രചന – നിവേദ്യ ഹരിഹരൻ
“കൂട്ടുകാരുടെ വാക്കു കേട്ട് ഒരു ദുർബല നിമിഷത്തിൽ എനിയ്ക്ക് പറ്റിപ്പോയ തെറ്റ് അവളുടെ ജീവിതമാകെ മാറ്റിമറിച്ചെ.. ടാ …. ജോർജ്ജ് വികാരാധീനനാകുന്നതു കണ്ടപ്പോൾ എബി എഴുന്നേറ്റ് അയാൾക്കരികിലേക്ക് നടന്നു.. അവനാ തോളുകളിൽ സമാധാനപ്പെടുത്തുന്ന രീതിയിൽ ഒന്നമർത്തി.. “അന്ന് ഞാൻ ഗായത്രിയോടു ചെയ്ത തെറ്റിൽ നീറുവാടാ ഞാനിപ്പോഴും … ആ കനൽ ഇപ്പോഴും എന്റെ നെഞ്ചിനെ വേവിക്കുവാ .. നനഞ്ഞ മിഴികളോടെ അയാൾ അവനെ നോക്കി. “നിന്റെ അമ്മച്ചിയ്ക്ക് എല്ലാം അറിയാം.. മനസ്സു ചോദ്യത്തിനു മുൻപേ എന്റെ തെറ്റ് ഞാൻ അവളോട് ഏറ്റു പറഞ്ഞായിരുന്നു.. അന്ന് അവൾ എനിയ്ക്ക് തന്ന ബലത്തിലാടാ ഞാനിങ്ങനെ നിവർന്ന് നിൽക്കുന്നത്… കണ്ണട ഊരിക്കൊണ്ട് കൺകോണിൽ ഊർന്ന നീർത്തുള്ളികൾ അയാൾ ഒപ്പി.. “ഇപ്പോഴും അപ്പൻ എന്താ നടന്നതെന്ന് പറഞ്ഞില്ല… എബിയുടെ മനസ്സ് അതറിയാൻ വെമ്പി… “ഞാൻ പറയാടാ … ജോർജ്ജ് വീണ്ടും ഓർമ്മകളിലേക്ക് മുങ്ങി നിവർന്നു..
“അന്നൊരു ഞായറാഴ്ചയായിരുന്നു.. അപ്പൻ വാങ്ങിവച്ച ബിയറും കുപ്പിയെടുത്തുക്കൊണ്ട് കൂട്ടുകാരുടെ ഹോസ്റ്റലിന്റെ മതിലു ചാടി ഞാൻ.. ഞായറാഴ്ചകളിൽ ഞാനങ്ങനെ അവരുടെ ഹോസ്റ്റലിലേക്ക് പോകാറുള്ളതാ.. വാർഡൻ അറിഞ്ഞാൽ സമ്മതിക്കില്ല അതുകൊണ്ട് പിന്നാമ്പുറം വഴിയാണ് കയറുന്നത്.. ടെറസ്സിൽ ഇരുന്നാണ് ബാക്കി കലാപരിപാടികൾ.. ആന്റണി, ജോയ്, ഗോപി, വർഗ്ഗീസ് .. അവരായിരുന്നു എന്റെ അന്നത്തെ കൂട്ടുകാർ.. അന്നങ്ങനെ ടെറസ്സിൽ ബിയറും കഴിച്ച് കാറ്റും കൊണ്ടിരിക്കേ ആന്റണിയാണ് ഗായത്രിയുടെ കാര്യമെടുത്തിട്ടത്.. അന്നത്തെ സംഭവങ്ങൾ ജോർജ്ജിനു കൺമുന്നിൽ എന്ന പോലെ തെളിഞ്ഞു വന്നു.. “എടാ ഗോപിയേ … ഇവിടെ ചിലരുണ്ട്.. മിണ്ടാപ്പൂച്ച പോലെയിരിക്കും.. പക്ഷേ പാല് കട്ടേ കുടിയ്ക്കു .. ആന്റണിയാണ്.. “എന്നതാടാ ഉവ്വേ നീ അർത്ഥം വച്ച് സംസാരിക്കുന്നത്.. ഗോപി ആന്റണിയെ നോക്കി പുരികം പൊക്കി…
