18/04/2026

അഗ്രഹാരം : ഭാഗം 08

രചന – നിവേദ്യ ഹരിഹരൻ

എബി വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ജോർജ്ജ് പുറത്ത് ഉലാത്തുകയായിരുന്നു. “സാറാമ്മോ ദേ നിന്റെ ഡോക്ടർ മോൻ വന്നേക്കണ്.. ഇങ്ങോട്ട് വന്നേ ടീ… ജോർജ്ജ് വീടിനകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. എബി നേരേ ചെന്ന് ജോർജിനെ കെട്ടിപ്പിടിച്ചു. “എന്നതാ അപ്പാ.. ചോറുണ്ട് കഴിഞ്ഞിട്ട് നടക്കാനിറങ്ങിയതാണോ… “മമ് അതേടാ… കൊളസ്ട്രോൾ കൂടി നിൽക്കുവല്ലേ . രാത്രി കുറച്ചിങ്ങനെ നടക്കും.. ഇല്ലേൽ കർത്താവ് വേഗമെന്നെ മേലോട്ട് വിളിച്ചാലോ… വീട്ടിലൊരു ഡോക്ടർ ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം.. എനിക്ക് ഉപകാരമില്ലല്ലോ !! “ഓഹ് തുടങ്ങി അപ്പന്റെ പരാതി.!! “പറഞ്ഞതാടാ ഉവ്വേ.. അല്ലാ നീയൊന്ന് ഉടഞ്ഞല്ലോടാ ചെക്കാ… നിന്റെ തള്ളയ്ക്കിന്ന് മുഴുവൻ പറയാൻ കാരണമായി. “ഒന്നു പോ അപ്പ.. ഞാൻ ബോഡി ഫിറ്റ് ആക്കണതാന്നേ… “ഉണക്കക്കോലായിട്ടാ അവന്റെ ഫിറ്റ് … നീ എന്നെ നോക്കട ഇതു പോലാവണം ആണുങ്ങള്… അതുപോട്ടെ എങ്ങനുണ്ടെടാ നിന്റെ അഗ്രഹാര വാസം… വായ്ക്ക് രുചിയായി വല്ലോം കിട്ടുന്നുണ്ടാ… ജോർജ്ജിന്റെ പുരികം ചുളിഞ്ഞു.

“ഓഹ് ഫുഡ് ഒക്കെ അടിപൊളിയാണപ്പ.. താഴെയുള്ളത് നല്ല ആൾക്കാരാ… എബി സ്നേഹപൂർവ്വം പറഞ്ഞു. “അവര് നല്ലതായിട്ട് കാര്യല്ലല്ലോ… നിന്റെ സ്വഭാവം കൊള്ളത്തില്ലല്ലോ.. അതാ എന്റെ പേടി… ജോർജ്ജ് ചിരിച്ചു. “ദേ അപ്പ വന്ന വഴി എന്റെ വായീന്ന് കേൾക്കാൻ നിൽക്കണ്ടട്ടാ… “എന്നാത്തിനാ മനുഷ്യാ ഈ പാതിരാത്രി നിങ്ങൾ ഇങ്ങനെ വിളിച്ച് കൂവുന്നത്.” എന്നും ചോദിച്ച് സാറ പുറത്തേക്ക് വന്നു. അപ്പോഴാണ് സാറ , ജോർജിന്റെ കൂടെ നിൽക്കുന്ന എബിയെ കണ്ടത് … “ആഹ് എബി കൊച്ചേ നീ വന്നോടാ … നിന്നെ കാണാൻ എന്റെ കണ്ണ് തുടിക്കുവായിരുന്നെടാ… ഞാൻ ഇതിയാനോട് പറഞ്ഞതാ ഒന്നവിടെ വരെ പോകാന്ന്.. തിരക്കൊഴിഞ്ഞിട്ട് നേരമില്ലല്ലോ നിന്റെ അപ്പന്.. സാറ കെറുവിച്ചു കൊണ്ട് ജോർജ്ജിനെ നോക്കി. “പിന്നെ ഒരാഴ്ച മാറിനിക്കുമ്പോഴേക്കും പോയി കാണാൻ ഇള്ള കുട്ടിയല്ലേ ഇവൻ.. പെണ്ണ് കെട്ടി അഞ്ചാറ് പിള്ളേര് ഉണ്ടാവണ്ട പ്രായമായി ചെക്കന് .

