രചന – സെലുനിസു
വീട്ടിലെത്തി മുറിയിലേക്ക് കയറിയവൾ തലയിൽ കൈ വെച്ച് ബെഡിലേക്കിരുന്നു….ഇയാൾ ഇതെന്ത് ഭാവിച്ചാ എന്റെ കൃഷ്ണാ..എന്നെ ഇങ്ങനെ വിടാതെ പിന്തുടരുന്നത്……ഇനിയും ഹരിയേട്ടനോട് പറയാതിരുന്നാൽ ശരിയാവില്ല..ഹരിയേട്ടൻ എണീക്കട്ടെ എന്ന് മനസ്സിൽ കരുതിയവൾ താഴേക്ക് ഇറങ്ങി…. അടുക്കളയിൽ ഷാരുവിനെയും ശ്യാമയെയും സഹായിക്കാൻ കയറി…. പണികളൊക്കെ ഒരു വിധം തീർത്തു കൊണ്ട് മേല് കഴുകിയവൾ ഹരിയുടെ മുറിയിലേക്ക് കയറി….
ഹരിയേട്ടാ……എവിടെയാ….
ഞാൻ ബാൽക്കണിയിലാ ലച്ചൂ . ഇങ്ങ് വാ….എന്നവൻ പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് അവനരികിലേക്ക് ചെന്നു…
എന്താടി…. മുഖം ഇങ്ങനെ വീർപ്പിച്ചു വെച്ചിരിക്കുന്നത്….
ഹരിയേട്ടാ… എനിക്കൊരു കാര്യം പറയാനുണ്ട്….
എന്താ….
അത്…. ഹരിയേട്ടൻ വഴക്കൊന്നും ഉണ്ടാക്കരുത് എന്നവൾ പറഞ്ഞതും അവനൊരു സംശയത്തോടെ അവളെ നോക്കി…
എന്താടി കാര്യം….
വഴക്ക് ഉണ്ടാക്കില്ലെന്ന് സത്യം ചെയ്യ്…..
നീ കാര്യം പറ ലച്ചൂ…. എന്നും പറഞ്ഞവൻ ഒച്ചയിട്ടതും അവളൊന്ന് പേടിച്ചു കൊണ്ട് അവനോട് കാര്യങ്ങളൊക്കെ പറഞ്ഞതും ദേഷ്യം കൊണ്ടവന്റെ മുഖം ചുവന്നു വന്നു…ചെയറിൽ നിന്ന് എണീറ്റ് കൊണ്ടവൻ മുറിയിലേക്ക് കയറി ഡ്രസ്സ് മാറാൻ ഒരുങ്ങിയതും ലച്ചു അവന്റെ കയ്യിൽ പിടിച്ചു….
ഹരിയേട്ടാ…. വേണ്ടാ….
മാറി നിക്കെടി എന്നും പറഞ്ഞവൻ അവളെ ബെഡിലേക്ക് തള്ളി ഡ്രസ്സ് മാറി അതിവേഗത്തിൽ പുറത്തേക്കിറങ്ങി പോയതും ലച്ചു നെഞ്ചിൽ കൈ വെച്ചു…
അയ്യോ. ഇനിയിപ്പൊ എന്താ ചെയ്യാ…പറയണ്ടായിരുന്നു……. എന്ന് സ്വയം പറഞ്ഞവൾ പെട്ടന്ന് എന്തോ ഓർത്ത പോലെ മുറിയിലേക്ക് കയറി ദാസിനെ വിളിച്ചു കാര്യം പറഞ്ഞു….
ദാസേട്ടാ.. എനിക്ക് പേടിയാവുന്നു…
ഒന്നൂല്ലെടി… അവനെ ഞാൻ വിളിച്ചോളാം.നീ വെച്ചോ എന്നും പറഞ്ഞവൻ കാൾ കട്ട് ചെയ്തു….
