16/04/2026

ഈ മഴക്കാലത്ത് : ഭാഗം 10

രചന – നിവേദ്യ ഹരിഹരൻ

പിറ്റേന്ന് ഒരു ശനിയാഴ്ചയായിരുന്നു. ലീവെടുത്തതിന്റെ പെൻഡിങ്ങ് വർക്ക് ഒക്കെ ഒരുപാട് ഉണ്ടായതു കൊണ്ട് പാർവ്വതി രാവിലെ തന്നെ ഇല്ലിക്കലേക്ക് പോന്നു. പ്രിയ വന്നതിന്റെ ഉത്കണ്ഠയും അവൾക്കുണ്ടായിരുന്നു . അതുകൊണ്ടു കൂടിയാണ് അവൾ രാവിലെ തന്നെ ഓടി പാഞ്ഞ് പോന്നത് . പാർവ്വതി ചെല്ലുമ്പോൾ ഹരി പുറത്ത് കസേരയിൽ ഉണ്ടായിരുന്നു കൂടെ പ്രിയയും. “ഗുഡ് മോണിംഗ് പാർവ്വതി.. പ്രിയ പറഞ്ഞു. “ഹാ ഇന്ന് പാർവ്വതി നേരത്തേ വന്നല്ലോ.. ന്താടോ എന്തേലും വിശേഷ ണ്ടോ..?? ഹരി പാർവ്വതിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു.. “വർക്ക് കുറേ പെൻഡിങ്ങ് ഉണ്ട് സാർ അതാ… “ഓഹ്… അതാണോ.. എന്നാ ചെല്ല് ചെല്ല്.. ഹരി പറഞ്ഞു. പാർവ്വതി അകത്ത് കയറി.. അവൾ ഗോവണിയുടെ താഴെ നിന്ന് മുകളിലേക്ക് നോക്കി.. “ജയ്സാർ എവിടാണോ ആവോ.. ആ പ്രിയടെ അടുത്തേക്കെങ്ങും അങ്ങേര് പോകാതിരുന്നാ മതിയാരുന്നു ഭഗവാനേ.. “ശേ ..ഞാൻ ന്തൊക്കെയാ ആലോചിക്കണത്.. സാർ പോയാലെന്താ..? ഹോ ഓരോന്നാലോചിച് എനിക്ക് ഭ്രാന്താകുമെന്നാ തേന്നണത് . “കണ്ണാ എന്റെ മനസ്സൊന്നു നിയന്ത്രിച്ച് തരണേ.. അവൾ കൈകൂപ്പി പ്രാർത്ഥിച്ചു..

കണ്ണു തുറന്നപ്പോൾ ഗോവണിയിറങ്ങി വരുന്ന ജയകൃഷ്ണൻ..! ചുവന്ന ഷർട്ടും ചുവന്ന കരയുള്ള മുണ്ടും.. ജയ്ക്ക് ഏറ്റവും ഇണങ്ങുന്ന വേഷം മുണ്ടും ഷർട്ടും ആണെന്ന് പാർവ്വതിക്ക് പലപ്പോഴും തോന്നീട്ടുണ്ട്. അവൾ അവനെ തന്നെ നോക്കി നിന്നു.. ജയ്കൃഷ്ണൻ പാർവ്വതിയെ കണ്ടെങ്കിലും കാണാത്ത പോലെ പൂമുഖത്തേക്ക് നടന്നു.. പാർവ്വതിയുടെ മുഖം വാടി.. “ഒന്നു നോക്കി കൂടീല്യ.. അവൾ ഉള്ളിൽ പറഞ്ഞു. “ഹാ ഏട്ടൻ റെഡിയായി വന്നോ.. ടൗണിലേക്കല്ലേ … ഈ പ്രിയയ്ക്ക് എന്തൊക്കെയോ വാങ്ങണമെന്ന്.. ഇവളെ കൂടി കൊണ്ടു പൊക്കോ . പാർവ്വതിയെ ഗോവണിയ്ക്കരികെ കണ്ട ഹരി അവൾ കേൾക്കാൻ പാകത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു… “ഇതിനാണോ അങ്ങേര് കെട്ടി ഒരുങ്ങി ഇറങ്ങീത്.. കണ്ണാ … ന്ത് പരീക്ഷണാണിത്.. എന്റെ കണ്ട്രോള് പോവാണ്… പാർവ്വതി നിന്നിടത്ത് ഒന്നാഞ്ഞ് ചവിട്ടിയ ശേഷം റൂമിലേക്ക് പോന്നു.. ജയകൃഷ്ണനും പ്രിയയും ഒരുമിച്ച് ബുള്ളറ്റിൽ പോകുന്നത് പാർവ്വതി ഓഫീസിലെ ജനലിലൂടെ കണ്ടു.

