21/04/2026

നിലാവ് : ഭാഗം 41

രചന – അരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍‍”””അച്ചുവേട്ടാ,,,
അങ്ങനെ എല്ലാവരും ഒരു കുടക്കീഴിൽ തന്നെ അല്ലേ?. എന്റെ ആഗ്രഹം പോലെ തന്നെ അവരും ഒന്നിക്കാൻ പോകുന്നു. “”

“””അതേ,, അച്ഛൻ എന്നോട് പറഞ്ഞപ്പോഴേ ഞാൻ ആദ്യം പറഞ്ഞതും ഇത് തന്നെയാ.. “”

“”” എന്റെ മനസ്സ് എങ്ങനെയാ അച്ചുവേട്ടാ ഇത്രയും കൃത്യമായി വായിച്ചെടുക്കുന്നത്? ”
അവന്റെ നെഞ്ചിലേക്ക് ചേർന്നിരുന്ന് കൊണ്ട് അവള് ചോദിച്ചു.

“”നീ എങ്ങനെയാ എന്റെ മനസ്സ് വായിക്കുന്നെ. അങ്ങനെ തന്നെ.. “”

അവൻ പറഞ്ഞ മറുപടി കേട്ടപ്പോൾ അവളൊന്ന് അവന്റെ മുഖത്തേക്ക് നോക്കി. പതിയെ ഒന്നുയർന്ന് അവന്റെ കവിളിലേക്ക് തന്റെ ചുണ്ട് ചേർത്തു.

❤️❤️❤️❤️❤️

അങ്ങനെ അർജുനും, രേവതിയും കൂടി തീരുമേനിയുടെ അടുത്ത് മുഹൂർത്തം കുറിയ്ക്കാനായി ചെന്നു.

“”നമസ്കാരം തിരുമേനി “””
രേവതിയുമായി അകത്തേയ്ക്ക് ചെന്നു കൊണ്ട് അർജുൻ പറഞ്ഞു.

“”നമസ്കാരം ഉണ്ട്… ഇരുന്നാട്ടെ..
അല്ലാ, രേവതിവർമ്മ ഈ വഴിയൊന്നും മറന്നില്ല അല്ലേ?? “”

“”തിരുമേനി,, അത്‌,,, “”
മറുപടി പറയാൻ വാക്കുകളില്ലാതെ രേവതി തലകുനിച്ചിരുന്നു.

“”എല്ലാം അറിഞ്ഞു.
ഗംഗാധരന്റെ കാര്യങ്ങളും ഒക്കെ..
എല്ലാം വിധിയാണെന്ന് കരുതുക. “”

“””അതേ തിരുമേനി ചെയ്ത് കൂട്ടിയ പാപത്തിന്റെ ഫലം ഞങ്ങൾക്ക് കിട്ടി. “”
അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു. അവരതിനെ സാരിത്തലപ്പ് കൊണ്ട് തുടച്ചു മാറ്റി .

അൽപ സമയത്തിനകം തന്നെ അദ്ദേഹം വിഷ്ണുവിന്റെയും, ഭാമയുടെയും മുഹൂർത്തവും, കണ്ണന്റെയും, ദേവൂന്റെയും മുഹൂർത്തവും കുറിച്ച് നൽകി.

🌹🌹🌹🌹🌹

“”ദേവീ,, അമ്മേ,, “”
അവരെ വിളിച്ചു കൊണ്ട് രേവതിയോടൊപ്പം അർജുൻ അകത്തേക്ക് ചെന്നു.
അവര് വന്ന് കാര്യം പറയാൻ തുടങ്ങുമ്പോഴേക്കും വിഷ്ണുവും, ഭാമയും, കണ്ണനും അങ്ങോട്ടേക്കെത്തി.

