രചന – നിവേദ്യ ഹരിഹരൻ
അനു അവനെ തറപ്പിച്ചു നോക്കി. “പ്രാണിം ഗ്രഹണിം ഒന്നുമല്ല എന്റെ ഡോക്ടറെ… താൻ എവിടത്തെ ഡോക്ടറാ…?? അവൾ തലയ്ക്ക് കൈ കൊടുത്തിരുന്നു. “ഞാൻ തന്റെ നാട്ടിലെ ഡോക്ടർ… എന്താ അറിയില്ലേ.. അവൻ കുസ്യതി ചിരിയോടെ പറഞ്ഞു. “അല്ലാ എങ്ങനെ അതൊക്കെ പാസ്സായെന്ന ഞാൻ ആലോചിക്കണത്… അവൾ കൃഷ്ണമണി മുകളിലേക്ക് ചലിപ്പിച്ചു കൊണ്ടു പറഞ്ഞു. “അപ്പന്റെ പൈസക്ക് വാങ്ങിയ സീറ്റാ.. തട്ടീം മുട്ടീം പാസ്സായതാ… പിന്നെ താൻ പറഞ്ഞത് .. ലോ ലതില്ലേ… അതവിടെ പഠിപ്പിച്ചിട്ടില്ലട്ടാ… അതാ അറിയാത്തത് . സോറി ….. അവൻ വീണ്ടും ചിരിച്ചു. “കടവുളേ… പാവം പേഷ്യന്റ്സ്..! അനു നെഞ്ചിൽ കൈവച്ച് പറഞ്ഞു. “അത് താൻ പറഞ്ഞത് കറക്റ്റ്.. അതു പോട്ടെ.. താൻ പറഞ്ഞ മറ്റേ സംഭവം.. പ്രാണി ..അതെന്താ ?? “പൊന്നു ഡോക്ടറെ പ്രാണിയല്ല.. പാണിഗ്രഹണം.. ന്ന് വച്ചാ… അവൾ നിർത്തി. “എന്നു വച്ചാൽ… പറ.. അവൻ ആകാംഷയോടെ അവളെ ഉറ്റുനോക്കി.
“എന്ന് വച്ചാൽ… അത്… “ഹാ… താൻ പറയെടോ… എന്നതാ അത്… അറിയാത്തോണ്ടല്ലേ ചോദിക്കണത് . ” അത് പിന്നെ…കന്യകയായ ഒരു പെൺകുട്ടിടെ വലതുകരം വിവാഹം കഴിയാത്ത പുരുഷൻ വലതുകരം കൊണ്ട് പിടിക്കുന്നത്… അവൾ നിർത്തിയിട്ട് എബിനെ നോക്കി. “പിടിക്കുന്നത്… “അത്… ഞങ്ങൾടെ വിശ്വാസ പ്രകാരം വിവാഹമാണ്. വിവാഹ ചടങ്ങുകളിലെ ഒരു പ്രധാന ചടങ്ങാണ് പാണിഗ്രഹണം. അനുവിന്റെ മുഖത്ത് സങ്കടവും ദേഷ്യവും നിറഞ്ഞു. ഡോക്ടർ അത് ചെയ്യാൻ പാടില്ലായിരുന്നു… അവൾ അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു. “എന്തോന്ന് വിവാഹോ… എബിന്റെ കണ്ണുകൾ പുറത്തേക്ക് ഉന്തി. “കൈയ്യിൽ ഒന്നു പിടിച്ചതിന് വിവാഹം ചെയ്തെന്നാണോ താൻ പറഞ്ഞ് വരണത്… ബെസ്റ്റ്..!! എബിൻ കള്ളച്ചിരിയോടെ അവളെ നോക്കി.
