രചന – മൈഥിലി മിത്ര
“ചേച്ചി, ഇപ്പോ എങ്ങനെയുണ്ട്.. വയ്യാഴിക മാറിയോ “.. ഹോസ്പിറ്റലിൽ നിന്നും വന്നതിനു ശേഷം ക്ഷീണം കാരണം ഒന്നുറങ്ങിപ്പോയി.. ജനലിൽ കൂടെ പുറത്തേക്കു നോക്കിയപ്പോൾ ഇരുട്ട് പരന്നിരുന്നു.. പാറുവിന്റെ ഒച്ച കേട്ടാണ് എണീറ്റത് തന്നെ.. “മാറി മോളെ.. ഇപ്പോ കുഴപ്പൊന്നൂല്യ “… ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും, അവൾക്കു വല്ലാത്ത ജാള്യത തോന്നി, ഇത്രയും നേരം ഉറങ്ങി പോയതോർത്തു… “എങ്കിൽ പുറത്തേക്കു വാ ചേച്ചി.. അത്താഴത്തിന് സമയം ആയി.. അവിടെ ചേച്ചിയെ എല്ലാരും അന്വേഷിച്ചു “… “മോള് പൊക്കോ .. ഞാനൊന്ന് ഫ്രഷ് ആയിട്ട് വരാം “… “ആ ചേച്ചി.. വേഗം വരണേ.. മേല് കഴുകാൻ അമ്മ ചൂട് വെള്ളം കൊണ്ട് തരും ട്ടോ “… പറഞ്ഞു കൊണ്ട് പാറു വാതിൽ കടന്നു പുറത്തേക്കു പോയി.. കുറച്ചു നേരം കൂടി രേവതി കട്ടിലിൽ തന്നെയിരുന്നു.. മുറിക്കു പുറത്തേക്കിറങ്ങാൻ അവൾക്കു മടി തോന്നി..ഹോസ്പിറ്റലിൽ നിന്നും താൻ വന്നപ്പോൾ അനന്തേട്ടൻ വീട്ടിൽ ഇല്ലായിരുന്നു, ഇപ്പോൾ എത്തി കാണുമായിരിക്കും.. ഏട്ടന് ഞാൻ ഇവിടെ വന്നത് ഇഷ്ടാകുമോ.. ഒരിക്കലും ആവില്ല.. അവളുടെ ചിന്തകൾക്ക് ഭാരം കൂടിക്കൊണ്ടേയിരുന്നു..
“നല്ല പോലെ ഉറങ്ങിയോ മോളെ “… ഒരു ചരുവത്തിൽ രേവതിക്കു കുളിക്കാനുള്ള ചൂടുവെള്ളവുമായി വന്നതാണ് ശാരദ .. അത് കൊണ്ടുപോയി കുളിമുറിയിലെ ബക്കറ്റിലേക്കൊഴിച്ചു, തിരിച്ചു അവളുടെ അടുത്തേക്ക് ചെന്നു …. “ഉറങ്ങിയമ്മേ “.. അവൾക്കെന്തോ വല്ലായ്മ തോന്നി.. തനിക്കു കുളിക്കാനുള്ള വെള്ളം പോലും ശാരദ കൊണ്ടുവന്നെല്ലോ എന്നോർത്തു… “മോള് പോയി ഒന്ന് മേല് കഴുകു.. തലയിലൊഴിക്കേണ്ട കെട്ടോ.. ഇട്ടു മാറാനുള്ളത് പാറു വീട്ടിൽ നിന്നും എടുത്തോണ്ട് വന്നിട്ടുണ്ട്”… മറുപടിയായി അവളൊന്നു മൂളി.. രേവതിയുടെ അടുത്തേക്ക് ചെന്നു നെറ്റിയിൽ ഒന്ന് തൊട്ടുനോക്കിയവർ… “പനി നല്ലോണം കുറഞ്ഞല്ലോ.. ക്ഷീണം ഉണ്ടാവും.. വേഗം പോയി കുളിച്ചിട്ടു വാ.. ഞാൻ ഇച്ചിരി കഞ്ഞി നിനക്ക് വേണ്ടി ഉണ്ടാക്കിയിട്ടുണ്ട് “.. സമ്മതപൂർവ്വം തലയിന്നാട്ടി കൊണ്ടു, ഉടുതുമാറാനുള്ള ഡ്രെസ്സും എടുത്തു അവൾ കുളിമുറിയിലേക്ക് കയറി.. കുളി കഴിഞ്ഞു ഇറങ്ങി വന്നു നോക്കുമ്പോൾ ശാരദമ്മ അവളുടെ കട്ടിലിൽ ഇരിക്കുന്നത് കണ്ടു..
