18/04/2026

അഗ്രഹാരം : ഭാഗം 31

രചന – നിവേദ്യ ഹരിഹരൻ

എബി കോട്ടയത്തു നിന്നും പിറ്റേന്ന് രാവിലെ തന്നെ തിരിച്ചെത്തി അവൻ ചെല്ലുമ്പോൾ മുറ്റത്ത് തുളസിത്തറ നനച്ചു കൊണ്ട് ഗായത്രി നിൽക്കുന്നുണ്ടായിരുന്നു.. ഗായത്രിയെ കണ്ടപ്പോൾ എബിയുടെ മുഖം വല്ലാതായി.. അവരെ അഭിമുഖീകരിക്കാൻ അവന്റെ മനസ്സിന് ജാള്യത തോന്നി.. അതു മനസ്സിലാക്കിയിട്ടെന്നവണ്ണം ഗായത്രി അവന്റെ അരികിലേക്കു ചെന്നു.. “ഗുഡ് മോണിംഗ് ഡോക്ടറെ.. ഗായത്രി ചിരിച്ചു.. “ഗുഡ് മോണിംഗ് ആൻറി… “എന്താ ഡോക്ടർ ടെ മുഖം വല്ലാതെ… ഗായത്രി അവനെ ചൂഴ്ന്നു നോക്കി.. “ഹേയ് ഒന്നൂല്ല ആന്റി.. എബി അവൾക്കു മുഖം കൊടുക്കാതെ പറഞ്ഞു.. “ഒന്നും ഇല്ലേ ..?? ഗായത്രി ഒന്നു തറപ്പിച്ചു ചോദിച്ചു.. “അത് ആന്റീ … അവൻ പരുങ്ങി.. “ഡോക്ടറ് ചമ്മൊന്നും വേണ്ട …. അനു എല്ലാ കാര്യങ്ങളും എന്നോടു പറഞ്ഞു.. എല്ലാമെന്നു വച്ചാൽ.. നിങ്ങൾ തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം… പിന്നെ എബിൻ , ജോർജിന്റെ മകനാണെന്നും … “ആന്റിയോട് എല്ലാം പറയാനിരിക്കുവായിരുന്നു ഞങ്ങൾ …. അപ്പോഴാ അർജുൻ ഇടയിലേക്കു വന്നത്… പഴയ കാര്യങ്ങളൊക്കെ അവനാ ഞങ്ങളോട് പറഞ്ഞത്.. അവനെങ്ങനെ അതൊക്കെ അറിഞ്ഞെന്ന് ഞങ്ങൾക്കറിയില്ല.. “അർജുന്റെ അച്ഛൻ ഞങ്ങളുടെ സീനിയർ ആയിരുന്നു..

ഇവിടെ വന്നപ്പോഴേ ആൾക്കെന്നെ മനസ്സിലായിരുന്നു… “ഓഹ് അങ്ങനെയാണല്ലേ… എബി എന്തോ ആലോചിച്ചു കൊണ്ടു പറഞ്ഞു.. “പിന്നെ എബിയും അനുവും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം… ഡോക്ടറ് ജോർജിന്റെ മകൻ ആയതു കൊണ്ടോ ഒരു ക്രിസ്ത്യൻ ആയതു കൊണ്ടോ നിങ്ങളുടെ ഈ ബന്ധം ഞാൻ എതിർക്കില്ല.. കാരണം അതു രണ്ടും എനിയ്ക്കൊരു വിഷയം അല്ല .. പക്ഷെ എനിക്കീ ബന്ധത്തിൽ താൽപര്യം ഇല്ല എബി.. ഗായത്രി എബിയുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടു പറഞ്ഞു.. അവനൊന്നു ഞെട്ടി.. നെഞ്ചിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞു.. “എന്താ ആന്റി … പിന്നെ എന്താ ആന്റീടെ പ്രശ്നം..?? അവനു തൊണ്ട വറ്റി വരളുന്നതു പോലെ തോന്നി.. “ഞാൻ പറയുന്നത് എബിയ്ക്ക് മനസ്സിലാക്കാൻ സാധിക്കും എന്നാണ് എന്റെ വിശ്വാസം.. എബീ …. എന്നെയും ജോർജിനെയും പറ്റി ഒരിയ്ക്കൽ ഒരു അനാവശ്യ സംഭാഷണം ഉണ്ടായിട്ടുള്ളതാണ്.. അത് ഒരുപാടു പേർ അറിഞ്ഞ് പരസ്യമായ ഒരു കാര്യവുമാണ്.. ഇപ്പോ ഈ അർജുന്റെ ഫാദറിനെ പോലെ… അങ്ങനെയുള്ള ഞങ്ങളുടെ മക്കൾ തമ്മിൽ വിവാഹം ചെയ്താൽ ആളുകൾ ഒരിയ്ക്കൽ മറന്ന കാര്യം വീണ്ടും ചർച്ചാ വിഷയമാക്കും..