“”ഈ മാസം ഇരുപത്തിമൂന്നാം തീയ്യതി ആണ് ഇവരുടെ നിശ്ചയം നടത്താൻ തിരുമേനി മുഹൂർത്തം കുറിച്ച് തന്നത്. “”
അത് കേട്ടതും എല്ലാവരും സന്തോഷത്തോടെ പരസ്പരം നോക്കി. രാവിലെ കഴിക്കാതെ പോയത് കൊണ്ട് ദേവി അർജുനും, രേവതിയ്ക്കും ഭക്ഷണം എടുത്ത് കൊടുത്തു. ദേവകിയമ്മ ഉച്ചക്കത്തെ കാര്യത്തിന് അടുക്കളയിലേക്കും പോയി.

“”ഡീ,, അങ്ങനെ നമ്മളൊന്നാകാൻ പോകുന്നു.. അല്ലേ? “”
വിഷ്ണു പ്രണയപൂർവ്വം ഭാമയെ ചേർത്ത് പിടിച്ച് ടെറസിലേക്കിരുന്നു കൊണ്ട് പറഞ്ഞു.

“”ദേ രണ്ടിനോടും ഞാനൊരു കാര്യം പറഞ്ഞേക്കാം. നിശ്ചയം തീരുമാനിച്ചു എന്നും പറഞ്ഞ് ഇവിടെ കിടന്ന് റൊമാൻസ് കളിച്ചാലുണ്ടല്ലോ?? “”
കണ്ണൻ അവരുടെ അടുത്തേക്ക് ചെന്നു കൊണ്ട് പറഞ്ഞു.

“”എന്താടാ,, എന്താടാ,,,
നിനക്കെന്താ ഇവിടെ കാര്യം. അല്ലെങ്കിൽ തന്നെ ഞങ്ങളോട് ഇതൊക്കെ പറയാൻ നീയാരാ… “”

“””ഞാനാരാന്നോ???
നിങ്ങൾക്കിച്ചിരി മര്യാദ ഉണ്ടോ?
ഈ ഞാനിവിടെ ഉള്ളപ്പോൾ,,, “”””
പറഞ്ഞു മുഴുവിപ്പിക്കാതെ അവൻ ഒരു വശത്തേക്ക് നോക്കി നിന്നു.

“”എന്തുവാടേ അളിയാ,,, “”

“””ബാക്കിയുള്ളവൻ ഒന്ന് കണ്ടിട്ട് തന്നെ ദിവസങ്ങളായി. അപ്പോഴാ രണ്ടിന്റെയും ഒരു,,, “””

“”അതേ കുശുമ്പ് കുത്തിയിട്ട് ഒരു കാര്യവും ഇല്ല. നിനക്ക് കാണണമെങ്കിൽ നീ അവരോടിങ്ങോട്ട് വരാൻ പറ. നിന്നെ ഏതായാലും ഇനി കല്യാണം കഴിയാതെ ആ പരിസരത്ത് അടുപ്പിക്കില്ല. “”
ഭാമ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“””പൊന്ന് വിച്ചുവേട്ടാ നിങ്ങടെ പ്രിയതമയോട് ശവത്തിൽ കുത്താതെ ഇരിയ്ക്കാൻ പറ.,,, ഒന്നും ഇല്ലെങ്കിലും വിച്ചുവേട്ടാ നന്ദി വേണം നന്ദി.. നിങ്ങൾക്ക് ഈ പിശാശിനെ കാണണം എന്ന് പറഞ്ഞപ്പോൾ ഞാൻ അല്ലേ കൂടെ വന്നത്. എന്നിട്ടിപ്പോൾ എനിക്കൊരാവശ്യം വന്നപ്പോൾ രണ്ടും കൂടി എന്നെ ഒറ്റക്കാക്കി അല്ലേ?? “””
അവൻ കുറച്ച് സങ്കടം വാരി വിതറി പറഞ്ഞു. പതിയെ കണ്ണൊന്ന് കുത്തിതിരുമ്മി. പേരിന് പോലും ഇച്ചിരി വെള്ളം വന്നില്ല. പുറത്തെ പ്രതികരണം അറിയാൻ അവൻ പതിയെ നോക്കുമ്പോൾ രണ്ടും കൂടി അവനെ തന്നെ നോക്കി ഇരിക്കുന്നുണ്ട്.

