രചന – സെലുനിസു
നെറ്റി ചുളിച്ചവൻ ലച്ചുവിനെ ഒന്ന് നോക്കി കാൾ അറ്റൻഡ് ചെയ്തു…
ഹലോ സാർ…..
എന്താ സാർ പെട്ടന്ന്….മ്മ്… ഓക്കേ എത്തിക്കോളാം എന്നും പറഞ്ഞവൻ ഫോൺ കട്ട് ചെയ്ത് ഓട്ടോയിലേക്ക് ചാരി ഇരുന്നു….
എന്താ ഹരിയേട്ടാ… ആരാ വിളിച്ചത്….
കോളേജിന്നാ…. എന്നോട് നാളെ തന്നെ അങ്ങോട്ട് ചെല്ലാൻ…
അതെന്താ… പെട്ടന്ന്.. ഇനിയും ഒരാഴ്ച ഇല്ലേ…
സസ്‌പെൻഷൻ മാറ്റി എന്നാ പറഞ്ഞത്… എക്സാം ഡേറ്റ് കുറച്ചു നേരത്തേ ആവാൻ സാധ്യതയുണ്ടെന്ന്…
അപ്പൊ…. നാളെ പോണോ…
മ്മ്… പോണം.. പോവാതിരിക്കാൻ പറ്റില്ലല്ലോ..എന്നും പറഞ്ഞവൻ അവളുടെ മുഖത്തേക്ക് നോക്കിയതും അവൾ തല താഴ്ത്തി ഇരുന്നു…
വീട്ടിൽ എത്തിയതും അവൾ ഹരിയെ നോക്ക പോലും ചെയ്യാതെ അകത്തേക്ക് കയറി….
എവിടെടി ഹരി….
വരുന്നുണ്ട്… എന്ന് മാത്രം മാലുവിനു മറുപടി കൊടുത്തവൾ മുകളിലേക്ക് പോയി…….
ഡീ… ശ്രീ… ലച്ചു ചേച്ചിക്ക് എന്ത് പറ്റി… മുഖമൊക്കെ വല്ലാതെ….
അവരു തമ്മിൽ പിണങ്ങി കാണും….അല്ലാതെന്ത്…. എന്ന് ശ്രീ പറഞ്ഞതും കിച്ചു ഒന്ന് മൂളി കൊണ്ട് ഹരിയെ നോക്കി…
എന്താടാ മുഖം വല്ലാതെ… അവളെ കൂടെ നടന്ന് നടന്ന് നീയങ്ങു വല്ലാതായി..
അമ്മ ഒന്ന് മിണ്ടാതിരുന്നേ… അല്ലെങ്കിലേ മനസ്സിനൊരു സുഖം ഇല്ല എന്നും പറഞ്ഞവൻ ശ്രീയുടെയും കിച്ചുവിന്റെയും അടുത്ത് പോയിരുന്നതും മാലുവും അവനരികിൽ പോയിരുന്നു…
ഹരിക്കുട്ടാ എന്ത് പറ്റിയെടാ…..എന്നവന്റെ തലയിൽ തലോടി കൊണ്ട് മാലു ചോദിച്ചതും കോളേജിൽ നിന്ന് വിളിച്ച കാര്യമെല്ലാം അവൻ പറഞ്ഞു..
അത്രേ ഒള്ളോ…. ഞാൻ പേടിച്ചു പോയി..
അമ്മക്ക് ഞാൻ പോവുന്നതിലൊട്ടും സങ്കടമില്ലേ…
ഹരി…ഏതൊരമ്മയുടെയും ആഗ്രഹം മക്കൾ എപ്പഴും അവരുടെ അടുത്ത് വേണമെന്നായിരിക്കും…. എനിക്ക് ആകെയുള്ളത് നീയാ…ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് പോലും നിനക്ക് വേണ്ടിയാ…നിന്നെ ഇങ്ങനെ എപ്പഴും കണ്ടോണ്ടിരിക്കണമെന്ന് തന്നെയാ അമ്മേടെ ആഗ്രഹവും. പക്ഷേ അതിനേക്കാളൊക്കെ വലുതാണ് എനിക്ക് നിന്റെ ഭാവി .. നീ പഠിച്ചു നല്ലൊരു നിലയിൽ എത്താൻ എന്നേക്കാൾ ആഗ്രഹിച്ചതാ നിന്റെ അച്ഛൻ… ആ ആഗ്രഹം നമുക്ക് നിറവേറ്റി കൊടുക്കണ്ടേ….ഇപ്പൊ ഒരിത്തിരി സങ്കടപ്പെട്ടാലും വരും നാളുകളിൽ അത് സന്തോഷമായി മാറും…. പിന്നെ എപ്പൊ വേണ്ടെങ്കിലും നിനക്ക് ഇങ്ങോട്ട് വരാലോ…അതോണ്ട് മോൻ അതാലോചിച്ചു സങ്കടപ്പെടണ്ട….
