The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
ഹോസ്പിറ്റലിൽ എത്തിയ എബി നേരേ ആഷ്മിയുടെ ബ്രദർ ആൽവിന്റെ കാബിനിലേക്ക് കയറി ചെന്നു…
“ഡോക്ടർ…
ഫയലുകളിൽ മുഖം പൂഴ്ത്തിയിരുന്ന അയാളെ നോക്കി എബി പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു..
“ആഹ് …
എബിയോ ..
വാ .. ഇരിക്കെടൊ …
ഫയലുകൾക്കിടയിൽ നിന്നും തലയുയർത്തി നോക്കിയ ആൽവിൻ എബിയെ കണ്ട് ആശ്ചര്യചരിതനായി..
“ആഷ്മിയ്ക്ക് ഇപ്പോൾ…??
ആൽവിനു അഭിമുഖമായി കസേരയിലേക്ക് ഇരുന്നു കൊണ്ട് എബി ചോദിച്ചു..
“എനിക്കു തോന്നി അവൾടെ കാര്യമറിഞ്ഞിട്ടാവും താൻ വന്നതെന്ന് ..
അയാളൊരു ദീർഘ നിശ്വാസമെടുത്തു..
“അതെ ..
ഡോക്ടർ ജിബിൻ വിളിച്ചിരുന്നു..
അപ്പോഴാ ഞാൻ അറിഞ്ഞത്..
ഇപ്പോ എന്നാ അവൾടെ കണ്ടീഷൻ..??
ആധി നിറഞ്ഞ മുഖത്തോടെ വലതു കൈ ടേബിളിലേക്കു വച്ച് എബി ആൽവിനെ നോക്കി..
“താൻ ടെൻഷൻ ആവണ്ടടോ ..
അവളിപ്പോ ഒക്കെ ആണ്..
എബി ഇപ്പോ പാലക്കാട് അല്ലെ വർക്ക് ചെയ്യുന്നത്..?
ആഷി പറഞ്ഞിരുന്നു..
അവിടന്നു വന്നതാണോ ..??
“അതെ ഡോക്ടറെ..
ആഷിടെ വിവരം അറിഞ്ഞപ്പോൾ ഞാനാകെ ടെൻഷൻ ആയിപ്പോയി..
“മമ്..
ആൽവിൻ ഒന്നിരുത്തി മൂളി..
എബി വന്നത് നന്നായി..
എബി എന്ന പേര് അവൾ സെഡേഷനിൽ എപ്പോഴോ പറഞ്ഞെന്ന് ഡ്യൂട്ടിയിലുണ്ടായ സിസ്റ്റർ പറഞ്ഞിരുന്നു..
ആൽവിൻ കണ്ണട ഊരിയെടുത്തിട്ട് വിരലുകൾ കൊണ്ട് കണ്ണുകൾ അമർത്തി ഉരുമ്മി..
ശേഷം വീണ്ടും കണ്ണടയെടുത്തു വച്ചു..
“എബി മിസ് അണ്ടർസ്റ്റാൻഡ് ചെയ്യരുത്..
ഫ്രണ്ട്ഷിപ്പിനപ്പുറം നിങ്ങൾ തമ്മിൽ എന്തെങ്കിലും റിലേഷൻ ഉണ്ടോ ..?
പലപ്പോഴും എനിയ്ക്ക് തോന്നിയിട്ടുണ്ട് അവൾക്ക് തന്നോട് എന്തോ പ്രത്യേക താൽപര്യം ഉള്ള പോലെ ..
തന്റെ കാര്യങ്ങൾ പറയാനും വലിയ ഉൽസാഹമാണ് ആഷിക്ക് ..
അതു കൊണ്ടു ചോദിക്കുന്നതാ …
ആൽവിൻ ഒന്നു ചിരിച്ചു..
“അത് ഡോക്ടറെ…
എബി ഒന്നു പരുങ്ങി…
“അവൾക്കെന്നോട് ചെറിയ ഇഷ്ടമുണ്ട്..
പക്ഷേ ഞാൻ ആഷിയെ നല്ലൊരു ഫ്രണ്ടായി മാത്രമേ കണ്ടിട്ടുള്ളു..
