19/04/2026

താലി ബന്ധനം : ഭാഗം 20

രചന – സെലുനിസു

എതിരെ വരുന്ന ആളെ കണ്ടവൾ ഹരിയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി…..

തന്നെ അവൻ കാണാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ടവൾ താഴോട്ട് തന്നെ നോക്കി നടന്നു …. പെട്ടന്ന് ലച്ചൂ എന്നുള്ള വിളി കേട്ടവൾ ഞെട്ടികൊണ്ട് തല ഉയർത്തി നോക്കിയതും അതിവേഗത്തിൽ തങ്ങളുടെ അടുത്തേക്ക് നടന്നടുക്കുന്ന വിശ്വജിത്തിനെ കണ്ട് ഹരിയെ ഒന്ന് നോക്കിയതും അവൻ കയ്യും കെട്ടി അവനെ നോക്കി നിക്കുന്നുണ്ട്…..

ഹായ് ഹരി…..

ഹായ്… വിശ്വ…..

ഇത്രയും പെട്ടന്ന് വീണ്ടും ഒരു കണ്ട്മുട്ടൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…എന്തായാലും സന്തോഷമായി…. കാണാൻ ഒരുപ്പാട് ആഗ്രഹിച്ചിരുന്നു….
അല്ല… ലച്ചു എന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്….. എന്നെ മനസ്സിലായില്ലേ എന്നവൻ ചോദിച്ചതും അവൾ ആയെന്ന മട്ടിൽ മെല്ലെയൊന്ന് തലയാട്ടി കാണിച്ചു…..

അന്ന് നമ്മൾ കണ്ടപ്പോഴും താൻ ഈ ഡ്രസ്സ്‌ തന്നെ അല്ലായിരുന്നോ…. ഇട്ടിരുന്നേ…

മ്മ്…. അതേ…

അഹ്… ഇയാൾക്ക് ഇതിട്ടിട്ട് നല്ല ഭംഗിയുണ്ട്…. എന്നവൻ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് താഴേക്ക് നോക്കി നിന്നു…..

ഡ്രസ്സ്‌ ആർക്കാ ഹരി ലച്ചുവിനാണോ…

ആ.. അതേ…

സെലക്ട്‌ ചെയ്തോ എന്നിട്ട്….

ഇല്ലാ… ഇപ്പൊ വന്നേ ഒള്ളൂ….

ആ….എന്നാ അങ്ങോട്ട് ചെന്നോളൂ… ന്യൂ മോഡൽ ഒത്തിരി എത്തിയിട്ടുണ്ട്…

മ്മ്… അല്ല വിശ്വ എന്താ ഇവിടെ…വീട്ടിൽ ആർക്കേലും ഡ്രസ്സ്‌ എടുക്കാൻ വന്നതാണോ .

ഇത് ഞങ്ങടെ കടയാ ഹരി …..

ഓ..പുല്ല് അറിഞ്ഞിരുന്നേൽ ഇറങ്ങണ്ടായിരുന്നു….

ഏഹ്.. എന്താ ഹരി….

ഏയ്‌…. ഒന്നൂല്ല…. നല്ല കടയാന്ന് പറയുവായിരുന്നു….

ആഹ്…ഈ സിറ്റിയിലെ നമ്പർ വൺ കട ഞങ്ങളത് തന്നെയാ…ഞാൻ പൊക്കി പറഞ്ഞതല്ലാട്ടോ… കസ്റ്റമർസ് കമെന്റ്സ് അങ്ങനെയാ ….

മ്മ്…. കൊള്ളാം….

എന്നാ നിങ്ങടെ പർച്ചേസ് നടക്കട്ടെ…. ഞാൻ അമ്മ വിളിച്ചിട്ട് വന്നതാ…ഓഫീസ് റൂമിലാവും . എന്താന്ന് നോക്കട്ടെ….അല്ല…നിങ്ങൾ വരുന്നോ… അമ്മയെ ഒന്ന് പരിചയപ്പെടാം….

ഇപ്പൊ വേണ്ടാ…. പിന്നെയാവട്ടെ….

