20/04/2026

നിലാവ് : ഭാഗം 29

രചന – അരുന്ധതി

‍‍‍‍” വിച്ചൂ,,,

എവിടെ പോകുന്നു. നീ കഴിച്ച് കഴിഞ്ഞില്ലല്ലോ ”

“എനിക്ക് വേണ്ട ഏട്ടാ,,, ”

” അഹങ്കാരം കാണിക്കരുത്,,, ”

” അഹങ്കാരമല്ല ഏട്ടാ,,, എനിക്ക് ഇവരുടെ കൂടെ ഇരിക്കുന്നത് പോയിട്ട് കാണുന്നത് പോലും വെറുപ്പാ. എന്നോട് ഏട്ടൻ ക്ഷമിക്കണം. ”
പറഞ്ഞ് തീർത്ത് വിഷ്ണു എഴുന്നേറ്റ് പോയി.

അവന്റെ ഓരോ പ്രവർത്തിയും അവരെ രണ്ടാളെയും ചുട്ടു പൊള്ളിച്ചു കൊണ്ടിരുന്നു. ഓരോ നിമിഷവും ചെയ്ത് പോയ തെറ്റുകളോർത്ത് അവരുടെ മനസ്സ് നീറിക്കൊണ്ടിരുന്നു.
അവരും എഴുന്നേൽക്കാനൊരുങ്ങി.

” അപ്പച്ചീ,,
അവിടെ ഇരിക്ക്. ഞാൻ നിങ്ങൾക്ക് മാപ്പ് തന്നത് പോലെ അവൻ തരണം എന്നില്ല. അതുകൊണ്ട് കുറച്ച് നാള് ഇതൊക്കെ സഹിച്ചേ പറ്റൂ.
എന്തായാലും നിങ്ങള് ഭക്ഷണം കഴിക്ക്. ”
അത്രയും പറഞ്ഞതും അവനും എഴുന്നേറ്റ് പോയി.

ദേവി അവർക്ക് വേണ്ടത് വിളമ്പി കൊടുത്തു. അവരെ നിർബന്ധിച്ചു കഴിപ്പിച്ചു.

അവള് വിളമ്പി കൊടുത്ത ഭക്ഷണം വായിൽ വെക്കുമ്പോഴും പശ്ചാത്താപത്താൽ അവരുടെ മിഴികൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.

💟💟💟💟💟💟💟

” ഗാംഗേട്ടാ,
നമ്മള് എത്ര വലിയ മഹാപാപമാണ് ചെയ്തത്. എന്റെ ഏട്ടന്റെ ആത്മാവ് എന്നോടൊരിക്കലും പൊറുക്കില്ല. സ്വന്തം അനിയത്തിയെ പോലെയാ ഏട്ടത്തി എന്നെ കണ്ടത്. അവര് രണ്ടുപേരും എനിക്ക് മാപ്പ് തരില്ല. ഈ ലോകത്തിൽ വച്ച് ഏറ്റവും വലിയ പാപി ഞാനായിരിക്കും. ”

” അതേ,,
എത്ര വലിയ കഷ്ടപ്പാടിൽ നിന്നാ ഏട്ടൻ നമ്മളെ ഇങ്ങോട്ട് കൊണ്ടുവന്നത്. വിച്ചു ജനിച്ചിട്ട് അവന് അത്യാവശ്യമുള്ളതൊന്നും നമുക്ക് കൊടുക്കാൻ സാധിച്ചില്ല.
നിന്റെ മുലപ്പാലല്ലാതെ ആ പ്രായത്തിൽ വേണ്ടതൊന്നും അവന് കൊടുത്തിട്ടില്ല.
നമ്മള് പോലും വിശപ്പടക്കാൻ ആഹാരമില്ലാതെ എത്ര കഷ്ടപ്പെട്ടു.
ഇവിടെ വന്ന ശേഷമല്ലേ നമ്മള് സ്വസ്ഥതയെന്തെന്ന് പോലും അറിഞ്ഞത്. എന്നിട്ടും,,, ”
പറഞ്ഞ് കഴിഞ്ഞതും തളർച്ചയോടെ അയാൾ നെറ്റിയിലേക്ക് കയ്യൂന്നി.

