17/04/2026

താലി ബന്ധനം : ഭാഗം 01

രചന – സെലുനിസു

മുറിയിലെ ജനൽ പാളികളിലൂടെ പുറത്തേ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുവാണ് ലച്ചു…അതി ശക്തമായി പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഘം പോൽ മുഖം ഇരുണ്ട് കൂടിയിട്ടുണ്ട് …..പൂമ്പാറ്റയെ പോൽ പാറി പറന്നു നടന്നിരുന്ന അവൾക്ക് മുന്നിൽ വയസ്സ് അറിയിച്ചു വന്ന ചോരത്തുള്ളികളായിരുന്നു അവളെന്ന പെണ്ണിന്റെ ചിറകുകൾക്ക് ആദ്യമായി ബന്ധനം തീർത്തത് ……വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ആ ബന്ധനത്തിൽ കുടുങ്ങി കിടക്കുകയാണവൾ….

ലച്ചൂ ലച്ചൂ… എവിടെയാടി.നീ …

അമ്മയുടെ വിളിയിൽ ചിന്തകളിലാണ്ടിരുന്ന അവളൊന്ന് ഞെട്ടി…..

ലച്ചൂ…

ആ ദാ വരുന്നു….എന്നും പറഞ്ഞു മുറിയിൽ നിന്ന് പുറത്തേക്കോടിയവൾ..

എന്താ അമ്മേ..

ദേ… ഞങ്ങൾ ഇറങ്ങുവാ…. വാതിൽ ശരിക്ക് അടച്ചോണം….

അമ്മാ…. ഞാനും കൂടെ വന്നോട്ടെ…. ദൂരെ നിന്നൊന്ന് കണ്ടിട്ട് പെട്ടന്ന് പോന്നോളാം…
എന്നവളുടെ ദയനീയമായ ചോദ്യത്തിന് തിരിച്ചൊരു തുറിച്ചു നോട്ടമായിരുന്നു ഉത്തരം….

എന്താ ലച്ചു നീ ചോദിക്കുന്നേ….അശുദ്ധിയുള്ളവളല്ലേ നീ. അമ്പലത്തിന്റെ പരിസരത്തു പോയാലും ദോഷം തന്നെയാ…..എന്നും പറഞ്ഞു കൊണ്ട് അമ്മായിയുടെ രംഗ പ്രവേശനം കൂടി ആയതും പൂർത്തിയായി….

അവൾ ആഗ്രഹം കൊണ്ട് ചോദിച്ചതല്ലേ മാലു…ഇനി അതൊരു വിഷയമാക്കണ്ട…. നമുക്ക് ഇറങ്ങാം…

മോളെ ലച്ചു… ഞങ്ങൾ പോയിട്ട് വരാട്ടോ.മോൾക്ക് നല്ല സങ്കടം കാണുമെന്ന് അറിയാം…എന്താ ചെയ്യാ…

സാരല്ല ചെറിയമ്മേ… നിങ്ങൾ പൊക്കോ…….
എന്നും പറഞ്ഞവൾ പെട്ടന്ന് തന്നെ അകത്തേക്ക് കയറി വാതിൽ അടച്ചു….. ജനലിലൂടെ അവർ പോവുന്നതും നോക്കി നിന്ന അവളുടെ മിഴികളിൽ നിന്ന് രണ്ട് തുള്ളി കണ്ണ്നീർ കവിളിനെ തഴുകി താഴേക്ക് പതിച്ചു…

ഇവൾ ആണ് ഈ കഥയിലെ നായിക.ലച്ചു എന്ന് ഓമന പേരുള്ള ലക്ഷ്മി പ്രിയ…… തേക്കടത്ത് മാധവൻന്റെയും ശരണ്യ(ശാരു)യുടെയും മൂത്ത പുത്രി… അവൾക്ക് താഴെ ഒരനിയത്തി കിച്ചു എന്ന് ഓമന പേരുള്ള
കൃഷ്ണപ്രിയ…..ഇനിയവിടെ ഉള്ളത് മാധവന്റെ അനിയൻ സഹദേവൻ. ഭാര്യ ശ്യാമള(ശ്യാമ). അവരുടെ ഏക മകൾ ശ്രീ പ്രിയ(ശ്രീ).മാധവന്റെയും സഹദേവന്റെയും ഒരേയൊരു പെങ്ങൾ മാലതി..( മാലു)ഏക മകൻ ഹരി കൃഷ്ണൻ. അവൻ ബാംഗ്ലൂരിൽ മെഡിസിന് പഠിക്കുവാണ്..മാലതിയുടെ ഭർത്താവ് ഹരിയുടെ ചെറുപ്പത്തിൽ ഒരാക്സിഡന്റിൽ മരണപ്പെട്ടതാണ്….. അന്ന് മുതൽ പെങ്ങളെ അവിടെ ഉള്ളവർ കഷ്ട്ടപ്പെടുത്തുമോ എന്ന ഭയത്താലാണ് മാധവനും സഹദേവനും മാലുവിനെയും ഹരിയേയും തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത്….