എബി തലകുനിച്ചിരുന്നു…
“ആഷി പാവമാണ് എബി.
തന്നെ അവൾക്ക് വലിയ ഇഷ്ടവുമാണ്..
ഒരു ചാൻസ് അവൾക്ക് കൊടുത്തൂടെ തനിക്ക്..
എബി ആകുമ്പോൾ ഞങ്ങൾക്കും രണ്ടാമതൊന്ന് ആലോചിക്കാനില്ല..
പപ്പയ്ക്കും ആന്റണിച്ചായനും തന്നെ വല്യ കാര്യാ..
ആൽവിന്റെ സംസാരം അപേക്ഷാ സ്വരത്തിലായിരുന്നു…
“അത് ഡോക്ടറെ എനിക്ക്…
എബി പറഞ്ഞു തീരും മുൻപ് ജേക്കബ്, ആഷ്മിയുടെ പപ്പ അങ്ങോട്ടു കടന്നു വന്നു..
“ഹാ ഇതാര് എബിയോ ..
അവനെ അപ്പോൾ അയാളുടെ കണ്ണുകൾ വിടർന്നു..
എബി വിനയപൂർവ്വം കസേരയിൽ നിന്നും എഴുന്നേറ്റു…
“താൻ ഇരിക്കെടോ…
ജേക്കബ് എബിയുടെ തോളിൽ മെല്ലെ തട്ടി..
ശേഷം എബിയ്ക്ക് അപ്പുറമായി കിടന്ന കസേരയിലേക്ക് ഇരുന്നു..
എബിയും.
“എബി ആഷിയുടെ കണ്ടീഷൻ അറിഞ്ഞിട്ടു വന്നതാണ് പപ്പ..
ഇരുകൈകളും ടേബിളിലേക്കു വച്ചിട്ട് ശരീരഭാഷയിൽ ബഹുമാനം നിറച്ചു കൊണ്ട് ആൽവിൻ പറഞ്ഞു..
“നൗ ഷീ ഈസ് ഓൾ റൈറ്റ് എബിൻ..
ഹെഡ് ഇഞ്ച്വറി ഉണ്ടായിരുന്നു..
ബോൺസ് ഒക്കെ ഫ്രാക്ചർ ആയിട്ടുണ്ട്..
അത് ക്യുവർ ആയി വരുന്നു..
ജേക്കബ്ബ് നിസ്സാരമായി പറഞ്ഞു തീർത്തു.
“ശരിക്കും ആഷിക്ക് എന്താ പറ്റിയത് അങ്കിൾ..??
അവളൊരു ട്രെയിൻഡ് ഡ്രൈവർ ആണ്..
വളരെ പെർഫെക്ട് ആയിട്ടേ അവൾ സ്റ്റിയറിംഗ് ഹാൻഡിൽ ചെയ്യു ..
എന്നിട്ട് ഈ ആക്സിഡന്റ് എങ്ങനെ സംഭവിച്ചു എന്നാണ് എനിക്ക് മനസ്സിലാകാത്തത്..
എബി ജേക്കബ്ബിനെയും ആൽവിനെയും ആകാംഷയിൽ മാറി മാറി നോക്കി..
എബിയുടെ ചോദ്യം കേട്ട് ജേക്കബും ആൽവിനും പരസ്പരം നോക്കി..
“അത് എബി…
താൻ ആയതു കൊണ്ട് ഓപ്പൺ ആയി പറയുകയാ ..
വേറെ ആരോടും ഞങ്ങൾ ഒന്നും റിവീൽ ചെയ്തിട്ടില്ല…
ബട്ട് എബി ഞങ്ങൾക്ക് വളരെ വേണ്ടപ്പെട്ട ആളാണ്..
അതുകൊണ്ടു പറയുന്നതാ…
ആൽവിൻ ഒന്നു നിർത്തി..
എബി പുരികം ചുളിച്ചുക്കൊണ്ട് അയാളിലേക്കു തന്നെ ദൃഷ്ടി പതിപ്പിച്ചു
” കുറച്ചു നാളായിട്ട് അവൾ ഡ്രിങ്ക് ചെയ്യുന്നുണ്ട്..
