രചന – അയിഷ അക്ബർ
ആദിയുടെ തമാശ പറച്ചിലും ശിവയുടെ ചിരിയും ആദ്യമൊന്നും നീതുവിൽ ഒരു ചലനങ്ങളുമുണ്ടാക്കിയിരുന്നില്ല…..
വയലേലകളിൽ നിന്ന് വരുന്ന തണുത്ത കാറ്റും മുല്ലപ്പൂ മണമുള്ള അവിടുത്തെ ചുറ്റുപാടും ചെറു ചാറ്റൽ മഴയിൽ നൃത്തം ചെയ്യുന്ന വയലേലകളുമെല്ലാം നീതുവിന്റെ മനസ്സിനെ തണുപ്പിക്കാൻ കഴിവുള്ളവയായിരുന്നു…..
രണ്ട് ദിവസമെങ്കിൽ രണ്ട് ദിവസം ഒന്നിനെയും കുറിച് ചിന്തിക്കാതെ അവൾക്കൊന്നുറങ്ങണമായിരുന്നു…..
ഇടയിൽ കയറി വരുന്ന തന്റെ ജീവിതത്തെ കുറിച്ചുള്ള ഓർമകൾക്ക് വളരെ കയ്പ്പായിരുന്നു….
അവളത് മനപ്പൂർവം മറക്കാൻ ശ്രമിച്ചു….
പതിയേ പതിയേ അവളുടെ മനസ്സ് ശിവയുടെയും ആദിയുടെയും ലോകത്തേക്ക് ചേക്കേറി തുടങ്ങിയിരുന്നു…..
അവരുടെ സന്തോഷങ്ങൾ അവൾക്കുള്ളിലേക്കും പടർന്നു കയറിയിരുന്നു….
പുലരി ഭൂമിയെ തഴുകും നേരം വയലേലകളിൽ വീഴുന്ന സ്വർണ രശ്മികൾ നനുത്ത ഒരു സ്പർശമായി അവളുടെയുള്ളിലേക്ക് തറഞ്ഞു കയറിയിരുന്നു….
കൂടുതൽ സംസാരമില്ലെങ്കിലും ജീവനെ പോലെ പഞ്ചാര വാക്കുകൾ പറയുന്നില്ലെങ്കിലും ആദിയേട്ടൻ ശിവക്ക് നൽകുന്ന വിലമതിക്കാനാവാത്തൊരു സ്ഥാനത്തെ നീതുവിന് മനസ്സിലാവുന്നുണ്ടായിരുന്നു……
അവൾക്ക് സ്വയം പുച്ഛം തോന്നി…..
പതിയേ പതിയെ അവിടുത്തെ ഓരോന്നിനോടും അവളിണങ്ങി തുടങ്ങിയിരുന്നു…..
തുന്നൽ മെഷീനിലിരുന്ന് ജോലി ചെയ്യുന്ന ഗീതുവിനും ശിവക്കുമൊപ്പമായി അവളും കൂടുമ്പോഴും വല്ലാത്തൊരു സംസാരമൊന്നും ഉണ്ടായിരുന്നില്ല….
എങ്കിലും അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിന് വിലക്കുകയോ ഇഷ്ടമില്ലാത്തതിന് നിർബന്ധിക്കുകയോ ശിവ ചെയ്തിരുന്നില്ല…..
അവളും കൂടി കൂടിയതോടെ ശിവക്കത് കുറച്ചു കൂടി ആശ്വാസം നൽകിയിരുന്നു…..
ജോലി ഭാരം വളരെയധികം കുറഞ്ഞത് പോലെ തോന്നി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആദിയേട്ടൻ വരുന്നതും കാത്തു ഉമ്മറത്തിരിക്കുന്ന ശിവയെ കാണുമ്പോൾ നീതു അറിയാതെ നോക്കിയിരുന്നു പോയിരുന്നു…..
അവൻ വരുമ്പോൾ ചെറുതാണെങ്കിലും എന്തെങ്കിലും അവൾക്ക് മാത്രമായ് ആ കൈകളിൽ കരുതിയിരുന്നു…..
