രചന :ശ്രീനിധി
എന്റെ അനുവാദം ഇല്ലാതെ എന്റെ കഴുത്തിൽ താലി കെട്ടിയത് എന്തിനായിരിക്കും. എന്താണ് അയാളുടെ ഉദ്ദേശം.ഒന്നും മനസ്സിലാവുന്നില്ലല്ലോ………
അയാളുടെ മനസ്സിൽ ഇനി എന്ത് ഉദ്ദേശം ഉണ്ടെങ്കിലും അതൊന്നും നടക്കാൻ പോണില്ല, ബലമായി കെട്ടിയ ഒരു താലിയുടെ പേരിൽ നേത്ര അയാളുടെ മുന്നിൽ താഴ്ന്നു കൊടുക്കില്ല.ആരോടൊക്കെയോ ഉള്ള വാശിക്ക് എന്റെ കഴുത്തിൽ താലി കെട്ടുമ്പോൾ എന്റെ മാനസികാവസ്ഥയെപ്പറ്റി അയാൾ എന്താ ചിന്തിക്കാതിരുന്നത്.അയാളെ പോലെ ഒരുത്തനെ ഇതിന് മുൻപ് കണ്ടിട്ടില്ല, സ്വന്തം ഭാഗം ജയിക്കാൻ എന്തും ചെയ്യാൻ മടില്ലാത്ത ഒരുത്തൻ” നേത്ര മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കോളിങ് ബെൽ കേട്ടാണ് അദ്രി ഉറക്കം ഉണർന്നത്. കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് ചെന്ന് ഡോർ തുറന്നതും കണ്മുന്നിൽ മഹിയെ കണ്ട് അദ്രി ഒന്ന് ഞെട്ടി.മുന്നിൽ നിൽക്കുന്നത് മഹി തന്നെയാണെന്ന് ഉറപ്പിക്കാൻ അദ്രി കണ്ണുകൾ തിരുമ്മി ഒന്നുടെ നോക്കി. നീ എന്താ ഇവിടെ…….” മഹിയെ കണ്ട ഷോക്കിൽ അദ്രി ചോദിച്ചു.” നീ ഇങ്ങനെ ഓരോന്ന് ഒപ്പിച്ച് വെയേക്കുമ്പോൾ എനിക്ക് വരാതെ വേറെ വഴി ഇല്ലല്ലോ ” മഹിയും ജോയലും അകത്തേക്ക് കയറി.
” മഹി…….ഞാനായിട്ട് മനഃപൂർവം ഒന്നും ചെയ്തില്ല, പെട്ട് പോയതാണ്,ഊരി പോരാൻ പറ്റിയില്ല ” അദ്രി പറഞ്ഞു.” നിനക്ക് മാത്രം ഇത് എങ്ങനെ പറ്റുന്നു അദ്രി, ആരെങ്കിലും ഒരു പണി ഒപ്പിച്ചാൽ നീ കറക്റ്റ് ആയിട്ട് അതിൽ ചെന്ന് ചാടി കൊടുക്കും ” മഹി പറഞ്ഞു.” നീ എന്നെ പരിഹസിച്ചതാണോ ” അദ്രി ചോദിച്ചു.” അല്ല കാര്യമായിട്ട് പറഞ്ഞതാ, നിന്നോട് ഞാൻ ഒരു ആയിരം വട്ടം പറഞ്ഞിട്ടുണ്ട്, ആലോചിക്കാതെ എടുത്ത് ചാടി ഒന്നും ചെയ്യരുതെന്ന്.നിന്റെ ഈ എടുത്തുചാട്ടമാണ് നിന്നേ ഇതുപോലെ വെട്ടിലാക്കുന്നത്, അത് നീ ആദ്യം ഒന്ന് മനസ്സിലാക്ക് ” മഹി പറഞ്ഞു.
