രചന – നിവേദ്യ ഹരിഹരൻ
നൈറ്റ്ഡ്യൂട്ടി എടുത്തിരുന്ന ഡോക്ടർക്ക് നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ എബിയ്ക്ക് ആ ഡ്യൂട്ടി ഏറ്റെടുക്കേണ്ടി വന്നു. ശിവരാമൻ ഡോക്ടർ റിക്വസ്റ്റ് ചെയ്തിട്ടാണ് എബി അതിനു തയ്യാറായത്. അതുകൊണ്ടു തന്നെ അനുവുമായുള്ള നേരിട്ടുള്ള സംഭാഷണങ്ങൾക്ക് സാധ്യത മങ്ങി. ഡ്യൂട്ടി കഴിഞ്ഞ് വന്ന് പകൽ മുഴുവൻ എബി ഉറക്കത്തിലും ആയിരിക്കും. കുറച്ചു ദിവസത്തേക്ക് എബിയ്ക്ക് അനുവിനെ കാണാനേ സാധിച്ചില്ല. ഫോൺ കോളിലും മെസ്സേജിലുമായി സംസാരം ഒതുങ്ങി. അനുവും തിരക്കിലായിരുന്നു.. അവളുടെ ടീം ഏറ്റെടുത്തിരുന്ന ഒരു പ്രോഗ്രാമിനു വേണ്ടി .. എറണാകുളത്തായിരുന്നു പരിപാടി. ഏതോ വല്ല്യ ഒരു ഗ്രൂപ്പിന്റ കീഴിലുള്ള ഹോട്ടലിന്റെ ഗോൾഡൻ ജൂബിലി പ്രമാണിച്ച് നടത്തുന്ന കുറേയേറെ പ്രോഗ്രാംസിൽ ഒന്നായിട്ട് അനുവിന്റെയും കൂട്ടരുടെയും പ്രോഗ്രാം കൂടി ഉണ്ടായിരുന്നു. പോകുന്നതിന്റെ തലേന്ന് രാത്രി അനു എബിയെ വിളിച്ചു.. അനുവിന്റെ നമ്പർ സ്ക്രീനിൽ കണ്ടപ്പോൾ എബിയുടെ മുഖം തെളിഞ്ഞു.
“ഹാ .. എന്താണ് വൈഫി ഈ നേരത്തൊരു വിളി..? തന്റെ പ്രാക്ടീസ് കഴിഞ്ഞോ ..?? “മ്മ്… കഴിഞ്ഞു ഡോക്ടറെ.. ഞാനിപ്പോ ടെറസ്സിലാ.. താഴേക്ക് പോകും മുൻപ് ഒന്നു വിളിക്കാന്നു വിചാരിച്ചു. “ഹാ പറയെടോ .. എപ്പഴാ നാളെ നിങ്ങൾ എറണാകുളത്തേക്ക് പോണത്.. “നാളെ വെളുപ്പിനു പോകും.. അവിടെ ചെന്ന് വൈകിട്ട് സ്റ്റേജ് റിഹേഴ്സൽ ഉണ്ട് .. മറ്റന്നാൾ പ്രോഗ്രാം .. അതു കഴിഞ്ഞ് അടുത്ത ദിവസമേ ഇങ്ങോട്ടേയ്ക്ക് തിരിച്ചെത്തു .. “ഓഹ് … അപ്പോ മൂന്നു ദിവസത്തേക്ക് താൻ പോകുവാണല്ലേ.. “അതെ ഡോക്ടറെ.. ഇനി അത് കഴിഞ്ഞല്ലേ നമ്മൾ തമ്മിൽ കാണു … “അതേടോ… പകൽ താൻ ബിസിയല്ലേ .. ഞാനാണേൽ കിടന്നാൽ പിന്നെ വൈകിട്ടേ എണീയ്ക്കു .. ഒന്നു കാണാൻ കൂടി പറ്റുന്നില്ല. എബി സങ്കടത്തോടെ പറഞ്ഞു. “ആ അതെ … ഡോക്ടറെ പോകും മുൻപ് ഒന്നു കാണണമെന്നുണ്ടായിരുന്നു.. ഒരു ധൈര്യത്തിന് … “എന്ത് പറയാനാ .. ഞാനിവിടെ പെട്ടു പോയില്ലേ.. ” കുഴപ്പൂല്ല ഡോക്ടറെ.. എന്തേലും ടെൻഷൻ ഉണ്ടായാൽ ഞാൻ വിളിക്കാം.. അപ്പോ ഡോക്ടർടെ ജോലി നടക്കട്ടേ … ഞാൻ പോവാ … “ഹേയ് പോകല്ലേടോ .. കുറച്ചു നേരം കൂടി സംസാരിക്ക്.. ഞാനിപ്പോ ഫ്രീയാ .. “ഇതാണ് .. വിളിച്ചാൽ പിന്നെ ഫോൺ കട്ട് ചെയ്യാൻ സമ്മതിക്കില്ല. അനു പരിഭവരുപേണ പറഞ്ഞു.