‘”എന്റെ പോന്നു മോനേ നീ ഇങ്ങനെ നിന്ന് അഭിനയിക്കല്ലേ ഞാൻ വല്ല ഓസ്കാർ അവർഡും നിനക്ക് തന്നു പോകും.
അന്ന് ഞാൻ നിന്റെ സഹായം ഒന്ന് ചോദിച്ചത് കൊണ്ടല്ലേടാ ഇപ്പോൾ ഇവിടെ ഇങ്ങനെ ഒരു നിശ്ചയം കൂടി നടത്തേണ്ടി വന്നത്. എന്നിട്ടവൻ നിന്ന് വേദാന്ധം പറയുന്നു “”

വിച്ചു പറഞ്ഞത് കേട്ടതും കണ്ണൻ അവനെ ചമ്മിയൊന്നു നോക്കി.

“”അത്,,, “”

“”അതും ഇതും ഒന്നുമില്ല. ഓടിക്കോളണം എല്ലാം. ആരും അറിയാതെ ഓരോന്നൊപ്പിച്ചിട്ട്.. “”
ദേവിയുടെ ശബ്ദം കേട്ടതും മൂന്നെണ്ണവും ചാടിയെഴുന്നേറ്റു.
അർജുന് ഭക്ഷണം കൊടുത്ത് മുകളിലേക്ക് കയറി വരുമ്പോഴാണ് ടെറസിലെ സംസാരം കേട്ട് ദേവി അങ്ങോട്ട് ചെന്നത്. അപ്പോഴുണ്ട് ചുരുളഴിയാ രഹസ്യങ്ങളൊക്കെ ദാ പുറത്ത്…”

“””അയ്യോ ഏട്ടത്തി…. “”

“””അപ്പോൾ അങ്ങനെയൊക്കെ ഇതിനിടയിൽ നടന്നു അല്ലേ?? അപ്പോൾ എന്റെ വിച്ചു മോൻ കാര്യങ്ങളൊന്ന് തെളിച്ചു പറഞ്ഞെ. ഏട്ടത്തി കേൾക്കട്ടെ. “”
വിച്ചൂന്റെ ചെവിയ്ക്ക് പിടിച്ച് ദേവി പറഞ്ഞു.

“”ഏട്ടത്തി അത്‌,,, ”
വന്ന വാക്കുകളെ പകുതിക്ക് വിഴുങ്ങി വിച്ചു ദേവിയെ നോക്കി.

“”നീ പറയുന്നുണ്ടോ അതോ,, “”

“”ഞാൻ പറയാം.
അത് പിന്നെ ഏട്ടത്തി പറഞ്ഞില്ലാരുന്നോ അവിടെ ചെന്നിട്ട് ഞങ്ങള് രണ്ടും കൂടി ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കരുത്. എന്നൊക്കെ. അതുകൊണ്ട് ഞങൾ തമ്മിൽ ചെന്നു കഴിഞ്ഞ് ഒന്ന് മിണ്ടിയത് പോലും ഇല്ല. അങ്ങനെ രാത്രി ആയപ്പോൾ എനിക്കിവളെ വല്ലാണ്ട് മിസ്സ്‌ ചെയ്തു. “”

അവൻ പറഞ്ഞത് കേട്ടതും ദേവി ഭാമയെ ഒന്ന് നോക്കി. തിരിച്ച് ഭാമ നല്ലൊരു ഇളി പാസ്സാക്കി കൊടുത്തു.

“” ആ എന്നിട്ട്,,, “”

“””ഞാൻ ദേ ഈ നിൽക്കുന്ന ചേച്ചിയുടെ പുന്നാര അനിയനോടു കാര്യം പറഞ്ഞു. അപ്പോൾ ഇവനാണ് പറഞ്ഞത് മുറിയിൽ പോയി കാണാം എന്ന്. രാത്രിയല്ലേ ഏട്ടത്തി അറിഞ്ഞാൽ പ്രശ്നമാണെന്ന് ഞാൻ ഇവനോട് പറഞ്ഞതാ. അപ്പോൾ ഇവനാണ് പറഞ്ഞത് ഓ ചേച്ചി അറിഞ്ഞാലിപ്പോൾ എന്താ എന്ന് “”
വിച്ചു പറഞ്ഞ് തീർന്നതും ദേവി കണ്ണനെ നോക്കി കണ്ണുരുട്ടി.
അപ്പോൾ അവന്റെ മുഖം ഇതൊക്കെ എപ്പോ എന്നുള്ള ഭാവമായിരുന്നു.

