19/04/2026

താലി ബന്ധനം : ഭാഗം 22

രചന – സെലുനിസു

അവൻ ഓടി ചെന്നവൾക്ക് മുന്നിൽ കയറി നിന്നു…

ഓ… ഈ പരിപാടി എന്ന് തുടങ്ങി….

എ..എന്ത് പരിപാടി…

ഈ… ഒളിഞ്ഞു നോട്ടവേ….

ആര് ഒളിഞ്ഞു നോക്കി….. ഞാൻ ചുമ്മാ ഇതിലെ പോയപ്പോ ഹരിയേട്ടൻ എന്താ ചെയ്യുന്നേ എന്നറിയാൻ വേണ്ടി വെറുതെ നോക്കിയതാ….

കളളം പറഞ്ഞാ കരണക്കുറ്റി നോക്കി ഒന്ന് തരും ഞാൻ എന്നും പറഞ്ഞവൻ അവൾക്ക് നേരെ കയ്യോങ്ങിയതും അവൾ കണ്ണു ചിമ്മി മുഖം പൊത്തി പിടിച്ചു….

ഡീ…. എവിടെടി നിന്റെ വാല്….എന്നവൻ ചോദിച്ചതും അടി വീണില്ലേ എന്ന് മനസ്സിൽ ഓർത്തു കൊണ്ട് മുഖത്തു നിന്ന് കയ്യെടുത്തവൾ
കണ്ണ് തുറന്നവനെ നോക്കി….

അവൾ താഴെയാ….

അങ്ങനെ വരാൻ വഴിയില്ലല്ലോ…. സത്യം പറഞ്ഞോ…..

സത്യവാ… ഹരിയേട്ടാ… അവൾ താഴെയാ..

ഹ്മ്മ്…. അപ്പൊ നീ ഒറ്റക്കാണ്…. സത്യം പറയെടി…. എന്തിനാ നീ എന്റെ മുറിയിലേക്ക് ഒളിഞ്ഞു നോക്കിയത്….ചുമ്മാ ആണെന്ന് പറയണ്ട… വിശ്വസിക്കില്ല….

അത്…. ഹരിയേട്ടാ…. പിന്നെ… ഞാൻ….

ബ്ബ ബ്ബ ബ്ബ അടിക്കാതെ കാര്യം പറയെടി കുരുട്ടെ…..

അത്….ഹരിയേട്ടനും ലച്ചു ചേച്ചിയും തമ്മിൽ ഇഷ്ട്ടത്തിലാണോ…..

നീ നേരത്തെയും ഇത് പോലൊന്നു ചോദിച്ചൂന്ന് കിച്ചു പറഞ്ഞല്ലോ…. എന്താടി കാര്യം….

അത് പിന്നെ ലച്ചു ചേച്ചിയോടുള്ള ഹരിയേട്ടന്റെ കെയറിങ്ങും ചേച്ചീടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാനുള്ള മനസ്സും പിന്നെ ഇപ്പൊ അമ്മായിയോടുള്ള സംസാരവും ഒക്കെ കൂടി നോക്കുമ്പോൾ ആർക്കായാലും അങ്ങനെ തോന്നുമല്ലോ….

ഓഹോ… എന്നിട്ട് കിച്ചുവിനും ഉണ്ടോ ഇങ്ങനൊരു തോന്നൽ…

ഏയ്‌…. അവൾക്ക് എന്തായാലും പ്രശ്നം ഇല്ലാ…. നിങ്ങൾ തമ്മിൽ നല്ല മാച്ച് ആണെന്നാ അവള് പറയുന്നേ….

ആ…. അവളല്ലേലും നിന്നെ പോലെ ബുദ്ധിയില്ലാത്തവളല്ല…..

ഹരിയേട്ടാ…..

നിന്ന് ചിണുങ്ങാണ്ട് പോടീ…..

എനിക്ക് മറുപടി കിട്ടിയില്ല…..