“മോൾക്ക് വയ്യാത്തല്ലേ.. പിന്നേം തലകറങ്ങി വല്ലോം വീണാലോന്നോർത്തു ഇരുന്നതാ “… ഒരു ചിരിയോടെ അവരത് പറഞ്ഞു ബെഡിൽ നിന്നുമെഴുന്നേറ്റു.. അവളുടെ അടുത്തേക്ക് ചെന്നു, കവിളിലൊന്നു അരുമയായി തലോടി… “അമ്മ അടുത്തില്ലെന്നോർത്തു സങ്കടപ്പെടേണ്ട കെട്ടോ.. ഞങ്ങളൊക്കെ ഇവിടെയില്ലേ.. മ്മ് “… ശാരദയുടെ പറച്ചിലിൽ അവളുടെ മനമൊന്നു കുളിർന്നു.. രേവതി അവരെ നോക്കി മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു.. “ബാ, കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട്.. അങ്ങോട്ടേക്ക് പോകാം “… പറഞ്ഞുകൊണ്ടവർ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ടേക്ക് നടക്കാൻ ആഞ്ഞു .. രേവതി അപ്പോഴും നിന്നിടത്തു തന്നെ നിൽക്കുകയായിരുന്നു.. “എന്താ മോളെ, എന്ത് പറ്റി നിനക്ക് “… ശാരദ തിരിഞ്ഞു നിന്നവളോട് ചോദിച്ചു… “അത്, അതുപിന്നെ… ഞാൻ കുറച്ചു കഴിഞ്ഞു കഴിച്ചോളാം അമ്മേ “… അനന്തന്റെ മുന്നിൽ ചെല്ലാനുള്ള കെൽപ്പു അവൾക്കില്ലായിരുന്നു…. “അങ്ങനെയൊന്നും പറഞ്ഞാൽ പറ്റില്ല.. കഴിച്ചിട്ട് ഗുളിക കഴിക്കാനുള്ളതല്ലേ.. വന്നേ എന്റെ കൂടെ “…. നിവർത്തിയില്ലാതെ ശാരദയുടെ പുറകെ നടന്നു..
ഡൈനിങ് ടേബിളിന്റെ ചുറ്റും എല്ലാവരും ഇരിപ്പുണ്ട്.. അനന്തനും അച്യുതനും ഉണ്ണിയും കഴിക്കുന്നു.. പാറുവാണെങ്കിൽ, ആർക്കോ വേണ്ടി കാത്തിരിക്കുന്നത് പോലെ പ്ലേറ്റിൽ ചോറും എടുത്തു വെച്ചു കൊണ്ട് നോക്കിയിരിപ്പുണ്ട്.. സീതമ്മ എല്ലാവർക്കും വിളമ്പി കൊടുത്തുകൊണ്ട് അടുക്കൽ തന്നെ നിൽക്കുന്നു.. “വേഗം വാ, ചേച്ചിക്ക് വേണ്ടിയാ ഞാൻ വെയിറ്റ് ചെയ്തിരിക്കുന്നെ.. വിശന്നിട്ടു കുടല് കത്തുന്നു “… രേവതിയെ കണ്ട ഉടനെ തന്നെ പാറു വിളിച്ചു കൂവി.. എന്നിട്ട് ഒരു പാത്രം എടുത്തു അതിലേക്കു ചൂട് കഞ്ഞി വിളമ്പി… “വാ വന്നു കുടിക്കു.. ചേച്ചിക്ക് മാത്രം കഞ്ഞിയാ ഇന്ന് “…. പറഞ്ഞുകൊണ്ട് ചിരിക്കുന്ന പാറുവിനെ നോക്കി ഉണ്ണീ കണ്ണുരുട്ടി കാണിച്ചു.. അവനെ നോക്കി കോക്രി കാട്ടി അവൾ കഴിക്കാൻ തുടങ്ങി.. രേവതി എന്ത് ചെയ്യണമെന്നറിയാതെ അവിടെ തന്നെ പിന്നെയും താളം ചവിട്ടി നിന്നു.. “എന്താ മോളെ അവിടെ തന്നെ നിൽക്കുന്നെ.. വന്നിരുന്നു കഴിച്ചേ “… അച്യുതൻ രേവതിയോടായി പറഞ്ഞു..