എന്റെ മോളെ പറ്റിയും ഇനി അനാവശ്യങ്ങൾ പറഞ്ഞുണ്ടാക്കും.. അവളെ എല്ലാവരും കുത്തു വാക്കുകൾ പറയും.. അന്നത്തെ സംഭവങ്ങൾ വച്ച് എന്റെ മകളുടെ സ്വഭാവവും എല്ലാവരും അളക്കും .. അതൊന്നും കാണാനും കേൾക്കാനും എനിക്ക് വയ്യ ഡോക്ടറെ.. അവളുടെ ജീവിതം അതോടെ ഒരു നരകമായി തീരും.. ഡോക്ടറെ എനിക്ക് വളരെ ഇഷ്ടാ.. നല്ല മനസ്സാ എബിക്ക് എനിയ്ക്കറിയാം.. ഡോക്ടറെ പോലെ ഒരാളെ കിട്ടുന്നത് എന്റെ മോൾടെ ഭാഗ്യവുമാ… പക്ഷെ ഞാൻ നിസ്സഹായ ആണ്… എന്റെ മകൾ ഭാവിയിൽ കേൾക്കേണ്ടി വന്നേക്കാവുന്ന കാര്യങ്ങൾ ആലോചിച്ച് ഇന്നലെ രാത്രി ഒരുപോള കണ്ണടയ്ക്കാൻ എനിയ്ക്ക് സാധിച്ചിട്ടില്ല… ഞാനൊരു അമ്മയല്ലേ എബി.. പിന്മാറാൻ പറ്റുമെങ്കിൽ ദയവായി എബി ഇതിൽ നിന്നും പിന്മാറിത്തരണം… അനുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാകണം.. ഗായത്രി നിറഞ്ഞ മിഴികളോടെ അവനെ നോക്കി.. “ആന്റി അങ്ങനൊന്നും ഉണ്ടാവില്ല..

അനു അന്നത്തെ സംഭവത്തിന്റെ പേരിൽ സങ്കടപ്പെടാൻ ഞാൻ സമ്മതിക്കില്ല.. ഞങ്ങൾ അത്ര അടുത്തു പോയി ആന്റി… എബി ഗായത്രിയുടെ അടുത്തേക്കു ചെന്ന് അവരുടെ കൈകൾ ചേർത്തു പിടിച്ചു.. “പ്ലീസ് ആന്റീ … അവളെ മറക്കാൻ എന്നോട് പറയരുത്.. എനിയ്ക്കത് താങ്ങാവുന്നതിലും അപ്പുറമാണ്… “പറയാനുള്ളത് ഞാൻ പറഞ്ഞു എബി.. തീരുമാനം ബുദ്ധിപൂർവം മാത്രം എടുക്കുക.. കാരണം ജീവിതം ഒന്നേ ഉള്ളു.. അത് പാഴായി പോകരുത് എന്നാണ് എന്റെ ആഗ്രഹം.. ഒരു പക്ഷേ പഴയ കാര്യങ്ങൾ അറിയുമ്പോൾ എബിയുടെ അമ്മയ്ക്കു പോലും എന്റെ മകളെ ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടു കാണും.. “നോ ആന്റീ അങ്ങനൊന്നും ഉണ്ടാവില്ല… അനുവിന് ഒരു പ്രശ്നവും ഉണ്ടാകില്ല… “ഡോക്ടറെപ്പോലെ ഒരാളെ നഷ്ടപ്പെടുത്തുന്നതിൽ എനിയ്ക്കും സങ്കടമുണ്ട് മോനെ… പക്ഷെ… മമ് എന്തായാലും എബി ചെല്ല്… ഡ്യൂട്ടിക്ക് പോകണ്ടേ … ഞാനും പോവ്വാ സമയം കുറേയായി… ഗായത്രി അവന്റെ നെറുകയിൽ മൃദുവായി തഴുകിക്കൊണ്ട് അകത്തേക്ക് പോയി.. എന്തു ചെയ്യണമെന്നറിയാതെ എബി കുറച്ചു സമയം കൂടി അതേപടി നിന്നു … ❣️❣️❣️❣️❣️

