രചന – നിവേദ്യ ഹരിഹരൻ
കാറിന്റെ ശബ്ദം മുറ്റത്തു കേട്ടിട്ടാണ് ജോർജ് പുറത്തേക്ക് വന്നത്..
ഡോർ തുറന്ന് പുറത്തിറങ്ങിയ എബിയെ കണ്ട് അയാളുടെ മുഖത്ത് സന്തോഷം നിറഞ്ഞു..
“എടിയേ…
ദേ നിന്റെ മൂത്തമോൻ വന്നേക്കുന്നു…
അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു കൊണ്ടയാൾ മുറ്റത്തേക്കിറങ്ങി..
“എന്നതാടാ രാവിലെ തന്നെ..
ഇതെന്താ ബാഗൊക്കെ ആയിട്ട്..??
ജോർജ്ജ് കാറിനടുത്തേക്ക് ചെന്നിട്ട് എബിയെ സംശയപൂർവ്വം നോക്കി..
“എന്താ അപ്പന് ഞാൻ വന്നതിഷ്ടപ്പെട്ടില്ലെ…
കാർ ഡ്രൈവർക്ക് പൈസ കൊടുക്കുന്നതിനിടയിൽ
നീരസത്തോടെയാണ് അവനത് പറഞ്ഞത്..
“അതെന്നതാടാ അങ്ങനൊരു വർത്താനം..
നീ വരുന്നത് അപ്പനിഷ്ടമല്ലാതെ വരോ ..
ബാഗൊക്കെ കണ്ടിട്ട് ചോദിച്ചതാ ..
എന്റെ മോനങ്ങ് ക്ഷമിച്ച് കള ..
അതും പറഞ്ഞ് ജോർജ് ഒന്നു ചിരിച്ചു.
“മ്മ്…
എബി മറുപടി മൂളലിൽ ഒതുക്കി..
“എന്നതാടാ ചെക്കാ ഒരു ഗൗരവം…?
പാലക്കാട് എന്തേലും പ്രശ്നമുണ്ടോ …??
എബിയുടെ ബാഗെടുക്കാൻ ആഞ്ഞുകൊണ്ടാണ് ജോർജ് ചോദിച്ചത്.
“വേണ്ടാ…
ഞാനെടുത്തോളാം ബാഗ്..
എനിയ്ക്കു വേണ്ടി ചെയ്തു തന്നതിനൊക്കെ നന്ദി..
അയാളെ മറികടന്നുകൊണ്ട് എബി മുന്നോട്ട് നടന്ന് നീങ്ങി.
“എബീ…
ജോർജിന്റെ ശബ്ദം കനത്തു..
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് തുറന്നു പറയണം..
അല്ലാതെ മറ്റുള്ളവരെ വേദനിപ്പിക്കുകയല്ല വേണ്ടത്…
നീ ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോടാ…
അയാളുടെ സ്വരം വിറച്ചിരുന്നു..
എബി കൈയ്യിലിരുന്ന ബാഗുകളെല്ലാം താഴേക്കിട്ടു..
“അതെ എബി ഇങ്ങനെ ആയിരുന്നില്ല..
പഴയ എബി മരിച്ചു..
അതിനു നിങ്ങളും ഉത്തരവാദിയാണ്…
എന്റെ ജീവിതം നശിക്കാൻ നിങ്ങൾ മാത്രമാണ് കാരണക്കാരൻ !!
എബി ജോർജിന്റെ അടുത്തേക്ക് ചെന്നു നിന്ന് വിരൽ ചൂണ്ടിക്കൊണ്ട് അയാളെ ദഹിപ്പിക്കുന്ന വിധം നോക്കി..
“എന്നതാടാ നീ അപ്പനെ വിളിച്ചത്…?
നിങ്ങളെന്നോ …??
എബി പറഞ്ഞത് കേട്ടു കൊണ്ടാണ് സാറ പുറത്തേക്ക് വന്നത്..
അവരുടെ മുഖം ദേഷ്യം കൊണ്ടു നിറഞ്ഞു.
ജോർജും വല്ലാത്ത അവസ്ഥയിലായിരുന്നു..
