The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
ഓർമ്മകൾ….. ചില സമയത്ത് അത് ഭാഗ്യമാണ്, ചില സമയത്ത് ഒരു ശാപവും…..അവളുടെ ഓർമ്മകളെ അതിൽ എങ്ങനെ വേർതിരിക്കണം എന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.മറക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും മണ്ണിൽ നിന്നു കണ്ണീർ നനവിൽ മുളപൊട്ടുന്ന തളിർ നാമ്പുകൾ ആയിരുന്നു അവളുടെ ഓർമ്മകൾ….
ആ സമയത്ത് അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല ചിന്തിക്കാൻ….
പിന്നീടങ്ങോട്ട് ഒരു ഉത്സാഹമായിരുന്നു പഠിക്കുവാൻ, കൃത്യതയോടെ കാര്യങ്ങൾ ചെയ്യുവാൻ, ക്ലാസ് കേൾക്കാൻ….എല്ലാത്തിലും അവളുടേതായ ഒരു അടയാളപ്പെടുത്തൽ വേണമെന്ന് നിർബന്ധം പിടിച്ചു. ആളുടെ ശ്രദ്ധയെ ആകർഷിക്കുവാൻ കണ്ടെത്തിയ കുറുക്കുവഴി…ഓരോ ദിവസവും പഠനത്തിൽ വരുന്ന തെറ്റുകളെ കളയാനും ആളുടെ കയ്യിൽ നിന്ന് ദേഷ്യത്തെ സ്വീകരിക്കാതിരിക്കാനും അവൾ കിണഞ്ഞു ശ്രമിച്ചു. ഏറെക്കുറെ അത് വിജയിക്കുകയും ചെയ്തു…..ആദ്യം എപ്പോഴോ തോന്നിയ നീരസവും പരിഭവവും കളഞ്ഞു ആളുടെ അവഗണനയിലും പ്രതീക്ഷയുടെ നാമ്പുകൾ ചികഞ്ഞു കൊണ്ടിരുന്നു…… പഴയതുപോലെ അശ്രദ്ധ കാണിക്കാത്തതിനാലും ആളുടെ പ്രശംസ ആഗ്രഹിച്ചു എല്ലാം കൃത്യമായി ചെയ്യുന്നതിനാലും പഴയ രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങൾ ഇപ്പോഴില്ല…
അഭിനന്ദിക്കുന്നുമില്ല….എങ്കിലും എല്ലാദിവസവും ഒരു ആവേശമാണ്….. നേരത്തെ എഴുന്നേൽക്കാൻ, പാറുവിനോടൊപ്പം പണികൾ പെട്ടെന്ന് ചെയ്തു തീർത്തു അത് ഇറങ്ങുവാൻ , എന്നും വൈകിയെത്തി ഉണ്ടായിരുന്ന അവൾ കുന്നു കയറുമ്പോൾ ഉണ്ടാവുന്ന ക്ഷീണം തൃണവൽക്കരിച്ച് കൊണ്ട് ആവേശത്തോടെ ക്യാമ്പസിലെ പടികളവൾ കയറി…..അവിടുത്തെ മണ്ണും പുൽനാമ്പുകളും പുഞ്ചിരിയോടെ അവളെ സ്വാഗതം ചെയ്യുന്നതായി തോന്നി. അവനവന്റെ കാഴ്ചപ്പാട് അനുസരിച്ചായിരിക്കും ചുറ്റുപാടുമുള്ള പ്രകൃതിയും അതിൻറെ ഭാവഭേദങ്ങളും എന്നവൾക്ക് ചുരുങ്ങിയ കാലം കൊണ്ട് മനസ്സിലായി…..
