17/04/2026

താലിബന്ധനം : ഭാഗം 16

രചന – സെലുനിസു

 

അവർ യാത്ര പറഞ്ഞിറങ്ങി…..

നോക്കെത്താ ദൂരത്തോളം നാടിന്റെ കേരള തനിമ വിളിച്ചോതുന്ന പച്ച വിരിച്ചു കിടക്കുന്ന നെൽ പാടവും മഞ്ഞു തുള്ളി പറ്റി പിടിച്ചു കിടക്കുന്ന കുഞ്ഞു കുഞ്ഞു പുൽച്ചെടികളും പുഴയിൽ നിന്നൊഴുകുന്ന വെള്ളത്തിന്റെ കളകള ശബ്ദവുമെല്ലാം കണ്ടും കേട്ടും ആസ്വദിച്ചവർ അമ്പല നടയിലെത്തി…

കണ്ണടച്ച് ദേവിയെ തൊഴുതു നിക്കുന്നതിനിടയിൽ മണിയടിക്കുന്ന ശബ്ദം കേട്ടവർ കണ്ണ് തുറന്നു…

ലച്ചു മോളെ…. എന്തൊക്കെയുണ്ട് വിശേഷം…..

സുഖമായിരിക്കുന്നു തിരുമേനി….

ഉത്സവത്തിന് കൂടാൻ പറ്റിയില്ല അല്ലേ… എന്നും പറഞ്ഞു പൂജാരി അവൾക്ക് പ്രസാദം നീട്ടിയതും തെല്ലു സങ്കടത്തോടെ തലയാട്ടികൊണ്ടവൾ പ്രസാദം കയ്യിലേക്ക് വാങ്ങി….

സാരല്ല്യ..മോള് വിഷമിക്കണ്ട…അടുത്ത ഉത്സവം കൂടാൻ ദേവി അനുഗ്രഹിക്കട്ടെ…….മോളെ റിസൾട്ട്‌ ഇന്നലെ അല്ലായിരുന്നോ…

അതേ തിരുമേനി… ഫുൾ എ പ്ലസ് ഉണ്ട്….

ആണോ….. ഈശ്വരൻ മോളെ കൈവിടില്ല…നീ എവിടെ ഇരുന്ന് പ്രാർത്ഥിച്ചാലും ഈശ്വരനത് കേൾക്കും… അത്രക്ക് നല്ല കുട്ടിയല്ലേ മോള്….

തിരുമേനി…. വല്ലാതെ ഇവളെയങ് പുകഴ്ത്താതെ…. എന്നേം കൂടി ഒന്ന് പരിഗണിക്കെന്നേ…..

ഏഹ്… ഇത്…. ആരാ മോളെ.എന്ന് ഹരിയെ ചൂണ്ടി കാണിച്ചയാൾ ലച്ചുവിനെ നോക്കി ഒരു സംശയത്തോടെ ചോദിച്ചതും അവൾ ഹരിയെ ഒന്ന് നോക്കി പൂജാരിക്ക് നേരെ തിരിഞ്ഞു….

ഇത്… മാലു അമ്മായിടെ മോനാ തിരുമേനി…ഹരികൃഷ്ണൻ….മെഡിസിന് പഠിക്കുവാ….

ആ.. മോൻ ബാംഗ്ലൂർ എങ്ങാണ്ടോ അല്ലായിരുന്നോ….

ആ അതേ…

അഹ്… അമ്മ പറഞ്ഞായിരുന്നു..എപ്പോഴാ എത്തിയേ…

രണ്ട് ദിവസമായി…..

പരീക്ഷ കഴിഞ്ഞോ നിങ്ങടെ…അത് കഴിഞ്ഞിട്ട് വരുമെന്ന് അമ്മ പറഞ്ഞിരുന്നു….

ഇല്ലാ… കുറച്ചു ദിവസം കൂടേ കഴിയും…അതിനിടക്ക് ഒരു ലീവ് കിട്ടിയപ്പൊ വന്നതാ…. എന്നവൻ പറഞ്ഞതും ലച്ചു അവനെ ഒന്ന് തുറിച്ചു നോക്കി… അത് കണ്ടവൻ അവൾക്കൊന്ന് ഇളിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു …..

