23/04/2026

അഗ്രഹാരം : ഭാഗം 40

രചന – നിവേദ്യ ഹരിഹരൻ

“താൻ സീരിയസ്സ് ആണോ ..??

“ഇത്രയും പറഞ്ഞിട്ടും ഡോക്ടർക്ക് അത് മനസ്സിലായില്ലെന്നുണ്ടോ ..
അനുവിന്റെ മറുപടി അലസമായിരുന്നു.

“എടോ തനിയ്ക്ക് എങ്ങനെ ഇതു പോലെ മാറാൻ പറ്റി..??
ഇത്ര സില്ലി ആയിരുന്നോ നമ്മുടെ സ്നേഹം…

എബിയ്ക്ക് തൊണ്ട വറ്റിവരളുന്നതു പോലെ തോന്നി..

“ഞാനായിട്ട് മാറിയതല്ല ഡോക്ടറെ ..
എന്റെ സാഹചര്യങ്ങൾ..
എനിയ്ക്കു ചുറ്റുമുള്ളവർ..
അവരാണ് എന്നെ മാറ്റിയത്..

സില്ലി!!
അവളൊരു പുച്ഛചിരി ചിരിച്ചു..
എന്റെ നോവും വേദനയും ആരറിയാൻ …
ചുറ്റും നിന്ന് ആക്രമിക്കല്ലേ എല്ലാരും…

രാത്രിയുടെ ഇരുട്ടിലേക്ക് നോക്കിയാണ് അവളതു പറഞ്ഞത്..

“അതെല്ലാം ആലോചിച്ചു കൊണ്ടല്ലേ അനു നമ്മൾ സ്നേഹിച്ചതും ഒന്നായതും…
എബിക്ക് സഹനശക്തി നഷ്ടമായി ..
അവന്റെ ശബ്ദമുയർന്നു..

“ജോർജ്ജ് അങ്കിൾ ആയിട്ടുള്ള ഇഷ്യു അന്ന് നമുക്ക് അറിയില്ലായിരുന്നല്ലോ ഡോക്ടർ…
അമ്മയ്ക്ക് ഡോക്ടറെ വളരെ ഇഷ്ടായിരുന്നു..

അതോണ്ടു ഞാനും വിചാരിച്ചു അമ്മ നമ്മുടെ ബന്ധത്തിന് സമ്മതിക്കുമെന്ന് …
പക്ഷേ എത്രയോ പെട്ടെന്നാ കാര്യങ്ങൾ തലകീഴായി മറിഞ്ഞത്..

നിസ്സഹായതയിൽ അവളുടെ തല കുനിഞ്ഞു..

“എന്റെ മനസ്സ് ആരും കാണാൻ ശ്രമിക്കുന്നില്ല…
ഞാൻ കടന്നു പോകുന്ന ധർമ്മസങ്കടം എനിയ്ക്ക് മാത്രേ അറിയു …
അവളുടെ ചുണ്ടു വിറച്ചു.

“താൻ പറയുന്നതൊക്കെ സത്യമാണ് അനു ..
പക്ഷേ …

ആഹ് അർജുൻ അവനാണ് ഇതിനൊക്കെ കാരണക്കാരൻ…
ഓരോന്നു കുത്തിപ്പൊക്കി കൊണ്ടുവന്നു..
അവസാനം നമുക്കിടയിലേക്കും വന്നു..
എബിയുടെ മുഖം വലിഞ്ഞുമുറുകി..

“അല്ല ഡോക്ടർ..
ഇതെന്റെ വിധിയാണ്..
ജീവിത കാലം മുഴുവൻ സങ്കടപ്പെടാനാണ് എന്റെ നിയോഗം…

അയാളോട് ഞാൻ പറഞ്ഞു നമ്മൾ തമ്മിൽ ഉണ്ടായതെല്ലാം …
അയാളത് വിശ്വസിക്കാൻ തയ്യാറല്ലായിരുന്നു..
പോരാത്തതിന് വേറെയും ഭീഷണികൾ…

സഹിച്ച് സഹിച്ച് എനിയ്ക്ക് മതിയായി…
അവൾ സങ്കടത്തിൽ നെറ്റിയുഴിഞ്ഞു.

