രചന – നിവേദ്യ ഹരിഹരൻ
എബിയുടെ പിന്നീടുള്ള ദിവസങ്ങൾ ഹോസ്പിറ്റലിലെ തിരക്കും മറ്റുമായി പോയി. അനുശ്രീ അപ്പോഴും കാണാമറയത്തു തന്നെ ആയിരുന്നു. പ്രാക്ടീസിനു വേണ്ടി രാവിലെ നേരത്തേ അനു പോകുമായിരുന്നു. ഒരുപാട് വൈകിയേ തിരിച്ചെത്തിയിരുന്നുമുള്ളു. ഗായത്രി ഒരിയ്ക്കൽ അത് എബിയോട് പറയുകയും ചെയ്തു. “ഡോക്ടർ അനുക്കുട്ടിയെ പരിചയപ്പെട്ടില്ലല്ലോ ന്ന് … “മമ് ..അയാളെ കാണാൻ പറ്റിയിട്ടില്ല. എന്ന് എബി മറുപടി പറയുകയും ചെയ്തു. അങ്ങനെയിരിക്കെ കോവിലിലെ ഉത്സവം വന്നെത്തി. വൈകിട്ടായിരുന്നു അനുവിന്റെയും കൂട്ടരുടെയും പ്രോഗ്രാം. അങ്ങോട്ടേക്ക് പോകാൻ ഇറങ്ങും മുൻപ് ഗായത്രിയും ശ്രീക്കുട്ടിയും എബിനെ കാണാൻ മുകളിലേക്ക് ചെന്നു. എബി ഫോണിൽ സംസാരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അവൻ ഫോൺ കട്ട് ചെയ്ത് അവർക്കടുത്തേക്ക് ചെന്നു. “ആഹ് … നിങ്ങൾ പോവാൻ റെഡിയായോ ..?? പട്ടുപാവാടയുടുത്ത് പൂവുചൂടി നിന്ന ശ്രീക്കുട്ടിയെ നോക്കി എബി ചോദിച്ചു. ശ്രീക്കുട്ടി ചിരിച്ചു.
“ഞങ്ങൾ ഇറങ്ങാ ഡോക്ടറെ … അവൾക്ക് ഞങ്ങൾടെ ഹെൽപ്പ് വേണ്ടി വരും. അതാ നേരത്തെ പോണത് … ഡോക്ടർ വരില്ലേ..?? ഗായത്രി ചോദിച്ചു. “ഉറപ്പായും..!! ഒരു 6 മണി ആകുമ്പോഴേക്കും വന്നാൽ പോരെ ആന്റി..?? “ആഹ് … മതി ഡോക്ടറെ.. 7 മണി ആകും മിക്കവാറും പ്രോഗ്രാം സ്റ്റാർട്ട് ആവാൻ… ഡോക്ടർ കോവിലിനടുത്തേക്ക് വന്നാ മതി.. ഞങ്ങൾ അവിടുണ്ടാവും. “ഓക്കെ ആന്റി ഞാൻ വന്നേക്കാം.. എബിൽ ഉറപ്പു കൊടുത്തു. “എന്നാ ശരി അവിടെ വച്ച് കാണാം ഡോക്ടറെ.. ഞങ്ങൾ ഇറങ്ങട്ടെ… അവർ ഇരുവരും യാത്ര പറഞ്ഞിറങ്ങി. പാട്ടിയമ്മയും അവരുടെ കൂടെ കോവിലിലേക്ക് പോയി. ഏകദേശം ആറരയോടു കൂടി എബി പോകാൻ തയ്യാറായി. അനുവിനെ ആദ്യമായി കാണാൻ പോകുന്നതിന്റെ ആവേശം അവന്റെ മുഖത്ത് പ്രകടമായിരുന്നു. വേഗം തന്നെ മുറിയും പൂട്ടി വണ്ടിയെടുത്ത് കോവിൽ ലക്ഷ്യമാക്കി ഓടിച്ചു . അഗ്രഹാരത്തിലെ മുഴുവൻ വീടുകളിലെയും ആളുകൾ അവിടെ കാഴ്ചക്കാരായി എത്തിയിരുന്നു.
അതുകൊണ്ടു തന്നെ എബി ഏറ്റവും പിന്നിലായി നിന്നു. ഏകദേശം ഏഴുമണി ആയപ്പോഴേക്കും അനൗൺസ്മെന്റ് എത്തി “കലാമണ്ഡലം അനുശ്രീ അയ്യരും കൂട്ടരും അവതരിപ്പിക്കുന്ന നൃത്ത പരിപാടികൾ ആരംഭിക്കുന്നു. ആദ്യമായി ഗണേശ സ്തുതി വേദിയിൽ നിങ്ങളുടെ പ്രിയപ്പെട്ട അനുശ്രീ അയ്യർ .. ജനങ്ങൾ നിശബ്ദരായി. കർട്ടൻ ഉയർന്നു. പക്കമേളക്കാരുടെയും പാട്ടുകാരന്റെയും താളത്തിനൊപ്പം ഒരു പെൺകുട്ടി സ്റ്റേജിൽ ഒഴുകി നടന്നു മനോഹരമായി ചുവടുകൾ വച്ചു. ഏറ്റവും പിന്നിലായി നിന്നതു കൊണ്ട് എബിയ്ക്ക് ഒന്നും വ്യക്തമായി കാണുന്നുണ്ടായില്ല. ക്ലാസ്സിക്കൻ കോസ്റ്റ്യൂം ഇട്ട ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നു എന്നതിനപ്പുറം അവളുടെ മുഖം തിരിച്ചറിയാൻ അവനു സാധിച്ചില്ല. എബിൻ പിന്നെയും നിരാശനായി. പക്ഷെ അവളുടെ നൃത്തം അതിമനോഹമായി തന്നെ അവനു തോന്നി. “തഴക്കവും വഴക്കവുമുള്ള നല്ലൊരു നർത്തകി !! എബി മനസ്സിൽ പറഞ്ഞു. കാണികളുടെ കരഘോഷങ്ങളോടെ നൃത്തം അവസാനിച്ചു. കർട്ടൻ താണു. പിന്നെയും ഒരുപാട് പെൺകുട്ടികൾ വേദിയിൽ നൃത്തം ചെയ്യുകയുണ്ടായി.
എല്ലാവരും വളരെ നന്നായി തന്നെ നൃത്തം ചെയ്തു. കാണികൾ ആവേശഭരിതരായി. എബിയെ അന്വേഷിച്ച് നടക്കുകയായിരുന്ന ശ്രീക്കുട്ടി കുറേ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവനെ കണ്ടെത്തിയത് . അത്രയും ജനങ്ങൾ അവിടമാകെ തിങ്ങി നിറഞ്ഞ് കാഴ്ചക്കാരായി നിന്നിരുന്നു. “ഡോക്ടറെ.. എബിയെ ദൂരെ കണ്ടപ്പോൾ ശ്രീക്കുട്ടി ഉറക്കെ വിളിച്ചു. എബിയും അവളെ കണ്ടു. അവൻ അവൾക്കരികിലേക്ക് ചെന്നു. “ഡോക്ടറെ എൻ അക്കാവോടെ ഡാൻസ് എപ്പടി?? അവൾ പുരികക്കൊടി ഉയർത്തി അവനെ നോക്കി. “റൊമ്പ പ്രമാദം ശ്രീക്കുട്ടി… അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു പറഞ്ഞു. ശ്രീക്കുട്ടി ചിരിച്ചു. “പക്ഷെ ഇപ്പോഴും എനിക്ക് ആളെ മനസ്സിലായിട്ടില്ലട്ടോ ശ്രീക്കുട്ടി. കണ്ടു എന്നാൽ കണ്ടില്ല എന്ന അവസ്ഥ തന്നെ…. അവൻ സങ്കടഭാവത്തോടെ പറഞ്ഞു.
