25/05/2026

താലി ബന്ധനം : ഭാഗം 51

രചന – സെലുനിസു

തന്റെ സീമന്ത രേഖയിൽ അവൻ സിന്ദൂരം ചാർത്തിയതും അവൾക്ക്  ഹരിയുടെ വാക്കുകൾ ഓർമ വന്നു….

എന്റെ പെണ്ണ് ആഗ്രഹിച്ചത് പോലെ സ്വന്തം സമ്പാദ്യം കൊണ്ടൊരു താലി വാങ്ങി നിന്റെ കഴുത്തിൽ കെട്ടി. ഈ സീമന്ത രേഖ കട്ടിയിൽ ചുവപ്പിക്കും ഞാൻ….

അവൾ കണ്ണൊന്നു അടച്ചു തുറന്നു കൊണ്ട് നേരെ നോക്കിയതും ആൾക്കൂട്ടത്തിനിടയിൽ നിറമിഴികളോടെ തന്നെ നോക്കി നിൽക്കുന്ന ഹരിയെ കണ്ടവളുടെ ഉള്ളം വിങ്ങി…..

കണ്ണുകൾ പരസ്പരം കൊരുത്തതും അവൾക്കൊരു കുഞ്ഞ് പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൻ അവിടെ നിന്ന് അകന്ന് മാറി…..

ചടങ്ങുകളൊക്കെ കഴിഞ്ഞതും പിന്നെ ഫോട്ടോ എടുപ്പായിരുന്നു…..അത് കഴിഞ്ഞതും വിശ്വയുടെ പെങ്ങൾ ആണെന്നും പറഞ്ഞു കൊണ്ട് ഒരു മുപ്പതു വയസ്സ് തോന്നിക്കുന്നൊരു സ്ത്രീ വന്നു  അവളുടെ കൈ പിടിച്ചു ഡ്രസിങ് റൂമിലേക്ക് കൊണ്ട് പോയി…. ഉടുത്ത സാരി മാറ്റി കൊണ്ടവളെ പുറത്തിറക്കിയതും മുന്നിൽ തന്നെ പുച്ഛത്തോടെ നോക്കി നിൽക്കുന്ന ശ്വേതയെ കണ്ടവളുടെ തലയൊന്ന് താന്നു….

എന്തൊക്കെ ഡയലോഗ് ആയിരുന്നു…. ഇപ്പൊ നിനക്ക് മനസിലായില്ലേ… ഹരിയേട്ടൻ ശ്വേതക്കുള്ളതാണെന്ന്…നിന്നോടിപ്പോ എന്ത് പറഞ്ഞാലും നീ പ്രതികരിക്കില്ലെന്ന് എനിക്കറിയാം.. അത് കൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല…. മിസ്സിസ് വിശ്വജിത്ത് ചെന്നാട്ടെ എന്നവൾ ലച്ചുവിന്റെ കാതോരം ചെന്ന് പറഞ്ഞതും മിഴികൾ ഉയർത്തി കൊണ്ടവൾ അവളെയൊന്ന് നോക്കി അവിടെ നിന്ന് നടന്നകന്നു…..

പേരിനൊരു ഭക്ഷണം കഴിപ്പും കഴിഞ്ഞവർ പോവാൻ ഇറങ്ങാൻ നേരം അവൻ ലച്ചുവിന്റെ കൈ പിടിച്ചു കൊണ്ട് ഇപ്പൊ വരാമെന്നും പറഞ്ഞു വീടിനകത്തേക്ക് കയറി….

നിന്റെ ഫോൺ എവിടെയാടി…

മുകളിൽ…

മ്മ്… വാ…. എന്നും പറഞ്ഞവൻ മുകളിലേക്ക് കയറിയതും അവളും അവന്റെ കൂടെ ചെന്നു…..

അവളുടെ മുറിയിൽ നിന്ന് ഫോൺ എടുത്ത് അവന് നീട്ടിയതും അവനത് വാങ്ങി പോക്കറ്റിലേക്കിട്ടു…. എന്നിട്ട് നേരെ കണ്ട മുറിയിലേക്ക് കയറാൻ ഒരുങ്ങി…….

