25/05/2026

അഗ്രഹാരം : ഭാഗം 44

രചന – നിവേദ്യ ഹരിഹരൻ

അനു യാന്ത്രികമായി കണ്ണാടിയ്ക്ക് മുന്നിൽ ഇരുന്നു…

“കുട്ടിയെന്താ വല്ലാതിരിക്കുന്നേ..?
ഇന്നലെ ഉറങ്ങിയില്ലേ..??

ഒരുക്കാൻ വന്ന ബ്യൂട്ടിഷൻ ദീപ അവളെ ആശങ്കയിൽ നോക്കി.

“ചേച്ചിയ്ക്ക് തലവേദനയാ ..
ശ്രീക്കുട്ടിയാണ് മറുപടി പറഞ്ഞത്.

“അല്ലെങ്കിലും കല്യാണത്തലേന്ന് ആർക്കാ ഉറങ്ങാൻ പറ്റുക..
ഓരോന്നാലോചിച്ച് ആധിയായിരിക്കില്ലേ..
അതിന്റെ ക്ഷീണമാ..
എല്ലാ പെൺകുട്ടികളും ഇങ്ങനൊക്കെ തന്നാ…

മേക്കപ്പിനിടയിൽ ദീപ നെടുവീർപ്പിട്ടു.

“കുട്ടിയ്ക്ക് ഇതിന്റെ ഈ മേക്കപ്പിന്റെ ഒന്നും ആവശ്യമില്ലട്ടോ ..
അല്ലാതെ തന്നെ എന്തു സുന്ദരിയാ..

നിമ്മി മാഡം പറഞ്ഞിട്ടുമുണ്ട് വളരെ കുറച്ച് മേക്കപ്പ് മതീന്ന്..
മോളെ കെട്ടുന്ന അനിയൻ സാർന് സിംപിൾ ആയി കാണുന്നതാ ഇഷ്ടമെന്ന്..

അതും പറഞ്ഞ് ദീപ ചിരിച്ചു.

അനു അവരുടെ വാക്കുകൾ ശ്രദ്ധിക്കുന്നേ ഉണ്ടായില്ല…
ശ്രീക്കുട്ടി തലയാട്ടിയും ചിരിച്ചും ദീപയെ കേട്ടിരുന്നു.

“നിമ്മി മാഡം സ്ഥിരമായി എന്റെ പാർലറിലാ വരുന്നത്..
പക്ഷേ കല്യാണവർക്ക് എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചതേയില്ല..
അത്ര വല്യ ആൾക്കാരല്ലെ അവരൊക്കെ …

മോൾടെ ഭാഗ്യം…
ഇങ്ങനൊരു ബന്ധം കിട്ടിയത്.
നിമ്മി മാഡം വളരെ നല്ല സ്വഭാവമുള്ള ആളാ …
കാശുള്ളതിന്റെ ഒരു ജാഢയും ആ കൊച്ചിനില്ല..

മുഖത്തെ മേക്കപ്പ് നിർത്തി അവർ അവിടിരുന്ന സ്വർണമെടുത്ത് അവളെ അണിയിക്കാൻ തുടങ്ങി..

“ഇങ്ങനെ പാവ കണക്കെ ഇരിക്കാതെ ഒന്നു ചിരിക്ക് മോളെ …
ഒരു ചിരി കൂടി ഈ മുഖത്തുണ്ടായാൽ പൂർണ്ണ ചന്ദ്രൻ ഉദിച്ചതു പോലുണ്ടാകും…

ദീപ അവളെ അസൂയയോടെ നോക്കി..

അനു മറ്റേതോ ലോകത്തായിരുന്നു…
അവളുടെ ചിന്തകളും..

“ഒന്നെഴുന്നേറ്റ് നിൽക്കോ മോളെ …
സാരി ഒന്നു ശരിയാക്കാനാ …

മാലകൾ സാരിയിൽ പിൻ ചെയ്ത ശേഷം കണ്ണാടിയിലെ അനുവിന്റെ പ്രതിബിംബത്തിലേക്ക് നോക്കി ദീപ ചോദിച്ചു..

“ചേച്ചി… ചേച്ചി എഴുന്നേൽക്ക് ..
ശ്രീക്കുട്ടി അനുവിന്റെ കൈയ്യിൽ പിടിച്ച് അമർത്തി..

“എന്താന്ന്…??
അനു അങ്കലാപ്പിൽ മുഖം തിരിച്ചു..

