19/04/2026

നീയറിയാതെ : ഭാഗം 18

രചന – അയിഷ അക്ബർ

രണ്ടു മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ഡോക്ടർ ഡിസ്ചാർജിനുള്ള അനുവാദം നൽകി…. അപ്പൊഴേക്കും അവൾ കുറെയൊക്കെ മെച്ചപ്പെട്ടിരുന്നു…. വീട്ടിൽ പോവാൻ നേരം കൂടെ അച്ഛനും അമ്മയും സിദ്ദുവും ഉണ്ടായിരുന്നു…. കാറിലേക്ക് അവളെ കയറ്റുമ്പോഴും അവളുടെ ഒരു ഭാഗം സിദ്ധുവിന്റെ കൈകളിലായിരുന്നു… മറുപുറത്തു മാധവനും അവളെ താങ്ങി പിടിച്ചിരുന്നു…… സാധനങ്ങളുമായി സീത അവർക്കു പിറകെയുണ്ടായിരുന്നു….. വീട്ടിലേക്കുള്ള വഴികൾ മുഴുവൻ അവളിൽ വല്ലാത്തൊരു സന്തോഷം നിറച്ചിരുന്നു….. ഒത്തിരി ദിവസങ്ങൾക്കു ശേഷമുള്ള തിരിച്ചു വരവിൽ അവളെങ്ങേയറ്റം ആഹ്ലാദത്തിലായിരുന്നു… ഇരുവശങ്ങളും പാടങ്ങളാൽ മനോഹരമായ ആ വഴികൾക്കെല്ലാം ഒരു പുതുമ തോന്നിയിരുന്നു…. വിശാലമായ ആ മുറ്റത്തു കാർ നിർത്തുമ്പോൾ ചൊടികളിൽ പുഞ്ചിരി കോർത്തു മിഴികളാൽ അവിടെയുള്ള ഓരോന്നിനെയും ഒപ്പിയെടുത്തു….

അവളെ പിടിച്ചു തിണ്ണയിലിരുത്തിയപ്പോഴേക്കും ബിന്ദു നല്ല ചൂട് കാപ്പിയുമായി എത്തിയിരുന്നു….. അമ്മേ…. ഞാനെന്റെ പഴയ മുറിയിൽ കിടന്നോട്ടെ…. കാറിന്റെ ഡിക്കിയിൽ നിന്നും സാധനങ്ങൾ പുറത്തെടുക്കുകയായിരുന്ന സിദ്ധുവൊന്ന് ഞെട്ടി…. സീതയും മാധവനും മുഖത്തോട് മുഖം നോക്കി… ആ മുറിയിൽ എനിക്ക് വല്ലാത്ത ശ്വാസം മുട്ടുന്നുണ്ടമ്മേ …. അവളുടെ ശബ്ദം ഇടറിയിരുന്നു…. അത് മോളേ…. എന്ത് പറയണമെന്നറിയാതെ അവർ വിയർത്തു…. അതിനാ മുറിയിൽ ബാത്റൂമില്ലല്ലോ അച്ഛാ … സിദ്ധു അവളുടെ മുഖത്ത് നോക്കിയാണത് ചോദിച്ചത്….. അത് സാരമില്ല….വരാന്തയുടെ അറ്റത്തൊരു ബാത്റൂമുണ്ടല്ലോ അച്ഛാ… അവൾ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി….. അവളെ അവളുടെ പഴയ മുറിയിൽ കൊണ്ടാക്കുമ്പോഴും അവൻ മുഖം കൂർപ്പിച്ചിരുന്നു….. അവൾ കട്ടിലിൽ കിടന്ന് കൊണ്ട് നോക്കുമ്പോൾ എതിർ വശത്തായി അവനെ കാണുന്നുണ്ടായിരുന്നു.. അവളുടെ മിഴികൾ അവനെ തഴുകുന്നുണ്ടെന്നറിഞ്ഞ നിമിഷം അവൻ മുറിയുടെ വാതിൽ ദേഷ്യത്തോടെ കൊട്ടിയടച്ചു…..