അവൾക്ക് പെരുവിരലിൽ നിന്നും ഒന്നും തരിപ്പ് കയറി. “കണ്ട ചെക്കന്മാർടെ . കൂടെയൊക്കെ പോവാ …. എന്ത് സ്വഭാവാ അവൾടെ.. പാർവ്വതി വെറുപ്പോടെ പിറുപിറുത്തു . അവൾ ജനലരികിൽ നിൽക്കുമ്പോൾ ഹരി അങ്ങോട്ട് കയറി വന്നു.. ” രണ്ടു പേരും നല്ല ജോഡിയാ അല്ലേ പാർവ്വതി.. ജനലരികിൽ നിൽക്കുന്ന പാർവ്വതിയെ നോക്കി അവൻ പറഞ്ഞു.. കത്തുന്ന തീയിലേക്ക് പെട്രോൾ ഒഴിക്കുകയാണെന്ന് അറിഞ്ഞു കൊണ്ടാണവൻ അത് പറഞ്ഞത്.. “പിന്നേ നല്ല ജോഡിയാ… പല്ല് കടിച്ചു പിടിച്ച് പാർവ്വതി പറഞൊപ്പിച്ചു. ഹരിക്ക് അവളുടെ മുഖഭാവം കണ്ട് ചിരിപൊട്ടി.. ” ആഹ് ..പിന്നെ പാർവ്വതി താൻ വേഗം പണികൾ തീർക്ക്.. ഇന്നിവിടെ ചെറിയൊരു കോൺസർട്ട് ഉണ്ട്.. പ്രിയയ്ക്ക് ഒരാഗ്രഹം അമ്മേടെം ഏട്ടന്റെം കൂടെ പാടാൻ.. പിന്നെ ഗോപിയേട്ടനും ഉണ്ടല്ലോ.. ഞങ്ങൾ എല്ലാവരും കൂടുമ്പോ ഇത് പതിവാ… പാർവ്വതിക്ക് വീണ്ടും അസ്വസ്ഥത തോന്നി.. “ഹോ ഇനി അവൾടെ കച്ചേരിയും കേൾക്കണോ.. മനസ്സിൽ അങ്ങനെ ഓർത്തെങ്കിലും ഹരിയോട് അവൾ വരാമെന്നു പറഞ്ഞു.. പുറത്തേക്ക് പോയ ജയ്കൃഷ്ണനും പ്രിയയും തിരിച്ചു വരുന്നത് പാർവ്വതി കണ്ടിരുന്നു.

അകത്ത് കയറിയ ശേഷമുള്ള പ്രിയയുടെ ഉച്ചത്തിലുള്ള സംസാരം പാർവ്വതിയ്ക്ക് അരോചകമായി തോന്നി അവൾ കാതുകൾ പൊത്തിയിരുന്നു . കുറേ സമയം കഴിഞ്ഞ് ഗീതേട്ത്തി അങ്ങോട്ട് വന്നു.. “മോളെ ഹരിസാർ മുകളിലേക്ക് ചെല്ലാൻ പറഞ്ഞു.. അവിടെ എല്ലാരും പാടാനിരുന്നുന്ന്.. ” ദാ വരുന്നേടത്തി.. അവൾ കമ്പ്യൂട്ടർ ഓഫ് ചെയ്ത് ഗീതേട്ത്തിടെ കൂടെ മുകളിലേക്ക് നടന്നു.. ജയ്കൃഷ്ണന്റെ പാട്ടു കേൾക്കാം എന്ന ചിന്ത പാർവ്വതിയിൽ കുറച്ചല്ല സന്തോഷം ഉണ്ടാക്കിയത്. അവർ ചെല്ലുമ്പോൾ എല്ലാരും ഹാളിൽ ഒരുമിച്ച് ഇരിക്കുകയായിരുന്നു.. പാർവ്വതിയും ഗീതയും ശ്രീജയുടെ കൂടെ കുറച്ച് പിന്നിലായി ഇരുന്നു.. ഇരുന്ന് കഴിഞ്ഞ് നോക്കുമ്പോൾ ജയകൃഷ്ണന്റെ അടുത്ത് പ്രിയ.. !! പാർവ്വതിയുടെ മുഖം വലിഞ്ഞു മുറുകി. പാർവ്വതി ചിറികോട്ടി കൊണ്ട് ശ്രദ്ധിക്കാത്ത ഭാവത്തിൽ ചരിഞ്ഞിരുന്നു.. പക്ഷെ എന്നിട്ടും ഇടയ്ക്കിടെ അവളുടെ കണ്ണുകൾ അങ്ങോട്ട് പാളി പൊയ്ക്കൊണ്ടിരുന്നു.. പ്രിയയും ജയ്‌ യും ചിരിച്ചു സംസാരിക്കുന്നത് കണ്ടപ്പോൾ പാർവ്വതിയുടെ കണ്ണിൽ അഗ്നി ജ്വലിച്ചു..