കണ്ണിൽ നിന്നും കവിളികളിലൂടെ ചാലുകൾ തീർത്ത് കണ്ണീർ ഒഴുകിയിറങ്ങി..

എബി കണ്ണുനീർ തുടച്ചു കൊണ്ട് അവളെ നെഞ്ചോടു ചേർത്തു..

അവന്റെ നെഞ്ചിൽ വീണ് അനു പിന്നെയും കുറേ കരഞ്ഞു..

ആ കണ്ണിരിന്റെ ചൂടിൽ അവന്റെ നെഞ്ചിന്റെ അകവും പുറവും പൊള്ളി..

എബിയും നിശബ്ദമായി കരഞ്ഞു…

“നമുക്ക് പിരിയാം അനു..!!

താൻ പറഞ്ഞതാ ശരി…
ആന്റിയെ ഒക്കെ വേദനിപ്പിച്ചിട്ട് നമ്മുടെ ഫ്യൂച്ചർ മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കില്ല..

അമ്മമാരുടെ ശാപം വാങ്ങിയ ഒരു മക്കളും ഗതി പിടിച്ചിട്ടില്ല എന്ന് അമ്മച്ചി പറയുന്നത് കേട്ടിട്ടുണ്ട് ..
എനിയ്ക്കു വേണ്ടി താനത് വാങ്ങിച്ച് കൂട്ടണ്ട..
പൊക്കിൾക്കൊടി ബന്ധത്തേക്കാൾ വലുതല്ല മറ്റൊരു ബന്ധവും ..

തന്റെ തീരുമാനം തന്നെയാ കറക്റ്റ്..
ഒരു നിമിഷം ഞാനും വികാരത്തിന് അടിപ്പെട്ടുപോയെങ്കിലും ആലോചിക്കുമ്പോൾ താൻ പറഞ്ഞതിലെ വസ്തുതകൾ മനസ്സിലാക്കാൻ എനിയ്ക്ക് കഴിയുന്നുണ്ട്..

നാളെ ഞാൻ ഇവിടന്ന് ഇറങ്ങും !
എബി അനുവിന്റെ മുടിയിഴകൾ തലോടിക്കൊണ്ട് സൗമ്യനായി പറഞ്ഞു..

അനു അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി ആ മുഖത്തേക്കൊന്നു നോക്കി..

എബി ദുഃഖത്തിലും അവളോട് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“അതേടോ…
ഞാനിവിടന്ന് പോവ്വാ..
ഇവിടെ നിൽക്കുന്തോറും നിന്റെ ഓർമ്മകളും ഗന്ധവും എന്നെ പൊതിഞ്ഞു കൊണ്ടേയിരിക്കും..

അതില്ലാത്തിടത്തേക്ക് എനിയ്ക്കു പോണം..
നാളെ ഞാൻ കോട്ടയത്തേക്ക് പോകും.
ഇവിടത്തെ ജോലി ഞാൻ റിസൈൻ ചെയ്യാ …

അവന്റെ ഹൃദയം പടപടാ മിടിക്കുന്നത് അനുവിന് കേൾക്കാറായി.
അവൾ മെല്ലെ അവിടെ കൈ ചേർത്തു വച്ചു..

“പാലക്കാടും അഗ്രഹാരവും പിന്നെ താനും…
നാളെ മുതൽ എനിയ്ക്ക് അന്യമാകും..
എന്റെ ജീവിതം ഇനിയങ്ങോട്ട് മാറാൻ പോവ്വാ..
ഞാൻ ഞാനല്ലാതായി മാറിയേക്കാം..
ചിലപ്പോൾ ഒരു ഭ്രാന്തനായും മാറിയേക്കാം..