“ദേ അപ്പ… എബി ദേഷ്യം ഭാവിച്ചു. “വന്നു കയറിയില്ല തുടങ്ങി അപ്പനും മോനും . സാറ തലയ്ക്ക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു. “അമ്മച്ചീ ഏബൽ വന്നായിരുന്നാ… ഞാനവനെ ഇന്നലെ വിളിച്ചായിരുന്നു… “അവൻ നിന്റെ പോലെ ഡെയ്ലി രാത്രി വിളിക്കും. ആ കൊച്ചെറുക്കൻ ഞായറാഴ്ച വരാന്ന് പറഞ്ഞിട്ടുണ്ട്. “നീയിങ്ങനെ നിൽക്കാതെ അകത്തേക്ക് വാ എബിയേ.. അമ്മച്ചി നല്ല പോത്ത് വരട്ടി വച്ചിട്ടുണ്ട്.. കുളിച്ച് വന്ന് കഴിക്ക്… ” ആണോ … വിശന്ന് കുടല് കരിയാ അമ്മച്ചി. എന്റമ്മച്ചീടെ സ്പെഷ്യൻ ബീഫ് ഫ്രൈ കൂട്ടിയിട്ട് എത്ര നാളായി കൊതിയാവുന്നു.. വേഗം താ… അവൻ സാറയുടെ തോളിൽ കയ്യിട്ടുകൊണ്ട് അകത്തേക്ക് കയറി

പിറ്റേന്ന് രാവിലെ തന്നെ കല്ല്യാണത്തിനു പോകാനായി എബി ഒരുങ്ങി ഇറങ്ങി. വെള്ള സിൽക്ക് ജുബ്ബയും മുണ്ടുമായിരുന്നു വേഷം “അമ്മച്ചിയേ ഞാൻ ഇറങ്ങുവാണേ… “നീയിങ്ങനെ നാട്ടുകാരുടെ കല്യാണോം കൂടി നടന്നോ.. സ്വന്തമായി മിന്നു കെട്ടാൻ പ്ലാൻ ഒന്നുമില്ലേടാ ചെക്കാ നിനക്ക്.. എബിനെ കണ്ടപ്പോൾ ജോർജ് ചോദിച്ചു. “ഒന്നു പോ അപ്പ… എബിന്റെ മുഖത്ത് ചെറിയ നാണം വിരിഞ്ഞു. “നമ്മടെ കൂട്ടക്കാരു നല്ല പെൺപിള്ളേര് വല്ലോം ഇന്ന് കല്യാണത്തിന് വരുവാണേൽ നോക്കി വച്ചേക്കെടാ … നമുക്ക് പോയി ചോദിക്കാന്നേ.. ജോർജ്ജ് കണ്ണിറുക്കി. “ഈ അപ്പന്റെ ഒരു കാര്യം… എബി പുഞ്ചിരിച്ചു കൊണ്ട് ഡോർ തുറന്ന് കാറിൽ കയറി. “അപ്പ ഞാൻ പോയിട്ട് വരാം. അവൻ കാർ സ്റ്റാർട്ട് ചെയ്തു. “സൺസ്റ്റാർ കൺവെൻഷനൽ സെന്ററിനു മുന്നിൽ കാർ നിന്നു.

