16/04/2026

അഗ്രഹാരം : ഭാഗം 22

രചന – നിവേദ്യ ഹരിഹരൻ

“ഒന്നു പറ ഡോക്ടറെ…. എന്തിനാ ഇപ്പോ ഇങ്ങോട്ട് വന്നേ…? ആകാംക്ഷയിലും അതിലേറെ ഭയത്തിലുമായിരുന്നു അനുവിന്റെ ചോദ്യം.. എബി ഒരു വശം ചരിഞ്ഞ് കൈ തലയിലൂന്നി കിടന്നു ക്കൊണ്ട് അനുവിനെ നോക്കി ചിരിച്ചു.. “താനിത്ര ടെൻഷൻ ആകുന്നതെന്തിനാ വൈഫീ.. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോൾ വല്ലാത്ത ആഗ്രഹം എന്റെ പെണ്ണിനെ ഒന്നു കാണമെന്ന്.. റൂമിൽ ചെന്ന് അല്ലറ ചില്ലറ പരിപാടികളൊക്കെ ചെയ്ത് ഒരു കുഞ്ഞുറക്കവും കഴിഞ്ഞ് ബുള്ളറ്റെടുത്ത് നേരേ ഇങ്ങോട്ട് വച്ചു പിടിച്ചു.. “എന്നിട്ട് ഡോക്ടർ ഇവിടെ റൂമെടുത്തോ ?? ചോദ്യഭാവത്തിൽ അനു എബിയെ നോക്കി. “എന്തോന്നിന് .. എന്റെ പെണ്ണിവിടെ ഒറ്റയ്ക്ക് കിടക്കുവല്ലേ .. റൂമെടുത്ത് ഞാൻ പൈസ കളയോ .?? എബിയുടെ കണ്ണുകളിൽ കുസ്യതി നിറഞ്ഞു. “അയ്യടാ ആ ആഗ്രഹം അങ്ങ് മനസ്സിൽ വച്ചാ മതി.. “കടവുളേ.. ഡോക്ടർ ഇങ്ങോട്ട് വരുന്നത് ടീമിൽ ആരേലും കണ്ടോ ആവോ ..?? അനു നെഞ്ചിൽ കൈ തൊട്ടു കൊണ്ട് മുകളിലേക്കു നോക്കി പറഞ്ഞു.

“അതോർത്ത് താൻ പേടിക്കണ്ട … ആരും കണ്ടിട്ടില്ല.. അതൊക്കെ നോക്കിയാ ഞാൻ വന്നേ.. അവൻ കണ്ണിറുക്കി.. “എണീറ്റേ … ഡോക്ടർ വേഗം പോവാൻ നോക്കിയേ .. അനു അവന്റെ കൈയ്യിൽ പിടിച്ചു വലിച്ചു. “തനിയ്ക്ക് ഇത്ര മനസ്സാക്‌ഷി ഇല്ലേ അനു … ഇത്രേം ദൂരം വണ്ടിയോടിച്ച് വന്നിട്ട്, അതും നൈറ്റ് ഡ്യൂട്ടി എടുത്ത് മര്യാദയ്ക്ക് കിടന്നൊന്ന് ഉറങ്ങുക കൂടി ചെയ്യാതെ .. വെറുതെയല്ല പണ്ടുള്ളവർ പറഞ്ഞിട്ടുള്ളത് പെണ്ണുങ്ങളുടെ ഹൃദയം കല്ലാണെന്ന് … “അങ്ങനെ പണ്ടുള്ളവർ ആരും പറഞ്ഞില്ല.. ഞങ്ങൾക്ക് നല്ല ഹൃദയം തന്നാ ഉള്ളത്.. എഴുന്നേറ്റേ.. എന്നിട്ട് പുറത്ത് പോ വേഗം … അനു വീണ്ടും അവന്റെ കൈയ്യിൽ പിടിച്ച് വലിച്ചു.. എബി ചിരിയോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു.

