രചന – നിവേദ്യ ഹരിഹരൻ
ബീച്ചിൽ നിന്നു തിരിച്ചു വരും വഴി എബിയും അനുവും മൗനത്തിലായിരുന്നു.. ഇരുലോകങ്ങളിൽ ഇരു ചിന്തകളിൽ അവരുടെ മനസ്സുകൾ കുരുങ്ങിക്കിടന്നിരുന്നു.. അഗ്രഹാരത്തിനടുത്തെത്തിയപ്പോൾ എബി വണ്ടി റോഡിന്റെ സൈഡിലേക്കൊതുക്കി.. അനു അവന്റെ മുഖത്തേക്ക് പോലും നോക്കാൻ നിൽക്കാതെ ഏതോ വ്യഥയിൽ നീറി വീട്ടിലേക്കു നടന്നു.. അവനും അവളെ നോക്കാതെ ദൂരെ എവിടേയ്ക്കോ മിഴികൾ എറിഞ്ഞു നിന്നു.. പരസ്പരം മുഖത്തു പോലും നോക്കാൻ പറ്റാത്ത രീതിയിൽ എന്തോ ഒന്ന് തങ്ങളെ തമ്മിൽ അകറ്റിയിരിക്കുന്നു എന്ന ചിന്ത എബിയിൽ സങ്കടമുളവാക്കി. അവൻ ആക്സിലറേറ്ററിൽ കൈവച്ചു കൊണ്ട് വണ്ടി പരമാവധി സ്പീഡിൽ മുന്നോട്ടെടുത്തു… അപ്പനെ എത്രയും വേഗം കാണണം അതുമാത്രമായിരുന്നു അവന്റെ ചിന്ത… അർജുൻ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ അത് അപ്പന്റെ മുഖത്തു നിന്നു നേരിട്ടു തന്നെ അറിയണം എന്ന വാശിയിൽ അവന്റെ മനസ്സ് ഉറച്ചു നിന്നു. അതല്ല അവൻ പറഞ്ഞതു കള്ളമാണെങ്കിൽ അതിനുള്ള മറുപടി അർജുനെ കൊണ്ടു തന്നെ പറയിക്കും എന്നും!! കലുഷിതമായ മനസ്സോടെ എബി ബുള്ളറ്റിനെ പാലക്കാടുനിന്നും കോട്ടയത്തേക്ക് പായിച്ച് വിട്ടു…
മുറ്റത്ത് പണിക്കാരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു ജോർജ്ജ് … എബിന്റെ ബുള്ളറ്റ് ഗർജ്ജിച്ചു കൊണ്ട് മതിൽക്കെട്ടിലേക്ക് കടന്നപ്പോൾ അയാളൊന്നമ്പരന്നു… അവൻ ബുള്ളറ്റ് പോർച്ചിൽ വച്ച ശേഷം ഹെൽമെറ്റ് അഴിച്ച് കൈയ്യിൽ പിടിച്ചു കൊണ്ട് സിറ്റ് ഔട്ടിലേക്കു കയറി.. “ആഹ് എബി കൊച്ചേ നീയായിരുന്നോ ..? എന്നതാടാ പതിവില്ലാത്ത നേരത്ത് പതിവില്ലാതൊരു വരവ്..?? അയാൾ മുണ്ടൊന്നു മടക്കിക്കുത്തിക്കൊണ്ട് ഇപ്പോ വരാമെന്ന് പണിക്കാരോട് പറഞ്ഞു കൊണ്ട് സിറ്റ് ഔട്ടിലേക്ക് നടന്നു.. “എന്നതാടാ മുഖം വല്ലാതെ …?? എബിയുടെ മുഖഭാവം കണ്ടപ്പോൾ ജോർജ്ജ് ഒന്നു പരിഭ്രമിച്ചു.. അയാൾ അവന്റെ നെറ്റിത്തടം ഒന്നു തൊട്ടു.. “ചൂടൊന്നുമില്ലല്ലോടാ ചെക്കാ .. പിന്നെന്താ മുഖം ഇങ്ങനെ ..?? എന്തേലും ടെൻഷൻ ഉണ്ടാ നിനക്ക്…?? അയാളുടെ കണ്ണുകൾ അവനിൽ ചൂഴ്ന്നിറങ്ങി.. “ചൂട് ശരീരത്തിനല്ല അപ്പ മനസ്സിനാ .. എബി ജോർജിനെ ഒന്നു തറപ്പിച്ചു നോക്കിക്കൊണ്ടു പറഞ്ഞു..