അവളൊന്നു ചിരിച്ചു കൊണ്ട് തലയാട്ടി.. ഉണ്ണിയെ നോക്കിയപ്പോൾ, വന്നിരുന്നു കഴിക്കാൻ പറഞ്ഞു ആംഗ്യം കാട്ടുന്നുണ്ട്.. അനന്തേട്ടൻ മാത്രം മുഖമുയർത്തുന്നില്ല.. പ്ലേറ്റിലേക്കു തന്നെ നോക്കികൊണ്ട് കഴിക്കുകയാണ് ആള്.. അവൾക്കെന്തോ അവനെതിരെയിരുന്നു കഴിക്കാൻ വല്ലായ്മ തോന്നി.. “ഇങ്ങു വന്നിരുന്നേ രേവതി നീയ്.. എത്ര പ്രാവശ്യം പറയണം കുട്ടി നിന്നോട്.. ഇനി ഞാൻ വടിയെടുക്കണോ “… സീത അവളെ പിടിച്ചുകൊണ്ടു പോയി അനന്തന്റെ എതിർ വശത്തു ഇട്ടിരുന്ന ചെയറിൽ കൊണ്ടുപോയി ഇരുത്തി.. ഒരു വറ്റു പോലും കഴിക്കാനായില്ല രേവതിക്കു .. പ്ലേറ്റി ലുള്ള കഞ്ഞിയിൽ സ്പൂണിട്ട് ഇളക്കികൊണ്ടിരുന്നു.. “ഞാൻ കോരി തരണോ മോളെ “… ശാരദയവളുടെ അടുത്ത് കിടന്ന കസേരയിൽ ചെന്നിരുന്നു.. “വേണ്ടമ്മേ.. ഞാൻ… കഴിച്ചോളാം..”.. പതിയെ ഇരുന്നു കഞ്ഞി കുടിക്കാൻ തുടങ്ങി രേവതി.. അനന്തൻറെ സാമീപ്യം അവളെ സന്തോഷിപ്പിച്ചുവെങ്കിലും, ആ മൗനം അവളെ കുത്തി വേദനിപ്പിക്കുന്നതായിരുന്നു..
“ഡാ മുഴുവൻ കഴിച്ചിട്ട് പോ.. കുറച്ചല്ലേ തിന്നുള്ളൂ നീയ് “… സീതമ്മ പറയുന്നത് കേട്ടാണ് രേവതി തലയുയർത്തി നോക്കിയത്.. അനന്തൻ പകുതി തിന്നിട്ട് എണിറ്റു പോയിരിക്കുന്നു.. കഴിച്ചത് തൊണ്ടയിൽ നിന്നു ഇറക്കാൻ മേലാത്ത പോലെ അവളിരുന്നു.. താൻ ഉള്ളത് കാരണമാണോ ഏട്ടൻ കഴിക്കാതെ എണീറ്റത്.. എന്തൊരു നശിച്ച ജന്മമാണ് എന്റേത് .. ഉരുണ്ടു കൂടിയ കണ്ണീര്, താഴെ വീഴാതെ കൺ പോളകൾ ഇറുക്കിയടച്ചു.. പിന്നൊന്നും കഴിക്കാൻ രേവതിക്കും തോന്നിയില്ല.. “മതിയമ്മേ എനിക്ക്.. ഒട്ടും വിശപ്പില്ല “.. തൊണ്ടയിടറാതെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.. “അങ്ങനെ പറഞ്ഞാ പറ്റൂല്ല.. ഇച്ചിരിയെങ്കിലും കഴിക്കണം. അല്ലാതെ ടാബ്‌ലറ്റ് എങ്ങനെയാ എടുക്കുന്നെ നീയ് “.. ശാരദമ്മ നിർബന്ധിപ്പിച്ചു അവളെ ആ കഞ്ഞി പകുതി കുടിപ്പിച്ചു.. ഒരു വിധം എങ്ങനെയൊക്കെയോ കഴിച്ചിട്ട്, രേവതി പതിയെ എണിറ്റു മുറിയിലേക്ക് പോയി.. ഇതെല്ലാം നോക്കികൊണ്ടിരുന്ന ഉണ്ണിയുടെയും പാറുവിന്റെയും കണ്ണുകളിൽ വേദന പൊടിഞ്ഞിരുന്നു, അവളുടെ സങ്കടം കാണാനാവാതെ…. ഇതേ സമയം ഉമ്മരപ്പടിയിലിരുന്നു ദൂരെ ഒരു നക്ഷത്രത്തെ നോക്കിയിരിക്കുകയായിരുന്നു അനന്തൻ, അവന്റെ ഭാമയെന്ന ആ കുഞ്ഞു താരകത്തെ………….