മ്മ്…
ചെല്ല് പോയി കുളിച്ചിട്ട് വാ…. അമ്മ ചായ എടുത്ത് വെക്കാം…. എന്ന് മാലു പറഞ്ഞതും അവനൊന്ന് മൂളി കൊണ്ട് മുകളിലേക്ക് കയറി പോയി…..
അമ്മായി… ഹരിയേട്ടന്റെ ആഗ്രഹമായിരുന്നോ ഡോക്ടർ ആവുക എന്നത്….
മ്മ്… ഏട്ടൻ ഉണ്ടായിരുന്ന കാലത്ത് തൊട്ടേ അവനോട് ആരാവാനാ ആഗ്രഹം എന്ന് ചോദിക്കുമ്പോ എനിക്ക് ഡോക്ടർ ആയാ മതിയെന്നാ അവൻ പറയാറ് … അന്നേ ഏട്ടൻ എന്നോട് പറഞ്ഞിരുന്നു… അവൻ വലുതാവുമ്പോ ഞാനീ ലോകത്ത് ഇല്ലെങ്കിൽ പോലും അവന്റെ ആഗ്രഹം നീ സാധിച്ചു കൊടുക്കണമെന്ന്…എല്ലാം മുൻകൂട്ടി കണ്ടപോലെ അവന് വേണ്ടതെല്ലാം സമ്പാദിച്ചു വെച്ചിട്ടാ അവന്റച്ഛൻ പോയത് എന്നും പറഞ്ഞു സാരി തുമ്പിൽ കണ്ണ് തുടച്ചു എണീറ്റ് പോയ മാലുവിനെ അവർ സഹതാപത്തോടെ നോക്കി ഇരുന്നു…
ഡീ….ശ്രീ. അമ്മായി പാവമാലേ…. ഇത്ര ചെറുപ്പത്തിലേ ഭർത്താവ് മരിച്ചു….ഒരു കുഞ്ഞ് എന്തോരം സങ്കടം വന്നിട്ടുണ്ടാവും അപ്പൊഴൊക്കെ….
മ്മ്… ലച്ചു ചേച്ചിയോടുള്ള പെരുമാറ്റം ഒഴിച്ചാൽ പെർഫെക്ട് അമ്മായി ആണ് നമ്മുടേത്….
അതിനിപ്പോ അമ്മായിയെ പറഞ്ഞിട്ട് കാര്യമൊന്നുമില്ല… സ്വന്തം അച്ഛനും അമ്മയും മകളെ സ്നേഹിക്കുന്നില്ലല്ലോ… അപ്പൊ പിന്നെ അമ്മായിക്കതിന്റെ ആവിശ്യമെന്താ…..
മ്മ്……ഹരിയേട്ടൻ വന്നു കഴിഞ്ഞപ്പഴാ ചേച്ചി ഒന്ന് ശരിക്ക് ചിരിച്ചു കണ്ടത്…. ഇനിപ്പോ പഴയ പോലെ തന്നെ ആയിരിക്കും….നമുക്ക് ചേച്ചീടെ അടുത്ത് ഒന്ന് പോയാലോ…
ഇപ്പൊ വേണ്ടാ… ഹരിയേട്ടൻ താഴെക്കിറങ്ങട്ടെ… എന്നിട്ട് പോവാം….അപ്പോഴേക്കും നമുക്ക് നമ്മുടെ മുറിയൊന്ന് ക്ലീൻ ആക്കാം…
അത് നീ ഒറ്റക്ക് ചെയ്യില്ലേ….