“താൻ എന്നെ പറഞ്ഞുവിടാൻ നോക്കണ്ട വൈഫി.. ഞാനിവിടന്ന് ഒരടി പോലും അനങ്ങാൻ പോണില്ല..!! എബി വലതുകാൽ എടുത്ത് ഇടതു കാലിലേക്കു വച്ചുക്കൊണ്ട് കാലിൽ താളം തട്ടിക്കൊണ്ടിരുന്നു. “എന്റെ പൊന്നു ഡോക്ടറല്ലേ.. ഒന്നു പോ… ആരേലും കണ്ടിട്ട് അമ്മയുടെ ചെവിയിലെത്തിൽ പിന്നെ ആകെ പ്രശ്നമാകും.. ഞാൻ ഡോക്ടറുടെ കാലു പിടിക്കാം.. അനു നിസ്സഹായയായി.. വെറും തറയിലിരുന്നു കൊണ്ട് അവൾ എബിയുടെ കാലിൽ തൊട്ടു.. “എന്തു പറഞ്ഞിട്ടും ഒരു കാര്യോമില്ല മോളെ… ഇച്ചായൻ ഇന്നു ഇവിടന്നു പോണ പ്രശ്നമില്ല.. കള്ളച്ചിരിയോടെ എബി അനുവിന്റെ കവിളിൽ നുള്ളി.. “എന്റെ കൃഷ്ണാ .. ഏത് നേരത്താണോ ആവോ എനിയ്ക്ക് വാതിൽ തുറക്കാൻ തോന്നിയത്.. അനു മെല്ലെ കൈ കൊണ്ട് തലയിലടിച്ചിട്ടു കട്ടിലിൽ ചാരിയിരുന്നു..

“ആ നേരം എനിയ്ക്ക് നല്ല നേരാ അനുക്കുട്ടി… അനുവിന്റെ പിന്നിയിട്ട മുടിയുടെ തുമ്പിൽ പിടിച്ചു വലിച്ചു എബി. “താൻ പേടിക്കണ്ടടോ എനിയ്ക്ക് നല്ല കൺട്രോളാ… കന്നംതിരിവൊന്നും കാണിക്കുകേല കൊച്ചേ.. അല്ലെങ്കിലും ഞാനൊരു ഡോക്ടറല്ലേടോ… ഇതും പറഞ്ഞ് എബി അവളുടെ ജിമിക്കിയിൽ മെല്ലെ തട്ടി.. “പിന്നേ ഒരു ഡോക്ടറ്.. ഇത്രേം കോമൺസെൻസ് ഇല്ലാത്ത ഒരു ഡോക്ടറെ ഞാൻ ആദ്യായി കാണാ.. ഒരു പെൺകുട്ടിയുടെ മുറിയിൽ രാത്രി കയറി വന്നിട്ടു വല്യ ന്യായം പറയൽ.. പിന്നെ കൺട്രോളിന്റെ കാര്യം… എന്റെ അടുത്തേക്ക് വന്നാൽ കാല് ഞാൻ തല്ലിയൊടിക്കും.. പറഞ്ഞേക്കാം..!! അനു അവനെ കൂർപ്പിച്ചു നോക്കി.. എബി ഉറക്കെ ചിരിച്ചു.. “ആഹ് … ബെസ്റ്റ് ..!! കർത്താവേ ഫസ്റ്റ് നൈറ്റിന്റെ പിറ്റേന്ന് ഞാൻ കാലൊടിഞ്ഞ് കിടക്കേണ്ടി വരോല്ലോടോ അപ്പോ.. “ഹോ വല്യ ഒരു തമാശ.. അനു മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു. എബി കട്ടിലിൽ നിന്നും ഇറങ്ങി താഴെ അനുവിന്റെ അടുത്തിരുന്നു.