മ്മ്… പ്രാർത്ഥിച്ചോളു….. വിളിച്ചാൽ വിളി പുറത്തുണ്ടാവും ദേവി…. പരീക്ഷയൊക്കെ എളുപ്പമാവട്ടെ… മനസ്സിലെ എല്ലാ നല്ല ആഗ്രഹങ്ങളും സാധിച്ചെടുക്കാൻ കഴിയട്ടെ…എന്നും പറഞ്ഞു ഹരിയുടെയും ലച്ചുവിന്റെയും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു കൊണ്ട്…പൂജാരി അകത്തേക്ക് പോയതും ഹരിയും ലച്ചുവും പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു…..

ഇല ചീന്തീൽ നിന്നൊരു നുള്ളു പ്രസാദം കയ്യിൽ എടുത്തവൾ ഹരിയുടെ നെറ്റിയിൽ തൊട്ട് കൊടുത്തതും ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ തിരിച്ചവളുടെ നെറ്റിയിലും ചന്ദനം ചാർത്തി….അവന്റെ വിരൽ തുമ്പിന്റെ സ്പർശം നെറ്റിയിൽ പതിഞ്ഞതും അവളൊന്ന് കണ്ണ് ചിമ്മി തുറന്നു അവനെ നോക്കി ശേഷം ….ദേവിക്ക് നേരെ നോക്കി കൈ കൂപ്പി കണ്ണുകളടച്ചു….

ദേവി…ഒരുപ്പാട് നന്ദിയുണ്ട് എന്നെ വിജയിപ്പിച്ചതിന്…അത് പോലെ ഇന്നീ നിമിഷം ഞാൻ ഒരുപ്പാട് സന്തോഷവതിയാണ് .ഈ സന്തോഷം എന്നും നിലനിർത്തി തരണേ…നിനക്കറിയാലോ മനസ്സിലങ്ങനെ പ്രേത്യേകിച്ചു ആഗ്രഹങ്ങളോ സ്വപ്നങ്ങളോ ഒന്നും ഇല്ലാതെ ജീവിച്ചിരുന്നവളല്ലേ ഞാൻ….ഇന്നലെ വരെ എന്റെ ജീവിതം നീ തന്ന ആയുസ്സ് തീരുന്നത് വരെ എങ്ങെനെയെങ്കിലും തള്ളി നീക്കണമെന്നേ ഉണ്ടായിരുന്നുള്ളു…പക്ഷേ ഇപ്പൊ ഇരുട്ടിലേക്ക് പോയികൊണ്ടിരുന്ന എന്റെ ജീവിതത്തിലേക്ക് പ്രകാശത്തിന്റെ തിരി നാളം പോൽ ഹരിയേട്ടൻ വന്നപ്പോ…എന്തൊക്കെയോ പ്രതീക്ഷകളും മോഹങ്ങളും മനസ്സിൽ ഉടലെടുക്കുന്നുണ്ട്….അർഹിക്കാത്തതാണോ ആഗ്രഹിക്കുന്നത് എന്നെനിക്കറിയില്ല…. എങ്കിലും ഈ കുറഞ്ഞ സമയം കൊണ്ട് ഹരിയേട്ടൻ എന്റെ മനസ്സിൽ വലിയൊരു സ്ഥാനം നേടിയെടുത്തിട്ടുണ്ട്…. എന്നെ സങ്കടപ്പെടുത്തരുത് ദേവി…..ഹരിയേട്ടനെ എനിക്ക് തന്നെ തന്നേക്കണേ…എന്റെ ഇഷ്ട്ടം ഞാൻ അറിയിക്കാൻ പോവാ…..എന്ന് പ്രാർത്ഥിച്ചവൾ കണ്ണ് തുറന്നതും പെട്ടന്ന് മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ട് ബാക്കിലേക്ക് ഒന്ന് വേച്ചു പോയി…..

കൊറേ നേരമായല്ലോ…. എന്താ ഇത്രക്ക് പറയാൻ…..എന്നെ കുറിച്ച് വല്ലതും ആണോടി….

