17/04/2026

താലി ബന്ധനം : ഭാഗം 37

രചന – സെലുനിസു

ഭംഗിയുള്ളൊരു ഹാർട്ട്‌ ഷേപ്പ് ഫ്രയിമിൽ ഹരിയും ലച്ചുവും കൂടെ ഉള്ളൊരു ഫോട്ടോ ആയിരുന്നു അവിടെ….

ഹരിയേട്ടാ…. കൊള്ളാലോ… ഇതെങ്ങെനെ ഇവിടെ…

അത് ഞാൻ ദാസിനെ ഏൽപ്പിച്ചു പോന്നിരുന്നതാ..ആരും കാണാതെയവൻ കിച്ചുവിന്റെ കയ്യിൽ കൊണ്ട് കൊടുത്തതാ …ഞാനാ പറഞ്ഞെ അവരോട് പെട്ടന്ന് ആരും കാണാത്തൊരിടത്തു വെക്കാൻ….ഇഷ്ട്ടായോ നിനക്ക്…

മ്മ്… നല്ല ഭംഗിയുണ്ട്….എന്നും പറഞ്ഞവൾ ചിരിച്ചോണ്ട് തലയാട്ടിയതും അവനവൾക്കൊന്ന് കൺചിമ്മി കാണിച്ചു….

ലച്ചൂ…

ആ…

ഇനിമുതൽ ഞാൻ കുറച്ചു ബിസി ആയിരിക്കും. പഠിക്കാൻ ഒത്തിരി ഉണ്ട്… വിളിക്കാനൊന്നും ചിലപ്പൊ ടൈം കിട്ടിയെന്ന് വരില്ല….അപ്പൊ എനിക്ക് നിന്നോടുള്ള ഇഷ്ട്ടം കുറഞ്ഞെന്ന് തോന്നരുത്…അതാ ഇപ്പഴേ കാര്യം പറയുന്നത്..ഇനി ഇങ്ങനെ പറഞ്ഞെന്ന് കരുതി എന്തെങ്കിലും സങ്കടം തോന്നിയാലോ ആവശ്യങ്ങൾ വരുമ്പഴൊ പറയാതിരിക്കരുത്..മനസ്സിലായോ…

മ്മ്…. ആയി….

നീ എന്തെങ്കിലും കഴിച്ചോടി…

മ്മ്… ചോറുണ്ടു…

എന്നാ കുറച്ചു നേരം കിടന്നോ…

വിളക്ക് കൊളുത്താറായി ഹരിയേട്ടാ…

എന്റെ പൊന്നു ലച്ചു.. നീ ഇല്ലെങ്കിൽ അവിടെ വിളക്ക് തെളിയില്ലേ …

അതല്ല… ഈ സമയം കിടക്കുന്നത് നല്ലതല്ല…

എന്നാ നീ പോയി ഓടിക്കോ.. അല്ല പിന്നെ നീ വെച്ചോ.. ഇല്ലേൽ ഞാൻ വല്ലതും പറയും….എന്നും പറഞ്ഞവൻ കാൾ കട്ട് ചെയ്തതും അവളൊരു ചിരിയോടെ ചുമരിലെ ഫോട്ടോയിലേക്ക് നോക്കി….

ലഞ്ച് ബ്രേക്കിന് ഫുഡും കഴിച്ചു വാഷ്റൂമിലേക്ക് പോകുമ്പോഴാണ് മിനി വിശ്വജിത്തിനെ കാണുന്നത്….

ഡീ… ദേ.. ആ ചേട്ടൻ എന്നും പറഞ്ഞവൾ അവനിരിക്കുന്നിടത്തേക്ക് ചൂണ്ടി കാണിച്ചതും അവൾ മിനിയുടെ കയ്യിൽ പിടിച്ചു തിരിഞ്ഞു നടക്കാൻ ഒരുങ്ങി…

ഏയ്‌ ലച്ചൂ… എന്നവൻ വിളിച്ചതും അവൾ പെട്ടന്ന് സ്റ്റോപ്പായി..