ബിയർ ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിൽ ജോർജ്ജ് ഒന്നും മനസ്സിലാകാത്ത പോലെ ഇരുവരെയും മാറി മാറി നോക്കുന്നുണ്ടായിരുന്നു… “ആ പട്ടത്തിക്കൊച്ചിന്റെ കാര്യമാടാ അവൻ പറയുന്നത്.. ബിയർ വായിലേക്കു കമഴ്ത്തുന്നതിനിടയിൽ വർഗ്ഗീസ് പറഞ്ഞു.. ജോർജ്ജിന്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു.. “കണ്ടോടാ അവൾടെ കാര്യം പറഞ്ഞപ്പോൾ അവന്റെ മുഖം ചുവന്നു തുടുത്തത്.. ആന്റണി അവന്റെ മുഖത്തൊന്നു തട്ടി. “ഒന്നു പോയിനെടാ .. വെറുതെ ഇല്ലാത്തത് പറയല്ലേ.. ഉള്ളിൽ നിറഞ്ഞ സന്തോഷത്തോടെയെങ്കിലും ദേഷ്യം ഭാവിച്ചു കൊണ്ട് ജോർജ് അവരെ നോക്കി.. “ഓഹ് ഇല്ലാത്തത് .. നമ്മൾ ചോദിച്ചാൽ ഒന്നും ഇല്ല.. അല്ലിയോടാ പൊന്നു മോനെ .. ആന്റണി വീണ്ടും ജോർജ്ജിന്റെ മുഖത്തൊന്നു തട്ടി… “ദേ ആന്റപ്പാ ദേഹം നൊന്താൽ നീ വാങ്ങിക്കുവേ.. എനിക്കവളെ ഇഷ്ടാ.. അത് സത്യാ .. ജോർജ്ജ് അവന്റെ അരികിൽ നിന്നും എഴുന്നേറ്റ് ബിയർ ഗ്ലാസ്സുമായി പാരപ്പറ്റിന്റെ ഭിത്തിയ്ക്കരിൽ പോയി നിന്നു.
“ഞങ്ങളോട് ചൂടാവാതെ ഒറ്റത്തന്തയ്ക്ക് ഉണ്ടായവനാണേൽ പോയി അവളോട് പറയെടാ നിനക്ക് ഇഷ്ടമാണെന്ന്.. അവൾക്കും നിന്നെ ഇഷ്ടാ.. അതവളുടെ കൊഞ്ചിക്കുഴയൽ കണ്ടാൽ അറിയില്ലേ.. ആന്റണിയ്ക്ക് നാവു കുഴഞ്ഞിരുന്നു എന്നാലും വിടാനുള്ള ഭാവമില്ലായിരുന്നു.. “അല്ലേലും മനസ്സിൽ കൊണ്ടു നടക്കാതെ നേരിട്ട് പറയുന്നതാടാ നല്ലത്.. ജോയ് അതേറ്റു പിടിച്ചു.. ജോർജ്ജ് ബിയർ മൊത്തിക്കൊണ്ടു വിദൂരതയിലേക്ക് നോക്കി നിന്നു.. “ഡാ ഇന്ന് ഞായറാഴ്ചയല്ലേ ഗായത്രിയുടെ റൂം മേറ്റ് ശാരി ഇന്നലെ നാട്ടിൽ പോയി . ഹോസ്റ്റലിൽ ഗായത്രി ഒറ്റയ്ക്കാ .. നമുക്കവളെ പോയി കണ്ടു പറഞ്ഞാലോ .. ആന്റണി എഴുന്നേറ്റ് ജോർജ്ജിനടുത്തു ചെന്നു.. “നീയൊന്ന് പോയെ ആന്റപ്പാ .. അതൊക്കെ ഭയങ്കര റിസ്ക്കാ .. അവൾ നാളെ കോളേജിൽ വരുമ്പോ പറയാം ജോർജിന്റെ ശബ്ദം കനത്തു “നിനക്ക് നാണമുണ്ടോടാ ജോർജ്ജേ ആണാണെന്ന് പറയാൻ .. സ്വന്തം പെണ്ണിനെ കാണാൻ ഹോസ്റ്റൽ മതിൽ ചാടാൻ കഴിവില്ലാത്ത കിഴങ്ങൻ .. പേടിയുണ്ടേൽ തുറന്നങ്ങ് സമ്മതിക്കെടാ .. “ആന്റപ്പാ നീ പറഞ്ഞ് പറഞ്ഞ് ഇതെങ്ങോട്ടാ.. വെള്ളമടിച്ചാ അതു നിന്റെ വയറ്റിൽ കിടന്നാ മതിയെടാ.. വർഗ്ഗീസ് ഇടപ്പെട്ടു…