ഇന്ന് അവരുടെ കുടുംബ ക്ഷേത്രത്തിൽ ഉത്സവമാണ്… അത് ഉറപ്പിച്ചത് മുതൽ വലിയ സന്തോഷത്തിലായിരുന്നു ലച്ചു….കിച്ചുവിന്റെയും ശ്രീയുടെയും കൂടെ അമ്പലത്തിലേക്ക് പോവാനായി അവൾ വാങ്ങി വെച്ച കടുംചുവപ്പ് ദാവണിയും എടുത്ത് കുളിക്കാനായി കയറിയപ്പോഴാണ്…. ദിനം തെറ്റി വന്ന ചോര തുള്ളികൾ തന്നിലെ ശത്രു ആയത് അവൾ അറിയുന്നത്…..അമ്മയോട് പോയി പറഞ്ഞപ്പോ ഇനി അമ്പലത്തിലേക്ക് വരണ്ടെന്നുള്ള ഉത്തരവ് കൂടി പുറപ്പെട്ടതും തികട്ടി വന്ന കരച്ചിലിനെ അടക്കി പിടിച്ചവൾ മുറിയിലേക്ക് കയറിയതായിരുന്നു….

സഹിക്കാനാവാത്ത വയറു വേദനയിലും അവൾക്കുള്ള സങ്കടം ഉത്സവത്തിന് കൂടാൻ പറ്റാത്തതായിരുന്നു…. അന്നാദ്യമായ് പെണ്ണായി ജനിച്ച നിമിഷത്തെ അവൾ ശപിച്ചു…..

മുറിയിൽ ഇരുന്ന് മടുത്തപ്പോ അവൾ വാതിൽ തുറന്ന് ഉമ്മറത്തിരിക്കുമ്പോഴാണ് പടിക്കൽ ഒരു കാറ്‌ വന്നു നിന്നത്….ഇരുന്നിടത്തു നിന്ന് എഴുന്നേറ്റ് ഈ നേരത്തിതാരാണെന്ന സംശയത്തോടെ കാറിലേക്കൊന്ന് പാളി നോക്കിയതും കാർ തുറന്ന് ഇറങ്ങി വരുന്ന ആളെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു….

ഹരിയേട്ടൻ…..

ലച്ചൂ… അപ്പൊ നീ പോയില്ലേ ഉത്സവത്തിന്…

ഇല്ലാ സുഖമില്ല….
അല്ല ഹരിയേട്ടൻ എന്താ പെട്ടന്ന്….

എന്റെ ക്ലാസ്സ്‌ കഴിഞെടി…. ഇനി കുറച്ചു കാലം ഞാൻ ഇവിടെയൊക്കെ തന്നെ കാണും….അല്ല അമ്മ പറഞ്ഞില്ലേ ഇതൊന്നും…

ഹരിയേട്ടന്റെ അമ്മക്ക് എന്നെ കാണുന്നതേ ചതുർത്തിയാ.. പിന്നല്ലേ പറയുന്നത്….

അഹ്‌ണോ..ആ ചതുർത്തി മാറ്റാൻ എന്റേൽ ഒരു ഐഡിയ ഉണ്ട്…. പറയട്ടെ..

അഹ്.. പറ എന്താ…

അതേയ്…. നമുക്കങ് പ്രേമിക്കാം എന്നിട്ട് വിവാഹവും കഴിക്കാം അപ്പൊ അത് മാറിക്കിട്ടുമല്ലോ….

അയ്യാ…. എന്ത് നല്ല ഐഡിയ അമ്മായി കേൾക്കണ്ടാ… ഉടലിനു മുകളിൽ തല കാണില്ല…. എന്നും പറഞ്ഞവൾ അകത്തേക്ക് കയറിയതും അവൻ അവളെ അവിടെ പിടിച്ചു നിർത്തി…..