കൂടുതൽ ഇവിടെ നിന്നാ… മറുപടി ആവില്ല… കിട്ടാ…. നിന്നെ അറിയിക്കേണ്ട കാര്യങ്ങൾ ആണെങ്കിൽ അറിയിക്കും…. അതുവരെ മിണ്ടാതിരുന്നോണം…. പോടീ… ഒളിഞ്ഞു നോട്ടക്കാരി…. ഈ ഒരു ശ്രദ്ധ പഠിപ്പിൽ കാണിക്ക് വല്ല ഗുണവും ഉണ്ടാവും…..

ഓ…. ഞഞഞ..അപ്പൊ പറയില്ല അല്ലേ… ഇപ്പൊ ശരിയാക്കി തരാം…… നിങ്ങൾ തമ്മിൽ പ്രണയം ആണെങ്കിൽ ലച്ചു ചേച്ചിയേ ഹരിയേട്ടന് കിട്ടാതെ പോട്ടേ…..എന്നവൾ പറഞ്ഞു മുഴുവനാക്കാൻ നിന്നതും ഹരി കണ്ണ് തുറിച്ചവളെ നോക്കി പെട്ടന്ന് തന്നെ അവളുടെ വായ പൊത്തി പിടിച്ചു…..

പൊന്നു മോളെ ചതിക്കരുത്…. ആ തിരു വാ കൊണ്ട് അങ്ങനെ ഒന്നും പറയാതെടി….നീ കരിനാക്കിന്റെ രാഞ്ജിയാ….എന്നും പറഞ്ഞവൻ അവളുടെ വായേൽ നിന്ന് കയ്യെടുത്തതും അവളൊന്ന് തലയാട്ടി കൊണ്ട് ചിരിച്ചു….

അപ്പൊ ഞാൻ കരുതിയത് സത്യമാണല്ലേ….

മ്മ്… ആണ്….എന്നവൻ ഇളിച്ചോണ്ട് അവൾക്ക് മറുപടി നൽകിയതും അവളൊന്ന് തലയാട്ടി…..

കൊള്ളാലോ… രണ്ട് പേരും….എന്ന് തുടങ്ങിയതാ ഇത്…..

അതൊക്കെ എന്തിനാ നീ അറിയുന്നത്….

അറിയണമല്ലോ… എനിക്ക് ഒക്കെ അറിയണം…

പറയാൻ സൗകര്യമില്ലെങ്കിലോ….

അഹ്… അങ്ങനെയാണെങ്കിൽ എനിക്കിത് ഇപ്പൊ തന്നെ അമ്മായിയെ അറിയിക്കേണ്ടി വരും…..

ഇതാ നിന്നോടൊന്നും ഒന്നും പറയാത്തേ….

രഹസ്യമാക്കി വെക്കേണ്ട കാര്യമാണെങ്കിൽ ഈ ശ്രീയത് അങ്ങനെ തന്നെ മനസ്സിൽ വെക്കും…..അതാണ് ഞാൻ….

മ്മ്… ശരിയെന്നാ…. എനിക്കെ വിശക്കുന്നു…. എന്തെങ്കിലും കഴിച്ചിട്ട് വരാം എന്നും പറഞ്ഞവൻ മുന്നോട്ട് നടന്നതും അവൾ അവന്റെ കയ്യിൽ കയറി പിടിച്ചു….

അങ്ങനങ്ങു പോയാലോ….ഒക്കെ പറഞ്ഞിട്ട് പോയാ മതി….

അതിന് പറയാൻ മാത്രം  ഒത്തിരി ഒന്നും ഇല്ലെടി…..