“കുറച്ചു ദിവസായില്ലേടോ തന്നെ കാണാഞ്ഞിട്ട് .. മനസ്സ് സമ്മതിക്കുന്നുണ്ടായില്ല.. വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാൻ.. അതാ ഓടി പാഞ്ഞു വന്നത് .. എബി അനുവിന്റെ കൈ എടുത്തു പിടിച്ചുകൊണ്ട് വിരലുകളിൽ പതുക്കെ തലോടി. അവന്റെ സംസാരത്തിൽ അവളൊന്നു തണുത്തു.. പതിയെ അവന്റെ തോളിലേക്കു ചാരി… “എനിക്കും കാണാൻ ആഗ്രഹമുണ്ടായിരുന്നു ഒരുപാട് .. ആരെങ്കിലും കണ്ടാലോ എന്ന് പേടിച്ചിട്ടാ ഡോക്ടറെ ഞാൻ… ഇതിപ്പോ നമുക്ക് മാത്രം അറിയുന്ന കാര്യമല്ലേ … പുറത്തുള്ളവർ അറിഞ്ഞാൽ… അനുവിന്റെ വാക്കുകളിൽ ഭയം നിഴലിച്ചിരുന്നു.. “എനിയ്ക്ക് മനസ്സിലായെടോ തന്റെ ഫീലിംഗ്സ് .. കുറച്ചു സമയം കൂടി തന്റടുത്ത് ഇരുന്നിട്ട് ഞാൻ പൊക്കോളാം.. പോരെ … ഞാൻ വേറെ റൂമെടുത്തിട്ടുണ്ട്.. തന്നെ ഒന്നു കണ്ട് കുറച്ചു നേരം സംസാരിച്ചിട്ട് പോകാല്ലോന്നു വിചാരിച്ചിട്ടാ .. അതല്ല ഇപ്പോ തന്നെ ഞാൻ പോണോ… അതിനും തയ്യാറാ … “വേണ്ട.. പോകണ്ട… അനു അവന്റെ കൈകളിൽ പിടിമുറുക്കി.

എബി ഒന്നു മന്ദഹസിച്ചു.. “എന്നിട്ട് എങ്ങനുണ്ടായിരുന്നു ഇന്നത്തെ പ്രോഗ്രാം ..? ഇവിടേം ഫാൻസിയോ തനിയ്ക്ക് …?? “മമ് നന്നായിട്ട് ചെയ്യാൻ പറ്റി… എല്ലാർക്കും നല്ല ഇഷ്ടായി… അർജുന്റെ കാര്യം നാവിലേക്ക് വന്നെങ്കിലും അവളത് വിഴുങ്ങി.. എബിയുടെ മനസ്സിലേയ്ക്ക് കനൽ വാരിയിടാൻ എന്തോ മനസ്സനുവദിച്ചില്ല.. “അതു പിന്നെ എനിക്കറിയാല്ലോ താൻ പ്രോഗ്രാം കളറാക്കുമെന്ന് .. എന്നാലും വെറുതെ ചോദിച്ചതാ…. എനിയ്ക്ക് വന്നു കാണണം എന്നുണ്ടായിരുന്നു പക്ഷെ നേരത്തേ എത്താൻ പറ്റിയില്ല.. നല്ല ട്രാഫിക്കായിരുന്നു… “ആണോ… ഉം ..അനു ഒന്നു നെടുവീർപ്പിട്ടു.. “അനു … തന്നെ കാണാതെ എനിയ്ക്ക് പറ്റുന്നില്ലെടോ .. ഒന്നിലും കോൺസൻട്രേറ്റ് ആകുന്നുണ്ടായില്ല മനസ്സ്.. ഇപ്പോ തന്നെ കണ്ടപ്പോൾ വല്ലാത്തൊരു ആശ്വാസം മനസ്സിന് … അനുവിന്റെ വിരലുകളെ താലോലിച്ചു കൊണ്ട് എബി പറഞ്ഞു..

