18/04/2026

താലി ബന്ധനം : ഭാഗം 11

രചന – സെലുനിസു

അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടാൻ തുടങ്ങി…

ഡോറിനടുത്തു എത്തിയതും അവളൊന്ന് സംശയിച്ചു നിന്നു… പിന്നെ ഏന്തി വലിഞ്ഞു അകത്തേക്ക് നോക്കിയതും മുറിയിൽ ഹരി ഇല്ലെന്ന് ഉറപ്പായതും അവൾ നെഞ്ചിൽ കൈ വെച്ച് അകത്തേക്ക് കയറി… വെള്ളം കൊണ്ട് പോയി ടേബിളിൽ വെച്ച് തിരിയവേ ഡോറിന്റെ അടുത്ത് കയ്യും കെട്ടി തന്നേ രൂക്ഷമായി നോക്കി നിൽക്കുന്ന ഹരിയെ കണ്ടവളുടെ ഉള്ളൊന്ന് കാളി….

അവൻ അടുത്തേക്ക് വരും തോറും അവൾക്ക് എന്തൊക്കെയോ പരവേശം തോന്നാൻ തുടങ്ങി….. ഉടുത്തിരുന്ന ദാവണി തുമ്പ് കയ്യിൽ ഇട്ടവൾ ഞെരിക്കാൻ തുടങ്ങി…..

ഡീ……എന്താ നിന്റെ പ്രശ്നം….

എ… എന്ത് പ്രശ്നം…. എനിക്കൊരു പ്രശ്നോം ഇല്ലാ…. എന്നവൾ അവനെ നോക്കാതെ പറഞ്ഞതും അവന് ദേഷ്യം വന്നിരുന്നു…..

ഒന്നും ഇല്ലാഞ്ഞിട്ടാണോടി നീ മുഖവും വീർപ്പിച്ചോണ്ട് നടക്കുന്നത്….എന്നും പറഞ്ഞവൻ ഒച്ചയിട്ടതും അവൾ കണ്ണ് ഇറുക്കി പിടിച്ചു….. അത് കണ്ടവൻ കൈ ചുരുട്ടി പിടിച്ചു അവനിലെ ദേഷ്യം നിയന്ത്രിച്ചു…..

ലച്ചൂ…… എന്നവൻ പതിയെ വിളിച്ചതും അവൾ മുഖം ഉയർത്തി അവനെ നോക്കി…..

പറ… എന്തിനാ നീ എന്നോട് മിണ്ടാതിരിക്കുന്നത്….. ദാസിനോട് ഞാൻ എല്ലാ കാര്യവും പറഞ്ഞത് കൊണ്ടാണോ….

അല്ല……എനിക്കറിയാം ദാസേട്ടനോട് ഹരിയേട്ടൻ ഒന്നും മറച്ചു വെക്കില്ലാന്ന്…..

പിന്നെ….. പിന്നെന്താ നിനക്ക്…കൊറേ നേരായല്ലോ നീ എന്നെ കാണാത്ത പോലെ നടക്കുന്നു…..

അത്…. അത് പിന്നെ…

ബ്ബബ്ബബ്ബ അടിക്കാതെ കാര്യം പറയെടി….

ഹരിയേട്ടൻ ഫോണിലൂടെ ആർക്കാ ഉമ്മ കൊടുത്തത്…..എന്നവൾ പരുങ്ങി കൊണ്ട് താഴേക്ക് നോക്കി ചോദിച്ചതും അവൻ പൊട്ടിച്ചിരിച്ചു… അത് കണ്ട് അവൾ പല്ലിറുമ്പി അവിടെ നിന്ന് പോവാൻ നോക്കിയതും അവനവളെ കയ്യിൽ പിടിച്ചു വലിച്ചു അവന്റെ മുന്നിലേക്ക് നിർത്തി….

അങ്ങനങ് പോയാലോ….നീ അത് കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു… വല്ല്യ കാര്യമായിട്ട് മനസ്സിൽ കയറ്റി വെച്ചിട്ടുണ്ടാവുമെന്ന്….. എടി പെണ്ണേ… അതെന്റെ ഫ്രണ്ടാ നിഷ….

ഫ്രണ്ടോ…..

ആ ഫ്രണ്ട് എന്ത്യേ ആ വാക്ക് കേട്ടിട്ടില്ലേ നീ …..ഉണ്ടാവില്ല… കാരണം നിനക്ക് ആകെ കൂട്ട് സീതേച്ചീടെ മോൾ മിനിയല്ലേ….