“അയ്യടാ.. വിവാഹം.. അതങ്ങ് മറന്നേക്ക് ഡോക്ടറ്… ഞാനാ ചടങ്ങ് പറഞ്ഞതാ.. പാട്ടിയമ്മ അറിഞ്ഞാൽ തീർന്നു. അതും ഒരന്യജാതിക്കാരൻ… അവളുടെ മുഖത്ത് പരിഭ്രമം നിഴലിച്ചു. “എന്റെ പൊന്നു കൊച്ചേ പാട്ടിയമ്മ ഇതെങ്ങനെ അറിയാനാ . ഞാൻ പറയാനൊന്നും പോണില്ല. അവൻ അവളെ നോക്കി കണ്ണിറുക്കി. ” ഏത് നേരത്താണാവോ ഇവിടെ വന്നിരിക്കാൻ പറയാൻ തോന്നിയത്. അനു പിറുപിറുത്തു. “എന്തോന്ന്..?? എബി അവളെ സസൂഷ്മം നോക്കി. “ഞാൻ ഒന്നും പറഞ്ഞില്ലേ. ഞാൻ എന്റെ സീറ്റിൽ തന്നെ ഇരുന്നോളാം. ഇതും പറഞ്ഞ് അനു എഴുന്നേറ്റ് അവന്റെ എതിർ വശത്തിരുന്നു. എബിയുടെ ചുണ്ടിൽ ഗൂഢമായൊരു പുഞ്ചിരി വിടർന്നു. “എടോ… അനു പിന്നേയ്… ഒരു കാര്യം … എബി മുന്നിലേക്കാഞ്ഞിരുന്നു. “എന്താ ഡോക്ടറെ പറ… അനു താൽപര്യമില്ലാത്ത പോലെ ചോദിച്ചു. “അതു പിന്നെ താൻ നേരത്തെ പറഞ്ഞില്ലേ.. കല്യാണത്തിന്റെ കാര്യം… അതിന് എനിക്ക് എതിർപ്പൊന്നുമില്ലട്ടാ… പാണിഗ്രഹണവും കഴിഞ്ഞു…. എബി ചുണ്ടുകൾ കടിച്ചു പിടിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു. “ദേ ഡോക്ടറെ…. അനു ഒന്നുകൂടി ഇളകിയിരുന്നിട്ട് മുഖം തിരിച്ചു.
അവളുടെ ആ പ്രവൃത്തി കണ്ട് എബി പൊട്ടിച്ചിരിച്ചു. ” ഓഹ് ആക്കിയതാണല്ലേ… അനു പുച്ഛത്തോടെ മുഖം കോട്ടി. “മമ് ചെറുതായിട്ട് …. അവൻ സീറ്റിലേക്ക് ചാരിയിരുന്നു. അനു പഴയ സ്ഥാനത്തേക്കിരുന്നപ്പോൾ മുകളിലെ ബർത്തിൽ ഉള്ളയാൾ വീണ്ടും അവളെ നോക്കിയിരിക്കുന്നത് എബിയുടെ ശ്രദ്ധയിൽ പെട്ടു. അവൻ ചാടി എണീറ്റു. “എന്നാത്തിനാടോ ഇങ്ങനെ പെൺപിള്ളേരെ കാണാത്ത പോലെ നോക്കണത്. ദേ ഇനീം നോക്കിയാൽ തന്റെ കണ്ണിലോട്ട് സാനിറ്റെസർ സ്പ്രേ ചെയ്യും ഞാൻ.. തിരിഞ്ഞ് കെടക്കെടോ.. എബിന്റെ ശരീര ഭാഷ കണ്ട് അയാൾ ഒന്നു പകച്ചെങ്കിലും ശേഷം മറ്റേതോ ഭാഷയിൽ എന്തൊക്കെയോ അവനോട് തിരിച്ച് പറഞ്ഞു. എബിയ്ക്ക് ഒന്നും മനസ്സിലായില്ല .. ചെറുതായി ചമ്മിയെങ്കിലും അവൻ വിട്ടു കൊടുക്കാൻ തയ്യാറായില്ല.
