The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിവേദ്യ ഹരിഹരൻ
അർജുന്റെ കാർ പോർച്ചിലേക്ക് ഇരമ്പിയെത്തുന്ന ശബ്ദം കേട്ടപ്പോഴേ രാജേന്ദ്രൻ അവന്റെ മനസ്സ് വായിച്ചെടുത്തു..
എങ്കിലും തികഞ്ഞ നിർവ്വികാരതയായിരുന്നു അയാളുടെ മുഖത്ത്…
മാറാനുള്ള ഡ്രസ്സെടുത്ത് രാജേന്ദ്രന്റെ കയ്യിലേക്ക് ഏൽപ്പിക്കുമ്പോഴും പരിഭവത്തിലായിരുന്നു ജയ..
“എന്റെ മോന്റെ മനസ്സ് വേദനിപ്പിച്ചപ്പോൾ തൃപ്തിയായല്ലോ രാജേട്ടന് …
അവനിപ്പോ വരും എന്താന്നു വച്ചാൽ നേരിട്ട് പറഞ്ഞേക്ക്..
ദൈവത്തെ ഓർത്ത് നിങ്ങൾക്കിടയിലേക്ക് എന്നെ വലിച്ചിട്ടേക്കരുത്..
എനിയ്ക്ക് വയ്യ ഇതൊന്നും കാണാൻ ..
എന്റെ കൊച്ചിനെ ഞാനിനി എന്തു പറഞ്ഞ് സമാധാനിപ്പിക്കുമോ എന്റെ കൃഷ്ണാ ..
ജയ മുകളിലേക്കു ദൃഷ്ടിയെറിഞ്ഞു കൊണ്ട് നെഞ്ചിൽ കൈ വച്ചു നിന്നു..
അപ്പോഴും മൗനത്തിലായിരുന്നു രാജേന്ദ്രൻ ..
ഒരു കൊടുക്കാറ്റു കണക്കെയാണ് അർജുൻ രാജന്ദ്രന്റെ മുറിയിലേക്കെത്തിയത്..
പിന്നിലായി ആദിയും നിമ്മിയും..
അവനെ കണ്ടിട്ടും മുഖത്ത് വലിയ ഭാവവ്യത്യാസമില്ലാതെ രാജേന്ദ്രൻ ഷർട്ടിന്റെ ബട്ടണുകൾ പൂട്ടിക്കൊണ്ടിരുന്നു..
അർജുനെ കണ്ടതോടെ രാജേന്ദ്രന്റെ മുഖത്ത് അങ്കലാപ്പോടെ ഒന്നു നോക്കിക്കൊണ്ട് ജയ വേഗം പുറത്തേക്കിറങ്ങി…
“അച്ഛാ …
എന്താ അച്ഛന്റെ മനസ്സിൽ ..?
അവളെ മറന്നു കളയാൻ പറയാൻ മാത്രം എന്തു കുറ്റമാണ് അച്ഛൻ അനുവിന് കണ്ടുപിടിച്ചത്..??
വികാര പാരവശ്യത്തോടെയുള്ള അവന്റെ ശബ്ദം അവിടമാകെ മുഴങ്ങി..
“ഞാനവളെ മറക്കണമെന്നോ ..
അതിനീ അർജുൻ ചാകണം..!!
അവൻ രാജേന്ദ്രനു തൊട്ടരികിലായി നിന്നു.
പറ എന്താ അവളുടെ കുറവ്..??
പണമാണോ പ്രതാപമാണോ…??
അർജുൻ ദേഷ്യസങ്കട സമ്മിശ്ര ഭാവത്തോടെ നോക്കിക്കൊണ്ട് ശക്തമായി രാജേന്ദ്രന്റെ കൈകൾ ഉലച്ചു..
അയാൾ അപ്പോഴും നിശബ്ദനായിരുന്നു..
“എന്താ അച്ഛാ കാര്യം..??
എന്നോടെങ്കിലും പറ പ്ലീസ്..
അർജുനെ പിടിച്ചു മാറ്റുന്നതിനിടയിൽ ആദി സങ്കടത്തോടെ രാജേന്ദ്രനെ നോക്കി..
“എനിയ്ക്കാ ഗായത്രിയെ നേരത്തേ അറിയാം മക്കളേ …
രാജേന്ദ്രൻ ഇരുവരെയും മാറി മാറി നോക്കിക്കൊണ്ടു പറഞ്ഞു..
“അതിന് …അതിനെന്താ ..?
ആദിയുടെ കൈകൾ ശക്തിയിൽ തട്ടിയെറിഞ്ഞു അർജുൻ..