“ഡോക്ടർ വന്നപ്പോൾ എന്റെ മനസ്സും ഒന്നു സ്വസ്ഥമായി.. മനസ്സു നിറയെ ഭയായിരുന്നു ഇതു വരെ .. എന്തൊക്കെയോ വല്ലാത്ത ചിന്തകളായിരുന്നു മനസ്സിൽ .. ഞാനിവിടെ ഒറ്റപ്പെട്ട പോലെ… അനു ഒന്നു ചുരുണ്ടു.. “ഞാൻ തന്റെ മടിയിലൊന്നു കിടന്നോട്ടെ..? പെട്ടെന്നായിരുന്നു അവന്റെ ചോദ്യം.. ചോദിച്ചതും അവളുടെ മടിയിലേക്കവൻ തല വച്ചിരുന്നു… “ഇന്ന് മര്യാദയ്ക്ക് ഉറങ്ങാഞ്ഞിട്ടും ഇത്ര ദൂരം ഡ്രൈവ് ചെയ്തിട്ടും വല്ലാത്ത ക്ഷീണം.. കൈകൾ തമ്മിൽ പിണച്ചുകെട്ടിക്കൊണ്ടവൻ പറഞ്ഞു. അനു എന്തു ചെയ്യണമെന്ന അവസ്ഥയിൽ ഇരിക്കുകയായിരുന്നു.. പക്ഷേ അവൻ അങ്ങനെ കിടന്നപ്പോൾ ഉള്ളാലെ അവളും സന്തോഷിച്ചു.. “പണ്ട് ഏബലും ഞാനും അമ്മച്ചീടെ മടിയിൽ കിടക്കാൻ ഇതുപോലെ ഗുസ്തിയായിരുന്നു.. അമ്മച്ചി ഞങ്ങളെ രണ്ടു പേരെയും ഇരുവശത്തായി ഇങ്ങനെ കിടത്തും.. ഓർമ്മകളിലേക്ക് ഊളിയിട്ടു എബിയുടെ മനസ്സ്… അറിയാതെ ഒരു പുഞ്ചിരി ആ ചൊടികളിൽ വിടർന്നു അനു അവനെത്തന്നെ നോക്കിയിരുന്നു..

“എന്താടോ താൻ മിണ്ടാത്തെ എന്തേലും പറയെടോ..?? മിഴികളുയർത്തി എബി അനുവിന്റെ മുഖത്തേക്ക് നോക്കി.. “ഡോക്ടറ് പറ ഞാൻ കേൾക്കാം.. അവൾ അവന്റെ മുടിയിഴകൾ തഴുകി.. “എന്നാ ഞാനൊരു പാട്ടുപാടാം … തന്നെ കാണുമ്പോഴൊക്കെ എനിയ്ക്ക് പാടാൻ തോന്നുവാടോ.. എന്റെ ജീവനും ഉള്ളിലെ സംഗീതോം എല്ലാം ഇപ്പോ തന്നോട് ഇഴപിരിഞ്ഞ് കിടക്കാ… താനില്ലെങ്കിൽ അതു രണ്ടും എന്നിൽ ഉണ്ടാവില്ലന്നേ.. ഇത്രമാത്രം എന്നെ ഉലച്ചു കളയാൻ എന്തു മന്ത്രമാടോ താൻ പ്രയോഗിച്ചേ .. പ്രണയാർദ്രമായ മുഖത്തോടെ എബി അവളെ നോക്കി.. ശേഷം അവന്റെ മനോഹര ശബ്ദം അവിടമാകെ നിറഞ്ഞു.. 🎵 ഇവനിലായ് ചേരുന്നു നീ .. മുറിവേഴാ കൈരേഖ പോൽ .. കൺ ചിമ്മാതെ കാക്കാം എന്നോമലേ.. ഈ നീലമിഴിയാഴങ്ങളിൽ ഞാൻ .. ഓ വീണലിഞ്ഞു പോകുന്നു താനേ … എബി അനുവിന്റെ തല പതുക്കെ താഴേയ്ക്ക് വലിച്ചടുപ്പിച്ചുകൊണ്ട് നെറ്റികൾ തമ്മിൽ മുട്ടിച്ചു.. അവളുടെ മുഖം തുടുത്തു..