എങ്കി…. ഓക്കേ….
എന്നും പറഞ്ഞവൻ ഹരിക്ക് കൈ കൊടുത്ത് കൊണ്ട് ലച്ചുവിനെ നോക്കിയൊന്ന് സൈറ്റ് അടിച്ചു അവിടെ നിന്ന് പോയതും ഹരി കൈ രണ്ടും ചുരുട്ടി പിടിച്ചു ലച്ചുവിനെ ഒന്ന് തുറിച്ചു നോക്കി…..

എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നത്….നോട്ടം കണ്ടാ തോന്നും ഞാനാ ഇങ്ങോട്ട് കയറിയതെന്ന്…

എനിക്ക് നല്ല സംശയം ഉണ്ട്….. നിനക്ക് അറിയാമായിരുന്നോ ഇതവന്റെ കടയാണെന്ന്..അല്ലാ…ഇവിടെ വന്നിറങ്ങിയപ്പോ നീ ചുറ്റും നോക്കുന്നുണ്ടായിരുന്നല്ലോ ഇനി അവനെയായിരുന്നോടി… എന്നവൻ ചോദിച്ചതും അവൾക്ക് ദേഷ്യം വന്നിങ്ങെത്തിയിരുന്നു…

ദേ… ഹരിയേട്ടാ…..ചുമ്മാ ദേഷ്യം പിടിപ്പിക്കല്ലേ.

അയ്യോ…. ദേഷ്യം പിടിക്കല്ലേ…. എനിക്ക് പേടിയാ…. ഒന്ന് പോടീ…
കൂടുതൽ നേരം ഇവിടെ നിന്നാലേ ഞാൻ ചിലപ്പോ ഞാൻ അല്ലാതായി പോവും…. അതോണ്ട് നിന്ന് ചെലക്കാണ്ട് വാടി….. ഇല്ലേൽ അവന്റെ കൂടെ പൊക്കോ….

ആ…. ഇതിലും നല്ലത് അതാ….

ഏഹ്… എന്താ…

അല്ലാ… പെട്ടന്ന് പോവാംന്ന് പറയുവായിരുന്നു……

മ്മ്… വാ…. എന്നും പറഞ്ഞവൻ അവളെയും കൊണ്ട് ലേഡീസ് സെക്ഷനിലേക്ക് പോയി…. അവൾ വേണ്ടെന്ന് പറഞ്ഞിട്ടും അവൾക്ക് ആവിശ്യമുള്ളതൊക്കെ അവൻ തന്നെ സെലക്ട്‌ ചെയ്തെടുത്തു….. കൂടാതെ കിച്ചുവിനും ശ്രീക്കും കൂടെ ഒരു കൂട്ടം എടുത്തവർ ബില്ല് പേ ചെയ്യാൻ പോയതും അവിടെ ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന വിശ്വജിത്തിനെ കണ്ട് ഹരി പെട്ടന്ന് സ്റ്റോപ്പ്‌ ആയി…..

ഡീ… നീ വണ്ടീടെ അടുത്ത് പോയിരുന്നോ…. ഞാൻ വന്നോളാം….

ഏഹ്… അതെന്തേ…

ദേ…. ആ.. വായിനോക്കി അവിടിരിപ്പുണ്ട്….. ഇനി നിന്നെ കണ്ടവൻ വല്ല കോപ്രായവും കാണിച്ചാ…അവന്റെ കടയാണെന്നൊന്നും ഞാൻ നോക്കില്ല..അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും …. അതാ…

മ്മ്… ശരി…പെട്ടന്ന് വരണേ….

ആ…. ചെല്ല്… എന്നും പറഞ്ഞവൻ അവളോട് പോവാൻ പറഞ്ഞു അവന്റെ അടുത്തേക്ക് ചെന്നു….

ഹാ…. ഹരി…. കഴിഞ്ഞോ….

മ്മ്…..കഴിഞ്ഞു….

അല്ല… ലച്ചു എന്ത്യേ….

അവള് വണ്ടീടെ അടുത്ത് നിൽപ്പുണ്ട്…. പെട്ടന്ന് ഒന്ന് ബില്ല് ചെയ്ത് തന്നേ…കുറച്ച് തിരക്കുണ്ടായിരുന്നു ..