“ഹോസ്റ്റലിൽ പോയാൽ നമുക്കവളെ ഒറ്റയ്ക്ക് കണ്ട് സംസാരിക്കാടാ.. ജോയ് വീണ്ടും ആന്റണിയുടെ പക്ഷം ചേർന്നു.. “മതി നിർത്തെടാ ഒക്കേം .. ജോർജ്ജേ നീയിതൊന്നും കേൾക്കണ്ടട്ടാ … അവന്മാർ വെള്ളത്തിന്റെ പുറത്ത് പറയുന്നതാ… ഗോപി അവരെ വിലക്കാൻ ശ്രമിച്ചു. “ആഹ് ദേ വേറൊരു പേടിത്തൊണ്ടൻ പോയി ചാവടാ നീയൊക്കെ .. നട്ടെല്ലില്ലാത്തവന്മാർ .. ആന്റണി ബിയറിന്റെ കുപ്പി മുഴുവനായി വായിലേക്കൊഴിച്ചു.. “ഞാൻ പോകുവാടാ ഹോസ്റ്റലിലേക്ക് .. എനിയ്ക്ക് ധൈര്യമുണ്ടോന്നു നിന്നെ ഒക്കെ കാണിച്ചു തരാം .. ജോർജ്ജ് ഒരാവേശത്തിൽ ഗ്ലാസ്സ് താഴേയ്ക്ക് എറിഞ്ഞുക്കൊണ്ട് സൺഷെയ്ഡിലേക്കു എടുത്തു ചാടി .. “ഡാ ഒറ്റയ്ക്ക് പോവണ്ട ഞങ്ങളും വരാം.. ഗോപിയും വർഗ്ഗീസും അവന്റെ പിന്നാലെ ചാടി.. “ആന്റപ്പാ നിനക്കുള്ളത് വന്നിട്ട് തരാട്ടാടാ *₹#@₹& … പോകും വഴി ഗോപി വിളിച്ചു കൂവി.. സെക്യൂരിറ്റി കാണാതെ എങ്ങനെയൊക്കേയോ മൂവരും മതിൽക്കെട്ടിനകത്തു കടന്നു..
“ജോർജ്ജേ.. നെഞ്ച് പിടക്കുന്നെടാ .. നമുക്ക് തിരിച്ചു പോവാന്നേ .. ആന്റപ്പൻ വെള്ളത്തിന്റെ പുറത്ത് നിന്നെ ചൂടാക്കിയതാ.. അതു കേട്ട് തുള്ളാൻ നീയും.. വിറയ്ക്കുന്ന കയ്യോടെ ഗോപി പറഞ്ഞു.. “നിന്നെയൊക്കെ ആരാടാ ക്ഷണിച്ചത്.. പേടിയുണ്ടേൽ തിരിച്ചു പോ .. ഞാനിന്ന് അവളെ കണ്ടിട്ടേ വരു… ഞാൻ ആണാണോന്ന് അവനെ കാണിച്ചു കൊടുക്കാം.. ജോർജിന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.. അവൻ പല്ലിറുമ്മി,. “അവളുടെ റൂം നമ്പർ എത്രയാ … അറിയുവോടാ ആർക്കെങ്കിലും ..?? “320 .. വർഗ്ഗീസ് ആണ് മറുപടി പറഞ്ഞത്.. “നിനക്കൊക്കെ എല്ലാം അറിയാല്ലോടാ.. ജോർജ്ജ് അവനെ അടിമുടി നോക്കി.. “ശാരി ഗായത്രിയുടെ കൂടെയല്ലേ .. അവൾ പറഞ്ഞ് കേട്ടിട്ടുള്ളതാ.. വർഗ്ഗീസ് ചമ്മലിൽ തലതാഴ്ത്തി… അവർ ചെല്ലുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു..