ഒ പി കഴിഞ്ഞ് എബി റൂമിൽ ഇരിക്കുമ്പോൾ അർജുൻ അവിടേയ്ക്ക് കയറി വന്നു.. ചിരിച്ചുക്കൊണ്ട് അവൻ കസേര വലിച്ചിട്ട് അതിൽ ഇരുന്നു.. “എന്തായി ഡോക്ടറെ കാര്യങ്ങൾ.. അപ്പന്റെ ചരിത്രമൊക്കെ പോയി അന്വേഷിച്ചോ.. എബി കഴുത്തിൽ കിടന്ന സ്തെത്ത് വലിച്ചെടുത്തു മേശപ്പുറത്ത് വച്ച് ഒന്ന് പിന്നോട്ട് അമർന്നിരുന്നു. “അതറിയാനാണോ നീ ഇങ്ങോട്ട് വന്നത് അർജുൻ ??? “അതെ… അതറിയാൻ തന്നെ വന്നതാ.. അവൻ പുച്ഛഭാവത്തിൽ ചിരിച്ചു.. എബി കസേരയിൽ നിന്നെഴുന്നേറ്റ് അർജുന്റെ അടുത്തായി മേശയിൽ ഒന്നു കൊള്ളിച്ചിരുന്നുക്കൊണ്ട് കൈകൾ പിണച്ചു കെട്ടി… “ഞാൻ അന്വേഷിച്ചെടാ.. അറിയേണ്ടതൊക്കെ അറിഞ്ഞു അതിന്..?? “അപ്പോ ജോർജേട്ടന്റെ അവിഹിതം മനസ്സിലാക്കിയെന്ന്.. നായിക ഗായത്രീദേവീ യാണെന്നും അറിഞ്ഞല്ലോ ല്ലേ.. സന്തോഷായില്ലേ ഇപ്പോ .. നീ അറിഞ്ഞെങ്കിൽ അവളും അറിഞ്ഞു കാണുമല്ലോ.. അർജുൻ സന്തോഷപൂർവ്വം ഇരു കരങ്ങളും കൊണ്ട് കസേരകൈയ്യിൽ അടിച്ചു.. “അതേടാ അവിഹിതമാ … അതിനു നിനക്കെന്താടാ ..?? എബിയുടെ മുഖം ചുവന്നു..

“എനിക്കെന്ത് ?? എനിക്കൊന്നുമില്ല.. പൊക്കിയത് നിന്റെ അപ്പനെ അല്ലേ.. അവൾടെ അമ്മയേം… തോന്നേണ്ടത് നിങ്ങൾക്കല്ലേ… നീ വേണേൽ ഒന്ന് ഉറക്കെ കരഞ്ഞേക്ക് എബിയേ… ആ സങ്കടമൊന്ന് പെയ്തൊഴിയട്ടെ… കളിയാക്കുന്നതു പോലെ അർജുനതു പറഞ്ഞപ്പോൾ എബിയുടെ കൈ തരിച്ചു.. “ഇതൊരു ഹോസ്പിറ്റൽ ആയിപ്പോയി ഇല്ലേൽ നീ എന്റെ കൈയ്യുടെ ചൂട് അറിഞ്ഞേനേ… എബി നിന്നു വിറച്ചു. അർജുൻ ഒന്നുറക്കെ ചിരിച്ചു.. “ഒന്നു പോടാ ചിരിപ്പിക്കാതെ.. അതൊന്നും നിനക്ക് പറഞ്ഞിട്ടുള്ളതല്ല.. നീ ഇവിടിരുന്ന് രോഗികൾക്ക് മരുന്ന് ഒണ്ടാക്ക്… അർജുൻ കസേരയിൽ നിന്നും എഴുന്നേറ്റു.. “എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ.. അവളേം കൂടി എനിക്കൊന്നു കാണാനുണ്ട്.. എന്റെ പെണ്ണിനെ ..!! അതവൻ പതിഞ്ഞ ശബ്ദത്തിൽ എബിയോട് ചേർന്നു നിന്നാണ് പറഞ്ഞത്.. എബി രൂക്ഷമായി അവനെ നോക്കി.. അർജുൻ ഡോറ് തുറന്ന് പുറത്തേക്കിറങ്ങി.. തുടരും