” സത്യമായിട്ടും അത് ഒരു പ്ലാനിങ് ആണെന്ന് ഞാൻ അറിഞ്ഞില്ലടാ, ഋഷിയെ തട്ടികൊണ്ട് പോയാൽ വിവാഹം മുടങ്ങും, മാത്രല്ല അത് ചിലപ്പോ ഞാനാണ് ചെയ്‌തെന്ന് വരെ അവര് പറയും അതുകൊണ്ടാണ് ഞാൻ ഒന്നും നോക്കാതെ ഇറങ്ങി പുറപ്പെട്ടത് ” അദ്രി പറഞ്ഞു. അത് ശരി……….. ഞാൻ സമ്മതിക്കുന്നു, ഇനി എങ്കിലും നീ ഒന്ന് സൂക്ഷിക്കണം, നിന്നേ ആരൊക്കെയോ മനഃപൂർവം കുടുക്കാൻ ശ്രമിക്കുന്നുണ്ട്. ഇനി അവരുടെ വലയിൽ പോയി വീഴരുത്, പതിനൊന്ന് വർഷങ്ങൾക്ക് മുൻപ് സംഭവിച്ചത് ഇനിയും ആവർത്തിക്കരുത്” മഹി പറഞ്ഞു.അതിന് മറുപടിയായി അദ്രി ഒന്ന് ചിരിച്ചു.
” ഇനി എന്താ മോന്റെ ഉദ്ദേശം ” ജോയൽ ചോദിച്ചു.
എന്ത് ഉദ്ദേശം, കല്യാണം കൂടാൻ വന്നു, അത് കഴിഞ്ഞു ഇനി തിരിച്ച് പോണം, പറ്റിയാൽ ഇന്ന് എവെന്ഗ് ഫ്ലൈറ്റിൽ തന്നെ” അദ്രി പറഞ്ഞു.അദ്രിയുടെ മറുപടി കേട്ട് ജോയൽ മഹിയെ നോക്കി.” അപ്പോ ആ കുട്ടിയോ……… നേത്ര…… ഇന്നലെ അതിന്റെ കഴുത്തിൽ ആവേശത്തിൽ ഒരു താലി കെട്ടിയത് നീ അങ്ങ് മറന്നോ ” മഹി ചോദിച്ചു.” അത് അപ്പോഴത്തെ ഒരു സാഹചര്യത്തിൽ ചെയ്ത പോയതാ, അവളെ എന്റെ പേരിൽ എല്ലാവരും കൂടെ കുറ്റപ്പെടുത്തുന്നത് കേട്ടപ്പോൾ ദേഷ്യത്തിൽ പറ്റിപോയതാണ്.
അന്ന് അവള് എന്തെങ്കിലും മണ്ടത്തരം കാണിച്ചിരുന്നെങ്കിൽ പിന്നെ എനിക്ക് സ്വസ്ഥത കിട്ടില്ല. എല്ലാം കൂടെ ആലോചിച്ച് ഭ്രാന്ത് കയറിയപ്പോ ചെയ്തതാ, പിന്നെ ആലോചിച്ചപ്പോ വേണ്ടിയിരുന്നില്ലെന്ന് തോന്നി ” അദ്രി പറഞ്ഞു.
” എടാ പന്ന പുന്നാര മോനെ……..നിന്റെ ദേഷ്യവും ഭ്രാന്തും തീർക്കാനുള്ളതാണോ ആ കൊച്ച്, അതിന്റെ അവസ്ഥയെപറ്റി നീ ആലോചിച്ചിട്ടുണ്ടോ. നീ അതിന്റെ കഴുത്തിൽ ഒരു താലി കെട്ടിയത് ഒളിഞ്ഞും മറഞ്ഞുമൊന്നുമല്ല എല്ലാവരുടെയും മുന്നിൽ വച്ചാണ് അതും അമ്പലത്തിൽ, എന്നിട്ട് ഇപ്പോ ഒരുമാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ ” മഹിക്ക് ദേഷ്യം കയറി. പിന്നെ ഞാൻ എന്ത് വേണം……?
അവളെ കൂടെ പൊറുപ്പിക്കണോ ” അദ്രി ചോദിച്ചു.
” വേണം…….. അതിൽ എന്താ തെറ്റ് ഉള്ളത്, നീ താലി കെട്ടിയ പെണ്ണ് അല്ലേ ” ജോയൽ പറഞ്ഞു.
