23/04/2026

താലിബന്ധനം : ഭാഗം 36

രചന – സെലുനിസു

ഹായ് ദാസ്….

ഹായ്.വിശ്വജിത്ത്….താ… താൻ എന്താ ഇവിടെ..

ഞാൻ ഇവിടെയാ പഠിക്കുന്നത്….

സബാഷ്….ലച്ചൂ… നീ അറിഞ്ഞോടി ഞാൻ പെട്ടു.ഇതെങ്ങാനും നിന്റെ ഹരിയേട്ടൻ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല എന്നെല്ലാം ലച്ചുവിനെ നോക്കി മനസ്സിൽ പറഞ്ഞവൻ…വിശ്വയെ നേർക്ക് തിരിഞ്ഞു ഒന്ന് ചിരിച്ചു കാട്ടി…

ലച്ചൂ….നീ ഇവിടെയാണോ പഠിക്കുന്നത്…എന്നവൻ ചോദിച്ചതും അവൾ  പുഞ്ചിരിച്ചു കൊണ്ട്  അവനെ നോക്കി തലയാട്ടി….

ആഹാ… അത് പൊളിച്ചു…

മ്മ്… എന്റെ തല മിക്കവാറും പൊളിയും…

എന്താ ദാസ് പറഞ്ഞത്…

ഏയ്‌… ഒന്നൂല്ല…

ദാസ് ലച്ചുവിനെ കൊണ്ട് വിടാൻ വന്നതാണോ.

അല്ല. ഞാൻ ഇവിടെ ജോയിൻ ചെയ്തു.ഇവരെ ക്ലാസ്സ്‌ സാർ ആണ്…

ഓ… മൈ ഗോഡ്… ഞാൻ അറിഞ്ഞില്ല സോറി സാർ…പരിജയത്തിന്റെ പേരിൽ പേര് വിളിച്ചതാ…

ഏയ്‌… അതൊന്നും കുഴപ്പമില്ലെടോ….താൻ ദാസ് എന്ന് തന്നെ വിളിച്ചോ..

ഏയ്‌… അത് പറ്റില്ല.. അർഹിക്കുന്നവർക്ക് അതിന്റെ ബഹുമാനം കൊടുക്കും….അല്ലാത്തവരെ തിരിഞ്ഞ് പോലും നോക്കില്ല. അതാണ് എന്റെ പോളിസി….അല്ല.. ഇതാരാ ലച്ചു… നിന്റെ ഫ്രണ്ട് ആണോ….

മ്മ്.. അതേ..

എന്നാ എന്നെ ഒന്ന് പരിചയപ്പെടുത്തി കൊടുക്കെന്നേ .. ദേ കണ്ടില്ലേ  ആൾ അന്ധം വിട്ട് നോക്കുന്നത്…എന്നവൻ പറഞ്ഞതും അവൾ മിനിക്ക് നേരെ തിരിഞ്ഞു.

ആരാ.. ലച്ചു…

അത്.. ഞാൻ പറഞ്ഞില്ലേ… ബീച്ചിൽ വെച്ച് കണ്ട…..

ഓ… മനസ്സിലായി.. നീ വീഴാൻ പോയപ്പോ പിടിച്ച ആൾ…

മ്മ്… അതേ…

ആഹാ… അപ്പൊ ലച്ചു എന്നെ കുറിച്ച് പറഞ്ഞിട്ടുണ്ടല്ലേ. സന്തോഷം…ഇനി ഞാൻ  ഒന്നൂടെ പരിജയപ്പെടുത്താം.
വിശ്വജിത്ത്. ഇവിടെ പിജിക്ക് പഠിക്കുന്നു…വീട് ദേ ഇവിടെ അടുത്ത ജങ്ഷനിൽ തന്നെയാ….

ആഹ്…

മീനാക്ഷീടെ വീട് എവിടെയാ…

ഇവളെ വീടിനടുത്തു തന്നെയാ… കളിക്കൂട്ടുകാരാ ഞങ്ങൾ…

ഓഹ്.. നൈസ്…

ലച്ചൂ.. ദേ ആ വരുന്ന സാർ നിങ്ങടെ ക്ലാസ്സിലേക്കാ.. കയറിക്കോ എന്ന് ദാസ് പറഞ്ഞതും അവളൊന്ന് മൂളിക്കൊണ്ട് മിനിയുടെ കൈ പിടിച്ചു വിശ്വയെ ഒന്ന് നോക്കി ക്ലാസ്സിലേക്ക് കയറി…

ഹരി….തിരിച്ചു പോയോ…

ആ പോയി വിശ്വ…

ഓ….

