രചന – നിവേദ്യ ഹരിഹരൻ
എബിയുടെ നെറ്റിയിൽ തൊട്ട വിരൽ അനു വേഗം പിൻവലിച്ചു.
“എന്താടോ…
പ്രണയാർദ്രമായി മൃദുലമായ ശബ്ദത്തോടെ എബി ചോദിച്ചു.
“മമ്… ഹ് …
അനു ഒന്നുമില്ലെന്നു തലയാട്ടി.
“ഒന്നൂല്ലേ…
എബി പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലെ ആഴത്തിലേക്കിറങ്ങി.
അനു മിഴികൾ താഴ്ത്തി.
” ടോ…ഉറപ്പാണോ ഒന്നുമില്ലെന്ന്…
എബി അവളെ വിടാനുള്ള ഭാവമില്ലായിരുന്നു.
എബിയുടെ ആ ചോദ്യത്തിൽ അവളുടെ കവിളിണകൾ ചെഞ്ചായം പൂശി.
“ഞാൻ പോവാ ഡോക്ടറെ…
ഉള്ളിൽ നിറഞ്ഞ ചമ്മലോടെ
അനു അവനെ നോക്കാതെ പതുക്കെ നടന്നു.
“ഞാൻ കൊണ്ടു വിടാടോ…
എബി ആൽത്തറയിൽ നിന്നും എഴുന്നേറ്റ് മുണ്ട് കൊട്ടിക്കുടഞ്ഞു.
“ഓഹ് …
വേണ്ട ഞാൻ നടന്നു പൊക്കോളാം.
“ഹാ … ഞാൻ കാര്യായി പറഞ്ഞതാ …
ഞാനും വീട്ടിലേക്കാ…
ഒന്നിച്ചു പോവ്വന്നേ…
എബി അനുവിന്റെ പിന്നാലെ നടന്നു ചെന്നു.
അനു തിരിഞ്ഞ് എബിയ്ക്ക് അഭിമുഖമായി നിന്നു.
“വേണ്ട ഡോക്ടറെ…
ആൾക്കാരെന്തു വിചാരിക്കും..?
അത് ശരിയാവില്ല.
അനുവിന്റെ മുഖത്ത് ചെറിയ ഭയം പ്രകടമായിരുന്നു.
“ആൾക്കാരെന്ത് വിചാരിച്ചാലും എനിയ്ക്കത് പ്രശ്നമല്ലെടോ…
താൻ തയ്യാറാണെങ്കിൽ മതി…
” വേണ്ട ഡോക്ടറെ…
ഞാൻ നടന്നോളാം…
അനു തിരിഞ്ഞ് നടക്കാനൊരുങ്ങി.
“ശരി തന്റെയിഷ്ടം ….
പിന്നെ നൈറ്റ് ടെറസ്സിലേക്ക് വരില്ലേ…
എബി തെല്ലുറക്കെ ചോദിച്ചു..
അനു അതിനു മറുപടി പറയാതെ ഒന്നുകൂടി തലതിരിച്ച് അവനെ നോക്കി പുഞ്ചിരിച്ച ശേഷം മുന്നോട്ടു നടന്നു.
നടക്കുന്ന വഴി അവനെ കുറിച്ചായിരുന്നു അനുവിന്റെ ചിന്ത.
അന്നു ട്രെയിൽ വച്ച് എബി കൈയ്യിൽ പിടിച്ചപ്പോൾ മനസ്സിലെന്താ തോന്നിയതെന്ന് വേർതിരിച്ച് അവൾ ആലോചിച്ചു.
സന്തോഷമാണോ ..? ദേഷ്യമാണോ..?
അതോ ഒരു ധൈര്യമാണോ…?
ആ വികാരം തിരിച്ചറിയാൻ കഴിയാതെ അവൾ നിസ്സഹായയായി.
എന്തോ ഡോക്ടർ അങ്ങനെ കൈയ്യിൽ പിടിച്ചപ്പോൾ മിഴികൾ അറിയാതെ അടഞ്ഞു പോയി.
മരിച്ചു പോയ അച്ഛനെ മനസ്സിലോർത്തു.
പിന്നീട് മിഴികൾ തുറക്കുമ്പോൾ ചുറ്റും വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടക്കുന്നതു പോലായിരുന്നു തോന്നിയത്.
“എന്താ അന്നെനിയ്ക്ക് അങ്ങയൊക്കെ തോന്നിയത്.??
അവൾ സ്വയം ചോദിച്ചു.