ദേവി വീണ്ടും ബാക്കി പറയാൻ വിച്ചുവിനോട് പറയുമ്പോൾ, കണ്ണൻ വിച്ചുവിനെ നോക്കി വെച്ചിട്ടുണ്ടെടാ &#$ എന്ന് പിന്നിൽ നിന്ന് പറഞ്ഞു.

മുഴുവൻ കേട്ട് കഴിഞ്ഞ് ദേവി തിരിഞ്ഞു നോക്കുമ്പോൾ കണ്ണന്റെയും, ഭാമയുടെയും പൊടിപോലും ഇല്ല. തിരിഞ്ഞു
നോക്കുമ്പോൾ വിച്ചുവും ഓടി. അതും കൂടി കണ്ടതും ദേവിയ്ക്ക് ചിരിയടക്കാൻ സാധിച്ചില്ല.

🌹🌹🌹🌹🌹

പിന്നെ എല്ലാം പെട്ടെന്ന് തന്നെ നടന്നു. അങ്ങനെ നിശ്ചയതലേന്ന് ദേവീടെ വീട്ടുകാരും, ഭദ്രയും എല്ലാവരും എത്തി. രാത്രി എല്ലാവരും ഒന്നിച്ച് അടിച്ചു പൊളിച്ച ശേഷം എല്ലാവരും മുറികളിലേക്ക് പോയി.

വന്നു കഴിഞ്ഞ് എല്ലാവരും ഉണ്ടായിരുന്നത് കൊണ്ട് കണ്ണന് ദേവൂനോടൊന്ന് മിണ്ടാൻ പോലും സാധിച്ചില്ല. അവനതു കൊണ്ട് കിടന്നിട്ട് ഉറക്കം വരുന്നും ഉണ്ടായിരുന്നില്ല. അവൻ കട്ടിലിൽ കണ്ണും തുറന്ന് കിടന്നു.

“”എന്താടാ ഉറങ്ങാൻ പറ്റുന്നില്ലല്ലേ… വാ ഞാൻ വരാം കൂട്ടിന് അവളെ കാണാൻ. “””

വിച്ചു പറഞ്ഞത് കേട്ടതും കണ്ണൻ എഴുന്നേറ്റിരുന്ന് അവനെയൊന്നു സൂക്ഷിച്ചു നോക്കി.

“””എന്നിട്ടെന്തിനാ തരം കിട്ടുമ്പോൾ ഒറ്റു കൊടുക്കാനോ? “”

“”ഡാ മോനേ അത് പിന്നെ ഏട്ടത്തിയുടെ മുഖത്ത് നോക്കി കളളം പറയാൻ പറ്റാത്തത് കൊണ്ടല്ലേ. ഇതിപ്പോൾ ഏട്ടത്തി അറിയില്ല. എന്റെ പൊന്നു മോൻ വാ. ഒന്നുവില്ലെങ്കിലും നമ്മള് അളിയന്മാരാകാൻ പോകുവല്ലേ. വാടാ കുട്ടാ “”
വിച്ചു അവനെയും എഴുന്നേൽപ്പിച്ച് അവരുടെ മുറി ലക്ഷ്യമാക്കി പോയി. പതിയെ ചെന്ന് വാതിലിൽ മുട്ടിയതും കതക് തുറന്നു. പക്ഷേ പ്രതീക്ഷിച്ച ആൾക്ക് പകരം വാതിൽ തുറന്നത് ഭദ്രയാണ്. അതുകണ്ടതും വിച്ചു ദയനീയമായി കണ്ണനെ ഒന്ന് നോക്കി. ആ സമയത്തെ കണ്ണന്റെ മുഖഭാവം കണ്ടിട്ട് വിച്ചൂന് ചിരിക്കണോ അതോ കരയണോ എന്ന് പോലും അറിയില്ലായിരുന്നു.