“ഞാൻ അപ്പന്റെ അടുത്ത് പറഞ്ഞെടോ തന്റെ കാര്യം… അനു ഒന്നു ഞെട്ടി… “പറഞ്ഞോ..?? അവളുടെ മിഴികൾ പുറത്തേക്കുന്തി വന്നു.. “ആഹ് ന്നേ… കുറച്ചു നാളായി പറഞ്ഞിട്ട്.. പക്ഷെ അന്നെനിക്ക് തന്റെ മനസ്സറിയില്ലാരുന്നു… “എന്നിട്ട് … എന്നിട്ട് ആളെന്തു പറഞ്ഞു..?? അനുവിന്റെ സ്വരത്തിൽ പരിഭ്രമം കലർന്നു. “അപ്പനാ പറഞ്ഞത് തന്നോടെല്ലാം തുറന്നു പറയാൻ… എബി അവളെ ഒന്നുകൂടി നോക്കി.. “അപ്പനു പ്രശ്നമൊന്നുമില്ലെടോ.. എബി മുടിയിഴകളിൽ തലോടിയിരുന്ന അനുവിന്റെ കൈ നെഞ്ചോടടുക്കി പിടിച്ചു.. “ആണോ….? അവളൊന്നു പുഞ്ചിരിച്ചു. പക്ഷെ പെട്ടെന്നു തന്നെ അവളുടെ മുഖഭാവം മാറി “അമ്മയും പാട്ടിയമ്മയും അറിഞ്ഞാൽ…. അതെനിയ്ക്ക് ആലോചിക്കാൻ കൂടി വയ്യ ഡോക്ടറെ… എബി നെഞ്ചോടു ചേർത്ത കൈ പിൻവലിച്ചു കൊണ്ടവൾ നെറ്റിയിലെ വിയർപ്പ് അമർത്തി തുടച്ചു..

“താൻ ടെൻഷൻ ആവണ്ട അതൊക്കെ പിന്നെയല്ലേ .. ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം അവരെ .. എബിയുടെ ശബ്ദം ഗൗരവത്തിലായിരുന്നു.. “ശ്ശോ .. ഓർക്കുമ്പോഴേ പേടിയാ ഡോക്ടറെ.. പാട്ടിയമ്മ ഉറപ്പായും സമ്മതിക്കില്ല.. വല്ലാത്ത ഓർത്തഡോക്സ് മൈന്റാ പാട്ടിയ്ക്ക് .. വേവലാതിയിൽ അവളുടെ ശബ്ദം വിറച്ചിരുന്നു. “പാട്ടിയമ്മയെ കുപ്പിയിലാക്കുന്ന കാര്യം ഞാനേറ്റടോ… താനത് വിട്ടേക്ക് .. എബി അവളെ നോക്കി കണ്ണു ചിമ്മി.. “ഐ ലവ് യു അനു …” എബി അവളെ നോക്കി മന്ത്രിച്ചു. “എന്റെ കഴിവിന്റെ പരമാവധി നിന്നെ നേടാനായി ഞാൻ ശ്രമിക്കും… വീണ്ടും അവളുടെ കൈകൾ എബി നെഞ്ചോടു ചേർത്തു.. “ഡോക്ടർ ഇത്ര പൈങ്കിളി ആണോ ..? ചൊടികളിൽ കുറുമ്പു നിറച്ച് അനു ചോദിച്ചു.. “പ്രണയം പക്കാ പൈങ്കിളി ആണെടോ… അതിപ്പോ ഡോക്ടർക്കായാലും രോഗിക്കായാലും .. എബി ചിരിച്ചു.

“പിന്നെ താനിങ്ങനെ എപ്പോഴും ഡോക്ടർ അത് ചെയ്യോ ഇത് ചെയ്യോ എന്നു പറഞ്ഞ് കളിയാക്കണ്ട .. എംബിബിഎസ് പാസ്സായെന്നു പറഞ്ഞു ഞങ്ങൾ റോബോട്ടുകൾ ഒന്നുമല്ല.. മജ്ജയും മാംസവും ഉള്ള സാധാരണ മനുഷ്യരാ.. പിന്നെ എന്റെ കാര്യം.. അപ്പൻ ഉന്തി തള്ളിവിട്ടോണ്ടാ ഞാൻ ഡോക്ടർ ആയേ.. ബേസിക്കലി ഞാനൊരു കലാകാരനാ… അതറിയോ തനിക്ക് .. ഇതൊന്നും കൂടാതെ ഇതെന്റെ ആദ്യത്തെ പ്രണയാ .. “ഐ മീൻ സീരിയസ്സ് ലവ്… പതിനഞ്ച് പതിനാറ് വയസ്സിലൊക്കെ ഇൻഫാക്ചുവേഷൻ ഒക്കെ ഉണ്ടായിട്ടുണ്ട്.. ഈ ഒരു ഫീലിംഗ് ആദ്യാ … എബി പുരുകമുയർത്തി അനുവിനെ നോക്കി “പറഞ്ഞത് ഞാൻ പിൻവലിച്ചെന്റെ ഡോക്ടറെ.. അതിനിത്രയും വലിയ വിശദീകരണം വേണ്ടായിരുന്നോ .. “ആഹ് അതാണ് .. തന്നോടല്ലേ എനിയ്ക്കിതൊക്കെ പറയാൻ പറ്റു.. ഒന്നു സഹിക്കെടോ എന്നെ .. പിന്നെയും അവർ പലതും സംസാരിച്ചിരുന്നു.. സംസാരിച്ചിരിക്കേ അവന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു പോയ്ക്കൊണ്ടിരുന്നു..