പ്രാസാദ്….. ദേ ഇതൊന്ന് ബില്ല് ആക്കിയേ…. എനിക്കൊരു കാൾ ചെയ്യാനുണ്ട് എന്നും പറഞ്ഞവൻ ഫോൺ എടുത്ത് കൊണ്ട് അവിടെ നിന്ന് എണീറ്റതും വേറൊരാൾ വന്നു ബില്ല് അടിച്ചു അവന്റെ കയ്യിൽ ഡ്രസ്സ്‌ പാക്കറ്റ്സ് കൊടുത്തു….

അയാളോട് താങ്ക്സും പറഞ്ഞു പുറത്തേക്കിറങ്ങിയ ഹരി കണ്ടത്…. ലച്ചുവിനോട് സംസാരിച്ചു നിക്കുന്ന വിശ്വയേ ആണ്…..

ഇവൻ എന്റെ കയ്യീന്ന് കൊണ്ടേ പോവൂ… എന്ന് സ്വയം പറഞ്ഞവൻ അവർക്കരികിലേക്ക് ചെന്നതും ഹരിയെ കണ്ട ഉടൻ ലച്ചു അവന്റെ അടുത്തേക്ക് ചെന്ന് കയ്യിൽ പിടിച്ചു…..

ലച്ചു ഭയങ്കര നാണക്കാരിയാണല്ലേ ഹരി…..

മ്മ്….. വാടി… പോവാം…. എന്നും പറഞ്ഞവൻ ഡ്രസ്സിന്റെ കവറുകൾ അവളുടെ കയ്യിൽ കൊടുത്തു കൊണ്ട് ബൈക്കിൽ കയറിയതും…. ലച്ചു പെട്ടന്ന് തന്നേ വണ്ടിയിലേക്ക് കയറി ഇരുന്നു…..വിശ്വയോട് ഒരു ബൈ പറഞ്ഞവൻ വണ്ടി എടുത്തതും ലച്ചു പുറകിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി….തന്നേ തന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ വീശി കാണിക്കുന്ന വിശ്വയേ കണ്ടവൾ പെട്ടന്ന് മുഖം തിരിച്ചു….

എന്താടി…. നിനക്ക് അവനെ അങ്ങ് ഇഷ്ടപ്പെട്ടൂന്ന് തോന്നുന്നു…..

എന്ന് ഞാൻ പറഞ്ഞോ….

പറയുന്നതെന്തിനാ ചിലരുടെ പ്രവൃത്തിയിൽ നിന്ന് നമുക്കത് മനസ്സിലാക്കാലോ…..

ഹരിയേട്ടാ… കൊറേ നേരായി അയാളെ കാര്യോം പറഞ്ഞോണ്ട് എന്നോട് വഴക്കിനു വരുന്നു….. എനിക്കാണേൽ അയാളെ കാണുന്നതേ പേടിയാ….

പേടിയോ അതെന്തിനാ….

അതറിയില്ല ഹരിയേട്ടാ…. പക്ഷേ അയാൾ അടുത്ത് വരുമ്പോഴൊക്കെ എന്തോ മനസ്സ് വല്ലാതെ പിടക്കുന്നു……

പിന്നേ…. നിന്റെ മനസ്സെന്താ മീനോ…. പരിജയം ഇല്ലാത്ത ആരെ കണ്ടാലും നിന്റെ അവസ്ഥ ഇങ്ങനെ തന്നെ അല്ലേടി….

അത് പോലല്ല ഹരിയേട്ടാ…. ഇത്…..

ആ… മതി… അതും പറഞ്ഞു ഇന്നത്തെ മൂഡ് കളയല്ലേ നീ…..

ഓ… വേണ്ടെങ്കി വേണ്ടാ….

ലച്ചൂ….

എന്താ…..

നമുക്കോരോ ഐസ്ക്രീം കഴിച്ചാലോ….

എന്തിനാ ഹരിയേട്ടാ ചുമ്മാ പൈസ കളയുന്നത്…. നമ്മൾ വീട്ടിലേക്കല്ലേ പോണത്..എന്നവൾ പറഞ്ഞതും അവൻ ഒരു കൂൾബാറിന് മുന്നിൽ വണ്ടി നിർത്തി…..

വീട്ടിൽ നിന്റെ അച്ഛൻ കൊണ്ട് വന്നു വെച്ചിട്ടുണ്ടോ ഐസ്ക്രീം…..എന്നവൻ തല ചെരിച്ചു കൊണ്ടവൻ ചോദിച്ചതും അവൾ കണ്ണുരുട്ടി അവനെ നോക്കി…..