” ഏട്ടന്റെ അതേ സ്വഭാവമാണ് അച്ചുവിനും. അല്ലെങ്കിൽ അവൻ നമ്മളോട് ക്ഷമിക്കുമോ.
പാവം അതിനെ പോലും വെറുതെ വിട്ടില്ലല്ലോ നമ്മള്. നമ്മള് കാരണമല്ലേ
അച്ഛനെയും, അമ്മയെയും,
അവരോടൊത്തു കഴിയേണ്ട അവന്റെ ബാല്യവും ഒക്കെയും അവന് നഷ്ടപ്പെട്ടത്. ”

” ആ വക്കീലാണ് ഇല്ലാത്ത ആശകളും, കുശുമ്പും പറഞ്ഞു തന്ന് ഇന്നത്തെ ഈ അവസ്ഥയിൽ കാര്യങ്ങൾ കൊണ്ടെത്തിച്ചത്. ”

” ആരെന്ത് പറഞ്ഞാലും നമ്മള് നില മറക്കാൻ പാടില്ലായിരുന്നു. ”

” ഇനി അച്ചുവിനെ സ്നേഹിച്ച് മനസ്സ് കൊണ്ട് ഏട്ടനോടും ഏട്ടത്തിയോടും മാപ്പ് ചോദിക്കുക. അതുമാത്രമേ ചെയ്യാനുള്ളൂ. ”

” അതേ,,,
അങ്ങനെയെങ്കിലും ചെയ്തു കൂട്ടിയതിന് ഒരു പരിഹാരമായാൽ മതിയാരുന്നു. ”
രേവതിയെ ഗംഗാധരനും അനുകൂലിച്ചു.

💟💟💟💟💟

“വിച്ചൂ,,,
എന്താടാ ഇത് . ഒന്നും ഇല്ലെങ്കിലും നിന്റെ അച്ഛനും അമ്മയുമല്ലേ…”

” ഏട്ടാ അച്ചൻ, അമ്മ ഈ വാക്കുകൾക്കൊക്കെ വലിയ അർത്ഥങ്ങളുണ്ട്.
ഒരു മനഃസാക്ഷിയുമില്ലാത്ത അവർക്ക് രണ്ടാൾക്കും വേണ്ടി എന്തിനാ ഏട്ടൻ ഇങ്ങനെ ന്യായീകരിക്കുന്നെ. ”
വിഷ്ണുവിന് അവന്റെ ഉള്ളിൽ ഓരോ നിമിഷവും അവരോടുള്ള ദേഷ്യം വർധിച്ചു കൊണ്ടിരുന്നു.

” പക്ഷേ,,,
മോനേ അത്,,, ”

” വേണ്ട ഏട്ടാ, അവർക്ക് വേണ്ടി എന്റെ ഏട്ടൻ നാവുയർത്തണ്ട ”
പറഞ്ഞു കഴിഞ്ഞതും വിഷ്ണു ദേഷ്യത്തിൽ പുറത്തേക്ക് പോയി…

💜💜💜💜💜💜

” വിഷമിക്കണ്ട അച്ചുവേട്ടാ,,,
അവന്റെ മനസ്സ് അത്രയും നൊന്തിട്ടുണ്ട് അതുകൊണ്ടല്ലേ. അവൻ മാറും നമുക്ക് മാറ്റിയെടുക്കാം… ”
മുറിയിൽ വിഷമിച്ചിരുന്ന അർജുന് അടുത്തേക്കിരുന്നു കൊണ്ട് ദേവി പറഞ്ഞു.

” ശെരിയാണ് അവര് തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതെല്ലാം തിരുത്തിയില്ലേ.”

” അച്ചുവേട്ടാ,,,
ഞാനൊരു കാര്യം പറയട്ടെ. അച്ചുവേട്ടനെ പോലെ എല്ലാരും ചിന്തിക്കണം എന്നില്ലല്ലോ.
വിഷമിക്കണ്ട അവന്റെ മനസ്സ് മാറും. ഇനി അതോർത്തു വിഷമിക്കണ്ട ”
അവന്റെ തോളിൽ ചേർന്നിരുന്ന് കൊണ്ട് അവള് പറഞ്ഞു.