“ആഹ് താൻ മലയാളിയല്ലാത്തതു കൊണ്ടു മാത്രം തന്നെ ഞാൻ വെറുതെ വിടുന്നു . ചമ്മൽ മുഖത്തു കാണിക്കാതെ അവൻ സീറ്റിലേക്കിരുന്നു. അനു അവൻ കാണാതെ തിരിഞ്ഞിരുന്ന് ചിരിച്ചു. എബി പതുക്കെ ബാഗ് തുറന്ന് ഒരു ബുക്കെടുത്ത് നിവർത്തിയിട്ട് അനുവിനെ നോക്കി. “കുഴപ്പൂല്ല ചമ്മിയത് വേറാർക്കും മനസ്സിലായിട്ടില്ല. അവൾ സ്വകാര്യം പോലെ ചുണ്ടനക്കി പറഞ്ഞ് അവനെ നോക്കി കളിയാക്കി ചിരിച്ചു.. എബി ബുക്കു കൊണ്ടു മുഖം മറച്ചു പിടിച്ചു “ഛേ വേണ്ടാരുന്നു. അവൻ പിറുപിറുത്തു. കുറേ സമയം കഴിഞ്ഞു കാണും… “ഡോക്ടറെ ഉറങ്ങുവാണോ…?? എന്ന ശബ്ദം കേട്ടാണ് എബി കണ്ണുതുറന്നത്. അനുവാണ്… “ആഹ് വായിച്ച് ചെറുതായി ഉറങ്ങിപ്പോയി എന്താ…?? “ദാ അച്ചപ്പം .. പാട്ടി തന്നുവിട്ടതാ ട്രെയിനിലിരുന്നു കഴിക്കാൻ .
അവൾ പാത്രം അവനു നേരെ നീട്ടി. “ഓഹ് താങ്ക്യു.. എബി ഒരെണ്ണമെടുത്ത് കഴിക്കാൻ തുടങ്ങി. “വാവ്… നല്ല ടേസ്റ്റ്…!! പാട്ടി നല്ല അസ്സൽ കുക്കാണ് അല്ലേ… “ആ ഡോക്ടറെ… നന്നായി ഉണ്ടാക്കും എല്ലാം.. എന്നിട്ട് ഞങ്ങളെക്കൊണ്ട് കഴിപ്പിക്കലാ പ്രധാന പണി. മുൻപ് ഞാൻ കലാമണ്ഡലത്തിൽ ആയിരുന്നപ്പോ ഒരു ലോഡ് സാധനങ്ങൾ അങ്ങോട്ട് തന്നുവിടുമായിരുന്നു. അവിടെ എല്ലാവരും കാത്തിരിക്കും ഞാൻ ചെല്ലാൻ… വെക്കേഷൻ കഴിഞ്ഞ്,.. അനു എന്തോ ഓർത്തു ചിരിച്ചു. “മാര്യേജിന് കാണാല്ലോ തന്റെ എല്ലാ ഫ്രണ്ട്സിനെയും അല്ലേ..?? അച്ചപ്പത്തിന്റെ പീസ് വായിലേക്കിട്ടു ശബ്ദമുണ്ടാക്കികൊണ്ട് എബി പറഞ്ഞു. “മ്ഹ്… എല്ലാരും വരും അതാ ഇത്ര അകലെയായിട്ടും ഞാൻ പോകാന്നു വച്ചത്.. കുറേനാൾക്കു ശേഷാ എല്ലാരേം കാണുന്നത്. അവളുടെ ഉള്ളിലെ സന്തോഷം മുഖത്ത് പ്രകടമായിരുന്നു. “ഈ ആരതി തന്റെ ബെസ്റ്റ് ഫ്രണ്ടാ…?? ” അതെ… അവളും ഞാനും ഒരേ ഹോസ്റ്റൽ റൂമിൽ ആയിരുന്നു.