നേരം ഒരുപ്പാടായിട്ടും ഹരിയെ കാണാത്തത് കണ്ടവൾ പല തവണ അവന്റെയും ദാസിന്റെയും നമ്പറിലേക്ക് മാറി മാറി വിളിച്ചെങ്കിലും അവർ കാൾ അറ്റന്റ് ചെയ്തില്ല…..
എന്റെ കൃഷ്ണാ… എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ…. ഹരിയേട്ടൻ പെട്ടന്ന് വരണേ…. എന്നും പറഞ്ഞവൾ മുറിയിൽ വെച്ചിരിക്കുന്ന കുഞ്ഞ് കൃഷ്ണ വിഗ്രഹത്തിന്റെ അടുത്തേക്ക് ചെന്ന് കൈകൾ കൂപ്പി കണ്ണടച്ചതും അരയിലൂടെ കൈ ചേർത്ത് ഹരിയവളെ തന്നിലേക്കടുപ്പിച്ചു…
ഈ നേരത്ത് എന്താടി കൃഷ്ണനോട് പരിഭവം പറയുന്നേ… എന്നും ചോദിച്ചവൻ അവളുടെ കഴുത്തിലൂടെ വിരലോടിച്ചതും അവളവനിൽ നിന്ന് കുതറി കൊണ്ട് തിരിഞ്ഞു നിന്ന് അവനെ തുറിച്ചു നോക്കി….
എന്താടി…
ഹരിയേട്ടൻ ഇതെവിടെ ആയിരുന്നു…. ഞാൻ എത്ര തവണ വിളിച്ചു….
അയ്യോ… ഫോൺ സൈലന്റ് ആയിരുന്നെടി. കേട്ടില്ല…
അപ്പൊ ദാസേട്ടന്റെയോ….
അവന്റെ എനിക്കറിയില്ല… അവൻ എന്റെ കൂടെ ഇല്ലായിരുന്നു….എന്നവൻ പറഞ്ഞതും അവളൊരു സംശയത്തോടെ അവനെ നോക്കിയതും അവൻ പെട്ടന്ന് അവളിൽ നിന്ന് കണ്ണ് മാറ്റി കൈ നെറ്റിയിലേക്ക് കൊണ്ട് പോയതും കൈ മുട്ടിലെ ചോര കണ്ടവൾ ഒന്ന് ഞെട്ടി….
അയ്യോ….ചോര…ഇതെങ്ങെനെയാ…
ഏ… എവിടെ…
ദേ… കൈ മുട്ടിൽ.കാണിച്ചേ… എന്നും പറഞ്ഞവൾ അവന്റെ കൈ വലിച്ചു….
അത്… ഒന്നും ഇല്ലെടി.. ചെറിയ മുറിവാ….ദാസിന്റെ കൂടെ പോന്നപ്പോ ബൈക്ക് ഒന്ന് മറിഞ്ഞതാ…. എന്നവൻ പറഞ്ഞതും അവളവനെ നെറ്റി ചുളിച്ചു നോക്കി….
ഹരിയേട്ടനല്ലെ പറഞ്ഞെ ദാസേട്ടൻ കൂടെ ഇല്ലയിരുന്നെന്ന്… കളളം പറഞ്ഞതാലേ…സത്യം പറ ഹരിയേട്ടാ… ഇതെങ്ങെനെയാ..ഹരിയേട്ടൻ അയാളുടെ അടുത്തേക്ക് പോയല്ലേ….. എനിക്ക് പേടിയാവുന്നു… എന്നും പറഞ്ഞവൾ കരയാൻ തുടങ്ങിയതും അവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു….