അതെന്തിനാ ഹരിയേട്ടൻ അറിയുന്നത്…അതൊക്കെ എന്റെ പേർസണൽ കാര്യമാ…

ഏഹ്… നിനക്കും പേഴ്സണലോ…

അതെന്താ എനിക്ക് വ്യക്തിത്വം ഇല്ലേ….

ഓ…. എന്റെ പൊന്നൂ…. ഞാനൊന്നും പറഞ്ഞില്ല…. തിരുവാ അടച്ചു വെച്ചോളൂ…. കാര്യങ്ങൾ പറഞ്ഞു തീർന്നെങ്കിൽ പോവായിരുന്നു….

ഹരിയേട്ടാ….ഞാനൊരു കാര്യം പറയട്ടെ..

ആ…. പറഞ്ഞോളൂ… അടിയൻ കേട്ടോളാം….

കളിയാക്കാതെ ഹരിയേട്ടാ… എന്നും പറഞ്ഞവൾ ചുണ്ട് ചുള്ക്കിയതും അവന് ചിരി വന്നിരുന്നു….

പറ പെണ്ണേ…. എന്താ….

കുറച്ചു നേരം നമുക്കാ ആൽത്തറയിലിരിക്കാം…
അതിനെന്താ വാ…. എന്നും പറഞ്ഞവൻ അവളുടെ കൈ പിടിച്ചു ആൽത്തറയിൽ കയറി ഇരുന്നു…..

എങ്ങനെ തന്റെ ഇഷ്ട്ടം അവനോട് പറയണമെന്നവൾക്കറിയില്ലായിരുന്നു… ഇത് വരെ തോന്നാത്തൊരു വിധം ടെൻഷനും പരവേശവും അവളിൽ വന്നു നിറയാൻ തുടങ്ങി….ആൽത്തറയിൽ വെച്ചിരുന്ന അവളുടെ കൈ വിരലുകൾ വിറക്കാൻ തുടങ്ങിയതും അത് കണ്ട ഹരി അവളുടെ മുഖത്തേക്കും കൈകളിലേക്കും മാറി മാറി നോക്കി വിറക്കുന്ന അവളുടെ കൈകൾക്കു മേൽ തന്റെ കൈ വെച്ചതും അവളൊന്ന് ഞെട്ടി അവനെ നോക്കി….

എന്ത് പറ്റി ലച്ചു… എന്താ മുഖം വല്ലാതിരിക്കുന്നത്….എന്നവൻ ചോദിച്ചതും അവൾ കൈ എടുത്ത് മാറ്റി… അടുത്തുള്ള അമ്പലക്കുളത്തിലേക്ക് നടന്നു…..

താമരമൊട്ടുകൾ നിറഞ്ഞു നിൽക്കുന്ന കുളത്തിലേക്ക് നോക്കി എന്തോ ആലോചിച്ചു നിക്കുന്ന ലച്ചുവിനെ കണ്ടതും അവളുടെ അരികിലേക്ക് നടന്നടുത്ത് അവളെ ചേർത്ത് പിടിച്ചതും അവളൊന്ന് പൊള്ളിപിടഞ്ഞു….

എന്തുവാടി പെണ്ണേ…. കൊറേ നേരായല്ലോ ഒന്നും മിണ്ടാതെ ഇങ്ങനെ…. എന്ത് പറ്റി നിനക്ക്….

ഹരിയേട്ടാ…… മരണം വരെ എന്നെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കൂടെ ഉണ്ടാവോ…….എന്നവൾ അവന്റെ കണ്ണിലേക്ക് നോക്കി ചോദിച്ചതും അവന്റെ മിഴികൾ വിടർന്നു വന്നു…..

കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനവളെ മിഴിച്ചു നോക്കി….

ലച്ചു…. എന്താ… എന്താ നീ പറഞ്ഞേ….എന്നവനൊരു പതർച്ചയോടെ ചോദിച്ചതും അവളവനിൽ നിന്നകന്ന് വെള്ളത്തിലേക്ക് നോക്കി….