വിശ്വ അവരുടെ മുന്നിലേക്ക് കയറി നിന്ന് കൈ രണ്ടും മാറിൽ പിണച്ചു കെട്ടി ലച്ചുവിനെ ഒന്ന് നോക്കി..

എന്താടോ.. നിങ്ങളെന്നെ കണ്ടിട്ട് മൈൻഡ് ചെയ്യാതെ പോവുന്നേ….

ഒന്നൂല്ല… വാഷ്റൂമിൽ പോവാൻ…

വാഷ് റൂമിലേക്ക് അത് വഴി അല്ലേ പോവണ്ടേ…..എന്താടോ മിനാക്ഷി തന്റെ ഫ്രണ്ട് ഇങ്ങനെ….

ആ… അവൾ പണ്ട് തൊട്ടേ ഇങ്ങനെയാ. ബോയ്സിനെ പോയിട്ട് ഗേൾസിനെ പോലും അടുപ്പിക്കില്ല…..

ഏഹ്… അപ്പൊ  താനുമായിട്ട് മാത്രമേ കൂട്ടൊള്ളോ….

ഏയ്‌… എന്നേക്കാൾ കൂട്ടുള്ള ഒരാൾ ഉണ്ട് …

അതാര്…

ഇവളുടെ  ഹരിയേട്ടൻ. എന്ന് മിനി പറഞ്ഞതും വിശ്വയുടെ കണ്ണുകളൊന്ന് കുറുകി…

യൂ മീൻ ഹരികൃഷ്ണൻ….

ആ അത് തന്നെ.. ഇവളുടെ എല്ലാ ഫീലിങ്‌സും അവളുടെ ഹരിയേട്ടന്റെ മുന്നിലെ കാണിക്കൂ എന്ന പോലെയാ അവളുടെ പെരുമാറ്റം.എന്നവൾ പറഞ്ഞതും മിനി അവളെ കയ്യിലൊന്ന് പിച്ചി….

ഔ എന്താടി….. തിരിച്ച് തരാം ഞാൻ ക്ലാസ്സിൽ എത്തട്ടെ….

അപ്പൊ ലച്ചുവും ഹരിയും തമ്മിൽ…

പ്രണയം. അല്ലാതെന്ത്… എന്ന് മീനാക്ഷി പറഞ്ഞു തീർന്നപ്പോഴേക്കും ലച്ചുവിന്റെ കയ്യിൽ ഇരുന്ന ഫോൺ റിങ് ചെയ്തു…
സ്ക്രീനിലേക്ക് നോക്കിയ അവളുടെ ചുണ്ടിൽ മനോഹരമായയൊരു പുഞ്ചിരി വിരിഞ്ഞു….അവൾ മിനിയെ നോക്കിയതും അവൾ പൊക്കോന്ന് പറഞ്ഞു….

തന്നെ ഒന്ന് നോക്ക പോലും ചെയ്യാതെ ഫോൺ എടുത്തു സംസാരിച്ചു പോവുന്ന ലച്ചുവിനെ നോക്കിയവൻ തികട്ടി വന്ന ദേഷ്യത്തെ നിയന്ത്രിച്ചു…

വിശ്വേട്ടാ…. എന്ന് മിനി വിളിച്ചതും അവൻ ഞെട്ടി അവളെ നോക്കി…

വിശ്വേട്ടൻ എന്ന് വിളിച്ചോട്ടെ…

ആ.. വിളിച്ചോ….

മീനാക്ഷി…ഒരു കാര്യം ചോദിക്കട്ടെ…

ചോദിച്ചോളൂ….പിന്നെ എന്നെ മിനി എന്ന് വിളിച്ചാ മതി…

ഓ… ഓക്കേ…

വിശ്വേട്ടന് എന്താ അറിയണ്ടേ…..

ലച്ചുവിന്റെ ആരാണ് ഹരി…

അവളുടെ അച്ഛന്റെ പെങ്ങടെ മോൻ…..

ഓ…മുറച്ചെറുക്കൻ.. അന്ന് ശ്രീ പറഞ്ഞായിരുന്നു. മറന്ന് പോയതാ..