അത് ഹരിയേട്ടന്റെ മുറിയാ എന്നവൾ പറഞ്ഞതും അവനവളെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവളുടെ തോളിലൂടെ കയ്യിട്ട് അവനിലേക്ക് ചേർത്തു നിർത്തി വാതിൽ കാൽ കൊണ്ട് ചവിട്ടി തുറന്നു…..

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ബാൽക്കണിയിൽ നിന്നിരുന്ന ഹരിയും അവന്റെ കൂട്ടുകാരും തിരിഞ്ഞു നോക്കിയതും വിഷ്വയെയും ലച്ചുവിനെയും കണ്ട് ഒന്ന് അമ്പരന്നു….

ഹരി ലച്ചുവിനെ പിടിച്ചിരിക്കുന്ന വിശ്വയുടെ കയ്യിലേക്ക് നോക്കിയതും അവന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വേദന അനുഭവപ്പെട്ടു..,….

എല്ലാവരും ഉണ്ടല്ലോ… അത് നന്നായി…എന്നും പറഞ്ഞവൻ ലച്ചുവിന്റെ തോളിൽ നിന്ന് കയ്യെടുത്തു കൊണ്ട് അവളുടെ കവിളിലേക്ക് ആഞ്ഞടിച്ചതും ഹരി ഡാ… എന്നും വിളിച്ചു അലറി കൊണ്ട് അവന് നേരെ ചെന്നു അവന്റെ മുഖത്തിന്‌ നേരെ കയ്യോങ്ങിയതും വിശ്വ അവന്റെ കയ്യിൽ പിടിച്ചു..,..

എന്റെ ഭാര്യയെ ഞാൻ തല്ലിയതിന് നീ എങ്ങോട്ടാടാ ഉറഞ്ഞു തുള്ളി എന്നവൻ ചോദിച്ചതും ഹരിയുടെ കൈ ഒന്ന് അഴച്ചു കൊണ്ടവൻ ലച്ചുവിനെ നോക്കിയതും കവിളിൽ കൈ വെച്ച് കൊണ്ട് താഴേക്ക് നോക്കി നിക്കുവാണവൾ …..

ഇത് നിനക്കുള്ള അടിയാ… അവൾക്ക് കൊടുക്കുമ്പോ അത് നിനക്ക് എത്രത്തോളം വേദന ഉണ്ടാക്കുമെന്ന് എനിക്കറിയാം….. എന്നും പറഞ്ഞവൻ ഹരിയുടെ കൈ വിട്ടതും ഹരി അവനെ ഒന്ന് രൂക്ഷമായി നോക്കി….

ആണത്തം ഇല്ലാത്ത നിന്നെ പോലുള്ള നാറികൾക്ക് ഇങ്ങനെ തരം താഴ്ന്നു കളിക്കാനെ അറിയൂ… എന്ന് ഹരി പറഞ്ഞതും വിശ്വ പല്ലിറുമ്പി കൊണ്ട് വീണ്ടും ലച്ചുവിന്റെ കവിളിലേക്ക് അടിച്ചു….

അത് കണ്ട് ഹരി വിശ്വയെ തല്ലാൻ ഓങ്ങിയതും ദാസ് ഓടി ചെന്നവനെ പിടിച്ചു വെച്ചു…

അവൻ എന്തെങ്കിലും പറഞ്ഞോട്ടെ ഹരി… നീ തിരിച്ചു പറയും തോറും അത് ലച്ചുവിനെയാ ബാധിക്കുന്നേ എന്ന് ദാസ് പറഞ്ഞതും ഹരി കണ്ണടച്ച് പിടിച്ചു തന്നിലേ ദേഷ്യത്തെ നിയന്ത്രിച്ചു….