“നീയൊന്ന് സമാധാനപ്പെട് അജു..
ആദി വീണ്ടും അർജുനെ മയപ്പെടുത്താൻ ശ്രമിച്ചു..
“സമാധാനോ ..
എനിയ്ക്കോ ഏട്ടാ …?
എല്ലാം തകർത്തിട്ടല്ലേ അച്ഛൻ ഇങ്ങോട്ട് വന്നിരിക്കുന്നത്..
ഇടറുന്ന ശബ്ദത്തിൽ അജു പറഞ്ഞു.
“അച്ഛൻ അങ്ങനെ പറഞ്ഞെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാകും അജു..
നീയൊന്നടങ്ങ്…
” എന്നോട് അച്ഛൻ വ്യക്തമായ കാരണം പറയാതെ ഇന്നീ മുറിയിൽ നിന്നും ഞാനിറങ്ങില്ല ഏട്ടാ ..
അർജുൻ ശക്തിയിൽ ബെഡ്ഡിലേക്കിരുന്നു …
രാജേന്ദ്രൻ ആദിയ്ക്കടുത്തേക്ക് നടന്നു ചെന്നു..
“മോൻ നിമ്മിയേം കുഞ്ഞിനേം കൊണ്ട് അകത്തേക്ക് പോ ..
അച്ഛനിവനോട് തനിച്ച് കുറച്ച് സംസാരിക്കാനുണ്ട്…
“ശരിയച്ഛാ …
ദേഷ്യത്തിൽ കുനിഞ്ഞിരുന്ന അർജുനെ ഒരിയ്ക്കൽ കൂടി നോക്കിക്കൊണ്ട്
വാതിക്കൽ എല്ലാം കണ്ട് പകച്ച് നിന്നിരുന്ന നിമ്മിയേം കൂട്ടി ആദി റൂമിലേക്കു നടന്നു..
രാജേന്ദ്രൻ വാതിൽ പൂട്ടി കൊണ്ട് അർജുനരികെ ചെന്നിരുന്നു..
“അജൂ …
നിനക്ക് വേണ്ടത് ഞാനവളെ വേണ്ടെന്നു പറഞ്ഞതിന്റെ കാരണമല്ലേ ..
എന്നാ കേട്ടോ…
ഞാൻ പി ജിയ്ക്ക് പഠിക്കുമ്പോഴാണ് ഗായത്രി ദേവി എന്ന അന്നത്തെ ഗായത്രി അയ്യർ കോളേജിലേക്ക് ആദ്യമായി വരുന്നത്..
പ്രിഡിഗ്രിയ്ക്ക് പഠിക്കാൻ വേണ്ടി…
അന്നത്തെ ആ ദിവസം ഇന്നും പച്ചപ്പോടെ എന്റെ മനസ്സിലുണ്ട്..
ക്രിസ്ത്യാനി പെൺകുട്ടികൾ നിറഞ്ഞ കോളേജിലേക്ക് മൂക്കുത്തിയിട്ട് ചന്ദനക്കുറിയും മുല്ലപ്പൂവും ചൂടി വന്ന ഗായത്രിയെന്ന പാവമൊരു ബ്രാഹ്മണ പെൺകുട്ടി..
നിന്റെ ഈ അനുവുണ്ടല്ലോ അന്നത്തെ ഗായത്രിയുടെ സൗന്ദര്യത്തിന്റെ ഏഴയലത്തു പോലും വരില്ല…
അതി സുന്ദരി എന്നതിനേക്കാൾ എല്ലാവരെയും തന്നിലേക്ക് മാത്രം ആകർഷിക്കുന്ന തരത്തിൽ എന്തോ ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നു അവൾക്ക് …
അർജുൻ വിടർന്ന മിഴികളുമായി രാജേന്ദ്രനെ നോക്കി…
“എന്നിട്ട് …
എന്നിട്ടെന്താ ഉണ്ടായത്..??
അവന്റെ മുഖത്ത് ജിജ്ഞാസ നിറഞ്ഞു…
“ആദ്യ ദിവസം മുതൽ കോളേജിലെ മുഴുവൻ ആൺകുട്ടികളുടെയും മനസ്സിൽ ഒരു സ്വപ്ന സുന്ദരിയായി അവൾ ചേക്കേറി ..
പെൺകുട്ടികളാകട്ടെ അസൂയ കലർന്ന മിഴികളോടെയാണ് അവളെ നോക്കിക്കൊണ്ടിരുന്നത്..