“ഹാ മോളിതൊന്നും കേൾക്കുന്നില്ലേ …
കല്യാണ പയ്യനെ ആലോചിച്ചിരിക്കുവാണോ സ്വപ്നലോകത്ത്…??
ദീപയുടെ മുഖത്ത് കുസൃതി നിറഞ്ഞു.

അനുവിന് അതുകേട്ട് ഉള്ളിൽ ദേഷ്യം തികട്ടി വന്നു..
അസ്വസ്ഥതയോടെ അവൾ എഴുന്നേറ്റ് നിന്നു..

ദീപ കുനിഞ്ഞിരുന്നിട്ട് പ്ലീറ്റ്സ് ഹെയർ സ്ട്രെറ്റ്നർ കൊണ്ട് ഒതുക്കി വച്ചു..

“കഴിഞ്ഞോ ചേച്ചി…
ശ്രീക്കുട്ടി ദീപയെ നോക്കി.

“കഴിഞ്ഞുട്ടോ…
ഇനി ഫോട്ടോഗ്രാഫറെ വിളിച്ചോളു…

ദീപഎഴുന്നേറ്റ് നിന്ന് ഒന്നുകൂടി മൊത്തത്തിൽ അനുവിനെ നോക്കി..

“അതിസുന്ദരിയായിട്ടുണ്ട്..
ഇത്രയും ഭംഗിയുള്ള ഒരു കൊച്ചിനെ ഇതേ വരെ ഞാൻ ഒരുക്കിയിട്ടില്ല…
അവർ പിറുപിറുത്തു..

ശേഷം മേക്കപ്പ് ഉപകരണങ്ങളെല്ലാം ബാഗുകളിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി.

അപ്പോഴേക്കും ഗായത്രി റൂമിലേക്കു കയറി വന്നു..

“വേഗം വാ മോളെ ..
ഫോട്ടോഗ്രാഫേർസ് ബഹളം..
മുഹൂർത്തത്തിന് ഇനിയധികം സമയമില്ല..
മുതിർന്നവർക്ക് ദക്ഷിണ കൊടുത്തിട്ട് ഇറങ്ങാം..

അനു ഗായത്രിയെ നോക്കിയതേയില്ല..
അവളുടെ മുഖത്ത് നിർവ്വികാരതയായിരുന്നു..

മറ്റാരുടെയോ വിവാഹത്തിനെന്ന പോലെ യാതൊരുവിധ സന്തോഷ ഭാവങ്ങളും ഇല്ലാതെ അവൾ നിന്നു.

ഒരുങ്ങിയിറങ്ങിയ അവളുടെ മുഖഭാവം കണ്ടപ്പോൾ പട്ടിയമ്മ മാത്രം മൗനമായി തേങ്ങി ..

അനു ഉള്ളാലെ അത്രയധികം വേദനിക്കുന്നുണ്ടെന്ന് ആ കൂട്ടത്തിൽ അവർ മാത്രം തിരിച്ചറിഞ്ഞു.

ചടങ്ങുകൾ എല്ലാം വേഗത്തിൽ തീർത്ത് താലികെട്ട് നടക്കുന്ന ക്ഷേത്രത്തിലേക്കായി ഏവരും ഇറങ്ങി..

വളരെ കുറച്ചുപേർ മാത്രമേ വധുവിന്റെ ഭാഗത്തു നിന്നും ക്ഷണിക്കപ്പെട്ടിരുന്നുള്ളു..
മൂന്നു കാറുകളിലായി മാത്രം ഉൾക്കൊള്ളുന്നവർ..

വധുവിന്റെ വീട്ടുകാർ ക്ഷേത്രത്തിൽ എത്തിയ ശേഷമായിരുന്നു വരന്റെ വീട്ടുകാർ എത്തിച്ചേർന്നത്..

കല്യാണം പാലക്കാട് തന്നെ ആയിരുന്നെങ്കിലും ബ്രാഹ്മണ ആചാരപ്രകാരമായിരുന്നില്ല ചടങ്ങുകൾ..
താലി കെട്ടിൽ അവസാനിക്കുന്ന വളരെ ലളിതമായ ചടങ്ങുകളെ ഉണ്ടായിരുന്നുള്ളു..
അത് അർജുന്റെ തീരുമാനപ്രകാരമായിരുന്നു.

ചടങ്ങുകൾ ആരംഭിച്ചു..
വരനും കൂട്ടരും ദേവിയുടെ നടയ്ക്കുമുന്നിൽ തൊഴുതു നിന്നു…
താലി കെട്ടിനുള്ള മുഹൂർത്തമായി…
വാദ്യമേളങ്ങളാൽ അവിടം മുഖരിതമായി..