ഏയ്… ഇങ്ങനെ കരയാതെടി.. അതിന് മാത്രം ഒന്നൂല്ല…
വേണ്ടാ… എന്നോട് മിണ്ടണ്ടാ…. ഞാൻ പറഞ്ഞതല്ലേ പോണ്ടാന്ന്….ഇതാ ഒന്നും ഹരിയേട്ടനോട് പറയാത്തേ…. എന്നും പറഞ്ഞവൾ തേങ്ങാൻ തുടങ്ങിയതും അവൻ അവളെ നെഞ്ചിൽ നിന്ന് അടർത്തി അവളുടെ മുഖം അവന്റെ കൈകളിൽ എടുത്തു…
ലച്ചൂ….നീ കരുതും പോലൊന്നും ഇല്ലെടി… അവനോട് നീ പറഞ്ഞതിനെ പറ്റി ചോദിക്കാൻ ചെന്നപ്പോ വല്ല്യ ശോ…. അപ്പൊ ഒന്ന് കൊടുത്തു…ദാസ് അവിടുന്ന് വലിച്ചു കൊണ്ട് പോന്നപ്പോ കൈ എവിടെയോ തട്ടിയതാ…പേടിക്കണ്ട… ഇതിന്റെ പേരിൽ ഒരു പ്രശ്നവും ഉണ്ടാവില്ല….എന്നവൻ പറഞ്ഞതും അവളവനെ കെട്ടിപിടിച്ചു നെഞ്ചിലേക്ക് തല വെച്ചു….
ഹരിയേട്ടാ…
എന്തോ…
എനിക്ക്… എനിക്കെന്തോ പേടിയാവുന്നു…
എന്തിന്….
അറിയില്ല…. എന്തോ അരുതാത്തത് സംഭവിക്കുമെന്നൊരു തോന്നൽ…
ഒന്നും ഇല്ലെടി പെണ്ണേ….ഒന്നും സംഭവിക്കില്ല… ഞാൻ കുളിച്ചിട്ട് വരാം.. നീ പോയി ഫുഡ് എടുത്തു വെക്ക് എന്നവൻ പറഞ്ഞതും അവളൊന്ന് മൂളി കൊണ്ട് അവനിൽ നിന്ന് വിട്ട് നിന്നു…
എന്തിനാടി പെണ്ണേ ഈ കണ്ണ് ഇങ്ങനെ നിറക്കുന്നത്…. അത് കാണുമ്പോ എന്റെ നെഞ്ചിലാ നീറ്റൽ…നീയൊന്ന് ഉഷാറായെ… പോയി മുഖം കഴുക് എന്നിട്ട് താഴേക്ക് പോയാ മതി എന്നവൻ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് ബാത്‌റൂമിലേക്ക് കയറിയതും വിശ്വയെ ഓർത്തു കൊണ്ടവൻ മുഷ്ടി ചുരുട്ടി……
ബ്രേക്ക് ടൈമിന് ഭക്ഷണം കഴിച്ചു കഴിഞ്ഞു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു ലച്ചുവും മിനിയും….
ഡീ.. ലച്ചു…. എന്തൊരു സ്ത്രീയാടി അവർ…. നീ പറഞ്ഞത് വെച്ച് നോക്കുമ്പോ വൃത്തികെട്ട ഫാമിലിയാണ്…. ശേ…
മ്മ്……
ഇന്നയാൾ വന്നില്ലെന്ന് തോന്നുന്നു… കണ്ടില്ലല്ലോ…. എന്നവർ പറഞ്ഞു തീർന്നതും നെറ്റിയിൽ ഒരു ബാന്റേജുമായി അവർക്ക് മുന്നിൽ വന്നു നിൽക്കുന്ന വിശ്വയെ കണ്ടവർ പരസ്പരം നോക്കി….