ആ…. എനിക്ക് അവളെ ഒള്ളു…അല്ലാതെ ഉമ്മ വെക്കുന്ന ഫ്രണ്ട്സ് ഒന്നും ഇല്ലാ….ഉണ്ടാവേം വേണ്ടാ…..കണ്ണിൽ കണ്ട പെൺകുട്ടികളെയൊക്കെ ഉമ്മ വെക്കാൻ നടക്കുന്നു…..

അതിനെന്താ പ്രശ്നം…നീ ഒക്കെ ഓൾഡ് വാതിയാടി….അവൾ മാത്രം അല്ല…. വേറെ രണ്ട് പേരും കൂടി ഉണ്ട് എനിക്ക് ഫ്രണ്ട്സായിട്ട്…അനിൽ കിരൺ….ഞങ്ങൾ നാലും കട്ട ചങ്ക്സ് ആ…ഉമ്മ വെക്കും കെട്ടിപ്പിടിക്കും ചില ദിവസം ഒരുമിച്ചു കിടക്കേം ചെയ്യും……

അയ്യേ…. ആ പെണ്ണിന്റെ കൂടെയോ.അവൾക്ക് നാണമില്ലേ …ശീ….

എന്തോന്ന് ശീ….. എടി പൊട്ടി… ഒരാണും പെണ്ണും ഒരുമിച്ച് നടന്നാലോ ഇരുന്നാലോ കിടന്നാലോ….അതിന് നാണം തോന്നേണ്ട ആവിശ്യം ഒന്നൂല്ല.ഇതിനൊക്കെ നിങ്ങൾ കരുതും പോലെ ഒരർത്ഥം മാത്രം അല്ല ഉള്ളത്… അതിനപ്പുറം ഒരു ലോകം ഉണ്ട്… സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്ന ഒന്ന് വീണാൽ ചേർത്ത് പിടിക്കുന്ന ഏത് ബന്ധങ്ങളെക്കാളും പവറുള്ള ഒന്ന് സൗഹൃദം……നിനക്കില്ലാത്തതും എനിക്കുള്ളതും അതാ….. ഫ്രണ്ട്‌സ്….

ഓഹ്… ആയിക്കോട്ടെ…. എന്താന്ന് വെച്ചാ ചെയ്യ്…..എനിക്കെന്താ..

ഓ ….. ഒരു പാവം. ഇതിനാണോടി നീ ഇത്രയും നേരം മോന്തേം കയറ്റി വെച്ച് നടന്നിരുന്നത്. കഷ്ട്ടം…. ഒന്നൂല്ലെങ്കിലും നീയൊക്കെ ഈ തലമുറയിൽ പെട്ടവളല്ലെടി….. എന്നിട്ട് അവൾ അമ്മൂമ്മയ്ക്ക് പഠിക്കാ……പൊട്ടി… എന്നും പറഞ്ഞവൻ അവളുടെ തലയിൽ ഒരു മേട്ടം കൊടുത്തതും അവൾ തല ഉഴിഞ്ഞു അവനെ കൂർപ്പിച്ചു നോക്കി….

ഉണ്ടക്കണ്ണും വെച്ച് നോക്കി പേടിപ്പിക്കാതെടി…. കുത്തി പൊട്ടിക്കും ഞാൻ….

ഓ… പിന്നെ… ഇങ്ങു വാ….

വരട്ടെ ….

ചീ….ഞാൻ പോവാ…..

ആ… പോവല്ലേ…. ഇപ്പൊ നിന്റെ പിണക്കം മാറിയോ…..

മ്മ്….

ലച്ചൂ…..

മ്മ്…..

ഇങ്ങനെ മൂളാതെ വാ തുറക്കെടി….

എന്താ….

എന്ത് കാര്യമാണേലും എന്നോട് തുറന്ന് ചോദിക്കണം കേട്ടോ… നീ മിണ്ടാതിരിക്കുമ്പോ മനസ്സിനകത്ത് ഒരു നീറ്റലാ.. ……എന്നവൻ പറഞ്ഞതും അവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു….

എന്നാടി നിന്റെ വായേന്ന് എന്നെ ഇഷ്ടമാണെന്നുള്ളൊരു വാക്ക് കേൾക്കാ….