വേണ്ടാ… ഉള്ളത് പറഞ്ഞാ മതി…..ഈ ബാല്യകാല പ്രണയമാണോ…

എന്റെ ശ്രീ…. എനിക്ക് അവളെ ഇഷ്ട്ടമാണെന്ന് ആണെന്ന് ഞാൻ അറിയുന്നത് ബാംഗ്ലൂരിൽ ചെന്നതിന് ശേഷമാ… മനസ്സിൽ തോന്നിയ ഇഷ്ട്ടം അവളോടൊന്ന് പറയണമെന്ന് ഉണ്ടായിരുന്നു.. വന്ന അന്ന് ഇവിടെ ആരും ഇല്ലാത്തത് കൊണ്ട് തന്നെ അതവളെ അറിയിച്ചു…ഇന്നലെയാ അവളെനിക്ക് പോസിറ്റീവ് ആയിട്ടുള്ളൊരു റിപ്ലേ തന്നത്…..അവളുടെ ആഗ്രഹങ്ങൾ നേടി കൊടുക്കുക എന്നത് ഇപ്പൊ എന്റെ കടമയാണ്.. അത് കൊണ്ട് ആരോട് വഴക്കടിച്ചിട്ടാണെങ്കിലും ഞനത് സാധിച്ചു കൊടുക്കും….എന്നവൻ പറഞ്ഞതും അവളൊന്ന് പുഞ്ചിരിച്ചെങ്കിലും പെട്ടന്ന് അവളുടെ മുഖത്തൊരു സങ്കടം വന്നു നിറഞ്ഞു….

എന്താടി നിന്റെ മുഖം പെട്ടന്ന് മാറിയത്….

ഹരിയേട്ടാ… അമ്മായി…. സമ്മതിക്കോ,.

അതൊന്നും ആലോചിച്ചു നീ ബുദ്ധിമുട്ടണ്ട…സമയം ആവുമ്പോ ഒക്കെ നടക്കും…..പിന്നെ ഇതിനി കൊട്ടിഘോഷിക്കണ്ടാ…. കിച്ചുവിനോട് എന്തായാലും നീ പറയുമെന്നറിയാം… മറ്റാരും അറിയണ്ട… കിച്ചുവിനോടും പറഞ്ഞേക്കത്….

മ്മ്…. പറയാം…

എങ്കി… താഴേക്ക് പൊക്കോ..

അപ്പൊ ഹരിയേട്ടൻ വരുന്നില്ലേ…. വിശക്കുന്നുണ്ടെന്ന് പറഞ്ഞിട്ട്…

ഞാൻ ലച്ചുവിനെ വിളിച്ചിട്ട് വരാം…. അവളും കഴിച്ചില്ല….

ലച്ചു ചേച്ചി താഴെ ഉണ്ടല്ലോ….

അവളെപ്പോ താഴേക്കിറങ്ങി……

ആ അതറിയില്ല…. ഞാൻ ഇങ്ങോട്ട് പോരുമ്പോ ലച്ചു ചേച്ചി അടുക്കളയിൽ ഉണ്ട്…..

മ്മ്… എന്നാ വാ പോവാം എന്നും പറഞ്ഞവൻ താഴേക്കിറങ്ങി നേരെ അടുക്കളയിലേക്ക് ചെന്നതും…. ലച്ചു  അവിടെ നിന്ന് പാത്രം കഴുകുന്നുണ്ടായിരുന്നു……

അടുക്കളയിൽ വേറെ ആരും ഇല്ലെന്ന് ഉറപ്പിച്ചവൻ ചിരിച്ചോണ്ട് അവളുടെ അടുത്തേക്ക് ചെന്ന് അരയിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തതും അവളൊന്ന് ഞെട്ടി കയ്യിൽ ഉണ്ടായിരുന്ന പാത്രം താഴേക്ക് വീണു….

എന്താ ലച്ചു….. എന്ന ശാരുവിന്റെ ശബ്ദം കേട്ടതും ഹരി വേഗം അവളിൽ നിന്ന് വിട്ട് കൊണ്ട് അടുക്കള വഴി പുറത്തേക്കോടിയതും ലച്ചു നെഞ്ചിൽ കൈ വെച്ചൊന്ന് ശ്വാസം വിട്ട് അമ്മ വരുന്നുണ്ടോന്ന് തിരിഞ്ഞ് നോക്കിയതും പുറകിൽ കണ്ണും തള്ളി നിക്കുന്ന ശ്രീയേ കണ്ടവൾ കണ്ണുകൾ ഇറുക്കി അടച്ചു വീണ്ടും മുന്നോട്ട് തന്നെ തിരിഞ്ഞു നിന്നു….