ഡീ…അവനോട് പറഞ്ഞേക്ക് ജയിച്ചെന്ന് കരുതണ്ടാന്ന്… ഒറ്റയടിക്കവനെ കൊല്ലാൻ എനിക്കറിയാഞ്ഞിട്ടല്ല…. അത് പാടില്ല..നിന്നെ ഞാൻ സ്വന്തമാക്കുന്നത് കാണണം അവൻ….. എന്നിട്ട് ചങ്കു പൊട്ടി കരയണം…
ആഹാ…. എന്ത് നല്ല നടക്കാത്ത സ്വപ്നം….. അറിയാൻ പാടില്ലാത്തതു കൊണ്ട് ചോദിക്കുവാ… നിങ്ങളെ തലക്കകത്ത് കളി മണ്ണ് വല്ലതും ആണോ…നടക്കാത്ത കാര്യോം പറഞ്ഞു വീമ്പിളക്കി നടക്കാതെ രണ്ടക്ഷരം പഠിച്ചൊരു ജോലി വാങ്ങി അമ്മക്ക് നല്ല കട്ടിയിലൊരു സാരി വാങ്ങി കൊടുക്ക് പിള്ളേച്ചാ…… എന്ന് മിനി പറഞ്ഞതും അവൻ ഡീ… എന്നും വിളിച്ചു അലറി കൊണ്ട് അവൾക്ക് നേരെ കയ്യൊങ്ങിയതും അവൾ കണ്ണ് ഇറുക്കി അടച്ചു….
ലച്ചു.ഡീ… എന്നും വിളിച്ചോണ്ട് മിനിയെ തോണ്ടിയതും അടി വീണില്ലേ എന്നോർത്തു കൊണ്ട് കണ്ണ് തുറന്നവൾ മുന്നോട്ട് നോക്കിയതും വിശ്വയുടെ കയ്യിൽ പിടിച്ചു നിൽക്കുന്ന ദാസിനെ കണ്ടവൾ നെഞ്ചത്ത് കൈ വെച്ചു….
വിശ്വ… ഇത് കോളേജ് ആണ്… പുറത്ത് നടന്ന വിഷയത്തിന്റെ പേരിൽ ഇവിടെ കിടന്ന് അഭ്യാസം ഇറക്കിയാൽ കംപ്ലയിന്റ് ചെയ്യും ഞാൻ.. അറിയാലോ നിനക്ക് പ്രിൻസിയെ…. എന്നും പറഞ്ഞു കൊണ്ട് ദാസ് അവന്റെ കൈ വിട്ടതും മിനിയെയും ലച്ചുവിനെയും രൂക്ഷമായി നോക്കി കൊണ്ട് ദാസിന് നേരെ തിരിഞ്ഞു…..
കൂടുതൽ നെഗളിക്കാതെ സാറേ…എനിക്കുണ്ടായ ഈ മുറിവും വേദനയും രണ്ട് ദിവസം കൊണ്ടങ് മാറും… പക്ഷേ… കൂട്ടുകാരന് ഞാൻ കൊടുക്കാൻ പോവുന്നത് ജീവിത കാലം മുഴുവൻ വേദനിക്കാനുള്ള മുറിവാണ്…
ഡയലോഗ് അടിക്കാതെ നീ ചെല്ല് വിശ്വ….
വിശ്വ ചുമ്മാ ഡയലോഗ് അടിക്കാറില്ല സാറെ…. സംശയം ഉണ്ടേൽ ഒന്ന് അന്വേഷിച്ചു നോക്ക്…. അപ്പൊ അറിയാം…വാടാ… എന്നും പറഞ്ഞവൻ കൂട്ട് കാരേയും കൊണ്ട് അവിടെ നിന്ന് പോയതും ദാസ് ഒന്ന് മുഖം കോട്ടി മിനിക്ക് നേരെ തിരിഞ്ഞു…
എന്ത് ധൈര്യത്തിലാടി. നീ അവന്റെ മുന്നിൽ നിന്ന് വായിട്ടലച്ചത്…
വാ.. പിന്നെ എന്തിനുള്ളതാ….പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയും അതാണീ മീനാക്ഷിയുടെ പോളിസി….
പോളിസി…… ഞാൻ വന്നില്ലേൽ കാണായിരുന്നു… അവന്റെ അടി കൊണ്ട് ഇപ്പൊ ബോധം കെട്ട് താഴെ വീണ് കിടക്കുന്നത്….
ഓ…പിന്നേ…. ഒരടി കൊണ്ടൊന്നും വീഴുന്നവളല്ല ഞാൻ…. ഇതേയ് ഉരുക്കു ശരീരരമാ… എന്നവൾ പറഞ്ഞതും അവനൊന്ന് പുച്ഛിച്ചു മുഖം തിരിച്ചു….