ഇങ്ങോട്ട് വന്ന ഡോക്ടർ എബിൻ ജോർജ്ജ് അല്ല നാളെ അങ്ങോട്ട് തിരിച്ചു പോകുന്നത്..

അവനൊരു ദീർഘശ്വാസമെടുത്തു…

അനു സങ്കടത്തോടെ അവനെ കെട്ടിപ്പുണർന്നു..

“എന്റെ അപ്പനെപ്പോലെ എന്റെ ഉള്ളിലെ സംഗീതവും ഇവിടെ തീരുകയാ അനു …
എന്റെ പ്രണയവും പാട്ടും അത് നീ മാത്രമായിരുന്നു.
നിനക്ക് വേണ്ടിയായിരുന്നു..

ഇനി ഒരിയ്ക്കലും അതു രണ്ടും എന്നിൽ ഉണ്ടാകില്ല..
നിന്നോടൊപ്പം അതും ഞാനിവിടെ ഉപേക്ഷിച്ചു പോകുന്നു..

എബിയുടെ കണ്ണിൽ നിന്നും നീർതുള്ളികൾ ഒഴുകി വീണ് അനുവിന്റെ മുടിയിഴകൾ നനഞ്ഞു..

അവന്റെ ഓരോ വാക്കുകളും അവളിൽ തീമഴ സൃഷ്ടിച്ചു..
ശരീരം പുകഞ്ഞു..
ഹൃദയം കഷണങ്ങളായി നുറുങ്ങുന്ന പോലെയുള്ള പീഢ അവൾ അനുഭവിച്ചു കൊണ്ടിരുന്നു..

പ്രതീക്ഷിക്കാതെയാണ് മഴത്തുള്ളികൾ അവരുടെ ദേഹത്തേക്ക് വീണത്…

“അനു താൻ എണീറ്റേ…
ദാ മഴ പൊടിയുന്നുണ്ട്..
തലയ്ക്കു മീതെ കൈവച്ചു കൊണ്ട് എബി ആകാശത്തേക്കു നോക്കി..

അനു മുഖം തുടച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു..

അവരെ ഞ്ഞെട്ടിച്ചു കൊണ്ട് ഒരു വെള്ളിടി മുഴങ്ങി..

“വാ താഴേക്ക് പോകാം..
എബി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് പടികൾ ഇറങ്ങി..

അപ്പോഴേക്കും മഴ കൂടി..
ഇരുവരും നന്നായ് നനഞ്ഞു..

“താൻ റൂമിലേക്കു വാ..
തല നന്നായ് നനഞ്ഞിട്ടുണ്ട് ..
ഞാൻ ടവൽ തരാം..

“മ്മ്…
മൂളിക്കൊണ്ട് ഏതോ ലോകത്തെന്നപോൽ അനു അവന്റെ പിന്നാലെ നടന്നു…

“താനിവിടെ ഇരിക്ക്…
റൂമിൽ ടേബിളിനരികിൽ കിടന്ന കസേര ചൂണ്ടി എബി പറഞ്ഞു..

അനു യാന്ത്രികമായി അതിലിരുന്നു..

അവൻ ടവ്വൽ എടുത്തു കൊണ്ടു വന്നിട്ട് അവളുടെ തല തോർത്തി കൊണ്ടിരുന്നു…

യാതൊരു ചലനങ്ങളുമില്ലാതെ ഒരു പാവ കണക്കെയിരുന്നു കൊടുത്തു അനു..

“നന്നായ് നനഞ്ഞല്ലോ…
നാളെ ഇനി കോൾഡ് വരാൻ സാധ്യതയുണ്ട്..
തോർത്തിക്കൊണ്ടിരുന്ന ടവൽ തോളിലേക്കിട്ടു അവൻ..