കാടുകയറി ഒന്നും ചിന്തിക്കാൻ പാടില്ല.. ആഗ്രഹിക്കാനും …
അദ്ദേഹം വലിയ ആളാണ്.
അതിന്റെ ഭാവങ്ങൾ ലവലേശം ഇല്ലെങ്കിൽ പോലും…
എന്തേലും ആഗ്രഹങ്ങൾ അറിയാതെ മനസ്സിൽ വളരുന്നുണ്ടെങ്കിൽ അതിന് കടിഞ്ഞാണിടണം.
മനസ്സിലുറപ്പിച്ച തീരുമാനത്തോടെ അനു നടന്നു.
നേരം സന്ധ്യയായി തുടങ്ങിയിരുന്നു…
അനു വീട്ടിലേക്ക് ചെല്ലുമ്പോൾ മുറ്റത്ത് കറുത്ത നിറത്തിലുള്ള കാർ !!
അവളുടെ നെഞ്ചിനകത്ത് തീ ആളി.
“അർജുൻ..”
അവൾ ഓടി വീടിനകത്തേക്ക് കയറി.
അർജുൻ സെറ്റിയിൽ ഇരിക്കുന്നുണ്ടായിരുന്നു.
പാട്ടിയും ഗായത്രിയും ശ്രീകുട്ടിയും കുറച്ച് നീങ്ങി അവനോട് സംസാരിക്കുകയെന്ന പോലെ അടുത്തുണ്ടായിരുന്നു.
“ആഹ് … അനു വന്നോ…?
ആന്റി പറഞ്ഞു അനു കോവിലിൽ പോയിരിക്കുകയാണെന്ന് .
കൈയ്യിലിരുന്ന ചായക്കപ്പ് ടീപ്പോയിലേക്ക് വച്ചു കൊണ്ട് അവൻ പറഞ്ഞു.
“നിങ്ങൾ എന്തിനാ ഇങ്ങോട്ട് വന്നത്…??
ഉള്ളിൽ തികട്ടിയ ആകാംക്ഷയോടെ അനു ചോദിച്ചു.
“ഇതെന്ത് ചോദ്യാ അനുക്കുട്ടി..
വീട്ടിൽ വന്ന ആളോട് ഇങ്ങനാണോ സംസാരിക്കാ…
പാട്ടിയമ്മ ശാസനാ സ്വരത്തിൽ ചോദിച്ചു.
“പാട്ടി… ഞാൻ.. ആളെ
പെട്ടെന്ന് കണ്ടപ്പോ….
അവളൊന്നു പരുങ്ങി.
“അത് കുഴപ്പുല്ല പാട്ടി..
അനു എന്നെ ഇവിടെ പ്രതീക്ഷിച്ച് കാണില്ലല്ലോ ..
അതുകൊണ്ട് പറഞ്ഞതാവും .
അർജുൻ അനുവിനെ തന്നെ നോക്കി ക്കൊണ്ട് പറഞ്ഞു.
“എന്നാലും അവളങ്ങനെ ചോദിക്കാൻ പാടുണ്ടോ…
അതും മോൻ ഒരു നല്ല കാര്യത്തിന് വന്നിട്ട്….
ഗായത്രിയാണ്.
“നല്ല കാര്യോ….
എന്ത് നല്ല കാര്യം…??
അനു മുഖം ചുളിച്ചു കൊണ്ട് ഗായത്രിയേയും അർജുനേയും നോക്കി.
” ഈ കുട്ടിയാ ഡാൻസ് ക്ലാസിന്റെ കെട്ടിടം വാങ്ങിയത്.
പഴയതിനേക്കാൾ വാടക കുറച്ചിട്ട് എഗ്രിമെന്റ് എഴുതി കൊണ്ടു വന്നേക്കുവാ…
നിന്റെ സൈൻ വാങ്ങാൻ…
കുറച്ചു നേരായി അർജുൻ വന്നിട്ട് …
നിന്നെ കാത്തിരിക്കായിരുന്നു.
“ശരിയ്ക്കും ഇതൊക്കെ ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങളാ..
ഇതിപ്പോ ഈ കുട്ടി നിന്നെ അന്വേഷിച്ച് എല്ലാം തയ്യാറാക്കി ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നു.
ഞാൻ ചോദിച്ചു എന്തിനാ ഇതൊക്കെ ചെയ്തേ ഞങ്ങൾ ചെയ്യുമായിരുന്നല്ലോന്ന് അപ്പോ പറയാ രാമകൃഷ്ണൻ പറഞ്ഞ് ഏൽപ്പിച്ചിരുന്നെന്ന് …
അതു പറയുമ്പോൾ ഗായത്രിയുടെ മുഖത്ത് സന്തോഷവും അർജുനോടുള്ള കൃതജ്ഞതയും നിറഞ്ഞിരുന്നു.