” അത് നടക്കില്ല ജോ, അദ്രിയുടെ ജീവിതത്തിൽ ധനുവിനെ മാത്രേ സ്ഥാനമുള്ളു,അത് ഒരിക്കലും മാറാൻ പോകുന്നില്ല.അവളുടെ സ്ഥാനത്തേക്ക് വേറെ ഒരു പെണ്ണും വരില്ല, അത് ഞാൻ എന്റെ ധനുവിന് കൊടുത്ത വാക്കാണ് ” അദ്രി പറഞ്ഞു. ഇന്നലെ ആ ഭ്രാന്ത് കാണിച്ചപ്പോൾ, ധനുവിന് കൊടുത്ത വാക്ക് നീ ഓർത്തില്ലേ,അപ്പോ നിന്റെ ബോധം എവിടെ പോയി, ഓരോന്ന് ഉണ്ടാക്കി വച്ചിട്ട് ഇതുപോലത്തെ വർത്താനം പറഞ്ഞാൽ നിന്റെ മോന്തടെ ഷേപ്പ് മാറും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട ” മഹി പറഞ്ഞു.
” ഞാൻ ചെയ്തത് തെറ്റാണ്, വലിയ തെറ്റ് അതിന് എന്ത് പ്രായശ്ചിത്തം ചെയ്യാനും ഞാൻ തയ്യാറാണ്, അവളോടും വീട്ടുകാരോടും മാപ്പ് പറയാം എല്ലാവരുടെയും മുന്നിൽ വച്ച്, ഭ്രാന്ത് പിടിച്ച ഒരു അവസ്ഥയിൽ ചെയ്ത പോയതാണ്, നിനക്ക് എന്റെ അപ്പോഴത്തെ അവസ്ഥ പറഞ്ഞാൽ മനസ്സിലാവില്ല മഹി ” അദ്രി പറഞ്ഞു. ശരിയാണ്……… നിന്റെ മാനസികാവസ്ഥ ഞങ്ങൾക്ക് മനസ്സിലാവില്ല.അവളുടെ സമ്മതം പോലും ചോദിക്കാതെ നീ അവളുടെ കഴുത്തിൽ താലി കെട്ടി, ഇനി നീ അവളോടോ വീട്ടുകാരോടോ മാപ്പ് പറഞ്ഞാൽ ചെയ്ത തെറ്റിന് പരിഹാരമാകുവോ.നിന്നെപ്പോലെ തന്നെ ആ കുട്ടിക്കും ഒരു മനസ്സുണ്ട്, അത് നീ മറക്കരുത്,നീ തന്നെ ഒന്ന് ചിന്തിച്ച് നോക്ക്” മഹി പറഞ്ഞു.
” അവൾക്ക് അതിൽ യാതൊരു കുഴപ്പവുമുണ്ടാവില്ല ,ഈ കാര്യം മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പെണ്ണാണ് അവളെന്നെ എനിക്ക് തോന്നുന്നില്ല, വിവാഹം കഴിഞ്ഞ് ആ പയ്യൻ മരിച്ചിട്ട് ഇത്രയും നാളായിട്ടും അവള് വേറെ ഒരു വിവാഹം കഴിക്കാതെ നിൽക്കുന്നത് ആ പയ്യനെ അത്രക്ക് ഇഷ്ടമായതുകൊണ്ടാവും, അതുകൊണ്ട് ഏത് സാഹചര്യത്തിലാണ് ഇന്നലെ അങ്ങനെ സംഭവിച്ചതെന്ന് പറഞ്ഞാൽ അവൾക്ക് മനസ്സിലാവും ” അദ്രി പറഞ്ഞു. അത് നിനക്ക് എങ്ങനെ അറിയാം, കണ്ട് പരിചയംപോലും ഇല്ലാത്ത ആ കൊച്ചിന്റെ മനസ്സിൽ എന്താണെന്ന് നിനക്ക് എങ്ങനെ ഇത്ര കൃത്യമായി അറിയാം ” മഹി ചോദിച്ചു.
” അവൻ കവടി നിരത്തി അറിഞ്ഞതായിരിക്കും, പറഞ്ഞു മനസ്സിലാക്കാൻ നീ അങ്ങോട്ട് ചെല്ല്…..