എങ്കിലും പതിവിൽ കവിഞ്ഞ ഒരു നോട്ടമോ പുഞ്ചിരിയോ ഒരു വാക്കു പോലും ആളിൽ നിന്നും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും നാളുകൾ ഓരോന്നിലും അവളതു പ്രതീക്ഷിച്ചുകൊണ്ടിരുന്നു…..അധികമൊന്നും ഒന്നും ആഗ്രഹിക്കാൻ ഇല്ലാത്ത, ആരുമായും മനസ്സ് തുറക്കാത്ത, സ്വയം ഉൾവലിഞ്ഞ അവൾക്ക് തോന്നിയ ചാപല്യം….. വ്യക്തമായ കാരണങ്ങൾ ഏതുമില്ലാതെ വെറുതേയൊരു പ്രതീക്ഷ…..
അവസാന വർഷത്തിലെ പകുതിയിൽ നടക്കുന്ന ഇന്റേർണൽ എക്സാം കഴിഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു അന്ന് ക്ലാസ് മുഴുവൻ……പലരും പരസ്പരം ചിരിച്ചും കളിച്ചും തമാശകൾ പങ്കിട്ടും, ഉത്തരങ്ങൾ പരിശോധിച്ചുകൊണ്ട് അപൂർവ്വം ചിലരും, കുറുമ്പുകളും കളികളുമായ് ക്ലാസ് മുഴുവൻ പാറിപ്പറന്നു നടക്കുന്ന ഒരുപാട് പേരും ആകെ ബഹളമായിരുന്നു അന്ന്…..
ആൺകുട്ടികളുടെ സീറ്റിനടുത്ത് പുറകിൽ ആൺപെൺഭേദമന്യേ എല്ലാവരും കൂട്ടം കൂടിയിരുന്നു കൈകൊട്ടി പാടി തമാശകൾ പറഞ്ഞു കളിയാക്കി ചിരിച്ചു അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം കാലം ആസ്വദിക്കുന്നത് അവൾ നോക്കിക്കൊണ്ടു…….കൂട്ടുകൂടണമെന്നിടയ്ക്കു ചിന്തിക്കും പക്ഷേ ഒരു തുടക്കം കിട്ടാറില്ല അല്ല, എന്തോ ഒരു അപകർഷതാ ബോധം പിറകിലേയ്ക്ക് വലിക്കുന്നതു പോലെ…….അവരുടെ പാട്ടു ബഹളവുമൊക്കെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ നോക്കി നിന്നു.അവൾ അങ്ങനെ മാറി നിന്നു നോക്കുന്നതിന് കണ്ടിട്ടായിരിക്കണം ആയിരിക്കണം അസ്മി അവളെ അങ്ങോട്ടേക്ക് മാടിവിളിച്ചു. അവൾ വേണ്ട എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചിട്ടും അവൾ വന്നു പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടുപോയി…..
മറ്റുള്ളവരുടെ കൂടെ ഇരുന്നിട്ടും എല്ലാവരും അവരുടെ ലോകത്ത് കളിച്ചു ചിരിച്ചു വർത്തമാനം പറയുന്നത് പോലെ തോന്നി. എവിടെ ഏതു ബഹളങ്ങൾക്കിടയിൽ ആയിരുന്നാലും ഭൂമിയുടെ ഒരു കോണിൽ ഒറ്റപ്പെടുന്നത് പോലെയുള്ള അനുഭവം എന്താണ്???”നീയെന്താ മരണവീട്ടിലു കൂടാന് വന്നതാ?ഒന്നു വെറുതേയെങ്കിലും ചിരിച്ചൂടേ? അത് പോട്ടെ ഇന്നത്തെ പരീക്ഷ എങ്ങനേണ്ട്??
ഇനീപ്പം ഓണപ്പൂട്ടലുണ്ടാവൂല്ലേ…. കുറച്ചീസാച്ചാ കുറച്ചീസം സൗര്യം ണ്ടാവും”അനുപമ അതും പറഞ്ഞു ചിരിച്ചപ്പോൾ ചുണ്ടുകളിലും അറിയാതെ ഒരു മന്ദസ്മിതം തങ്ങി.