പലവട്ടം ആലോചിച്ചു മനസ്സിൽ തോന്നിയ എന്റെ ഈ ഇഷ്ട്ടം പറയണോ വേണ്ടയോ എന്ന്….നിറം മങ്ങിയ തുടങ്ങിയ എന്റെ ഈ ജീവിത്തിലേക്ക് വർണങ്ങളാൽ ചായം പൂശാൻ എന്റെ മനസ്സറിഞ്ഞു കണ്ണൻ സമ്മാനിച്ച നിവേദ്യമായിരിക്കും ചിലപ്പോ ഹരിയേട്ടൻ…അല്ലെങ്കിൽ ഇത്ര വേഗത്തിൽ ഇത്രത്തോളം ആഴത്തിൽ എന്റെ മനസ്സിലേക്ക് ഹരിയേട്ടൻ ആഴ്ന്നിറങ്ങില്ലായിരുന്നു…ആഗ്രഹിക്കാൻ അർഹതയുണ്ടോന്ന് അറിയില്ല…. എങ്കിലും ചോദിക്കാ…ഹരിയേട്ടന്റെ താലിക്ക് അവകാശിയായിട്ട് ജീവന്റെ പാതിയായിട്ട് എന്നെ കൂടെ കൂട്ടുവോ എന്ന അവസാന വാക്ക് അവൾ അവന് നേരെ തിരിഞ്ഞു ചോദിച്ചതും സന്തോഷം കൊണ്ടവന്റെ കണ്ണ് നിറഞ്ഞു പോയിരുന്നു….

ഓടി ചെന്നവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് ചുംബനങ്ങളാൽ മൂടി…..

ഈ… ഹരികൃഷ്ണന്റെ താലിക്ക് അവകാശിയാവാൻ നിന്നേക്കാൾ യോഗ്യത മാറ്റാർക്കാടി….. എന്റെ ജീവനിൽ അവസാന ശ്വാസം നിലക്കും വരെയും ദേ ഇങ്ങനെ ചേർത്ത് പിടിക്കും നിന്നെ ഞാൻ…. അത്രക്ക് അത്രക്ക് ഇഷ്ട്ടമാടി പെണ്ണേ…. എന്റെ… എന്റെ പ്രാണനാ നീ എന്നും പറഞ്ഞവൻ അവളെ മുറുകെ ചേർത്ത് പിടിച്ചു…..

കുളത്തിന്റെ പടവിൽ തന്റെ പ്രാണനായവന്റെ ഹൃദയമിടിപ്പിന്റെ താളം ആസ്വദിച്ചവൾ ഒരു പൂച്ചകുഞ്ഞിനേ പോൽ അവന്റെ നെഞ്ചിൽ ഒതുങ്ങി കൂടി….

ലച്ചൂ….

മ്മ്….

ഞാനൊരു കാര്യം ചോദിച്ചാ പിണങ്ങുവോ നീ….

ഇല്ലാ… ഹരിയേട്ടൻ ചോദിച്ചോ….

ഇന്നലെ… നിനക്ക് വേണ്ടി അച്ഛനോടങ്ങനെ സംസാരിച്ചത് കൊണ്ടാണോ നീ ഇത്രയും വേഗം എന്നോട് ഇഷ്ട്ടം തുറന്ന് പറഞ്ഞത്…എന്നവൻ ചോദിച്ചതും അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തിയവൾ അവന്റെ മുഖത്തേക്ക് നോക്കി…..

ഒരിക്കലുമല്ല….. ചെറിയമ്മ പറഞ്ഞത് പോലെ ഹരിയേട്ടൻ ഇല്ലായിരുന്നുവെങ്കിൽ തുടർ പഠനം എന്ന എന്റെ ആഗ്രഹത്തിന് ഇന്നലെത്തോടെ തിരശീല വീണിരുന്നു…..അതോടൊപ്പം കഴുത്തിലൊരു താലിയും…അങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കിൽ എന്റെ ജീവിതത്തിന് ഒരു അർത്ഥമില്ലാതായി തീരുമായിരുന്നു…. അതിനെല്ലാം ഹരിയേട്ടനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നറിയാം…പക്ഷേ…എന്റെ ഇഷ്ട്ടം തുറന്ന് പറയാനുള്ള കാരണം അതല്ല….