എന്റെ ദേവീ…. ശ്രീക്കുട്ടി….ഹരിയേട്ടൻ പിടിച്ചത് അവൾ കണ്ട് കാണും…. ശോ..
ഇനിപ്പോ എന്താ ചെയ്യാ…. എന്ന് മനസ്സിൽ പറഞ്ഞവൾ ഉമിനീരിറക്കി ശ്രീയേ നോക്കി വേണോ വേണ്ടയോ എന്ന മട്ടിലൊന്ന് ചിരിച്ചു കാണിച്ചു…..
അപ്പോഴേക്കും എന്താടി ഇവിടെ എന്നും ചോദിച്ചു ശാരു അങ്ങോട്ട് കയറി വന്നു….

അത്… അതമ്മാ… പ്ളേറ്റ് കഴുകിയപ്പോ കയ്യീന്ന് തെന്നിയതാ…..

നോക്കി ചെയ്തൂടെ നിനക്ക്…. അതെങ്ങെനെയാ… ആവിശ്യമുള്ളതിലൊന്നും ശ്രദ്ധയില്ലല്ലോ… എന്ന് ശകാരിച്ചു കൊണ്ട്
നിക്കുമ്പോഴാണ് ശാരു അവിടെ ശ്രീയേ കണ്ടത്….

ശ്രീ…. നീ എന്താ ഇങ്ങനെ നിക്കുന്നേ….എന്നും ചോദിച്ചു ശാരു അവളുടെ ചുമലിലൊന്ന് തട്ടി….

എന്താ…. എന്താ വല്ല്യമ്മേ…

നീ എന്താടി പന്തം കണ്ട പെരുച്ചാഴിയെ പോലെ നിക്കുന്നത്….എന്നവർ ചോദിച്ചതും അവൾ ലച്ചുവിനെ ഒന്ന് നോക്കി….

ഒന്നും പറയല്ലേ എന്ന് ചുണ്ട് കൊണ്ട് പറഞ്ഞവൾ തലയാട്ടിയതും ശ്രീ…. ഒന്നൂല്ല അമ്മായി… ഞാൻ പ്ളേറ്റ് ചാടിയ ശബ്ദം കേട്ട് ഞെട്ടിയതാ……… എന്നും പറഞ്ഞവൾ ലച്ചുവിന്റെ അടുത്തേക്ക് ചെന്നതും ശാരു ഒന്ന് മൂളിക്കൊണ്ട് അടുക്കളയിൽ നിന്ന് പോയി….

പെട്ടന്ന് ട്ടോ എന്നും പറഞ്ഞോണ്ട് ഹരി അവരുടെ മുന്നിലേക്ക് ചാടിയതും രണ്ട് പേരും ഞെട്ടിക്കൊണ്ടൊന്ന് ബാക്കിലേക്ക് നീങ്ങി….

ഡീ… ശ്രീ നീ ഇവിടെ ഉണ്ടായിരുന്നോ എപ്പൊ വന്നു… എന്നവൻ ചോദിച്ചതും അവൾ പല്ലിറുമ്പി അവനെ നോക്കി….

