രചന – നിവേദ്യ ഹരിഹരൻ
കുറേ നേരം ബാൽക്കണിയിൽ നിന്ന ശേഷം അനു താഴേയ്ക്കു പോയിക്കാണും എന്ന ചിന്തയിൽ എബി മുറിയിലേക്കു കയറി… ടവ്വൽ എടുത്ത് നേരേ ബാത്ത് റൂമിലേക്ക്… ഷവർ ഓൺ ചെയ്തു കൊണ്ട് തണുത്ത വെള്ളം ദേഹത്തേക്ക് വീഴ്ത്തി അവനങ്ങനെ നിന്നു… ചിന്തകളിൽ മുഴുവൻ അനു മാത്രമായിരുന്നു… അവളുടെ കൂർത്ത വാക്കുകളും !! അതോർക്കുമ്പോഴെല്ലാം അവന്റെ നെഞ്ചിൽ രക്തം പൊടിഞ്ഞു.. ഉള്ളും പുറവും സ്വല്പമൊന്നു തണുത്തെന്നു തോന്നിയപ്പോൾ തല തോർത്തി കൊണ്ട് ബാത്ത് റൂമിനു പുറത്തേക്കിറങ്ങി… പെട്ടെന്ന് കട്ടിലിലിരിക്കുന്ന ആളെക്കണ്ട് അവനൊന്നു ഞെട്ടി… ” അനു…” അവളെ അവിടെ കണ്ടപ്പോൾ കയ്യിലിരുന്ന ടവ്വൽ കൊണ്ടവൻ ദേഹം പുതച്ചു.. താഴേക്ക് മിഴികളും നട്ടിരിക്കുകയായിരുന്നു അനു .. എബി അവൾക്കരികിലായിരുന്നു… “എന്തിനാ … എന്തിനാടോ താൻ എന്നോട് അങ്ങനൊക്കെ പറഞ്ഞത്… അവന്റെ ശബ്ദമിടറി.. കണ്ണുകൾ കലങ്ങി.. ” ഇത്ര മാത്രം വേദനിപ്പിക്കാൻ ഞാൻ എന്തു ചെയ്തിട്ടാ … “അത്രയ്ക്ക് വെറുക്കപ്പെട്ടവനായോ തനിക്ക് ഞാൻ… അവനതു പറഞ്ഞു തീരും മുൻപ് അവളവന്റെ വാ പൊത്തിപ്പിടിച്ചു..
കരച്ചിലോടെ അവനെ നോക്കി “അരുതെന്ന് തലയാട്ടി… എബി പതിയെ ചുണ്ടോടു ചേർന്നിരുന്ന അവളുടെ കൈ എടുത്തു മാറ്റി.. “പറ … പിന്നെന്തിനാ അങ്ങനൊക്കെ പറഞ്ഞത്.. തനിക്ക് തോന്നുന്നുണ്ടോ നമുക്ക് പരസ്പരം മറക്കാൻ സാധിക്കുമെന്ന് …?? അനു അപ്പോഴും നിശബ്ദയായിരുന്നു.. തേങ്ങലിന്റെ ശബ്ദം മാത്രം അവളറിയാതെ പുറത്തേക്കു വന്നു കൊണ്ടിരുന്നു… “താനിങ്ങനെ കരയാതെടോ.. ആർദ്രമായ ശബ്ദത്തോടെ എബി അവളെ ചേർത്തുപിടിച്ചു.. ഒരാശ്രയത്തിനായി കാത്തു നിന്നെന്ന പോലെ അനു അവന്റെ നെഞ്ചിലേക്കു ചാഞ്ഞു… “ഞാൻ പറഞ്ഞത് ഡോക്ടർക്ക് വേദനിച്ചോ…? എബിയുടെ നെഞ്ചിൽ വിരലുകളാൽ ഹാർട്ട് ആകൃതിയിൽ അവൾ ചിത്രം വരച്ചു കൊണ്ടിരുന്നു.. “ഹേയ് ഒട്ടുമില്ല… നല്ല രസായിരുന്നല്ലോ കേൾക്കാൻ .. നെഞ്ചു കീറി