കണ്ട ഉടൻ ഹരിയേട്ടൻ എന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോ….അതൊരു കളിയായിട്ട് പറഞ്ഞതാണെന്നേ ഞാൻ കരുതിയുള്ളൂ…. പക്ഷേ ആ ഒരു കരുതലിന് അധികം ആയുസ്സുണ്ടായിരുന്നില്ല….. ഹരിയേട്ടൻ അന്ന് ഈ ദേവിക്ക് മുന്നിൽ വെച്ച് പറഞ്ഞില്ലേ പുടവ തന്ന് എന്നെ സ്വന്തമാക്കിയിരിക്കുമെന്ന്…. അന്ന് ഞാൻ ഉറപ്പിച്ചതാ…. ഇനി ദേവിയുടെ മുന്നിൽ വരുന്നത് ഹരിയേട്ടന്റെ കൂടെയാവുമെന്ന്. അതോടൊപ്പം അന്ന് മനസ്സിൽ ഹരിയേട്ടനോട് ഇഷ്ട്ടം ഉണ്ടെങ്കിൽ ഈ അമ്പല മുറ്റത്തു വെച്ച് ഞാനത് പറയുമെന്നും….

അമ്പടി കള്ളി… അപ്പൊ ഒക്കെ പ്ലാൻ ചെയ്ത് വെച്ചിരിക്കുവായിരുന്നല്ലേ….എന്തായാലും അതിരാവിലെ എണീറ്റതിന് കാര്യം കിട്ടി…നേരത്തേ അറിഞ്ഞിരുന്നുവെങ്കിൽ ഒരു താലി കൂടി വാങ്ങിക്കായിരുന്നു… എന്നാ പിന്നെ ശാന്തി മുഹൂർത്തം കൂടെ കഴിഞ്ഞിട്ട് പോയാ മതിയായിരുന്നു. എന്നവനൊരു കള്ള ചിരിയാലെ അവളെ നോക്കി പറഞ്ഞതും അവന്റെ കയ്യിലൊന്ന് പിച്ചി വലിച്ചവൾ അവനെ തുറിച്ചു നോക്കി…….

ഔ… എന്താടി…..

പിന്നല്ല…. അമ്പലമുറ്റത്ത് വെച്ചാണോ വേണ്ടാത്തത് പറയുന്നേ….

വേണ്ടാത്തതോ….. ശാന്തി മൂഹൂർത്തം അടിസ്ഥാനപരമായൊരു കാര്യമല്ലേ എന്റെ ലച്ചു കുട്ടി…. എന്നും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്ന് തൊട്ടതും അവളാ കൈ തട്ടി മാറ്റി….

ചീ..ഞാൻ പോവാ…. എന്നും പറഞ്ഞവൾ പടവുകൾ കയറാൻ ഒരുങ്ങിയതും അവനവളുടെ കയ്യിൽ പിടിച്ചു അവന്റെ അരികിലേക്ക് വലിച്ചതും അവളവന്റെ നെഞ്ചിൽ തട്ടി നിന്നു…..

താങ്ക്സ് ഡീ പെണ്ണേ…. ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നുണ്ടിപ്പോ…. ഇപ്പൊ തന്നെ നിന്നെ എന്റേത് മാത്രമാക്കാൻ തോന്നുവാടി…..

അയ്യാ… ആദ്യം മോൻ പഠിച്ചു ഡോക്ടർ ആവ്…. എന്നിട്ട് നോക്കാം…

ഡോക്ടർ ആയിട്ടോ…. അതിനിനിയും വർഷങ്ങൾ കഴിയണ്ടേ…..

അതിനെന്താ അധികമൊന്നും ഇല്ലല്ലോ ഏറിയാൽ നാലു വർഷം അത്രേയല്ലേ ഒള്ളൂ….

അത്രയല്ലേ ഒള്ളൂന്നോ…. അത്രയും കാലമൊന്നും പിടിച്ചു നിക്കാൻ പറ്റില്ല മോളെ…. വേണേൽ രണ്ട് വർഷം നോക്കാം…. പിന്നെയുള്ള പഠിപ്പ് നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് മതി…..

