രചന – നിവേദ്യ ഹരിഹരൻ
“സാർ…
സാറിനെ കാണാൻ രണ്ടു പേർ വന്നിട്ടുണ്ട്..
വരാൻ പറയട്ടെ…??
അർജുൻ ഓഫിസിലെ തിരക്കുകളിൽ ഇരിക്കുമ്പോഴാണ് പ്യൂൺ ഗോപി അകത്തേക്ക് വന്നത്..
“ആരാ ഗോപിയേട്ടാ ..?
പേര് പറഞ്ഞോ..??
“സാറിന്റെ പരിചയക്കാരാണെന്നാ പറഞ്ഞത്..
ചെറുപ്പക്കാരാ..
“ആണോ..?
എന്നാൽ വരാൻ പറ ..
അർജുൻ പിന്നിലേക്കാഞ്ഞിരുന്നു കൊണ്ട് ഗോപിയോട് പറഞ്ഞു
“ശരി സാർ..
അയാൾ പുറത്തേക്ക് പോയി..
“അകത്തേക്ക് വരാമോ അർജുൻ സാറേ..
എബി വാതിൽ പടിയിൽ നിന്നു കൊണ്ട് ചോദിച്ചു.
അർജുൻ ഫയലുകളിൽ നിന്നും തലയുയർത്തി..
“ഹാ . ഇതാര് എന്റെ ഭാര്യയുടെ കാമുകനല്ലേ ..?
അർജുന്റെ ശബ്ദത്തിൽ പുച്ഛം നിറഞ്ഞു..
“ആഹ് അപ്പോൾ സാർ ഓർക്കുന്നുണ്ട് അല്ലേ..
എബിയും ഏബലും റൂമിന് അകത്തേക്ക് കയറി..
“ഇതെന്താ ഡോക്ടറെ ആളെയൊക്കെ കൂട്ടിയിട്ട്..
മുഖഛായ കണ്ടിട്ട് ജോർജ്ജ് അച്ചായന്റെ തന്നെ പുത്രനാണെന്ന് തോന്നുന്നു..
ഏബലിനു അർജുന്റെ സംസാരത്തിൽ കൈ തരിച്ചു വന്നു..
“അതേ …
ജോർജിന്റെ പുത്രൻ തന്നെയാടോ ..
ഏബൽ ജോർജ്..
ഏബൽ മുഷ്ടി ചുരുട്ടി മേശയിൽ പതിയെ ഇടിച്ചു.
“ആഹാ അതു ശരി..
അപ്പോ രണ്ടാളും നിൽക്കാതെ കസേരയിലോട്ട് ഇരിക്ക്…
ഇരുന്ന് സംസാരിക്കാന്നേ..
റൊട്ടേറ്റിങ്ങ് ചെയർ ഇരുവശത്തേക്കും ചലിപ്പിച്ചുക്കൊണ്ട് അർജുൻ പറഞ്ഞു.
“സൽക്കാരം ഒന്നും വേണ്ട അർജുനേ..
നിന്നെയൊന്നു കാണാൻ വന്നതാ ഞാൻ..
ഒരു ആശംസ പറയാൻ..
എബിയുടെ മിഴികൾ രൂക്ഷമായി അർജുനിൽ പതിഞ്ഞു..
“ഓഹ്.. അങ്ങനെ !
ശരി വച്ച് താമസിപ്പിക്കണ്ട നീ പറഞ്ഞോ..
അർജുൻ കാലിൽ കാൽ കയറ്റി വച്ച് വിശാലമായി അവർക്കു മുന്നിലിരുന്നു..
“കൺഗ്രാറ്റ്സ് ഡാ..
എന്റെ അനുവിനെ എന്നിൽ നിന്നും തട്ടിപ്പറിച്ചതിന്..
ഇപ്പോ നിനക്ക് സന്തോഷമായി കാണുമല്ലോ..
അല്ലേ…?
എബി മേശയിൽ കൈകുത്തി അർജുന്റെ മുഖത്തോട് അഭിമുഖമായി വളരെ ചേർന്നു നിന്നു..
ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി..
“സന്തോഷമായോന്നോ ..
ലോകം കീഴടക്കിയ മനസ്സുഖം ഉണ്ടെടാ എനിക്കിപ്പോ ..
അവൾക്കിപ്പോ ഒരേ ഒരു അവകാശിയെ ഉള്ളു..
അതീ ഞാനാടാ..
അർജുൻ ശക്തിയിൽ അവന്റെ നെഞ്ചിലിടിച്ചു..
” അവകാശി..!!
നിനക്ക് നാണമുണ്ടോടാ ഇത് പറയാൻ..
പെണ്ണിനെ സ്വന്തമാക്കേണ്ടത് പേടിപ്പിച്ചിട്ടല്ല..
അവളെ പ്രണയിച്ചിട്ടാ..