എനിക്ക് ക്ലാസ്സ്‌ ഉണ്ട് വിശ്വ ഞാൻ പോയി…

ഓക്കേ സാർ… പിന്നെ കാണാം എന്നും പറഞ്ഞവൻ തിരിഞ്ഞു നടന്നതും ദാസ് പിടിച്ചു വെച്ച എയർ മൊത്തം പുറത്തേക്ക് കളഞ്ഞു…

എന്റെ ദേവി… ഇതറിഞ്ഞാ ഹരി എക്സാം ഒന്നും നോക്കാതെ അടുത്ത വണ്ടി കയറുമെന്നുറപ്പാണ്…… എന്ന് സ്വയം പറഞ്ഞവൻ മനസ്സിൽ ചിലത് കണക്ക് കൂട്ടി അവിടെ നിന്ന് നടന്നകന്നു….

ഫസ്റ്റ് ഡേ ആയതു കൊണ്ട് തന്നെ അന്ന് ക്ലാസ്സ്‌ നേരത്തേ വിട്ടിരുന്നു..അവിടുന്നവർ നേരെ ദേവികന്റിയുടെ വീട്ടിലേക്ക് ബസ് കയറി…

ആന്റി….

ആഹാ… വന്നോ… ഞാൻ കരുതി ഇനി ഇങ്ങോട്ടില്ലാന്ന്…

അങ്ങനെ എന്റെ ആന്റിയുടെ ശിഷ്യഗണത്തിൽ നിന്നും ഞാൻ പിന്മാറോ. ഈ കയ്യിൽ നിന്നും സകലതും പഠിച്ചിട്ടേ ഈ ലക്ഷ്മി ഇവിടിന്നിറങ്ങു

ഓ… ആയിക്കോട്ടെ…നിന്റെ ഹരിയേട്ടൻ വിളിച്ചിരുന്നോ…

ഉച്ചക്ക് വിളിച്ചായിരുന്നു……

എന്ത് പറഞ്ഞു…

എന്നെ കാണാൻ തോന്നുന്നൂന്ന്…

അയ്യാ… കാണാൻ കൊള്ളാവുന്ന എത്ര പേരുണ്ടാവും അവിടെ…

അവരൊന്നും എന്റെ അത്ര ഭംഗി ഇല്ലാന്ന്…

ആ.. കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ് എന്നാണല്ലോ…

ആണല്ലോ… എന്നാ ടീച്ചറമ്മ നടക്ക് എന്നും പറഞ്ഞവൾ ദേവികയുടെ തോളിൽ കൈ വെച്ചതും അവരവളെ മിഴിച്ചു നോക്കി….

എന്താ നീ ഇപ്പൊ വിളിച്ചേ…

ടീച്ചറമ്മാന്ന്.. എന്ത്യേ കൊള്ളില്ലേ…

മ്മ്… കൊള്ളാം… ഇനി അങ്ങനെ വിളിച്ചാ മതി… എനിക്കിഷ്ട്ടായി…

അഹ്‌ണോ.. എന്നാ കളി കഴിഞ്ഞു കോഫി ഇട്ട് തരാവോ ..

തരാടി കാന്താരി…. എന്നും പറഞ്ഞവർ അവളുടെ കവിളിലൊന്ന് പിച്ചി വലിച്ചു…

എന്നാ വാ പോവാം… എന്നും പറഞ്ഞവർ അവളുടെ കയ്യിൽ പിടിച്ചപ്പോഴാണ് മിനിയുടെ കാര്യം അവൾക്കോർമ്മ വന്നത്… തിരിഞ്ഞു നോക്കിയപ്പൊ അകത്തേക്ക് കയറാതെയവൾ കണ്ണും തള്ളി പിടിച്ചു നിക്കുവാണ്…

ഡീ..കയറി വാടി എന്നും പറഞ്ഞു ലച്ചു അവളെ വിളിച്ചതും അവൾ ചിരിച്ചോണ്ട് അകത്തേക്ക് കയറി…..