സെക്യൂരിറ്റി വരുമ്പോൾ സിഗ്നൽ തരാമെന്ന് പറഞ്ഞ് ഗോപിയും വർഗ്ഗീസും പുറത്തു ചെടികൾക്കിടയിൽ പതുങ്ങിനിന്നു. ജോർജ്ജ് ആരും കാണാതെ ഗോവണി കയറി ഒരു വിധത്തിൽ ഗായത്രിയുടെ റൂം കണ്ടുപിടിച്ചു.. അവൻ ചെല്ലുമ്പോൾ റൂം ലോക്ക് ചെയ്യാതെ പുറത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഡോർ തുറന്ന് അവൻ അകത്തു കയറി.. ഗായത്രി ഭക്ഷണം കഴിക്കാനോ മറ്റോ പോയി കാണുമെന്ന് അവൻ ഊഹിച്ചു കൊണ്ട് കട്ടിലിന്റെ അടിയിൽ കയറി ഒളിച്ചു… ആഹാരം കഴിച്ച് വന്നതായിരുന്നു ഗായത്രി.. ശാരി ഇല്ലാതിരുന്നതു കൊണ്ട് വൈകിയാണ് അവൾ കഴിയ്ക്കാനായി പോയത്.. വന്ന ശേഷം ഡോർ ലോക്ക് ചെയ്തിട്ട് കുളിക്കാനായി നേരേ ബാത്ത് റൂമിലേക്കു കയറി. ഗായത്രിയുടെ കാൽപ്പെരുമാറ്റം കേട്ട് ജോർജിന് ഉള്ളിൽ ഭയം പൊട്ടി മുളച്ചു. എങ്ങനെയെങ്കിലും തിരിച്ചു പോയാൽ മതിയെന്നായി.. ഒന്നും വേണ്ടായിരുന്നു എന്നവന് തോന്നി.. പക്ഷെ അതിനു മുന്നേ വാതിലിൽ ആരോ ശക്തമായി മുട്ടി…
ആ ശബ്ദം ബാത്ത് റൂമിൽ നിന്ന ഗായത്രിയും കേട്ടു.. മേട്രേൺ ആയിരിക്കും എന്നും കരുതി ടവൽ ചുറ്റി ബാത് റൂമിനു പുറത്തിറങ്ങിക്കൊണ്ട് അവൾ വാതിൽ അൽപ്പം തുറന്നു.. ഹോസ്റ്റലിലെ മുഴുവൻ പേരും പുറത്തുണ്ടായിരുന്നു.. എല്ലാവരെയും കണ്ടപ്പോൾ ഗായത്രി വേഗം വാതിൽ അടച്ചുക്കൊണ്ട് അവിടെ ക്കിടന്ന ദാവണിയെടുത്തു ചുറ്റി.. പുറത്തെ ശബ്ദം കേട്ട് ജോർജ്ജ് ഭയത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു.. അപ്പോഴും പുറത്തുള്ളവർ വാതിലിൽ തട്ടിക്കൊണ്ടിരുന്നു.. “വാതിൽ തുറക്ക് ” എന്ന മേട്രേൺടെ ആക്രോശം കേട്ട് അവൾ വീണ്ടും തിടുക്കപ്പെട്ട് വാതിൽ തുറന്നു… “എന്താ മാഡം എല്ലാവരും കൂടി.. ഗായത്രിയുടെ കണ്ണുകൾ കൂടിനിന്ന എല്ലാവരിലേക്കും പതിഞ്ഞു.. മുഖത്ത് അങ്കലാപ്പ് പ്രകടമായി.. “കുട്ടി എന്തിനാ ആദ്യം തുറന്നിട്ട് വീണ്ടും വാതിൽ അടച്ചത്..? എന്തായിരുന്നു പരിപാടി..?? അവരുടെ കണ്ണിൽ ക്രോധവും പുച്ഛവും നിറഞ്ഞു നിന്നിരുന്നു.. “അത് മാഡം ഞാൻ കുളിക്കുകയായിരുന്നു… എല്ലാവരെയും പെട്ടെന്ന് കണ്ടപ്പോൾ ഡ്രസ്സ് ചെയ്തിട്ട് തുറക്കാന്നു വച്ചു…