പാർവ്വതിയെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്ന ഹരി അവളുടെ ഭാവങ്ങൾ കണ്ട് ഉള്ളിൽ ചിരിച്ചു . അവനു പാവം തോന്നി. ഓരോരുത്തരായി പാടാൻ തുടങ്ങി.. ആദ്യം സരസ്വതിയമ്മയാണ് പാടിയത്.. മനോഹരമായ ഒരു ഭക്തി ഗാനമാണ് അമ്മ പാടിയത്.. 🎵 കേശാദിപാദം തൊഴുന്നേൻ – കേശവ കേശാദിപാദം തൊഴുന്നേൻ പീലിച്ചുരുൾമുടിയും നീലത്തിരുവുടലും ഫാലത്തൊടുകുറിയും താണുതൊഴുന്നേൻ കേശാദിപാദം തൊഴുന്നേൻ.. എല്ലാവരും മനസ്സു നിറഞ്ഞിരിക്കേ അതിന്റെ ബാക്കി വരികൾ ഗോപിയേട്ടനും പാടി.. 🎵 മകരകുണ്ഡലമിട്ട മലർക്കാത് തൊഴുന്നേൻ കുടിലകുന്തളം പാറും കുളുർനെറ്റി തൊഴുന്നേൻ കരുണതൻ കടലായ കടമിഴി തൊഴുന്നേൻ അരുണകിരണമണി മുഖപദ്‌മം തൊഴുന്നേൻ കേശാദിപാദം തൊഴുന്നേന് .. ഗോപി കൃഷ്ണന്റെ ആലാപനത്തിൽ അവിടം ഭക്തിസാന്ദ്രമായി. ഏവരും കൈയ്യടിച്ചു. അടുത്തത് ഹരിയാണ് പാടിയത്.. ദാസേട്ടൻ പാടിയ ഒരു ഗാനം മനോഹരമായിത്തന്നെ ഹരി പാടി.. 🎵 മുടിപ്പൂക്കൾ വാടിയാലെന്നോമനേ.. നിന്റെ ചിരിപ്പൂക്കൾ വാടരുതെന്നോമനേ.. മുഖമൊട്ടു തളർന്നാലെന്നോമനേ .. നിന്റെ മനം മാത്രം വാടരുതെന്നോമനേ..