അനു മറുപടി ഒന്നും പറഞ്ഞില്ല..

“താനെന്താ അനു ആലോചിക്കുന്നത്..

“ഒന്നൂല്ല ഡോക്ടറെ…

“ഞാനൊരു റബ്ബർബാന്റ് എടുത്തിട്ട് വരാം…
തന്റെ മുടി ആകെ വല്ലാതിരിക്കേണു..

അവൾ നിശബ്ദത പാലിച്ചു..

കബോഡിൽ നിന്നുമൊരു റബ്ബർ ബാന്റെടുത്തിട്ട് ടേബിളിൽ കിടന്ന ഒരു ചീപ്പുമായി അവൾക്കടുത്തേക്കു ചെന്നു..

അനുവിന്റെ പാറിപ്പറന്ന മുടി ചീപ്പു വച്ച് ഒതുക്കിയിട്ട് റബ്ബർ ബാന്റിട്ട് പോണി ടെയിൽ കെട്ടി..

“എനിയ്ക്കിതൊന്നും അറിയില്ല..
പക്ഷേ ഇന്നെന്തോ തനിയ്ക്കു വേണ്ടി ഇത് ചെയ്തു തരണമെന്ന് ഒരാഗ്രഹം..

അനു പ്രതികരിച്ചില്ല..

“ഇപ്പോ എന്റെ അനുക്കുട്ടി സുന്ദരിയായി..

അൽപ്പം അകന്നു നിന്നു നോക്കിയിട്ട് എബി മന്ത്രിച്ചു..

അവൻ അവളുടെ മുഖത്തു നിന്നും കണ്ണെടുക്കാതെ കുറേ നേരം അങ്ങനെ തന്നെ നോക്കി നിന്നു..

ഇടയ്ക്കെപ്പോഴോ മിഴികൾ നിറഞ്ഞു വന്നു.

“നമ്മുടെ കല്യാണമൊക്കെ കഴിഞ്ഞ് നമുക്കൊരു പെങ്കുട്ടി ഉണ്ടായിട്ട് കുഞ്ഞിനെ ഇതു പോലെ ഒക്കെ ഒരുക്കണമെന്ന് ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ …

ആൺപിള്ളേർ മാത്രമുള്ള വീടാ ഞങ്ങളുടേത്..
പെൺകുട്ടികളെ വല്ലാത്ത ഇഷ്ടാ എല്ലാവർക്കും …
അവനു തൊണ്ടയിടറി..

എബിയുടെ മുഖഭാവം അനുവിനെയും വേദനിപ്പിച്ചു കൊണ്ടിരുന്നു .

അവൻ അനുവിന്റെ അടുത്തു ചേർന്നു നിന്നു..
അവളുടെ മുഖത്ത് ഒന്നുകൂടി സൂക്ഷ്മമായി നോക്കി…

“എന്റെ ഈ സുന്ദരിക്കൊച്ചിനെ ഇന്നത്തോടെ എനിയ്ക്ക് നഷ്ടപ്പെടുകയാണല്ലോ എന്നോർക്കുമ്പോൾ…

എബിയുടെ ശബ്ദം നേർത്തു..

അനു ദയനീയതയിൽ അവനെ നോക്കി…

“നാളെ വെളുപ്പിനു തന്നെ ഞാൻ പോകും ..
എല്ലാം ഒതുക്കി വയ്ക്കണം..
താൻ താഴേക്ക് പൊക്കോ അനു …

മുഖം അവളിൽ നിന്നും ഒളിപ്പിച്ചു കൊണ്ട് അവൻ തിരക്കഭിനയിച്ചു…

കബോഡിനകത്തു നിന്നും ഒരു ബാഗെടുത്ത് സാധനങ്ങൾ അതിൽ നിറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

“ഡോക്ടറെ…

“മ്ഹ് …
എന്താടോ …
എബി തിരിഞ്ഞവളെ പുരികമുയർത്തി നോക്കി..