പട്ടുപാവാടയണിഞ്ഞ് തലയും താഴ്ത്തി പിന്നിയിട്ട നീണ്ട മുടിയും ഇളക്കിക്കൊണ്ട് ഗായത്രി നടന്നു വരുന്നത് നോക്കി നിൽക്കുമായിരുന്നു ഞങ്ങൾ ..
അതു തന്നെ ഒരു ഒന്നൊന്നര കാഴ്ചയായിരുന്നു..
നീണ്ടൊരു ദീർഘ നിശ്വാസമെടുത്തു കൊണ്ട്
രാജേന്ദ്രൻ അന്നത്തെ 21 കാരനായി മാറി..
“അവളെ പരിചയപ്പെടാനും ഒരു വാക്കു സംസാരിക്കാനും വേണ്ടി ബഹളമായിരുന്നു ആൺപിള്ളേരൊക്കെ …
പക്ഷെ ഗായത്രിയെ അതൊന്നും ബാധിക്കുന്നുണ്ടായില്ല…
പഠനം..
അതു മാത്രമായിരുന്നു അവളുടെ ലക്ഷ്യം ..
രാജേന്ദ്രൻ ഒന്നു നെടുവീർപ്പിട്ടു…
അയാളെ തന്നെ ഉറ്റു നോക്കിയിരിക്കുകയായിരുന്നു അർജുൻ..
“അവളോട് പ്രണയം പറയാൻ നീണ്ട നിര തന്നെ ഉണ്ടായിരുന്നു കോളേജിൽ …
എന്റെ കൂട്ടുകാരിൽ പലരും രക്തം കൊണ്ടൊക്കെ കത്തെഴുതിയിട്ടുണ്ട് അവൾക്ക്…
അയാളൊന്നു ചിരിച്ചു..
“അപ്പോ അച്ഛനോ ..??
അർജുൻ കള്ളച്ചിരിയോടെ രാജേന്ദ്രന്റെ തോളിൽ കൈയ്യിട്ടു..
“എവിടന്നു…??
മുറപ്പെണ്ണുമായി നേരത്തേ കല്യാണം ഉറപ്പിച്ചു വച്ചില്ലേ..
ജയ ഇടയ്ക്ക് ഇല്ലായിരുന്നെങ്കിൽ ഞാനും ഒരു കൈ നോക്കിയേനേ..
രാജേന്ദ്രൻ ഒന്നു കണ്ണിറുക്കി..
ഇരുവരും ചിരിച്ചു..
“എന്നിട്ട് ബാക്കി പറ അച്ഛാ ..
അർജുൻ കാലുകൾ ബെഡ്ഡിലേക്ക് കയറ്റിവച്ച് ഒന്നിളകിയിരുന്നു..
“ഗായത്രി പക്ഷെ അങ്ങനെ ഒരു കുട്ടിയേ ആയിരുന്നില്ല..
സയൻസ് പഠിച്ച് ഐഎസ് ആർഒ യിൽ ഒരു ശാസ്ത്രജ്ഞയായി കയറണം എന്നായിരുന്നു അവളുടെ ആഗ്രഹം..
ഇതൊക്കെ അവന്മാർ പറഞ്ഞ് കേട്ടിട്ടുള്ളതാ…
ഇഷ്ടം പറഞ്ഞ് ചെന്നവരെയൊക്കെ ഒരു ചിരിയോടെ അവൾ കൂട്ടുകാരാക്കി…
ആരേയും അവൾ വെറുപ്പിച്ചില്ല..
ആർക്കും അവളുടെ മനസ്സിലേക്ക് കയറിക്കൂടാനും പറ്റിയില്ല..
അവരുടെ ഡിപ്പാർട്ട്മെന്റിലെ തന്നെ ഏതോ ഒരു മാഷ് അവളെ കല്യാണം ആലോചിച്ച് ചെന്നിട്ടുണ്ടെന്നും അക്കാലത്ത് കഥകളറിങ്ങി ..
സത്യമാണോ എന്നറിയില്ല…
കോളേജിൽ തന്നെ ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയാണ് ഗായത്രി പ്രിഡിഗ്രി പാസ്സായത്…
അതിനു ശേഷം അവൾ അവിടെത്തന്നെ ഫിസിക്സിൽ ഡിഗ്രിയെടുക്കാനായി ചേർന്നു..
” അമേസിംഗ് ..
അർജുൻ പിറുപിറുത്തു..
പിന്നെന്തുണ്ടായച്ഛാ…??