“എന്നതാടാ ഒരു മാതിരി ഉള്ളിൽ വച്ചൊരു സംസാരം … എന്തേലുമുണ്ടെങ്കിൽ മുഖത്ത് നോക്കി പറയണം അതാണ് എനിയ്ക്കിഷ്ടം. ജോർജിന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞു.. “അതെ പറയാനും ചോദിക്കാനും തന്നാ വന്നത്.. അവന്റെ മനസ്സ് അയാളോട് എതിരു പറഞ്ഞെങ്കിലും വാക്കുകൾ പുറത്തേക്കു വന്നില്ല.. “എന്താടാ ഒന്നും മിണ്ടാത്തത് ..? എന്താ നിന്റെ പ്രശ്നം..?? ജോർജ്ജ് അത് ചോദിക്കാലെ .. സാറ അങ്ങോട്ടു കടന്നു വന്നു.. “എബി കുഞ്ഞേ നീയായിരുന്നോടാ .. വണ്ടിടെ ഒച്ച കേട്ടപ്പോ ആരാന്നു നോക്കാൻ വന്നതാ ഞാൻ.. എന്നാടാ പറയാതൊരു വരവ്..? എന്റെ കുഞ്ഞിന്റെ മുഖവും വല്ലാതിരിക്കുന്നല്ലോ.. സാറ വേവലാതിയോടെ അവനെ ചേർത്തു പിടിച്ചു. ” ഒന്നൂല്ല അമ്മച്ചി.. ഡ്രൈവിംഗിന്റെ ക്ഷീണമാ.. എബി പുഞ്ചിരിച്ചു “നീ അവന് കുടിക്കാൻ എന്തെങ്കിലും എടുക്ക് സാറേ .. മൂന്നാല് മണിക്കൂർ ഓടിയേച്ച് വന്നേക്കുവാ .. “ഓഹ് അതു മറന്നു.. അമ്മച്ചി നല്ല ജ്യൂസ് ഉണ്ടാക്കിത്തരാ കുഞ്ഞേ .. സാറ അടുക്കളയിലേക്കു നടന്നപ്പോൾ എബി ജോർജിനോട് ചേർന്നു നിന്നു..
“അപ്പനോട് എനിയ്ക്ക് കുറച്ച് സംസാരിക്കണം.. മുകളിലേക്ക് ഒന്നു വരാവോ ..?? “എന്നതാടാ ഇത്ര സീരിയസ്സ് മാറ്റർ … മറ്റേ കൊച്ചിന്റെ കാര്യമാണോടാ … ആകാംക്ഷ ജോർജിന്റെ മുഖത്ത് വെളിവായി. “മ്മ്ഹ് അപ്പൻ വാ … അവർ മുകളിലേക്കുള്ള ഗോവണി കയറി.. ബാൽക്കണിക്കരികിലായി ഇട്ടിരുന്ന രണ്ട് കസേരകളിൽ എബിനും ജോർജും ഇരുന്നു.. “ഇനി പറ എബി എന്താ നിന്റെ പ്രോബ്ലം …?? “ഞാൻ ചോദിക്കുന്നതിന് അപ്പൻ സത്യസന്ധമായി മറുപടി തരണം.. എബി സംസാരത്തിനു തുടക്കമിട്ടു… “ഈ ജോർജിന് ഒരു അപ്പൻ ഉള്ളടാ.. നീ കാര്യം പറ… “അപ്പൻ ഒരു .. ഒരു … ഗായത്രിയെ അറിയോ …? ഗായത്രി അയ്യർ..!! ജോർജിന്റെ മുഖത്തേക്ക് നോക്കാതെ അറിയില്ല എന്ന മറുപടിക്കായി കാതോർത്തു കൊണ്ട് എബി ഇരുന്നു.. ജോർജ്ജ് ഞെട്ടി.. അയാൾ നിശബ്ദനായി.. ജോർജിൽ നിന്നും മറുപടിയൊന്നും ഇല്ലാതിരുന്നതിനാൽ എബി മുഖമുയർത്തി അയാളെ നോക്കി.. വെട്ടി വിയർത്തിട്ട് നെറ്റിത്തടത്തിൽ നിന്നും വിയർപ്പ് ഒപ്പി മാറ്റുന്ന ജോർജിനെ ആണ് അവൻ കണ്ടത്.. ജോർജിന്റെ ശരീരഭാഷയിൽ നിന്നും ഗായത്രി അയാൾക്ക് സുപരിചിതയാണെന്ന് എബി വായിച്ചെടുത്തു..