“അല്ലാ ചെറ്യോളേ ഇക്കൊല്ലം അതൊന്നൂല്ല്യാന്ന് പറഞ്ഞത് ഞ്ഞി മറന്നോ??മ്മൾക്കേ പൂട്ടലിനു ലാബാണ് ലാബ്….”അസ്മിയാണ്..”ന്റെ ഗുരുവായൂരപ്പാ…. അവധീം കിട്ടില്ലേ??
അച്ഛൻ പറഞ്ഞായിരുന്നു ഓണത്തിനു രണ്ടൂസം ലോകനാർക്കാവിലു പൂവ്വാംന്ന്….
ഇക്കുറി അതും പോയ്യോ?!!!”അറിയാതെ അവളുടെ നൊമ്പരം വാക്കുകളായ് ചിതറി വീണു.
അതു കേട്ട മാത്രയിൽ അവർ എല്ലാവരും ഒരുമിച്ചു ചിരിച്ചു അവളിലും ജാള്യതയോടെ ഒരു ചിരി പൊടിഞ്ഞു….പിന്നീട് സമയം പോയത് മാത്രം മനസ്സിലായില്ല ഒരോന്നു പറഞ്ഞും ചിരിച്ചും പ്രോത്സാഹിപ്പിച്ചും…ആരോടും കൂടാതെ ആരിലും പെടാതെ ഒറ്റപ്പെട്ടു നടന്നിരുന്ന താൻ പെട്ടെന്ന് ഒരു ദിനം എങ്ങനെയാണ് സംസാരിക്കുവാനും എല്ലാവരോടും കൂട്ടുകൂടുവാനും പഠിച്ചെടുത്തത്….
അവൾക്കു തന്നെ അത്ഭുതമായി തോന്നി അപ്പോൾ അവളുടെ മനസ്സിലേക്ക് ഒരു പുഞ്ചിരി സ്വപ്നത്തിലെന്നോണം തെളിഞ്ഞു.
വീണ്ടും മൗനത്തിൽ കലർന്ന പുഞ്ചിരി….”ആ ഞ്ഞി പിന്നേം സ്വപ്നത്തിൽപോയോ ശകുന്തളേ…ഇനി നെന്നെ ശകുന്തളാന്നു വിളിച്ചാലോന്നാ…എപ്പളും ആലോചന തന്നെ!
നീയ്യൊന്ന് ന്റൂടെ താഴേക്ക് വായോ. എനിക്ക് പിജി ലാബിലൊന്ന് പോവണം.ന്റെ റെക്കോർഡ് ആട്യാ വച്ചേ…””ഉം….”മറുത്തു പറയാൻ തോന്നിയില്ല. ഒരു നടത്തം ആവശ്യമെന്നു തോന്നി. മൂന്നു വർഷങ്ങൾ ആവാറായിട്ടും കോളേജിലെ ഒരു ഇടത്തോടും അടുപ്പമില്ലാത്ത പോലെ . ആകെ പരിചിതം ലൈബ്രറി മാത്രമാണ്……”ന്നാ വാ….” അസ്മി അവളുടെ കയ്യിൽ പിടിച്ചു പുറത്തേയ്ക്കു നടന്നു…ക്യാമ്പസ് എപ്പോഴും സജീവമാണ് ഒരു ദിവസം ഉറങ്ങാത്തയിടം അന്തരീക്ഷം നിശബ്ദത അറിയില്ല.എല്ലാം ഒരു പുതുമയോടെ നോക്കി കണ്ടു കൊണ്ടു നടന്നു ലാബിന് അടുത്തെത്തിയപ്പോൾ അസ്മി റെക്കോർഡ് എടുത്തിട്ട് വരാമെന്നും പറഞ്ഞു ഉള്ളിലേക്കു കയറിപ്പോയി…..