കല്ല്യാണം കഴിഞ്ഞു ഇവിടെ കിടന്ന് റൊമാൻസ് കളിക്കുമ്പോ എനിക്ക് സങ്കടമാവുംന്ന് അന്ന് ഹരിയേട്ടൻ പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല…. ഇതിപ്പൊ കല്ല്യാണം കഴിയുന്നതിനു മുൻപ് ഇങ്ങനെയാണേൽ കഴിഞ്ഞാൽ എന്താവും അവസ്ഥ… എന്റെ ദേവി ഇനി എന്തൊക്കെ കാണേണ്ടി വരുവോ എന്തോ….. എല്ലാം കാണാനുള്ള ശക്തി തരണേ ഈശ്വരാ….. കിച്ചൂ…. കിച്ചൂ നീ എവിടെയാടി ഇതൊന്നും കാണുന്നില്ലല്ലോ നീ…. എന്നെല്ലാം പറഞ്ഞവൾ അടുക്കളയിൽ നിന്ന് പോയതും ഹരി ലച്ചുവിനെ ഒന്ന് നോക്കി….

അവളെന്തൊക്കെയാടി പറഞ്ഞിട്ട് പോയത്…..

കുന്തം…. എന്നെ കൊണ്ട് പറയിപ്പിക്കരുത്…. ഹരിയേട്ടൻ ഇതെന്ത് ഭാവിച്ചാ…. ഇവിടെ നമ്മൾ മാത്രം അല്ല ഉള്ളത്….

ഏഹ്… അല്ലേ… ഞാൻ കരുതി നമ്മൾ മാത്രേ ഒള്ളൂന്ന്…എന്നവൻ അവളെ കളിയാക്കി പറഞ്ഞതും അവനെ ഒന്ന് തുറിച്ചു നോക്കി കൊണ്ടവൾ പാത്രം കഴുകുന്നതിലേക്ക് തിരിഞ്ഞതും അവൻ വീണ്ടും അടുത്തേക്ക് ചെന്ന്  അരയിലൂടെ കയ്യിട്ടവളുടെ തോളിൽ അവന്റെ മുഖം ചേർത്തതും അവൾ ഹരിയേട്ടാ…. എന്നും വിളിച്ചൊന്നു ചിണുങ്ങി….

എന്താടി…. ഇത്ര ദേഷ്യം……

പിന്നെ ദേഷ്യം വരാതിരിക്കോ… ശ്രീ… ഇപ്പൊ എല്ലാം കണ്ടില്ലേ….

എല്ലാം കാണാൻ അതിന് നമ്മൾ ഒന്നും ചെയ്തില്ലല്ലോ എന്നവൻ  ചിരിച്ചോണ്ട് പറഞ്ഞതും അവൾ തോളൊന്ന് ചെരിച്ചതും അവന്റെ മുഖം അവളുടെ ഷോൾഡറിൽ നിന്ന് തെന്നി…..

ഡീ…. കുറച്ചു കൂടുന്നുണ്ടേ….

ആ… ഉണ്ട്… എനിക്കല്ല…. ഹരിയേട്ടന്…. അമ്മ വന്നപ്പോ അവൾ എന്തെങ്കിലും പറയുമോന്ന് പേടിച്ചു ഞാൻ…..

ഡീ… പൊട്ടി അവളൊന്നും പറയില്ല… കാരണം പറയാൻ പാടില്ലാന്ന് അവൾക്കറിയാം….

ഏഹ് അതെന്താ….

നമ്മടെ എല്ലാ കാര്യവും അവൾക്കറിയാം എന്നവൻ പറഞ്ഞതും അവളൊരു ഞെട്ടാലോടെ അവനെ തിരിഞ്ഞു നോക്കി……

എന്റെ കൃഷ്ണാ…..അതാണോ അവൾ അങ്ങനെയൊക്കെ പറഞ്ഞത്….

അതേലോ….. എന്നും തുടങ്ങി അവളോട് എല്ലാം പറയാനുണ്ടായ കാരണവും അവൻ പറഞ്ഞതും അവളൊന്ന് ചിരിച്ചു കൊണ്ട് അവനെ നോക്കി…

അപ്പൊ… ഹരിയേട്ടന് പേടിയുണ്ട്…

എന്ത്…

എന്നെ കിട്ടിയില്ലെങ്കിലോ എന്ന്….