അങ്ങനെ പറഞ്ഞു കൊട് സാറേ..ഡാ…. ഞാൻ ആണത്തമില്ലാത്തവനാണോ അല്ലയോ അത് നിന്നെ ബോധിപ്പിക്കേണ്ട ആവിശ്യം എനിക്കില്ല…. നിനക്ക് ഓർമയുണ്ടോ ഞാൻ അന്ന് പറഞ്ഞത് വിശ്വ കൂടുതൽ സംസാരിക്കാറില്ല പ്രവർത്തിച്ചു കാണിക്കാറണ് പതിവെന്ന്… ആഗ്രഹിച്ചതെന്തും സ്വന്തമാക്കിയ ചരിത്രമേ എന്റെ ജീവിതത്തിലൊള്ളൂ….അപ്പൊ പോട്ടെ….കാണാം എന്നും പറഞ്ഞവൻ ലച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു മുറിയിൽ നിന്നിറങ്ങിയതും അവൾ ഹരിയെ ഒന്ന് തിരിഞ്ഞു നോക്കി… ആ നോട്ടം കാണാൻ വയ്യാതെ അവൻ തളർന്നത് പോൽ ബെഡിലേക്കിരുന്ന് കൊണ്ട് തല പിച്ചി വലിച്ചു…..

കോണിപ്പടികൾ ഇറങ്ങി താഴെ എത്തുമ്പോൾ അവരെയും കാത്ത് കിച്ചുവും ശ്രീയും അവിടെ നിൽപുണ്ടായിരുന്നു…..

ആഹാ… ആരിത്….എന്നും ചോദിച്ചു കൊണ്ട് വിശ്വ ലചിവിനെയും കൊണ്ട് അവർക്കരികിലേക്ക് ചെന്നു…..

വിശ്വേട്ടാ…..

എന്തോ…

ഞങ്ങടെ ചേച്ചി പാവമാ…സങ്കടപ്പെടുത്തരുത്….എന്നവർ പറഞ്ഞതും അവനൊന്ന് ചിരിച്ചു കൊണ്ട് ലച്ചുവിനെ ചേർത്ത് പിടിച്ചു….

നിങ്ങടെ ചേച്ചി പാവമാണെന്ന് എനിക്കറിയില്ലയോ…. അപ്പൊ ഞാൻ അവളെ ഇട്ട് കഷ്ടപ്പെടുത്തുമോ…… ഇവളെ എനിക്ക് ഭയങ്കര ഇഷ്ട്ടവാ… ഇനി സ്നേഹിച്ചു കൊല്ലും ഞാൻ ഇവളെ എന്നും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ തല ഉയർത്താതെ തന്നെ നിന്നു….

ചേച്ചി…. എന്ന് കിച്ചു വിളിച്ചതും അവൾ കരഞ്ഞു കലങ്ങിയ മിഴികൾ വെച്ച് അവരുടെ നേരെ നോക്കി….

അവളുടെ മുഖത്ത് ചുവന്നു കിടക്കുന്ന പാടുകൾ കണ്ടതും കിച്ചുവും ശ്രീയും പരസ്പരം നോക്കി….

ചേച്ചി ഇത് എന്നും പറഞ്ഞവർ അവളുടെ കവിളിൽ തൊട്ടതും അവളുടെ കണ്ണുകളിൽ മിഴി നീർ ഇരുണ്ട് കൂടി…

വിശ്വേട്ടാ… എന്താ ഇത്…

അത് നിങ്ങളെ ഹരിയേട്ടന് സന്ജോഷമായിക്കോട്ടെന്ന് വെച്ച് അവന്റെ മുന്നിൽ വെച്ച് ഞാൻ അവളെ ഒന്ന് സ്നേഹിച്ചതാ….അല്ലേടി എന്നും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കിയതും ലച്ചുവിനും ശ്രീക്കും കാര്യം മനസ്സിലായിരുന്നു..അവർ ദയനീയമായി ലച്ചുവിനെ ഒന്ന് നോക്കി കൊണ്ട് കെട്ടിപിടിച്ചു കരഞ്ഞു…..