“ഒരു പാട്ട് പാടോ …
അവസാനമായിട്ട്.. എനിയ്ക്കു വേണ്ടി …
വല്ലാത്ത ഒരാഗ്രഹം ഡോക്ടർ ടെ പാട്ടു കേൾക്കാൻ ..

അനു ടേബിളിൽ തലചായ്ച്ച് അവനെ നോക്കി കിടന്നു…

“പാടാല്ലോ…
വേറെ ആർക്കു വേണ്ടിയും എനിക്കിനി പാടാനില്ല…

ഇതെന്റെ അവസാനത്തെ പാട്ടാണ് അനു ..
നിനക്കു വേണ്ടി മാത്രമുള്ളത്…

അവൻ ബാഗ് കട്ടിലിലേക്ക് ഇട്ടുകൊണ്ട് ബാൽക്കണിയിലേക്ക് നടന്നിട്ട് ഒരു ഗാനം മൂളി…

🎵 പിന്നോട്ടു നോക്കാതെ പോകുന്നു നീ….
മറയുന്നു ജീവന്റെ പിറയായ നീ….

അന്നെന്റെ ഉൾച്ചുണ്ടില്‍ തേൻ‌തുള്ളി നീ….
ഇനിയെന്റെ ഉൾ‌പ്പൂവില്‍ മിഴിനീരു നീ….

എന്തിനു വിതുമ്പലായ് ചേരുന്നു നീ…
പോകൂ വിഷാദരാവേ….
എന്‍ നിദ്രയെ, പുണരാതെ…. നീ….

(അഴലിന്റെ ആഴങ്ങളിൽ … )🎵

ഓരോ വരികളും അവനെ കൂടുതൽ തളർത്തി..
കണ്ണുകൾ കലങ്ങി..

ഡോക്ടറെ…
അനു റൂമിൽ നിന്നിറങ്ങി ചെന്ന് പിന്നിലൂടെ അവനെ ഗാഢമായി പുണർന്നു..
അവളുടെ പ്രണയത്തിന്റെ എല്ലാ കരുത്തോടെയും ..

എബി വയറിൽ ചുറ്റിയ അവളുടെ കൈയ്യുടെ മുകളിൽ കൈ ചേർത്തിട്ട് പുറത്തേക്ക് നോക്കി പാട്ട് തുടർന്നു..

🎵 പണ്ടെന്റെ ഈണം നീ മൗനങ്ങളില്‍…
പതറുന്ന രാഗം നീ എരിവേനലിൽ‍…

അത്തറായ് നീ പെയ്യും നാൾ‌ ദൂരെയായ്…
നിലവിട്ട കാറ്റായ് ഞാന്‍, മരുഭൂമിയില്‍ …

പൊന്‍കൊലുസ്സു കൊഞ്ചുമാ … നിമിഷങ്ങളെൻ
ഉള്ളില്‍ കിലുങ്ങിടാതെ
ഇനി വരാതെ…..
നീ .. എങ്ങോ .. പോയ്‌……. .
(അഴലിന്റെ ആഴങ്ങളിൽ )🎵

രണ്ടാളും നിശബ്ദമായി കരഞ്ഞു…

ഏതാനും നിമിഷത്തെ ഇടവേളയ്ക്കു ശേഷം എബി തിരിഞ്ഞു നിന്നിട്ട് അനുവിനെ അവനോടു ചേർത്തുപിടിച്ചു..

അവരെ കൂടുതൽ അടുപ്പിച്ചു കൊണ്ട് വീണ്ടുമൊരു വെള്ളിടി മുഴങ്ങി.

പ്രണയത്തിനും വേർപാടിനും ഇടയിലുള്ള നൂൽപാലത്തിൽ അവരങ്ങനെ ആലിംഗനബദ്ധരായി നിന്നു…

തുടരും