” മനസ്സിന് ഒരു സുഖവും കിട്ടുന്നില്ല. നല്ല തലവേദനയും ”

” എങ്കിൽ അച്ചുവേട്ടനൊന്ന് കിടക്ക്‌… ഞാൻ പോയി ഒരു നല്ല ചായ ഇട്ടോണ്ട് വരാം.”
മുറിയടച്ച് അവള് താഴേക്ക് പോകുമ്പോൾ അവൻ അവളെ തന്നെ നോക്കി കിടന്നു.

” ദേവി മോളെ,,,
അപ്പച്ചി ഒരു കാര്യം പറയട്ടെ നിങ്ങളൊന്ന് കുടുംബക്ഷേത്രത്തിൽ പോകണം നാളെ. അച്ചു പോയിട്ട് ഒരുപാട് നാളായി.
മോള് ഈ കുടുംബത്തിലേക്ക് വന്ന മരുമകളല്ലേ. അതുകൊണ്ട് നിർബന്ധമായും പോകണം. അംബികേടത്തി ഉണ്ടായിരുന്നപ്പോൾ ഏട്ടനുമായി മിക്കപ്പോഴും പോവുകയും വഴിപാട് നടത്തുകയും ഒക്കെ ചെയ്തിരുന്നു.
അതൊക്കെ മുടങ്ങിയിട്ട് വര്ഷങ്ങളായില്ലേ. പിന്നെ അവർക്ക് വേണ്ടിയുള്ള കർമങ്ങളും ഒക്കെ ചെയ്യണ്ടേ. അതൊക്കെ തിരുമേനിയോട് ചോദിച്ചു യഥാവിധി ചെയ്യണം. ഇനിയും അവരിങ്ങനെ മോക്ഷം കിട്ടാതെ അലയരുത്.
ഞാനും ഗംഗേട്ടനും ഇത്ര നാളും
അവിടേക്കുള്ളതൊക്കെ പണമായി നൽകുന്നു എന്നെ ഉണ്ടായിരുന്നുള്ളൂ. കോവിലകത്തുള്ളവര് തന്നെ ചെയ്യേണ്ട പൂജകൾക്കോ ഒന്നും പോയിട്ടില്ല. ഈശ്വരനെ പോലും നിന്ദിച്ചാണ് ജീവിച്ചത്. പണത്തിനോട് മാത്രമായിരുന്നു ആർത്തി.
ഇപ്പോൾ കിട്ടി. ഈശ്വരനെ നിന്ദിച്ചതിന്റെ ഫലം. സ്വന്തം മകന്റെ മനസ്സിൽ നിന്ന്പോലും പടിയിറക്കപ്പെട്ടു . ഇനിയെന്തിനു വേണ്ടിയാണ് ഈ ജന്മം. ”
പറഞ്ഞവസാനിച്ചതും നേര്യത് കൊണ്ട് കണ്ണ് നീര് തുടച്ചു കൊണ്ട് അവര് മുറിയിലേക്ക് പോയി.

” അവള് വല്ലാതെ മാറി മോളെ.
വിച്ചു മോന്റെ അവഗണന അവളെ വല്ലാതെ തളർത്തുന്നുണ്ട്. അല്ലെങ്കിലും പെറ്റ വയറിന് നോവില്ലേ . ”
അത് പറഞ്ഞതും എന്തോ ദേവകിയമ്മയുടെ കണ്ണും നിറഞ്ഞു പോയി.

” അപ്പോൾ അപ്പച്ചി പറഞ്ഞത് പോലെ നാളെ നമുക്ക് കുടുംബക്ഷേത്രം വരെ പോകാം അല്ലേ അമ്മേ? ”
ചോദ്യഭാവത്തിൽ അവള് ദേവകിയമ്മയെ ഒന്ന് നോക്കി.

” എനിക്ക് യാതൊരു സമ്മതക്കുറവും ഇല്ല. പക്ഷേ അവൻ വരുവോ എന്നാ “കഴുകിയ പത്രങ്ങൾ കമഴ്ത്തി വെക്കുന്നതിനിടയിൽ ദേവകിയമ്മ പറഞ്ഞു.

” അത് ഞാൻ സമ്മതിപ്പിച്ചോളാം അമ്മേ..
ആദ്യം ഈ ചായ കൊടുത്ത് ഒന്ന് സോപ്പിട്ടു നോക്കാം ”
ചായ ഗ്ലാസ്സിലേക്ക് പകർത്തി അവള് മുറിയിലേക്ക് പോയി.