ആഹാ… ഏട്ടൻ അവരെ ഒന്നും മറന്നില്ലേ…

അങ്ങനെ മറക്കാൻ പറ്റുവോ…

ഏഹ്.. എന്താ ഏട്ടാ….

അല്ല… അവരെയൊന്നും മറക്കില്ലെന്ന് പറയുവായിരുന്നു… ഒരു കാന്താരി ആയിരുന്നു…

ആ.. അവളും കിച്ചുവും ഒക്കെ അങ്ങനെ തന്നെയാ…. എന്നാ ഞാൻ പൊക്കോട്ടേ ഏട്ടാ… പിന്നെ കാണാം..

മ്മ്.. ഓക്കേ…

അവൾ പോയതും അവൻ തിരിഞ്ഞ് നിന്നു കൈ ചുരുട്ടി പിടിച്ചു കണ്ണുകളടച്ചു..

എന്താടാ ജിത്തു ഇങ്ങനെ നിക്കുന്നേ എന്നും ചോദിച്ചവന്റെ ഫ്രണ്ട്‌സ് ആയ ജോബിനും ഫാരിസും അവന്റെ അടുത്തേക്ക് വന്നു തോളിൽ കൈ വെച്ചു….

ഞാൻ പറഞ്ഞില്ലേ…. അവൾക്ക് അവനെ ഇഷ്ടമാണെന്ന്….അതന്ന് ബീച്ചിൽ വെച്ച് കണ്ടപ്പഴേ എനിക്ക് തോന്നിയിരുന്നു…

ആണെങ്കിൽ വിട്ട് കളയെടാ…ഇതിനേക്കാൾ നല്ലത് നൂറെണ്ണം വരും നിന്റെ കാൽകീഴിൽ….എന്ന് ജോബി പറഞ്ഞതും  വിശ്വ അവനെയൊന്ന് തുറിച്ചു നോക്കി….

അങ്ങനെ വിട്ട് കളയാൻ അല്ല ഈ വിശ്വജിത്ത് അവളെ ആശിച്ചത്..നൂറെണ്ണം അല്ല പതിനായിരം പേര് വന്നാലും അവളെ പോലെ ആവില്ല…. വേണം എനിക്കവളെ. അതിന് എന്ത് ചെയ്യേണ്ടി വന്നാലും ചെയ്യും ഞാൻ…. എന്നും പറഞ്ഞവൻ അവരെ ഒന്ന് കൂർപ്പിച്ചു നോക്കി കൊണ്ട് അവിടെ നിന്ന് നടന്നകന്നു.

ഡീ.. ലച്ചു. നിനക്കെന്താടി ആ ഏട്ടനോട് ഒന്ന് മിണ്ടിയാ… എന്തോരം നല്ല സ്വഭാവമാ അയാളുടെ….

ഹരിയേട്ടന് അയാളെ ഇഷ്ട്ടമല്ല… പിന്നെ ആ നോട്ടവും ഭാവവും ഒന്നും എനിക്കങ്ങോട്ട് ദഹിക്കുന്നില്ല… അയാൾ അടുത്ത് നിക്കും തോറും എന്തോ മനസ്സിൽ ഒരു പേടി വരുവാ….

പേടിയോ… അയാളെന്താ രാക്ഷസനോ… നീയും നിന്റൊരു ഹരിയേട്ടനും. നിങ്ങൾ മാത്രേ ഈ ഭൂമിയിൽ നല്ലവരൊള്ളോ…

അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…

നീ പറയുന്നത് കേട്ടാൽ അങ്ങനെയും തോന്നും എന്നും പറഞ്ഞവൾ മുഖമൊന്ന് കോട്ടിയതും ക്ലാസ്സിലേക്ക് സാർ കയറി വന്നിരുന്നു…. ക്ലാസ് കഴിഞ്ഞു പോകുമ്പോഴും ഗേറ്റിൽ വിശ്വയും അവന്റെ കൂട്ടുക്കാരും നിൽപ്പുണ്ടായിരുന്നു….

ഡീ… വാ… ഏട്ടനോടൊന്നു മിണ്ടിയിട്ട് വരാം….