അയ്യാ…. എന്റെ റൂം മാത്രമല്ലല്ലോ… നിന്റെം കൂടി അല്ലേ…
ഓ…. വരാം നടക്ക്.. എന്നും പറഞ്ഞു ശ്രീ മുൻപേ നടന്നൂ…
കുളിച്ചു ഡ്രസ്സ് മാറി താഴെക്കിറങ്ങാൻ ഒരുങ്ങുമ്പോഴാണ് അവന് ലച്ചുവിന്റെ കാര്യം ഓർമ വന്നത്….. ചാരി വെച്ച മുറിയുടെ വാതിൽ തുറന്നവൻ അകത്തേക്ക് കയറിയതും ഡ്രസ്സ് പോലും മാറാതെ ജനലഴികളിൽ തല വെച്ചു പുറത്തേക്ക് നോക്കി നിൽക്കുകയാണവൾ …
എന്തോ മനസ്സിൽ വല്ലാതെ ഭാരം തോന്നുന്നു….ഇത്രയും ദിവസം നിഴൽ പോലെ ഹരിയേട്ടൻ കൂടെ ഉണ്ടായിരുന്നു…ഇനി അങ്ങോട്ടുള്ള ദിവസങ്ങൾ ഞാൻ എങ്ങനെ തള്ളി നീക്കും….എന്റെ കൃഷ്ണാ
..ആലോചിക്കും തോറും മനസ്സ് പിടയുന്നു….ഓരോന്ന് ആലോചിച്ചു നിക്കുമ്പോഴാണ് തോളിൽ ഒരു കൈ പതിഞ്ഞത്…..ഹരിയാണെന്ന് മനസ്സിലായതും അവൾ നിറഞ്ഞു വന്ന കണ്ണ് തുടച്ച് കൊണ്ട് അവനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു….
എന്താടി… ഡ്രസ്സ് ഒന്നും മാറിയില്ലേ….. എന്ത് പറ്റി. കരഞ്ഞോ നീ…. എന്നും ചോദിച്ചവൻ അവളുടെ മുഖം പിടിച്ചു അവന് നേർക്കാക്കിയതും അവളുടെ ചുണ്ടുകൾ വിതുമ്പാൻ തുടങ്ങി…. കണ്ണിൽ ഇരുണ്ട് കൂടിയ കണ്ണ് നീർ കവിളിലേക്ക് ഒലിച്ചിറങ്ങി….
ലച്ചൂ…. എന്നവൻ വിളിച്ചതും ഒരു പൊട്ടികരച്ചിലോടെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു…..
എന്താടി പെണ്ണേ….. എന്തിനാ ഇങ്ങനെ കരയണേ….ആരേലും വഴക്ക് പറഞ്ഞോ…എന്നവൻ ചോദിച്ചതും കരച്ചിലിനിടയിൽ അവൾ ഇല്ലെന്ന് തലയാട്ടി…
പിന്നെ എന്തുവാടി…. മനുഷ്യനെ ടെൻഷൻ ആക്കാതെ കാര്യം പറ…
ഹരി… ഹരിയേട്ടൻ നാളെ പോവില്ലേ… അതോർത്തപ്പോ..
അയ്യേ…. അതിനാണോ നീ ഇങ്ങനെ കരയണേ….. എന്നും ചോദിച്ചു കൊണ്ടവൻ അവളെ അവനിൽ നിന്ന് അടർത്തി മാറ്റി….
എടി പെണ്ണേ…. ഞാൻ കുറച്ച് ദിവസം കഴിഞ്ഞാ ഇങ് വരില്ലേ…..
ഞാൻ… ഒറ്റക്കായി പോവും ഹരിയേട്ടാ….
എന്നാരു പറഞ്ഞു….ഞാൻ എപ്പഴും നിന്റെ കൂടെ ഉണ്ടാവും..അതുമല്ല .കുറച്ച് ദിവസം കൂടെ കഴിഞ്ഞാ നിന്റെ ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും.പിന്നെ ഒറ്റക്കാവും എന്ന തോന്നലൊന്നും ഉണ്ടാവില്ല….. നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാ ഞാൻ എങ്ങനെയാ പോവാ…എന്നവൻ പറഞ്ഞതും അവൾ കണ്ണ് തുടച്ചു അവനെ നോക്കി…
സാരല്ല…. ഞാൻ പെട്ടന്ന്…ഓരോന്ന് ഓർത്തപ്പോ….. ഹരിയേട്ടൻ താഴേക്ക് പൊക്കോ… ഞാൻ വന്നോളാം….
ലച്ചൂ…. ദേ നോക്കിയേ…..ഇനി കരയരുത്…. പോവാതിരിക്കാൻ പറ്റാത്തോണ്ടാ…. നിന്നെ വിട്ടിട്ട് പോവാൻ എനിക്കും മനസ്സുണ്ടായിട്ടല്ല… പക്ഷെ….