കാല് വല്ലാണ്ട് വീങ്ങിയിട്ടുണ്ട്…. ബാത്‌റൂമിലേക്ക് കാല് വലിച്ചു വലിച്ചു പോകുന്നത് കണ്ടപ്പോഴേ ഞാൻ വിചാരിച്ചിരുന്നു ഇത് ഇങ്ങനെ എന്തെങ്കിലും ആവുമെന്ന്…… സീത അവളെ സ്നേഹത്തോടെ ശാസിക്കുന്നുണ്ടായിരുന്നു…. സാരമില്ലമ്മേ…. അത് മാറിക്കോളും…. നിനക്ക് സിദ്ധുവിന്റെ മുറിയിലേക്ക് കിടന്നു കൂടെ മോളേ….. അവളൊന്നും മിണ്ടിയില്ല… അതിനെ കുറിച്ചൊരു സംസാരത്തിനു താല്പര്യമില്ലാത്ത പോലവൾ മിഴികലടച്ചു കിടന്നു…. വൈകുന്നേരം സിദ്ധു വീട്ടിലേക്ക് കയറി വരുമ്പോൾ അന്ന അവളുടെ മുറിയിലില്ലായിരുന്നു…. വരാന്തയുടെ അങ്ങേയറ്റത് നിന്നും അവൾ മുറിയേ ലക്ഷ്യമാക്കി വരുന്നതവൻ കണ്ടിരുന്നു….. ചുമരിനെ താങ്ങാക്കി അവൾ കാലുകൾ വലിച്ചു കൊണ്ട് വളരേ പ്രയാസപ്പെട്ട വരുന്നതവൻ നോക്കി നിന്നു….. അതത്ര മേലവനെ നൊമ്പരപ്പെടുത്തിയിരുന്നു… അവളടുത്തു വരും തോറും അവളുടെ കാലുകളുടെ വീക്കം അവന്റെ കണ്ണിലും പെട്ടിരുന്നു…. അവൻ പെട്ടെന്ന് തന്നെ ദേഷ്യപ്പെട്ടു അടുക്കളയിലേക്ക് നടന്നിരുന്നു

അമ്മേ…. അവൾക്ക് നല്ല റസ്റ്റ് വേണമെന്ന് ഡോക്ടർ പറഞ്ഞത് അമ്മയും കേട്ടതല്ലേ….. ആ കാലും വെച്ചുള്ള നടത്തം അത്ര നല്ലതിനല്ല…. അവന്റെ ദേഷ്യം വാക്കുകളിൽ പ്രകടമായിരുന്നു… ഞാൻ കേ ട്ടിട്ടെന്തിനാ സിദ്ധൂ…..അവൾ കേൾക്കണ്ടേ…. രണ്ട് ദിവസം കൊണ്ട് തന്നെ കാലിനു നല്ല വീക്കം തോന്നുന്നുണ്ട്…. ഞാൻ രാവിലെ കൂടി പറഞ്ഞതാ നിന്റെ മുറിയിലേക്ക് കിടക്കാൻ… സീത നിസ്സഹായയെന്ന വണ്ണം പറഞ്ഞു നിർത്തുമ്പോൾ സിദ്ധു പെട്ടെന്ന് തന്നെ അവിടെ നിന്നും മുറിയിലേക്ക് പോയി…. അവൻ മുറിയിലേക്ക് ചെല്ലുമ്പോളവൾ ചായ കുടിക്കുകയായിരുന്നു…. അവൻ പെട്ടെന്ന് അവളുടെയെടുത്തേക്ക് പോയി…. കയ്യിലെ ഗ്ലാസ്‌ വാങ്ങി താഴെ വച്ചു….. എന്താണെന്ന ഭാവത്തിൽ അവനെ നോക്കുമ്പോഴേക്കും ഇരു കയ്കൊണ്ടവനവളെ കോരിയെടുത്തിരുന്നു…. പെട്ടെന്നുള്ള പ്രവർത്തിയിൽ അവൾക്ക് ആലോചിക്കാൻ പോലും ഇടം കിട്ടിയില്ല….. അവൾ അവനെ തന്നെ നോക്കി നിന്നു….. അവൻ അവന്റെ മുറിയിലേ കട്ടിലിൽ അവളെയിരുത്തി…. കൂടെ അവൾ കുടിച്ചു കൊണ്ടിരുന്ന ചായ ഗ്ലാസ്‌ കൂടി എടുത്ത് കൊണ്ട് വന്നവളുടെ കൈകളിൽ കൊടുത്തു…..