ലച്ചു…ഇതൊരു തമാശയല്ല… എനിക്ക് നിന്നെ ശരിക്കും ഇഷ്ട്ടമാണ് …..എന്നവൻ പറഞ്ഞതും അവൾ ഞെട്ടി അവനെ നോക്കി…

ഹരിയേട്ടാ ചുമ്മാ കളിക്കാതെ വിട്ടേ…. ഞാൻ ചായ ഇട്ട് തരാം….

ലച്ചു…. പ്ലീസ് ഞാൻ പറഞ്ഞത് സത്യമാ……അവിടെ ചെന്നപ്പോ മുതൽ ഇടക്കിടക്ക് മനസ്സിൽ നീ തെളിഞ്ഞു വരാറുണ്ട്…..ആദ്യമൊക്കെ ഞാൻ കരുതിയത് വെറും അട്ട്രാക്ഷൻ ആയിരിക്കുമെന്നാ..പക്ഷേ അല്ല.. എന്റെ സ്നേഹം എങ്ങനെ നിന്നോട് പറയണമെന്ന് എനിക്കറിയില്ല…..ലവ് യൂ ലച്ചു …എന്നവൻ പറഞ്ഞതും അവൾ മിഴികൾ നിറച്ച് അവനെ നോക്കി….

വേണ്ട ഹരിയേട്ടാ…. എന്നെ വെറുതെ വിട്ടേക്ക്.. അല്ലെങ്കിലേ എനിക്കിവിടെ എല്ലാത്തിനും വിലക്കാ…..ഇനി ഇതും കൂടെ ആരെങ്കിലും അറിഞ്ഞാ…. വയ്യാ…വേദനിക്കാൻ…

ഈ ബന്ധനങ്ങളിൽ നിന്നെല്ലാം നിനക്കൊരു മോചനം വണ്ടെടി ….
നീ ഇവിടെ അനുഭവിക്കുന്നതെല്ലാം അറിയുന്നവനാ ഞാൻ…. കൂട്ടിലടച്ച കിളിയെ പോലെ സ്വപ്നങ്ങൾക്ക് പൂട്ടിട്ട് എന്തിനാടി ഇങ്ങനെ കഴിയുന്നേ…..എന്നവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് കണ്ണിലേക്കു നോക്കി ചോദിച്ചതും അവ ഒന്നൂടെ നിറഞ്ഞു വന്നിരുന്നു…..

ഇല്ലാ… ഇനി എന്റെ പെണ്ണിനെ വേദനിപ്പിക്കാൻ ഞാൻ ആരെയും സമ്മതിക്കില്ല എന്നും പറഞ്ഞവൻ അവളുടെ നിറഞ മിഴികളിൽ ചുണ്ടുകൾ അമർത്തിയതും അവൾ കണ്ണുകൾ ഇറുക്കി അടച്ചു….

ലച്ചൂ….

മ്മ്…

കണ്ണ് തുറന്നേ….
എന്നവൻ പറഞ്ഞതും അവൾ പതിയെ കണ്ണുകൾ തുറന്ന് അവനെ നോക്കി…

ഇഷ്ടമല്ലേ നിനക്കെന്നെ…. എന്നവന്റെ ചോദ്യത്തിന് മുന്നിൽ എന്ത് ഉത്തരം നൽകണമെന്നറിയാതെ അവൾ ഉഴറി…

അത്… ഹരിയേട്ടാ… എനിക്ക്….

എന്താടി.. നിന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ…എന്നവന്റെ ഇടറിയ ശബ്ദത്തോടെ ഉള്ള ചോദ്യം കേട്ടതും അവൾ പെട്ടന്ന് തന്നെ ഇല്ലെന്ന് തലയാട്ടി….

ഓഹ്… സമാധാനം… ഉണ്ടായിരുന്നെങ്കി അവനെ ഞാൻ കൊന്നേനെ എന്നവൻ പറഞ്ഞതും അവൾക്ക് ചിരി വന്നു….

ആഹാ…. എന്റെ ലച്ചൂസിന് ചിരിക്കാനൊക്കെ അറിയാവോ….

ഒന്ന് പോ ഹരിയേട്ടാ കളിയാക്കാതെ…. വാ ചായ ഇട്ട് തരാം…എന്നും പറഞ്ഞവൾ അടുക്കളയിലേക്ക് നടന്നതും ഉമ്മറത്തെ ഡോർ ലോക്ക് ചെയ്ത് അവനും അവളുടെ പിന്നാലെ നടന്നു…..