ആദ്യമായാണ് എബിയിൽ നിന്നും ഇത്തരമൊരു സംസാരം…
അയാൾ നടന്ന് പൂമുഖത്തെ കസേരയിലേക്കിരുന്നു..
സംഗീതം അവസാനിപ്പിക്കണം എന്ന് പറഞ്ഞപ്പോൾ പോലും മറുത്തൊരു അക്ഷരം പറയാത്തവനാണ്..
തന്റെ നിർബന്ധ പ്രകാരം മെഡിസിനു ചേർന്നപ്പോഴും ഉള്ളിലുള്ളതൊക്കെ അടക്കിയവൻ..
ഇപ്പോ …” നിങ്ങൾ ” എന്ന് ..
ജോർജിനു നെഞ്ചിലൊരു വേദന പോലെ തോന്നി..
അയാൾ അവിടെ കൈവച്ചു..
ജോർജിന്റെ ഭാവമാറ്റം കണ്ട് സാറ അയാൾക്കടുത്തേക്ക് ഓടി ചെന്നു..
“എന്നതാ അച്ചായാ..
എന്നാ പറ്റി..
സാറയുടെ കൃഷ്ണമണികൾ ജോർജിനെ നോക്കി ധ്യതഗതിയിൽ ചലിച്ചു..
“ഒന്നൂല്ലടി…
ഒരു വേദന…
അതു കണ്ടിട്ടും എബി അനങ്ങിയില്ല..
മുഖത്ത് ദേഷ്യഭാവം അതേ പോലെ നിലനിന്നു..
“അപ്പനു വയ്യാതായിട്ടും നോക്കി നിൽക്കുവാണോടാ.,
നിന്നെയൊക്കെ ഡോക്ടർ ആക്കിയ കാശിനു കുറച്ച് റബ്ബർ വച്ചിരുന്നേൽ അതിന്നു എന്തേലും ഗുണം കിട്ടിയേനേ…
സാറ ദേഷ്യത്തിൽ പിറുപിറുത്തു കൊണ്ടിരുന്നു.
“ഒന്ന് നിർത്ത് സാറേ ..
നീ പോയി കുറച്ച് വെള്ളം കൊണ്ടു വാ…
“ഇപ്പോ കൊണ്ടുവരാം..
എബിയെ ഒന്നിരുത്തി നോക്കിയിട്ട് സാറ അകത്തേക്ക് പോയി..
എബി അപ്പോഴും മുഖം തിരിച്ചു തന്നെ നിൽക്കുകയായിരുന്നു..
ജോർജിനോട് മിണ്ടാൻ അവൻ കൂട്ടാക്കിയില്ല…
“എന്നതാടാ നിന്റെ വിഷമം.
അപ്പനോട് പറ ..
അപ്പനത് പരിഹരിക്കാടാ..
നെഞ്ചിലെ വേദനയെ അവഗണിച്ചു കൊണ്ടാണ് ജോർജത് പറഞ്ഞത്.
“അപ്പൻ എന്ത് പരിഹരിക്കാൻ ..
അപ്പൻ കാരണമാ ഇപ്പോ മുഴുവൻ പ്രശ്നങ്ങളും ഉണ്ടായത്…
എനിക്കെന്റെ അനുവിനെ നഷ്ടപ്പെടേണ്ടി വന്നതും ഈ ജോർജ് ജോസഫ് കാരണമാ..
നിങ്ങളുടെ സ്വഭാവദൂഷ്യം കൊണ്ട്..
എബി നിന്നു വിറച്ചു..
ശേഷം ബാഗുമെടുത്ത് അകത്തേക്ക് നടന്നു..
ജോർജിന് കാര്യങ്ങൾ ഏകദേശം പിടി കിട്ടി..
അനുവിന്റെ കാര്യത്തിൽ എബിയ്ക്ക് കാര്യമായ എന്തോ സങ്കടം ഉണ്ടായിട്ടുണ്ടെന്ന് അയാൾ ഊഹിച്ചു..
ജോർജ് നിരാശയിൽ മുഖമാകെ ഉഴിഞ്ഞു..
അപ്പോഴേക്കും സാറ വെള്ളവുമായി എത്തി..
വെള്ളം ജോർജിന് നീട്ടുമ്പോഴും എബിയെ വഴക്കു പറയുകയായിരുന്നു അവർ..