അവിടമാകെ കൈയ്യടികൾ കൊണ്ട് നിറഞ്ഞു. അടുത്ത ഊഴം പ്രിയയുടേതായിരുന്നു.. അവൾ പാടാൻ പോയപ്പോൾ ഹരി പറഞ്ഞു.. “ഇനി നമുക്കൊരു ഡ്യൂയറ്റ് കേൾക്കാം.. ഒരു പ്രണയഗാനം ആയാലോ… ഏട്ടനും പ്രിയയും ഒരുമിച്ചു പാട്.. ഒളികണ്ണിട്ട് പാർവ്വതിയെ നോക്കി ഹരി പറഞ്ഞു. പാർവ്വതി ഞെട്ടി.. ജയ്കൃഷ്ണനും ഹരിയെ കൂർപ്പിച്ച് നോക്കി. പക്ഷെ എല്ലാവരും ഹരിയെ അനുകൂലിച്ചു. പാർവ്വതിയ്ക്ക് എങ്ങനേലും അവിട്ന്ന് എഴുന്നേറ്റ് പോകാനാണ് തോന്നിയത്.. അവൾ പതിയെ എഴുന്നേറ്റു.. “പാർവ്വതി എവിടെ പോണു ഹരി ചോദിച്ചു “അത് ന്റെ വർക്ക് തീർന്നിട്ടില്ല.. “ഇത് കഴിഞ്ഞിട്ടുള്ള വർക്ക് മതി.. താൻ അവിടിരിക്ക്.. ഹരി ശാസനാസ്വരത്തിൽ പറഞ്ഞു. പാർവ്വതിയ്ക്ക് ഗത്യന്തരമില്ലാതെ അവിടെത്തന്നെ ഇരിക്കേണ്ടി വന്നു.. “ശരി അപ്പോ നിങ്ങൾ പാടിക്കോ… പ്രിയയും ഹരിയും ഒരുമിച്ചു ഒരു തമിഴ് പ്രണയഗാനം പാടി.. 🎵 സംഗീതം പാട്ടിലാ… നീ പേസും പേച്ചിലാ … എൻ ജീവൻ എന്നിലാ… ഉൻപാർവ്വൈ തന്നിലാ … തേനൂറും വേർപലാ …. ഉൻ സെല്ലിലാ … ആ … ആ കല്യാണ തേൻ നിലാ … കായ്ച്ചാതാ പാൽനിലാ… നീ താനെ വാൻ നിലാ …. എന്നോടു വാനിലാ … പരിസരം മറന്ന് ജയ് കൃഷ്ണനെ തന്നെ നോക്കിയിരിക്കുകയായിരുന്നു പാർവ്വതി . പാട്ടിലെ ഓരോ വരികളും തനിയ്ക്കു വേണ്ടിയുള്ളതാണെന്നു പാർവ്വതിയ്ക്ക് തോന്നി.

ആ ശബ്ദം… കാതുകളിൽ കുളിർമഴയായി അവൾക്കനുഭവവേദ്യമായി… രണ്ടു പേരും അതിമനോഹരമായിത്തന്നെപാടി.. എല്ലാവരും കൈയ്യടിച്ചു… പാർവ്വതി കൈയ്യടിക്കാൻ പോലും മറന്നിരുന്നു. “അവര് നന്നായി പാടില്ലേ പാർവ്വതി.. രണ്ടു പേരും നല്ല ചേർച്ച.. പാട്ടിലും അല്ലാതേം… അല്ലേ കുട്ടി..? ഗീതേട്ത്തി പറഞ്ഞു.. ” മമ്..പാർവ്വതി യാന്ത്രികമായി മൂളി. അവളുടെ മനസ്സിൽ നൊമ്പരം നിറഞ്ഞ് നെഞ്ചു വിങ്ങി. പിന്നെയും പാട്ടുകൾ ഒക്കെ പാടി കുറേ നേരം കഴിഞ്ഞാണ് എല്ലാരും പിരിഞ്ഞത്.. എല്ലാം കഴിഞ്ഞ് തിരിച്ചു നടക്കുമ്പോൾ പാർവ്വതിയുടെ മുഖം മ്ലാനമായിരുന്നു.. അരുണേട്ടൻ പറഞ്ഞത് തന്നാ ശരി.. താൻ ഇതൊന്നും ആഗ്രഹിക്കാനേ പാടില്ലാരുന്നു . അല്ലെങ്കിലും ന്നെ പോലെ ഒരാൾ അല്ല ജയ്സാർനു ചേര്യ.. പ്രിയ തന്നാ.. സങ്കടത്തിലും അവളുടെ ചുണ്ടിൽ നേർത്തൊരു പുഞ്ചിരി വിരിഞ്ഞു. പാട്ടൊക്കെ കഴിഞ്ഞ് ആട്ടുകട്ടിലിൽ ഇരിക്കുകയായിരുന്നു പ്രിയയും ഹരിയും. ” ടാ ഹരി… ” എന്താടീ.. ” ടാ നിന്റെ ഏട്ടൻ ശരിയ്ക്കും അടിപൊളിയാട്ടോ.. അങ്ങേരോട് എനിയ്ക്ക് ചെറുതായി ഒരിഷ്ടം ഒക്കെ തോന്നണ് ണ്ട്.. Amazing voice..!! ഏതോ ലോകത്തെന്നപോലെ പ്രിയ പറഞ്ഞു.