എബി നിരാശയിൽ കസേരയിലേക്കു ചാരി.. “അപ്പോ അറിയാം അല്ലേ ..അപ്പാ..?? “നിന്നോട് .. നിന്നോട് ആരാ ഗായത്രിയെപ്പറ്റി പറഞ്ഞത് എബി..? അയാളുടെ ശബ്ദം വിറ കൊണ്ടു .. “അപ്പൻ എന്റെ ചോദ്യത്തിന് മറുപടി തന്നില്ല..?? എബി രൂക്ഷമായി ജോർജിനെ നോക്കി. “ഗായത്രിയെ ഞാനറിയമെടാ.. കോളേജിൽ വച്ച്.. അയാളൊരു കുറ്റവാളിയെ പോലെ അവനു മുന്നിൽ തലതാഴ്ത്തിയിരുന്നു… “എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള ബന്ധം അതു കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.. എബി ജോർജിനു നേരേ ആഞ്ഞിരുന്നു.. അയാൾ മുഖമുയർത്തി അവനെയൊന്നു നോക്കി… “പറയാനാണെങ്കിൽ ഒരുപാട് ഉണ്ട് എബി.. ജോർജ്ജ് കസേരയുടെ കൈയ്യിൽ കുത്തിപ്പിടിച്ചുക്കൊണ്ട് എഴുന്നേറ്റ് കൊണ്ട് ബാൽക്കണിയിലെ റെയിലിൽ പിടിച്ചു നിന്നു.. “എനിയ്ക്ക് ധ്യതിയില്ല അപ്പാ … കേൾക്കാൻ ഞാൻ തയ്യാറാണ്.. എനിക്കറിയണം നിങ്ങൾക്കിടയിൽ എന്താ ഉണ്ടായതെന്ന് … “മ്മ്… കോളേജിൽ ഒരുപാടു പേരുടെ ഉറക്കം കളഞ്ഞ പെൺകുട്ടിയായിരുന്നു ഗായത്രി .. സൗന്ദര്യവും ബുദ്ധിശക്തിയും ഒരുപോലെ നിറഞ്ഞു നിന്നിരുന്ന ഒരു നാടൻ പെൺകുട്ടി.. കോളേജിന്റെ തന്നെ അഭിമാനമായി വളർന്നവൾ .. എല്ലാവരെയും പോലെ ഞാനും മോഹിച്ചിരുന്നു അവളെ … ആരാധിച്ചിരുന്നു… അതു പറയുമ്പോൾ ജോർജിന്റെ കണ്ണുകൾ തിളങ്ങി..