ഒരുപാട് സംസാരങ്ങളൊന്നുമില്ലെങ്കിലും അവരുടെ കണ്ണുകൾ ആരോരും കാണാതെ വാചാലമാവുന്നത് അവളറിഞ്ഞിരുന്നു….
പലപ്പോഴായി ഒരു കൊച്ചു കുഞ്ഞിനെ പോലെ ശിവയെ ചേർത്ത് പിടിച്ചു നെറുകെയിൽ ചുംബിക്കുന്ന ആദിയേട്ടനെ കാണും തോറും ഹൃദയത്തിലൊരു നീറ്റലായിരുന്നു……
കാമത്തിനപ്പുറത്തേക്ക് ഇങ്ങനൊരു ചുംബനം താനെത്ര ആഗ്രഹിച്ചിട്ടുള്ളതാണെന്നവളോർത്തു….
മനസ്സിലെ നൊമ്പരങ്ങളെ പാടേ ഇല്ലാതാക്കാൻ കഴിയുന്ന അത്തരം ചേർത്ത് പിടിക്കലുകളിൽ അവർക്കൊന്നും നഷ്ടപ്പെടുന്നില്ല….
പിന്നെന്തിനാണ് പിശുക്കു കാണിക്കുന്നത്….
നീതുവിന് ഓർക്കും തോറും ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിച്ചു കഴിഞ്ഞു പുറത്തെ തുണിക്കട്ടിലിൽ മലർന്ന് കിടക്കുമ്പോൾ ആകാശത്തു മിന്നി തിളങ്ങുന്ന നക്ഷത്രങ്ങളെ ആദി കണ്ണിമ ചിമ്മാതെ നോക്കി…..
അവനരികിലായി തിണ്ണയിൽ ശിവയും വന്നിരുന്നു….
ആകാശത്തേക്ക് നോക്കി കിടക്കുന്ന ആദിയെ കണ്ടതും അവൾ മുകളിലേക്ക് നോക്കി….
ഇതെന്നും കാണുന്നതല്ലേ….
അവളല്പം കുറുമ്പോടെയാണത് ചോദിച്ചത്…..
അവൻ കണ്ണുകൾ താഴ്ത്തി അവളെ നോക്കി..
എന്നും കാണുന്നതാണെങ്കിലും കണ്ട് കൊതി തീരാത്ത ചിലതുണ്ട്……
അവ നമ്മളിലേക്ക് നൽകുന്നത് സന്തോഷം മാത്രമായിരിക്കും…
അത് കൊണ്ട് ദിവസം തോറും അവയുടെ ഭംഗി കൂടി കൊണ്ടിരിക്കും….
നിന്നെ പോലെ…..
അത്രയും പറയുമ്പോൾ കേട്ടിരുന്നവൾ കണ്ണിറുക്കി കൊണ്ട് അവൻ അവസാനം പറഞ്ഞു നിർത്തുമ്പോൾ മുഖം അല്പം കൂർപ്പിച്ചവനെ നോക്കി……
കുസൃതി നിറഞ്ഞ ആ കണ്ണുകൾ എന്നും അവനത്ര മേൽ പ്രിയപ്പെട്ടതായിരുന്നു……
ഉമ്മറത്തെ ലൈറ്റ് ഓഫ് ആക്കിയിരുന്നത് കൊണ്ട് തന്നെ അകത്തു നിന്നും ആളനക്കം അറിഞ്ഞതും ശിവയുടെയും ആദിയുടെയും കണ്ണുകൾ അങ്ങോട്ട് നീങ്ങി…..
ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് നീങ്ങിയതും നിലാ വെളിച്ചത്തിൽ നീതുവിന്റെ മുഖം അവർക്ക് മനസ്സിലായി…..
എന്താ നീതു കിടന്നില്ലേ….
ആദിയത് ചോദിക്കുമ്പോൾ ശിവയും അവളെ തന്നെ നോക്കുകയായിരുന്നു….
ഇല്ലാ…. ഉറക്കം വരുന്നില്ല….
വാക്കുകൾക്ക് പതിവില്ലാത്തൊരു നനവ് ശിവക്ക് തോന്നി…. കലങ്ങിയ അവളുടെ കണ്ണുകളെ തിരിച്ചറിയാൻ ആ നിലാ വെളിച്ചം മതിയായിരുന്നു ശിവക്ക്….