ഹരി ചാടിയെണീറ്റു… ” ടീ പ്രിയേ നീ കളിക്കല്ലേ.. ഏട്ടൻ അറിഞ്ഞാൽ എന്നെ വലിച്ച് കീറും.. നിന്നെ ഇങ്ങോട്ട് വിളിച്ചത് അവരെ ഒന്നിപ്പിക്കാനാ… അല്ലാതെ പുള്ളിയെ കേറി പ്രേമിക്കാനല്ല . “അല്ലെടാ ഈ പാർവ്വതി ഇല്ലായിരുന്നെങ്കിൽ ഉറപ്പായും ഞാൻ നിന്റെ ഏട്ടനെ പ്രപ്പോസ് ചെയ്തേനേ… പ്രിയ പുഞ്ചിരിയോടെ പറഞ്ഞു.. “മോള് നിർത്തിക്കോ.. നിന്നെ ഇന്ന് തന്നെ ഞാൻ പാക്ക് ചെയ്യും.. പെട്ടീം കിടക്കേം എടുത്ത് പോകാൻ നോക്ക്.. “പോടാ കൊരങ്ങാ.. അവൾ എണീറ്റ് പോയി. റൂമിലെത്തിയ പാർവ്വതി ജോലികളിലേക്ക് ശ്രദ്ധയൂന്നാൻ ശ്രമിച്ചെങ്കിലും അവൾ പരാജയപ്പെട്ടു. ജയ്കൃഷ്ണനും പ്രിയയും ഒരുമിച്ചുള്ള കാഴ്ച അവളുടെ നെഞ്ചിനെ നോവിച്ചു കൊണ്ടിരുന്നു. ” ജയ് സാർന് ന്തോ ഉണ്ടെന്ന് ന്റെ പൊട്ട ബുദ്ധിക്ക് തോന്നിയതാ.. സർ ഒന്ന് നോക്കുന്നു കൂടീല്യ… ഇങ്ങനൊരാൾ ഉണ്ടെന്നു പോലും സർ ഓർക്കണില്ല. പാർവ്വതി ജനലഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു.. അവളുടെ കണ്ണുകൾ ഈറനായി. പെട്ടെന്ന് ചെവിയ്ക്കരികിൽ ചെറുചൂടുതട്ടുന്ന പോലെ തോന്നിയപ്പോൾ പാർവ്വതി പുറകിലേക്ക് തിരിയാൻ ശ്രമിച്ചു.

പക്ഷെ അവൾക്കിരുവശവുമായി വന്ന രണ്ടു കൈകൾ ജനലഴികളിൽ പിടിച്ചു.. പാർവ്വതി അകത്ത് ലോക്കായ പോലെ ആയിപ്പോയി. കൈകൾ കണ്ടപ്പോൾ പാർവ്വതിയ്ക്ക് ആളെ മനസ്സിലായി .. ജയകൃഷ്ണൻ.. “പാർവ്വതി..” ജയ്കൃഷ്ണൻ ആർദ്രമായി അവളെ വിളിച്ചു. അവന്റെ ശ്വാസോച്‌ഛ്വാസത്തിന്റെ ചൂട് പാർവ്വതിയിൽ ചെറിയ കോരിത്തരിപ്പുണ്ടാക്കി.. അവൾ ചലനമില്ലാതെ അവനു വിധേയപ്പെട്ടു നിന്നു.. “എന്തിനാ പെണ്ണെ നീയെന്നെ വിഷമിപ്പിച്ചത്..? അവൻ മൃദുമായ ശബ്ദത്തിൽ ചോദിച്ചു. സർ… ഞാൻ… പാർവ്വതി വെപ്രാളപ്പെട്ടു. അവളുടെ നെഞ്ചിടിപ്പു കൂടി . “എന്തിനാ പാറു നീയെന്നെ അവോയ്ഡ് ചെയ്തേ… ഞാനനുഭവിച്ച വേദന നിനക്കറിയോടി പെണ്ണെ..? “അത്…. എനിക്ക് ….. പാർവ്വതിയുടെ ചുണ്ടുകൾ വിതുമ്പി. അവൻ ഒന്നു കൂടി അവളോട് ചേർന്നു നിന്നു. കാതോരമായി മന്ത്രിച്ചു.. “എനിയ്ക്ക് നിന്നെ ഇഷ്ടാ പാർവ്വതി.. ജീവിത കാലം മുഴുവൻ എനിക്ക് സ്നേഹിക്കാൻ … എന്നെ സ്നേഹിക്കാൻ … നിന്നെ എനിക്ക് വേണം പാർവ്വതി..!! എന്റെ പ്രാണനേക്കാളധികം ഇപ്പോ ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു.. പാർവ്വതിയുടെ ഹൃദയം സന്തോഷം കൊണ്ടു തുളുമ്പി “നിനക്കെന്നെ ഇഷ്ടല്ലേ പാറു.. ജയ്കൃഷ്ണന്റെ താടിമീശകൾ കഴുത്തിൽ തട്ടിയപ്പോൾ പാർവ്വതിയുടെ രോമകൂപങ്ങൾ എഴുന്നേറ്റു.