“ഇനി പെൺകുട്ടിയെ വിളിച്ചോളു…
കർമ്മി പറഞ്ഞു.

ക്ഷേത്രത്തിനോട് ചേർന്നുള്ള ചെറിയ കെട്ടിടത്തിലിരിക്കുകയായിരുന്നു അനുവും പാട്ടിയും ഗായത്രിയും…

“ഗായത്രി ….
മോളെ കൊണ്ടുവന്നോളു…
ജയ ധ്യതിയിൽ മുറിയിലേക്കു വന്നു…

“ദാ വരുന്നു ഏടത്തി…
ഗായത്രി പറഞ്ഞു..

“ഇറങ്ങ് മോളെ …
ജയ പോയിക്കഴിഞ്ഞ്
ഗായത്രി അനുവിനോടായി പറഞ്ഞു..

നിറഞ്ഞു നിന്ന മിഴികളോടെ അനു ഗായത്രിയെ നോക്കി..

“അമ്മേ..

“കഴിഞ്ഞതൊക്കെയും മായ്ച് കളഞ്ഞേച്ചു മോളെ ..
ഇത് നിന്റെ പുതിയ ജീവിതാ…
നീ അർജുനെ സ്നേഹിക്കണം..
നിനക്കതിന് പറ്റും..
കാരണം അതാണ് താലിയുടെ മാഹാത്മ്യം..
മറ്റേത് ബന്ധത്തേക്കാൾ ദൃഢവും വിശ്വസനീയവുമാണത്..

“അമ്മേ… ഞാൻ
നെഞ്ചു പൊട്ടി അനു ഒരിയ്ക്കൽ കൂടി വിളിച്ചു..

ഗായത്രിയുടെ കണ്ണുകളും ഈറനായി.

“ഗായത്രി പറഞ്ഞതു ശരിയാ മോളെ ..
സത്യമുള്ള ബന്ധമാ താലീബന്ധം…
ഭഗവാനായിട്ട് ചേർക്കുന്നത്..
എന്റെ മോൾ ഇനിയും സങ്കടപ്പെടരുത്..
നിനക്ക് ഈശ്വരൻ നല്ലതേ വരുത്തു …

പാട്ടിയമ്മ അവളെ കെട്ടിപ്പുണർന്നു..

“വാ പോകാം…
അവിടെ എല്ലാവരും കാത്തിരിക്കുന്നു.
മുഹൂർത്തമായി..

ഗായത്രി പറഞ്ഞു.

രുക്മിണിയമ്മ അവളെയും കൂട്ടി പുറത്തേക്ക് നടന്നു..

ഒരു വേള എല്ലാവരുടെയും കണ്ണുകളെ നിശ്ചലമാക്കിക്കൊണ്ട് അനുവിനെ അർജുന്റെ അരികിലായി ഗായത്രി കൊണ്ടു നിർത്തി..

“നല്ല സുന്ദരികുട്ടിയല്ലേ..
രണ്ടു പേരും തമ്മിൽ നല്ല മാച്ച്..
വരന്റെ ബന്ധുക്കൾ പിന്നിൽ നിന്ന് പിറുപിറുത്തു..

അതു കേട്ടു നിന്ന ജയയും നിമ്മിയും പരസ്പരം നോക്കി പുഞ്ചിരിച്ചു..

വാമഭാഗത്ത് നിൽക്കുന്നവളെ അർജുനൊന്നു നോക്കി..
അവളെ ആ വേഷത്തിൽ കണ്ടപ്പോൾ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു..

അനു തല ഉയർത്തിയില്ല..
അവിടെയുള്ള ആരെയും നോക്കിയതുമില്ല..
അർജുനെയും .

“ഇരുവരും മുഖാമുഖം നിൽക്കുക..
താലി കെട്ടാൻ നേരായി..
കർമ്മി ഉറക്കെ പറഞ്ഞു.

ഇരുവരും നേർക്കുനേരേ നിന്നു..

അയാൾ താലിമാല അർജുന്റെ കൈയ്യിലേക്കു കൊടുത്തു..

അർജുൻ മാല വാങ്ങിയിട്ട് പ്രതീക്ഷയോടെ അനുവിന്റെ മുഖത്തേക്കൊന്നു നോക്കി..
അവൾ താഴേക്ക് ദൃഷ്ടിയൂന്നി ത്തന്നെ നിൽക്കുകയായിരുന്നു..