“”ഈ വരവ് ഞാൻ പ്രതീക്ഷിച്ചതാ. ദേവി പ്രത്യേകം പറഞ്ഞിരുന്നേ. അവൾക്കല്ലേ അവളുടെ അനിയന്മാരുടെ സ്വഭാവം കൃത്യമായി അറിയാവുന്നത്. അതുകൊണ്ട് വണ്ടി നേരെ പിന്നോട്ട് വിട്ടോ “”

ബാക്കി എന്തെങ്കിലും കേൾക്കും മുൻപ് കണ്ണൻ വിച്ചൂനേയും കൊണ്ട് സ്ഥലം വിട്ടു.

“”ഞാൻ അപ്പോഴേ പറഞ്ഞതല്ലേടാ പൊട്ടൻ
അളിയാ,,
ഇനി നാളെ ഞാൻ ചേച്ചിയുടെ മുഖത്തെങ്ങനെ നോക്കും .””

“”നീ നോക്കണ്ട കണ്ണടച്ചിരുന്ന് മോതിരം മാറിയാൽ മതി. “”
കണ്ണന്റെ തോളിലേക്കടിച്ചു കൊണ്ട് വിച്ചു പറഞ്ഞു.

“”അളിയാന്ന് വിളിച്ച നാവ് കൊണ്ട് മാറ്റിവിളിക്കണ്ടെങ്കിൽ കിടന്നോ. “”
അതും പറഞ്ഞ് കണ്ണൻ കയറി കിടന്നു. അവന്റെ അടുത്തായി വിഷ്ണുവും.

❤️❤️🖤❤️❤️

“”അച്ചുവേട്ടാ,,
ആനിചേച്ചിയെ വിളിച്ചാരുന്നു.നാളെ രാവിലെ എത്തിയേക്കാം എന്നാ പറഞ്ഞെ “”

“”അച്ചായൻ എന്നെ വിളിച്ചിരുന്നു. സമയം കളയാതെ നീ കിടക്കാൻ നോക്ക് ദേവി രാവിലെ എഴുന്നേൽക്കണ്ടേ “”

💞💞💞💞💞

രാവിലെ എല്ലാവരും എഴുന്നേറ്റ് കുളിയൊക്കെ കഴിഞ്ഞ് ഒരുങ്ങാൻ കയറി. കണ്ണനും, വിഷ്ണുവും ഒരുങ്ങി കഴിഞ്ഞ് തങ്ങളുടെ ആളിനെ കാണാൻ മുറിയ്ക്ക് മുന്നിലൂടെ ഉലാത്തൽ തുടങ്ങി.

അകത്ത് ഭാമയെയും, ദേവൂനെയും ഒരുക്കുന്ന തിരക്കിലാണ് ദേവിയും, ഭദ്രയും.
അവരെ ഒരുക്കേണ്ടത് കൊണ്ട് തന്നെ ദേവിയും ഭദ്രയും നേരത്തേ ഒരുങ്ങി. സൂര്യനെ ഒരുക്കി കഴിഞ്ഞതും രേവതി വന്ന് കൊണ്ട് പോയി.

രണ്ടുപേരും സെറ്റും, മുണ്ടുമാണ് എടുത്തത്.
ദേവു ഓറഞ്ച് നിറത്തിലുള്ള ബ്ലൗസും സിൽവർ കരയുള്ള സെറ്റും മുണ്ടും .. ഭാമ നീല നിറത്തിലുള്ള ബ്ലൗസും സിൽവർ കരയുള്ള സെറ്റും,മുണ്ടും ആണ് വേഷം. രണ്ടാളെയും മുല്ലപ്പൂവൊക്കെ വെച്ച് നല്ല നാടൻ രീതിയിൽ തന്നെയാണ് ദേവിയും, ഭദ്രയും ഒരുക്കിയത്.