ആളുകൾ എത്തി തുടങ്ങുന്നേ ഉണ്ടായുള്ളു. എബി കാർ പാർക്ക് ചെയ്ത് അകത്തേക്ക് നടന്നു. പൂക്കൾ കൊണ്ട് അവിടം മനോഹരമായി അലങ്കരിച്ചിരുന്നു. “സന്ദീപ് വെഡ്‌സ് ആരതി ” എന്ന ബോർഡിനു മുന്നിൽ ഒരു നിമിഷം അവൻ നിന്നു. “ടാ അളിയോ… ഡോക്ടർ അളിയോ…” എന്ന് വിളിച്ച് മൂന്നാല് ചെറുപ്പക്കാർ അവന്റെ നേരേക്ക് നടന്നടുത്തു. “ടാ , അജു .. മനു … കിരണേ … സച്ചു… എബി ഓരോരുത്തരെയും പേരെടുത്ത് വിളിച്ചു കൊണ്ട് എല്ലാവരെയും കെട്ടിപിടിച്ചു. “നിങ്ങൾ ഒക്കെ നേരത്തേ എത്തിയോടാ…?? “പിന്നല്ലാതെ.. ഞങ്ങൾ ഇന്നലെ മുതൽ പയ്യന്റെ കൂടെയുണ്ട് മോനെ.. നീ മാത്രം ഇല്ലാതിരുന്നൊള്ളു. അതിന് സന്തു പരാതി പറയുന്നുണ്ടായെട്ടാ.. നിനക്ക് നല്ല ഇടി കിട്ടും അവന്റേന്ന്…” സച്ചുവാണ്. “ഞാനിപ്പോ പാലക്കാട് ആണെടാ.. നേരത്തേ വരാൻ പറ്റിയില്ല.. എന്നിട്ട് നമ്മടെ മണവാളൻ എവിടെ..??? “ചെക്കൻ ഒരുങ്ങികഴിഞ്ഞ്.. അവിടെ കിടന്നും ഇരുന്നും പടം പിടുത്തം … മനു ചിരിച്ചു. “നിങ്ങൾ വാടാ നമുക്ക് ഒന്നു പോയി കണ്ടിട്ടു വരാം. അവനെ ഞാൻ കൂടെ ഒന്നു വിഷ് ചെയ്തേക്കാം.. നമ്മുടെ ഗ്യാങ്ങിലെ ആദ്യത്തെ മണവാളൻ അല്ലേ അവനെ ശരിക്കൊന്നു കാണണ്ടേടാ പിള്ളേരെ… “പിന്നല്ലാ.. വാടാ… അവർ സന്ദീപിനെ കാണാനായി അകത്തേക്ക് കയറി.

മുഹൂർത്തം ആവാറായി . എബിയുടെ കണ്ണുകൾ അനുവിനെ തിരയുകയായിരുന്നു. ഇതുവരെ വന്നില്ലേ അവൾ.?? അവന്റെ കണ്ണുകൊണ്ടുള്ള പരതൻ കണ്ടപ്പോ മനു ചോദിച്ചു. “എന്താ മോനെ ഒരു കോഴി കച്ചവടം… നാസ്രാണി പിള്ളേർ ഉണ്ടാവാൻ ചാൻസ് വളരെ കുറവാട്ടാ… മോൻ അധികം നോക്കണ്ട. അവൻ കണ്ണിറുക്കി. “നാസ്രാണി അല്ല മോനെ പട്ടരാ… നല്ല ഒറിജിനൽ പട്ടത്തിക്കൊച്ച്…” ആരതിടെ ഫ്രണ്ടാ… എബി ആൽക്കൂട്ടത്തിലേക്ക് എത്തിച്ച് നോക്കിക്കൊണ്ടു പറഞ്ഞു. “ടാ പട്ടത്തിയോ…? മോനെ അളിയാ … നിന്റെ അപ്പൻ ആ കടുവയുടെ കടി വാങ്ങാനുള്ള പ്ലാനാണോടാ നീ…” മനു ഉത്കണ്ഠയോടെ ചോദിച്ചു. “അതൊക്കെ പിന്നെയല്ലേടാ… ആദ്യം അവളൊന്ന് വളയട്ടെ… എബിയുടെ കണ്ണുകൾ അപ്പോഴും ഹാളിന്റെ വാതിൽക്കൽ ആയിരുന്നു. “ദേ പിന്നെ ഇക്കാര്യം ഇപ്പോത്തന്നെ പാടിക്കൊണ്ട് നടക്കണ്ടട്ടാ.. ലവന്മാർ അറിഞ്ഞാ പിന്നെ നോക്കണ്ട. എബി ശാസനാ സ്വരത്തിൽ മനുവിനെ നോക്കി.