മൃഗങ്ങൾ പോലും ഇണയെ സ്നേഹിച്ചാ കീഴ്പെടുത്താറ് ..
നീ അതിലും താഴ്ന്നു പോയെടാ..
ഛേ..!!
എബി ദേഷ്യത്തിൽ മുഖം വെട്ടിച്ചു.
“അവളുടെ പ്രണയം നീ കൊണ്ടുപോയില്ലേ എബി..
അതല്ലേ താലി കെട്ടി അവളുടെ ജീവിതം ഞാൻ എന്റെയാക്കിയത്..
മേശയിൽ ഒന്നു കൊട്ടിക്കൊണ്ട് അർജുൻ എഴുന്നേറ്റു നിന്നു.
“അതെ..
അവളായിരുന്നെടാ ഈ നെഞ്ചിലെ പ്രണയം..
അവൾ മാത്രം..
അവൾ പറഞ്ഞതു കൊണ്ടാ എല്ലാം ഉപേക്ഷിച്ച് ഞാൻ തിരികെ പോന്നതും..
അല്ലാതെ ആണത്തം ഇല്ലാഞ്ഞി…ട്ടല്ലെടാ…
എബിയ്ക്ക് വാക്കുകൾ ഇടറി വീണു..
“ഇച്ചായാ…
എബിയുടെ ഭാവമാറ്റത്തിൽ ഏബൽ ഒന്നു പതറി.
“അനു ഇപ്പോൾ എന്റെ ഭാര്യയാ ഡോക്ടറെ..
ഇനി നീ അവളെപ്പറ്റി ഇങ്ങനെ പറയുന്നത് എനിയ്ക്ക് കേട്ടു നിൽക്കാൻ പറ്റിയെന്ന് വരില്ല..
അർജുൻ അവർ ഇരുവർക്കുമടുത്തേക്ക് നീങ്ങി നിന്നു.
“എനിയ്ക്ക് ഒന്നേ നിന്നോട് പറയാനുള്ളു അർജുൻ..
ഒരിയ്ക്കൽ അവളെന്നെ സ്നേഹിച്ചു..
നിനക്കും അതറിയാമായിരുന്നു.
പക്ഷെ അതിന്റെ പേരിൽ അവളെ നീ ഇനി ദ്രോഹിക്കരുത്..
അവളിപ്പോ ഒരുപാട് വേദനിക്കുന്നുണ്ടാകാം എനിയ്ക്കറിയാം..
ആ പാവത്തിനെ ഇനിയും ഉപദ്രവിക്കരുത്..
എബി പ്രതീക്ഷയിൽ അർജുനെ നോക്കി.
“ഇത് കൊള്ളാം..
കാമുകിക്ക് വേണ്ടി കാമുകന്റെ റെക്കമെന്റേഷൻ ..!!
അടിപൊളി ..
പിന്നെ അതൊക്കെ ഞാൻ സ്വയം തീരുമാനിച്ചോളാം..
ചിലപ്പോൾ ഞാനവളെ തല്ലും സ്നേഹിക്കും..
ചിലപ്പോൾ കൊന്നെന്നും വരാം..
നിനക്കെന്താടാ..??
അർജുൻ കൈകൾ മാറിൽ പിണച്ച് കെട്ടി ധാർഷ്ട്യത്തിൽ നിന്നു..
“ടാ …
എബിയുടെ മുഖം ചുവന്നു..
കൈയിലേക്ക് രക്തയോട്ടം കൂടി..
അവൻ മുന്നോട്ടാഞ്ഞ് അർജുന്റെ കോളറിൽ പിടുത്തമിട്ടു..
“ഇച്ചായാ അവനെ വിട്..
ഇതിനാണോ ഇങ്ങോട്ട് വന്നത്..
അവൻ അവന്റെ ഭാര്യയെ തല്ലേ കൊല്ലേ എന്തേലും ചെയ്യട്ടെ..
നമുക്കെന്താ ..
വാ പോകാം..
ഏബൽ എബിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു..
“വിളിച്ചു കൊണ്ട് പോടാ..
അവന്റെയൊരു റെക്കമെന്റേഷൻ..
അർജുൻ ഷർട്ട് കുടഞ്ഞ് നേരെയിട്ടു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു..
“അതേടാ..
ഞാനിപ്പോ പോവ്വാ..
അവളെ നീ ഉപദ്രവിച്ചെന്ന് ഞാനറിഞ്ഞാൽ അന്ന് തീരുമെടാ നീ…
ഏബൽ നിർബന്ധിച്ച് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ തിളച്ചു കൊണ്ട് എബി പുറകിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.
“ഛേയ്…!!
തിരിച്ച് ചെയറിലേക്ക് വന്നിരിക്കുമ്പോൾ ദേഷ്യത്തിൽ അർജുൻ തല കുടഞ്ഞു..