വിഷ്ണുവും, കണ്ണനും അവരുടെ പങ്കാളികൾക്ക് ചേരുന്ന നിറത്തിലുള്ള കുർത്തയാണ് എടുത്തത്.
വിഷ്ണു നീല നിറത്തിലെ കുർത്തയും സിൽവർ കരയുള്ള മുണ്ടും, കണ്ണൻ ഓറഞ്ച് നിറത്തിലെ കുർത്തയും, സിൽവർ ന
കരയുള്ള മുണ്ടും..

രാവിലെ പത്തു മുപ്പത്തിനും, പത്തു നാല്പത്തിയഞ്ചിനും ഇടക്കായിരുന്നു മുഹൂർത്തം.
അതിന് മുൻപ് തന്നെ ഐസക്കും, ആനിയും എത്തി. അർജുൻ എല്ലാവർക്കും ഐസക്കിനെയും, ആനിയെയും
പരിചയപ്പെടുത്തി. അവരുടെ കുടുംബത്തിലെ ആളെ പോലെ തന്നെ ഐസക്ക് എല്ലാവരോടും ഇടപെട്ടു.

മുഹൂർത്തം ആയതും ചടങ്ങുകളെല്ലാം അതിന്റെ രീതിയ്ക്ക് തന്നെ നടന്നു.
വിഷ്ണുവിന്റെ പേരിട്ട മോതിരം നോക്കി ഭാമ കുറച്ച് സമയം നിന്നു. അവളറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. അപ്പോഴേക്കും ദേവി അവളുടെ അടുത്ത് വന്നു.

“””അയ്യേ എന്റെ റൗഡിബേബി കരയുവാ? ശ്ശെ മോശം. “”
ദേവി പതിയെ കാതിൽ പറഞ്ഞതും ഭാമ അവളെ കണ്ണുരുട്ടി.

“”അതേ ഇന്നെങ്കിലും രണ്ടിനും ഒന്നടങ്ങി നിന്നൂടെ “”
ഭാമയുടെ വിഷമം മനസ്സിലാക്കി വിഷയം മാറ്റാൻ അവരുടെ അടുത്തേയ്ക്ക് ചെന്ന്കൊണ്ട് അർജുൻ ചോദിച്ചു.

അപ്പോഴേക്കും എല്ലാവരും കഴിക്കാനിരുന്നു.
നിലത്ത് ഇലയിട്ട് തന്നെ സദ്യ വിളമ്പി. എല്ലാവരും ഇരുന്നു. ദേവി തന്നെ എല്ലാവർക്കും വിളമ്പി കൊടുത്തു. എല്ലാവരും കഴിയ്ക്കാൻ തുടങ്ങി. എന്നിട്ടും ചോറിട്ടിളക്കിക്കൊണ്ട് ഇരുന്നതല്ലാതെ അർജുൻ ഒരു വായ ചോറ് പോലും കഴിച്ചില്ല.

കുറച്ച് കഴിഞ്ഞതും എല്ലാവരും കഴിച്ച് ഓരോരുത്തരായി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ദേവി അർജുന്റെ അടുത്ത് പോയിരുന്നു. അർജുൻ ഒരു ഉരുള ചോറെടുത്ത് ദേവിയ്യ്ക്ക് വായിൽ വെച്ച് കൊടുത്തു. അപ്പോഴേക്കും അവളുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞിരുന്നു. പിന്നെ രണ്ടാളും ഒരുമിച്ചിരുന്ന് കഴിച്ചു. ഇതെല്ലാം ശ്രദ്ധിച്ചു നിന്ന എല്ലാവരുടെയും മനസ്സിൽ അവര് ഒരിക്കലും വേർപിരിയാതെ എപ്പോഴും ഇങ്ങനെ തന്നെ സന്തോഷമായി
ജീവിക്കണേ എന്നുള്ള പ്രാർത്ഥനയായിരുന്നു.

എല്ലാവരും ഒത്തുകൂടിയത് കൊണ്ട് ഓരോ നാട്ടു വാർത്തമാനങ്ങൾ പറഞ്ഞ് പരസ്പരം ചിരിച്ച് കളിച്ച് സന്തോഷം പങ്കിട്ട് എല്ലാവരും ഇരുന്നു.