” ഓഹ് ഞാനായിട്ട് ആരോടും പറയണില്ലേ.. സാറിന്റെ പണി നടക്കട്ടെ… മനു കൈകൂപ്പി. “മുഹൂർത്തമായി പെങ്കുട്ടിയെ വിളിക്ക്യാ …” കർമ്മി ആരതിയുടെ അച്ഛനോട് പറഞ്ഞു. ആള് ഫോണിൽ ആരെയോ വിളിച്ചു. കുറച്ചു സമയം കഴിഞ്ഞു കാണും. കല്യാണ വേഷത്തിൽ സുന്ദരിയായി ആരതി ആൾക്കൂട്ടത്തിനിടയിലൂടെ കടന്നു വന്നു. പിന്നിലായി അനുവും കൂട്ടുകാരികളും … ഓറഞ്ച് കളർ സാരിയിൽ അണിഞ്ഞൊരുങ്ങി അതി മനോഹരിയായി കൂട്ടുകാരോടൊത്ത് ചിരിച്ചു കളിച്ചു വരുന്ന അനുശ്രീ… അവളെ ആ വേഷത്തിൽ കണ്ടപ്പോൾ ഹൃദയം നിന്നു പോകുന്നതു പോലെ തോന്നി എബിയ്ക്ക്. ചുറ്റും പൂമ്പാറ്റകൾ പറക്കും പോലെ… “ടാ .. ടാ ഇതിലേക്കാടാ നിന്റെ പീസ്… മനു എബിന്റെ ചെവിയിലായി വന്നു ചോദിച്ചു. “ദേ ആ ഓറഞ്ച് സാരി.. എബി ചുണ്ടനക്കി. മനു നോക്കി. “അളിയോ പൊളി സെലക്ഷൻ.. എന്നാലും അളിയനിതെവിടന്ന്… മനു ആകാംഷയോടെ അനുവിനെത്തന്നെ നോക്കിക്കൊണ്ട് ചോദിച്ചു.

“അതൊക്കെ പിന്നെ പറയാടാ… എബി അക്ഷമനായി. എബി അവളെത്തന്നെ കണ്ണിമയ്ക്കാതെ നോക്കി നിന്നു. ആരതി സ്റ്റേജിലേക്ക് കയറിയപ്പോ അനുവും കൂട്ടുകാരികളും താഴെ നിന്നു. പെട്ടെന്ന് അവരുടെ എതിർവശത്തായി നിന്നിരുന്ന എബിയിലേക്ക് അനുവിന്റെ കണ്ണുകൾ പാറി വീണു. അനു ഒന്നു പുഞ്ചിരിച്ചു. എബി തിരിച്ചും താലി കെട്ടിന്റെ സമയം… എല്ലാവരുടെയും കണ്ണുകൾ സ്റ്റേജിലെ കാഴ്ചകളിലേക്ക് പോയപ്പോൾ എബിയുടെ കണ്ണുകൾ മാത്രം അനുവിൽ തന്നെയായിരുന്നു. അവളുടെ സംസാരവും ചിരിയും മുഖത്തെ ഭാവദേദങ്ങളും ഒപ്പിയെടുക്കുകയായിരുന്നു അവൻ. ബഹളങ്ങളോടെ താലി കെട്ടു കഴിഞ്ഞു. എബി പതുക്കെ അനുവിന്റെ അടുത്തേക്ക് ചെന്നു. “അനു സാരി തനിക്ക് നന്നായ് ചേരുന്നുണ്ട്ട്ടോ റിയലി ബ്യൂട്ടിഫുൾ…!! അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു.

“താങ്ക്യൂ ഡോക്ടർ… അനുവിന്റെ മുഖം വിടർന്നു. “അതേയ് പിന്നെ നമ്മുടെ ശാന്തിമുഹൂർത്തത്തിന്റെ കാര്യം മറക്കണ്ടട്ടാ.. പാണിഗ്രഹണം ഇന്നലയേ കഴിഞ്ഞല്ലോ..” അവളുടെ അടുത്തേക്ക് ചേർന്നു നിന്നിട്ട് ചെറുചിരിയോടെ കാതോരമായി എബി പറഞ്ഞു. “എന്തോന്ന്???? അനുവിന്റെ മുഖം ചുവന്നു. “ശാന്തിമുഹൂർത്തം .. ഫസ്റ്റ് നൈറ്റ്..! ഞാൻ എപ്പോ വേണേലും റെഡിയാന്നു പറയാരുന്നു…! എബി കള്ളച്ചിരിയോടെ കണ്ണടച്ചു കാണിച്ചു പറഞ്ഞു കൊണ്ട് അവൾക്കരികിൽ നിന്നും നടന്നു. “ദേ ഡോക്ടറെ…. അനു ഹാളിലെ അലങ്കാരത്തിനായി തൂക്കിയിട്ടിരുന്ന ജമന്തിമാലയിൽ നിന്നും പൂവു പൊട്ടിച്ചെടുത്ത് അവനു നേരേ എറിഞ്ഞു… തുടരും