” തലവേദന കുറവുണ്ടോ അച്ചുവേട്ടാ, ”
ചായ മേശമേൽ വെച്ച് പതിയെ അവന്റെ മുടിയിൽ ഒന്ന് തലോടിക്കൊണ്ട് അവള് ചോദിച്ചു.

അവൻ പതിയെ തല ഉയർത്തി ഒന്ന് നോക്കി, ശേഷം എഴുന്നേറ്റ് മുണ്ട് ശെരിക്ക് പിടിച്ച് ചമ്രം പടിഞ്ഞിരുന്നു.
” ചെറിയ കുറവുണ്ട്.
പിന്നെ, ഒന്നുറങ്ങിയപ്പോൾ ഇച്ചിരി ആശ്വാസമുണ്ട്. ”

” എങ്കിൽ ദാ ഈ ചായ കുടിക്ക്… ”
അവന്റെ കയ്യിലേക്ക് ചായ കൊടുത്തു. അവനത് കുടിക്കുന്നതും നോക്കി അവള് അവനോടൊപ്പമിരുന്നു.

” അച്ചുവേട്ടാ,
ഞാനൊരു കാര്യം ചോദിക്കട്ടെ? ”

” എനിക്ക് തോന്നി നിനക്കെന്തൊ ചോദിക്കാൻ ഉണ്ടെന്ന്.
എന്താ കാര്യം? ”
ചായ ഗ്ലാസ്‌ മേശമേലേക്ക് വച്ചിട്ട് താടിക്ക് ഒരു കയ്യും കൊടുത്ത് അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു.

” അത്, അച്ചുവേട്ടാ,,,
നമുക്ക് നാളെയൊന്ന് കുടുംബക്ഷേത്രത്തിൽ പോകാം. ”

” ഇതെന്താ ഇപ്പോൾ ഇങ്ങനെയൊരു ചിന്ത? ഞാനെങ്ങും ഇല്ല. ”

” അത് എനിക്കെന്തോ അങ്ങനെ തോന്നുന്നു. വര്ഷങ്ങളായില്ലേ കോവിലകത്തെ ആരെങ്കിലും ഒന്നങ്ങോട്ട് പോയിട്ട്. ”

” അതിന് പോകാതിരുന്നാലും എന്താ പ്രശ്നം. ആർക്കും അതുകൊണ്ട് ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? ”

” പിന്നെ,
അച്ഛന്റെയും, അമ്മയുടെയും കർമ്മങ്ങളൊക്കെ ചെയ്യണ്ടേ. അതിന്റെ കാര്യങ്ങളെ കുറിച്ചൊക്കെ ഒന്ന് തിരുമേനിയോട് ചോദിക്കുകയും വേണം. അതിനൊക്കെ മുന്നിൽ നിൽക്കേണ്ടത് അച്ചുവേട്ടനാ. അത് അച്ചുവേട്ടന്റെ കടമയാണ്. അതുകൊണ്ട് അച്ചുവേട്ടൻ വരണം ”

കുറച്ച് സമയം അവനൊന്നാലോചിച്ചു. ശേഷം സമ്മതിച്ചു.

” എങ്കിൽ ഞാൻ പോയി അമ്മയോട് പറയട്ടെ… ”

💜💜💜💜💜

” അച്ചുവേട്ടാ,,,
എഴുന്നേൽക്കുന്നുണ്ടോ ഒന്ന് ”
അവന്റെ പുതപ്പിൽ പിടിച്ച് വലിച്ചു മാറ്റിക്കൊണ്ട് അവള് പറഞ്ഞു.

” എന്റെ പൊന്ന് ദേവികുട്ടിയല്ലേ ഞാനിച്ചിരി നേരം കൂടി കിടന്നോട്ടെ.ആ പുതപ്പിങ് താ.”

” ഇച്ചിരിയുമില്ല, ഒത്തിരിയുമില്ല. അങ്ങോട്ടെഴുന്നേറ്റെ… ”
പുതപ്പ് മടക്കി കട്ടിലിലേക്കിട്ട ശേഷം അവള് കുളിക്കാൻ വസ്ത്രങ്ങളൊക്കെ എടുത്തു.