കരഞ്ഞിരുന്നാൽ പിന്നെ എങ്ങനെ ഉറക്കം വരും….
ഉറക്കം കെടുത്തുന്ന ഓർമകളെ ആദ്യം മായ്ച്ചു കളയാൻ നോക്ക്…..
ശിവ എഴുന്നേറ്റ് അവളുടെ അരികിലായി നിന്നത് പറയുമ്പോഴേക്കും വിങ്ങി പൊട്ടി നീതു ശിവയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു……
പെട്ടെന്നുണ്ടായ അവളുടെ പ്രവർത്തിയിൽ കിടന്നിടത്തു നിന്ന് ആദി എഴുന്നേറ്റെങ്കിലും ഭാവ ഭേദങ്ങളൊന്നുമില്ലാതെ ശിവ അവളുടെ മുടിയിഴകളിൽ തഴുകുന്നുണ്ടായിരുന്നു…..
ജീവൻ വിളിച്ചിരുന്നു…. നാളെ എന്നെ കൂട്ടി കൊണ്ട് പോവാൻ വരുന്നുണ്ടെന്ന് പറഞ്ഞു….. ഞാൻ…. ഞാൻ പോകുന്നില്ല ശിവാ…. ഞാൻ ഇവിടെ നിന്നോട്ടെ….. ഒരു ജോലിക്കാരിയായെങ്കിലും… കൂലിയൊന്നും വേണ്ട പകരം നിങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ആ സ്വസ്ഥതയിൽ നിന്നും സന്തോഷത്തിൽ നിന്നും ഒരു പങ്കെനിക്ക് തന്നാൽ മാത്രം മതി….
പറയുന്നതോടൊപ്പം അവളുടെ കരച്ചിലിന്റെ ശക്തിയും കൂടുന്നുണ്ടായിരുന്നു…..
അവളുടെ മനസ്സിലെ സങ്കടത്തിന്റെ ആഴം ഊഹിച് ശിവക്ക് ഹൃദയം പിടക്കുന്നുണ്ടായിരുന്നു….
ആധിക്കും വല്ലാത്ത സഹതാപം തോന്നി…..
നിനക്ക് ഇഷ്ടമുള്ളിടത്താണ് നീ നിൽക്കേണ്ടത്….. നിനക്ക് സമാധാനം എവിടെയാണോ അവിടെ…. കല്യാണം കഴിഞ്ഞെന്ന് വെച്ച് അവിടെ പണയം വെക്കുന്നത് ഒരു പെണ്ണിന്റെ സന്തോഷമോ സമാധാനമോ സ്വാതന്ത്ര്യമോ അല്ല…..
പുരുഷനോടുള്ള പ്രണയം മാത്രമാണ്…..
ആ പ്രണയത്തിനെപ്പോൾ കോട്ടം തട്ടുന്നുവോ അത് വരെയേ ആ ബന്ധത്തിനായുസ്സുള്ളൂ….
പറ…. ജീവനെ നിനക്ക് വേണ്ടേ…..
കരഞ്ഞു തളർന്ന അവളോട് അത്രയും ശക്തിയായി ആ ചോദ്യം ചോദിക്കുമ്പോഴും ശിവയുടെ മുഖത്ത് യാതൊരു ഭാവ മാറ്റങ്ങളുമുണ്ടായിരുന്നില്ല…..
എന്നാൽ ശിവക്കുള്ളിലെ നന്മ തിരിച്ചറിഞ്ഞു തുടങ്ങിയത് കൊണ്ട് തന്നെ അവളിലെ ശെരിയെ നീതുവിന് വിശ്വാസമായിരുന്നു…..
കണ്ണുകളിൽ നോക്കി ശിവ ചോദിക്കുമ്പോൾ നീതു എന്ത് പറയണമെന്നറിയാതെ നിന്നു……
ജീവൻ… ജീവനെ എനിക്ക് അറിയില്ല ശിവാ….. ജീവന് എന്നെയും….