അവളുടെ ഏട്ടൻ ഇന്നലെ ഇവനെ കൊല്ലാതെ വിട്ടത് ആ ഋഷിയും മുരളി അങ്കിളും ഇടക്ക് കയറിയതുകൊണ്ടാണ് അല്ലെങ്കിൽ കാണാമായിരുന്നു ” ജോ പറഞ്ഞു.” ഇന്നലെ ഞാൻ അത് ക്ഷമിച്ചു, എന്റെ ഭാഗത്തായിരുന്നല്ലോ തെറ്റ്. ഇനി അവൻ എന്റെ ദേഹത്ത് തൊടില്ല, തൊട്ടാൽ എന്തുണ്ടാകുമെന്ന് ഞാൻ അവനോട് ഇന്ന് നല്ല വൃത്തിക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട് ” അദ്രി പറഞ്ഞു. അതിന് ഇന്ന് നീ ഋഷിയുടെ ഏട്ടനെ കണ്ടോ ” ജോയല് ചോദിച്ചു.
” കണ്ടു……… ” അദ്രി പറഞ്ഞു. എങ്ങനെ…….?എവിടെ വച്ച്…..?നീ വീണ്ടും എന്തെങ്കിലും ഒപ്പിച്ചോ അദ്രി ” ജോയൽ ചോദിച്ചു.
ഞാൻ ഒന്നും ഒപ്പിച്ചിട്ടില്ല, അവളെ വീട്ടിൽ കൊണ്ടു വിടാൻ പോയപ്പോ കണ്ടതാ ” അദ്രി പറഞ്ഞു.
ആരെ……?നീ ഒന്ന് തെളിച്ച് പറയുന്നുണ്ടോ ” ജോയൽ പറഞ്ഞു. എടാ ഇന്നലെ കുടിച്ച് ഒന്ന് മയങ്ങി പോയപ്പോ ഞാൻ ഒരു സ്വപ്‍നം കണ്ടു,ആ പെണ്ണ് കൈയിലെ ഞരമ്പ് മുറിച്ച് ആൽമഹത്യ ചെയ്യുന്നതായിട്ട്, പിന്നെ എനിക്ക് അങ്ങ് ടെൻഷനായി.അല്ലെങ്കിൽ തന്നെ ഇവിടെ നടക്കുന്ന എല്ലാ പ്രേശ്നങ്ങൾക്കും ഞാനാണ് ഉത്തരവാദി എന്നാണല്ലോ കണ്ടുപിടിത്തം.പിന്നെ എനിക്ക് ഉറക്കം വന്നില്ല, കണ്ണടക്കുമ്പോ ആ പെണ്ണിന്റെ ജീവനില്ലാത്ത രൂപം മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു.നമ്മള് അന്ന് ഋഷിയെക്കുറിച്ച് തിരക്കാൻ അവന്റെ ഡീറ്റെലിസ് വാങ്ങില്ലേ, അത് വച്ച് ഞാൻ അവരുടെ വീട്ടിലേക്ക് പോയി, ആ പരിസരസത്ത് ചെന്നപ്പോൾ അവരൊക്കെ കിടന്നിട്ടുണ്ടായിരുന്നു.ഒരു ആവേശത്തിൽ അങ്ങോട്ട് പുറപ്പെട്ടതായിരുന്നു, പിന്നെ തിരിച്ച് വണ്ടി എടുക്കാൻ പറ്റുണ്ടായിരുന്നില്ല,
വണ്ടിയുമായി അവിടെ തന്നെ കിടന്നു.
രാവിലെ ആരോ ഗേറ്റ് തുറക്കുന്ന ശബ്ദംകെട്ടാണ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ ആ പെണ്ണ്.
ആ വെളുപ്പിനെ അവള് ഒറ്റക്ക് എവിടെ പോയതായിരിക്കുമെന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല. പിന്നെ പതുക്കെ അവളുടെ പുറകേ വിട്ടു. ഇനി എങ്ങോട്ടേലും ഇറങ്ങി പോയതാണെങ്കിലോ എന്ന് കരുതി.
അവള് അമ്പലത്തിലേക്ക് പോയതായിരുന്നു.