ഇഷ്ടമാണെങ്കിൽ അല്ലേ അങ്ങനെ ഒന്ന് പറയേണ്ടതൊള്ളൂ…

ലച്ചു മോളെ…ദേ….. ഞാൻ അടുത്ത് വരുമ്പോഴുള്ള നിന്റെ പരവേശവും നിന്നോട് ദേ ഇങ്ങനെ ചേർന്ന് നിൽക്കുമ്പോ താളം തെറ്റുന്ന ഹൃദമിടിപ്പും മാത്രം മതിയെടി ഈ മനസ്സിൽ ഹരികൃഷ്ണനോട്‌ പ്രണയമുണ്ടെന്ന് മനസ്സിലാക്കാൻ…..എന്നവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…..

ഓ…. പിന്നെ….. എനിക്കൊരു പരവേശവുമില്ല…. താളം തെറ്റി എന്റെ ഹൃദയം മിടിക്കുന്നുമില്ല….. ചുമ്മാ വേല ഇറക്കല്ലേ എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിൽ പിടിച്ചു പുറകോട്ട് തള്ളി പിന്തിരിഞ്ഞു മുറിയിൽ പുറത്തേക്ക് ഇറങ്ങി…..

ലച്ചൂ…. എന്നവന്റെ വിളിയിൽ അവളൊന്ന് തിരിഞ്ഞു നോക്കി പുരികം പൊക്കി എന്താന്ന് ചോദിച്ചു…..

ഇന്നിവിടെ കൂടിയാലോ എന്നും പറഞ്ഞവൻ ബെഡിൽ നിന്ന് പില്ലോ എടുത്ത് മാറോടണക്കി പിടിച്ചതും…… അവൾ അവനെ ഒന്ന് തുറിച്ചു നോക്കി അവന്റെ വാതിൽ ചാരി തന്റെ മുറിയിലേക്ക് കയറി……..

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാ ദേവി അവളെ തിരിഞ്ഞു പോലും നോക്കിയില്ല….. കണ്ണടച്ചാൽ തെളിയുന്ന ഹരിയുടെ കള്ള നോട്ടവും ചിരിയും അവളുടെ ഉറക്കം കളഞ്ഞെന്ന് പറയാം……
പുലർച്ചെ എപ്പഴോ അവളൊന്ന് കണ്ണ് ചിമ്മി……

ലച്ചു ചേച്ചി ലച്ചു ചേച്ചി…… എന്തുറക്കവാ….ഇന്നലെ കക്കാൻ പോയിരുന്നോ എന്ന കിച്ചുവിന്റെ ചോദ്യം കേട്ടതും ലച്ചു ഞെട്ടി എണീറ്റു…..

പുറത്തേക്ക് നോക്കിയ അവളുടെ കണ്ണുകൾ മിഴിഞ്ഞു…

ന്റെ കൃഷ്ണാ…. നേരം ഒത്തിരി ആയോ….

ഏയ്‌….. വെറും ഒൻപതു മണി….

ഒൻപതോ…… എന്നിട്ട് എന്താ എന്നെ ആരും വിളിക്കാഞ്ഞേ…..

അവർക്കാർക്കും പടി കയറാൻ വയ്യാ പോലും…. വേഗം റെഡിയായി താഴേക്ക് ചെല്ല്…. ചേച്ചിയെ ചട്ടിയിലിട്ട് വറുക്കാൻ കാത്തിരിക്കുവാ എല്ലാവരും…. എന്നും പറഞ് അവൾ പോയതും ലച്ചുവിന് താഴേക്ക് ഇറങ്ങാൻ പേടി തോന്നി….

കൂടുതൽ ചിന്തിച്ചു നിൽക്കാതെ അവൾ പെട്ടന്ന് കുളിച്ച് റെഡിയായി….താഴേക്കിറങ്ങി…… ഹാളിൽ സംസാരിച്ചിരിക്കുന്ന അച്ഛനെയും ചെറിയച്ഛനെയും കണ്ടതും അവൾ അവര് കാണാതെ അടുക്കളയിലേക്ക് പോവാൻ ഒരുങ്ങി….

ലച്ചു ഒന്നവിടെ നിന്നേ…. എന്ന അച്ഛന്റെ ഗൗരവത്തോടെ ഉള്ള വിളി കേട്ടതും അവളുടെ കാലുകൾ ചങ്ങലയിട്ടപ്പോൽ നിന്നു….വർധിച്ച ഹൃദയമിടിപ്പോടെ അവൾ തിരിഞ്ഞു നോക്കി……

സമയം എത്ര ആയി എന്നറിയുവോ നിനക്ക്….എന്ന് മാധവൻ ചോദിച്ചതും അവളുടെ കണ്ണുകൾ ചുമരിൽ തൂക്കി വെച്ചിരിക്കുന്ന ക്ലോക്കിലേക്ക് പോയി….