ഗായത്രിയ്ക്ക് അപ്പോഴും എന്താ നടക്കുന്നതെന്നു മനസ്സിലായില്ല.. “ഇവിടെ കുട്ടി മാത്രം ഉള്ളോ ..? വേറെ ആരെങ്കിലും ഉണ്ടോ..?? മേട്രോൺ അകത്തേക്ക് കടന്നുകൊണ്ട് ചുറ്റും നോക്കി.. “ഞാൻ .. ഞാൻ ഒറ്റയ്ക്കാ മാഡം.. ഗായത്രി വല്ലാതെയായി.. “ഞങ്ങൾക്ക് ഈ റൂമൊന്നു പരിശോധിക്കണം .. അവർ ആദ്യം ബാത്റൂം തുറന്നു നോക്കി പിന്നെ കബോഡുകളും.. അവസാനമായി അവർ ഇരുന്നുക്കൊണ്ട് കട്ടിലിനടിയിലേക്ക് നോക്കി.. “ആഹ് ആളിവിടെ ഉണ്ട് ഈപ്പച്ചാ.. അവർ സെക്യൂരിറ്റിയെ മുറിയ്ക്ക് അകത്തേക്ക് വിളിച്ചു.. ” അവൻ അകത്തുണ്ടോ മാഡം.. ഏതവനാടാ അത്.. ഇറങ്ങിവാടാ ഇങ്ങോട്ട്.. അയാൾ ഉച്ചത്തിൽ പറഞ്ഞുക്കൊണ്ട് റൂമിലേക്കു കയറി വന്നു.. ജോർജിനെ കട്ടിലിനടിയിൽ നിന്നും പുറത്തേക്ക് വലിച്ചിഴച്ചു.. പുറത്തു നിന്നിരുന്ന ഗോപിയും വർഗ്ഗീസും അവനെ കണ്ടതോടെ പിന്നിലേക്ക് വലിഞ്ഞു. “ജോർജ്ജ്… ” ഗായത്രി ആശങ്കയിൽ പിറുപിറുത്തു . അവനെ കണ്ട് അവളുടെ മിഴികളിൽ ചോദ്യഭാവം നിറഞ്ഞു…
തല കുനിച്ച് ആരെയും നോക്കാതെ ജോർജ്ജ് നിന്നു.. കുറ്റവാളിയെപ്പോലെ … “പാതിരാത്രി ആണുങ്ങളെ വിളിച്ച് മുറിയിൽ കയറ്റുന്നതാണല്ലേടീ നിന്റെ പണി.. എന്നും ചോദിച്ച് മേട്രേൺ ഗായത്രിയുടെ മുഖത്ത് കൈവീശി ആഞ്ഞടിച്ചു.. അവളുടെ കവിൾത്തടം ചുവന്നു തുടുത്തു.. കണ്ണിൽ നിന്നും കണ്ണീർ ചാലുകളായി ഒലിച്ചിറങ്ങി.. “നിന്റെ തള്ള പഠിപ്പിച്ചു വിട്ടതാണോടി മൂധേവി ഇത്.. അവളുടെ മുടിയിൽ കുത്തിപ്പിടിച്ചുക്കൊണ്ട് അവർ അലറി.. ഗായത്രി നെഞ്ചു പൊട്ടി കരഞ്ഞു.. “ഞാൻ …. ഞാനൊന്നും അറിഞ്ഞിട്ടില്ല മാഡം.. ഇയാൾ അകത്ത് വന്നത് ഞാനറിഞ്ഞിട്ടില്ല… അവൾ അവരുടെ കാൽക്കൽ വീണു തേങ്ങി. .. “നീ വാതിൽ തുറന്ന് കൊടുക്കാതെ എങ്ങനാടി ഇവൻ അകത്ത് കയറുന്നത്.. മയക്കുന്ന സൗന്ദര്യവും കൊണ്ട് ആൺപിള്ളേരെ വളയ്ക്കാൻ ഇറങ്ങിയേക്കുന്നു ഒരുമ്പെട്ടോൾ.. ബാക്കിയുള്ളവർക്കും ചീത്തപ്പേര് കേൾപ്പിക്കാൻ … ദംഷ്ട്ര പുറത്തേക്കു നീട്ടിയ ഒരു യക്ഷിയെ പോലെ അവർ കാണപ്പെട്ടു..