നടപ്പില്ല മോനേ….ഈ കൈ കൊണ്ട് കെട്ടുന്ന താലി… അത് ഹരിയേട്ടന്റെ അച്ഛന്റെ പണം കൊണ്ടല്ല…. ഹരിയേട്ടൻ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് വേണം വാങ്ങാൻ…. മനസ്സിലായോ…

നീ ഇങ്ങനെ കടുത്ത തീരുമാനങ്ങളൊന്നും എടുക്കല്ലേ ലച്ചൂ…. രണ്ട് വർഷം മതിയെടി… തൽക്കാലം നമുക്ക് അച്ഛന്റെ പൈസ എടുക്കാം.. എന്നിട്ട് ഞാൻ ജോലി ചെയ്തിട്ട് കിട്ടുമ്പോ അക്കൗണ്ടിലേക്കിടാം അത് പോരെ….

രണ്ട് വർഷം കഴിഞ്ഞാ എനിക്ക് ഇരുപത് വയസ്സേ ആവൂ…. പെൺകുട്ടികളുടെ കല്ല്യാണ പ്രായം മറന്നു പോയോ ഹരിയേട്ടൻ….. എന്നവൾ ഒരാക്കിയ ചിരിയാലേ അവനെ നോക്കി പറഞ്ഞതും അവളെയൊന്ന് തുറിച്ചു നോക്കിയവൻ അവളിലുള്ള പിടി വിട്ട് വേഗത്തിൽ പടവുകൾ കയറി…..
അത് കണ്ടവളൊന്ന് ചിരിച്ചു കൊണ്ട് അവന്റെ പുറകെ ഓടി ചെന്നു…..

ഹരിയേട്ടാ…. ഒന്ന് പതിയെ പോ…. ഈ സാരിയും ഉടുത്തു എനിക്ക് സ്പീഡിൽ നടക്കാൻ പറ്റുന്നില്ല…..

സാരിയുടുക്കാൻ ഞാൻ പറഞ്ഞോ നിന്നോട്…. വഴി അറിയില്ലേ…. സാവധാനം വന്നാ മതി….

കഷ്ട്ടണ്ട്ട്ടോ…..മിണ്ടില്ല ഞാൻ…

കണക്കായി പോയി….

ഹരിയേട്ടൻ പൊക്കോ… ഞാൻ വരുന്നില്ല….

ആ… വരണ്ടാ….എന്നും പറഞ്ഞവൻ അവളെ നോക്കാതെ മുന്നിലേക്ക് നടന്നു നീങ്ങി….

കുറച്ചങ്ങെത്തിയതും അവളുടെ അനക്കമൊന്നും കേൾക്കാതിയിരുന്നപ്പോ ഹരി പുറകിലേക്ക് തിരിഞ്ഞു നോക്കിയതും അവിടെയൊന്നും അവളെ കാണാഞ്ഞത് കണ്ട് അവന്റെ ഉള്ളൊന്ന് കാളി…..

ദേവീ… എന്റെ പെണ്ണ്…. പുറകെ ഉണ്ടാവുമെന്ന് കരുതിയിട്ടാ…. നോക്കാതെ പോന്നത്…. എവിടെ പോയി….. എന്നെല്ലാം ആവലാതിയോടെ സ്വയം പറഞ്ഞവൻ മുന്നിലേക്ക് വേഗത്തിൽ നടന്നു….

ലച്ചൂ…. ലച്ചൂ… എവിടെയാ നീ…എന്നുറക്കെ വിളിച്ചവൻ പാടത്തൂടെ ഓടാൻ തുടങ്ങി….

പെട്ടന്ന്….. ലച്ചുവിന്റെ നിലവിളി കേട്ടതും അവനവളുടെ ശബ്ദം കേട്ടിടത്തേക്ക് പാഞ്ഞു….

പുഴയോരം ചേർന്ന് നിൽക്കുന്ന മാവിൽ നിന്ന് മാങ്ങ പറിച്ചെടുക്കാൻ നോക്കുന്നവളെ കണ്ട് ഹരി ദേഷ്യത്തോടെ അവളെ അടുത്തേക്ക് ചെന്ന് അവൾ നിന്നിരുന്ന കല്ലിൽ നിന്ന് വലിച്ചു അവളെ താഴേക്ക് നിർത്തി…..