“മാധവന്റെ കൊലക്കേസ് റീ ഓപ്പൺ ചെയ്തു.. കുറച്ചു കാര്യം അന്വേഷിക്കാൻ വന്നതാണ് ഞങ്ങൾ.. അതിനു നിങ്ങൾ സഹകരിക്കണം..”… അർണവിന്റെ ശബ്ദം ഉറച്ചതായിരുന്നു.. രമണി ഒന്നും പറയാതെ അയാളെ തന്നെ നോക്കിയിരുന്നു.. ഏകദേശം മുപ്പത്തഞ്ചു വയസ്സ് തോന്നിക്കും അയാൾക്ക്.. മുഖത്ത് ഗൗരവമാണ് സ്ഥായീ ഭാവം.. നല്ല പൊക്കവും ഉറച്ച ശരീരവും… ഇയാളെ സൂക്ഷിക്കണമെന്ന് മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി രമണിക്ക്.. ഉള്ളിൽ പേടിയുണ്ടെങ്കിലും പുറത്ത് കാട്ടാതെ നിന്നവർ.. കൂടെയുള്ള ജിതിൻ അവരെ നോക്കി ചെറു പുഞ്ചിരി നൽകി… “സർ ചോദിച്ചോളൂ.. അറിയാവുന്നതൊക്കെ പറഞ്ഞു തരാം “… “മാധവനു എന്തായിരുന്നു ജോലി “… “കോൺട്രാക്ടർ ആയിരുന്നു സാറേ.. ഈ കെട്ടിടത്തിന്റെയൊക്കെ പണി “… “അയാള് നിങ്ങളോട് എങ്ങനെയായിരുന്നു പെരുമാറിയിരുന്നത് “… “വല്യ രസത്തിലായിരുന്നില്ല.. വീട്ടു ചിലവും ഞങ്ങളുടെ കാര്യങ്ങളും ഒക്കെ നോക്കിയിരുന്നു സാർ “.. “നിങ്ങള്ക്ക് എത്ര മക്കളുണ്ട് “… “ഒരുമകളെ ഉളളൂ.. പേര് ചിത്തിര “.. “മാധവന്റെ മരണത്തിൽ നിങ്ങൾക്കാരെയെങ്കിലും സംശയം ഉണ്ടോ “… കാലിന്മേൽ കാല് കയറ്റി വെച്ചു കൊണ്ടായിരുന്നു ചോദ്യം…
“ഇല്ല സർ “… “മരിച്ചു പോയ നിങ്ങളുടെ ഭർത്താവിന് ആരെങ്കിലും ശത്രുക്കൾ ഉണ്ടായിരുന്നോ “… “അറിയില്ല സർ.. എന്റെയറിവിൽ ഇല്ല “… “നിങ്ങളുടെ വീട്ടിൽ ഒരു കുട്ടിയുണ്ടായിരുന്നല്ലോ.. ഭാമ .. അവൾ ആത്മഹത്യ ചെയ്യാനുള്ള കാരണം “… “എന്റെ ഭർത്താവാണ് കാരണം.. അയാളൊരു ക്രൂരനായിരുന്നു സാറേ.. അവളെ ഭയപ്പെടുത്തി പീഡിപ്പിച്ചിരുന്നയാൾ.. കുറെ ആൾക്കാർക്ക് കൂട്ടി കൊടുത്തിട്ടുണ്ട്.. ഒടുവിൽ വയറ്റിലൊരു കുഞ്ഞിനേയും കൊടുത്തു.. സഹികെട്ടിട്ട സാറേ അവള് കെട്ടി തൂങ്ങി മരിച്ചത് “… അലറി കരഞ്ഞു കൊണ്ടാണ് രമണിയത് പറഞ്ഞു തീർത്തത്.. അവരുടെ കരച്ചിലോന്നടങ്ങുന്നത് വരെ അർണവ് കാത്തിരുന്നു.. “നിങ്ങൾക്കെങ്ങനെ ഉറപ്പിച്ചു പറയാനാവും, നിങ്ങളുടെ ഭർത്താവിന്റെ കുഞ്ഞാണ് ഭാമയുടെ വയറ്റിൽ ഉണ്ടായിരുന്നതെന്നു.. “… “അത്.. ഭാമ എഴുതിയ കത്തിലുണ്ടായിരുന്നു സാറേ “… “എന്നിട്ട് നിങ്ങളെന്താ പോലീസിൽ അത് പറയാതിരുന്നത് “.. “മാധവട്ടനെ പേടിച്ചാ .. എന്റെ മോളെ ഉപദ്രവിക്കുമെന്ന് പറഞ്ഞു എന്നെ ഭീഷണിപ്പെടുത്തി അന്ന് “… അർണവ് അമർത്തിയൊന്നു മൂളി… “ആ കത്തു നിങ്ങളുടെ കയ്യിലുണ്ടോ ഇപ്പോൾ “.. “ഉണ്ട് സാറേ.. ഞാനത് തരാം “… പറഞ്ഞു കൊണ്ട് രമണി അകത്തേക്ക് ചെന്നു..
ഭാമയുടെ തുണിയും മറ്റും സൂക്ഷിക്കുന്ന പെട്ടി തുറന്നു.. അവളതിൽ ഭദ്രമായി സൂക്ഷിച്ചു വെച്ച ഡയറിയിൽ നിന്നും ആ കത്തെടുത്തു കൊണ്ടുവന്നു അർണവിന് കൊടുത്തു.. അയാളതൊന്നു വായിച്ചു നോക്കിയിട്ട് ജിതിന് നേരെ നീട്ടി.. “ഈ വീട്ടിൽ ഇത്രയും സംഭവങ്ങൾ നടന്നിട്ടും നിങ്ങൾ അറിഞ്ഞില്ലെന്നു പറഞ്ഞാൽ ഞാൻ എങ്ങനെ വിശ്വസിക്കും “… രൂക്ഷമായിട്ട് രമണിയെ ഒന്ന് നോക്കിക്കൊണ്ടാണ് ആ ചോദ്യം ചോദിച്ചത്.. “ഞാൻ ഇവിടെ അടുത്തുള്ള അംഗൻവാടിയിലെ ടീച്ചറായിരുന്നു.. രാവിലെ പോയാൽ വൈകിട്ടെ വീട്ടിലെത്തുകയുള്ളൂ.. ഇങ്ങനെയൊക്കെ നടക്കുന്നുവെന്നു ഭാമയും എന്നോട് പറഞ്ഞിരുന്നില്ല “… “പതിനഞ്ചു കുട്ടികളെ മാധവൻ വിൽക്കാൻ ശ്രമിച്ചതായി പറയപ്പെടുന്നു.. അതിനെക്കുറിച്ചു നിങ്ങൾക്കെന്താണ് പറയാൻ ഉള്ളത് “… ചോദ്യങ്ങൾക്ക് മേൽ വീണ്ടും ചോദ്യങ്ങൾ.. രമണിയിൽ ഒരു വിറയൽ ഉണ്ടായി.. “സത്യമാണ് സാറേ.. ഭാമയുടെ മരണശേഷമാണ് അത് നടന്നത്.. ഇവിടെയെടുത്തുള്ള കോളനിയിലെ പാവപ്പെട്ട കുട്ടികളാണ് അവർ.. ജോലിക്കെന്നും പറഞ്ഞു പറ്റിച്ചാണ് അവരെ വിൽക്കാൻ ശ്രമിച്ചത് “…
“പിന്നീടെന്തുണ്ടായി “.. “മാധവട്ടനെ പോലീസ് അറസ്റ്റ് ചെയ്തു.. ആ പെൺകുട്ടികൾ രക്ഷപെട്ടിരുന്നു “… “അത് കഴിഞ്ഞു എന്ത് സംഭവിച്ചു “… “മാധവട്ടൻ ആരുടെയൊക്കെയോ സ്വാധീനം കൊണ്ട് പുറത്ത് വന്നു.. അത് കഴിഞ്ഞു ഒരാഴ്ചക്കു ശേഷമാണ് മരണം സംഭവിച്ചത് “… അർണവ്, ജിതിനെ നോക്കി എന്തോ ആംഗ്യം കാട്ടി.. “നിങ്ങളുടെ മകൾ എവിടെ “… ജിതിൻ രമണിയോടായിട്ട് ചോദിച്ചു… “അവളൊരു