വീർപ്പിച്ചു പൊട്ടിക്കണ്ടാ… ഞാൻ കാര്യമല്ലേ പറഞ്ഞത്…. ഇറങ്ങെടി പെണ്ണേ… എന്നും പറഞ്ഞവൻ അവളെ നോക്കിയൊന്ന് ചിരിച്ചതും അവളത് കണ്ട ഭാവം നടിക്കാതെ ബൈക്കിൽ നിന്ന് ഇറങ്ങി….

മുഖവും വീർപ്പിച്ചിരിക്കുന്ന ലച്ചുവിന്റെ മുന്നിലേക്ക് ഹരി ഐസ്ക്രീം നീക്കി വെച്ചതും… അവൾ കണ്ണ് മിഴിച്ചു അതിലേക്ക് നോക്കി…..

ഹായ്…. എന്ത് ഭംഗിയാ കാണാൻ…..എന്നൊരു ആശ്ചര്യത്തോടെ ഐസ് ക്രീം നോക്കി പറയുന്നവളെ കാണേ…. അവൻ നെറ്റിച്ചുളിച്ച് നോക്കി…..

നീ ഇത് വരെ ഇതൊന്നും കഴിച്ചിട്ടില്ലേ ലച്ചൂ….

ഇല്ല ഹരിയേട്ടാ…. ഇപ്പോഴാ കാണുന്നത്…. ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ മിനി പറയാറുണ്ട്…. ഐസ്ക്രീം കഴിക്കാൻ കയറാന്നൊക്കെ….. ഞാൻ വേണ്ടെന്ന് പറയാറാ….

അതെന്താടി….. പൈസ ഇല്ലാത്തോണ്ടാണോ….അതോ ആഗ്രഹമില്ലാഞ്ഞിട്ടോ…

ഏയ്‌….അതൊന്നും അല്ല…… എങ്ങാനും അത് അച്ഛൻ അറിഞ്ഞാൽ പിന്നെ പഠിക്കാൻ വിടില്ല അതോണ്ടാ….അല്ലാതെ ആഗ്രഹമില്ലാഞ്ഞിട്ടൊന്നും അല്ല…. എന്നും പറഞ്ഞു കൊച്ചു കുട്ടികളെ പോലെ ഐസ്ക്രീം കോരി കഴിക്കുന്നവളെ അവനൊരു കൗതുകത്തോടെ നോക്കി ഇരുന്നു….കഴിച്ചു കഴിഞ്ഞ് അവിടുന്ന് അവൾക്ക് കുറച്ചു ചോക്ലേറ്റ്സും വാങ്ങി അവർ വീട്ടിലേക്ക് തിരിച്ചു…..

വീടിന്റെ ഗേറ്റ് കടന്ന് വണ്ടിയിൽ വരുന്ന ലച്ചുവിനെയും ഹരിയേയും കണ്ട് ഉമ്മറത്തു സംസാരിച്ചിരിക്കുന്ന ശ്രീയും കിച്ചുവും ഞെട്ടി എഴുന്നേറ്റ് പരസ്പരം നോക്കി…..

എന്തുവാടി….വഴിയിൽ തടസ്സം നിക്കാണ്ട് മാറി നിക്കെടി…. എന്നും പറഞ്ഞവൻ അവരെ സൈഡിലേക്കൊന്ന് തട്ടി ലച്ചുവിന്റെ കൈ പിടിച്ചു അകത്തേക്ക് കയറുന്നതും നോക്കി രണ്ട് പേരും വായും പൊളിച്ച് നിന്നു….

ഡീ… കിച്ചു….. അവര് തമ്മിൽ എന്താടി….

അവര് തമ്മിൽ എന്ത്….

അല്ലാ…ആ വരവും നമ്മളെ വില വെക്കാതെ ലച്ചു ചേച്ചീടെ കൈ പിടിച്ചുള്ള ആ പോക്കും… ഒക്കെ കൂടെ ഒരു വശപ്പിശകില്ലേന്നൊരു ഡൌട്ട്……

നീ ഇവിടെ ഡൌട്ട് അടിച്ചോണ്ട് നിക്ക്…. ഞാൻ അവര് കൊണ്ട് വന്ന കവറിൽ എന്താന്ന് നോക്കീട്ട് വരാം… എന്നും പറഞ്ഞു കിച്ചു ഓടി അകത്തേക്ക് പോയതും ഒന്ന് അന്തിച്ചു നിന്ന് ശ്രീയും അവൾക്ക് പിന്നാലെ വിട്ടു….