ഇന്നലെ അത്യാവിശം നന്നായിട്ട് തന്നെ കുടിച്ചിട്ടുണ്ടായിരുന്നു, അതുകൊണ്ട് നല്ല തലവേദന തോന്നി. അടുത്തുള്ള കടയിൽ കയറി ഒരു ലെമൺ ടീ കുടിച്ചോണ്ടിരിക്കുമ്പോഴാണ് അവള് തിരികെ ഇറങ്ങി വരുന്നത് കണ്ടു.പെട്ടെന്ന് എന്ത് പറ്റിയതാണെന്ന് അറിയില്ല തലകറങ്ങി താഴെ വീണു.
പിന്നെ ഞാൻ എടുത്ത് വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോ ഡോക്ടർ പറഞ്ഞു ബിപി കുറഞ്ഞതാണെന്ന്.
ഇൻജെക്ഷൻ ഒക്കെ എടുത്ത് ഡ്രിപ് ഇട്ട്.
ഡ്രിപ് തീരുന്നതിനുമുൻപ് ബോധം വന്നു.
അപ്പോഴേക്കും ഡോക്ടർ വന്ന് കാര്യങ്ങൾ പറഞ്ഞു.
പിന്നെ തിരികെ അവളുടെ വീട്ടിലാക്കിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.ഹോസ്പിറ്റലിൽനിന്ന് വീടുവരെ അവള് വാ തുറന്ന് ഒരു അക്ഷരം മിണ്ടിയില്ല.
തലകറങ്ങി വഴിയിൽ കിടന്നപ്പോ അവിടെ ഇട്ടിട്ട് പോന്നാൽ മതിയെന്ന് തോന്നി പോയി അഹങ്കാരി, ഒരു താങ്ക്സ് എങ്കിലും പറയാമായിരുന്നു, അത് എങ്ങനാ മര്യാദ വേണം ” അദ്രി പറഞ്ഞു. ആഹാ അടിപൊളി…………..ഇന്നലെ അവളോട് കാണിച്ചതിന് നിന്റെ മുഖമടച്ച് ഒരെണ്ണം തരാതിരുന്നതാണ് അവള് നിന്നോട് കാണിച്ച ഏറ്റവും വലിയ മര്യാദ ” ജോയൽ പറഞ്ഞു.
” തല്ലാൻ ഇങ്ങ് വരട്ടെ അവള് ” അദ്രി പറഞ്ഞു.
” എന്താ നീ അവളെ തിരിച്ച് തല്ലുവോ ” മഹി ചോദിച്ചു.” വേണ്ടി വന്നാൽ ചെയ്യും ” അദ്രിപറഞ്ഞു.
” നീ നന്നാവില്ലടാ…….. നിനക്ക് നന്നാകാൻ ഒരു ഉദേശവുമില്ല, ഞാൻ ഇനി ഇവിടെ നിന്നാൽ ചിലപ്പോ ഞാനായിരിക്കും നിനക്കിട്ട് രണ്ടെണ്ണം തരുന്നത് ” മഹി ബാഗിൽ നിന്ന് ഡ്രസ്സ് എടുത്ത് ഫ്രഷ് ആവാൻ കയറി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
വേണു സുരേഷിനോട് സംസാരിച്ചിരിക്കുമ്പോഴാണ് വേണുവിന്റെ ഫോണിലേക്ക് പ്രഭയുടെ കോൾ വരുന്നത്.വേണു കോൾ എടുത്ത് സംസാരിച്ച ശേഷം ഫോൺ വച്ച്. ആരാ വേണു……. ” സുരേഷ് ചോദിച്ചു. ശിവ മോൾടെ മുത്തശ്ശിയാണ്, അവര് ഇങ്ങോട്ട് വരുന്നുണ്ടെന്ന്, നേത്രയുടെ കാര്യത്തിൽ അവർക്ക് സംസാരിക്കാൻ ഉണ്ടെന്ന് ” വേണു പറഞ്ഞു. അത് നന്നായി…….. എത്രയും പെട്ടെന്ന് അത് പറഞ്ഞ് അവസാനിപ്പിക്കുന്നത് തന്നെയാണ് നല്ലത്, ആ പയ്യനെക്കുറിച്ച് കേൾക്കുന്നതൊന്നും അത്ര നല്ലതല്ല, നേത്രക്ക് അങ്ങനെ ഒരാള് വേണ്ട ” സുരേഷ് പറഞ്ഞു.”അവര് വരട്ടെ……… വൈകാതെ എത്തുമെന്നാണ് പറഞ്ഞത്, എന്തായാലും അവരുടെ മനസ്സിലും കാണുമല്ലോ എന്തെങ്കിലും തീരുമാനം ” വേണു പറഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഫ്രഷായി ഇറങ്ങി ഫോൺ എടുത്ത് നോകുമ്പോഴാണ് മഹി മുരളിയുടെ മിസ്സ്ഡ് കോൾ കണ്ടത്.