“അതിനിനിയും ധാരാളം സമയമുണ്ടല്ലോ ഡോക്ടറെ… ചേച്ചി വീട്ടിൽ തന്നെ ഉണ്ടല്ലോ പിന്നെന്താ… അവൾ അവനെ സമാധാനിപ്പിക്കുന്ന പോലെ പറഞ്ഞു. “മമ്.. ഞങ്ങൾ തമ്മിൽ കാണാൻ സമയമായിട്ടില്ലെന്നു തോന്നുന്നു അതാ… എബി പുഞ്ചിരിച്ചു “എന്നാ ശ്രീക്കുട്ടി പൊക്കോ .. ഞാൻ പോവ്വാ തിരിച്ച് .. കുറച്ച് കോൾസ് വിളിക്കാനുണ്ട് … എന്തായാലും തന്റെ ചേച്ചിടെ പെർഫോർമൻസ് കണ്ടല്ലോ… അയാം റിയലി ഹാപ്പി … “ശ്രീക്കുട്ടി ഗായത്രി ആന്റിയോട് പറഞ്ഞേക്ക് ഞാൻ പോയെന്ന്.. “ഓക്കെ . ഞാൻ പറയാം ഡോക്ടറെ.. ശ്രീക്കുട്ടി വേദിയ്ക്ക് അടുത്തേത് തിരിച്ചു പോയി എബി വീട്ടിലേക്കും പോന്നു. ❣️❣️❣️❣️ വീക്ക്എൻഡിൽ ഒരു ഫ്രണ്ടിന്റെ കല്യാണം ഉണ്ടായതു കൊണ്ട് രണ്ടു ദിവസം ലീവെടുത്ത് കോട്ടയത്തേക്ക് പോകാൻ എബി തീരുമാനിച്ചു. ശിവരാമൻ ഡോക്ടറോടു പറഞ്ഞ് രണ്ടു ദിവസത്തെ Op ഒഴിവാക്കി.
ഞായറാഴ്ച ആയിരുന്നു കല്യാണം, അതുകൊണ്ടു തന്നെ ശനിയാഴ്ച വൈകിട്ടത്തെ കോട്ടയത്തേക്കുള്ള ട്രെയിന് അവൻ നാട്ടിലേക്ക് പുറപ്പെട്ടു. ഗായത്രിയോട് പറയാൻ പാട്ടിയമ്മയെ ചട്ടംകെട്ടിയാണ് അവൻ പോയത്. അന്നു രാവിലെ ഗായത്രി നേരത്തെ പോയതിനാൽ എബിക്ക് അവളെ നേരിട്ട് കണ്ട് പറയാൻ സാധിച്ചില്ല. വിനിതാണ് അടുത്തുള്ള റെയിൽവേ സ്റ്റേഷനിലേക്ക് എബിനെ എത്തിച്ചത് . വിനീതിനോട് യാത്ര പറഞ്ഞ് എബി ട്രെയിനിൽ കയറി. വലിയ തിരക്കുണ്ടായിരുന്നില്ല. നേരത്തേ ബുക്ക് ചെയ്തതിനാൽ സീറ്റൊഴിവ് ഉണ്ടായിരുന്നു. ബാഗൊക്കെ താഴെ വച്ച് പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ അവന്റെ എതിർവശത്തായി ഒരു പെൺകുട്ടി വന്നിരുന്നു. എബിനെ കണ്ടപ്പോൾ അവൾ സൂക്ഷിച്ചു നോക്കി. “ഡോക്ടറെ…. ആ പെൺകുട്ടി വിളിച്ചു എബിൻ ഒന്നു ഞെട്ടി.
അവളുടെ മുഖത്തേക്ക് നോക്കി. ആ കുട്ടിയെ അവൻ ആദ്യമായി കാണുകയായിരുന്നു. സംശയത്തോടെ അവൻ ചോദിച്ചു. “സോറി… ആരാ… എനിക്ക് .. മനസ്സിലായില്ല… അവന്റെ അപരിചിതത്വം വാക്കുകളിൽ മുഴങ്ങിനിന്നു. “ഞാൻ … ഞാൻ അനുശ്രീ… ഡോക്ടർ താമസിക്കുന്ന വീട്ടിലെ ഗായത്രീദേവിയുടെ മകൾ… “അനുശ്രീ..! എബിന്റെ കണ്ണുകൾ വിടർന്നു. ചൂടുള്ള പാലക്കാടൻ കാറ്റ് ട്രെയിനിലെ ജനാലയ്ക്കിടയിലൂടെ കടന്ന് വന്ന് ഇരുവരെയും തഴുകി കടന്നു പോയി. ചൂളം വിളിച്ചു കൊണ്ട് ട്രെയിൻ പാലക്കാട് നിന്നും കോട്ടയത്തേക്ക് പതുക്കെ ചലിച്ചു. തുടരും

by