“എനിക്ക്… പാർവ്വതി വിക്കി.. “നീയൊന്നും പറയണ്ട പാർവ്വതി. നിന്റെ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം ഇപ്പോ.. നിന്റെ ഉള്ളിൽ ഞാൻ മാത്രമാണെന്ന് എനിയ്ക്കറിയാം.. നിന്റെ മുഖം കാണുന്നില്ലെങ്കിലും നിന്റെ കണ്ണിൽ ഇപ്പോ എന്നോടുള്ളത് പ്രണയമാണെന്നും എനിക്കറിയാം. “സാർർർ… അവൾ കരഞ്ഞു തുടങ്ങിയിരുന്നു.. “ഞാൻ ശ്രദ്ധിക്കാതിരുന്നപ്പോ എന്റെ പെണ്ണിന് സങ്കടം വന്നോ … മ്മ്.…. അവൾ തലതാഴ്ത്തി . “ഇനി നിന്നെ ഞാൻ ഒരിയ്ക്കലും സങ്കടപ്പെടുത്തില്ല പാറു…. പാർവ്വതിയ്ക്ക് ജയ്കൃഷ്ണന്റെ മുഖം കാണണമെന്ന് തോന്നി… പക്ഷെ അവളെ ഒന്നനങ്ങാനാവാത്തവിധം അവൻ ചേർത്തു നിർത്തിയിരുന്നു. “നിന്നെ വിട്ട് എനിയ്ക്കൊരു ജീവിതമില്ല പാറു.. ഒരു നിമിഷം പോലുമില്ല …. ഇന്നീ നിമിഷം മുതൽ നീ ഈ ജയകൃഷ്ണന്റെ പെണ്ണാ.. അവൻ അവളുടെ മുടിയിഴകൾ മൃദുവായി വകഞ്ഞു മാറ്റിക്കൊണ്ടു, കാതുകളിൽ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. “ജയ്കൃഷ്ണന്റെ മാത്രം പെണ്ണ് !! “ഇപ്പോ ഞാൻ പോവാ… പാർവ്വതി ഉൾപ്പുളകത്തോടെ സ്തബ്ദയായി നിന്നു. അവന്റെ ജനലഴികളിലെ പിടി അഴിഞ്ഞു. പാർവ്വതി സ്വതന്ത്രയായി.. ഒരു സ്വപ്ന ലോകത്തെന്ന പോലെ പാർവ്വതി അതേപടി നിന്നു. തുടരും ഈ പാർട്ടിൽ ഇച്ചിരി പഞ്ചാരയിട്ട് കലക്കീട്ട് അവരേം നിങ്ങളേം ലേശം ധൃതംഗപുളകിതരാക്കിയിട്ടുണ്ട് 🙈😍 അല്ലെങ്കിൽ ചിലപ്പോൾ നിങ്ങളിൽ ചിലർ ചോദിക്കില്ലേ “ഹേ സ്ത്രീയേ അവർക്കു നീ എന്തിനീ വരണ്ട പ്രണയം കൊടുത്തെന്ന് ..?? അതോണ്ടാ..😁 പുളകം ഇഷ്ടമല്ലാത്തവർ എന്നെ കല്ലെറിയട്ട