ഒപ്പം ജനാല തുറന്നിട്ടു…. സുഖമുള്ള ഒരു മന്ദമാരുതൻ അവരെ തേടി ആ മുറിക്കുള്ളിലേക്ക് കടന്നു വന്നു….. ഇത്രയും വിശാലമായ ഈ മുറിയിൽ നിനക്ക് ശ്വാസം മുട്ടുകയാണെങ്കിൽ അതീ ഞാൻ കാരണമാവും….. ഇനിയും ശ്വാസം മുട്ടുകയാണെങ്കിൽ പറഞ്ഞാൽ മതി ഞാൻ മാറി തരാം….. പറഞ്ഞു കൊണ്ടവിടെ നിന്നും പോകുന്നവനെ അവൾ കണ്ണിമ വെട്ടാതെ നോക്കി…. ശ്വാസമെടുക്കാൻ പോലും മറന്നവളതെയിരിപ്പ് തുടർന്നു…. മുറിക്ക് പുറത്തേക്കിറങ്ങിയപ്പോൾ ചിരി കടിച്ചമർത്തി അവിടെ നില്ക്കുന്ന സീതയുടെ മുഖത്ത് നോക്കാൻ അവനൊരു പ്രയാസം തോന്നി.. കാലിനു റസ്റ്റ്‌ വേണമെന്ന്…. ഡോക്ടർ പറഞ്ഞതല്ലേ… അതാ ഞാൻ…. അവൻ നിന്നു പരുങ്ങി… അതെന്തായാലും നന്നായെടാ മോനെ…. അവളെ ഒറ്റക്ക്‌ കിടത്തുന്നതിൽ അമ്മയ്ക്കും വല്ലാത്തൊരു ബുദ്ധിമുട്ടുണ്ടായിരുന്നു..ഞാൻ കൂട്ടിനു കിടക്കാമെന്ന് പറഞ്ഞാൽ അവൾ സമ്മതിക്കതുമില്ല…. ഇനിപ്പോ പേടിക്കണ്ടല്ലേ കൂട്ടിനു നീയുണ്ടല്ലോ…. അർത്ഥം വെച്ചു കൊണ്ട് അമർത്തിയവർ പറഞ്ഞു കൊണ്ട് പോകുമ്പോൾ അവരുടെ മനസ്സിൽ വല്ലാത്തൊരു തണുപ്പിറങ്ങിയിരുന്നു….

ബിന്ദു…. അന്നമോൾക്കുള്ള പാല് ഞാനാ മേശ മേൽ വെച്ചിട്ടുണ്ട്… നീയതൊന്ന് കൊണ്ട് കൊടുത്തേ…. സീത അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു…. അത് സിദ്ധു കൊച്ചെടുത്തു പോയിരുന്നല്ലോ സീതേച്ചി…. അവരോരു നിമിഷം ഒന്ന് നിന്നു…. ഞാൻ പറഞ്ഞതാ ഞാൻ കൊടുക്കാമെന്നു…. ഞാൻ മുറിയിലേക്കാണ് ഞാൻ കൊടുത്തോളാമെന്ന് പറഞ്ഞെടുത്തോണ്ട് പോയി…… ആരുടെ കാര്യമാ ബിന്ദു ചേച്ചി പറയുന്നേ…. ശബ്ദം കെട്ടിടത്തേക്കവരുടെ മിഴികളെത്തി.. ആ…. ആമി മോളെപ്പോ വന്നു… ഞാൻ കുറച്ച് നേരമായി അപ്പച്ചി… ഞാൻ ഉമ്മറത്തു അമ്മാവനോട് സംസാരിച്ചിരിക്കായിരുന്നു.. ഞങ്ങൾ സിദ്ധുവിന്റെയും അന്നയുടെയും കാര്യം പറയായിരുന്നു… അവൻ അവൾക്കുള്ള പാലെടുത് മുറിയിലേക്ക് പോയിട്ടുണ്ട്… സിദ്ദുവിനിപ്പോ അന്ന മോളോട് അടുപ്പമൊക്കെ തുടങ്ങിയിട്ടുണ്ട്… ബിന്ദു ചിരിയോടെ ആമിയുടെ കൈകളിൽ തട്ടി പറഞ്ഞു… അത് ശെരിയാ അപ്പച്ചി…. ആശുലത്രിയിലൊക്കെ അവളെ നല്ലോണം നോക്കിയിരുന്നു….. സീതയുടെ മുഖം കൂടുതൽ പ്രകാശിച്ചു…. എന്തായാലും മോളിപ്പോ അങ്ങോട്ട് പോവണ്ടാ…. സീത ആമിയെ പിടിച്ചു കൊണ്ടത് പറഞ്ഞു… ഇല്ല അപ്പച്ചീ ഞാൻ കുറച്ചു കഴിഞ്ഞേ പോകുന്നുള്ളൂ…. പാല് കൊടുക്കലൊക്കെ കഴിയട്ടെ…. അതിനിടയിൽ നമ്മളൊരു കട്ടുറുമ്പാവേണ്ടല്ലോ…. അവൾ കുസൃതി ചിരിയോടെ അത് പറയുമ്പോൾ അവരും ചിരിച്ചിരുന്നു…