ഒ…. ഒൻപതെ മുക്കാൽ……

ഇത്രയും നേരം പെൺകുട്ടികൾ കിടന്നുറങ്ങാവോ……

ക്ഷമിക്കണം അച്ഛാ…നേരം വെളുത്തത് അറിഞ്ഞില്ല…..ഉറങ്ങിപ്പോയി.

രാത്രി ഉറങ്ങാതെ കണ്ണിൽക്കണ്ട ബുക്കും വായിച്ചിരിക്കും അവൾ….. എന്നിട്ട് നേരം പുലർന്നതും അറിയാതെ പോത്ത് പോലെ ഉറങ്ങുന്നു…. ഇതൊന്നും ഈ തറവാടിന് ചേർന്നതല്ല പറഞ്ഞേക്കാം ഞാൻ….

അതെങ്ങനെ ശരിയാവും വല്ല്യമ്മാവാ….ഇവൾ ചെയ്യുമ്പോ മാത്രം ഉള്ളതാണോ ഈ ചേരാത്ത പരിപാടി.കിച്ചുവും ശ്രീയും എന്നും എഴുന്നേൽക്കുന്ന സമയം ഇതാണല്ലോ ….. അവർക്കിതൊന്നും ബാധകമല്ലേ…..

ഹരി…. നീ ഈ കാര്യത്തിൽ ഇടപ്പെടണ്ട…..

അതെന്താ ഞാനീ വീട്ടിലുള്ളതല്ലേ…..

ഹരിക്കുട്ടാ….മിണ്ടാതിരിക്ക്…..

എന്തിന് മിണ്ടാതിരിക്കണം…. തെറ്റ് കണ്ടാൽ അത് ചൂണ്ടി കാണിക്കാനും പ്രതികരിക്കാനും എന്റെ അച്ഛൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്…. എന്നും സൂര്യനുദിക്കും മുൻപ് എണീക്കുന്നവളല്ലേ ഇവൾ….. എന്നിട്ട് ഇന്നൊരു ദിവസം കുറച്ചു വൈകിയപ്പോ അതിന് ഇങ്ങനെ വിചാരണ ചെയ്യണോ….ശ്രീയേയും കിച്ചുവിനേയും പോലെ തന്നേ ഇവൾക്കും ഇവിടെ അവകാശം ഇല്ലേ…. അതോ ഇനി ലക്ഷ്മി പ്രിയ തെക്കേടത്തേ അല്ലേ…. എന്ന ഹരിയുടെ ചോദ്യം കേട്ടതും എല്ലാവരും ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി…..

ഹരി…. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം….

അത് അമ്മാവനും ആവാം…ദേ കണ്ടോ എന്ത് പറഞ്ഞാലും അവളെങ്ങനെ കണ്ണും നിറച്ചു ഒന്നും മിണ്ടാതെ പോവുന്നത് അവൾക്ക് സംസാര ശേഷി ഇല്ലാഞ്ഞിട്ടല്ല…. നിങ്ങൾക്ക് അത്രയും ബഹുമാനം തരുന്നത് കൊണ്ടാ…. അത് മനസ്സിലാക്കാൻ എല്ലാവരും ഒന്ന് ശ്രമിക്കുന്നത് നല്ലതാ…..
എന്നവൻ പറഞ്ഞതും മാധവൻ ഒന്നും മിണ്ടാതെ അവനെ ഒന്ന് തുറിച്ചു നോക്കി അകത്തേക്ക് കയറി പോയി….

ഹരി…. എന്തൊക്കെയാടാ നീ ഏട്ടനോട് പറഞ്ഞത്… പാവം സങ്കടം ആയെന്നു തോന്നുന്നു….

ദൈവം സൃഷ്ട്ടിച്ച എല്ലാവർക്കും സങ്കടവും കണ്ണീരും ഒക്കെ ഉണ്ടാവും ചെറിയമ്മാവാ…. അത് ഒന്ന് ഓർമിപ്പിച്ചെന്നേ ഒള്ളു…..

മ്മ്…. നിന്നോട് സംസാരിച്ചു ജയിക്കാൻ എനിക്കാവില്ല…. നീ ഇന്ന് ശ്രീയേയും കിച്ചുവിനേയും കൊണ്ട് ബീച്ചിൽ പോവുന്നുണ്ടോ….