ഞങ്ങൾ അറിയാൻ അൽപ്പം വൈകി…
എന്തോ ഡിപ്രഷനിൽ എന്ന പോലെയാ അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ ..
പണ്ടത്തെ ആ എനർജി എല്ലാം എവിടെയോ പോയി..
എപ്പോഴും വളരെ സൈലന്റാ അവൾ..
ഞങ്ങളോടു പോലും കമ്മ്യൂണിക്കേഷൻ വളരെ കുറവാ…
കൊച്ചിന് എന്തോ പറ്റിയെന്നും പറഞ്ഞ് മമ്മിയാണേൽ കരച്ചിലും ബഹളവും…
മാര്യേജ് പ്രെപ്പോസിനെ പറ്റി എങ്ങാനും പറഞ്ഞാൽ പിന്നെ ആഷി കാറെടുത്ത് എങ്ങോട്ടെങ്കിലും പൊയ്ക്കളയും…
അതു പറയുമ്പോൾ ആൽവിന്റെ മുഖം വാടി..
“ഇതിപ്പോ അവൾ സൂയിസൈഡ് അറ്റംറ്റ് ചെയ്തതാണോ എന്ന് ഞങ്ങൾക്ക് നല്ല ഡൗട്ട് ഉണ്ട്..
അപകടം കണ്ടു നിന്നവരും അങ്ങനെയാ പറഞ്ഞത്…
ജേക്കബ്ബാണ്..
“അങ്കിൾ…!!
ചോര വാർന്ന മുഖത്തോടെ ശബ്ദമുയർത്തി എബി വിളിച്ചു..
“അതെ എബി..
പപ്പ പറഞ്ഞത് സത്യമാണ്..
അവൾടെ ബോഡിയിൽ ആൽക്കഹോൾ കണ്ടെന്റും വളരെ കൂടുതൽ ആയിരുന്നു ആ ടൈമിൽ..
ആഷിയത് മനപ്പൂർവ്വം ചെയ്തത് ആകാനാണു സാധ്യത…
ആൽവിൻ കണ്ണുകളടച്ചു കൊണ്ട് നെറ്റി ഉഴിഞ്ഞു..
“എബിയിത് മനസ്സിൽ വച്ചാ മതി..
ഹോസ്പിറ്റലിലെ ആർക്കും ഒന്നും അറിയില്ല..
ആഫ്റ്റർ ഓൾ അവളൊരു ഡോക്ടർ ആണല്ലോ.
“ഇല്ല ഡോക്ടറെ..
ഞാൻ ആരോടും പറയില്ല..
എനിയ്ക്ക് ആഷിയെ ഒന്നു കാണണം എന്നുണ്ട്..
“അതിനെന്താ എബി..
ആൽവിൽ ടേബിളിലെ ബെല്ലിൽ അമർത്തി..
ഒരു സിസ്റ്റർ അകത്തേക്കു വന്നു..
“ആഹ് അശ്വതി..
ഇത് ഡോക്ടർ എബിൻ..
ഇദ്ദേഹത്തെ ഡോക്ടർ ആഷ്മിയുടെ റൂമിലേക്ക് ഒന്നു കൊണ്ടു പോകണം ..
“ഓകെ ഡോക്ടർ…
അശ്വതി എബിയെ നോക്കി ചിരിച്ചു.
എബി അവർക്കൊപ്പം പോകാൻ എഴുന്നേറ്റു..
“ഞാൻ അവളെയൊന്നു കണ്ടിട്ടു വരാം അങ്കിൾ…
ജേക്കബ്ബ് അനുവാദപൂർവം മെല്ലെ കണ്ണുകൾ അടച്ചു..
എബി പുറത്തേക്ക് നടന്നു..
സിസ്റ്റർ അവനെ ആഷ്മിയുടെ റൂമിൽ എത്തിച്ചു..
“താങ്ക്സ് അശ്വതി സിസ്റ്ററേ ..
റൂമിലേക്കു കയറിക്കൊണ്ട് എബി പറഞ്ഞു.
“ഓകെ ഡോക്ടർ..
ശേഷം റൂമിലുണ്ടായിരുന്ന സിസ്റ്ററും അശ്വതി സിസ്റ്ററും കൂടി പുറത്തേക്കിറങ്ങി..