സാറിനെന്താ ഒരു പുച്ഛം…. എന്ത്യേ സംശയം ഉണ്ടോ….
ഉണ്ടെങ്കിൽ…
ഉണ്ടെങ്കിൽ ദേ ആ സൈഡിലേക്ക് വാ.. കാണിച്ചു തരാം…
അയ്യാ… പോയി കെട്ടിയോനെ കാണിക്കെടി…
കെട്ടിയോനാക്കാൻ എനിക്ക് സമ്മതമാ… ദാസേട്ടൻ കൂടെ ഒന്നു മനസ്സു വെച്ചാൽ ഈ കലാലയം നമുക്കൊരു മണിയറ ആക്കാം എന്നവൾ പറഞ്ഞതും ലച്ചുവും ദാസും കിളിപ്പോയ മട്ടിൽ അവളെ നോക്കി നിന്നു…
ഒറ്റ കൊട്ട് വെച്ച് തന്നാലുണ്ടല്ലോ… ക്ലാസ്സിൽ കേറി പോടീ ശവമേ…. എന്നും പറഞ്ഞവൻ അവൾക്ക് നേരെ കൈ ഓങ്ങിയതും അവളൊന്ന് ചിരിച്ചു കൊണ്ട് അവിടെ നിന്ന് ഓടി…..
ശേ…. എവിടുന്ന് കിട്ടിയെടി ലച്ചൂ… നിനക്കിതിനെ…
അവളൊരു പാവമാ ദാസേട്ടാ.ഇങ്ങനെ ചെറിയ കുസൃതി ഉണ്ടന്നേ ഒള്ളൂ.ദാസേട്ടൻ സിംഗിൾ അല്ലേ…ഒന്ന് നോക്കുന്നോ..
ദേ… ലച്ചൂ… വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കാണ്ട് എന്റെ മുന്നീന്ന് പൊക്കോ…അതാ നിനക്ക് നല്ലത്. എന്നവൻ പറഞ്ഞതും അവളൊന്ന് ഇളിച്ചു കാണിച്ചു…
ശരി. എന്നാ ഞാനങ് പോകുവാ ലച്ചൂ….
ദാസേട്ടാ…എനിക്ക് ചില കാര്യങ്ങൾ അറിയാനുണ്ട്…
ഇനിയെന്താ…
ഇന്നലെ നിങ്ങൾ അയാളെ അടുത്ത് പോയല്ലേ…
ആര് പറഞ്ഞു…..
ഹരിയേട്ടന്റെ കൈ മുട്ട് മുറിഞ്ഞിരുന്നു…. ആദ്യം ഒന്നും സമ്മതിച്ചില്ല..ഞാൻ കരഞ്ഞപ്പോഴാ കാര്യങ്ങൾ എന്നോട് പറഞ്ഞെ…
മ്മ്…
ശരിക്കും ഇന്നലെ എന്താ ഉണ്ടായേ… അയാളെ തലയിലുള്ള മുറിവ് എങ്ങെനെയാ ….എന്താ ഞാനിന്നലെ ഫോൺ അടിച്ചിട്ട് എടുക്കാഞ്ഞേ…എന്തായാലും എന്നോട് പറ ദാസേട്ടാ…
നീ ഇന്നലെ വിളിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ ഹരിയെ വിളിച്ചു… സ്ഥലം പറഞ്ഞു തന്നവൻ ഫോൺ കട്ട് ചെയ്തതും ഞാൻ വണ്ടിയെടുത്ത് അങ്ങോട്ട് എത്തിയപ്പോഴേക്കും ഹരിയും വിശ്വയും തമ്മിൽ പിടി വലി ആയിരുന്നു… ഹരി തള്ളിയിട്ടപ്പോ ടേബിളിലെന്തോ ചെന്നിടിച്ചതാ അവന്റെ നെറ്റിയിലുള്ള മുറിവ്….ഏതായാലും കൂടുതൽ പ്രശ്നം ഉണ്ടാവുന്നതിനു മുൻപ് ഞാൻ ഹരിയേയും കൊണ്ടവിടുന്ന് പോന്നിരുന്നു…. ആ തിരക്കിനിടയിലാ നീ വിളിച്ചത്. അതാ എടുക്കാഞ്ഞേ….