മുറിച്ചിട്ട് വേദനിച്ചോന്ന്… സീലിങ്ങിലേക്കു കണ്ണുകളയച്ചു കൊണ്ട് പുച്ഛം കലർന്ന സങ്കടഭാവത്തോടെയാണ് അവനതു പറഞ്ഞത്… “ശരിയ്ക്കും വിഷമായോ ഡോക്ടർക്ക്…?? അനു തലയുയർത്തി അവനെ നോക്കി.. “ഇതു ചോദിക്കാനാണോ ഇപ്പോ താൻ ഇങ്ങോട്ട് വന്നത്… എബി അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി…
“അല്ല… “പിന്നെ…?? പിന്നെന്തിനാ ഇപ്പോ വന്നത്.. അവനൽപ്പം പരിഭവം പൂണ്ടു. “ഡോക്ടർടെ പാട്ട് നന്നായെന്ന് പറയാൻ… അനു ചിരിച്ചു. “ദേ എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ… ഓരോന്നു പറഞ്ഞ് മനുഷ്യനെ ഭ്രാന്ത് പിടിപ്പിച്ചിട്ട് .. ഇപ്പോ പാട്ട് നന്നായെന്ന് … എബി ദേഷ്യഭാവത്തിൽ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്കു പോയി നിന്നു… അവന്റെ മുഖം കണ്ടപ്പോൾ അനുവിന് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു… അവൾ അവനടുത്തേക്കു നടന്നു… “അമ്മ കഴിഞ്ഞ ദിവസം എന്നോടു സംസാരിച്ചിരുന്നു.. നമ്മൾ തമ്മിലുള്ള ബന്ധത്തിൽ അമ്മയ്ക്ക് ഒട്ടും താൽപ്പര്യമില്ല… അത് ഡോക്ടറോടുള്ള ഇഷ്ടക്കേടു കൊണ്ടല്ല… വേറെ എന്തൊക്കെയോ കാരണങ്ങൾ … അനു എബിയ്ക്കരികിലായി നിന്നു കൊണ്ട് ജനലിലൂടെ പുറത്തേക്കു നോക്കി പറഞ്ഞു.. “എന്നിട്ടെന്താ തന്റെ തീരുമാനം… താൻ സമ്മതിച്ചാൽ ഒരു രജിസ്റ്റർ മാര്യേജിനും ഞാൻ തയ്യാറാണ് അനു … എബി അവൾക്കഭിമുഖമായി തിരിഞ്ഞു നിന്നു കൊണ്ട് അനുവിന്റെ ഇരു കൈകളും ചേർത്തു പിടിച്ചു.. എന്തു പറയണം എന്നറിയാതെ അനു ഒരു നിമിഷമൊന്നു പകച്ചു…
“ഡോക്ടറെ ഞാനെപ്പോഴേ മനസ്സാ സ്വീകരിച്ചു കഴിഞ്ഞു.. അന്ന് ട്രെയിനിൽ വച്ച് എന്റെ കൈ പിടിച്ചില്ലേ.. അപ്പോഴേ… പ്രണയാർദ്ര ഭാവത്തോടെ അവൾ എബിയെ നോക്കി.. അതു കേട്ടപ്പോൾ അവന്റെ ചുണ്ടിലേക്ക് ഒരു പുഞ്ചിരി ഓടിയെത്തി.. “ഇനിപ്പറ… ശരിയ്ക്കും ഡോക്ടർക്കെന്നെ ഇഷ്ടാണോ … ചുളിഞ്ഞ കണ്ണുകളുമായി അവന്റെ മറുപടിക്കായി അവൾ കാത്തു.. “ദേ പിന്നേം… ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിയാണെന്നു പറയുന്ന ഇനമാണല്ലോ നിങ്ങൾ പെൺവർഗ്ഗം… പറഞ്ഞിട്ട് ഒരു കാര്യോമില്ല… ഇരുകൈകളും എളിയിൽ കുത്തിപ്പിടിച്ചു കൊണ്ട് അവൾക്കു നേരേ എബി ഒരു കൂർത്ത നോട്ടമയച്ചു… അവന്റെ നിൽപ്പും ഭാവവും കണ്ടപ്പോൾ വീണ്ടുമവൾക്ക് ചിരിപൊട്ടി… ആ ചിരികണ്ടപ്പോൾ എബിയ്ക്ക് ദേഷ്യം ഒന്നുകൂടി വർദ്ധിച്ചു.. “കിണുങ്ങാതെ പോവാൻ നോക്ക്.. ആന്റി എങ്ങാനും കയറി വന്നാൽ കഴിഞ്ഞു… എബിയുടെ പ്രതീക്ഷ തെറ്റിച്ചുക്കൊണ്ട് അനു വേഗത്തിൽ അവന്റെ അടുത്തേക്ക് ചേർന്നു നിന്നു.. ദേഷ്യത്തോടുള്ള ആ മുഖം കൈക്കുമ്പിളിലെടുത്തു കൊണ്ട് ചുണ്ടോട് ചുണ്ടു ചേർത്ത് അമർത്തി ചുംബിച്ചു.. എബി ഒരു നിമിഷം അസ്ത്ര പ്രജ്ഞനായി നിന്നു പോയി.. അവളിൽ നിന്നും അത്തരത്തിൽ ഒരു നീക്കം അപ്രതീക്ഷിതമായിരുന്നു… ഏതാനും സെക്കന്റുകൾക്കു ശേഷം അനു ചുണ്ടുകൾ പിൻവലിച്ചു.. ശേഷം എബിയുടെ കണ്ണുകളെ നേരിടാൻ അവൾക്കു ചെറിയ ചമ്മൽ തോന്നി…
“ഞാൻ പോവ്വാ … ഇനി സങ്കടൊന്നും വേണ്ട… അനു വാതിലിനരികിലേക്കു നടന്നുകൊണ്ട് ലോക്ക് തുറക്കാനാഞ്ഞു…. “ആഹ് അങ്ങനങ്ങു പോയാലോ … തന്നതു തിരിച്ചു വാങ്ങിട്ടു പോയാമതി… പൊതുവെ ഇങ്ങോട്ടു തരുന്നതിന്റെ നൂറ് മടങ്ങായി തിരിച്ചു കൊടുത്താ എന്റെ ശീലം… മുന്നോട്ടു നടന്ന അവളെ പിന്നിലൂടെ ചെന്ന് ഇടുപ്പിൽ ചുറ്റിപ്പിടിച്ചു കൊണ്ട് അവനോടു ചേർത്തു നിർത്തി എബി… “ഞാൻ പോട്ടെ… അവളൊന്നു ചിണുങ്ങി… പക്ഷെ എന്തോ അവളെ പൊതിഞ്ഞ അവന്റെ കൈകൾ തട്ടിമാറ്റിക്കൊണ്ട് സ്വതന്ത്രയാകാൻ മനസ്സ് സമ്മതിച്ചില്ല.. ഫാനിന്റെ കാറ്റിൽ പാറിപ്പറന്ന അവളുടെ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് , പിൻകഴുത്തിൽ അവളുടെ നിറത്തോട് വേർതിരിച്ചറിയാൻ സാധിക്കാതെ കിടന്ന സ്വർണ ചെയിൻ മെല്ലെ നീക്കി കഴുത്തിൽ മൃദുവായി അവൻ ചുണ്ടമർത്തി … അവളൊന്നു പുളഞ്ഞു.. പതിയെ എബി അവളെ അവന് അഭിമുഖമായി തിരിച്ചു നിർത്തി.. നാണത്താൽ താഴേക്കു മിഴുകളൂന്നി