അവൻ കോരിയെടുത്തപ്പോൾ അവന്റെ ശ്വാസത്തിനു തൊട്ടു താഴെ യുള്ള അവളുടെ രൂപം അവൾ മനസ്സിൽ ഓർത്തു കിടക്കുകയായിരുന്നു…. സിദ്ധു മുറിക്കുള്ളിലേ ക്ക് വരുമ്പോൾ അവൾ എന്തോ ഓർത്തെന്ന പോൽ പുഞ്ചിരിക്കുന്നുണ്ടായിരുന്നു….. അവൻ അവളെയൊന്ന് നോക്കി കയ്യിലെ ഗ്ലാസ്സവൾക്ക് നേറെ നീട്ടി…. കുടിക്ക്…… അവൾ എന്തെന്നില്ലാത്ത സന്തോഷത്തിലായിരുന്നു… എത്രയൊക്കെ അവനെ വെറുത്തെന്ന് പറഞ്ഞാലും ഹൃദയം അവനിൽ തന്നെ കുരുങ്ങി കിടക്കുന്നതവളറിഞ്ഞിരുന്നു…. ആ പാൽ ഗ്ലാസ് ചുണ്ടോടു ചേർത്ത് അവൾ കുടിക്കാനൊരുങ്ങിയപ്പോഴേക്കും ചുമരിന് മുകളിൽ നിന്നാ രൂപം അവളെ ഉറ്റു നോക്കുന്നുണ്ടായിരുന്നു… ഇരുൾ നിറഞ്ഞ കണ്ണുകളിൽ ഒത്തിരി ഭാവങ്ങൾ ഒളിപ്പിച്ചതായവൾക്ക് തോന്നി.. അവളുടെ കണ്ണുകൾ കുറുകി.. അവൾ സിദ്ദുവിലേക്ക് നോക്കി… അവൻ പുറം തിരിഞ്ഞു എന്തോ എടുക്കുകയായിരുന്നു…. അവനെ വിളിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവളുടെ നാവ് പൊങ്ങിയില്ല…. എന്നത്തേക്കാളും ഭയാനകമായി ആ രൂപം അവളിലെക് അടുത്ത് വന്നു.. ദേഷ്യം കൊണ്ട് ആ മിഴികളിൽ രക്തം നിറഞ്ഞതായി തോന്നി…. സ്നേഹത്തോടെ അവൻ തന്നിലേക്ക് വെച്ചു നീട്ടിയ ആ പാൽ ഗ്ലാസ്‌ ആ രൂപം അങ്ങേയറ്റം ദേഷ്യത്തോടെ തട്ടിയെറിഞ്ഞിരുന്നു….. ഗ്ലാസ്‌ നിലത്തു വീണ ശബ്ദം ആ മുറിയിലൊന്നാകെ അലയടിച്ചു…. സിദ്ധു ഞെട്ടി തിരിഞ്ഞു നോക്കി…. അവളപ്പോഴും ആ രൂപത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു.. എന്നാൽ അത് പതിയെ മറഞ്ഞു തുടങ്ങിയിരുന്നു… അത്ര മേൽ ഭയത്തോടെ അവൾ സിദ്ധുവിലേക്ക് നോക്കി…. (തുടരും ) Aysha Akbar