വെറുതെ നിൽക്കാൻ മനസ്സ് വന്നില്ല. ലാബിനു പുറത്ത് നോട്ടീസ് ബോർഡിൽ ഒട്ടിച്ച പലവിധ സെമിനാറുകളുടേയും പ്രദർശനങ്ങളുടേയും മത്സരങ്ങളുടെയും പേരുവിവരങ്ങൾ ശ്രദ്ധിക്കുവാൻ തുടങ്ങി.”സ്പന്ദേ….”പുറകിൽ നിന്ന് പരിചിതമായ ഒരു ശബ്ദം. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു കണ്ണുകളിൽ ചിരിയോടെ വിടാത്ത മുഖവുമായി ദ്രുപത്.”ദ്രുപത്…”ആ… അപ്പോ എന്നെ മറന്നിട്ടില്ല അല്ലേ??പിന്നെ തന്നെ കാണാൻ പറ്റിയില്ല. തിരക്കായി പോയിപകുതിക്ക് വച്ച് അല്ലേ ചേർന്നത്, അതിൻറെതായ എഴുത്തുകുത്തും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു.അല്ല താനെന്താ ഇവിടെ??””അത് എന്റെ കൂടെയുള്ള അസ്മി, അവൾ റെക്കോർഡ് എടുക്കാൻ ലാബിലേക്ക് കയറിയതാണ്… ഞാനിവിടെ പുറത്തു നിന്നൂന്നേയുള്ളൂ….”
“ഓ അങ്ങനെ….ഇതാ കാണുന്നത് എന്റെ ക്ലാസ്സ് ആണ്. ചുമ്മാ പുറത്തിറങ്ങിയപ്പോഴാണ് തന്നെ കണ്ടത്. അല്ലാ ക്ലാസ്സ് പരിചയപ്പെടുത്തി തരേണ്ട കാര്യമില്ലല്ലോ, മൂന്നു കൊല്ലമായിഇവിടെയുള്ളആളല്ലേ…..”അതുകേട്ടപ്പോൾ അവൾക്കു ചിരി വന്നു. മൂന്നു വർഷം…..
ഒന്നും കാണാതെ ഒന്നിലും തലയിടാടെയങ്ങനെ….
മറുപടി ഒന്നും പറഞ്ഞില്ല.”ഓപ്പൺ കോഴ്സ് ഏതാ എടുത്തത്?”വീണ്ടുംചോദ്യംവന്നു.”മൈക്രോബയോളജി…””ഓ… ബാക്ടീരിയേടെ ആളാണല്ലേ”
ചിരിച്ചു. തിരികെ പറയാൻ വാക്കുകൾ ഒന്നും വരുന്നില്ല.താനധികം സംസാരിക്കില്ലാല്ലേ, അത് മനസ്സിലായി. ഞാൻ തന്നെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കുന്നില്ല.
തന്റെ വീട് എവിടാ??”
സ്ഥലപ്പേരുപറഞ്ഞുകൊടുത്തു.”അവിടെയായിരുന്നോ??അതെ…””ഭഗവതീ ക്ഷേത്രം അറിയാമോ?? ദുർഗ്ഗാ ദേവീക്ഷേത്രം???””അറിയാമോന്നോ? വീടിനടുത്തുള്ളതാ….ദ്രുപതിനവിടം അറിയാമോ? ക്ഷേത്രത്തിൽ വരാറുണ്ടോ??”ആകാംഷയോടെ ചോദിച്ചു.”പിന്നെ അറിയാതെവിടപ്പോകാനാ….
അമ്മേടെ തറവാടു ക്ഷേത്രാണ്. വന്നു വലിയ പരിചയം ഇല്ല വർഷത്തിലൊന്നോ രണ്ടോ എപ്പോഴൊക്ക്യോ പോയിട്ടുണ്ട്ന്ന് മാത്രം….
എപ്പോഴും ഇല്ല.””ആണോ? ഞാനറിഞ്ഞില്ല.””ഞാൻ പറയാതെ താനെങ്ങനെ അറിയാനാണ്??”