ഹാളിൽ സോഫയിൽ ഇരിക്കുന്ന ഹരിയെ കണ്ടവർ അവന്റെ അടുത്തേക്ക് ചെന്നിരുന്നു……

ഹരിയേട്ടാ….

മ്മ്…. എന്താണാവോ തമ്പുരാട്ടിമാരുടെ ആഗമനോദ്ദേശം….

അതേയ്…. ഹരിയേട്ടനും ലച്ചു ചേച്ചിയും കൂടി എങ്ങോട്ടാ പോയിരുന്നേ….

അതറിഞ്ഞിട്ട് ഇപ്പൊ… എന്റെ ശ്രീകുട്ടിക്ക് എന്തിനാ……

ഒന്നൂല്ല ചുമ്മാ അറിഞ്ഞിരിക്കാലോ….

അഹ്‌ണോ… കുഞ്ഞേ…. എന്നാ പറയാൻ എനിക്ക് സൗകര്യല്ല……..എന്നും പറഞ്ഞവൻ അവളുടെ കവിളിൽ ഒന്ന് പിച്ചി വലിച്ചതും…. അവൾ കവിളുഴിഞ്ഞു കൊണ്ട് ഹരിയെ രൂക്ഷമായി നോക്കി…..

നിനക്ക് അങ്ങനെ തന്നെ വേണം…..ഹരിയേട്ടാ… ഇവള് പറയുവാ….. ലച്ചു ചേച്ചിയേം ഹരിയേട്ടനേം കണ്ടിട്ട് എന്തോ വശപിശകുണ്ടെന്ന്…..

ആണോടി… നീ അങ്ങനെ പറഞ്ഞോ ശ്രീ… എന്ന് കണ്ണുരുട്ടി കൊണ്ടവൻ അവളോട് ചോദിച്ചതും…. ശ്രീ അവനൊന്ന് ഇളിച്ചു കാട്ടി…

അത്… പിന്നേ…. ഞാൻ… ചുമ്മാ തമാശക്ക്…. പറഞ്ഞതല്ലേ…..ദേ…. ഈ കിച്ചു…. ഇങ്ങോട്ട് ഓടി വന്നത് എന്തിനാന്ന് അറിയോ ഹരിയേട്ടന്….ദേ ഈ കവറിൽ എന്താന്ന് നോക്കാൻ എന്നും പറഞ്ഞു ശ്രീ ഒന്ന് തലയാട്ടി കൊണ്ട് കിച്ചുവിനെ നോക്കിയതും തിരിച്ചവൾ ശ്രീക്ക് കൊഞ്ഞനം കുത്തി കാണിച്ചു…..

നിങ്ങൾ ആൾക്കാർ കൊള്ളാലോടി….

അത്…. ഹരിയേട്ടാ… ഈ കവർ കണ്ടാ…. അതിൽ എന്താന്ന് അറിഞ്ഞില്ലേൽ ഒരു സമാധാനം ഉണ്ടാവില്ല….. ഈ…. കൂറ സിറ്റിയാ….

ഏഹ്…. എന്ത് സിറ്റി….

കൂറ സിറ്റി അങ്ങനല്ലേ പറയാ…. ആകാംഷേ…..

കൂറയല്ലെടി പാറ്റ…… നീയൊക്കെ എന്തിനാടി പഠിക്കാൻ പോവുന്നത്….. ചുമ്മാ പൈസ കളയാൻ…റിസൾട്ട്‌ വരട്ടെ…. ബാക്കി അപ്പൊ പറയാം ഞാൻ എന്നും പറഞ്ഞു രണ്ടു പേരെയും നോക്കി കൊണ്ട് നിക്കുമ്പോഴാണ് ലച്ചു അവന് വെള്ളം കൊണ്ട് വന്നു കൊടുത്തത്…..