നിനക്കറിയാല്ലോ അന്നൊക്കെ ഞാൻ നന്നായി പാടുമായിരുന്നു… സംഗീതമാണ് ഞങ്ങളെ തമ്മിൽ അടുപ്പിച്ചത്.. ഗായത്രി ജോയിൻ ചെയ്ത ശേഷം നടന്ന ആദ്യത്തെ ആർട്സ് ഫെസ്റ്റിവലിലിൽ ഞാൻ പാടിയിരുന്നു.. അന്നാണ് അവളോട് ഞാൻ ആദ്യമായി സംസാരിക്കുന്നതും അത്രയധികം അവളെ ശ്രദ്ധിക്കുന്നതും … എന്റെ പാട്ട് കേട്ട് അന്നവൾ വല്ലാതെ എക്സൈറ്റഡ് ആയിരുന്നു.. ഒരുപാട് എന്നെ അഭിനന്ദിച്ചു. അവൾക്കെന്റെ പാട്ട് ഭയങ്കര ഇഷ്ടമായിരുന്നു.. അതുകൊണ്ടു തന്നെ വേണ്ടുന്നതിനും വേണ്ടാത്തതിനുമൊക്കെ ഞാൻ സ്റ്റേജിൽ കയറുമായിരുന്നു പാട്ടും പാടിക്കൊണ്ട് .. ഏത് പ്രോഗ്രാമിനു ഞാൻ പാടിയാലും അവളെന്റെ അരികിലേക്ക് ഓടിവരും… ഒരുപാട് അഭിനന്ദിക്കും.. കൈപിടിച്ച് ചിരിച്ച് സംസാരിക്കും.. അതു കേൾക്കാൻ വേണ്ടി മാത്രം ഞാൻ അവസരങ്ങൾ ഉണ്ടാക്കി പാടി.. ഗായത്രിയുടെ ചിരിയിലും സംസാരത്തിലും അത്രമേൽ ഞാൻ അടിപ്പെട്ടു പോയിരുന്നെടാ … മനസ്സിലൊരു വിഗ്രഹം പോലെ കത്തി ജ്വലിച്ച് നിൽക്കുകയായിരുന്നു അവൾ.. ഗായത്രിയോടുള്ള പ്രണയത്തിൽ ഞാനൊരു ഭ്രാന്തനായി മാറിയിരുന്നു..
പലപ്പോഴും അവൾക്കെന്നോടുള്ള പെരുമാറ്റം കണ്ട് എനിയ്ക്കും തോന്നിയിരുന്നു അവൾക്കും തിരിച്ച് എന്നെ ഇഷ്ടമാണെന്ന് .. മറ്റുള്ളവരേക്കാൾ എന്നോടവൾ അടുപ്പം കാണിച്ചിരുന്നു.. എന്റെ കൂട്ടുകാരും അതു പറഞ്ഞെന്നെ കളിയാക്കാൻ തുടങ്ങി… അവളുടെ പേരിന്റെ കൂടെ എന്റെ പേര് പറഞ്ഞു കേട്ടപ്പോൾ ഉള്ള ആത്മ നിർവൃതി പറഞ്ഞറിയിക്കാൻ സാധിക്കാത്തതായിരുന്നു… മറ്റുള്ളവർക്ക് സാധിക്കാത്തത് എനിക്ക് സാധിച്ചെന്നോർത്തപ്പോൾ വല്ലാത്ത അഭിമാനമായിരുന്നു എനിക്ക്.. അത്രമാത്രം അവളെന്നിൽ ലയിച്ചു ചേർന്നിരുന്നു.. വല്ലാത്തൊരു അഭിനിവേശമായി അവൾ എന്നെ പൊതിഞ്ഞിരുന്നു..!! ജോർജിൽ നിന്നും ഒരു നെടുവീർപ്പുയർന്നു…. ❣️❣️❣️❣️❣️ ചെന്നപാടെ അനു കട്ടിലിലേക്ക് കയറിക്കിടന്നു. കാരണമില്ലാതെ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധായി ഒഴുകി തലയിണയെ നനച്ചു കൊണ്ടിരുന്നു… ജോലി കഴിഞ്ഞു വന്ന ഗായത്രി അനുവിനെ മുറിയിൽ കണ്ടതുകൊണ്ട് അങ്ങോട്ടു ചെന്നു.. “എന്താ അനുക്കുട്ടി ഈ നേരത്തൊരു കിടപ്പ്.. സന്ധ്യാനേരത്ത് കിടക്കുന്നത് നല്ല കുട്ടികൾക്ക് ചേർന്നതല്ല.. നിനക്ക് ഇതൊന്നും പതിവില്ലാത്തതാണല്ലോ.. എന്തേ വയ്യേ..?? ഗായത്രി അവളുടെ അരികിൽ ഇരുന്നു… “ഒന്നും ഇല്ലമ്മേ.. വെറുതെ … വെറുതെ കിടന്നതാ ഞാൻ… അവളുടെ ശബ്ദത്തിൽ ഇടർച്ച പ്രകടമായിരുന്നു..