“ഓഹ് അതത്ര വല്യ കാര്യമൊന്നും അല്ല ആന്റി ..
പഴയ ഓണർ പറഞ്ഞിരുന്നു അനുശ്രീയ്ക്ക് പ്രത്യേക കെയർ കൊടുക്കണമെന്ന് ..
ആൾക്ക് അനു ഒരു മകളെ പോലെ ആണെന്ന് ..
അതാ ഞാൻ ഇങ്ങോട്ട് വന്നത്.
ചെറിയ ചിരിയോടെ അനുവിനെ അടിമുടി നോക്കിക്കൊണ്ട് അവനത് പറഞ്ഞപ്പോൾ
“ഹുമ് ….
എന്ന് പറഞ്ഞുകൊണ്ട് അനു മുഖം തിരിച്ചു.
“അനു ദാ എഗ്രിമെന്റ് പേപ്പർ …
ഇപ്പോ തന്നെ ഒപ്പിട്ടു തന്നേക്ക്…
അവൻ ചുരുട്ടിയ ഒരു മുദ്രപേപ്പർ അവൾക്കു നേരേ നീട്ടി.
“അതങ്ങ് ഒപ്പിട്ടേക്കു കുട്ടി .
ഈ അജുമോൻ ഇവിടെ വരെ വന്നതല്ലേ…
പാട്ടി അവനോടുള്ള അതീവ സ്നേഹത്തോടെ പറയുന്നത് കേട്ടപ്പോൾ അനുവിന് ദേഷ്യം വന്നു.
“ഒരു അജുമോൻ…
അവൾ പിറുപിറുത്തു.
അനുവിന്റെ മുഖഭാവം കണ്ട് അർജുന് ചിരിവന്നു.
“താൻ ഒപ്പിടുന്നോ അതോ ഞാൻ പോണോ…
“ഇങ്ങ് താ…
ദേഷ്യത്തോടെ അവളത് വാങ്ങി.
“ഞാൻ വായിച്ച് നോക്കീട്ട് പിന്നെത്തരാം.
പേപ്പറിലെ അക്ഷരങ്ങളിലേക്ക് നോക്കിക്കൊണ്ട് അനു പറഞ്ഞു.
“അതത്ര വായിച്ച് നോക്കാൻ ഒന്നുമില്ല.
താൻ കൊടുത്തതിന്റെ നേർ പകുതിയാക്കിയിട്ടുണ്ട് വാടക.
എന്റെ അമ്മയ്ക്ക് കലാകാരികളെ വല്ല്യ ഇഷ്ടാ..
തന്നെപ്പോലെ ഒരു നല്ല നർത്തകിയോട് കൂടുതൽ പൈസ വാടകയിനത്തിൽ വാങ്ങിന്നൊക്കെ അറിഞ്ഞാൽ ദേഷ്യപെടും.
അതാ…
അർജുൻ എല്ലാവരെയും നോക്കി കൊണ്ട് ചിരിച്ചു.
അവൻ എഴുന്നേറ്റ് അനുവിന്റെ നേരെ നടന്നു.
“ഇപ്പോത്തന്നെ ഒപ്പിട്ടേക്ക്…
ഇല്ലെങ്കിൽ പിന്നേം ഇടയ്ക്കിടയ്ക്ക് എനിക്കിവിടെ കയറിയിറങ്ങേണ്ടി വരുവേ…
മറ്റുള്ളവർ കേൾകാതെ പതിഞ്ഞ ശബ്ദത്തിൽ അനുവിനോടവൻ പറഞ്ഞു.
ജ്വലിക്കുന്ന മിഴിയോടെ അനു അവനെ നോക്കി.
“ദാ പേന …ഒപ്പിട്ടേക്ക്…
അവൻ പോക്കറ്റിൽ നിന്നും പേനയെടുത്ത് അവൾക്കു നേരേ പിടിച്ചു.
ഒന്നോടിച്ചു വായിച്ചു കൊണ്ട് മനസ്സില്ലാ മനസ്സോടെ അവളത് ഒപ്പിട്ടു നൽകി.
“ഗുഡ് ഗേൾ…
അർജുൻ ആ പേപ്പർ അവളിൽ നിന്നും വാങ്ങി.