“ഇവൾ വിളിച്ചിട്ടാണോടാ നീ വന്നത്..?? അവർ ജോർജിന്റെ മുഖത്തേക്ക് തിളയ്ക്കുന്ന കോപത്തോടെ നോക്കി.. “മാഡം ഞാൻ … ജോർജ്ജ് പറയും മുമ്പേ പുറത്തു മറഞ്ഞു നിന്നിരുന്ന ഗോപിയും വർഗ്ഗീസും ഇടയിലേക്ക് കയറി വന്നു.. “ഗായത്രി വിളിച്ചിട്ടാ മാഡം ജോർജ്ജ് വന്നത്… ഇരുവരും ഒരുമിച്ചു പറഞ്ഞു. ജോർജ്ജ് അവരെ രൂഷമായി നോക്കി.. അപ്പോഴേക്കും ജോർജ്ജിന്റെ ചെകിട്ടത്തും മേട്രേൺന്റെ അടി വീണു.. “നാണംക്കെട്ടവൻ… അവളുടെ തൊലിവെളുപ്പും കണ്ട് വന്നേക്കുന്നു… അവർ നീട്ടി തുപ്പി… “ഈപ്പച്ചൻ ഇവന്മാരെ പിടിച്ചതു കൊണ്ട് ഈ കാര്യം ഞങ്ങൾ അറിഞ്ഞു.. മേട്രേൺ ഗോപിയെയും വർഗ്ഗീസിനെയും മാറി മാറി നോക്കി.. “എത്ര നാളായെടി നിനക്ക് ഈ ഇടപാട് തുടങ്ങിയിട്ട്.. ഇവനല്ലാതെ വേറെ ആരൊക്കെയാടി നിന്റെ ഇടപാടുകാർ..?? “എനിയ്ക്കൊന്നും അറിയില്ല മാഡം.. നുണയാ ഇവർ പറയുന്നത് .. ഗായത്രിയക്ക് വാക്കുകൾ തൊണ്ടക്കുഴിയിൽ തങ്ങി.. “പ്ഫാ …. നിർത്തെടി..
ഈ ഹോസ്റ്റലിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാ ഇത്.. എന്തായാലും നാളെ ഇറങ്ങിക്കോണം ഇവിടന്നു.. കോളേജീന്നും നിന്നെ പുറത്താക്കാൻ പറ്റോന്നു ഞാനൊന്നു നോക്കട്ടെ.. നിന്റെ അച്ഛൻ ഉണ്ടല്ലോ ആ വാദ്ധ്യാര് … അയാളെ ഞാൻ വിളിപ്പിക്കുന്നുണ്ട്.. മോൾടെ സ്വഭാവഗുണം ആ കെളവനും അറിയട്ടെ .. മേട്രേൺ ഒരു പുലിയെ പോലെ അവൾക്കു നേരെ ചീറി. “പിന്നെ നിന്റെ ബിസ്സിനസ്സിനു പറ്റിയത് ബോംബെയിലെ റെഡ്‌സ്ട്രീറ്റാണ്.. ഇവിടന്ന് അങ്ങോട്ട് പോയാൽ നല്ല പൈസ ഉണ്ടാക്കാടി .. ഇവിടുള്ള നല്ല പിള്ളേരെ കൂടി ചീത്തയാക്കാൻ ഓരോരോ ജന്മങ്ങൾ …! അവർ ചാടിത്തുള്ളി ക്കൊണ്ട് പുറത്തേക്കിറങ്ങി.. ജോർജിനെയും വർഗ്ഗീസിനെയും ഗോപിയെയും സെക്യൂരിറ്റി തള്ളി റൂമിനു വെളിയിലാക്കി.. പുറത്തു നിന്നുകൊണ്ട് ജോർജ് ഗായത്രിയെ ഒന്നു നോക്കി.. “മാപ്പ് …” അവൻ ചുണ്ടനക്കി.. ഗായത്രി കത്തുന്ന മിഴികളോടെ അവനെ നോക്കി.. കണ്ണിൽ നിന്നും കണ്ണീരിനു പകരം രക്തം ഒലിച്ചിറങ്ങുന്നതായി അവൾക്ക് അനുഭവപെട്ടു..
അത്രയ്ക്കവൾ നീറി.. നെഞ്ചു തകർന്നു.. അഭിമാനം വ്രണപ്പെട്ട് നൂറുകണക്കിന് പേർക്കു മുന്നിൽ അവൾ കുറ്റക്കാരിയായി, വ്യഭിചാരിണിയായി ചിത്രീകരിക്കപ്പെട്ടു… പൊതു വേദിയിൽ പൂർണ്ണ നഗ്നയാക്കപ്പെട്ട അവസ്ഥ..!! “ഒരു ചുന്ദരിക്കോത ..” മറ്റു റൂമുകളിലെ പെൺകുട്ടികൾ അവളെ നോക്കി പുച്ഛച്ചിരിയോടെ എന്തൊക്കെയോ അടക്കം പറഞ്ഞു… ഗായത്രി വാതിൽ കൊട്ടിയടച്ചു.. മുഖം പൊത്തി പൊട്ടിക്കരഞ്ഞുക്കൊണ്ട് അവൾ താഴേക്ക് ഊർന്നിരുന്നു… വേദന …. നെഞ്ചു പിളരുന്ന വേദന…!! തുടരും…

by