“നീ കരഞ്ഞോ അനു..? അവളുടെ കൺപിലികളിൽ തങ്ങിനിന്ന നനവ് കണ്ടിട്ടെന്നവണ്ണം ഗായത്രി പുരിക്കൊടി ഉയർത്തി അവളോട് ചോദിച്ചു… “ഇല്ല … അമ്മയ്ക്ക് തോന്നിയതാവും… ഗായത്രിയ്ക്ക് മുഖം കൊടുക്കാതെ അനു ഒന്നു ചിരിച്ചെന്നു വരുത്തി.. “നീ പോയി കുളിച്ചിട്ട് വാ കുട്ടി .. വിളക്ക് കൊളുത്താറായി.. ഗായത്രി പോകാനായി എഴുന്നേറ്റു.. “അമ്മേ അമ്മയ്ക്ക് ജോർജ്ജ് എന്നൊരാളെ അറിയോ ..? കോളേജിൽ ഉണ്ടായിരുന്ന … ഒരു ജോർജ്ജ് ജോസഫ് ..?? പെട്ടെന്നായിരുന്നു അനുവിന്റെ ചോദ്യം.. ഗായത്രി തിരിഞ്ഞു നിന്ന് അനുവിനെ തീഷ്ണമായൊന്നു നോക്കി.. അവരുടെ കണ്ണിലെ അഗ്നിയിൽ താൻ ദഹിച്ചു പോകുമെന്ന പേടിയിൽ അനു കണ്ണുകൾ പിൻവലിച്ചു.. “ആ നീചനെ കുറിച്ച് നീയെങ്ങനെ അറിഞ്ഞു അനു ..? ഞാനീ ലോകത്തിൽ ഏറ്റവും കൂടുതൽ വെറുക്കുന്ന.. അറപ്പോടെ മാത്രം ഓർക്കുന്ന അയാളുടെ പേര് നിനക്ക് എവിടന്നു കിട്ടി..?? ഗായത്രിയുടെ ശബ്ദമുയർന്നു. “ഒരു കാലത്ത് അയാളെ സ്നേഹിച്ചതിന്റെ ഫലം ജീവിതം മൊത്തം അനുഭവിച്ചുക്കൊണ്ടിരിക്കുന്നവളാ ഞാൻ .. എന്റെ ലക്ഷ്യങ്ങൾ, ഇഷ്ടങ്ങൾ ഒക്കെ നശിപ്പിച്ച ആ നികൃഷ്ടന്റെ പേര് ഇനി നീ ഉച്ചരിച്ചേക്കരുത്.. പറഞ്ഞേക്കാം…!! എനിയ്ക്ക് കേൾക്കണ്ട ആ പേര് … ഗായത്രി ചെവികൾ കൈ കൊണ്ട് കൊട്ടിയടച്ചു. ശേഷം ആളിക്കത്തുന്ന അഗ്നി കണക്കേ അവർ പുറത്തേക്കിറങ്ങി.. ഒന്നും മനസ്സിലാകാതെ വേദനയോടെ അനു കട്ടിലിലേക്കിരുന്നു. തുടരും

by