എനിക്കറിയാം ഹരിയേട്ടാ….പെട്ടന്ന് പഴയതൊക്കെ മനസ്സിലേക്ക് വന്നപ്പോ… സഹിക്കാൻ പറ്റിയില്ല……..കുറച്ച് ദിവസം കൂടെ ഉണ്ടാവും എന്ന് കരുതിയതല്ലേ…… പെട്ടന്ന് പോവാന്ന് പറഞ്ഞപ്പോ….എന്തോ നെഞ്ചിൽ ഒരു ഭാരം പോലെ….
എവിടെ പോയാലും…… എന്റെ ലച്ചുവിനോട് സംസാരിക്കാതെ ഞാൻ ഉറങ്ങില്ല… അത് പോരെ നിനക്ക്…
അതെങ്ങനെ….
വഴിയുണ്ടാക്കാം…. ആദ്യം പോയി ഫ്രഷ് ആയിട്ട് വാ… എനിക്ക് ഒത്തിരി ജോലിയുണ്ട്….
ഹരിയേട്ടൻ പൊക്കോ….. ഞാൻ വന്നോളാം….
പെട്ടന്ന് വന്നോണം….
മ്മ്… വന്നോളാം… എന്നവൾ പറഞ്ഞതും അവനവളുടെ കവിളിലൊന്ന് തട്ടി താഴേക്കിറങ്ങി… മാലു വിളമ്പി കൊടുത്ത ഭക്ഷണവും കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് ലച്ചു അങ്ങോട്ടേക്ക് വന്നത്….
ഡീ… ഒന്നവിടെ നിന്നേ….
എന്താ അമ്മായി….
ഇനി നീ എങ്ങെനെയാ ഡാൻസ് ക്ലാസിനു പോവാൻ കരുതിയിരിക്കുന്നത്….
അറിയില്ല….
അറിയില്ലെന്നോ…. എങ്കി തുള്ളാട്ടം അങ്ങ് നിർത്തിയേക്ക്….
അമ്മാ….
നീ മിണ്ടാതിരിയെടാ…. ഇവളിപ്പൊ പഴയത് പോലൊന്നും അല്ല…. അഹങ്കാരം കുറച്ച് കൂടിയിട്ടുണ്ട്… നീ കൂടെ ഉണ്ടെന്ന ധൈര്യത്തിലാ… നാളെ മുതൽ അതങ്ങ് മാറിക്കോളും എന്ന് മാലു പറഞ്ഞതും ഹരിയെ ഒന്ന് നോക്കി കൊണ്ടവൾ അടുക്കളയിലേക്ക് കയറി പോയി…അതോടെ അവൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു….
മുഴുവൻ കഴിക്കെടാ….
വേണ്ടാ… വയറ് നിറഞ്ഞു….. എന്നും പറഞ്ഞവൻ കൈ കഴുകി മാലുവിനോടൊന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി….
എന്താടാ ഹരി പെട്ടന്ന് ഒരു വിളി…
എക്സാമിന്റെ കാര്യമല്ലെടാ…. മറുത്തൊന്നും ചോദിച്ചില്ല… വരാന്ന് മാത്രേ പറഞ്ഞുള്ളൂ….
മ്മ്… ലച്ചു എന്ത് പറയുന്നു….
ഒത്തിരി കരഞ്ഞു…. അവളെ നോക്കിക്കോണെടാ… വീട്ടിലെ അവസ്ഥ നിനക്കറിയാലോ…. കോളേജിൽ നീയുണ്ടല്ലോ എന്നൊരാശ്വാസത്തിലാ….രാജാസ് കോളേജിലെ പിള്ളേരെ കുറിച്ച് നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ… അവൾക്കാണേൽ ഒക്കെ പേടിയും…. ആലോചിച്ചിട്ട് ഒരു സമാധാനം കിട്ടുന്നില്ല….നിന്നെ പോലെ വല്ല കോഴ്സും നോക്കിയാ മതിയായിരുന്നു… എങ്കിലിപ്പൊ ജോലി ആയേനെ…ഇവിടെ തന്നെ നിക്കേം ചെയ്യായിരുന്നു..ഇതിനിയും കിടക്കുവാ നാല് വർഷം…
നിന്റെ ആഗ്രഹത്തിലൂടെയല്ലെടാ നീ ഇപ്പൊ കടന്നു പോവുന്നത്…. വീട്ടിൽ നിന്ന് മാറി പഠിക്കുക.ഒരു ഡോക്ടർ ആവുക ഇതൊക്കെ ആയിരുന്നില്ലേ നിന്റെ സ്വപ്നം..ഇപ്പൊ മറുത്തൊരു ചിന്ത വന്നത് ലച്ചുവിന്റെ കാര്യമോർത്തിട്ടല്ലേ.നിന്റെ പഠനം അതിനപ്പുറം ഒന്നും ആലോചിക്കണ്ട …നിന്റെ പെണ്ണിന്റെ കാര്യം ആലോചിച്ചു നിനക്കൊരു സമാധാനക്കേടും വേണ്ടാ… ഞാൻ നോക്കിക്കോളാം……നീ ധൈര്യമായിട്ട് പൊക്കോ….