“തന്നോട് സംസാരിക്കാനുള്ള കൊതി കൊണ്ടല്ലേടോ…. എബി ചിരിച്ചു. “ഈ നൈറ്റ് ഡ്യൂട്ടി ഇല്ലായിരുന്നെങ്കിൽ ഞാനും വന്നേനേ എറണാകുളത്തേക്ക്.. തന്റെ പ്രോഗ്രാം കാണാൻ .. ഇനിയിപ്പോ പറഞ്ഞിട്ടെന്താ… എബി നെടുവീർപ്പിട്ടു. “ആഹ് .. കറക്റ്റ് ടൈമിൽ തന്നെ ഡോക്ടർക്ക് ഡ്യൂട്ടി ചെയ്ഞ്ചായി .. നാളെയിനി വിളിക്കാനും ചിലപ്പോൾ ടൈം ഉണ്ടാകില്ല ഡോക്ടറെ… തിരക്കാവും… എന്തായാലും വന്നിട്ട് കാണാം. “ബെസ്റ്റ് വിഷസ് ഡിയർ.. നന്നായ് പെർഫോം ചെയ്തിട്ടു വാ… “താങ്ക്യൂ ഡോക്ടറെ… എന്നാ ഞാൻ വെക്കട്ടേ.. പാട്ടി വിളിക്കുന്നുണ്ടെന്നു തോന്നുന്നു. “ഓകെ ടാ…. ഗുഡ് നൈറ്റ് .. കോൾ കട്ടായി. അനുവിനോടു സംസാരിച്ചതിന്റെ ഹാങ്ങ് ഓവറിൽ കുറച്ചു സമയം കൂടി എബി അങ്ങനെ ഇരുന്നു.. ❣️❣️❣️❣️❣️ “ശ്രീശൈലം ഹോട്ടൽസ് ആന്റ് റെസ്റ്ററൻസ് ” എന്നെഴുതിയ വലിയൊരു ആഡംബര ഹോട്ടലിന്റെ പാർക്കിങ്ങ് ഏരിയയിൽ ആണ് അനുവിന്റെയൊക്കെ വണ്ടി ബ്രേക്കിട്ട് നിന്നത്. ഏക്കറു കണക്കിന് സ്ഥലത്ത് 5 നിലകളിലുള്ള കൂറ്റൻ ഒരു ബിൽഡിംഗ്…!! ഹോട്ടലിനു പുറത്തെ കാഴ്ചകളിൽ , കൂടെ വന്നവർ മതി മറന്നു നിൽക്കുമ്പോഴും “ശ്രീശൈലം” ആ പേര് എവിടെയോ കേട്ടിട്ടുണ്ടെന്ന ഓർമ്മയിൽ അലഞ്ഞു തിരിയുകയായിരുന്നു അനുവിന്റെ മനസ്സ് .. വളരെ ഊഷ്മളമായ സ്വീകരണമാണ് അവർക്കു വേണ്ടി ഹോട്ടൽ അധികൃതർ ഒരുക്കിയിരുന്നത്.