ശ്രീയും കിച്ചുവും മാത്രമല്ല…. ലച്ചുവും കൂടെ കാണും… എന്നവൻ പറഞ്ഞതും നിറഞ്ഞ മിഴികൾ ഉയർത്തി അവൾ ഹരിയെ ഒന്ന് നോക്കി …..

ഞാൻ…. ഞാൻ എങ്ങോട്ടും ഇല്ല….

നീയില്ലെങ്കിൽ ആരും പോവുന്നില്ല….ഇവിടുള്ളവർ ചെയ്യുന്നത് പോലെ വിവേചനം കാണിച്ച് മനുഷ്യന്റെ മനസ്സ് വേദനിപ്പിക്കാൻ ഹരി പഠിച്ചിട്ടില്ല…..

ഇനി അതിനൊരു തർക്കം വേണ്ട… ലച്ചു… നീ കൂടെ പൊക്കോ…

ചെറിയച്ചാ അത്… ഞാൻ…എന്നവൾ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഹരി അവളെ ദേഷ്യത്തിൽ ഒന്ന് നോക്കി… അത് കണ്ടവൾ പറയാൻ വന്നത് പൂർത്തിയാക്കാതെ അടുക്കളയിലേക്ക് കയറി…

പോവുമ്പോ എന്റെ കാർ എടുത്തോ….. എന്നും പറഞ്ഞു സഹദേവൻ കാറിന്റെ കീ എടുത്ത് ഹരിക്ക് കൊടുത്തു…..അവിടെ നിന്നും ഉമ്മറത്തേക്ക് ഇറങ്ങി….

ഡാ… ഹരി നീ ഇതെന്ത് ഭാവിച്ചാ….

അമ്മ എന്താ ഉദ്ദേശിച്ചത്…

അവളുടെ പക്ഷം നിന്ന് നീ എന്തിനാ ഏട്ടനെ വേദനിപ്പിച്ചത്….

ഇതിനുള്ള ഉത്തരം തന്നെയാ… ഞാൻ അമ്മേടെ ഇളയ ആങ്ങളക്ക് കൊടുത്തത്.
കേട്ടില്ലായിരുന്നോ…..

നിന്നോടൊന്നും പറഞ്ഞിട്ട് കാര്യമില്ല…

ഇല്ലല്ലോ… എന്നാ മാലതി തമ്പുരാട്ടി അകത്തേക്ക് ചെല്ല് എന്നവൻ പറഞ്ഞതും മാലു ഓരോന്ന് പിറുപിറുത്തു അടുക്കളയിലേക്ക് കയറാൻ ഒരുങ്ങവേ ഹരി പിന്നിൽ നിന്നും വിളിച്ചു……

എന്താടാ…..

അടുക്കളയിലേക്ക് പോകുന്നതൊക്കെ കൊളളാം….. ആങ്ങളമാർ ഇവിടെ നടത്തിയതിന്റെ ബാക്കി പെങ്ങൾ അവിടെ അവതരിപ്പിക്കാനാണെകിൽ അത് വേണ്ടാ….

നീ ഒന്ന് പോയെടാ ചെക്കാ… എന്നും പറഞ്ഞു മാലതി ചിരി കോട്ടി അകത്തേക്ക് കയറി…..പുറകെ ശാരുവും ഒന്നും മിണ്ടാതെ അകത്തേക്ക് കയറിയതും ശ്യാമ ഹരിയെ നോക്കി ചിരിച്ചു കൊണ്ട് തബ്സപ്പ് കാണിച്ചു….

പിന്നീട് അതിനെ പറ്റി അവിടെ ആരും ഒന്നും മിണ്ടിയിരുന്നില്ല….. ഉച്ച കഴിഞ്ഞതും അവൻ ദാസിന് ഫോൺ ചെയ്തു….

ഡാ…. എവിടെയാ….ഇന്റർവ്യൂ കഴിഞ്ഞോ.

അത് നടന്നില്ല ചെറിയൊരു പ്രശ്നം….

അതെന്താ….

ഡേറ്റ് മാറിപ്പോയി…. ഇന്നല്ല നാളെയാ….. ഇന്ന് സൺ‌ഡേ അല്ലേ….

അയ്യേ…. എന്തുവാടെ…..

അതിപ്പോ ഒരു ദിവസം മാറിയത് എന്റെ കുറ്റമാണോ….