അസുഖക്കാരിയാ സാറേ.. അകത്തു കിടക്കുവാ “… “ഞങ്ങൾക്ക് കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാനുണ്ടായിരുന്നു.. ആ കുട്ടിയെ ഒന്ന് വിളിക്കാവോ “.. ജിതിന്റെ ചോദ്യത്തിന് അവർ തലയാട്ടികൊണ്ട് അകത്തെ മുറിയിലേക്ക് പോയി.. കുറച്ചു നേരത്തിനു ശേഷം രമണി മകളുമായി പതിയെ ഹാളിലേക്ക് വന്നു.. അവിടെ കിടന്ന കസേരയിൽ അവളെ പിടിച്ചിരുത്തി.. കൂടെ അഞ്ചു വയസ്സുകാരിയായ മകളും ഉണ്ടായിരുന്നു.. അർണവ് അവളെ സൂക്ഷ്മമായി വീക്ഷിച്ചു.. ഒട്ടും വയ്യെന്ന് കണ്ടാൽ ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും മനസ്സിലാവും.. “പേരെന്താണ് ഇയാളുടെ “… ജിതിനായിരുന്നു അവളോട് ചോദ്യങ്ങൾ ചോദിച്ചത്… “ചിത്തിര “.. വിളറിയ ശബ്ദത്തിൽ അവൾ പറഞ്ഞു..
“ഞങ്ങൾ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാൻ ബുദ്ധിമുട്ടുണ്ടോ ചിത്തിരക്ക് “… ഇല്ലെന്നവൾ തലയാട്ടികൊണ്ട് മറുപടി പറഞ്ഞു.. “ഭാമ ആരായിരുന്നു ചിത്തിരക്ക് “… “എന്റെ അകന്ന ബന്ധത്തിലുള്ള ചിറ്റയുടെ മകൾ “… “അത് മാത്രമായിരുന്നോ നിങ്ങൾ തമ്മിലുള്ള റിലേഷൻ “.. “എന്റെ നല്ല സുഹൃത്തായിരുന്നു “… “നിങ്ങളുടെ അച്ഛനിൽ നിന്നും ഇത്രയൊക്കെ പീഡനം അനുഭവിച്ചിട്ടും അവൾ ഒന്നും പറയുമായിരുന്നില്ലേ “… “ഇല്ല സാർ.. എനിക്കൊന്നും അറിയില്ലായിരുന്നു.. ഞാൻ ഹോസ്റ്റലിൽ നിന്നായിരുന്നു പഠിച്ചിരുന്നത്.. അവളിവിടെ ആറുമാസമേ നിന്നുള്ളൂ “… “ആ കുട്ടിക്ക് ആരുമായിട്ടെങ്കിലും റിലേഷൻ ഉണ്ടായിരുന്നുവോ “… ചിത്തിരയിൽ ഒരു വിറയൽ പടർന്നത് അർണവ് ശ്രദ്ധിച്ചു.. അവളുടെ മൗനം അയാളിൽ സംശയങ്ങ ളുണർത്തി… “ചിത്തിര പറഞ്ഞോളൂ “.. “അത്.. അനന്തൻ എന്നയാളുമായി.. അവളുടെ സീനിയർ ആയിരുന്നു “… “അത് നിങ്ങൾക്കെങ്ങനെ അറിയാം “… “ഒരിക്കൽ ആ ചേട്ടൻ ഇവിടെ വന്നിരുന്നു.. ഭാമയെ കൊണ്ടുപോകാനായി.. പക്ഷെ അവൾ കൂടെയിറങ്ങിപ്പോയില്ല.. അന്ന് അച്ഛൻ അയാളെ അടിച്ചിറക്കി വിടുകയാണ് ചെയ്തത്.”… പറഞ്ഞുകൊണ്ടവൾ വിങ്ങിപൊട്ടി…