❣️❣️❣️❣️❣️
“അനൂ ….
റൂമിൽ അവളെ കാണാതായപ്പോൾ താഴേക്ക് നോക്കി അർജുൻ വിളിച്ചു.
കുഞ്ഞുണ്ണിയെ എടുത്തു കൊണ്ട് നിമ്മിയുടെ റൂമിൽ നിൽക്കുകയായിരുന്നു അനു .
“ദേ കെട്ട്യോൻ വിളിക്കുന്നു..
ഒരു മിനിറ്റ് കാണാതെ വയ്യെന്നായി അജുവിന്..
നിമ്മി കളിയാക്കിക്കൊണ്ട് അനുവിന്റെ കവിളിൽ നുള്ളി..
ശേഷം അവളിൽ നിന്നും കുഞ്ഞിനെ വാങ്ങി..
“അനു പൊയ്ക്കോ..
ഇല്ലേൽ അവന് ദേഷ്യം വരും..
“മമ്…
അനു താൽപര്യമില്ലാതെ മൂളിക്കൊണ്ട് പുറത്തേക്ക് നടന്നു..
അനുവിന്റെ ഭാവം കണ്ടപ്പോൾ നിമ്മിയിൽ ചില സംശയങ്ങൾ മുള പൊട്ടിയിരുന്നു..
“നീയിത് എവിടെയായിരുന്നു അനു..
അർജുൻ അസ്വസ്ഥതയിൽ ചോദിച്ചു
“നിങ്ങൾ എന്തിനാ ഇങ്ങനെ കൂവുന്നത്..
എനിക്ക് ചെവി കേൾക്കാം..
ഞാൻ നിമ്മിയേടത്തിടെ റൂമിൽ ആയിരുന്നു.
“ഇന്ന് നിന്റെ പൂർവ്വ കാമുകൻ എന്നെ കാണാൻ വന്നിരുന്നു..
ഷൂ അഴിക്കുന്നതിനിടയിൽ അനുവിനെ നോക്കാതെ അർജുൻ പറഞ്ഞു.
“ആര് ..
ഡോക്ടറോ …??
അനുവിന്റെ മുഖം വിവർണ്ണമായി.
“അല്ലാതെയാര് …
അർജുൻ താൽപര്യമില്ലാത്ത മട്ടിൽ ടൈ അഴിച്ച് കട്ടിലിലേക്കിട്ടു.
“എന്നിട്ട്…
എന്നിട്ടെന്തുണ്ടായി..??
അനു വെപ്രാളപ്പെട്ടു
“എന്തുണ്ടാവാൻ നിന്നെ വേദനിപ്പിക്കാതെ സ്നേഹിച്ചോണം എന്ന് ആജ്ഞാപിച്ചിട്ട് പോയി..
അർജുൻ ഇരുകൈകളും എളിയിൽ കുത്തി അവൾക്ക് മുന്നിൽ നിന്നു.
അനുവിന്റെ മിഴികൾ നിറഞ്ഞു വന്നു..
അവൾ കൈ കൊണ്ട് ചുരുദാറിന്റെ വശങ്ങളിൽ കശക്കിക്കൊണ്ടിരുന്നു..
“നീയിത്ര ടെൻഷൻ ആവാൻ ഒന്നുമില്ല..
ഞാനവനെ ഉപദ്രവിച്ചൊന്നുമില്ല..
പക്ഷെ അവനെന്റെ കഴുത്തിന് പിടിച്ചാരുന്നു..
അവൻ കഴുത്ത് മെല്ലെ ഇരുവശത്തേക്കും തിരിച്ച് അവളെ നോക്കി..
“അല്ലാ ..
അവനെ പറഞ്ഞിട്ട് കാര്യമില്ല..
അമ്മാതിരി പണിയാണല്ലോ ഞാൻ ചെയ്ത് വച്ചത്..
അപ്പോഴും അനു നിശബ്ദയായിരുന്നു..
“എന്താ നിനക്കൊന്നും പറയാനില്ലേ ..
നിന്റെ നാവിറങ്ങിപ്പോയോ..??
അർജുന്റെ ശബ്ദമുയർന്നു.
അനു കത്തുന്ന മിഴിയോടെ അവനെ നോക്കി..
“നിങ്ങളോട് സംസാരിക്കാൻ പോലും എനിയ്ക്ക് താൽപര്യം ഇല്ലെടോ..
അതാ മിണ്ടാത്തത്..
അവൾ നിന്നു വിറച്ചു.
“അതേതായാലും നന്നായി..
എത്ര നാൾ നീയിങ്ങനെ മിണ്ടാതെ നടക്കുമെന്ന് ഞാൻ നോക്കട്ടെ …
എന്നെങ്കിലും ഒരിയ്ക്കൽ നിനക്ക് അടിയറവ് പറയേണ്ടി വരും അനു ..
