച്ഛം നിറഞ്ഞു.

“കുറച്ചു സമയം കൊണ്ട് നിങ്ങൾ തീരുമാനിച്ചില്ലേ എന്നെ വിവാഹം ചെയ്യണമെന്ന്… അതുപോലെ എനിക്കും തീരുമാനിച്ചുടെ.. നിങ്ങളെ വേണ്ടെന്ന്..!! അവളുടെ ശബ്ദം കനത്തു. “ഹാ അങ്ങനെ പറയല്ലേ മാഡം.. ഞാനത്ര ആശിച്ചു പോയില്ലേ.. ആഗ്രഹിപ്പിച്ചില്ലേ എന്നെ… വല്ലാണ്ടങ്ങ് കൊതിപ്പിച്ചില്ലേ… പിന്നെ ആശിച്ചത് സ്വന്തമാക്കിയാണ് പൊതുവെ എനിയ്ക്ക് ശീലം!! ഇടതുകാൽ വലതുകാലിനു മീതെയ്ക്ക് വച്ചു കൊണ്ട് ഉറച്ച ശബ്ദത്തിൽ അവനതു പറഞ്ഞപ്പോൾ അനുവിന്റെ കണ്ണുകളിൽ ഭയത്തിന്റെ ലാഞ്ചന പടർന്നു. “നിങ്ങൾ അങ്ങനെ പലതും സ്വന്തമാക്കി കാണും. അത് എന്തൊക്കെയാണെന്ന് എനിയ്ക്കറിയണ്ട.. എന്നോട് പറയുകയും വേണ്ട.. ഒരു പെണ്ണിനോട് ഇത്തരം കാര്യങ്ങൾ പറയുമ്പോൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. നിങ്ങൾ അതാദ്യം പഠിച്ചിട്ട് വാ… അനു അവന്റെ നേർക്കു നിന്നും മുഖം തിരിച്ചു….

“ശരി… എന്താ താൻ പറയുന്ന ആ മര്യാദ..? വീട്ടിൽ വന്ന് ഫാമിലിയായിട്ട് വിവാഹം ആലോചിക്കണമെന്നാണോ..?? ഞാൻ എന്തിനും റെഡി.! എന്തായാലും തന്നെ എനിയ്ക്ക് കിട്ടിയേ പറ്റു… എന്റെ മനസ്സിലേക്കും പിന്നെ എന്റെ ബെഡ്ഡിലേക്കും…!! അവന്റെ ശബ്ദം മൃദുവായി.. “ഛേ… അനുവിന്റെ മുഖം ചുവന്നു. “താനിങ്ങനെ ദേഷ്യപ്പെടാതെ ടോ.. തനിക്ക് വേറെ റിലേഷൻ ഒന്നും ഇല്ലെന്ന് എനിയ്ക്കറിയാം. അതൊക്കെ ഞാൻ അന്വേഷിച്ചറിഞ്ഞു. പിന്നെന്താടോ തന്റെ പ്രശ്നം..?? കാണാൻ അത്രയ്ക്ക് ബോറനൊന്നും അല്ല ഞാൻ.. ഒരു MBA കൈയ്യിലുണ്ട്. പിന്നെ പൈസ… എന്റെ പ്രായത്തിലുള്ള ഒരുത്തന് ഉണ്ടാക്കാൻ പറ്റുന്നതിന്റെ മാക്സിമം ഞാൻ ഉണ്ടാക്കിയിട്ടുണ്ട്.. പിന്നെന്താടോ എനിയ്ക്കൊരു കുറവ്…?? ആഹ് പിന്നെ സ്റ്റാമിന ആണേൽ… അത് മോൾക്ക് ഞാൻ പിന്നീട് മനസ്സിലാക്കി തരാം.. അവന്റെ കണ്ണുകളിൽ കുസ്യതി നിറഞ്ഞു. അനു അവനെ ദേഷ്യത്തോടെ നോക്കി. “വേണ്ടെന്നു പറയുമ്പോൾ കൃത്യമായൊരു മറുപടി താൻ തന്നേ പറ്റു. അവൻ അനുവിനെ സൂക്ഷിച്ചു നോക്കി.