എല്ലാവർക്കും വെവ്വേറെ റൂമുകളും തയ്യാറാക്കിയിരുന്നു. അതിസമ്പന്നർ മാത്രം വന്നു പോകുന്ന ഇടമാണ് അതെന്ന് ഒറ്റനോട്ടത്തിൽ തന്നെ അനുവിന് മനസ്സിലായി.. ഹോട്ടലിനകത്തെ കാഴ്ചകൾ ആസ്വദിക്കുമ്പോൾ ശ്രീശൈലം എന്ന പേര് അന്വേഷിക്കുകയായിരുന്നു അനുവിന്റെ ചിന്തകൾ.. അന്നത്തെ ദിവസം സ്റ്റേജ് റിഹേഴ്സൽ ഒക്കെയായിട്ടു പോയി. രാത്രി ഒരുപാട് വൈകിയാണ് എല്ലാവരും റൂമുകളിൽ എത്തിയത്. ക്ഷീണം കൊണ്ട് ചെന്നപാടെ ഏവരും ഉറക്കം പിടിച്ചു. രാവിലെ ഫുഡുമായി വന്ന വെയ്റ്റർ കതകിൽ തട്ടിയപ്പോഴാണ് അനു ഉണർന്നത്. കുറേ ദിവസത്തെ തുടർച്ചയായ പ്രാക്ടീസിൽ അവൾ ആകെ തളർന്നിരുന്നു. “മാഡം ഫുഡ് അകത്തേക്ക് വയ്ക്കട്ടെ ?? അയാൾ അനുവിനെ ഉറ്റുനോക്കി. ” വച്ചോളു.. അനു തലകുലുക്കി. “മാഡം ഡാൻസ് പ്രോഗ്രാമിന് വന്നതാണേല്ലേ.. ഫുഡ് ട്രേയിൽ നിന്നും ടേബിളിലേക്ക് വയ്ക്കുന്നതിനിടയിൽ അയാൾ ചോദിച്ചു. “അതേ… അനു ഒന്നു ചിരിച്ചു.. അയാൾ തിരിഞ്ഞ് നടക്കാൻ തുടങ്ങിയപ്പോൾ അനു ചോദിച്ചു..
“അതേയ് ചേട്ടാ ഈ ഹോട്ടലിന്റെ ഓണർ ആരാ..?? “ഹാ മാഡത്തിന് അറിയില്ലേ ശ്രീശൈലം ഗ്രൂപ്പ്… വല്യ ആളുകളാ.. രാജേന്ദ്ര മേനോൻ സാർ ആണ് ഇതിന്റെ എം ഡി.. ഇവിടത്തെ കാര്യങ്ങൾ ഒക്കെ നോക്കാൻ വരുന്നത് അദ്ദേഹത്തിന്റെ മൂത്ത മകനാ.. ആദിത്യൻ സാർ .. ” ആണോ…. “എന്താ മാഡം ചോദിച്ചത്?? “ഹേയ് ഈ പേര് എവിടെയോ കേട്ടൊരു ഓർമ്മ.. അതാ ചോദിച്ചത്…. എന്നാ ചേട്ടൻ പൊയ്ക്കാ.. ” ശരി മാഡം… അയാൾ പുറത്തേക്ക് പോയി.. അനു വാതിൽ വലിച്ചടച്ചു.. അന്ന് വൈകിട്ട് 6 ന് ആയിരുന്നു പരിപാടി. പ്രത്യേകം ക്ഷണം ലഭിച്ചിട്ടുള്ള വലിയ ഉദ്യോഗസ്ഥന്മാരും രാഷ്ട്രീയക്കാരും ബിസ്സിനസ്സുകാരുമൊക്കെയായിരുന്നു സദസ്യർ. കൂടാതെ എംഡിയും ഫാമിലിയും എത്തിയിട്ടുണ്ടെന്നും പ്രോഗ്രം കോഓർഡിനേറ്റർ വിശ്വനാഥൻ അനുവിനെയും കൂട്ടരെയും അറിയിച്ചിരുന്നു.. അനുവിന്റെ ടീമിനു വേണ്ടി പ്രോഗ്രാം അറേഞ്ച് ചെയ്യുന്നത് വിശ്വനാഥനാണ്. കൃത്യം 6 മണിയ്ക്ക് തന്നെ പ്രോഗ്രാം ആരംഭിച്ചു. മൂന്നാമതായാണ് അനു സ്റ്റേജിൽ കയറിയത്. അതവളുടെ ഒറ്റയ്ക്കുള്ള പെർഫോർമൻസ് ആയിരുന്നു. കർട്ടൻ ഉയർന്നു. നൃത്തം ആരംഭിച്ചു.. ഇടയ്ക്കെപ്പോഴോ മുൻ നിരയിലെ കസേരകളിലേക്ക് കണ്ണു പാളിയപ്പോഴാണ് ആദ്യ നിരയിലിരുന്ന അർജുനെ അവൾ ശ്രദ്ധിച്ചത്.