അവൻ ചിരിച്ചു. അപ്പോഴേക്കും അസ്മി തിരികെ വന്നു. ദ്രുപതിനോട് യാത്ര പറഞ്ഞു തിരികെ നടന്നു.
“സ്പന്ദേ…. എന്തായാലും ഉച്ചവരെ ഫ്രീയാണ്. നമുക്കൊന്ന് താഴെ കോമ്പൗണ്ടിൽ പോയാലോ, ക്യാന്റീനിൽ പോയി ഒരു പഴംപൊരിയും ചായയും…
അടിപൊളിയാണ്… നീയിതുവരെ ഞങ്ങളോടൊപ്പം വന്നിട്ടില്ലല്ലോ….എന്തായാലും ഇന്നു നീയും വേണം….”പോകാൻ തന്നെ തീരുമാനിച്ചു. ഒരു മാറ്റംവേണമെന്ന് ഉള്ളിൽ നിന്ന് ആരോ വിളിച്ചു പറയും പോലെ….അവർക്കൊപ്പം പടികളിറങ്ങി കോളേജിന്റെ വലതു വശത്തേയ്ക്കു നടന്നു. ലൈബ്രറിയിലേക്കു പോകുന്ന വഴിയുടെ എതിർവശത്ത് തഴത്തേയ്ക്കു പിന്നേയും കല്ലുകൾ പതിച്ച പടികളുണ്ട്.അതിറങ്ങിച്ചെല്ലുന്നത് ക്യാന്റീനിലേക്കും മിഠായികളും പലവിധ സാധനങ്ങളും നിറഞ്ഞ സ്റ്റോറിലേയ്ക്കുമാണ്….
ആരോ ഒരാൾ എല്ലാവർക്കും ചായയും പഴപൊരിയും പറഞ്ഞു ക്യാന്റീനിലെ ഏറ്റവും അറ്റത്ത് ഒരുകോണിലുള്ള ഇരിപ്പിടങ്ങളിൽ ഓരോരുത്തരും മേശയ്ക്കു ചുറ്റും ഇരുന്നു….അതിനടുത്തുള്ള നെല്ലിമരങ്ങളിൽ നേരത്തെയെപ്പൊഴോ പെയ്ത ചാറ്റൽമഴയുടെ തുള്ളികൾ ഇനിയും വിടപറയാനുദ്ദേശമില്ലെന്ന രൂപേണ നുറുങ്ങു ഇലകളിൽ പറ്റിപ്പിടിച്ച് ഇരിക്കുന്നു….
ഇളം തണുപ്പുള്ള കാറ്റ് ഇലകളെ പിടിച്ചു കുലുക്കുമ്പോൾ ആശ്രയമറ്റ് ഏതാനും ജലകണികകൾ നിലത്തു മണ്ണിൽ വീണുടയുന്നു…..
ഓരോന്നിലും ശ്രദ്ധപതിപ്പിച്ചു കൊണ്ടിരിക്കവേയാണ് വിശ്വനാഥ് പാർക്കിംഗ് ഏരിയയിലേക്കു നടക്കുന്നതു കണ്ടത്. കൂടെ ദ്രുപതും കൂടെയുണ്ട്….എന്തോ ആ നിമിഷം തോന്നിയ ആകാംഷയോടെ അവൾക്ക് സാർ എവിടേയ്ക്കാണ് പോകുന്നതെന്നറിയണമായിരുന്നു.
വേഗം ചായ കുടിച്ചു തീർത്തു അവൾ മുഖം കഴുകി വരാമെന്നും പറഞ്ഞ് പുറത്തുള്ള വാഷ് ബേസിനിനരകിലേയ്ക്കു നടന്നു.പാർക്കിംഗ് ഏരിയ ക്യാന്റീനിൽ നിന്നും പിന്നേയും താഴോട്ടായിരുന്നു. പ്രെയർ ഹാളിന്റെ അടുത്തു നിന്ന് താഴേക്കു നോക്കിയാൽ പാർക്കിംഗ് ഏരിയ വ്യക്തമായി കാണാം….