ഒക്കെ കൂടെ ആലോചിച്ചിട്ട് പേടിയാവുന്നു ദാസേട്ടാ… അയാളുടെ ഓരോ വാക്കുകളും അരുതാത്തത് എന്തോ സംഭവിക്കാൻ പോവുന്നത് പോലെ….
ഏയ്… അവൻ ചുമ്മാ ഷോ ഇറക്കുന്നതാ..ഒന്നും സംഭവിക്കില്ല… ബെൽ അടിക്കാറായി. നീ ക്ലാസ്സിലോട്ട് പൊക്കോ… പിന്നെ ഒറ്റക്ക് ക്ലാസ്സിൽ നിന്ന് എങ്ങോട്ടും പോവരുത്…
മ്മ്… ശരി…
ആ.. എന്നാ പൊക്കോ എന്നവൻ പറഞ്ഞതും തലയാട്ടി കൊണ്ടവൾ ക്ലാസ്സിലേക്ക് പോയി…
ഹരി… ഹരി…..
എന്താ വല്ല്യമ്മാവാ….
നീ ഇതെന്ത് ഭാവിച്ചാ….
മനസ്സിലായില്ല….
നീ ഇന്നലെ ക്ലബ്ബിൽ വെച്ച് വിശ്വജിത്ത് എന്നൊരു പയ്യനുമായി അടിയുണ്ടാക്കിയോ. എന്ന് മാധവൻ ചോദിച്ചതും അത് കേട്ട് കൊണ്ട് ബാക്കിയുള്ളവരും ഹാളിലേക്കെത്തിയിരുന്നു…..
എന്താ…. ഹരി… എന്തൊക്കെയാ ഈ കേൾക്കണേ…നീ ഇങ്ങനെ ഒന്നും അല്ലായിരുന്നല്ലോ… എന്റെ ദേവി… എന്നെ ഇങ്ങനെ പരീക്ഷിക്കല്ലേ…
അമ്മ ഇങ്ങനെ നിലവിളിക്കാൻ മാത്രം ഒന്നും ഇല്ല….
ഇല്ലെങ്കിൽ പിന്നെ എന്തിനാ സ്റ്റേഷനിൽ നിന്ന് എനിക്ക് കാൾ വന്നത് എന്ന് മാധവൻ ചോദിച്ചതും ലച്ചൂ ഒന്ന് ഞെട്ടികൊണ്ട് ഹരിയെ നോക്കി…
അവൻ വല്ല്യ കൊമ്പത്തുള്ളതാ..കാശ് നല്ലോണം എറിഞ്ഞു കാണും അപ്പൊ ചെറിയ കാര്യവും വലുതാവുമല്ലോ…..
ഹരി….. എന്തിനാടാ നീ ആ ചെക്കനോട് തല്ല് പിടിക്കാൻ പോയത്… അത് പറ..
നീ ഇവിടെ അങ്ങനെ ആരുമായും പരിജയമില്ലാത്തതല്ലേ….
കാര്യം എന്താണെന്ന് അവർ പറഞ്ഞില്ലേ അമ്മാവാ..
ഇല്ലാ… അടിയുണ്ടാക്കി എന്ന് മാത്രമേ പറഞ്ഞുള്ളൂ…ഇനി ഇങ്ങനെ ഉണ്ടാവരുതെന്നൊരു താക്കീതും എന്ന് മാധവൻ പറഞ്ഞതും ഹരി ചുണ്ടൊന്ന് കോട്ടി….
മനുഷ്യനെ തീ തീറ്റിക്കാതെ നീ കാര്യം പറ ഹരിക്കുട്ടാ….