“സെക്സ് മാഫിയയിൽ നിന്നും പെൺകുട്ടികളെ രക്ഷിച്ചത് നിങ്ങൾ പറയുന്ന ഈ അനന്തൻ ആണോ “… അതേയെന്നവൾ തലയാട്ടി… “ചിത്തിരയുടെ ഭർത്താവ് എവിടെയാണ് “… “ഉപേക്ഷിച്ചു പോയി “… ഒരു വിതുമ്പലിലൂടെയാണവള ത് പറഞ്ഞത്.. “എന്തിനു “… “എന്റെയച്ഛൻ ചെയ്ത തെറ്റിന് ഞാനാണ് ശിക്ഷ അനുഭവിക്കുന്നത്.. ഇങ്ങനെയുള്ള ഒരാളുടെ മകളെ അയാൾക്ക് വേണ്ടെന്നു പറഞ്ഞു.. ഞാനപ്പോൾ രണ്ടാമതു ഗർഭിണിയായിരുന്നു… അത് പോലും നോക്കാതെ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടു “… കരഞ്ഞുപോയിരുന്നു ആ പെണ്ണ്.. ഇടയ്ക്കു ശ്വാസം കിട്ടാനാവാതെ പിടയുന്നപോലെ ആയി.. രമണി ഒരു ഇന്ഹലെർ കൊണ്ടുവന്നു അവൾക്കു വലിക്കാൻ കൊടുത്തു.. ജിതിന് ആ പെണ്ണിനോടെന്തോ അലിവ് തോന്നി.. സ്വന്തം അച്ഛന്റെ ദുഷ്ടതയിൽ ജീവിതം ഹോമിക്കേണ്ടി വന്ന ഒരു പെണ്ണ്.. “ആ കുട്ടിയെവിടെ “… അർണവായിരുന്നു അത് ചോദിച്ചത്..
ചിത്തിര ഒന്നും പറയാതെ തല കുനിച്ചിരുന്നു.. “രണ്ടാമത്തെ പ്രസവത്തിൽ ഇവൾക്ക് വയ്യാതെയായി കുട്ടി മരിച്ചുപോയി സാറേ… അത് കഴിഞ്ഞു കുറെ നാള് ആയപ്പോഴേക്കും ഇവൾക്ക് ഹാർട്ടിനു പ്രശ്നം വന്നു.. ഇപ്പോ ചികിത്സയിലാണ്.. ഓപ്പറേഷൻ ചെയ്താലേ പൂർണമായും മാറുവോള്ളെന്ന ഡോക്ടറുമ്മാരു പറയുന്നത്..”… കൂടുതൽ ഒന്നും പ്രത്യേകിച്ച് ചോദിക്കാനില്ലാത്തതുപോലെ അർണവ് കസേരയിൽ നിന്നും എണിറ്റു.. കൂടെ ജിതിനും.. “ഇനിയും ചിലപ്പോൾ എന്തെങ്കിലും കാര്യം അറിയാനുണ്ടെങ്കിൽ വീണ്ടും വരേണ്ടതായിട്ട് വരും.. നിങ്ങൾ സഹകരിക്കണം “… രമണിയോടായിട്ട് പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും അർണവ് ഇറങ്ങി.. ജിതിൻ ചിത്തിരയെ വീണ്ടുമൊന്നുകൂടെ നോക്കിയിട്ട് അർണവിന് പുറകെ നടന്നു.. എന്തുകൊണ്ടോ അവന്റെ ഉള്ളിൽ, ചിത്തിരയോട് ഒരിഷ്ടം തോന്നിത്തുടങ്ങിയിരുന്നു.. “ഇനിയെന്താ സാർ “… ഗേറ്റ് കടന്നു ജീപ്പിന്റെ നേർക്കു നടക്കുമ്പോൾ ജിതിൻ ചോദിച്ചു.. “കോളനിയിലെ പെൺകുട്ടികൾ… പിന്നെ അനന്തൻ “…… (തുടരും )

by