ഹായ്.. ആന്റി……

മീനാക്ഷി അല്ലേ…

അതേ… അറിയാവോ എന്നെ…

ലച്ചു പറഞ്ഞിട്ടുണ്ട്…നിന്നെ പറ്റി… താനെന്താടോ ലച്ചുവിന്റെ കൂടെ കയറാഞ്ഞേ. ഞാൻ ആണേൽ ശ്രദ്ധിച്ചതൂല്ല…

അത്… നിങ്ങടെ സ്നേഹം കണ്ടപ്പോ നിന്ന് പോയതാ… ശരിക്കും അമ്മേം മോളേം പോലെ…എന്നവൾ പറഞ്ഞതും ദേവിക ഒരു ചിരിയോടെ ലച്ചുവിനെ ചേർത്ത് പിടിച്ചു….

ഇവള് എന്റെ മോള് തന്നെയാ…. രണ്ട് മൂന്ന് ദിവസം ഇവളെ കാണാഞ്ഞപ്പോ മനസ്സിലൊരു ഭാരം പോലെ ആയിരുന്നു…എന്ന് ലച്ചുവിന്റ മുഖത്തേക്ക് നോക്കിയവർ ചോദിച്ചതും നിറക്കണ്ണാൽ അവൾ ആന്റിയുടെ നെഞ്ചിൽ തല വെച്ച് കിടന്നു….

ഡാൻസ് ക്ലാസ്സ്‌ കഴിഞ്ഞ ഉടൻ മനു അങ്ങോട്ട് എത്തിയിരുന്നു…. വീട്ടിൽ എത്തി കുളിച്ചു ഹരിക്ക് ഒരു മെസ്സേജും അയച്ചവൾ താഴേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഫോൺ ബെൽ അടിച്ചത്….

ദാസേട്ടനോ… എന്താവും എന്ന് സ്വയം പറഞ്ഞവൾ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു….

ഹലോ..

ആ.. ലച്ചു. നീ വീട്ടിൽ എത്തിയോ…

ആ എത്തി ദാസേട്ടാ…

ഹരി വിളിച്ചിരുന്നോ…

ഇല്ല. മെസ്സേജ് അയച്ചിരുന്നു.വൈകുന്നേരം വിളിക്കാന്ന് പറഞ്ഞു…

അവൻ വിളിക്കുമ്പോ വിശ്വജിത്ത് കോളേജിൽ ഉള്ളത് പറയണ്ടാ…

അയ്യോ… ദാസേട്ടാ.. അത്..

നോക്ക് ലച്ചു.. അവന് എക്സാം അടുത്ത് വരുവാ… ഈ കാര്യം അറിഞ്ഞാൽ മനസ്സിൽ മുഴുവൻ ടെൻഷൻ ആവും…എക്സാം കഴിഞ്ഞവൻ വരട്ടെ എന്നിട്ട് പറയാം…

ദാസേട്ടാ… ഹരിയേട്ടൻ അറിഞ്ഞാ വഴക്ക് പറയും…

ഞാനോ നീയോ പറയാതെ അവനറിയില്ലാ… സമയം ആവുമ്പോൾ  ഞാൻ പറഞ്ഞോളാം..പോരെ…

മ്മ്…

എങ്കി വെച്ചോ… നാളെ കാണാം…

ശരി ദാസേട്ടാ….

ഫോൺ വെച്ചിട്ടും അവളത് കയ്യിൽ പിടിച്ചു കുറച്ചു നേരമങ്ങനെ നിന്നു….

ഹരിയേട്ടനോട് പറയാതിരുന്നാൽ എങ്ങെനെയാ…. പറയണോ…വേണ്ടാ…ദാസേട്ടൻ പറഞ്ഞത് പോലെ ഹരിയേട്ടന് എക്സാം അടുത്ത് വരുവാ..കുറച്ചു ദിവസം കൊണ്ട് ഇങ്ങെത്തുമല്ലോ. അപ്പൊ പറയാം… എന്ന് മനസ്സിൽ പറഞ്ഞവൾ ഫോൺ എടുത്തു വെച്ച് താഴേക്കിറങ്ങി….

ലച്ചു ചേച്ചി….