“സൗന്ദര്യോം പണോം… ഇതൊക്കെ മതിയോ… ആദ്യം എനിക്ക് നിങ്ങളെ ഇഷ്ടപ്പെടണ്ടേ…? നിങ്ങളോടെനിക്ക് സ്നേഹം തോന്നണ്ടേ…?? അതിനുമപ്പുറം നിങ്ങൾ ആരാ എന്താ… ഇതൊക്കെ മനസ്സിലാക്കണ്ടേ.. ഫാമിലി ലൈഫിൽ ഏറ്റവും അധികം വേണ്ടത് പരസ്പര സ്നേഹമാണ് .. വിശ്വാസവും.!! സത്യത്തിൽ നിങ്ങൾടെ ഈ സംസാരം കേൾക്കുമ്പോൾ എനിക്ക് നിങ്ങളോട് ദേഷ്യമാണ് തോന്നുന്നത്. അവളുടെ ഉള്ളിലെ വെറുപ്പ് വാക്കുകളിലും പ്രതിഫലിച്ചു. “മ്മ്ഹ് … അപ്പോ തന്നോട് നല്ല രീതിയിൽ പറഞ്ഞിട്ട് കാര്യമില്ല അല്ലേ. എന്തായാലും ഒരു കാര്യം താൻ ഉറപ്പിച്ചോ.. എന്റെ ലൈഫിൽ താൻ അല്ലാതെ ഇനി വേറൊരു പെണ്ണുണ്ടാവില്ല. അതുപോലെ തന്റെ ലൈഫിലും ഞാൻ മാത്രമേ ഉണ്ടാവു..!! “ദേ ഈ പറഞ്ഞത് വെറും ഒരു വാക്കല്ലട്ടാ.. എന്റെ തീരുമാനമാണ്. എന്റെ തീരുമാനം ന്ന് വച്ചാൽ… അത് നടന്നു കഴിഞ്ഞു എന്നാ കുട്ടി അർത്ഥം… അതറിയോ അനുക്കുട്ടിക്ക്…?? “ഞാനീ പറഞ്ഞത് താൻ വേണേൽ ഒന്നു കുറിച്ചു വച്ചോ… പിന്നീടൊരിക്കൽ എടുത്ത് നോക്കാം. അവന്റെ മുഖത്ത് വല്ലാത്തൊരു ഭാവം മിന്നിമറഞ്ഞു.

“എന്തായാലും ഇപ്പോ ഞാൻ പോവ്വാ.. പക്ഷെ തന്റെ പിന്നാലെ എപ്പോഴും ഞാനുണ്ടാവും. നിഴലെന്നോ നിലാവെന്നോ.. അങ്ങനെ എന്തു പേരിട്ടും വിളിച്ചോ… താനെന്റെ സ്വന്തമാകും വരെ തന്റെ കൂടെ തന്നെ..!! അവന്റെ മുഖം അവളുടെ മുഖത്തോട് വളരെ ചേർത്തു കൊണ്ട് അതു പറഞ്ഞപ്പോൾ അനുവിന്റെ ഉള്ളൊന്നുലഞ്ഞു. ദേഷ്യത്തോടെ അവൾ മുഖം അകറ്റി. “ഓകെ സ്വീറ്റ് ഹാർട്ട്.. ഏട്ടൻ പോയിട്ടു വരാം… ഇനിയുള്ള ഏട്ടന്റെ പണിയൊക്കെ അങ്ങ് പാലക്കാട്ടാ… തന്റെ ആ അഗ്രഹാരത്തിൽ.. വരുന്നുണ്ട് ഞാനങ്ങോട്ട്… എന്റെ വാശിക്കാരി അനുക്കുട്ടി എന്നെ സ്നേഹിക്കോന്ന് എനിയ്ക്കൊന്നറിയണം..!! 🎵 നീയെൻ സുന്ദരി… എന്റെ മാത്രം സുന്ദരി… എന്റെ പൊന്നേ എന്നു കേട്ടാൽ വീണു പോകും സുന്ദരി… പാട്ട് പതുക്കെ മൂളിക്കൊണ്ട് അർജ്ജുൻ അവിടെ നിന്നും ഇറങ്ങിപ്പോയി. വല്ലാത്ത ഒരു അവസ്ഥയിലായിരുന്നു അനു.. സങ്കടമാണോ ദേഷ്യമാണോ എന്നു തിരിച്ചറിയാനാവാതെ അവൾ കുഴങ്ങി. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു. ശരീരം തളർന്നു.