” നോക്കിക്കോടി ഇങ്ങനെ ഉറക്കം കളയുന്നതിന് നിനക്ക് ഉറക്ക ശാപം കിട്ടും. ”
എഴുന്നേറ്റിരുന്നു കൊണ്ട് അവൻ പറഞ്ഞു.

“ഓ പിന്നെ പുതിയൊരു ശാപം കണ്ടു പിടിച്ചോണ്ട് വന്നേക്കുന്നു.
പിന്നെ,
പുന്നാര അനിയത്തിയുടെ വക ഈ ഭീഷണി ഞാൻ കുറേ കേട്ടതാ. അതുകൊണ്ട് അതിവിടെ വേവില്ല.
ദേ ഞാൻ കുളിക്കാൻ കേറുവാ. ഞാൻ ഇറങ്ങുമ്പോൾ കേറാൻ റെഡി ആയിട്ട് നിന്നോളണം. ഇപ്പോൾ തന്നെ വൈകി. ”

” എങ്കിൽ ഞാനും കൂടി വരാം. അതാകുമ്പോൾ വൈകില്ലല്ലോ ”
അതും പറഞ്ഞവൻ എഴുന്നേൽക്കാനൊരുങ്ങി.

” ഛീ,, പോ വൃത്തികെട്ടതെ ”

പിന്നെ പെട്ടെന്ന് തന്നെ എല്ലാവരും ഒരുങ്ങി പോകാനായി താഴെ വന്നു.

ദേവി ഒരു നീല നിറത്തിലുള്ള ബ്ലൗസും, സ്വർണകരയുടെ സെറ്റും, മുണ്ടും, അർജുൻ നീല നിറത്തിലെ ഷർട്ടും, കസവ് മുണ്ടും.
ഭാമയൊഴിച്ച് ബാക്കിയെല്ലാവരും പോകാനായി ഇറങ്ങി. അവൾക്ക് നല്ല വയറു വേദന ആയിരുന്നത് കൊണ്ട് അവള് മാത്രം പോയില്ല.
ഡ്രൈവിംഗ് സീറ്റിൽ വിഷ്ണു ആണ് ഇരിക്കുന്നത് .

” ദേവീ നീ കയറി പിറകിലേക്കിരിക്ക്. അമ്മയും അവളുടെ കൂടെ ഇരുന്നോ .”
അർജുൻ പറയുന്നത് കേട്ട് വിഷ്ണു പിറകിലേക്ക് തിരിഞ്ഞിരുന്നു.

” അതെന്തിനാ ഏട്ടാ പിറകിലേക്കിരുത്തുന്നേ, ഏട്ടൻ എന്റെ കൂടെ മുന്പിലല്ലേ ഇരിക്കുന്നെ. പിന്നെ വേറെ ആരും ഇല്ലല്ലോ. ”
വിഷ്ണുവിന്റെ ചോദ്യത്തിന് അർജുന് മറുപടി ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ദേവിയാണ് മറുപടി പറഞ്ഞത്.

” അത് വിച്ചൂ,
അപ്പച്ചിയും, ഇളയച്ഛനും വരുന്നുണ്ട് ”

അത് കേട്ടതും ദേഷ്യത്തിൽ അവന്റെ മുഖം വലിഞ്ഞു മുറുകുന്നത് അവര് കണ്ടു.

” സ്വസ്ഥതയോടെ അമ്പലത്തിലെങ്കിലും പോകാം എന്ന് വെച്ചതാ. ഇതിപ്പോൾ അങ്ങോട്ടും ഉണ്ടോ ”
അവന്റെ ആ സംസാരം കേട്ട് കൊണ്ടാണ് അവരങ്ങോട്ടേക്ക് വന്നത്. ഒരു നിമിഷത്തേക്ക് അവര് നിശ്ചലരായി.

” വിച്ചൂ,
ചെയ്തു പോയതിന് മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞു കഴിഞ്ഞു ഇവര്. ഈശ്വരനെയും നിന്ദിച്ച്, ഇക്കണ്ട ക്രൂരതകളൊക്കെ ചെയ്തതിന് ഇവര് മനസ്സ് കൊണ്ട് പശ്ചാത്തപിച്ചു കഴിഞ്ഞു. അതുകൊണ്ട് അവരും കൂടി വന്നോട്ടെ മോനേ, ”

” എങ്കിൽ ശെരി…
നിങ്ങള് പൊയ്ക്കോ ഞാൻ വരുന്നില്ല. ”
അത്രയും പറഞ്ഞ് അവൻ ഡോർ തുറന്ന് അകത്തേക്ക് കയറി പോയി.