ആഹാ.. എവിടെ ആയിരുന്നു രണ്ടാളും…

ഞങ്ങൾ സീതേച്ചീടെ വീട്ടിൽ പോയതാ… കോളേജ് എങ്ങനെ ഉണ്ട് ചേച്ചി…എല്ലാടോം കണ്ടോ..

ഫസ്റ്റ് ദിവസം അല്ലേ..എങ്ങും പോയില്ല…
പിന്നെ വേറൊന്നുണ്ട്.. ഞങ്ങടെ ക്ലാസ്സ്‌ സാർ ദാസേട്ടൻ ആണ്.. എന്നവൾ പറഞ്ഞതും രണ്ടാളും വായും പൊളിച്ചു പരസ്പരം നോക്കി…

ദാസേട്ടനോ…

മ്മ്.അതേ…നിങ്ങടെ ഈ അവസ്ഥ തന്നെ ആയിരുന്നു ദാസേട്ടനെ ക്ലാസ്സിൽ കണ്ടപ്പൊ ഞങ്ങക്കും..അല്ല നിങ്ങളെന്തിനാ സീതേച്ചീടെ വീട്ടിൽ പോയത്….

ഇന്ന് അലോട്ട്മെന്റ് ഉണ്ടായിരുന്നു ചേച്ചി….നോക്കാൻ പോയതാ..

എന്നിട്ട് കിട്ടിയോ എവിടേലും…എന്നവൾ ചോദിച്ചതും അവർ ചുമല് കൂച്ചി ഇല്ലെന്ന് പറഞ്ഞു….

മ്മ്….നിങ്ങടെ മാർക്കിനനുസരിച്ച് സീറ്റ് കിട്ടിയത് തന്നെ….

ചേച്ചി അങ്ങനെ ഞങ്ങളെ കൊച്ചാക്കണ്ട. ഇപ്പൊ മാർക്കിനെ അപേക്ഷിച്ചല്ലല്ലോ സീറ്റ് കിട്ടുന്നത്. ഭാഗ്യത്തിനാ..ആ ഒരു പ്രതീക്ഷയിലാ ഞങ്ങൾ….പിന്നെ കിട്ടിയില്ലേൽ  നല്ല അന്തസായിട്ട് പ്രൈവറ്റ് കോളേജിലങ് ചേരും അല്ലെടി ശ്രീ…

പിന്നല്ല…. ഇവിടെ അടുക്കി വെച്ച ക്യാഷ് എങ്ങനേലും ചിലവാക്കണ്ടേ…

മ്മ്… അച്ഛനും ചെറിയച്ഛനും കേക്കണ്ട ഇത്.

ഓ… പിന്നെ.. കാര്യവല്ലേ പറഞ്ഞെ . പൈസ കൂട്ടിവെച്ചിട്ടെന്തിനാ ചാവുമ്പോ കൊണ്ടാവാനോ….മക്കളെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണം അതാണ് വേണ്ടേ….ഇത് എങ്ങോട്ടും കൊണ്ട് പോവത്തൂല്ല. ശോ ഇവിടെ ജനിക്കണ്ടായിരുന്നു…

ഇതൊക്കെ നീ എന്നോട് പറഞ്ഞിട്ടെന്താ കാര്യം കിച്ചൂ… അച്ഛൻ വരുമ്പോ നേരിട്ട് പറ….ഇപ്പൊ ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ കിട്ടുവോ നോക്കട്ടെ.

മ്മ്. ചെല്ല് ചെല്ല്… മോളെ സ്നേഹിക്കുന്ന പുന്നാര അമ്മ കാര്യമായിട്ട് ഉണ്ടാക്കി വെച്ചിട്ടുണ്ടാവും എന്ന് കിച്ചു പറഞ്ഞതും ലച്ചു ഒന്ന് ചിരിച്ചോണ്ട് അടുക്കളയിലേക്ക് നടന്നു….