ലച്ചൂ… ദേ… ആ വൈറ്റ് കവറ് അവരെ കയ്യിൽ കൊടുത്തേക്ക്…..അവരെ ഡ്രസ്സ്‌ അതിലാ… എന്നവൻ പറഞ്ഞതും ലച്ചു അതെടുത്തു അവരെ കയ്യിലേക്ക് കൊടുത്തതും രണ്ടും പരസ്പരം നോക്കി ചിരിച്ചോണ്ട് തലയാട്ടി… അത് തുറന്നു…..

ഒരേ വർക്കിൽ കളർ ചേഞ്ചുള്ള രണ്ട് ഷോർട്ട് ടോപ്സ് ആയിരുന്നു അതിൽ….

ഹായ്…. കൊള്ളാലോ…നല്ല ഭംഗി…. അല്ലേടി ശ്രീ…

മ്മ്… അടിപൊളി….എനിക്കിഷ്ട്ടായി…. താങ്ക്സ് ഹരിയേട്ടാ….

മ്മ്…. കൂറ സിറ്റി തീർന്നില്ലേ ഇനി പൊക്കോ….. എന്നവൻ കിച്ചുവിനെ കളിയാക്കി പറഞ്ഞതും അവൾ ചുണ്ട് കൂർപ്പിച്ചു അവനെ നോക്കി…

കളിയാക്കണ്ട….. ഒരബന്ധമൊക്കെ ഏത് പോലീസിനും പറ്റും….

അഹ്‌ണോ…. എന്നാ പോലീസ് ചെല്ല്….

അല്ലാ… അതിലും കൂടെ എന്താണെന്ന് അറിഞ്ഞിട്ട്…. പോയാ പോരെ….എന്ന് കിച്ചു ടേബിളിൽ ഇരിക്കുന്ന ബാക്കിയുള്ള കവറുകൾ നോക്കി പറഞ്ഞതും അവനൊന്ന് തലയാട്ടി കാണിച്ചു…

അത്…. ഇവൾക്കുള്ളതാ….

ഏഹ്… അതൊക്കെയോ….

അഹ്… എന്ത്യേ…. നിങ്ങക്ക് ആവിശ്യത്തിലധികം ഡ്രസ്സ്‌ ഇല്ലെ…. അവൾക്ക് ഡാൻസ് ക്ലാസിനു പോവുമ്പോ ഇടാൻ ഉള്ള ഡ്രസ്സ്‌ ആ അത്…. എന്നവൻ പറഞ്ഞതും…. ഡാൻസ് ക്ലാസ്സോ എന്ന് അവർ രണ്ട് പേരും അവനോട് ഒരുമിച്ച് ചോദിച്ചു……

എന്തുവാടി……കൂവുന്നേ… ചെവികല്ല് പൊട്ടി…

ലച്ചു ചേച്ചി ഡാൻസ് ക്ലാസ്സിൽ ചേർന്നോ….

മ്മ്… ചേർന്നു….ഞാനും ഹരിയേട്ടനും അവിടെ പോയി വരുവാ… കലാമണ്ഡലം ദേവിക ടീച്ചർ….. ഹരിയേട്ടന്റെ ഫ്രണ്ടിന്റെ അപ്പച്ചിയാ……

അഹ്‌ണോ… എന്നാ ഹരിയേട്ടാ… ഞങ്ങളേം കൂടി ചേർക്കാവോ….

പ്ലസ്ടു അവളെ പോലെ ഫുൾ എ പ്ലസ് വാങ്ങിയാൽ നിങ്ങളേം ചേർക്കാം…..

മ്മ്… അപ്പൊ… ഈ ജന്മത്തിൽ അത് നടക്കില്ല എന്നും പറഞ്ഞു ശ്രീ കിച്ചുവിനെ നോക്കിയതും അവൾ ചുണ്ട് ചുള്ക്കി ശരിയാണെന്ന മട്ടിൽ തലയാട്ടി……

ലച്ചൂ…. അത് മുറിയിൽ കൊണ്ട് വെച്ചിട്ട് വാ… എന്നവൻ പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് അതുമായി കോണിപടികൾ കയറാൻ ഒരുങ്ങിയതും….

ഡീ…. ഒന്നവിടെ നിന്നേ എന്നുള്ള വിളി കേട്ടവൾ കാണാതെ തന്നെ ആ ശബ്ദത്തിനുടമയെ തിരിച്ചറിഞ്ഞതും പേടിയോടെ ബാക്കിലേക്ക് തിരിഞ്ഞു നോക്കി…..

തുടരും..