പതുക്കെ പതുക്കെ എബി ഉറക്കത്തിലേക്കാഴ്ന്നു .. എന്തോ പറഞ്ഞുക്കൊണ്ട് മറുപടിക്കായി അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് എബി ഉറങ്ങുവാണെന്ന് അനുവിന് മനസ്സിലായത്.. “യാത്ര ചെയ്തതിന്റെയും ഉറക്കം നിന്നതിന്റെയും നല്ല ക്ഷീണം കാണും .. പാവം ..! അവൾ മനസ്സിൽ ചിന്തിച്ചു. അനു എബിയെ സൂക്ഷ്മമായി നോക്കി… ഗാഢനിദ്രയിലായിരുന്നു അവൻ.. തന്നെ കാണാൻ വേണ്ടിയാണല്ലോ പാവം ഇത്ര ദൂരം വന്നതെന്നോർത്തപ്പോൾ അനുവിനു സങ്കടം തോന്നി. കൈകൾ പിണച്ച് ശാന്തമായുള്ള അവന്റെ കിടപ്പു കണ്ടപ്പോൾ ഒരുപാടിഷ്ടവും … അവളുടെ കൈകൾ അവന്റെ നെറ്റത്തടം മൃദുമായി തഴുകി കടന്നു പോയി.. പ്രണയത്തോടൊപ്പം വാത്സല്യവും അവളിൽ പ്രകടമായിരുന്നു.. ഒരുപാടു പേരൊക്കെ ഇഷ്ടം പറഞ്ഞ് കടന്നു പോയിട്ടുണ്ട്.. ഡോക്ടറോടെന്താ പ്രത്യേകത തോന്നിയതെന്നറിയില്ല… അർജുന്റെ ഭീഷണിയാണോ ഡോക്ടറിലേക്ക് അടുപ്പിച്ചത്..? അതോ നിഷ്ക്കളങ്കമായ പെരുമാറ്റോ..? അനു സ്വയം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു..

എന്തായാലും ഇപ്പോ ഈ മനുഷ്യനോടുള്ള ഇഷ്ടം ഒരുപാട് ആഴത്തിൽ വേരുറച്ചു കഴിഞ്ഞിരിക്കുന്നു.. ഇളക്കി മാറ്റാനാവാത്ത അത്ര ആഴത്തിൽ .. എബി സ്നേഹിക്കുന്നതിന്റെ നൂറിരട്ടി അവനെ താൻ സ്നേഹിക്കുന്നുണ്ടാവും.. എബി പ്രകടിപ്പിക്കുന്നതിന്റെ പകുതി പോലും പ്രകടിപ്പിക്കാറില്ലെങ്കിൽ കൂടി … അനു എബിയെ സ്നേഹപൂർവം തലോടി.. പതുക്കെ അവൾ ചുണ്ടുകൾ കൊണ്ട് അവന്റെ നെറ്റിത്തടം ചേർത്തു അമർത്തി ചുംബിച്ചു.. അവനൊന്നു ചെറുതായി അനങ്ങി .. വീണ്ടും ഉറക്കത്തിലേക്കാഴ്ന്നു .. എബിയെ നോക്കിയിരുന്ന് എപ്പോഴാണെന്നറിയില്ല അനുവും ഉറങ്ങിപ്പോയി… തുടരും സ്നേഹം ഡിയേഴ്സ് ❤️❤️❤️❤️