അമ്മാ…. കഴിക്കാൻ എന്താ ഉള്ളേ…

രാവിലത്തെ ചോറും കറിയും ഇരിപ്പുണ്ട്..വേണേൽ കഴിച്ചോ…

മ്മ്… ചെറിയമ്മ എന്ത്യേ…

ആവോ എനിക്കറിയില്ല….ഇപ്പൊ വരാമെന്നും പറഞ്ഞു പുറത്തേക്ക് പോവുന്നത് കണ്ടു… എല്ലാവർക്കും അവരവരുടെ കാര്യം നോക്കി പോയാ മതിയല്ലോ..പണിയെടുത്തു മനുഷ്യന്റെ നടു ഒടിഞ്ഞു…. വൈകുന്നേരം ആവുമ്പോഴേക്കും ഇനി എന്തൊക്കെ വേണം…

ഞാൻ ചെയ്തോളാം. വയ്യെങ്കിൽ അമ്മ പോയി കിടന്നോ എന്നവൾ പറയേണ്ട താമസം ശാരു അടുക്കളയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു….

ശാരു പോയതും അവൾ അടുക്കള ആകെമാനം ഒന്ന് വീക്ഷിച്ചു….ഉച്ചക്ക് കഴിച്ച പ്ലേറ്റ് പോലും കഴുകീട്ടില്ല..കുറച്ച് ചോറും കറിയും എടുത്തു കഴിച്ചവൾ ദാവണി തുമ്പ് എളിയിലേക്ക് കുത്തി പണി ഓരോന്നായി ചെയ്യാൻ തുടങ്ങി…. എല്ലാം കഴിഞ്ഞപ്പോഴേക്കും അവൾ നന്നേ ക്ഷീണിച്ചിരുന്നു…..ക്ലോക്കിലേക്ക് നോക്കിയപ്പോൾ ടൈം കണ്ടവളൊന്ന് ഞെട്ടി…

എന്റെ കൃഷ്ണ…ആറരയോ.. ഹരിയേട്ടൻ വിളിച്ചു കാണുമല്ലോ…. എനിക്ക് വയ്യാ എന്ന് സ്വയം പറഞ്ഞവൾ ധൃതിയിൽ മുകളിലേക്ക് കയറി… ഫോൺ എടുത്തു നോക്കിയപ്പൊ ഹരി ഒത്തിരി തവണ വിളിച്ചിട്ടുണ്ട്…..

ഇന്നെനിക്ക് വഴക്ക് ഉറപ്പാ….അങ്ങോട്ട് വിളിക്കണോ വേണ്ടയോ എന്ന് ശങ്കിച്ചു നിക്കുമ്പോഴാണ് ഹരി വീണ്ടും വിളിച്ചത്…ചെറിയൊരു പേടിയോടെയവൾ ഫോൺ എടുത്തു…

ഹ.. ഹലോ…..

എവിടെ പോയി കിടക്കുവായിരുന്നെടി… എത്ര തവണ വിളിച്ചു… നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഞാൻ വിളിക്കുമ്പോ ഫോൺ എടുക്കണംന്ന്….

ഞാൻ താഴെ ആയിരുന്നു ഹരിയേട്ടാ…

താഴെ നിന്റെ മറ്റവൻ ഇരിക്കുന്നുണ്ടോടി… നിനക്കറിയില്ലേ ഞാൻ വിളിക്കുന്ന ടൈം…

ഹരിയേട്ടാ പ്ലീസ് വഴക്ക് പറയല്ലേ..ഒത്തിരി ജോലി ഉണ്ടായിരുന്നു…

ഓ… നീ അവിടുത്തെ വേലക്കാരിയാണല്ലോ…. അത് ഞാൻ മറന്നു….

ഹരിയേട്ടാ…

മിണ്ടരുത് നീ… അവിടെ ജോലി എടുക്കാൻ നീ മാത്രമേ ഒള്ളോ….

ചെറിയമ്മ എങ്ങോട്ടോ പോയിരിക്കായിരുന്നു…അമ്മക്ക് നടു വേദനയാന്ന് പറഞ്ഞപ്പോ…

പറഞ്ഞപ്പൊ നീ ചെയ്തോളാം ജോലിയൊക്കെ എന്ന് തിരിച്ചു മറുപടി കൊടുത്തു അല്ലെടി..

മ്മ്മ്…

എന്റെ ലച്ചു കഷ്ട്ടം…

ഹരിയേട്ടൻ അത് വിട്ടേ.. വേറെന്തെങ്കിലും പറ….