“കെട്ടിക്കോളു…

വാദ്യമേളം കൊഴുത്തു..
ഭുവനേശ്വരി ദേവിയെയും കൂടി നിന്നവരെയും സാക്ഷിയാക്കി അർജുൻ അനുവിന്റെ കഴുത്തിൽ താലി ചാർത്തി..

അനു കണ്ണുകൾ പൂട്ടി നിന്നു..
അച്ഛന്റെ മുഖം മാത്രമായിരുന്നു ആ നിമിഷത്തിൽ അനുവിന്റെ മനസ്സു മുഴുവൻ…

“അച്ഛാ…
ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ഇഷ്ടമില്ലാത്ത ജീവിതത്തിലേക്ക് ഞാൻ കടക്കുന്നു..
ആർക്കൊക്കെയോ വേണ്ടി..

അവളുടെ മനസ്സ് മൗനമായി മന്ത്രിച്ചു.

❣️❣️❣️❣️❣️

“അനു ഇതാണ് അർജുന്റെ റൂം..
ഇനി മുതൽ തന്റേം..!!
നിമ്മി മൃദുവായി അവളുടെ ചുമലിൽ അമർത്തി.

“തനിയ്ക്കുള്ള ഡ്രസ്സ് ഐറ്റംസ് എല്ലാം കബോർഡിൽ ഉണ്ട്..
പോയി ഫ്രഷ് ആയിക്കോളു..
കുഞ്ഞുണ്ണിയുടെ കരച്ചിൽ കേൾക്കുന്നുണ്ട്..
ഞാൻ താഴേക്ക് പോട്ടെ..

“മമ്… അനു ഒന്നു മൂളി.

അനു മെല്ലെ അകത്തേക്ക് കയറി..
വളരെ വലിയൊരു റൂമായിരുന്നു അത്..

മധ്യഭാഗത്തായി ഒരു വലിയ കട്ടിൽ..
അത് ഭംഗിയായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.
സൈഡിലായി ടേബിൾ ലാംബ് വച്ചിട്ടുള്ള ചെറിയൊരു ടേബിൾ .
അതിനോടു ചേർന്നുള്ള രണ്ട് ചുവരുകൾ കബോഡുകളായി മാറ്റിയിരുന്നു..

വലിയ കണ്ണാടിയോട് കൂടിയ ഡ്രസ്സിഗ് ടേബിൾ..
അവിടെയൊരു ഫാമിലി ഫോട്ടോ ..
ഒരു കോർണറിലായി വലിയ നീളൻ സോഫ..

അനു ആ സോഫയിലേക്ക് അമർന്നിരുന്നു..
ദേഷ്യവും സങ്കടവും കൊണ്ട് അവൾക്ക് തല പൊളിയുന്നത് പോലെ തോന്നി..
അവൾ കൈ നെറ്റിയിലുഴിഞ്ഞു..

അവളാ റും മുഴുവൻ ഒന്നു കൂടി കണ്ണോടിച്ചു..
ഇനിയുള്ള കാലം അയാളുടെ കൂടെ ഇതിനകത്ത് ശ്വാസം മുട്ടി ജീവിക്കണമല്ലോ എന്ന ചിന്തയിൽ അവൾക്ക് തലവേദന കൂടിയതുപോലെ തോന്നി..

ഏറ്റവുമധികം വെറുക്കുന്ന ആളോടൊപ്പം ഒരേ മുറിയിൽ ..
എങ്ങനെ…??
അയാളുടെ മുഖം കാണുന്നതു പോലും വെറുപ്പാണ്..

ഇന്നീ നിമിഷം വരെ അയാളെയൊന്ന് നോക്കിയിട്ടില്ല..
കരുതികൂട്ടി തന്നെ ചെയ്തതാ ..
അയാൾ വേദനിക്കാൻ വേണ്ടി തന്നെ…

ഓരോന്നാലോചിച്ച് ഇരിക്കുമ്പോൾ അർജുൻ മുറിയിലേക്ക് കയറി വന്നു..

“ആഹ് താൻ ഇവിടെ ഇരിക്യേണോ…
ഫ്രഷായില്ലേ ഇതുവരെ …??
അവൻ അവളുടെ മുന്നിൽ ചെന്നു നിന്നു.

അനു കേൾക്കാത്ത പോലെ അതേയിരുപ്പിരുന്നു.