അവന്റെ കണ്ണുകളിൽ ഉദ്വേഗം നിറഞ്ഞു
“കോളേജിൽ ഉള്ള എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് അന്ന് ആ സംഭവം ഉണ്ടായത്…
കോളേജിന്റെ ഓരോ മുക്കും മൂലയിലും ഗായത്രി വീണ്ടും ഒരു സംസാര വിഷയമായി മാറി…
“എങ്ങനെ …??
അർജുന്റെ കൃഷ്ണമണികൾ വേഗത്തിൽ ചലിച്ചു.
രാജേന്ദ്രൻ പതുക്കെ എഴുന്നേറ്റ് ജനാലയ്ക്കരികിലേക്കു നടന്നു ..
ജനലഴികളിൽ കൈകൾ മുറുക്കിക്കൊണ്ട് പുറത്തേക്ക് നോക്കി അയാൾ നിന്നു .
❣️❣️❣️❣️❣️
രാവിലെ താഴെ കാറിന്റെ ശബ്ദം കേട്ടാണ് എബി എഴുന്നേറ്റത്.
“ആരാ കാറിൽ വന്നത്…
എന്നു ചിന്തിച്ചെങ്കിലും ശിവരാജൻ ഡോക്ടറുടെ വീട്ടിൽ ചെറിയൊരു ഫങ്ങ്ഷൻ ഉണ്ടായതു കൊണ്ട് അതിനു പോകേണ്ടിയിരുന്നതിനാൽ താഴേക്ക് പോകാൻ അവനു സാധിച്ചില്ല..
പ്രോഗ്രാം കഴിഞ്ഞ് വൈകിട്ടാണ് എബി തിരിച്ചു വന്നത്..
രാത്രി ടെറസ്സിലേക്ക് വരണമെന്ന് അനു അവനെ മെസ്സേജ് ചെയ്ത് അറിയിച്ചിരുന്നു..
അതിൻപ്രകാരം രാത്രിയാകുന്നതിനായി എബി കാത്തു നിന്നു
അനുവിനു മുന്നേ എബി ടെറസ്സിലെത്തി അവളെ കാത്തിരുന്നു..
വല്ലാത്ത ഒരു മുഖവുമായാണ് അനു കടന്നുവന്നത്..
വന്നപാടെ അവൾ അവനരികത്തായി ഇരുന്നു..
“എന്നാടോ മുഖം വല്ലാതെ …?
എന്തു പറ്റി..??
“കുറച്ച് പ്രശ്നം ഉണ്ട് ഡോക്ടറെ…
വിറച്ച ശബ്ദത്തോടെ അനു പറഞ്ഞു
“താൻ ആളെ ടെൻഷൻ ആക്കാതെ കാര്യം പറ അനു ..
എബി ആകാംക്ഷയോടെ അവളെ നോക്കി..
ഹോട്ടലിൽ വച്ചുണ്ടായതും രാവിലെ ഉണ്ടായതുമായ സംഭവങ്ങൾ അനു വിവരിച്ചു..
എല്ലാം കേട്ടു കഴിഞ്ഞ് എബിയുടെ മുഖം ചുവന്നു..
ഞരമ്പുകൾ വലിഞ്ഞു മുറുകി..
“എന്നിട്ട് ഇപ്പോഴാണോ താനിതൊക്കെ പറയുന്നത്..?
അന്ന് ഹോട്ടലിൽ വച്ച് പറഞ്ഞിരുന്നെങ്കിൽ അന്നേ ഞാനവനു മറുപടി കൊടുത്തേനെ ..
എബി മുഷ്ടി ചുരുട്ടി..
“അത് അവരുടെ സ്ഥലമല്ലേ ഡോക്ടറെ…
എങ്ങനെ ഞാനത് പറയും..
ഡോക്ടറ് പോയി ബഹളമുണ്ടാക്കിയിട്ട് അവർ എല്ലാരും ചേർന്ന് ഡോക്ടറെ എന്തേലും ചെയ്താലോ …
അനുവിന്റെ മുഖം വിവർണ്ണമായി…
“അവരുടെ സ്ഥലമായാലെന്താ ..
നമുക്കവരോട് പോയി കാര്യം പറയാമായിരുന്നല്ലോ..
അവന്റെ പാരന്റ്സിനെ കണ്ട് അത് പറഞ്ഞിരുന്നെങ്കിൽ ഇന്നീ സംഭവം ഉണ്ടാകുമായിരുന്നോ ..??
എബിയുടെ ശബ്ദമുയർന്നു..
അനു പേടിച്ച് തലകുനിച്ചിരുന്നു..