അല്ല… എങ്ങെനെയാ പോവുന്നേ…
രാവിലെ ആറു മണിക്ക് ട്രെയിൻ ഉണ്ടെന്നാ അമ്മാവന് വിളിച്ചപ്പൊ പറഞ്ഞേ….നീ ഇന്ന് പോരുന്നോ വീട്ടിലേക്ക്…
ഇല്ലെടാ… രാവിലെ എത്തിക്കോളാം…
എങ്കി ഓക്കേ… ഞാൻ പോട്ടെ… ലച്ചുവിനോട് പറയാതെയാ വന്നത്….. അമ്മയോടും അച്ഛനോടും പറഞ്ഞേക്ക്…. ഇനി ഞാൻ അങ്ങോട്ട് വരുന്നില്ല…
അത് ഞാൻ പറഞ്ഞോളാം…നീ വാ എന്തെക്കെയോ വാങ്ങാനുണ്ടെന്ന് പറഞ്ഞില്ലേ… അത് കഴിഞ്ഞു വീട്ടിൽ ഞാൻ കൊണ്ട് വിടാം എന്ന് പറഞ്ഞു
കൊണ്ട് ദാസ് ബൈക്ക് സ്റ്റാർട്ട് ചെയ്തതും ഹരി അവന് പുറകിലേക്ക് കയറി ഇരുന്നു….
നീ ഇറങ്ങുന്നില്ലെടാ….
ഇല്ല.. രാവിലെ വരാം…. എന്നും പറഞ്ഞു കൊണ്ട് ദാസ് പോയതും വാങ്ങിയ സാധനങ്ങളുമായി അവൻ അകത്തേക്ക് കയറി….
ഹായ്… ഒത്തിരി ഉണ്ടല്ലോ…. എന്താ ഹരിയേട്ടാ ഇതൊക്കെ…
അതൊക്കെ ഞാൻ പോവുമ്പോ കൊണ്ട് പോവാൻ ഉള്ളതാ… നിങ്ങക്ക് ദേ… എന്നും പറഞ്ഞവൻ രണ്ട് ചോക്ലേറ്റ് എടുത്ത് അവർക്ക് നീട്ടി….
എന്റെ അമ്മ എന്ത്യേ….
മുറിയിലുണ്ട്…
ലച്ചുവോ…
ലച്ചു ചേച്ചി അടുക്കളയിലാ….
മ്മ്…നിങ്ങടെ ഡാഡിമാര് വന്നോ…
വന്നല്ലോ…. ചായേം കുടിച്ചു അവരവരുടെ മുറിയിലേക്ക് പോയി…ഹരിയേട്ടനെ അന്വേഷിച്ചായിരുന്നു….
മ്മ്… എനിക്കൊരു ചായ ഇട്ടോണ്ട് തരാൻ പറ ലച്ചുവിനോട്. ഞാൻ മുറിയിൽ കാണും….
അതെന്താ ഹരിയേട്ടന് ഇവിടിരുന്നു കുടിച്ചിട്ട് പോയാ പോരെ… ഇത് ഉദ്ദേശം വേറെയല്ലേ എന്നും പറഞ്ഞു കിച്ചു ചിരിച്ചതും അവനവളെയൊന്ന് കൂർപ്പിച്ചു നോക്കി…
വേണ്ട… റൂമിലെത്തിക്കാൻ പറയാം….പൊക്കോ… എന്നും പറഞ്ഞു ലച്ചു ശ്രീയുടെ മറവിലേക്ക് നിന്നതും അവനൊന്ന് മൂളിക്കൊണ്ട് മുകളിലേക്ക് കയറി പോയി…
അവൻ പോയതും കിച്ചു ശ്രീയുടെ ബാക്കിൽ നിന്ന് ശരിക്ക് വന്നു കൊണ്ട് നെഞ്ചത്ത് കൈ വെച്ചു…..