നൃത്തം വളരെ ആസ്വദിച്ച് ഒരു പുഞ്ചിരിയോടെ ഇരിക്കുന്ന അവനെ കണ്ടതോടെ അനു അസ്വസ്ഥയായി. ഇടയ്ക്കിടെ അറിയാതെ അവനിലേക്ക് കണ്ണുകൾ പതിച്ചെങ്കിലും മനസ്സിനെ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ട് ഭംഗിയായിത്തന്നെ അവൾ നൃത്തം അവസാനിപ്പിച്ചു. കരഘോഷങ്ങളോടെ കർട്ടൻ വീണു.. ഗ്രീൻ റൂമിൽ അടുത്ത നൃത്തത്തിനായി കോസ്റ്റ്യൂം ചേയ്ഞ്ചിന് ഇരിക്കുമ്പോഴും അനുവിന്റെ ഉള്ളിൽ അർജുന്റെ മുഖമായിരുന്നു. “അയാൾ ഇവിടെയും എത്തി എന്ന ചിന്തയിൽ അനു അരിശം പൂണ്ടു. ഒന്നിനൊന്നു ഗംഭീരമായിത്തന്നെ നൃത്ത പരിപാടികൾ അവസാനിച്ചു. എല്ലാവരും നർത്തകർക്ക് അരികിലേക്കു വന്ന് ആശംസകൾ അറിയിച്ചു. തിരക്കെല്ലാം കഴിഞ്ഞ് ഡ്രസ്സ് മാറ്റി റൂമിലേക്കു നടക്കുമ്പോൾ വിശ്വനാഥൻ എതിരെ നടന്നു വരുന്നത് അനു കണ്ടു. “അനുശ്രീ തന്നെ എംഡിയുടെ ഫാമിലിക്കൊന്ന് പരിചയപ്പെടണമെന്ന്.. അയാൾ വിനയപൂർവ്വം പറഞ്ഞു. “എന്നെയോ… ? എന്തിന്?? അനു പുരികം ചുളിച്ച് അയാളെ നോക്കി.
“അതെ തന്റെ പേര് പ്രത്യേകം എടുത്തു പറഞ്ഞു. എന്തിനാണെന്ന് അറിയില്ല. വെറുതെ പരിചയപ്പെടാനാവും.. പ്ലീസ് ഒന്നു വരൂ.. “മമ്… വരാം.. അനു അയാൾക്കു പിന്നാലെ നടന്നു.. ഒരു മുറിയുടെ മുന്നിലെത്തിയപ്പോൾ അയാൾ പെട്ടെന്ന് നിന്നു. മുറിയുടെ വാതിൽക്കലെ ബെല്ലിൽ അമർത്തി. വാതിൽ തുറക്കപ്പെട്ടു.. നിമ്മിയായിരുന്നു വാതിൽ തുറന്നത്. അനുവിനെ കണ്ടപ്പോൾ അവൾ ഹൃദ്യമായി പുഞ്ചിരിച്ചു. “അനുശ്രീ അല്ലേ…? നിമ്മി ചോദിച്ചു. “അതേ… അനു ചിരിച്ചു.. “എന്നാൽ ഞാൻ പൊയ്ക്കോട്ടെ മാഡം.. വിശ്വനാഥൻ നിമ്മിയെ നോക്കി ചോദിച്ചു. നിമ്മി തലയാട്ടി.. അനുവിനെ ഒന്നു നോക്കിയിട്ട് അയാൾ പോയി. അനുവിന് മനസ്സിൽ എന്തോ ഒരു അങ്കലാപ്പ് തോന്നി. പരിചയമില്ലാത്ത ആളുകൾ… മനസ്സിൽ പെരുമ്പറ മുഴങ്ങി. “താൻ അകത്തേക്ക് വാടോ… നിമ്മി അനുവിന്റെ കയ്യിൽ പിടിച്ചു. അവൾ നേരിയ ഭയത്തോടെ അകത്തേക്ക് കയറി. വളരെ വലിയൊരു മുറിയായിരുന്നു അത്. ഹോട്ടലിലെ ഏറ്റവും വലിയ മുറിയായിരിക്കും അതെന്ന് അകത്തെ സൗകര്യങ്ങൾ കണ്ടപ്പോൾ അനു ഊഹിച്ചു.. അകത്ത് വലിയൊരു സോഫയിലായി രാജേന്ദ്രനും ആദിത്യനും ഉണ്ടായിരുന്നു. കട്ടിലിൽ കുഞ്ഞിനെയും കൊണ്ട് ജയയും.. അനുവിനെ കണ്ടപ്പോൾ വളരെ പരിചയമുള്ളതു പോലെ ഏവരും ചിരിച്ചു.. അനു തിരിച്ചും..! തുടരും

by