” വിച്ചൂ,,, വിച്ചൂ,,,
നിൽക്ക് ഞാനൊന്ന് പറയട്ടെ,, ”
അർജുൻ പിറകിൽ നിന്ന് വിളിച്ചെങ്കിലും അവൻ ആരെയും നോക്കാതെ അകത്തേക്കു കയറിപ്പോയി.

” വേണ്ട മോനേ,
അവൻ മനസ്സിൽ ഒന്ന് തീരുമാനിച്ചാൽ പിന്നെ അതത്ര പെട്ടെന്നൊന്നു മാറില്ല.
അതുപോലെയാ അവനാരെയെങ്കിലും വെറുത്താലും. അതൊക്കെ ഞങ്ങള് ഓർക്കണമായിരുന്നു ”
പറഞ്ഞു കഴിഞ്ഞതും അവരുടെ കണ്ണിൽ നിന്നും കണ്ണ്നീര് ഒഴുകി ഇറങ്ങിയിരുന്നു.

” സാരമില്ല അപ്പച്ചീ,,,
നിങ്ങള് രണ്ടാളും കയറ്. നമുക്ക് പോകാം. അവനെ പിന്നെ ഒരിക്കൽ കൊണ്ടുപോകാം.”
അങ്ങനെ അവരെല്ലാവരും കോവിലകത്തു നിന്നും പുറപ്പെട്ടു.

🌹🌹🌹🌹

കുറേ സമയം മുറിയിൽ തന്നെ ഇരുന്ന ശേഷം വിഷ്ണു മുറിക്ക് പുറത്തേക്കിറങ്ങി.
കുറേ സമയം കഴിഞ്ഞിട്ടും ഭാമയെ കാണാഞ് അവൻ ചാരിയിട്ട അവളുടെ മുറിയുടെ വാതിൽ തുറന്നു. അകത്തേക്ക് നോക്കുമ്പോൾ വയറു വേദന സഹിക്കാൻ വയ്യാതെ കിടക്കുന്ന ഭാമയെ ആണ് കണ്ടത്.
കണ്ടപ്പോൾ അവന് വിഷമം തോന്നി. അവൻ അവളുടെ അടുത്തേക്ക് ചെന്നു.

” എന്താടോ ഒട്ടും വയ്യേ,,,?
ഞാൻ എന്തെങ്കിലും ചെയ്ത് തരണോ? ”
വളരേ മൃദുവായി അവൻ ചോദിച്ചു.

” ഒന്നും ചെയ്തു തരണ്ട. ”

” വയ്യെങ്കിലും അഹങ്കാരത്തിനും, നാക്കിനും, ഒരു കുറവുമില്ല..മനുഷ്യത്വമോർത്ത് ബാക്കിയുള്ളവൻ ചോദിച്ചപ്പോൾ അവൾക്ക് പുച്ഛം.”
അവനതും മനസ്സിൽ പറഞ്ഞ് പുറത്തേക്കിറങ്ങി.

” ശോ,,,
വലിയ അഹങ്കാരം കാണിച്ചതാ. വല്ലതും ചെയ്ത് തരുവോ എന്ന് ചോദിച്ചപ്പോൾ കുറച്ച് ചൂട് വെള്ളം വേണം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ മനസ്സ് പറഞ്ഞു വേണ്ടാന്ന്.
ഇനി ഞാൻ തന്നെ എങ്ങനെയാ ഈശ്വരാ… എന്തായാലും പതിയെ ഏഴുന്നേൽക്കാം… ”
ഇതെല്ലാം മനസ്സിൽ പറഞ്ഞ് കൊണ്ട് അവള് പതിയെ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി. പതിയെ സ്റ്റെപ്പിറങ്ങി താഴെ വന്നു.
പെട്ടെന്ന് അവൾക്ക് തല കറങ്ങും പോലെ തോന്നി. പിന്നീടെന്തെങ്കിലും ചിന്തിക്കുന്നതിന് മുൻപേ അവൾ തല കറങ്ങി നിലത്തേക്ക് വീഴാൻ പോയി.

തുടരും,,,