അനുവിന്റെ മുഖം വിടർന്നു. “ഡോക്ടർക്ക് ഒരു അച്ചപ്പം കൂടി വേണോ… അവൾ പാത്രം വീണ്ടും നീട്ടാനൊരുങ്ങി. “വേണ്ടെടോ… മതി എടുത്ത് വെച്ചേക്ക്.. എബി ബാഗിൽ നിന്നും കുപ്പിയിലെ വെള്ളമെടുത്ത് കുടിച്ചു. “തനിക്ക് വേണോ വെള്ളം… അവൻ കുപ്പി അനുവിനു നേരെ നീട്ടി. “വേണ്ട എന്റെ ബാഗിലുണ്ട്. അവൾ ബാഗിൽ അമർത്തി കാണിച്ചു. “ഓകെ… ഇനി കുറച്ചു സമയത്തിനുള്ളിൽ നമ്മൾ കോട്ടയത്തെത്തും. താന്റെ ഫ്രണ്ട്സ് വരുമെന്നല്ലേ പറഞ്ഞത്. “ആഹ് വരും ഡോക്ടറെ… “ഞാൻ എന്റെ വീട്ടിലേക്കാ.. താൻ വരുന്നില്ലല്ലോ… വന്നാൽ എന്റെ ഒറ്റയാൻ അപ്പനെം മാടപ്രാവു പോലത്തെ അമ്മച്ചിയേം പരിചയപ്പെടാം.. എബിൻ അവളെ വീട്ടിലേക്ക് ക്ഷണിച്ചു. “ഓഹ് ഇപ്പോ വരുന്നില്ല ഡോക്ടറെ.. ഫ്രണ്ട്സ് വഴക്കിടും. സ്നേഹപൂർവ്വം അവളത് നിരസിച്ചു. “ശരി തന്റെയിഷ്ടം … കുറച്ചു സമയത്തിനു ശേഷം ട്രെയിൻ കോട്ടയം റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേർന്നു. അനുവിനെ പിക്ക് ചെയ്യാൻ വേണ്ടി കൂട്ടുകാർ എത്തിയിരുന്നു. അവളെ കണ്ടതോടെ അവർ ഓടി വന്നു കെട്ടിപ്പിടിച്ചു.
എബിൻ അവരെ നോക്കി കുറച്ചപ്പുറത്തേക്ക് മാറി നിന്നു. കൂട്ടുകാർ ലഗേജ് വയ്ക്കാനായി കാറിനടുത്തേക്ക് പോയപ്പോൾ എബിനോട് യാത്ര പറയാൻ വേണ്ടി അവൾ അവനടുത്തേക്ക് ചെന്നു. “ഞാൻ പോട്ടെ ഡോക്ടറെ.. നാളെ കല്യാണ വീട്ടിൽ വച്ച് കാണാട്ടോ… “ഓകെ അനു … സീ യു ടുമാറോ… അവൾ തിരിച്ച് നടന്നപ്പോൾ എബിൻ വിളിച്ചു “ടോ വൈഫീ… അനു തിരിഞ്ഞു … “എന്തോന്ന്..?? അവൾ പുരികം ചുളിച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു “വൈഫീന്ന്… പാണിഗ്രഹണം കഴിഞ്ഞാ പിന്നെ അങ്ങനാണല്ലോ… എന്താ ഇഷ്ടപ്പെട്ടില്ലേ.. അതേയ് അന്നേരം പറഞ്ഞ കാര്യത്തിന് ഇപ്പോഴും ഞാൻ റെഡിയാന്നേ… നാളെ അവർടെ കൂടെ വേണേൽ ഇതും നടത്താ കൊച്ചേ… എബിയുടെ മുഖത്ത് കുസ്യതി നിറഞ്ഞു. “ദേ ഡോക്ടറെ … വേണ്ടാട്ടോ.. അനു ദേഷ്യം അഭിനയിച്ചു. ഒളിഞ്ഞിരുന്നൊരു പുഞ്ചിരിയോടെ അവൾ കാറിനടുത്തേക്ക് വേഗത്തിൽ നടന്നു. തുടരും

by