ചായ ഉണ്ടാക്കി അവന് നേരെ നീട്ടിയതും അത് വാങ്ങി അവൾക്കൊന്ന് സൈറ്റ് അടിച്ചു കാണിച്ചു അവൻ….

ഇരുന്ന് ഗോഷ്ട്ടി കാണിക്കാതെ ചായ കുടിച്ചു അമ്പലത്തിൽ പോവാൻ നോക്ക്….

നീയും വാ നമുക്ക് ഒരുമിച്ച് പോവാം…
എന്നവൻ പറഞ്ഞതും അവൾ ചുണ്ട് ചുള്ക്കി അവനെ നോക്കി ഇല്ലെന്ന് തലയാട്ടി…

അതെന്താ വരാത്തേ….

പറ്റില്ല…

എന്ത് പറ്റില്ലാന്ന്….

ശേ…. ഈ ഹരിയേട്ടൻ…

എന്തുവാടി…..കാര്യം പറ…

പുറത്താ…..

ഓ… അങ്ങനെ അതൊന്ന് തെളിച്ചു പറഞ്ഞാ പോരെ… അപ്പൊ അതാണ് എന്റെ ലച്ചൂസിനെ അവർ ഇവിടെ ഒറ്റക്കിട്ടിട്ട് പോയത് അല്ലേ…. അല്ല അതോണ്ട് കാര്യമുണ്ടായി…. മനസ്സിൽ അടക്കി വെച്ചിരുന്ന പ്രണയം വന്ന ഉടനെ എനിക്ക് പറയാൻ പറ്റിയില്ലേ…ഇനി മറുപടിക്ക് അടിയൻ എത്ര നാൾ കാത്തിരിക്കണം…..ഉടനെ എങ്ങാനും കിട്ടുവോടീ…..
എന്നും ചോദിച്ചവൻ അവളെ അടുത്തേക്ക് നടന്നടുത്തതും അവൾ കറി കത്തി എടുത്ത് അവന് മുന്നിലേക്ക് നീട്ടി….

കുരുത്തക്കേട് കാണിച്ചാ….. കൊല്ലും ഞാൻ….

ആഹാ…. എന്റെ പെണ്ണിന് അതിനുള്ള ധൈര്യമൊക്കെ ഉണ്ടോ…. എന്നാ ഒന്ന് കണ്ടിട്ട് തന്നെ കാര്യം….എന്നും പറഞ്ഞവൻ വീണ്ടും അവളിലേക്ക് നടന്നടുത്തതും അവൾ പെട്ടന്ന് വയറിൽ കൈ വെച്ചു…..

ഹാ….

എന്താ എന്ത് പറ്റി…..വയറു വേദനിക്കുന്നുണ്ടോ നിനക്ക്….

മ്മ്… പക്ഷേ ഇതിനേക്കാളൊക്കെ എന്റെ മനസ്സ് വേദനിക്കുന്നുണ്ട് ഹരിയേട്ടാ…. ഉത്സവം കാണാൻ എന്തോരം കൊതിച്ചതാന്ന് അറിയോ…അവരൊക്കെ പോയപ്പോ ..ദൂരെ നിന്നൊന്ന് കണ്ടിട്ട് പോന്നോളാമെന്ന് പറഞ്ഞതാ എന്നിട്ടും സമ്മതിച്ചില്ല…..എനിക്ക് മാത്രമെന്താ ഹരിയേട്ടാ ഇങ്ങനെ …. എന്റെ ആഗ്രഹങ്ങളൊക്കെ മനസ്സിലിട്ട് ഇങ്ങനെ നീറി ജീവിക്കാനാണോ എന്റെ വിധി.അത്രക്ക് ഭാഗ്യം കെട്ടവളാണോ ഞാൻ.. എന്നൊക്കെ ഓരോന്ന് പതം പറഞ്ഞു കണ്ണീർ ഒഴുക്കുന്നവളെ കാൺകെ അവന് സങ്കടം തോന്നി….

പറഞ്ഞതെല്ലാം ശരിയാണ്… അവൾ ആഗ്രഹിക്കുന്ന ഒന്നും ഇന്നേവരെ നടന്നിട്ടില്ല… കുഞ്ഞു നാളിൽ ഓരോന്ന് പറഞ്ഞു അമ്മാവന്റെയും അമ്മായിയുടെമെല്ലാം പുറകെ നടക്കുന്ന ലച്ചുവിനെ അവന് ഓർമ വന്നു……ആദ്യമായിട്ട് മനസ്സിൽ കയറിയ കൂടിയവളാണ്… അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും നിറവേറ്റി കൊടുക്കണം എനിക്ക്… എന്ന് മനസ്സിൽ ഉറപ്പിച്ചു അവൻ അവളെ നെഞ്ചോട് ചേർത്ത് നിർത്തി….