“അവനൊക്കെ അഹങ്കാരമാ..
എല്ലാം തികഞ്ഞതിന്റെ അഹങ്കാരം..
ഇനി അപ്പനേം അമ്മയേം ഒന്നും വേണ്ടാതാകും..
പറയുന്നതോടൊപ്പം അവർ സാരിത്തലപ്പാൽ കണ്ണീരൊപ്പി..
“എന്റെ പൊന്നു സാറേ നീയൊന്ന് സമാധാനപ്പെട്..
ചെക്കൻ എന്തോ വല്യ വിഷമത്തിലാണ് വന്നേക്കുന്നത്..
അതാദ്യം മനസ്സിലാക്ക്..
അവനെ നമുക്ക് അറിയാത്തതാണോ …
” ഓഹ് പിന്നേ…
എല്ലാം എന്റെ വിധി..
ഇതൊക്കെ കാണിക്കാതെ എന്നെയങ്ങ് മേലോട്ട് വിളിക്ക് കർത്താവേ …
സാറ കരച്ചിൽ തുടർന്നു..
“നിന്നോട് പറഞ്ഞിട്ട് ഒരു കാര്യമില്ല.
ജോർജ് കസേരയിൽ നിന്നും എഴുന്നേറ്റു..
“ഇപ്പോ വേദന മാറിയോ ഇച്ചായാ..
ഹോസ്പിറ്റലിൽ പോണോ..
ഇവിടുള്ള ഡോക്ടർ തിരിഞ്ഞു നോക്കാതെ പോയില്ലേ മുറിയിലേക്ക്..
കാശ് കൊടുത്താൽ നോക്കുന്ന നല്ല ഡോക്ടർമാർ ഉണ്ടല്ലോ..
നമുക്കവരെ പോയി കാണാന്നേ…
“നീയൊന്നു പോയിത്തന്നാ മതി ..
എന്റെ എല്ലാ അസുഖോം മാറും..
കുറച്ച് സമാധാനം താ ..
ജോർജ് സാറയ്ക്ക് നേരേ കൈകൂപ്പി..
“അതെങ്ങനാ തന്തേടേ സ്വഭാവല്ലേ മക്കൾക്ക്..
നന്ദി ഉണ്ടാകുകേല…
പരിഭവിച്ചു കൊണ്ട് സാറ ഉള്ളിലേക്ക് പോയി..
ജോർജ് ഗോവണി കയറി എബിയുടെ റൂമിനടുത്തെത്തി..
റും അകത്തു നിന്നു പൂട്ടിയിരുന്നു…
അവനൊന്നു ശാന്തനായിട്ടു കാര്യങ്ങൾ ചോദിക്കാം എന്ന് തീരുമാനിച്ച് ജോർജ് താഴേക്കിറങ്ങി..
❣️❣️❣️❣️❣️
വൈകിട്ടാണ് എബി പിന്നീട് റൂമിന് പുറത്തിറങ്ങിയത്..
ഊണ് കഴിക്കാൻ സാറ വിളിച്ചിട്ടും അവൻ വാതിൽ തുറന്നില്ല.
“അപ്പനെങ്ങോട്ട് പോയി അമ്മച്ചി …
ഇവിടെങ്ങും കാണുന്നില്ലല്ലോ..
ഞാനെല്ലാടത്തും നോക്കി.
എബി അടുക്കളയിലേക്കു ചെന്നു..
“എന്നാത്തിനാടാ…
അങ്ങേര് ചത്തോന്ന് അറിയാനാണോ..
സാറയുടെ കണ്ണുകൾ നിറഞ്ഞു..
“ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് …
അമ്മച്ചി പൊറുത്തു കള ..
എബി സാറയെ കഴുത്തിലൂടെ കൈയ്യിട്ടു ചേർത്തു പിടിച്ചു..
സാറയക്ക് സങ്കടം അണപൊട്ടി..
“രണ്ട് മക്കളേം തലയിൽ വച്ചാ അങ്ങേര് കൊണ്ട് നടന്നിട്ടുള്ളത്..
ആ അങ്ങേരെ വേദനിപ്പിച്ചാ കത്താവ് പൊറുക്കുകേലെടാ …
കണ്ണീർ അവരിൽ നിന്നും കുടു കുടെ ഒഴുകി..