ഏയ്‌… അല്ലേ അല്ല..ഏതായാലും ഇന്നത്തെ ചിലവ് നിന്റെ വക…..

അയ്യടാ…..ഞാൻ തന്നേ അച്ഛന്റെ ചിലവിലാ… നിന്നേ പോലെ നമ്മടെ അക്കൗണ്ടിൽ പൂത്ത ക്യാഷ് ഒന്നും ഇല്ലേ…… അതോണ്ട് ജോലി കിട്ടട്ടെ .. എന്നിട്ട് ഞാൻ നിനക്കൊരു ലൈമും പെപ്പ്സും വാങ്ങി തരാ….എന്താ സന്തോഷമായില്ലേ…

പിന്നേ…. ലൈമും പെപ്പ്സും കിട്ടുവല്ലേ… സന്തോഷാവാണ്ടിരിക്കോ…..

ആ…. അതാണ്…. അല്ല നീ എവിടെ…

വീട്ടിൽ അല്ലാണ്ടെവിടെയാ… പിന്നെ നീ വീട്ടിലേക്ക് പോണ്ടാ…. നേരെ ഇങ് വാ….

കൊന്നാലും വരൂല… ഇന്ന് നിന്റെ ആ മൂശേട്ട അമ്മാവൻമാർ അവിടുള്ളതല്ലേ……

ഡാ….. പിള്ളേരേം കൊണ്ട് ഒന്ന് ബീച്ചിൽ പോവാനാ…..

അഹ് ഞാൻ ബീച്ചിലേക്ക് വന്നോളാം….. അവിടിന്നിറങ്ങുമ്പോ ഒന്ന് വിളിച്ചാ മതി….

അങ്ങനെ മതിയോ…

ആ മതി…..

മ്മ്…. ശരിയെന്നാ….ഇറങ്ങാൻ നേരം വിളിക്കാം…എന്നും പറഞ്ഞു ഹരി കാൾ കട്ട്‌ കട്ട് ചെയ്തു…

ശ്രീ…. കിച്ചു…

എന്താ ഹരിയേട്ടാ…

റെഡിയായിക്കോ പോവാം…..

ആഹ് ഓക്കേ…. എന്നും പറഞ്ഞു തുള്ളി ചാടി അവര് പോയ വഴിയേ നോക്കി ചിരിച്ചു കൊണ്ടവൻ ലച്ചുവിന്റെ മുറിയിലേക്ക് പോയി…..

ഡീ….

മ്മ്….

റെഡിയായിക്കോ…..
ബീച്ചിൽ പോവാം…

ഞാനില്ല ഹരിയേട്ടാ…. അച്ഛന് ഇഷ്ട്ടാവില്ല….

ദേ ലച്ചു.. നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്…. പ്രായ പൂർത്തി ആയവളല്ലേ നീ….നിന്റെ ഒരിഷ്ട്ടങ്ങൾക്കും വില കൽപ്പിക്കാത്ത അവർക്ക് എന്തിനാ നീ ഇത്രക്ക് പ്രാധാന്യം കൊടുക്കുന്നത്…നേരത്തേ നിന്റെ അച്ഛൻ നിന്നോടങ്ങനെ സംസാരിച്ചപ്പോ നിന്റെ അമ്മ നിന്നെ അനുകൂലിച്ചു എന്തെങ്കിലും ഒന്ന് പറഞ്ഞോ….

അതൊന്നും സാരമില്ല ഹരിയേട്ടാ…. എന്തൊക്കെ ആയാലും അവരെനിക്ക് ജന്മം തന്നവരല്ലേ…..

എങ്കി നീ അവരേം കെട്ടിപിടിച്ചിരിക്ക് എന്നും പറഞ്ഞു ഹരി പോക്കറ്റിൽ ഇട്ടിരുന്ന കാറിന്റെ കീ എടുത്ത് നിലത്തേക്കെറിഞ് അവന്റെ റൂമിൽ പോയി കിടന്നു…..

നിയന്ത്രിക്കാൻ കഴിയാത്തത്രയും ദേഷ്യം വരാൻ തുടങ്ങിയതും അവൻ ബെഡിൽ എണീറ്റിരുന്ന് ഫോൺ എടുത്ത് ദാസിനോട്‌ വരുന്നില്ലെന്ന് പറയാൻ തുടങ്ങിയതും തന്റെ മുന്നിലേക്ക് റെഡിയായി കൊണ്ട് കീ നീട്ടിയവളെ കാൺകെ അവൻ ഫോൺ കട്ട്‌ ചെയ്ത് അവളെ മൈൻഡ് ചെയ്യാതെ ബാൽക്കണിയിലേക്ക് ഇറങ്ങി…..