എബി ചെല്ലുമ്പോൾ ആഷ്മി ഉറക്കത്തിലായിരുന്നു..
തലയും ദേഹവും ആകെ പൊതിഞ്ഞു കെട്ടിയിരുന്നു..
എബി അവൾക്കടുത്തുള്ള കസേരയിൽ ഇരുന്നു..
“ആഷി ..
കണ്ണ് തുറക്കെടി ..
അവൻ പതിയെ അവളുടെ മുഖത്തു തട്ടി..
ആഷ്മി ഒന്നു ഞരങ്ങി
പിന്നെ കണ്ണുകൾ വലിച്ചു തുറന്നുകൊണ്ട് ചുറ്റും നോക്കി…
എപ്പോഴോ അവളുടെ കണ്ണുകൾ എബിയിലുടക്കി…
ആ കണ്ണുകൾ വിടർന്നു…
പിന്നെ എന്തോ ഓർത്തിട്ടെന്നവണ്ണം മിഴികൾ നിറഞ്ഞ് ഇരു ഭാഗത്തു കൂടിയും ഒഴുകിയിറങ്ങി..
ആ കാഴ്ചകണ്ടപ്പോൾ എബിയ്ക്ക് ഹൃദയം പിടഞ്ഞു..
“എന്തിനാ ആഷി നീ കരയണത്..
സമാധാനിപ്പിക്കാൻ എന്ന വണ്ണം അവൻ അവളുടെ കണ്ണീർ തുടച്ചു..
ശേഷം വലതുകരം അമർത്തി പിടിച്ചു..
“എ… ബി…
ആഷ്മി വിക്കി ..
“നീ സംസാരിക്കണ്ട തൽക്കാലം…
വിവരമറിഞ്ഞപ്പോൾ നിന്നെയൊന്നു കാണണമെന്നു തോന്നി..
അതാ ഓടി പാഞ്ഞ് വന്നത്…
എബി അവളുടെ മുടിയിഴകളിൽ സ്നേഹപൂർവം തഴുകി…
അപ്പോഴും ആഷ്മിയുടെ കണ്ണുകൾ കണ്ണീർ ഒഴുക്കിക്കൊണ്ടിരുന്നു..
“സങ്കടപ്പെടരുത് ആഷി..
വരാനുള്ളത് വന്നു..
നീ സ്ട്രോങ്ങ് ലേഡി അല്ലേ..
നിന്റെ കൂടെ എപ്പോഴും ഞാനുണ്ടാവും.
എബി അതു പറഞ്ഞപ്പോൾ ആഷ്മിയുടെ മുഖത്ത് പ്രതീക്ഷയുടെ കിരണം തെളിഞ്ഞു..
അവളൊന്നു ചിരിക്കാൻ ശ്രമിച്ചു..
“എന്നാ നീ റെസ്റ്റെടുക്ക്..
ഞാനൊന്ന് ആന്റണി ഡോക്ടറെ കൂടി കണ്ടിട്ട് തിരിച്ചു പോകാൻ നോക്കട്ടെ..
എബി അവളുടെ കൈയ്യിൽ ഒരിക്കൽ കൂടി അമർത്തി കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു..
പക്ഷെ ആഷ്മിയുടെ കൈയ്യിലെ പിടി മുറുകിയിരുന്നു…
അവൾ പോകരുത് എന്ന വണ്ണം അവനെ ദയനീയതയിൽ നോക്കി..
എബി ഒന്നു പുഞ്ചിരിച്ചു..
“ശരി കുറച്ചു സമയം കൂടി ഞാനിവിടെ ഇരിക്കാം…
വീണ്ടും അവൻ ആ കസേരയിലേക്കിരുന്നു…
ആഷ്മി ഹൃദയം നിറഞ്ഞൊരു പുഞ്ചിരി അവനു സമ്മാനിച്ചു.
❣️❣️❣️❣️❣️
രാത്രിയിൽ ടെറസ്സിൽ പ്രാക്ടിസ് ചെയ്യുന്ന അനുവിന് അരികിലേക്ക് ഗായത്രി ചെന്നു.