“എന്നാ ഞാൻ ഇറങ്ങട്ടെ…
അർജുൻ പോകാനൊരുങ്ങിക്കൊണ്ട് വരാന്തയിലേക്കിറങ്ങി.
അപ്പോഴാണ് എബി അങ്ങോട്ട് വന്നത്.
അർജുനെ അവിടെ കണ്ടപ്പോൾ എബി ഒന്നു പകച്ചു.
ബുള്ളറ്റ് പാർക്ക് ചെയ്തു കൊണ്ട് എബി വരാന്തയിലേക്ക് ചെന്നു,
“ആഹ് ഡോക്ടറേ …
ഇത് അർജുൻ
അനുവിന്റെ ഡാൻസ് സ്കുളിന്റെ പുതിയ ഓണറാ..
ഇത് ഡോക്ടർ എബിൻ ജോർജ്ജ്..
ഇവിടെ മുകളിൽ വാടകയ്ക്ക് താമസിക്കാ ..
ഗായത്രി ഇരുവരെയും പരിചയപ്പെടുത്തി
“ഹായ്…
എബി മുഖത്ത് പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് ഷേക്ക് ഹാന്റിനായ് കൈ നീട്ടി.
“ഹായ്…
അർജുനും അവനു നേരെ കൈ നീട്ടി.
“ഡോക്ടർ ഏത് ഹോസ്പിറ്റലിലാ…??
അർജുൻ പുരികം ചലിപ്പിച്ചു കൊണ്ടു ചോദിച്ചു..
“ഞാനിവിടെ സൺ റൈസ്…
“നൈസ് ടു മീറ്റ് യു ഡോക്ടർ…
വിശദമായി നമുക്ക് പിന്നീടൊരിക്കൽ പരിചയപ്പെടാം..
ഇപ്പോ ഞാനിത്തിരി ലേറ്റായി ….
എന്നാ ഞാനിറങ്ങട്ടെ…
അർജുൻ പുറത്തിറങ്ങി ഷൂസെടുത്തിട്ടു.
“അപ്പോ ഗുഡ് നൈറ്റ്…
അവൻ കാറിനടുത്തേക്ക് നടന്നു.
നടക്കുന്ന വഴി അവൻ എബിയെ ഒന്നു കൂടിയൊന്നു തിരിഞ്ഞു നോക്കി.
എബി കൈകൾ കെട്ടിക്കൊണ്ട് അവനെത്തന്നെ നോക്കി നിന്നു.
കാറിലിരുന്നും എബിയെ തറപ്പിച്ചൊന്നു നോക്കിയിട്ടാണ് അർജുൻ പോയത്.
അർജുൻ പോയിക്കഴിഞ്ഞ് എബി അനുവിന്റെ മുഖത്തേക്ക് ചോദ്യരൂപേണ നോക്കി.
അവൾ കുറ്റബോധത്തോടെ തലതാഴ്ത്തി.
എബിയോടു കുറച്ചു സമയം കൂടി സംസാരിച്ചു നിന്ന ശേഷം മറ്റുള്ളവർ അകത്തേക്ക് പോയപ്പോൾ അവൻ അനുവിനോടു ചോദിച്ചു
അർജുൻ എന്തിനാ വന്നതെന്ന് …
ടെറസ്സിൽ വച്ച് പറയാമെന്ന് പറഞ്ഞിട്ടവൾ അകത്തേക്കു പോയി.
എബി റൂമിലേക്കും.
അനുവിന്റെ പ്രാക്ടീസ് കഴിയാൻ കാത്തിരിക്കുവായിരുന്നു എബി.
ചിലങ്കകൾ നിശ്ചലമായപ്പോൾ അവൻ ടെറസ്സിലേക്ക് ചെന്നു.
അവൻ ചെല്ലുമ്പോൾ അനു ചിലങ്കകൾ അഴിക്കുകയായിരുന്നു.
എബിയെ കണ്ടപ്പോൾ അവൾ പുഞ്ചിരിച്ചു.
അവൻ അവൾക്കടുത്തിരുന്നു
“എന്തിനാടോ അവൻ ആ അർജുൻ ഇങ്ങോട്ട് വന്നത്..??
എബിയുടെ ചോദ്യത്തിൽ ഉത്കണ്ഠയും അതോടൊപ്പം വെറുപ്പും പ്രകടമായിരുന്നു.
സംഭവിച്ച കാര്യങ്ങൾ അനു എബിയോടു പറഞ്ഞു.
“അത് കുഴപ്പമില്ലെടോ…
അല്ലേലും താൻ അവിടെത്തന്നെ തുടരുന്നതാ നല്ലത്.