ഇങ്ങനെ കരയാതെടി…. നിനക്കിപ്പോ ഉത്സവം കാണണം അത്ര അല്ലേ ഒള്ളു..ഞാൻ കൊണ്ട് പോവാം .. എന്നവൻ പറഞ്ഞതും പൊടുന്നനെ അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തി അവന്റെ മുഖത്തേക്ക് നോക്കിയവൾ……

സത്യായിട്ടും…

ആടീ….. നീ പോയി പെട്ടന്ന് റെഡിയാവ്…
അപ്പോഴേക്കും ഞാനും ഒന്ന് ഫ്രഷ് ആയിട്ട് വരാം….

പക്ഷേ ഹരിയേട്ടാ… അവരാരെങ്കിലും കണ്ടാൽ….

ആരും കാണില്ല…. നമുക്ക് പെട്ടന്ന് പോയി വരാം…. ചെല്ലെടി എന്നും പറഞ്ഞവൻ അവളെ മുറിയിലേക്ക് പറഞ്ഞയച്ചു….

അവൾ വേഗം കുളിച്ചു…. ഉത്സവത്തിനായി വാങ്ങി വെച്ച ദാവണി ഉടുത്തു….അതിന് മാച്ച് ആയ… ഒരു കുഞ്ഞു മാല അണിഞ്ഞു …. കെട്ടിവെച്ച തലമുടി അഴിച്ചിട്ടതും അവ അരയിൽ തട്ടി കളിച്ചു… മുല്ലപ്പൂ ചൂടി കണ്മഷി വാലിട്ടെഴുതി ചുവന്ന ഒരു പൊട്ടും കൂടെ വെച്ചവൾ റൂമിന് പുറത്തേക്കിറങ്ങിയതും എതിരെ വന്ന ഹരിയുമായി കൂട്ടി മുട്ടി…

തല ഉഴിഞ്ഞു അവൻ മുഖം ഉയർത്തിയതും മുന്നിൽ നിൽക്കുന്നവളെ കണ്ട് അവന്റെ കണ്ണുകൾ മിഴിഞ്ഞു…..

ചുവന്ന ദാവണിയിൽ അതി സുന്ദരി ആയി നിൽക്കുന്ന തന്റെ പെണ്ണിനെ കണ്ടതും അവന് മേലാകെ ഒരു കുളിരു പടർന്നു കയറി….. എന്ത് ചെയ്യണമെന്നോ എന്ത് പറയണമെന്നോ അറിയാതെ ഏതോ ലോകത്തിൽ എത്തിപ്പെട്ടത് പോലെ അവൻ അവളെ തന്നെ നോക്കി നിന്നു….

ഹരിയേട്ടാ…. ഹരിയേട്ടാ…. ഇതെന്താ നിന്ന് സ്വപ്നം കാണുവാണോ ….. പോവണ്ടേ എന്നും ചോദിച്ചു അവൾ അവന്റെ കയ്യിൽ തട്ടിയപ്പോഴാണ് അവളിൽ നിന്നുള്ള നോട്ടം മാറ്റിയതവൻ ..

ഓ… ന്റെ ലച്ചു… നിനക്ക് ഇത്രക്കും സൗന്ദര്യം ഉണ്ടായിരുന്നോ…. ഇതൊക്കെ നീ എവിടെ കൊണ്ട് ഒളിപ്പിച്ചു വെച്ചിരിക്കുവായിരുന്നു…. നിനക്കെപ്പഴും ഇങ്ങനെ നടന്നൂടെ…..

ഓ… പിന്നെ… വെറുതെ വേഷം കെട്ടി നടക്കാൻ എനിക്ക് ഭ്രാന്തൊന്നും ഇല്ല…. ഹരിയേട്ടൻ ഒന്ന് വന്നേ… എന്നും പറഞ്ഞവൾ അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടക്കാനാഞതും ആ കയ്യിൽ പിടിച്ചവൻ അവളെ പിന്നീലേക്ക് വലിച്ചു അവന്റെ നെഞ്ചിലേക്കിട്ടതും കണ്മഷി കണ്ണുകൾ കൊണ്ടവൾ അവനെ കൂർപ്പിച്ചു നോക്കി….