നീ പോയേ മിനി… ഞാൻ ഇല്ലാ….

അങ്ങനെ പറഞ്ഞാൽ എങ്ങെനെയാ…. ആരോടും മിണ്ടില്ല ചിരിക്കില്ല.എന്തുവാടി ഇങ്ങു വന്നേ എന്നും പറഞ്ഞവൾ ലച്ചുവിന്റെ കൈ പിടിച്ചു അവരുടെ അടുത്തേക്ക് ചെന്നു….

ഹായ്…. വിശ്വേട്ടാ…

ഹായ്.. മീനു…

ഇതാരാ ഏട്ടന്റെ ഫ്രണ്ട്സ് ആണോ…

ആ അതേ… ജോബി & ഫാരിസ്…എന്ന് വിശ്വ പറഞ്ഞതും മിനി അവർക്ക് നേരെ കൈ വീശി കാണിച്ചു.. തിരിച്ചു അവരും അവൾക്കൊരു ചിരി സമ്മാനിച്ചു കൊണ്ട് കൈ വീശി….

നിങ്ങൾ എങ്ങെനെയാ പോവാറ്…ഇവിടുന്ന് ഒരുപ്പാട് ദൂരം ഉണ്ടോ വീട്ടിലേക്ക്…

ഏയ്‌ ഇല്ലാ… കുറച്ചു ദൂരമേ ഒള്ളൂ….
പക്ഷേ… ഞങ്ങളിപ്പൊ പോവുന്നത് വീട്ടിലേക്കല്ലാട്ടോ…

ഏഹ്…പിന്നെ എങ്ങോട്ടാ….

ഇവൾ ഡാൻസ് ക്ലാസ്സിൽ ചേർന്നിട്ടുണ്ട് അങ്ങോട്ടാ….. ക്ലാസ് കഴിഞ്ഞാ എന്റെ ഏട്ടൻ വരും ഞങ്ങളെ കൊണ്ട് പോവാൻ….

ഓ… ലച്ചൂന് ഡാൻസ് ഒക്കെ അറിയാമല്ലേ എന്ന് വിശ്വ ചോദിച്ചതും അവൾ ഒന്ന് മൂളി കൊണ്ട് തലയാട്ടി….

ഇങ്ങനെ മൂളാതെ എന്തെങ്കിലും ഒന്ന് പറ എന്റെ ലച്ചു…. ഞങ്ങൾ പിടിച്ചു തിന്നത്തൊന്നും ഇല്ല…എന്ന് പറഞ്ഞു ഫാരിസ് ചിരിച്ചതും അവളും പതിയെ ഒന്ന് പുഞ്ചിരിച്ചു…

കുറച്ച് നേരം അവരോട് സംസാരിച്ചതിന് ശേഷം അവർ അവിടെ നിന്ന് ബസ്സ്റ്റോപ്പിലേക്ക് വിട്ടു…..

ശാരു…

എന്താ ഏട്ടാ….

നാളെ നമുക്ക് അദ്ദേഹത്തെ ഒന്ന് കാണാൻ പോണം…

വിളിച്ചിരുന്നോ…

മ്മ്… രാവിലെ ചെല്ലാൻ പറഞ്ഞിട്ടുണ്ട്…

എന്താ കാര്യം എന്ന് വല്ലതും പറഞ്ഞോ…

ഇല്ലാ…. എത്രയും പെട്ടന്ന് എത്തണം എന്ന് മാത്രമേ പറഞ്ഞുള്ളൂ….

മ്മ്…

രാവിലെ റെഡിയായി നിന്നോണം…. മാലുവിനോട് ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങളൊക്കെ…ബാക്കി ആരു ചോദിച്ചാലും നടുവേദനക്ക് ഹോസ്പിറ്റലിലേക്കാണെന്ന് പറഞ്ഞാ മതി….

മ്മ്… ശരി….

ലച്ചൂ….

ആ…

നീ ഇന്നെന്താ മൗന വൃധത്തിൽ ആണോ…..

അല്ല…

എന്നാ എന്തെങ്കിലും ഒന്ന് പറയെടി….