നിന്ന അവളുടെ താടിയിൽ പിടിച്ചുയർത്തി… ഇരുവരുടെയും കണ്ണിൽ നിന്നും പ്രണയം അഗ്നി കണക്കേ പ്രവഹിച്ചു കൊണ്ടിരുന്നു… എബി അവളുടെ നെറ്റിയിലും കവിളിണകളിലും മാറി മാറി ചുംബിച്ചു… നിറഞ്ഞ മിഴികളോടെ അവന്റെ സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് അനു അവനു കീഴ്പെട്ടു നിന്നു…
അത്രയ്ക്കിരുവരും പരസ്പരം പ്രണയത്താൽ അടിപ്പെട്ടു പോയിരുന്നു… ആ നിമിഷത്തിൽ നിന്നും വിട്ടു പോരാൻ പറ്റാത്ത വിധം വികാരാധിക്യം അവരിൽ പടർന്നു കഴിഞ്ഞിരുന്നു… അനുവിന്റെ കൂമ്പിയ മിഴികളും മൂക്കുത്തി തിളങ്ങുന്ന ഉയർന്ന നാസികയും ചുവന്ന ചുണ്ടുകളും അതിലേറെ ആരെയും മയക്കുന്ന ദാവണിയിൽ പൊതിഞ്ഞ ആ ശരീരവടിവും എബിയെ വല്ലാത്തൊരു ഉന്മാദത്തിലേക്കു കൂട്ടിക്കൊണ്ടു പോയിരുന്നു.. അവന്റെ കൈകൾ ദാവണിയ്ക്കിടയിലൂടെ അനുവിന്റെ വയറിലേക്ക് ഇഴഞ്ഞെത്തിയപ്പോൾ അവൾ വികാരവിവശയായി നേർത്ത ശബ്ദത്തോടെ അവനിലേക്ക് ചാഞ്ഞു… എബി അവളെ എടുത്തു കൊണ്ട് ബെഡ്ഡിനരികിലേക്കു നടന്നു… പ്രണയത്തിന്റെ ആ പൂങ്കാവനം അവർക്ക് അപരിചിതമായിരുന്നു.. എങ്കിലും മത്സരിച്ച് പ്രണയിച്ചു കൊണ്ട് ഇരുവരും അവർക്കിടയിലെ വിജയിയെ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരുന്നു… ഒടുവിൽ തളർന്നവന്റെ നെഞ്ചോരം ചേർന്നു കിടക്കുമ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൾ ചോദിച്ചു… “നമ്മള് ചെയ്തത് തെറ്റായിപ്പോയോ ഡോക്ടറെ…?? പെട്ടെന്നായിരുന്നു മറുപടി..
“തെറ്റു പറ്റാത്തവരായി ആരുണ്ട് ഗോപു … ഇതും പറഞ്ഞവൻ പൊട്ടിച്ചിരിച്ചു… “സീരിയസ്സ് ആയിട്ടൊരു കാര്യം ചോദിക്കുമ്പോഴാ തമാശ … പോടാ.. അനു ദേഷ്യപൂർവ്വം അവന്റെ താടിയിലെ രോമക്കൂട്ടത്തിൽ പിടിച്ചു വലിച്ചു… “ആവൂ…. വേദനിച്ചുക്കൊണ്ട് എബി ഒച്ചയുണ്ടാക്കി… “രോമത്തിൽ പിടിച്ചു വലിച്ചാൽ വേദനയെടുക്കും പെണ്ണേ … അവൻ താടിയിൽ തടവിക്കൊണ്ടു പറഞ്ഞു… “വേദനിക്കട്ടെ എനിക്കെന്താ .. അവളുടെ മറുപടി വളരെ അലസമായിരുന്നു.. “ഒന്നൂല്ലേ… എനിയ്ക് വേദനിച്ചാൽ തനിയ്ക്ക് ഒന്നുല്ലേ … പറ … എബി അവളെ അവന്റെ നെഞ്ചിൽ നിന്നും മുകളിലേക്ക് വലിച്ചുകൊണ്ട് മുഖത്തോട് മുഖം ചേർത്തു വച്ചു… “മമ്… ഉണ്ട്… അനു ചെറു ചിരിയോടെ മിഴികൾ താഴ്ത്തിക്കൊണ്ട് തലകുലുക്കി.. പിന്നെയൊരു കുഞ്ഞിനെപ്പോലെ അവനെ മാറോടു ചേർത്തു.. എബി അവളെ കെട്ടിപ്പിടിച്ചു കൊണ്ടു നിറഞ്ഞ മനസ്സോടെയങ്ങനെ കിടന്നു… എന്തൊക്കെയോ നേടിയവനെപ്പോലെ… എപ്പോഴോ അവന്റെ കണ്ണുകൾ ഈറനായി… കണ്ണീരിന്റെ നനവ് ദേഹത്ത് തട്ടിയപ്പോൾ അനു ഒന്നു തലയുയർത്തി എബിയെ നോക്കി… “കരയാണോ എന്റെ കുഞ്ഞ്…?? അവൾ അവന്റെ നെറുകയിൽ ചുംബിച്ചു കൊണ്ട് ഒന്നു കൂടി അവനെ നെഞ്ചോടു ചേർത്തു പിടിച്ചു…
“സങ്കടം കൊണ്ടല്ലടോ… സന്തോഷം കൊണ്ടാ… “മേ ബീ..എല്ലാവരും ഈയൊരു നിമിഷം ഇങ്ങനൊക്കെ ആയിരിക്കും… എന്റെ ലൈഫിൽ ആദ്യമായിട്ട് നടക്കുന്ന ഒരു കാര്യാ ഇത്… അതും ഞാനേറ്റവും ഇഷ്ടപ്പെടുന്ന ആൾക്കൊപ്പം.. ഞാൻ ഇപ്പോഴല്ലേടോ കംപ്ലീറ്റ് ആയത്.. എ കംപ്ലീറ്റ് മാൻ .. എന്നൊക്കെ പറയും പോലെ … എബി തലയുയർത്തി അവളെ നോക്കി പുഞ്ചിരിച്ചു.. കണ്ണുകൾ കൂട്ടിയടച്ചു കൊണ്ട് നന്ദി പ്രകടപ്പിച്ചു.. “ഡോക്ടർ വീണ്ടും പൈങ്കിളിയാകുന്നു… അനുവിന്റെ ചൊടികളിൽ കുസൃതി നിറഞ്ഞു… “ഈ സമയത്തെങ്കിലും അൽപ്പം പൈങ്കിളി ആയില്ലെങ്കിൽ പിന്നെ എപ്പോഴാടാ … ശവമടക്കിനോ … എബി അവളുടെ വയറിൽ താടിരോമം കൊണ്ടുരച്ചു.. “ശ്ശോ എനിയ്ക്ക് ഇക്കിളിയാവുന്നു.. അനു അവന്റെ തല പിടിച്ചു തള്ളി… “ആവട്ടെ… നേരത്തെ പിടിച്ചു വലിച്ചതല്ലേ… എബി ചിരിച്ചു.. “ടോ ..അതുപോട്ടെ ആന്റിയെങ്ങാൻ തന്നെ അന്വേഷിച്ച് ടെറസ്സിലേക്ക് വരോ … “ഹേയ് ഇല്ല.. കുറേ ദിവസായില്ലേ ഞാൻ പ്രാക്ടീസ് ചെയ്തിട്ട്.. ഇന്ന് ലേറ്റ് ആവുമെന്ന് ശ്രീക്കുട്ടിയോട് പറഞ്ഞ് വിട്ടിട്ടുണ്ട്.. “ആഹ് ബെസ്റ്റ് .. മോളുടെ ഡാൻസ് മുഴുവൻ എന്റെ നെഞ്ചത്താണെന്നു ആന്റിക്കറിയില്ലല്ലോ… അവൻ അവളെ നോക്കി കണ്ണിറുക്കി..