ഓ… ഭാഗ്യം… ഒന്നും കിട്ടിയില്ല….
ഭാഗ്യം ന്ന് പറഞ്ഞാ പോര മോളെ കിച്ചു മഹാ ഭാഗ്യം…. ഹരിയേട്ടന്റെ മുഖം കണ്ടാൽ അറിഞ്ഞൂടെ മൂഡ് ശരിയല്ലന്ന്.. അതിനിടയില അവളൊരു ഓഞ്ഞ കോമഡി… ഇപ്പൊ നിന്റെ മോന്തടെ ഷേപ്പ് മാറിയേനെ….
അതിന് ഞാൻ കോമഡിയല്ലല്ലോ പറഞ്ഞത്. കാര്യമല്ലേ…
മ്മ്….. എന്നാ പോയി അതൂടെ പറഞ്ഞിട്ട് വാ..ഹരിയേട്ടൻ മോളിൽ കാണും…. ഞാൻ പോയി ലച്ചു ചേച്ചിയോട് ചായ ഇടാൻ പറയാം…. എന്നും പറഞ്ഞു ശ്രീ അടുക്കളയിലേക്ക് പോയതും ചിരിയൊന്ന് കോട്ടി കിച്ചു സെറ്റിയിലേക്കിരുന്ന് ടീവി ഓൺ ചെയ്തു…..
ഹരിയേട്ടാ….എവിടെയാ….
ഇങ് കൊണ്ട് വാ… ഞാൻ ഇവിടുണ്ട് എന്നും പറഞ്ഞവൻ ബാൽക്കണിയിൽ നിന്ന് അവൾക്ക് കൈ കാണിച്ചതും ..ചായ കപ്പും കൊണ്ടവൾ അവന്റെ അടുത്തേക്ക് ചെന്നു….
എന്താ ഹരിയേട്ടാ… ഇവിടിരിക്കുന്നെ….
ഞാൻ അവന്മാർക്കൊന്ന് വിളിക്കുവായിരുന്നു…….
മ്മ്….ഇതാ ചായ…എന്നും പറഞ്ഞവൾ കപ്പ് അവന് നേരെ നീട്ടിയതും ഫോൺ ടേബിളിലേക്ക് വെച്ച് കൊണ്ട് അവളുടെ മുഖത്തേക്കൊന്ന് നോക്കി കൊണ്ടവൻ ചായ വാങ്ങി ഒരു സിപ്പ് കുടിച്ച് ടേബിളിലേക്ക് വെച്ചു….
എന്താ മുഴുവൻ കുടിക്കാത്തേ…കൊള്ളില്ലേ..
എന്റെ പെണ്ണ് ഉണ്ടാക്കിയതല്ലേ ….. അത് മോശമാവോ…നിന്നെ ഒന്ന് കാണാൻ വേണ്ടീട്ടാ ഞാൻ ചായ വേണമെന്ന് പറഞ്ഞേ….
ലച്ചൂ….
മ്മ്….
ഇങ് വന്നേ…. എന്റെടുത്തിരിക്ക്….
വേണ്ട ഹരിയേട്ടാ…. അച്ഛനും ചെറിയച്ഛനുമൊക്കെ താഴേ ഉണ്ട്… ഹരിയേട്ടനോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു..
മ്മ്… പോവാം…നീ ഇങ് വാ…. എന്നും പറഞ്ഞവൻ അവളെ പിടിച്ചു അവന്റെ മടിയിലേക്കിരുത്തി…
ഹരിയേട്ടാ….
വിട്ടോളാം…ഞാനൊരു കാര്യം പറഞ്ഞാ നീ കേൾക്കുവോ എന്നവൻ ചോദിച്ചതും തല ചെരിച്ചവൾ അവന്റെ മുഖത്തേക്ക് നോക്കി…..
എന്താ….
ഇന്ന് എല്ലാരും ഉറങ്ങി കഴിഞ്ഞതിനു ശേഷം എന്റെ കൂടെ കുളക്കടവിലേക്ക് വരാവോ…. എന്നവൻ ചോദിച്ചതും കണ്ണ് മിഴിച്ചവളവനെ നോക്കി….
തുടരും………

by