“നിന്റെ പ്രാക്ടിസ് കഴിഞ്ഞോ അനു ..
അനുവിനെ ശ്രദ്ധിക്കാതെ തന്നെ ഗായത്രി
പടിക്കെട്ടിൽ ഇരുന്നു..
ഗായതിയെ കണ്ടപ്പോൾ അനു പ്രാക്ടീസ് നിർത്തി..
“ആഹ് കഴിഞ്ഞമ്മേ ..
നിർത്താൻ തുടങ്ങുവായിരുന്നു..
“എന്താ അമ്മ പതിവില്ലാതെ ഇങ്ങോട്ട്…?
“എനിക്കൊരു കാര്യം പറയാനുണ്ട് അനു ..
ഗായത്രിയുടെ മറുപടിയിൽ ഗൗരവം നിറഞ്ഞു നിന്നിരുന്നു.
“എന്താ അമ്മേ…??
അമ്മ പറഞ്ഞോ…
ചിലങ്ക അഴിക്കുന്നതിനിടയിൽ അനു ഗായത്രിയെ നോക്കി
“ഇന്ന് ആ രാജേന്ദ്രമേനോൻ വിളിച്ചിരുന്നു..
അർജുന്റെ അച്ഛൻ..
“എന്നിട്ട്…എന്നിട്ട്
അയാൾ എന്തു പറഞ്ഞു..??
അനുവിന്റെ മുഖം ചുളിഞ്ഞു.
“വിവാഹകാര്യത്തിൽ എന്താ നമ്മുടെ അഭിപ്രായം എന്നു ചോദിച്ചു..
“അമ്മയെന്താ മറുപടി കൊടുത്തത്..
അനു ആശങ്കയിലായി..
“അത്..
അത്.. നമുക്ക് സമ്മതമാണെന്ന് പറഞ്ഞു..
“അമ്മേ…!!
അനുവിന്റെ ശബ്ദമുയർന്നു..
“നീ ബഹളം വയ്ക്കണ്ട അനു ..
അതാണ് എന്റെ തീരുമാനം.
നീ അർജുനെ വിവാഹം ചെയ്യണം..
എബിയെ മറന്നേക്ക്..!!
അല്ലെങ്കിലും ഏതാനും നാളത്തെ പരിചയമല്ലേ ..
എളുപ്പത്തിൽ മറക്കാൻ സാധിക്കും.
ഗായത്രിയുടെ സംസാരം അലസമായിരുന്നു..
“അതു സാധിക്കില്ല അമ്മേ..
എനിയ്ക്ക് എബി ഡോക്ടറെ ആണ് ഇഷ്ടം ..
അദ്ദേഹത്തെ മാത്രം സ്നേഹിക്കാനേ എനിക്കു കഴിയു..
“ശരി…
അതാണ് നിന്റെ ഇഷ്ടം എങ്കിൽ നടക്കട്ടെ..
പക്ഷേ എനിയ്ക്ക് വാക്ക് ഒന്നേയുള്ളു..
അത് നടന്നില്ലെങ്കിൽ എന്റെ മരണത്തിനു തുല്യാ …
“നീ എബിയെ വിവാഹം ചെയ്തോ..
പിന്നെ ഞങ്ങൾ മൂന്നു പേരും ഈ ഭൂമിയിൽ ഉണ്ടാകില്ല..
അതാണ് എന്റെ തീരുമാനം !
ബാക്കി നിന്റെ ഇഷ്ടം…
ഗായത്രി സാരി കൊട്ടിക്കുടഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ പടികൾ ഇറങ്ങി താഴേക്ക് പോയി..
അനുവിന് ശരീരം തളരുന്നത് പോലെ തോന്നി..
തലയ്ക്കകത്ത് എന്തോ ഇരമ്പിക്കൊണ്ടിരുന്നു..
അവൾ ദേഷ്യസങ്കട സമ്മിശ്ര ഭാവത്തിൽ കാലിൽ നിന്നും ചിലങ്ക അഴിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞുക്കൊണ്ട് കാൽമുട്ടിനിടയിൽ മുഖം പൂഴ്ത്തി എങ്ങി കരഞ്ഞു..
തുടരും