“തെറ്റ് പറ്റിപ്പോയി അമ്മച്ചി..
അപ്പനോട് എനിയ്ക്ക് മാപ്പ് പറയണം..
അവൻ കൊച്ചു കുട്ടിയെ പോലെ അവരുടെ തോളിൽ ചാഞ്ഞു.
“കുറേ തവണ നിന്റെ റൂമിനു മുന്നിൽ വന്ന് നിൽക്കുന്നുണ്ടായിരുന്നു..
ചങ്ക് പറിഞ്ഞാ ഇത്രേം നേരം ഇതിനകത്ത് നടന്നത്..
ഏബേൽ പറഞ്ഞിരുന്നേൽ അങ്ങേർക്ക് ഇത്രേം ചങ്ക് വേദന ഉണ്ടാകുകേലായിരുന്നു…
ഇതിപ്പോ നീയായിട്ടാ…
ഇന്നൊന്നും കഴിച്ചിട്ടുമില്ല..
സാറ മുഖം അമർത്തി തുടച്ചു.
അതു കേട്ടപ്പോൾ എബിയ്ക്കും മനസ്സു നീറി..
കുറ്റബോധത്തിൽ അവന്റെ നെഞ്ചു വിങ്ങി..
“അപ്പനെങ്ങോട്ടാ പോയേന്നു പറ …
“കാറെടുത്ത് പോണ കണ്ടു..
തോട്ടത്തിലേക്കാവും..
“ഞാൻ പോയി കണ്ടിട്ടു വരാം..
എന്റെ സാറ കൊച്ച് സങ്കടപ്പെടണ്ടാ..
സാറയുടെ നെറുകയിലൊന്നു ചുംബിച്ചിട്ട് അവൻ പുറത്തേക്കിറങ്ങി ബൈക്കെടുത്ത് ഓടിച്ചു പോയി..
❣️❣️❣️❣️❣️
എബി ചെല്ലുമ്പോൾ റബ്ബർ തോട്ടത്തിലെ മീൻകുളത്തിനടുത്ത് ഒറ്റയ്ക്ക് നിൽക്കുകയായിരുന്നു ജോർജ് ..
“ഹാ ഇവിടെ നിൽക്കേരുന്നാ ..
ഞാൻ എവിടെയൊക്കെ നോക്കി..
അവസാനം കാറ് അപ്പുറത്ത് കണ്ടിട്ടാ ഇങ്ങോട്ട് വന്നത്.
അവൻ ചെന്ന് ജോർജിന്റെ തോളിൽ കൈയ്യിട്ടു നിന്നു.
ജോർജ് ശബ്ദിച്ചില്ല..
“അപ്പാ ദേ പിണങ്ങല്ലേ ..
ഞാൻ അന്നേരത്തെ സങ്കടത്തിൽ …
സോറി…
എബി ദയനീയമായി അയാളെ നോക്കി..
“എനിക്കെന്നാ പിണക്കം…
പിണക്കം നിനക്കല്ലേ എബി..
ജോർജ് എബിയെ നോക്കാതെ പറഞ്ഞു..
“അപ്പാ എനിയ്ക്കൊരു അബദ്ധം പറ്റി..
ആ സമയത്ത് നാവിൽ എന്തൊക്കെയോ…
ഇനിയെന്താ ഞാൻ കാലു പിടിക്കണോ..
അതിനും റെഡി..
അതു പോട്ടെ ചെസ്റ്റ്പെയ്ൻ മാറിയോ..
നമുക്കൊരു ഇസിജി എടുത്തു നോക്കാം..
വാ …
അവൻ അയാളുടെ കൈയ്യിൽ പിടിച്ചു വലിച്ചു..
“അതൊക്കെ മാറി..
ഇനിയൊന്നും നോക്കണ്ട…
“എന്നാലും വേരിയേഷൻ എന്തേലും ഉണ്ടോന്നു നോക്കിയേക്കാം…
വാ ന്നേ …
എബി നിർബന്ധിച്ചു…
“അതൊക്കെ മാറിയെടാ നീ ടെൻഷൻ ആവണ്ട..
രാവിലെ നീയത്ര ദേഷ്യപ്പെടണമെങ്കിൽ കാര്യമായി എന്തോ സംഭവിച്ചെന്ന് എനിക്കറിയാം..