ഹരിയേട്ടാ…..നമുക്ക് പോവാം….എന്നവൾ പറഞ്ഞതും അവൻ അത് കേൾക്കാത്ത പോലെ അവിടെ ഉള്ള ചെയറിലേക്കിരുന്ന് ഫോൺ എടുത്ത് നിഷ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്തു……അവൾ കേൾക്കാൻ വേണ്ടി ഫോൺ സ്പീക്കറിൽ ഇട്ടു….

ഏയ്‌….ഹരി…..ഞാൻ നിന്നെ ഇപ്പൊ മനസ്സിൽ ഓർത്തതേ ഒള്ളു…മിസ്സ്‌ യൂ ഡാ…… എന്നവളുടെ കൊഞ്ചി കൊള്ളുള്ള പറച്ചിൽ കേട്ടതും ഹരി ഒന്ന് ചിരിച്ചു കൊണ്ട് ലച്ചുവിനെ നോക്കി….മുഖവും വീർപ്പിച്ചു തന്നെ പല്ലിറുമ്പി നോക്കി നിൽക്കുന്നവളെ കാണേ….സംഭവം വർക്ക്‌ ആയെന്ന് അവന് മനസിലായി…..

മിസ്സ്‌ യൂ ടൂ….. നിഷ… എവിടെ കിരണും അനിയും….

അവര് ഫുഡ്‌ വാങ്ങാൻ പോയിരിക്കുവാ….

ഏഹ്… അപ്പൊ നീ നമ്മുടെ വീട്ടിലാണോ….

അതേലോ…

ശോ…..മിസ്സായി…..എന്തായാലും നീ അവിടെ തന്നെ കാണോലോ… അത് മതി…….ഡീ….ഞാൻ പിള്ളേരേം കൊണ്ട് ഒന്ന് പുറത്തേക്കിറങ്ങുവാ…നൈറ്റ്‌ വിളിക്കാം അവന്മാരോട് ഉറങ്ങരുതെന്ന് പറയണം…

ഓക്കേ… ഹരി….. എൻജോയ്…. ഉമ്മ….. എന്നവൾ പറഞ്ഞതും തിരികെ കൊടുക്കാൻ ഒരുങ്ങിയ അവന്റെ കയ്യിൽ നിന്നും ലച്ചു ഫോൺ വാങി ഓഫ്‌ ചെയ്തു…..

ഡീ….. ആരോട് ചോദിച്ചിട്ടാടി ഫോൺ കട്ട്‌ ചെയ്തേ……

കൊറേ നേരായി സഹിക്കുന്നു… പറയുന്ന നിങ്ങക്ക് നാണം ഇല്ലെങ്കിലും കേൾക്കുന്ന എനിക്കുണ്ട്…..

നിന്നോട് കേട്ട് നിൽക്കാൻ ഞാൻ പറഞ്ഞോ…..മുറിയിലേക്ക് വലിഞ്ഞു കയറിയതും പോരാ….എന്റെ പ്രൈവസിയിൽ കയറി ഇടപ്പെടരുത് പറഞ്ഞേക്കാം എന്നും പറഞ്ഞവൻ അവൾക്ക് നേരെ കൈ ചൂണ്ടിയതും അവളുടെ മിഴികൾ നിറഞ്ഞു വരാൻ തുടങ്ങി….

ഫോൺ അവിടെ ചെയറിലേക്ക് വെച്ചവൾ പോകാൻ തുനിഞ്ഞതും അവൻ അവളുടെ അരയിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്തു……

പിണങ്ങി പോവാതെടി……… ഞാൻ ഒരു തമാശ പറഞ്ഞതല്ലേ……

വേണ്ടാ…. ഹരിയേട്ടൻ എന്നോട് മിണ്ടണ്ട…

എന്റെ പെണ്ണിനോട് പിന്നെ ആരാ മിണ്ടുവാ…. നീ വരുന്നില്ലെന്ന് പറഞ്ഞപ്പോ ദേഷ്യം വന്നു… അപ്പോ നിനക്കൊരു ഡോസ് തരാന്ന് കരുതി മനഃപൂർവ്വം വിളിച്ചതാ അവൾക്ക്….അവളെന്റെ ബെസ്റ്റി അല്ലേടി…വേറൊന്നും ഇല്ലാ….. അതിന് ഈ മുഖം വീർപ്പിച്ചു പൊട്ടിക്കണ്ട..എന്റെ മനസ്സിൽ എന്റെ പാതിയായി ഈ പൊട്ടി യെ ഉണ്ടാവൂ….മനസ്സിലായോ…

മ്മ്…..