“അയ്യടാ.. ഇപ്പോ എനിയ്ക്കാ കുറ്റം… ഞാൻ മര്യാദയ്ക്ക് പോയതല്ലേ .. “എന്നതാ മര്യാദയ്ക്ക് പോയെന്നോ… നിന്നോടാരാടി എന്നെ കിസ്സ് ചെയ്യാൻ പറഞ്ഞത്.. വെറുതെ നിന്ന എന്റെ ഞരമ്പിനെ ചൂടുപിടിപ്പിച്ചിട്ട്… എബി അവളെ ചൂഴ്ന്നൊന്നു നോക്കി.. “അതു പിന്നെ ഞാൻ സങ്കടപ്പെടുത്തിയല്ലോന്ന് വിചാരിച്ച് സമാധാനിപ്പിക്കാൻ വേണ്ടി തന്നതല്ലേ.. അതിങ്ങനെ ആവോന്ന് ഞാൻ ഓർത്തോ … അനു നിസ്സംഗത അഭിനയിച്ചു. “എന്തായാലും വെർജിനിറ്റി തകർന്ന് തരിപ്പണമായി.. അതിനെ പറ്റി വല്ല ബോധ്യമുണ്ടോ തനിയ്ക്ക്… “എനിയ്ക്കതിൽ സങ്കടം ഒന്നും തോന്നുന്നില്ല ഡോക്ടറെ… അനു ഒരു നിമിഷത്തേക്ക് എന്തോ ഓർത്തു.. “നിന്നെ ഞാൻ തന്നെ സ്വന്തമാക്കും ” എന്ന അർജുന്റെ വെല്ലുവിളി അവൾക്ക് കാതുകളിൽ മുഴങ്ങുന്നതു പോലെ തോന്നി.. അനുവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി നിറഞ്ഞു.. “എന്താടോ.. എന്താ താൻ ആലോചിച്ചത്.. അവളെത്തന്നെ നോക്കിയിരിക്കുകയായിരുന്നു എബി.. “ഹേയ് ഒന്നൂല്ല ഡോക്ടറെ… ” സത്യത്തിൽ എന്തിനാടോ ഇത്രേം ദിവസം എന്നോട് പിണങ്ങിയിരുന്നത് .. ആന്റി പറഞ്ഞതു കൊണ്ടു തന്നെയാണോ .. അതോ മറ്റെന്തെങ്കിലും റീസൺ ഉണ്ടോ.. ” ഹേയ്… ഒന്നൂല്ല…അവളൊന്നു പരുങ്ങി.. “അമ്മ അങ്ങനൊക്കെ പറഞ്ഞപ്പോൾ എല്ലാം നിർത്താം എന്നു വിചാരിച്ചു പോയി..
പക്ഷെ ഇപ്പോ മനസ്സിലായി അത് എന്നെക്കൊണ്ട് സാധ്യമല്ലെന്ന് … അവളുടെ വാക്കുകൾക്ക് ദീർഘ നിശ്വാസത്തിന്റെ അകമ്പടിയുണ്ടായിരുന്നു.. മ്ഹ്… എബിയൊന്നിരുത്തി മൂളി.. “വേറെന്താടോ എന്നോടു പറയാനുള്ളത്… “എനിയ്ക്കോ.. പറയാനോ .. അനു ഒരു നിമിഷം ആലോചനയിൽ മുഴുകി “എനിയ്ക്ക് ഡോക്ടറെ ഒരുപാടൊരുപാട് ഇഷ്ടാണ്.. എന്റെ ജീവനാണ് …!! അവൾ എബിയുടെ ചെവിയിൽ രഹസ്യമായി മന്ത്രിച്ചു.. അവളുടെ നിശ്വാസത്തിന്റെ ചൂടുതട്ടിയപ്പോൾ അവന്റെ രോമങ്ങൾ എഴുന്നേറ്റു നിന്നു.. പ്രണയം വീണ്ടും സിരകളെ ചൂടുപിടിപ്പിക്കവെ അവളുടെ നെഞ്ചിൽ നിന്നെഴുന്നേറ്റുകൊണ്ട് വീണ്ടുമവളിലേക്ക് ലയിക്കാൻ അവന്റെ ഹൃദയം തുടികൊട്ടി… “താൻ വല്ലാതെ .. വല്ലാതെ സുന്ദരിയാടോ … ഒരു അപ്സരസ്സിനെപ്പോൽ … തന്റെയീ സൗന്ദര്യം ഇതെനിയ്ക്ക് മാത്രം ഉള്ളതാണ്… എന്റെ മാത്രം !! അനു മറുപടി പറയും മുൻപ് അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ മറച്ചു കഴിഞ്ഞിരുന്നു.. തുടരും..

by