മനുഷ്യനെ തീ.. തീറ്റിച്ചു അവൾ ഇവിടെ വന്നു മാങ്ങ പറിക്കുവാ….. ഒരൊറ്റ വീക്കങ്ങു തന്നാലുണ്ടല്ലോ എന്നും പറഞ്ഞവൻ അവൾക്ക് നേരെ കയ്യോങ്ങിയതും അവൾ തല ചെരിച്ചു കണ്ണുകൾ ഇറുക്കെ പൂട്ടി…..

ഡീ…..എന്നവന്റെ ഉച്ചത്തിലുള്ള വിളി കേട്ടവൾ കണ്ണ് തുറന്ന് അവനെ നോക്കി.

എന്താ….

സാരി ഉടുത്ത് നടക്കാൻ വയ്യാ…. കല്ലിൽ കൊത്തിപിടിച്ചു കയറാൻ പറ്റും അല്ലേ….

ആഹ്… പറ്റും എന്ത്യേ..ഹരിയേട്ടനിപ്പോ എന്തിനാ ഇങ്ങോട്ട് വന്നത് പൊക്കൂടായിരുന്നോ… എനിക്കെ വഴി അറിയാം…

ഡീ… നിന്നെ ഞാൻ എന്നും പറഞ്ഞവൻ അവളുടെ ചെവിയിൽ പിടിച്ചു തിരിച്ചതും അവൾ അവിടെ നിന്ന് തുള്ളാൻ തുടങ്ങി….

വിട്… ഹരിയേട്ടാ വേദനിക്കുന്നു….എന്നും പറഞ്ഞവൾ അവന്റെ കയ്യിനൊരു തട്ട് കൊടുത്ത് അവനെ തുറിച്ചു നോക്കി കാത് ഉഴിയാൻ തുടങ്ങി….

ഉണ്ടക്കണ്ണി….എന്നവൻ വിളിച്ചതും അവളവന് കൊഞ്ഞനം കുത്തി കാണിച്ചു അവനിൽ നിന്ന് മുഖം തിരിച്ചതും അവന് ചിരി വന്നിരുന്നു…

ഡീ…. വന്നേ പോവാം….

ഹരിയേട്ടൻ പൊക്കോ… ഞാൻ വന്നോളാം…

ദേ.. ലച്ചു…. വെറുതേ എന്നെ ദേഷ്യം പിടിപ്പിക്കരുത്….മര്യാദക്ക് കൂടെ വന്നോണം……

എനിക്കാ മാങ്ങ വേണം…

ഓ… പിന്നെ….വെളുപ്പാൻ കാലത്താ അവളൊരു മാങ്ങ…

ഇല്ലാ…. അത് കിട്ടാതെ ഞാൻ വരില്ല…

ചുമ്മാ… വാശി കാണിക്കാതെ പെണ്ണെ… മരത്തിൽ കയറാതെ അത് കിട്ടില്ല…ഈ വെള്ള തുണിയും എടുത്തോണ്ട് ഞാൻ എങ്ങെനെയാ അതിൽ കയറുന്നേ….. നിനക്ക് ഞാൻ വൈകുന്നേരം കടയിൽ പോവുമ്പോ വാങ്ങി കൊണ്ട് വരാം….

വേണ്ടാ.. അതിൽ മരുന്നൊക്കെ കുത്തി വെച്ചതാവും… എനിക്ക് ഫ്രഷ് മതി….

നിനക്ക് നിന്റെ…. എന്നവൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും….ലച്ചൂ എന്ന വിളി കേട്ട് അവർ തിരിഞ്ഞു നോക്കവേ…. അവരുടെ അടുത്തേക്ക് നടന്നു വരുന്ന മനുവിനെ കണ്ടവൾ ഹരിയെ ഇടം കണ്ണിട്ട് നോക്കിയതും അവൻ മനു വരുന്നിടത്തേക്ക് തുറിച്ചു നോക്കുന്നുണ്ടായിരുന്നു…….

തുടരും