ഇല്ലാണ്ടിരിക്കോ….ഒരു മനുഷ്യന്റെ ജീവിതം പൂർണമാവുന്നത് ജീവനും ജീവിതവും അവന്റെ അടുത്ത് ഉണ്ടാവുമ്പോഴാ….. നീയാ ഇപ്പൊ എന്റെ ജീവൻ…അപ്പൊ ജീവിതം പൂർണമാവണമെങ്കിലും നീ കൂടെ വേണ്ടേ… ഇല്ലെങ്കിൽ വെറും ശരീരം മാത്രമാവില്ലേ ഞാൻ എന്നും പറഞ്ഞോണ്ട് അവളുടെ നെറ്റിയിൽ അവന്റെ നെറ്റി മുട്ടിച്ചവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ ചിരിച്ചോണ്ട് താഴോട്ട് നോക്കി നിന്നു…..

അതേയ്….. താഴോട്ട് നോക്കി നിൽക്കാതെ വല്ലതും കഴിക്കാൻ താടി എന്നും പറഞ്ഞവൻ അവളിൽ നിന്ന് വിട്ട് നിന്നതും അവൾ ഒന്ന് ചിരിച്ചോണ്ട്  കൈ കഴുകി പാത്രങ്ങളിൽ ആക്കി വെച്ചിരിക്കുന്ന ചോറും കറികളും എടുത്ത്  ടേബിളിൽ കൊണ്ട് പോയി വെക്കാൻ തുടങ്ങിയതും ഹരിയും അവളെ സഹായിച്ചു…..ഭക്ഷണം കഴിച്ചപ്പോഴെല്ലാം മാലു അവളെ രൂക്ഷമായി നോക്കുന്നത് മനസ്സിലാക്കിയതും അവൾ പെട്ടന്ന് ഭക്ഷണം കഴിച്ചു എഴുന്നേറ്റു…..

ഉച്ച മയക്കത്തിനായി എല്ലാവരും അവരുടെ മുറികളിലേക്ക് പോയതും… ഹരി ഫോൺ എടുത്തോണ്ട് ദാസിനെ വിളിച്ചു….

ഹലോ….

ആ ഹലോ….

എന്താടാ ദാസപ്പാ… നിന്റെ ശബ്ദത്തിനൊരു കട്ടി……

നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് എന്നെ ദാസപ്പാ എന്ന് വിളിക്കരുതെന്ന്….

അയ്യോ..മറന്നു പോയി ദാസപ്പാ…. ദാസപ്പാന്ന് വിളിച്ചു ശീലമായോണ്ട്….. ഇപ്പൊ നാവിൽ ദാസപ്പാ എന്ന് മാത്രേ വരുന്നുള്ളു ദാസപ്പാ…. ഇനിപ്പോ എന്താ ചെയ്യാ ദാസപ്പാ…..

ഡാ…. ഹരി….. ഓവർ ആക്കല്ലേ…. നിങ്ങടെ ഊര് ചുറ്റലൊക്കെ കഴിഞ്ഞോ….

ആ ഇന്നത്തെ കഴിഞു…. പിന്നെ നീ സന്ധ്യ ആവാൻ നേരം ഇങ്ങോട്ടൊന്നിറങ്…

ഞാൻ വരില്ലാ….

അതെന്താ….നമുക്ക് നൈറ്റ്‌ കൂടണ്ടേ….

അതൊന്നും ഇന്ന് നടക്കില്ല…. എനിക്ക് വേറെ പരിപാടിയുണ്ട്
….

ഏഹ്… അതെന്തോന്ന്…

അതൊക്കെ നിന്നോട് പറയുന്നതെന്തിനാ…. നീ എല്ലാം എന്നോട് പറഞ്ഞിട്ടാണോ ചെയ്യുന്നത്….

മോനേ….. ദാസപ്പോ…..നീ ട്രാക്ക് മാറ്റല്ലേ….. നിന്റെ ചിലവ് തരാതിരിക്കാനുള്ള ഈ അടവുണ്ടല്ലോ… അതീ ഹരീടെ അടുത്ത് നടക്കില്ല…..