ജീവന്റെ ലോകം മ്യൂസിക് ആണ്….. ആ മ്യൂസിക് ബാൻഡ് ആണ് അവന്റെ ശ്വാസം…..
അത് കഴിഞ്ഞേയുള്ളൂ മറ്റെന്തും….. ഈ ഞാനും…..
അവൾ മിഴികൾ തുടച്ചു കൊണ്ടിരുന്നു….
ജീവന്റെ അച്ഛനും അമ്മയും അടിച്ചു പൊളിച്ചു നടക്കുന്ന ആളുകളാണ്…. എപ്പോഴും യാത്രകൾ…..
അതിനിടയിൽ അവർക്ക് കിട്ടിയ ഒരു നേട്ടമാണ് ഞാൻ…..
അവർ വരുമ്പോഴേക്കും വീടൊക്കെ വൃത്തിയാക്കി വെക്കാനും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കാനുമൊക്കെയായുള്ള ഒരു ജോലിക്കാരി….
അതിനിടയിൽ എന്റെ ഇഷ്ടങ്ങൾക്കോ സ്വപ്നങ്ങൾക്കോ യാതൊരു വിലയുമില്ല…. കാരണം ഞാൻ ദാരിദ്ര്യം പിടിച്ച വീട്ടിൽ നിന്ന് കയറി വന്നവളാണ് പോലും…..
ജീവനാണെങ്കിൽ എന്റേ കാര്യം ഒന്നും ശ്രദ്ധിക്കാൻ നേരമില്ല….. ഏത് സമയവും പ്രോഗ്രാം എന്ന് പറഞ്ഞു നടക്കും…..
എവിടെ പ്രോഗ്രാം കഴിഞ്ഞു വരുമ്പോഴും വില കൂടിയ സമ്മാനങ്ങൾ എനിക്കായി കൊണ്ട് വരും… പഞ്ചാര വാക്കുകൾ കൊണ്ടെന്നെ മൂടും….
എന്നാൽ എനിക്കതൊന്നും ആവശ്യമില്ല….എന്നെയൊന്നു കേട്ടാൽ മതി….
എന്റെ കണ്ണിൽ നോക്കിയവനെന്റെ സങ്കടങ്ങൾ തിരിച്ചറിഞ്ഞാൽ മാത്രം മതി…..
എങ്കിൽ അവൻ വരുന്നത് വരെ ആ വീട്ടിൽ ഞാനനുഭവിക്കുന്ന സങ്കടങ്ങൾ പകുതിയെങ്കിലും കുറയുമായിരുന്നു…..
നീ പറയാതെ നിന്നെ മനസ്സിലാക്കുന്ന ആദിയേട്ടനെ കാണുമ്പോൾ ശെരിക്കും നിന്നോട് അസൂയ തോന്നുകയാണ് ശിവാ…
ആരാ പറഞ്ഞത് നീ ദോശമുള്ളവളാണെന്ന് ഭാഗ്യ ജാതകം എന്നൊന്നുണ്ടെങ്കിൽ അത് നിന്റെയാണ് ശിവാ……
അവൾ ഇരു കൈകൾ കൊണ്ടും മുഖം പൊത്തി….
ശിവക്കൊന്നും പറയാനുണ്ടായിരുന്നില്ല….
ആദി അവരെ രണ്ട് പേരെയും നോക്കി നിന്നു….
നീ… നീയിത് വീട്ടിൽ പറഞ്ഞിരുന്നോ…
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷമാണ് ശിവയത് ചോദിച്ചത്…
അമ്മയോട് സൂചിപ്പിച്ചിരുന്നു…. അമ്മക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവുന്നില്ല…. അതെന്താണെന്നെനിക്കറിയില്ല…….
ആരോരും മനസ്സിലാക്കാനില്ലാത്തതിന്റെ വേദന ആ മുഖത്ത് നിഴലിച്ചിരുന്നു…..
ചെറിയമ്മക്ക് സ്വത്തിന്റെ കുറവിനെ കുറിച് മാത്രമേ അറിയുകയുള്ളു…. സ്നേഹത്തിന്റെയോ സമാധാനത്തിന്റെയോ കുറവ് അവരറിഞ്ഞിട്ടില്ലിതു വരെ…
അച്ചനും ചെറിയമ്മയും വഴക് കൂടിയിരുന്നതൊക്കെ എന്റെ പേര് പറഞ്ഞു മാത്രമായിരുന്നു…..