ചുന്ദരി ആയിട്ടുണ്ടല്ലോ…… ഒരുമ്മ തരട്ടെ എന്നും പറഞ്ഞവൻ അവളെ തിരിച്ചു നിർത്തി അവൾക്ക് നേരെ മുഖം
കൊണ്ട് പോയതും…..

ഹരിയേട്ടാ എന്നുള്ള ശ്രീയുടെ വിളി കേട്ടവൾ അവനെ തള്ളി മാറ്റി…..

ഏഹ്… ലച്ചു ചേച്ചി റെഡിയായോ….. എന്നാ പോവല്ലേ ഹരിയേട്ടാ…..

അഹ്… പോവാം ഇറങ്ങിക്കോ…..

ഓക്കേ…. എന്നും പറഞ്ഞവൾ മുറിയിൽ നിന്നിറങ്ങിയതും അവൻ ലച്ചുവിനൊന്ന് ചിരിച്ചു കാണിച്ചു…..

പേടിച്ചോ….. പോട്ടേ…. വാ പോവാം എന്നും പറഞ്ഞവൻ അവളുടെ തോളിലൂടെ കയ്യിട്ടതും അവളാ കൈ തട്ടി മാറ്റി….

ആരേലും കാണും….

ആ ഡോർ വരെ ഒള്ളു പെണ്ണേ… എന്നും പറഞ്ഞവൻ വീണ്ടും അവളുടെ തോളിലൂടെ കയ്യിട്ടു അവനിലേക്ക് ചേർത്ത് നിർത്തി…..

തിരമാലയോടൊപ്പം….. ഓടി കളിക്കുന്ന കിച്ചുവിനേയും ശ്രീയേയും നോക്കി…. ഹരിയും ലച്ചുവും അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു…..

ഹരിയേട്ടാ…. ലച്ചു ചേച്ചി… നിങ്ങളും കൂടെ വാ… നല്ല രസം ഉണ്ട് എന്നും പറഞ്ഞു കിച്ചു അവരെ വിളിച്ചതും ഹരി ലച്ചുവിന്റെ കൈ പിടിച്ചു എണീപ്പിച്ചു…

വേണ്ട ഹരിയേട്ടാ…. എനിക്ക് പേടിയാ….

എല്ലാത്തിനും ഇങ്ങനെ പേടിച്ചാൽ എങ്ങനെയാ…. ജീവിതത്തിൽ ഇത്തരം നിമിഷങ്ങളൊക്കെ ആസ്വദിക്കണം… എങ്കിലേ തുടർന്ന് ജീവിക്കാനൊരു ത്രില്ല് ഉണ്ടാവൂ……. എന്നും പറഞ്ഞവൻ നിർബന്ധിച്ചവളെ അവരുടെ അടുത്തേക്ക് കൊണ്ട് പോയി….

ലച്ചുവിന്റെ കൈ വിട്ടവൻ ശ്രീയുടെയും കിച്ചുവിന്റെയും കൂടെ കൂടി…. ദാസും കൂടെ വന്നതും പരസ്പരം തള്ളി ഇടലും വെള്ളം തെറിപ്പിക്കലുമൊക്കെ ആയതും ലച്ചു കുറച്ചു പുറകിലേക്ക് മാറി നിന്നു…..

പെട്ടന്ന് ശ്രീ കയ്യിൽ നനവുള്ള മണൽ വാരി എടുത്ത് ലച്ചുവിന് നേർക്ക് ചെന്നതും അവൾ വേണ്ടെന്ന് പറഞ്ഞു തിരിഞ്ഞു ഓടിയതും എതിരെ വന്ന ആളുമായി കൂട്ടി മുട്ടി….
വീഴാൻ പോയ അവളെ അവൻ അരയിലൂടെ കയ്യിട്ടു പിടിച്ചതും കണ്ണു ചിമ്മി കയ്യിൽ കിടക്കുന്നവളെ അവൻ ഇമ ചിമ്മാതെ നോക്കി നിന്നു…..

തുടരും