മക്കൾ വിഷമിക്കാതെ ചേച്ചി ഇതൊക്കെ പ്രതീക്ഷിച്ചിട്ട് തന്നെയാ ഈ വിവാഹത്തിന് സമ്മതിച്ചത്….. പോയിട്ട് വരാം എന്നും മാത്രം പറഞ്ഞവൾ അവരെ തന്നിൽ നിന്ന് വേർപ്പെടുത്തി മുന്നോട്ട് നടന്നു…

ഉമ്മറത്ത് നിൽക്കുന്ന തന്റെ അച്ഛനെയും അമ്മയെയും കണ്ടവൾ അവരുടെ അടുത്തേക്ക് ചെന്നു….,.

നിങ്ങടെ സന്തോഷമേ ലച്ചു എന്നും ആഗ്രഹിച്ചിട്ടൊള്ളു…. പോവാ… ഇനി ഈ പടി കയറാൻ എനിക്ക് കഴിയില്ലെന്ന നല്ല ബോധ്യത്തോടെ ഇറങ്ങുവാ….. എന്നെ അനുഗ്രഹിക്കണം എന്നും പറഞ്ഞവൾ മാധവന്റെ കാലിൽ തൊട്ടു…വിറക്കുന്ന കൈകളാൽ അയാളവളുടെ തലയിൽ ഒന്ന് തൊട്ടതും  എഴുന്നേറ്റു നിന്നവൾ ഒരു പുഞ്ചിരിയോടെ മാധവനെ നോക്കി…. ശേഷം അമ്മക്ക് നേരെ തിരിഞ്ഞു…

അമ്മാ…. എനിക്ക്.. എനിക്ക് ഒരുമ്മ തരാവോ എന്നവൾ ചോദിച്ചതും  ശാരുവിന്റെ ഉള്ളൊന്ന് പിടഞ്ഞു….

പ്ലീസ് അമ്മാ….കൊതി കൊണ്ടാ… ഇനി നിങ്ങളെയൊക്കെ കാണാൻ പറ്റുമോന്ന് എനിക്ക് അറിയില്ല..അത് കൊണ്ട് അവസാന ചുംബനമായി കണക്കാക്കിയാ മതിയെന്നവൾ പറഞ്ഞതും ഒന്ന് വിതുമ്പി കൊണ്ടവർ അവളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് അകത്തേക്ക് കയറി പോയി…

അമ്മായി… ഞാൻ എന്ന ശല്ല്യം ഒഴിഞ്ഞു പോകുവാ… ഇനി എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കാം എന്ന് മാലുവിനോട് പറഞ്ഞവൾ മറുപടിക്ക് കാക്കാതെ
ചെറിയമ്മേ ചെറിയച്ചാ..എന്നും വിളിച്ചവൾ അവർക്കരികിലേക്ക് ചെന്നതും ശ്യാമ അവളെ ഒന്ന് ചേർത്ത് പിടിച്ചു….

മിനി വന്നില്ലല്ലേ സീതേച്ചി…..എന്നോട് ദേഷ്യമായി കാണും…. ഞാൻ ചോദിച്ചെന്ന് പറയണേ…. എന്നവൾ പറഞ്ഞതും അവർ നിറമിഴികളോടെ ഒന്ന് തലയാട്ടി കാണിച്ചു…..

മോളെ…. കവിളിൽ എന്ത് പറ്റിയതാ എന്നവർ ചോദിച്ചതും എല്ലാവരും ലച്ചുവിന്റെ മുഖത്തേക്കൊന്ന് നോക്കി….

അത് ഞാൻ വിവാഹം കഴിഞ്ഞ സന്തോഷത്തിൽ അവൾകിട്ടൊന്ന് കൊടുത്തതാ എന്ന് വിശ്വ ഒരു കൂസലില്ലാതെ പറഞ്ഞതും എല്ലാവരും ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കി…..

മതി പറഞ്ഞത് ഇറങ്ങി വാടി എന്നും പറഞ്ഞവൻ അവളെ കയ്യിൽ പിടിച്ചു വലിച്ചു കാറിലേക്ക് കയറ്റി…. വണ്ടിയിൽ ജോബിനും ഫാരിസും ഉണ്ടായിരുന്നു…..അവർ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ട് വണ്ടി മുന്നോട്ടേക്കെടുത്തു…….