അവളങ്ങോട്ടേയ്ക്കു നടന്നു.സാറും ദ്രുപതും അവിടെ എത്തിയിരുന്നു. വീണ്ടും അവളുടെ കണ്ണുകൾക്കു കണിയായ് ആ കട്ടിമീശയ്ക്കിടയിൽ ഒരു പുഞ്ചിരി തെളിയുന്നത് ദൂരെ നിന്നും നോക്കിക്കണ്ടു….
ഹൃദയത്തിലൊരു നനുത്ത കാറ്റ് മഴത്തുള്ളികളെ പൊഴിയിച്ചു കുളിരണിയിക്കും പോലെ…. അവളുടെ സ്വതവേ വിടർന്ന കണ്ണുകളിൽ ആ കാഴ്ചയാൽ തിളക്കം നിറഞ്ഞു….പക്ഷേ ആ പുഞ്ചിരി അയാൾ വച്ചു നീട്ടിയത് മറ്റൊരു പെൺകുട്ടിയ്ക്കായിരുന്നു. ആ പുഞ്ചിരിയുടെ അവകാശം അവൾക്കായിരുന്നു..
അവളുടെ കണ്ണുകൾ അവിടെ അടുത്തുതന്നെ സ്കൂട്ടിയിൽ ചാരിയിരിക്കുന്ന പെൺകുട്ടിയിലേക്കു പതിച്ചു. അതേ പെൺകുട്ടി, മഞ്ഞുപോലുള്ളയാ പെൺകുട്ടി. നനുത്ത വസ്ത്രങ്ങളിൽ കാറ്റിലങ്ങനെ… കൊലുന്നനെ അങ്ങനെ….
അവളെ നോക്കി നിന്നു പോയി. അത്രയും ചേലുള്ളവൾ. അവളെ നോക്കിനിൽക്കെ എന്തിനെന്നറിയാത്ത നോവ്. ചെറുതൊരു അസ്സൂയ പടരുന്നുണ്ടോ???ആ പെൺകുട്ടി ഇരുന്നിടത്തു നിന്നും എഴുന്നേറ്റു. സാറിനടുത്തേയ്ക്കു നടന്നു. ആ കുട്ടി കയ്യിലെന്തൊക്കെയോ പുസ്തകങ്ങൾ പിടിച്ചിട്ടുണ്ട്.
ചിരിയോടെ സാറത് ഏറ്റുവാങ്ങുന്നു എന്തൊക്കെയോ കുശലം പറയുന്നു.ആ ചിരി….
അവൾ അത്രയേറെ ഇഷ്ടപ്പെടുന്ന ആ പുഞ്ചിരി അയാൾ ആ പെൺകുട്ടിക്കായ് സമ്മാനിക്കുന്നതു കാൺകേ സ്പന്ദനയുടെ ഹൃദയത്തിൽ കാരമുള്ള് തറഞ്ഞു കയറിയ വേദന തോന്നി.
അൽപം നിമിഷങ്ങളിൽ തന്നെ ആ കുട്ടി സ്കൂട്ടിയുമെടുത്തു തിരിച്ചു പോയി. സാർ ആ പുസ്തകങ്ങളുമായ് സ്വന്തം ബൈക്കിനരികിലേക്കും.
ആ ചുണ്ടിൽ നേരത്തേ തെളിഞ്ഞ പുഞ്ചിരിയുടെ കണികകൾ അപ്പൊഴും തങ്ങി നിന്നു. ആ കാഴ്ച അപ്പോളവൾക്കൊരു ഹൃദയവേദനയാണ് സമ്മാനിച്ചത്…..