അവളുടെ കൺകോണിൽ നീർത്തുള്ളികൾ ഉരുണ്ടു കൂടി
അവളുടെ മുഖഭാവം കണ്ടപ്പോൾ എബി ഒന്നു ശാന്തനായി..
“എടോ തന്നെ സങ്കടപ്പെടുത്താൻ പറഞ്ഞതല്ല ഞാൻ ..
അന്നു താനെല്ലാം ഓപ്പണായി പറഞ്ഞെങ്കിൽ ആ പ്രശ്നം അപ്പോഴോ സോൾവ് ചെയ്യാരുന്നു അതാ ..
ആശങ്കയോടെ ചുരുണ്ടു കൂടി ഇരുന്ന അവളെ എബി നെഞ്ചോടു ചേർത്തു..
“അവൻ ഡോക്ടറെ എന്തേലും ചെയ്താലോന്നു പേടിച്ചിട്ടാ ഞാൻ …
നിറഞ്ഞ ഗദ്ഗദത്തിൽ അനു പറഞ്ഞു..
“അവനെന്നെ എന്ത് ചെയ്യാനാ അനു …
താൻ ഇങ്ങനെ പേടിക്കാതെ ..
ഉടനെ നമുക്ക് ഇതിനൊരു പരിഹാരം കാണാന്നേ..
കരയണ്ട …
എബി അവളുടെ മുടിയിഴകൾ തഴുകിക്കൊണ്ട് മൂർദ്ധാവിൽ ചുംബിച്ചു..
❣️❣️❣️❣️❣️
ഡൈനിംഗ് ടേബിളിനരികിലെ കസേരയിൽ ആലോചനയിൽ മുഴുകിയിരുന്ന ഗായത്രിയുടെ അരികിലേക്ക് രുഗ്മിണിയമ്മാൾ ചെന്നു..
ഒരു കസേര വലിച്ചിട്ട് അവർ അവൾക്കരികിലിരുന്നു…
“എന്തൊക്കെയാ ഗായത്രി ഇവിടെ നടക്കുന്നത്…?
അവർ അവളെ സാകൂതം നോക്കി..
ഗായത്രി ഓർമ്മയിൽ നിന്നുണർന്നു…
“അമ്മ എന്താ ചോദിച്ചേ ..??
ഗായത്രി ഒന്നു പരിഭ്രമിച്ചു..
“ഇന്ന് അവര് വന്ന കാര്യം പറയാരുന്നു ഗായത്രി…
“മ് ഹ് …
ഞാനും അതാലോചിക്കുവായിരുന്നു അമ്മേ ..
ഗായത്രി നെടുവീർപ്പിട്ടു…
“എന്തൊക്കെയാ അവര് പറഞ്ഞേ..
ആ പയ്യൻ നമ്മുടെ അനുക്കുട്ടിയെ മാത്രം കെട്ടു എന്നോ ..
പാട്ടി കണ്ണു മിഴിച്ചു.
“എന്തൊക്കെ ആണോ അമ്മേ ..
ആലോചിച്ചിട്ട് എന്റെ തല പെരുക്കുന്നു..
ഗായത്രി ടേബിളിൽ തലചായ്ച് കിടന്നു…
“വല്ല്യ പണക്കാരാ അവർ അല്ലേ മോളെ ..
“ആഹ്…
ഗായത്രിയുടെ ശബ്ദം നേർത്തു..
“മോനോന്മാർക്ക് നമ്മുടെ കൊച്ചിനെ കൊടുക്കാന്നു വച്ചാൽ …
പാട്ടിയുടെ വാക്കുകൾ അനിഷ്ടത്തോടെയുള്ളതായിരുന്നു.
“മ്മഹ്…
ഗായത്രി മൂളി…
“നിന്നെ അയാൾ അറിയുമെന്നല്ലേ പറഞ്ഞത്…
ചോദ്യഭാവത്തിൽ ഗായത്രിയെ അവർ നോക്കി..
“അതെ എന്നെ മനസ്സിലായിട്ടുണ്ട്…
“എല്ലാ കാര്യങ്ങളും അയാൾക്ക് അറിയുമായിരിക്കോ ഗായത്രി …??
പതിഞ്ഞ ശബ്ദത്തിലാണ് പാട്ടി അത് ചോദിച്ചത്..
ഗായത്രിയുടെ നെഞ്ചിൽ ഒരു മിന്നൽ പിണർ പാഞ്ഞു..
അവൾ ഞെട്ടലോടെ തലയുയർത്തി..
തുടരും