“ഇതെന്താടോ സമരം വല്ലതുമാണോ …?
അല്ലാ രാവിലെ മുതൽ സമരം തന്നെ ആയിരുന്നല്ലോ…??
മുഖത്തേക്ക് പോലും നോക്കാതെ..
ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

അനു മുഖമുയർത്തി രൂക്ഷമായി അവനെ നോക്കി..

“എനിക്ക് നിങ്ങളെ വെറുപ്പാ …
ലോകത്തിൽ ഏറ്റവുമധികം ഞാൻ വെറുക്കുന്നത് നിങ്ങളെയാ ..!!
എന്റെ ജീവിതം ഇല്ലാതാക്കിയവനാ നിങ്ങൾ..
അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.

“യ്യോ ഇങ്ങനെ നോക്കല്ലെ..
ഏട്ടനങ്ങ് ദഹിച്ച് ഇല്ലാണ്ടായിപ്പോകും..
അവൻ കണ്ണുമിഴിച്ച് ആംഗ്യം കാണിച്ചു..

പിന്നെ വെറുപ്പ്…
അത് പതിയെ മാറിക്കോളും ..
നമ്മൾ തുടങ്ങിയിട്ടല്ലേയുള്ളു..
സമയമുണ്ടല്ലോ അനുക്കുട്ടി..
അർജുൻ ചിരിച്ചു.

വേറെന്താ പറഞ്ഞേ ജീവിതം ഇല്ലാതാക്കിന്നോ…
ഞാനൊരു ജീവിതം തനിക്ക് തരികയല്ലേടോ ചെയ്തത്…
എന്റെ ഭാര്യാ പദവി..

“ഭാര്യാ പദവി…
അനു പുച്ഛത്തോടെ മുഖം കോട്ടി..

“മനസ്സാക്ഷി തരിമ്പുപോലുമില്ലാത്ത ഒരു മൃഗത്തിന്റെ ഭാര്യാ പദം !!

അർജുൻ കേൾക്കേ പറഞ്ഞു കൊണ്ട് അനു കബോഡിൽ നിന്നും വസ്ത്രങ്ങളെടുത്ത് ബാത്ത് റൂമിൽ കയറി..

അവൻ ഒരു പുഞ്ചിരിയോടെ അവളെത്തന്നെ നോക്കി നിന്നു..

അനു കുളി കഴിഞ്ഞ് ഇറങ്ങുമ്പോൾ അവനവിടെ ഉണ്ടായിരുന്നില്ല…
അവൾ സമാധാനത്തോടെ താഴേക്കിറങ്ങി..

എല്ലാവരും ഒരുമിച്ചിരുന്നാണ് അത്താഴം കഴിച്ചത്..
തമാശകളും പൊട്ടിച്ചിരികളും കൊണ്ട് ഊണ് മുറി ശബ്ദ മുഖരിതമായിരുന്നു..

അർജുന്റെ മറ്റൊരു മുഖം കാണുകയായിരുന്നു അനു ..
സ്നേഹമയനായ മകൻ..
അനുജൻ …

ഇയാൾക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നോർത്ത് അനുവിന്റെ മനസ്സ് തിളച്ചു…

അർജുന്റെ കളിചിരികൾ കാൺകേ അവൾക്ക് ഉള്ളിൽ ദേഷ്യം കൂടി വന്നു..
മറ്റുള്ളവരുടെ സന്തോഷം നശിപ്പിച്ചിട്ട് സ്വയം സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റ്…
അവൾ പിറുപിറുത്തു..

ഭക്ഷണശേഷം അടുക്കളയിലേക്ക് ചെന്ന അനുവിന്റെ കയ്യിൽ ജയ ഒരു ഗ്ലാസ്സ് പാലെടുത്തു കൊടുത്തു..

“മോളിത് കൊണ്ട് റൂമിലേക്കു പൊക്കോ..

ജയയുടെ അടുത്ത് നിന്ന് നിമ്മി അവളെ നോക്കി കുസൃതിയിൽ കണ്ണിറുക്കി കാണിച്ചു..

പാലുമായി റൂമിലേക്കു നടക്കുമ്പോൾ അനുവിന്റെ ചിന്ത വേറെയായിരുന്നു..

കുറച്ച് വിഷം കിട്ടിയെങ്കിൽ ഇതിൽ ചേർത്ത് ആ മൃഗത്തിന് കൊടുക്കാമായിരുന്നു..

അതു ചിന്തിച്ചു കൊണ്ടവൾ പല്ലിറുമ്മി..

തുടരും..