ഒന്നാമത് അതുപോലൊരു സ്ഥലം വേറെ കിട്ടാൻ പാടാ..
പിന്നെ അവനെ കണ്ട് കണ്ട് തനിയ്ക്ക് ഇഷ്ടം തോന്നുമെന്നാണല്ലോ അവന്റെ പ്രതീഷ…
അതങ്ങനെ അല്ലെന്ന് തനിക്ക് പ്രൂവ് ചെയ്യാനുള്ള നല്ലൊരു അവസരമല്ലേടോ…
അവനുള്ള ഏറ്റവും നല്ല വെല്ലുവിളി അതു തന്നാ…
അവന്റെ മുന്നിലൂടെ തന്നെ താൻ നടക്കണം…
അവസാനം നാണം കെട്ട് അവൻ മടങ്ങി പൊയ്ക്കോളും .
“അല്ല ഡോക്ടറെ ഇനിയെങ്ങാനും എനിക്കവനോട് പ്രേമം തോന്നിയാലോ ..??
എബിയുടെ മുഖഭാവം കാണുന്നതിനായി കുസൃതിയിൽ അനു ചോദിച്ചു.
എബിയുടെ മുഖം പെട്ടെന്ന് മാറി.
അവൻ അസ്വസ്ഥനായി.
എബിയുടെ മാറ്റം കണ്ടപ്പോൾ അനുവിന് ചിരിപൊട്ടി.
“എങ്ങാനും ഇനിയങ്ങനെ തോന്നിയാലോ ഡോക്ടറെ..??
കുറുമ്പൊളിപ്പിച്ച മിഴികളോടെ അവൾ വീണ്ടും ചോദിച്ചു.
“തോന്നിയാൽ…
തോന്നിയാലെന്താ….
അവനോട് യെസ് പറയണം.
അവളുടെ മുഖത്തേക്ക് നോക്കാതെ എബി പറഞ്ഞൊപ്പിച്ചു.
“ആണോ…
ഞാൻ യെസ് പറയണോ…?
പറയണോ…?
മുഖം തിരിച്ചു നിന്ന എബിയുടെ മുന്നിലേക്ക് കയറി നിന്നു കൊണ്ട് അനു ചോദിച്ചു.
അവളുടെ ഭാവം കണ്ട് എബി ഒന്നു ചിരിച്ചു.
കൂടെ അനുവും…
” അയാളെ ഞാൻ ഒരിയ്ക്കലും സ്നേഹിക്കാൻ പോണില്ല ഡോക്ടറെ….
അനു ഒഴുക്കോടെ പറഞ്ഞു.
“അതെനിയ്ക്കറിയാല്ലോ….
“ആണോ…
അതെങ്ങനാ അറിയാ ഡോക്ടറെ…?
” MBBS നു മൈൻഡ് റീഡിംഗും പഠിച്ചിട്ടുണ്ടെടോ….
എബി കണ്ണിറുക്കി .
“ഓഹ് …അതുശരി….
അപ്പോ ഡോക്ടറെ ഒരു പാട്ടുപാടോ…??
“പാടണോ….?
എബി പുരികമുയർത്തി.
മമ്…വേണം…!
താടിയിൽ കൈ കൊടുത്തിരുന്നു കൊണ്ടവൾ അവനെ നോക്കി.
“ഏതു പാട്ടു പാടും ..
ഒരു നിമിഷം അവനൊന്നാലോചിച്ചു.
പിന്നെ പതുക്കെ എഴുന്നേറ്റു നടന്നു..
🎵 ഇരുളുമീ ഏകാന്തരാവിൽ …
തിരിയിടും വാർത്തിങ്കളാക്കാം..
മനസ്സിലെ മൺകൂടിനുള്ളിൽ …
മയങ്ങുന്ന പൊൻവീണയാക്കാം..
ഒന്നു നിന്നിട്ടവൻ അനുവിനെ തിരിഞ്ഞു നോക്കി.
🎵 ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
ഈണങ്ങൾ ഞാനേറ്റു വാങ്ങാം…
ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
മുത്തെല്ലാം എന്നുള്ളിൽ കോർക്കാം…
മൂവന്തി താഴ് വരയിൽ
വെന്തുരുകും വെൺസൂര്യൻ….
ഇരുട്ടിന്റെ കരിമ്പടം പുതച്ചു കൊണ്ട് അഗ്രഹാരം പുതിയൊരു പുലരിയെ കാത്തു നിന്നു..
തുടരും …

by