ഒന്നൂല്ല ഹരിയേട്ടാ… എന്തോ ചെറിയൊരു തലവേദന പോലെ….

എന്നാ… ബാം തേച്ചു കിടന്നോ…ഒന്ന് ഉറങ്ങി എണീറ്റാൽ മാറിക്കോളും….. കെട്ടോ….

മ്മ്….

എന്നാ വെച്ചോ നാളെ വിളിക്കാം… എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തതും അവൾക്കെന്തോ മനസ്സു വല്ലാതെ പിടക്കുന്ന പോലെ തോന്നി…

എന്റെ കൃഷ്ണാ….. എന്റെ ഹരിയേട്ടനെ കാത്തോണേ…. എന്നും പറഞ്ഞവൾ പതിയെ കണ്ണുകളടച്ചു …..

പിറ്റേന്ന് രാവിലെ റെഡിയായി ഹരി താഴെക്കിറങ്ങി..

ഹാളിൽ ഒന്നും ആരെയും കാണാത്തതു കണ്ടവൻ അടുക്കളയിലേക്ക് ചെന്ന് നോക്കിയതും നിഷയെ വട്ടം പിടിച്ചു അവളുടെ തോളിൽ തല വെച്ചു നിക്കുന്ന അനിയെ കണ്ടതും അവന് ലച്ചുവിന്റെ കൂടെയുള്ള നാളുകൾ ഓർമയിൽ വന്നു…ചിരിച്ചു കൊണ്ടവൻ അവരെ നോക്കി നിക്കുമ്പോഴാണ് കിരൺ വന്നു അവന്റെ തോളിൽ തട്ടിയത്….

എന്താടാ നീ ഇവിടെ പോസ്റ്റടിച്ചു നിക്കുന്നത്…

ദേ.. അങ്ങോട്ട് ഇപ്പൊ നോ എൻട്രിയാ എന്നും പറഞ്ഞവൻ അനിയേയും നിഷയേയും കാണിച്ചു കൊടുത്തതും കിരൺ കയ്യിന്റെ ഷർട്ട് കയറ്റി വെച്ച് അവരുടെ അടുത്തേക്ക് ചെന്നു…

ഡാ… എന്നവൻ അലറി വിളിച്ചതും അനി പെട്ടന്ന് അവളിൽ നിന്ന് അകന്നുനിന്നു…

എന്താടാ ഇവിടെ നിനക്ക് പരിപാടി..

ഞാൻ ചുമ്മാ അവളെ ദോശ ചുടാൻ സഹായിച്ചതാ…..

ഇങ്ങനെയാണേൽ നീ ഒരുപ്പാട് ദോശ ചുടും…നീ ഇന്ന് കോളേജിലേക്ക് വരുന്നില്ലേ…

ആ.. ഉണ്ട്…

എന്നാ കുട്ടി ട്രൗസറും ഇട്ട് നിക്കാതെ പോയി റെഡിയായി വാടാ നാറി…. ലേറ്റ് ആയാൽ വണ്ടിയും കൊണ്ട് ഞങ്ങളങ്ങു പോവും… പിന്നെ നീ ഇവിടെ ദോശയും ചുട്ടു നിക്കേണ്ടി വരും എന്നവൻ പറഞ്ഞതും അനി അവനൊന്ന് ഇളിച്ചു കാട്ടി മുറിയിലേക്കോടി…

ഡീ… നിഷേ..

എന്താ…

ഒരു കാര്യം പറഞ്ഞേക്കാം…. ഈ അടുക്കള നീ മണിയറയാക്കരുത്….കണ്ണും തുറന്നു മനുഷ്യനിവിടെ നടക്കാൻ വയ്യാത്ത അവസ്ഥയാ ഇപ്പൊ… എവിടെ നോക്കിയാലും അവരുടെ ഒരു റൊമാൻസ്…. ഇനി കല്ല്യാണം കഴിഞ്ഞിട്ടല്ലാതെ ഇങ്ങനെ ഒട്ടി നിക്കുന്നത് കണ്ടാൽ ഈ മാവ് പോലെ അരക്കും ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ…. എന്നും പറഞ്ഞവൻ അടുക്കളയിൽ നിന്ന് പോയതും ഹരി നിഷയെ നോക്കി വാ പൊത്തി ചിരിച്ചു…

പോടാ….