“”ഇപ്പോൾ ലൈസെൻസ് ആയില്ലേടാ വായി നോക്കി നിൽക്കാതെ അങ്ങോട്ട് ഇരുന്ന് സംസാരിയ്ക്ക്. കണ്ട് പഠിക്ക് ദോ രണ്ടെണ്ണത്തിനെയും. “”
കണ്ണനും,ദേവുവും പരസ്പരം നോക്കി നിൽക്കുന്നത് കണ്ട് ഭദ്ര അവന് വിഷ്ണുവിനെയും, ഭാമയെയും കാണിച്ച് കൊടുത്ത് കളിയാക്കിക്കൊണ്ട് പറഞ്ഞു.

അങ്ങനെ അവരും അടുത്തടുത്തിരുന്ന് മറ്റുള്ളവരെ ശ്രദ്ധിക്കാതെ സംസാരിയ്ക്കാൻ തുടങ്ങി. അവരുടെ ഇടയിലോട്ട് ഇടയ്ക്കിടയ്ക്ക് ഓടി കയറി നടന്ന് സൂര്യൻ ശല്യപ്പെടുത്തുന്നും ഉണ്ട്.

അർജുൻ ഐസക്കുമായി സംസാരിച്ച് സോഫയിലും,, ഭദ്ര, ആനിയുമായി അപ്പുറത്ത് മാറിയും ഇരുന്നു. അപ്പോഴാണ് ദേവി എല്ലാവർക്കും പായസവും എടുത്ത് കൊണ്ട് ഹാളിലേയ്ക്ക് വന്നത്. അർജുൻ അവള് വരുന്നത് നോക്കി ഇരുന്നു. പെട്ടെന്ന് അവള് തലയിലേക്ക് പിടിച്ച് കൊണ്ട് നിൽക്കുന്നത് കണ്ടതും അവൻ ചാടിയെഴുന്നേറ്റു. പെട്ടെന്ന് തന്നെ അവൾക്ക് തല കറങ്ങി കൈയ്യിലെ പായസം ഉണ്ടായിരുന്ന ട്രേ താഴേക്ക് വീണിരുന്നു . അത് കണ്ടതും അവൻ ഓടി അവളുടെ അടുത്തേക്ക് ചെന്നു. അവൻ ഓടി ചെല്ലുമ്പോഴേക്കും അവള് നിലത്തേക്ക് വീഴാൻ പോയിരുന്നു. പെട്ടന്ന് പിടിച്ചത് കൊണ്ട് അവള് അവന്റെ കൈയ്യിലേയ്ക്ക് വീണു. പെട്ടെന്ന് തന്നെ അവളെ എടുത്ത് മുറിയിൽ കൊണ്ട് കിടത്തി.

പെട്ടന്ന് തന്നെ ഡോക്ടറെ വിളിച്ച് വരുത്തി. അതിനിടയിൽ തന്നെ അവര് അവളുടെ മുഖത്തേക്ക് വെള്ളം തളിച്ച് ഉണർത്തിയിരുന്നു.

“”ഹലോ ഡോക്ടർ,,, “”

“””ആ സാർ,,,
ഞാൻ ദാ എത്തി ഒരു അഞ്ചുമിനിറ്റ് “”

“”ഡാ നീ ടെൻഷൻ ആകണ്ട. അവൾക്കിപ്പോൾ ബോധം വീണല്ലോ “”
ടെൻഷൻ അടിച്ചിരുന്ന അർജുന്റെ അടുത്തേയ്ക്ക് നിന്ന് അവനെ സമാധാനിപ്പിച്ച് കൊണ്ട് ഐസക് പറഞ്ഞു.

“”പക്ഷെ അച്ചായാ,, അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ട്. രണ്ട് ദിവസമായിട്ട് എന്തോ വയ്യായ്ക ഉണ്ടെന്ന് പറയുന്നുണ്ട്. ഞാൻ ഡോക്ടറേ കാണാം എന്ന് ഒരു നൂറുതവണ പറഞ്ഞു. നിശ്ചയം കഴിയട്ടെ എന്നും പറഞ്ഞ് വെച്ചോണ്ടിരുന്നതാ. ഇതിപ്പോൾ ബി. പി ഏങ്ങാനും കുറഞ്ഞതാവും. ആ വീഴ്ചയിൽ ഞാൻ പിടിച്ചില്ലായിരുന്നെങ്കിലോ “”
അർജുൻ വ്യാകുലതയോടെ പറഞ്ഞ് നിർത്തി.