അവൻ ടവ്വൽ എടുത്ത് ബാത്ത് റൂമിലേക്ക് കയറി..
എബിയുടെ ചിന്തയിൽ വ്യഥയോടെ അനു കട്ടിലിലേക്കിരുന്നു.
❣️❣️❣️❣️❣️
“ഇച്ചായാ…
ആ ആഷ്മിയുടെ ബ്രദർ വന്നിട്ടുണ്ട്..
ഡോക്ടർ ആന്റണി..
ഇച്ചായനോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന്..
“ഡോക്ടർ ഇങ്ങോട്ട് വന്നെന്നോ..?
എബി പുരികം ചുളിച്ചു.
“അതെ ഇച്ചായനോട് എന്തോ സീരിയസ്സ് മാറ്റർ ഡിസ്കസ് ചെയ്യണമെന്ന്..
“ആൾ അകത്ത് കയറിയോടാ..?
“ഇല്ലാ പുറത്ത് തന്നെ നിൽക്കായിരുന്നു..
ഞാൻ പറഞ്ഞു അകത്തേക്ക് വരാൻ..
അവിടെ നിന്നോളാമെന്ന്..
“അപ്പൻ ഇല്ലേടാ അവിടെ..?
“കുറച്ച് മുൻപ് തോട്ടത്തിലേക്ക് പോയി..
അമ്മച്ചീം പോയി കൂടെ..
എന്തോ പർച്ചേസ്
“ഉം…
ഞാൻ പോയി കണ്ടിട്ട് വരാം..
എബി ചെല്ലുമ്പോൾ കാറിൽ തന്നെ ചാരി നിൽക്കുകയായിരുന്നു ആന്റണി ..
“ഹായ് ഡോക്ടർ..
എന്താ ഈ വഴി..?
അകത്തേക്ക് കയറുന്നില്ലേ ..??
“നോ എബി…
ഞാൻ എബിയെ കാണാൻ വേണ്ടി വന്നതാ…
അയാൾ ഒന്നു പരുങ്ങി.
“എന്താ ഡോക്ടറെ..
ആഷ്മിക്ക് ഇപ്പോ എങ്ങനെയുണ്ട്..
എനിതിങ്ങ് സീരിയസ് ..??
“അവളിപ്പോ റിക്കവർ ആയി വരുന്നു..
നടക്കാൻ ബുദ്ധിമുട്ടാ ..
വീൽ ചെയറിൽ ആണ്..
വീട്ടിലേക്ക് കൊണ്ടു വന്നു ഞങ്ങൾ..
“പിന്നെന്താ ഡോക്ടർ..
എബി സംശയത്തിൽ അയാളെ നോക്കി.
“ഈ വരവിനും ഒരു കാരണം മാത്രം ഉള്ളു എബി..
ആഷ്മിയെ താൻ…
അയാൾ ഒന്നു നിർത്തി..
“അവൾ ആകെ തകർന്ന അവസ്ഥയിലാണെടോ..
എന്റെ കൊച്ചിന്റെ സങ്കടം സഹിക്കാൻ വയ്യ…
തന്റെ കാലു പിടിക്കാനാ ഞാൻ വന്നത്..
എബി നിശബ്ദനായി അയാളിൽ നിന്നും പുറം തിരിഞ്ഞു നിന്നു..
“എബി പ്ലീസ്..
അവൾ ജീവിതത്തിലേക്കു മടങ്ങിവരാൻ താൻ സഹായിച്ചേ പറ്റു…
ഞങ്ങൾക്ക് കഴിയുന്നില്ലെടോ പറഞ്ഞ് മനസ്സിലാക്കാൻ…
താൻ ഉണ്ടെങ്കിൽ അവൾ ഹാപ്പിയാകും എബി …
ആന്റണി എബിയ്ക് മുന്നിലേക്കായി കയറി നിന്നു..
“ഡോക്ടറെ ഞാൻ കുറച്ച് പ്രശ്നത്തിലാ ..
എന്നെയിപ്പോ നിർബന്ധിക്കരുത്..
അവൻ അയാൾക്കു നേരെ കൈകൂപ്പി..
“അതിന്റെ കാരണം എനിയ്ക്ക് അറിയാം..
ആ കുട്ടിയുടെ വിവാഹം കഴിഞ്ഞു അല്ലേ…
“മ്ഹ്…
കഴിഞ്ഞു.
“എബി ഇതൊന്ന് നോക്ക്…
ആന്റണി കുറച്ച് പേപ്പറുകൾ എബിയ്ക്ക് നേരെ നീട്ടി…
എബി അതു വാങ്ങി ..
പേപ്പറിലെ വരികളിലൂടെ മിഴിയോടിച്ചു..
അവന്റെ കണ്ണുകൾ കലങ്ങി..
തുടരും

by