ആ വഴക്ക് ഒഴിവാക്കാൻ വേണ്ടി അച്ഛൻ എന്റെ പല കാര്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി നിന്നിട്ടുണ്ട്… എനിക്ക് അത് വിഷമമുള്ളതാണെങ്കിലും അച്ഛനും ചെറിയമ്മക്കും ഇടയിൽ ഇന്നും നില നിൽക്കുന്ന ആ സ്നേഹത്തിന്റെ കാരണം അച്ഛന്റെ അത് പോലെയുള്ള ചില താഴ്ന്നു കൊടുക്കലുകളായിരുന്നു…
ദാമ്പത്യം എന്നല്ല മറ്റേത് ബന്ധങ്ങളും അങ്ങനെ തന്നെയാണ് നീതു പരസ്പരം വിട്ട് വീഴ്ച ചെയ്യും തോറും ബലം കൂടും….
ശിവ നീതുവിന്റെ തോളിൽ തട്ടി…..
മണ്കൂചയിൽ നിന്നും അല്പം വെള്ളമെടുത്ത് ശിവ നീതുവിന് നേരെ നീട്ടി….
അവളത് വാങ്ങി പെട്ടെന്ന് കുടിച്ചു…. ശേഷം തിണ്ണയിലേക്കിരുന്നു…..
അവരുടേത് വേറൊരു ലോകമാണ് ശിവാ…. എനിക്ക് ഉൾകൊള്ളാൻ പറ്റാത്ത എന്നെ ഉൾകൊള്ളാൻ പറ്റാത്തൊരു ലോകം….
ജോലിയില്ലാത്തതിന്റെ പേരിൽ എപ്പോഴും കുറ്റപ്പെടുത്തി കൊണ്ടിരിക്കും….എന്നാൽ ഞാൻ പഠിച്ചിരുന്നത് പൂർത്തിയാക്കാൻ സമ്മതിക്കത്തുമില്ല….
ഒത്തിരി സ്വപ്നം കണ്ടതായിരുന്നു ഞാനൊരു ജോലി….
ആ വീട്ടിൽ നിന്ന് ഞാൻ പുറത്തിറങ്ങുന്നത് ജീവൻ വല്ലപ്പോഴും കൊണ്ട് പോകുമ്പോഴാണ്….
കൂടെ ഞാനിരിക്കുമ്പോഴും ഫോണിൽ മ്യൂസിക്കിനെ കുറിച്ചുള്ള ചർച്ചയിലായിരിക്കുമവൻ…
ഭംഗിയുള്ള കാഴ്ചകൾ മുമ്പിലുണ്ടായിട്ടെന്താ കാര്യം…. ആസ്വദിക്കാൻ മനസ്സിന് പറ്റണ്ടേ…..
ഈ ചെറിയ വീടിനുള്ളിലെ നിങ്ങളുടെ സന്തോഷവും സമാധാനവും കാണുമ്പോൾ കണ്ടിരിക്കുന്ന എനിക്ക് പോലും സന്തോഷം തോന്നുന്നുണ്ട്….
അത്രമേൽ നിങ്ങൾ ഹൃദയം കൊണ്ടടുത്തവരാണ്……
അത് പറയുമ്പോൾ ഇത് വരെ കാണാത്തൊരു പുഞ്ചിരി നീതുവിന്റെ മുഖത്ത് മിന്നി മാഞ്ഞു…..
നാളെ അവൻ വരാമെന്നല്ലേ പറഞ്ഞത്…. ഇങ്ങോട്ട് വരാൻ പറയ്….
അത് വരെ നീ പോയി സ്വസ്തമായി കിടന്നുറങ്….
അത് വരെ നിശബ്ദനായിരുന്ന ആദി അത് പറഞ്ഞു കൊണ്ട് നീതുവിന്റെ തോളിൽ തട്ടി അകത്തേക്ക് കയറി പ്പോയി…..
(തുടരും )

by