“”എന്റേടാ ഉവ്വേ നീ ഇങ്ങനെ ടെൻഷൻ ആകാതെ. “”
അയാള് അവനെ സമാധാനിപ്പിച്ചു.

അപ്പോഴേക്കും ഡോക്ടർ എത്തി. കുറച്ച് സമയം കഴിഞ്ഞ് അവളുടെ അടുത്ത് നിന്നും പുറത്തേക്ക് വന്നു.

“”ഡോക്ടർ ദേവിയ്ക്ക്,,, “”

“”സാർ പേടിക്കണ്ട. മാഡത്തിന് കുഴപ്പമൊന്നുമില്ല. അകത്തേയ്ക്ക് ചെന്നോളൂ “”
ഡോക്ടർ പറഞ്ഞതും അവൻ അകത്തേയ്ക്ക് പോയി.

“”എന്താ ഡോക്ടർ പേടിക്കാൻ എന്തെങ്കിലും, “”
ദേവിയുടെ അച്ഛൻ ഡോക്ടറോട് ചോദിച്ചു.

“”മാഡത്തിന്റെ ആരാണ്?? “”

“””ഞാൻ ദേവിയുടെ അച്ഛനാണ് “”

“”ഓ സോറി സാർ,,,
പേടിക്കാനൊന്നുമില്ല. പക്ഷേ, സന്തോഷിക്കാനുണ്ട്. ഒരു മുത്തശ്ശനാവാൻ തയ്യാറായിക്കോളൂ. ദേവി മാഡം പ്രെഗ്നന്റ് ആണ് “”

ഡോക്ടർ പറഞ്ഞ് കഴിഞ്ഞതും എല്ലാവർക്കും സന്തോഷം അടക്കാനായില്ല. അത് അവരുടെയെല്ലാം മുഖത്തും പ്രകടമായിരുന്നു.

ഈ സമയം അകത്ത്,,
“””ദേവീ,,, മോളെ,,, “””
അർജുൻ പതിയെ അവളുടെ തലയിൽ തലോടിക്കൊണ്ട് അവളെ വിളിച്ചു.

അവന്റെ സ്പർശനം അറിഞ്ഞതും അവള് കട്ടിലിലേക്ക് എഴുന്നേറ്റിരുന്നു. പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവന്റെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു.

“”””നിന്നോട് ഞാൻ പറഞ്ഞതല്ലേ ഡോക്ടറെ കാണാമെന്ന്. അപ്പോൾ സമ്മതിച്ചില്ല. ഇതിപ്പോൾ വീണ് വല്ലതും പറ്റിയിരുന്നെങ്കിലോ? “”
അവൻ നല്ല ദേഷ്യത്തിൽ തന്നെ അവളോട്‌ ചോദിച്ചു.
തിരിച്ച് മറുപടി ആയി അവളവനെ നോക്കിയൊന്ന് ചിരിച്ചു.

“” ഇത്രയും പറഞ്ഞിട്ട് വല്ല കുലുക്കവും ഉണ്ടോന്ന് നോക്കിയേ. ഇരുന്ന് ചിരിക്കുന്നു. നിന്നോടാണോ ചോദിച്ചത്. ഞാൻ പിടിക്കാതെ അപ്പോൾ നീ വീണിരുന്നെങ്കിലോ എന്ന്? “”

“”ശ്,,,
ഉച്ചവെക്കല്ലേ . അച്ഛൻ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടാൽ കുഞ്ഞ് പേടിക്കും,, “”
അത് പറഞ്ഞ് തീരുമ്പോഴേക്കും അവള് അവന്റെ കൈയ്യെടുത്ത് അവളുടെ വയറിനോട് ചേർത്ത് വെച്ചു.
കേട്ടത് വിശ്വസിക്കാനാവാതെ അവൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

തുടരും,,,,