ഈൗ…. അപ്പൊ മനസ്സിലായല്ലേ…..

നാണമുണ്ടോടാ….നിനക്ക്…

ഏയ്‌… അതില്ല….

ഉണ്ടാവില്ല…. ഓ… നിന്നെയൊക്കെ ആരാടാ ജോലിക്ക് എടുത്തേ…..

നിന്റെ അമ്മായി അപ്പൻ….അങ്ങേരെ എനിക്കൊന്ന് കാണണം….

അതെന്തിന്…..അല്ലെങ്കി അങ്ങേരുണ്ടെന്നറിഞ്ഞാ നീ ഈ പരിസരത്തുണ്ടാവാറില്ലല്ലോ….

അതൊക്കെ ഉണ്ട്….. മോനേ…. ഞാൻ സന്ധ്യ ആവാൻ നേരം അങ്ങോട്ട് വരാം…. നീ ഫോൺ വെച്ചോ…… എന്നും പറഞ്ഞു ഹരിയുടെ മറുപടിക്ക് കാക്കാതെ ദാസ് ഫോൺ വെച്ചു….

ഇവനിപ്പൊ അമ്മാവനെ കാണുന്നത് എന്തിനാവും…. ബുദ്ധിയില്ലാത്തവനാ ദേവി… ആ തിരുവായേന്ന് അബദ്ധത്തിൽ പോലും എന്റെയും ലച്ചുവിന്റെയും …..പേര് വരല്ലേ…. എന്ന് സ്വയം പറഞ്ഞവൻ ഫോൺ ടേബിളിലേക്ക് വെച്ച്…. ബെഡിലേക്ക് കിടന്ന് കണ്ണുകളടച്ചു…..

ഹരി….. ഹരി…. എന്തുറക്കവാ….. നിനക്ക് രാത്രി ഉറക്കമൊന്നുമില്ലേ എന്നും ചോദിച്ചു ദാസ് അവനെ തട്ടി വിളിച്ചതും ഉറക്ക ചടവോടെ അവൻ പതിയെ കണ്ണ് തുറന്നു…മുന്നിൽ പല്ലിളിച്ചോണ്ട് നിക്കുന്ന ദാസിനെ കണ്ടവൻ പെട്ടന്ന് തന്നെ കണ്ണുകൾ അടച്ചു തിരിഞ്ഞു കിടന്നതും ദാസ് അവന്റെ കൂടെ കിടന്ന് അവനെ ഇറുക്കി പിടിച്ചോണ്ട് ഹരിയുടെ കാലിന്മേൽ കാൽ കയറ്റി വെച്ചതും ഹരി പിടഞ്ഞെഴുന്നേറ്റു…..

അയ്യേ…. എന്താടാ നാറി…..

എന്താ…..

എന്റെ കൂടെ കിടക്കാൻ നീയെന്താ എന്റെ കെട്ടിയോളോ…

ഓ… കെട്ടിയോളെ മാത്രേ നീ കൂടെ കിടത്തൂ….. എന്ന് ദാസ് അവനോട് ചോദിച്ചതും അതേ സമയം ലച്ചു ഹരിയുടെ വാതിൽക്കലേക്ക് ചായയും കൊണ്ട് വന്നു…..

ചായ എടുത്തപ്പോഴേക്കും ദാസേട്ടൻ ഇങ്ങോട്ട് പോന്നോ…. ദേ ചായ…. എന്നും പറഞ്ഞവൾ അകത്തേക്ക് വന്നു ദാസിന് നേരെ ചായ നീട്ടിയതും ഹരി പെട്ടന്ന് എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്ത് നിന്ന് ചായ വാങ്ങി കുടിച്ചതും ദാസ് ഹരിയെ നോക്കി പല്ലിറുമ്പി…..

തുടരും…