ആ കൊച്ചിനോട് ഇങ്ങനൊരു ചെയ്തി വേണ്ടായിരുന്നു മാധവാ…. അതൊരു പാവമല്ലായിരുന്നോ…. ആ ചെക്കന്റെ സ്വഭാവം മോശമാണെന്നു ഇന്ന് തന്നെ മനസ്സിലായില്ലേ… പാവം എന്റെ ലച്ചു മോള് എന്നും പറഞ്ഞു കൊണ്ട് സീത അവിടെ നിന്നും ഇറങ്ങിയതും മാധവൻ തല താഴ്ത്തി കൊണ്ട് അകത്തേക്ക് കയറിപ്പോയി….

വിശ്വയുടെ വീടിനു മുന്നിൽ വണ്ടി നിർത്തിയതും  ഡോർ തുറന്നവൻ പുറത്തേക്കിറങ്ങി….

ഡീ…ഇറങ്ങാൻ ഇനി നിന്നോട് പ്രത്യേകം
പറയണോ എന്നും പറഞ്ഞവൻ ലച്ചുവിന്റെ സൈഡ് ഡോർ തുറന്നതും അവൾ വണ്ടിയിൽ നിന്നിറങ്ങി മുന്നോട്ട് നോക്കി…

ഭംഗിയിൽ പണി തീർത്ത ഒരു ഇരു നില വീട്… പെട്ടന്ന് അവന്റെ ചേച്ചി വന്നവളുടെ കൈ പിടിച്ചതും അവൾ അവരുടെ കൂടെ ചെന്നു….

അവന്റെ അമ്മ വന്നു നിലവിളക്ക് അവൾക്ക് നേരെ നീട്ടിയതും അവൾ അവരുടെ മുഖത്തേക്കൊന്ന് നോക്കി….ഒരു കുഞ്ഞ് പുഞ്ചിരി പോലും അവൾക്കാ മുഖത്ത്  കാണാൻ സാധിച്ചില്ല…

മ്മ്… കയറി വാ എന്നവർ ഗൗരവത്തോടെ പറഞ്ഞു വീടിനകത്തേക്ക് കയറി പോയതും അവന്റെ ചേച്ചിയും വിശ്വയുമെല്ലാം അവർക്ക് പുറകെ പോയി….

ചുറ്റിലും കൂടി നിക്കുന്നവരുടെ മുറുമുറുപ്പുകൾ കേട്ട് കൊണ്ടവൾ വലതു കാൽ വെച്ച് അകത്തേക്ക് കയറി….

ദാ… അവിടെയാണ് പൂജാമുറി… അങ്ങോട്ട് വെച്ചോളൂ….. എന്ന് ഒരു സ്ത്രീ പറഞ്ഞതും അവളൊന്ന് തലയാട്ടി കൊണ്ട് വിളക്കുമായി പൂജമുറിയിലേക്ക് ചെന്നു…. വിളക്ക് വെച്ച് അവൾ അവിടെ വെച്ചിരിക്കുന്ന ദൈവങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കി…

എല്ലാവരും കൂടെ എന്നെ പറ്റിച്ചില്ലേ…. ഇനി എനിക്ക് ഒന്നേ പറയാനുള്ളൂ…. ഈ ജീവൻ എത്രയും പെട്ടന്ന് തീർത്തേക്കണേ എന്ന്…. അതെങ്കിലും സാധിച്ചു തരണം എന്നും പറഞ്ഞവൾ മിഴികൾ നിറച്ചു.

കുട്ടീ… എന്നൊരു വിളി കേട്ടവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി….

ഇങ് വന്നേ….. എന്നും പറഞ്ഞവർ അവളെ വിളിച്ചതും അവളവർക്കരികിലേക്ക് ചെന്നു…

ഞാൻ രജനി…. ഇവിടെത്തേ ജോലിക്കാരിയാ….. മോളെ പേരെന്താ…

ലക്ഷ്മി പ്രിയ….ലച്ചൂന്നാ എല്ലാരും വിളിക്കാ….

ആ…. മോൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ….

കുറച്ച് വെള്ളം തരാവോ… എന്നവൾ ചോദിച്ചതും അവർ തലയാട്ടി കൊണ്ട് അടുക്കളയിലേക്ക് നടന്നു….