എന്റെ പൊന്നമ്മാ… അത് പറയാൻ മാത്രം ഒന്നും ഇല്ല…ദാസിന്റെ വണ്ടി അവന്റെ വണ്ടിയുമായി ഒന്ന് തട്ടി… അതിന്റെ പേരിൽ നടന്നൊരു വഴക്ക്… അത്രേ ഒള്ളൂ…ഈ ചെറിയ കാര്യങ്ങൾ ഊതി പെരുപ്പിച്ചു വലുതാക്കേണ്ട ഒരാവിശ്യവും ഇല്ല…. എന്നും പറഞ്ഞവൻ മുകളിലേക്ക് കയറി പോയതും മാധവൻ ദേഷ്യത്തോടെ പുറത്തേക്കിറങ്ങി പോയി….
എന്താടി പെണ്ണേ ഈ തൊടിയിൽ ഒറ്റക്ക് വന്നിരിക്കുന്നത്…എന്നും പറഞ്ഞു ഹരി ലച്ചുവിന്റെ അടുത്തേക്ക് ചെന്നിരുന്നു …
ഒറ്റക്കല്ല ഹരിയേട്ടാ…. ഞങ്ങളും ഉണ്ട് എന്നും പറഞ്ഞു കിച്ചുവും ശ്രീയും തൊടിയിലെ മാവിൽ നിന്ന് വിളിച്ചു കൂവിയതും അവനൊന്ന് തലയാട്ടി കാണിച്ചു…..
വരണോ….
വേണ്ടോ…. അവിടിരുന്നാ മതി… ഞങ്ങക്ക് കുറച്ചു പ്രൈവസി വേണം…
ഓ.. ആയിക്കോട്ടെ….
ലച്ചൂ… എന്താ ഒന്നും മിണ്ടാത്തെ…..
ഞാൻ കാരണം ഹരിയേട്ടന് അച്ഛന്റെ കയ്യിൽ നിന്ന് വഴക്ക് കേട്ടില്ലേ….
ഓ.. പിന്നെ അതാണോ വഴക്ക്…. ഇനി ആണെങ്കിൽ തന്നെ അതൊക്കെ ആര് കണക്കിലെടുക്കുന്നു….
എന്നാലും….
ഒരു എന്നാലും ഇല്ലാ….ഇനി ഇതിന്റെ പേരിൽ മോങ്ങാൻ ഉള്ള പുറപ്പാടാണെങ്കിൽ എടുത്തു ദേ തോട്ടിലിടും ഞാൻ എന്നവൻ പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചവനെ നോക്കി….
ഓ… ഇവളെ കൊണ്ട്… നീ ഇങ്ങു വന്നേ… നമുക്ക് കുളക്കടവാ നല്ലത്…
അയ്യാ… ഉള്ളിലിരിപ്പ് എനിക്ക് അറിയാം… നടക്കില്ല….
നടത്തി കാണിച്ചു തരണോ….
വേണ്ടാ…. ഹരിയേട്ടൻ പോയേ….ഞങ്ങൾ വന്നോളാം….
നേരം ഇരുട്ടി തുടങ്ങി… മതി ഇരുന്നത്… കിച്ചു.ശ്രീ… ഇറങ്ങി വാ എന്നവൻ വിളിച്ചു പറഞ്ഞതും അവർ മാവിൽ നിന്ന് താഴേക്ക് ചാടി അവരുടെ അടുത്തേക്ക് ചെന്നു….
ഹരിയേട്ടാ…
ആ….
നമ്മളിനി എന്നാ പുറത്ത് പോവുന്നേ….
ഒരു വട്ടം പോയതാ ഇപ്പൊ അനുഭവിക്കുന്നത്…ഈ ശ്രീയേ പറഞ്ഞാ മതി…. ഇവളാ എല്ലാത്തിനും കാരണം എന്നവൻ പറഞ്ഞതും അവൾ വാ പൊളിച്ചവനെ നോക്കി….
തുടരും

by