പുസ്തകങ്ങൾ ബൈക്കിൽ വച്ചു സാറും പിറകിൽ ദ്രുപതും കയറി ബൈക്ക് സ്റ്റാർട്ട് ചെയ്തു തിരിച്ചു പോയി…എന്താണതെന്നു മനസിലാകാതെ എന്തൊക്കെയോ ആകുലതകൾ നിറച്ച് അനങ്ങുവാനാകാതെ അവളവിടെയിരുന്നു…
ചായകുടിച്ചു കഴിഞ്ഞു വന്നു സ്പന്ദനയെ കാണാത്തതു തിരക്കി വന്ന അസ്മി തിരികെ കൂട്ടിയപ്പോൾ മാത്രമായിരുന്നു തിരിച്ചു ക്ലാസിലേക്കവൾ കയറിയത്.
പക്ഷേ തന്നോട് പറയുന്നതും ചുറ്റും കാണുന്നതും ഒന്നും അവളുടെ ശ്രദ്ധയെ ആകർഷിച്ചില്ല….
അവൾക്കുള്ളിൽ നിറഞ്ഞ പേരറിയാത്ത നൊമ്പരത്തിന് എന്ത് പേരു ചൊല്ലി വിളിക്കണമെന്നറിയില്ലായിരുന്നു..,.ഉച്ചയ്ക്കു ശേഷവും ക്ലാസുകൾ ഇല്ലായിരുന്നു. നേരത്തെ വീട്ടിലേയ്ക്കു തിരിച്ചു.അച്ഛനോടെന്തൊക്കെയോ സമാധാനം പറഞ്ഞു തലവേദനയാണെന്നു പറഞ്ഞു കിടക്കാൻ പോയി. ഒന്നിനും വയ്യാത്ത പോലെ…
ഇത്രയും നാളും നിശബ്ദമായ് ദൂരെ മാറി നിന്നു രഹസ്യമായ് ആ പുഞ്ചിരിക്കു വേണ്ടി കൊതിച്ചിട്ടേയുള്ളൂ… എന്തിനെന്നറിയാത്ത ആഗ്രഹം.
എന്നാലിപ്പോൾ എന്തോ ഒരു പിടിവാശി അതു തനിക്കു മാത്രം വേണം.എന്താണിത്? പ്രണയമാണോ?….ഉത്തരം കിട്ടിയില്ല.
ഇടയ്ക്കെപ്പൊഴോ മയക്കത്തിൽ വിശ്വനാഥ് വീണ്ടും തെളിമയോടെ കാണപ്പെട്ടു. മഞ്ഞുപോൽ നനുത്ത ആ പെൺകുട്ടിയുടെ കൈകളിൽ വിരലുകൾ കോർക്കാനൊരുങ്ങുന്നു……വിയർത്തു കുളിച്ചു ആ ഞെട്ടലിൽ അവൾ പിടഞ്ഞെഴുന്നേൽക്കുമ്പോൾ അത്രയും കാലം പിടിതരാതെ കിടന്ന ഉത്തരം അവളുടെ ചുണ്ടുകളിൽ നിന്നു പുറത്തേക്കു വഴുതി……”സാർ……. സാർ എന്റേതാണ്……നിക്ക് മാത്രം……..”
…….തുടരും…………
ഞാൻ വീട്ടിൽ എത്തിയിട്ടില്ലാട്ടോ… എപ്പോൾ തിരിച്ചു പോകും എന്ന് അറിയാത്തത് കൊണ്ടും കഥ കുറേയധികം വൈകിയാൽ ഒഴുക്ക് നഷ്ടപ്പെടും എന്നതും കൊണ്ടും കിട്ടിയ സമയത്ത് എഴുതിയതാണ്. ശരിയായോന്ന് അറിയില്ല. ഇത്തവണയും എനിക്ക് റിപ്ലൈ തരാന് കഴിയില്ലാട്ടോ റേഞ്ച് കിട്ടുന്നില്ല. അടുത്ത ഭാഗം രണ്ട് മൂന്ന് ദിവസം കൊണ്ട് ഇടാമെന്ന് കരുതുന്നു.
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)