ദോശ ചുടാൻ ഞാൻ സഹായിക്കണോ സേച്ചി….

ദേ… ഹരി കൂടുതൽ ആക്കല്ലേ….ദോശ മാവെടുത്തു മുഖത്തൊഴിക്കും ഞാൻ…

ഓ. പിന്നെ ആ പേടിയൊന്നും ഹരിക്ക് ഇല്ല മോളെ…. വേഗം ദോശ ചുട്ടോണ്ട് ബാ… നമുക്ക് പോണ്ടേ എന്നും പറഞ്ഞവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചു പറഞ്ഞതും അവൾ ചൂടുള്ള ചട്ടുകം അവന് നേരെ ഓങ്ങിയതും അവൻ നിർത്തി എന്നുള്ള മട്ടിൽ കൈകൂപ്പി കൊണ്ട് പുറത്തേക്ക് നടന്നു…

ലച്ചൂ…

ആ…

തലവേദന കുറവില്ലേ…

ആ ഉണ്ട്… ഹരിയേട്ടൻ ഇന്ന് പോയില്ലേ…

പോകും വഴിയാ…

നീ കോളേജിൽ എത്തിയോ…

ആ എത്തി ഹരിയേട്ടാ….

എന്നാ വെക്കുവാ. വൈകീട്ട് വിളിക്കാം…

ശരി….

ഡാ… ഹരി…

ആ…

നമ്മൾ എക്സാം കഴിഞ്ഞു അന്ന് തന്നെ പോണോ…

പിന്നെ പോണ്ടേ…

അല്ല.നിങ്ങൾ വേണെങ്കിൽ അന്ന് പൊക്കോ… ഞാനും ഇവളും പിറ്റേന്ന് വന്നോളാം എന്ന് പരുങ്ങി കൊണ്ട് അനി പറഞ്ഞതും കിരണും ഹരിയും പരസ്പരം നോക്കി…..

മോനേ അനികുട്ടാ….

എന്താ ഹരിയേട്ടാ…

നിന്റെ വേല കയ്യിൽ വെച്ചാ മതി… എക്സാം കഴിഞ്ഞു വൈകുന്നേരത്തെ വണ്ടിക്ക് നമ്മൾ എന്റെ വീട്ടിലേക്ക് പോവും….ഒരു ദിവസം അവിടെ നിന്നതിനു ശേഷം പിറ്റേന്ന് ദേവികാന്റിയുടെ വീട്ടിലേക്ക് പോവുന്നു. രണ്ട് ദിവസം അവിടെ അടിച്ചു പൊളിച്ചതിനു ശേഷം…. അവരവരുടെ വീട്ടിലേക്ക് ചേക്കേറുന്നു…. ഓക്കേ…എന്നും പറഞ്ഞു ഹരി കൈ നീട്ടിയതും.

ഡബിൾ ഓക്കേഡാ… എന്ന് പറഞ്ഞു കിരൺ അവന്റെ കയ്യിലേക്ക് കൈ വെച്ചതും നിഷ കൈ വെച്ച് അനിയെ ഒന്ന് നോക്കി വെക്കെന്ന് കണ്ണ് കൊണ്ട് കാണിച്ചതും മനസ്സില്ലാ മനസ്സോടെ അവൻ നിഷയുടെ കൈക്ക് മുകളിൽ അവന്റെ കൈ വെച്ചതും അവന്റെ മുഖം കണ്ടു എല്ലാവരും പൊട്ടിചിരിച്ചു…

ഡാ… വിശ്വ….

ആഹ്…

നിന്നെ ദേ പോണു നിന്റെ പെണ്ണും അവളുടെ വാലും എന്ന് ജോബി പറഞ്ഞതും ബൈക്കിൽ കിടന്നിരുന്ന അവൻ എഴുന്നേറ്റിരുന്നു….. മുന്നോട്ട് നോക്കി….

തുടരും……