മ്മ്…. കോളേജ് എങ്ങനെ ഉണ്ടായിരുന്നു…

കൊഴപ്പൊന്നൂല്ല… ഇന്ന് ക്ലാസ്സ്‌ നേരത്തേ കഴിഞ്ഞു. മനുവേട്ടന്റെ കൂടെയാ പോയത്…

മ്മ്… അവൻ പറഞ്ഞിരുന്നു…

ഹരിയേട്ടാ…

ആ… പറ..

ദാസേട്ടൻ ആണ് ഞങ്ങളെ ക്ലാസ്സ്‌ സാർ എന്ന് ഹരിയേട്ടന് അറിയാമായിരുന്നോ…

ആ.. അവൻ പറഞ്ഞിരുന്നു…

എന്നിട്ടെന്താ എന്നോട് പറയാഞ്ഞേ..

അവൻ പറയണ്ടാന്ന് പറഞ്ഞതോണ്ട്…

ഓ….

എന്ത് കോ….

പോ… ഹരിയേട്ടാ….ചായ കുടിച്ചായിരുന്നോ….

ആ കുടിച്ചു….

എന്താ സ്പെഷ്യൽ…

ആനമുട്ട പുഴുങ്ങിയത്…

ഓ… അപ്പോ അത് കഴിക്കുന്നത് കൊണ്ടാണല്ലേ അന്ന് ഇത്ര വെയിറ്റ്…. അന്ന് ശ്വാസം മുട്ടി ചാവാഞ്ഞത് ഭാഗ്യം….

ഏഹ്… എന്ന്… നിനക്കെങ്ങനെ എന്റെ വെയിറ്റ് അറിയാം എന്നവൻ ചോദിച്ചതും അവൾ നാക്ക് കടിച്ചു കൊണ്ട് സ്വയം തലക്കൊരു കൊട്ട് കൊടുത്തു….

ഡീ….ചോദിച്ചത് കേട്ടില്ലേ….

അത്…. അത് ഹരിയേട്ടനെ കണ്ടാൽ അറിയാലോ…

ആഹാ.. അങ്ങനെയാണോ…അപ്പൊ അന്ന് എന്ന് പറഞ്ഞതോ…. ഒരു മിനിറ്റ് വീഡിയോ കാളിൽ വരാം ഞാൻ….ഈ കാര്യം അങ്ങനെ സംസാരിച്ചാലേ ശരിയാവത്തൊള്ളൂ….

അയ്യോ… ഇപ്പൊ വേണ്ട ഹരിയേട്ടാ….

അതെന്താ…

ഒന്നൂല്ല… പിന്നെ വിളിക്കാം…

പറ്റില്ല. എനിക്ക് എന്റെ ലച്ചൂന്റെ മുഖം ഇപ്പൊ കാണണം…

വേണ്ടാ… ഞാൻ കാൾ എടുക്കില്ല…

നീ എടുത്തില്ലേൽ അടുത്ത വണ്ടിക്ക് ഹരി അവിടെ എത്തും..

ഹരിയേട്ടാ….ഹലോ.. ഹലോ…. ശോ.. ഏത് നേരത്താണോ അങ്ങനെ പറയാൻ തോന്നിയെ…. എന്നവൾ പറഞ്ഞു തീർന്നപ്പോഴേക്കും അവൻ വീഡിയോ കാൾ ചെയ്തിരുന്നു… ഫോണിലേക്ക് ദയനീയമായൊന്ന് നോക്കിയവൾ കാൾ അറ്റന്റ് ചെയ്തു സ്ക്രീനിലേക്ക് നോക്കിയതും കള്ള ചിരിയാൽ താടിയിൽ തടവി തന്നെ നോക്കുന്നവനെ കണ്ടവൾ പെട്ടന്ന് തല താഴ്ത്തി പിടിച്ചു….

എന്തുവാ ലച്ചൂസേ താഴെ വല്ലതും കളഞ്ഞു പോയോടി….കാര്യമായിട്ട് നോക്കുന്നുണ്ടല്ലോ….എന്നവൻ പറഞ്ഞതും അവൾ മുഖം ഉയർത്തി അവനെ നോക്കി കണ്ണുരുട്ടി…..

ഡീ… ഉണ്ടക്കണ്ണി….

ഹരിയേട്ടാ… ദേ… വേണ്ടാട്ടോ…

എന്ത് വേണ്ടാന്ന്… അതിന് ഞാൻ ഒന്നും തന്നില്ലല്ലോ…. നല്ല വെയിറ്റ് ഉണ്ടായിരുന്നോടി ഞാൻ….എന്നവൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ ചോദിച്ചതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് തല താഴ്ത്തി….