ന്റെ ലച്ചു….. നീ ഇങ്ങനെ നോക്കല്ലേ… അല്ലെങ്കിലേ പിടി വിട്ടു നിക്കുവാ….. ഞാൻ എന്തെങ്കിലും ചെയ്തു കഴിഞ്ഞ് പിന്നെ നിലവിളിച്ചിട്ട് കാര്യമുണ്ടാവില്ല…..

ശീ…..ഈയൊരു ഹരിയേട്ടൻ…
ഇത്രേം നാളും ഇല്ലാത്തോരോ പറച്ചിൽ….

അന്നൊന്നും എനിക്കറിയില്ലായിരുന്നെടി. ഈ ലക്ഷ്മി എന്റെ മനസ്സിൽ കുടിയിരുന്നിട്ടുണ്ടെന്ന്…ബാംഗ്ലൂരിൽ വെച്ച് പല പെൺകുട്ടികളും പ്രെപോസുമായി വന്നിട്ടുണ്ട്…. ഞാൻ അങ്ങോട്ടും നോക്കിയിട്ടുണ്ട്… പക്ഷേ ആരെയും ഈ മനസ്സിലേക്ക് കയറ്റാൻ പറ്റുന്നില്ലായിരുന്നു…..പതിയെ ഞാൻ അറിഞ്ഞു മനസ്സ് മുഴുവൻ ഈ ലക്ഷ്മിപെണ്ണാണെന്ന് ..ഇനി അവിടെ മറ്റൊരാൾക്ക്‌ സ്ഥാനമില്ലെന്നും….

തന്നിൽ നിന്ന് നോട്ടം മാറ്റാതെയുള്ള അവന്റെ ആ തുറന്നു പറച്ചിലിൽ അവൾ ആകമാനം പൂത്തുലഞ്ഞു….. മനസ്സിൽ മൂടികെട്ടിയ സങ്കടങ്ങൾക്ക് ഒരു ശമനം വന്നത് പോലെ തോന്നിയവൾക്ക്…

ലച്ചു…. ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെടി നിന്നെ….

ദേ… ഹരിയേട്ടാ….

ഓ….. വേണ്ടാ….സൗന്ദര്യം കൂടിയതിന്റെ ജാഡ…. പോടീ…. എന്നും പറഞ്ഞവൻ കോണിപ്പടികൾ ഇറങ്ങിയതും അവളൊന്ന് ചിരിച്ചു അവന്റെ പുറകെ നടന്നു…. വാതിൽ പൂട്ടി അവർ അമ്പലത്തിലേക്കുള്ള ഇടവഴിയിലൂടെ നടന്നു….

തനിക്ക് മുന്നിൽ മിണ്ടാതെ വേഗത്തിൽ നടക്കുന്ന അവനൊപ്പം എത്താൻ അവൾ നന്നേ കഷ്ട്ടപ്പെട്ടു…. ഒരുവിധം അവന്റെ അടുത്തേക്ക് ഓടി അവന്റെ കയ്യിൽ ചേർത്ത് പിടിച്ചതും അവനാ കൈ തട്ടി മാറ്റി……

അവന്റെ ആ പ്രവർത്തിയിൽ അവൾക്ക് പെട്ടന്ന് സങ്കടം വന്നതും അവൾ അവിടെ നിന്ന് കരയാൻ തുടങ്ങി….

കുറച്ചു മുന്നോട്ട് പോയ ഹരി ഒരു തേങ്ങൽ കേട്ട് നോക്കിയതും കൈ പൊത്തി പിടിച്ചു കരയുന്ന ലച്ചുവിനെയാണ് കണ്ടത്… അവൻ ഒരു ചിരിയോടെ അവളെ അടുത്തേക്ക് നടന്ന് മുഖത്തു നിന്ന് അവളെ കൈ എടുത്ത് മാറ്റി….

പോ… മിണ്ടണ്ടാ….ഇഷ്ട്ടമാണെന്നൊക്കെ ഹരിയേട്ടൻ ചുമ്മാ പറയുന്നതാ…. എല്ലാവർക്കും എന്നെ വേദനിപ്പിക്കാനാ ഇഷ്ട്ടം.. എനിക്ക് ഒരുത്സവവും കാണണ്ട ഞാൻ വീട്ടിൽ പോവാ….എന്നും പറഞ്ഞു ബാക്കിലേക്ക് തിരിഞ്ഞ അവളെ അവൻ കൈകൾ കൊണ്ട് കോരി എടുത്തതും ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കിയവൾ…..

തുടരും