എന്താ ഉണ്ടായത് തുറന്നു പറ ..
ജോർജ് അവന് അഭിമുഖമായി തിരിഞ്ഞു നിന്നു..
“അത്… അപ്പാ…
“മമ്
പറയെടാ …
“ഞാനും അനുവും തമ്മിൽ പിരിഞ്ഞു…
എബിയുടെ സങ്കടം വാക്കുകളിൽ പ്രകടമായിരുന്നു
“പിരിഞ്ഞെന്നോ ..
എന്തിന്…??
ജോർജിന് ആകാംക്ഷയേറി..
“ഗായത്രി ആന്റിക്ക് ഇഷ്ടമല്ലെന്ന് …
അതോണ്ട് ഞങ്ങൾ…
എബി മുഴുമിപ്പിക്കാതെ നിർത്തി..
“ഗായത്രിയോട് ഞാൻ സംസാരിക്കാം എബി…
എന്റെ തെറ്റിന് നിങ്ങൾ എന്തിനാ ശിക്ഷ അനുഭവിക്കുന്നത്…
തെറ്റുകാരൻ ഞാനല്ലേ ..
“ഹേയ് വേണ്ടപ്പാ …
അവൾക്ക് വേറെ പ്രപ്പോസൽ ഉറപ്പിച്ചു…
ഇനി ഒന്നും നടക്കില്ല..
“ഞാനൊന്നു സംസാരിക്കാമെടാ ഗായത്രിയോട്…
നിന്റെ കാര്യം ഞാനല്ലേ പറയാനുള്ളത്…
അവളുടെ കാലു പിടിച്ചു മാപ്പു പറഞ്ഞു നോക്കാം..
“അതൊന്നും വേണ്ട അപ്പ..
ആന്റി സമ്മതിക്കില്ല..
അവന്റെ മുഖത്ത് നിരാശ നിറഞ്ഞു.
“ഗായത്രിയുടെ നമ്പർ ഉണ്ടോ ..
ഉണ്ടെങ്കിൽ താ …
ഞാൻ വിളിക്കാം…
“വേണോ അപ്പ ??
എബി ആശങ്കാകുലനായി
“വേണം … നീ തന്നേ…
ജോർജ് പോക്കറ്റിൽ നിന്നും ഫോണെടുത്തു..
എബി നമ്പർ പറഞ്ഞു കൊടുത്തു.
❣️❣️❣️❣️❣️
ഓഫീസിൽ നിന്നും ഗായത്രി വീട്ടിലേക്ക് നടക്കുമ്പോഴാണ് ബാഗിൽ കിടന്ന് ഫോൺ ബെല്ലടിച്ചത്..
📱 ഹലോ …
“ഹലോ ഗായത്രിയല്ലേ…
“അതെ ഗായത്രിയാണ്..
ആരാ സംസാരികുന്നത്..??
“ഞാൻ … ഞാൻ ജോർജ്ജ് ..
എബിയുടെ ഫാദർ..
ഗായത്രി ഒന്നു ഞെട്ടി..
“ജോർജ് …
ഗായത്രി ആ പേര് ഒന്നുകൂടി ഉരുവിട്ടു..
“പിള്ളേരുടെ കാര്യം സംസാരി ക്കാനാണ് ഗായത്രി ഞാൻ വിളിച്ചത്..
എബിയ്ക്ക് അനുവിനെ വല്ലാതെ ഇഷ്ടമാണ്..
അവൾക്ക് അവനെയും..
പണ്ടെപ്പോഴോ എനിയ്ക്ക് പറ്റിയ ഒരു തെറ്റിന്റെ പേരിൽ അവരെ ശിക്ഷിക്കണോ ..
മറന്നൂടെ എല്ലാം..
ഈ കാര്യത്തിൽ
ഗായത്രിയുടെ കാലുപിടിക്കാനും ഞാൻ തയ്യാറാ..
പിള്ളേരെ തമ്മിൽ പിരിക്കരുത്..
പ്ലീസ് .!!
ജോർജിന്റെ സംസാരം കേട്ട് ഗായത്രി മരവിച്ചു നിന്നു..
തുടരും

by