ലച്ചൂ…. എന്നവന്റെ പ്രണയാർദ്രമായ വിളിയിൽ അവൾ കണ്ണുകൾ തുറന്നവനെ നോക്കി….

വെയിറ്റ് മാത്രമേ അന്ന് തോന്നിയൊള്ളോ…. വേറൊന്നും തോന്നിയില്ലേ….

ശേ… ഈ ഹരിയേട്ടൻ… ഞാൻ വെക്കുവാ….

വെക്കല്ലേ വെക്കല്ലേ… ഇനി പറയില്ല…

മ്മ്..

അൺ റൊമാന്റിക് മൂരാച്ചി….

കണക്കായി പോയി…..

പോടീ….പിന്നെ എന്താ വിശേഷം.കോളേജിലെ കാര്യങ്ങളൊക്കെ ദാസ് പറഞ്ഞായിരുന്നു. എന്നവൻ പറഞ്ഞപ്പോഴാണ് അവൾക്ക് വിശ്വജിത്തിന്റെ കാര്യം ഓർമ വന്നത്…

എ… എന്താ പറഞ്ഞെ…..

ക്ലാസ്സ്‌ സാർ അവനാണെന്ന് കണ്ടപ്പൊ നിങ്ങൾ ഞെട്ടിയതും. റാഗിങ്ങിനിടയിൽ അവൻ കയറി വന്നതും അങ്ങനൊക്കെ…

മ്മ്…

എന്താടി മുഖത്തിനൊരു വാട്ടം… കുഴപ്പമൊന്നുമില്ലല്ലോ…

ഇല്ല…

ദേവികാന്റി എന്ത് പറഞ്ഞു…

ഞാൻ ചെന്നിട്ട് ഒത്തിരി സന്തോഷായി… പിന്നെ ആന്റി എന്നുള്ള വിളി ഞാനങ്ങു മാറ്റി…

ഏഹ്… ഇനി നീ എന്താ വിളിക്കാൻ പോണേ ദേവികാന്നോ…

ഈ… ഹരിയേട്ടൻ ഒന്നും പറയാൻ സമ്മതിക്കില്ല…

ഇപ്പൊ അങ്ങനായോ. എന്നാ സമ്മതിച്ചിരിക്കുന്നു… ഇനി പറ.. എന്താ…

ഞാനെയ് ആന്റിയെ ഇനി മുതൽ ടീച്ചറമ്മാന്ന് വിളിക്കും…

അത് കൊള്ളാം. എന്നാ ഇനി ഞാനും അങ്ങനെ വിളിക്കാം..

അയ്യ… അത് വേണ്ട. ഇത് ഞാൻ മാത്രം വിളിച്ചാ മതി….

ഹരിയേട്ടാ..

ആ….

ഹരിയേട്ടൻ ഇനി എന്നാ വരാ….

നീ ഇങ്ങനെ ദിവസം ഈ ചോദ്യം ചോദിച്ചാ ഞാൻ എക്സാം കഴിയാൻ നിൽക്കില്ലാട്ടോ….അങ്ങ് വരും….

ഓ… പിന്നെ…അത് ഏതായാലും ഉണ്ടാവില്ല….

അതൊക്കെ നിന്റെ തോന്നലാ മോളെ…വരണം എന്ന് വിചാരിച്ചാൽ ഈ ഹരി വന്നിരിക്കും..

എന്നാ ഇപ്പൊ വിചാരിക്കണ്ട….

വേണ്ടെങ്കി വേണ്ടാ…നീ ആ അലമാരെടെ സൈഡിലേക്കൊന്ന് ചെന്ന് നോക്കിയേ….

എന്താ….

ചെന്ന് നോക്കെടി. അവിടെ ഞാനുണ്ട്…എന്നവൻ പറഞ്ഞതും അവൾ  ഞെട്ടി കൊണ്ട് ബെഡിൽ നിന്ന് എഴുന്നേറ്റ് അലമാരയുടെ അടുത്തേക്ക് ചെന്നതും സൈഡിൽ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോ കണ്ടവളുടെ കണ്ണ് മിഴിഞ്ഞു…

തുടരും…..