ഇതാ മോളെ… കുടിച്ചോ…. എന്നും പറഞ്ഞവർ ഒരു ഗ്ലാസ്‌ ജ്യൂസ് അവൾക്ക് നേരെ നീട്ടിയതും അവളൊരു ചിരിയോടെ അത് വാങ്ങി കുടിച്ചു…

മോൾ മുകളിലോട്ട് പൊക്കോ…മുകളിലെ രണ്ടാമത്തെ മുറിയ വിശ്വ കൊച്ചിന്റെ…..ഇവിടുത്തെ ഫങ്ക്ഷൻ വൈകീട്ടാ…… എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ….ജോലി ഉണ്ട് എന്നവർ പറഞ്ഞതും അവളൊന്ന് തലയാട്ടി കാണിച്ചു…..

ഡീ….. ഇങ്ങ് കേറിവാ എന്നും പറഞ്ഞു വിശ്വയുടെ ചേച്ചി അവളെ വിളിച്ചതും അവൾ മുകളിലേക്ക് കയറി…

ദാ…. അതാണ് മുറി….. ഡ്രസ്സൊക്കെ അവിടെയുണ്ട്..പോയി ഫ്രഷ് ആവ്…ആളുകളൊക്കെ ഇപ്പൊ എത്തി തുടങ്ങും എന്നും പറഞ്ഞവർ അവിടെ നിന്നു പോയതും അവൾ മുറിയിലേക്ക് കയറണോ വേണ്ടയോ എന്ന് ചിന്തിച്ചു അങ്ങനെ നിന്നു..

നീ ഇത് വരെ പോയില്ലേ….

പോവാ ചേച്ചി എന്നും പറഞ്ഞവൾ മുറിയുടെ ഡോർ തുറന്ന് വേഗം അകത്തേക്ക് കയറി…അവിടം ആകെമാനം ഒന്ന് വീക്ഷിച്ചു.തന്റെ മുറിയുടെ രണ്ട് ഇരട്ടി വലിപ്പമുണ്ട്…കൂടുതൽ നേരം അങ്ങനെ നിക്കാതെ അവൾ കബോർഡിൽ നിന്ന് കിട്ടിയൊരു ഡ്രസ്സും എടുത്ത് ബാത്‌റൂമിലേക്ക് കയറി…..

കുളിച്ചു കഴിഞ്ഞ് ഇറങ്ങിയതും വിശ്വയുടെ ചേച്ചി വന്നവളുടെ കയ്യിലൊരു കവർ കൊടുത്തു…

ഇത് ഇട്ടാ മതിയെന്നാ വിശ്വ പറഞ്ഞത്….

ചേച്ചി..

മ്മ്..

ചേച്ചിക്ക് എന്നെ ഇഷ്ട്ടമായില്ലേ…

ഇല്ലെന്ന് ഞാൻ പറഞ്ഞോ….

ഇല്ലാ…. ചേച്ചി എന്നോട് ശരിക്കൊന്നും മിണ്ടിയില്ലല്ലോ അതാ ചോദിച്ചേ…..

നീ ഇപ്പൊ വന്നു കയറിയതല്ലേ ഒള്ളു…. അപ്പോഴേക്കും എന്നെ ചോദ്യം ചെയ്ത് തുടങ്ങിയോ….

അയ്യോ… ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല…

നീ എന്ത് ഉദ്ദേശിച്ചാലും വേണ്ടിയില്ല… എന്നെ ചോദ്യം ചെയ്യാൻ വരരുത് എന്നും പറഞ്ഞവർ അവളെ ഒന്ന് കൂർപ്പിച്ചു നോക്കികൊണ്ട് പുറത്തേക്ക് പോയതും അവളൊന്ന് നെടുവീർപ്പിട്ട് കൊണ്ട് കയ്യിൽ ഉള്ള പാക്ക് തുറന്നു നോക്കിയതും അതിലെ ഡ്രസ്സ്‌ കണ്ടവളുടെ നെറ്റി ചുളിഞ്ഞു…..

 

തുടരും..