“അയാൾ… അയാൾ എന്തൊക്കെയാ പറഞ്ഞത്.? എന്റെ ജീവിതം ഇനി അയാള് തീരുമാനിക്കുമെന്നോ…?? അവളുടെ നെഞ്ചിനകത്ത് വേവലാതി നിറഞ്ഞു. കോട്ടയത്തേക്ക് വരാൻ തീരുമാനിച്ച നിമിഷത്തെ അവൾ ശപിച്ചു. ഇനി എന്തൊക്കെയാണോ ഉണ്ടാകുന്നതെന്നാലോചിച്ച് വിങ്ങുന്ന ഉള്ളത്തോടെ അവളിരുന്നു. ❣️❣️❣️ അനുവിനെ കണ്ടു മടങ്ങുമ്പോൾ വല്ലാത്ത സന്തോഷത്തിലായിരുന്നു എബിൻ.. ദിവസങ്ങൾ വേഗം കടന്നുപോയ് അവൾക്കരികിലേക്ക് എത്തിച്ചേരാൻ ആ മനസ്സു വെമ്പി. വീട്ടിലെത്തി അകത്തേക്ക് കയറിയപ്പോൾ ജോർജ്ജ് ആരെയോ ഫോൺ വിളിച്ചു കൊണ്ട് ഹാളിൽ ഉണ്ടായിരുന്നു. എബി ജോർജ്ജിനടുത്തിരുന്നു. കോൾ കട്ട് ചെയ്തു കൊണ്ട് ജോർജ്ജ് ഫോൺ പോക്കറ്റിലേക്കിട്ടു. തുടർന്ന് എബിനെ നോക്കി. “നീ ഈ നേരത്ത് എവിടെ പോയതാടാ…?? “ഒരു ഫ്രണ്ടിനെ കാണാൻ… എബി ഒന്നു പുഞ്ചിരിച്ചു. “എന്താ ഒരു പുഞ്ചിരി മുഖത്ത്… ഇതൊരു വല്ലാത്ത ചിരിയാണല്ലോടാ ചെക്കാ… ജോർജ്ജ് അവനെ ചൂഴ്ന്നു നോക്കി.

“അപ്പനോട് എനിയ്ക്ക് ഒരു കാര്യം പറയാനുണ്ട്…. അത്…. എനിയ്ക്കൊരു കുട്ടിയെ ഇഷ്ടാ അപ്പാ… അതു പറയുമ്പോൾ അവന്റെ മുഖത്ത് തെളിഞ്ഞ വർണങ്ങൾ പ്രണയത്തിന്റെതാണെന്ന് വായിച്ചെടുക്കാൻ ജോർജ്ജിന് താമസമുണ്ടായില്ല.. “ഓഹ് പ്രേമം…! ജോർജിന്റെ മുഖത്ത് ചിരി വിടർന്നു. “ആരാ എന്റെ മോന്റെ മനസ്സുകവർന്നത്… നിന്റപ്പനോട് പറയെടാ … ജോർജ്ജ് അവനെ നോക്കി കണ്ണിറുക്കി. “അനുശീ… അനുശ്രീ അയ്യർ…! അതു പറയുമ്പോൾ എബിന്റെ മുഖം വിടർന്നെങ്കിലും ജോർജ്ജിന്റെ മുഖം മങ്ങി… തുടരും