തിരിച്ച് വിളിച്ചതും അദ്രിയെ കൂട്ടി നേത്രയുടെ വീട്ടിൽ എത്താൻ മുരളി അവനോട് പറഞ്ഞു.മഹി പറഞ്ഞിട്ടും പോകാൻ താല്പര്യം ഇല്ലാതിരുന്ന അദ്രിയെ, മഹി ബഹളമുണ്ടാക്കി കൂടെ കൂട്ടി.
പോകാൻ ഒട്ടും താല്പര്യമില്ലാത്തിന്റെ അസ്വസ്ഥത അദ്രി യാത്രയിൽ ഉടനീളം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
നീ ഇങ്ങനെ ദുർമുഖം കാണിച്ചിട്ട് കാര്യമില്ല അദ്രി, ഓരോന്ന് ചെയ്യുമ്പോൾ ഓർക്കണം ഇങ്ങനെ ഓരോന്ന് വരുമെന്ന്” മഹി അവന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് പറഞ്ഞു.
” ഇത് ഇങ്ങനെ ഒരു കുരിശാകുമെന്ന് ഞാൻ കരുതിയോ” അദ്രി ചൂടായി.ഇനി ഇപ്പോ മോൻ മിണ്ടാതെ ചെന്ന് അവരുടെ തീരുമാനം അങ്ങ് സമ്മതിച്ചാൽ മാത്രം മതി ” ജോയൽ പറഞ്ഞു.
അദ്രി അങ്ങനെ ഇപ്പോ ആരുടെയും തീരുമാനം അംഗീകരിക്കാൻ പോണില്ല, ഞാൻ അവരോട് സംസാരിച്ചോളാം.എന്തായാലും എന്നെ പോലെ ഒരുത്തനെ അവര് അംഗീകരിക്കില്ല. അവര് അവരുടെ മകളുടെ നല്ല ഭാവി അല്ലേ നോക്ക്, കുറച്ച് അധികം ചീത്ത പേര് ഉള്ളത് ഒരു കണക്കിന് നല്ലതാണ് ” അദ്രി പറഞ്ഞു.
ജോയൽ മഹിയെ ഒന്ന് നോക്കി, മഹി ജോയലിനെ കണ്ണുകൾ അടച്ച് കാണിച്ചു.അദ്രിയെ കൂട്ടി മഹിയും ജോയലും നേത്രയുടെ വീട്ടിൽ എത്തുമ്പോൾ മിഥിലാപുരിക്കാർ അവിടെ എത്തിയിരുന്നു.അദ്രിയെ കണ്ടതും മുരളി അവരെ വിളിച്ചുകൊണ്ട് അകത്തേക്ക് നടന്നു.മഹി അകത്തേക്ക് കയറിയതും ആദ്യം ദൃഷ്ടി പതിഞ്ഞത് ശിവയിലാണ്,അവളുടെ കഴുത്തിൽ താലിയും നെറ്റിയിൽ സിന്ദൂരം കണ്ടപ്പോൾ മഹിയുടെ മനസ്സ് ഒന്ന് പിടിഞ്ഞു,മഹിയുടെ നോട്ടം ശിവയിലാണെന്ന് മനസ്സിലാക്കിയ ജോ അവന്റെ തോളിൽ പിടിച്ചു.മഹി അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
പെട്ടെന്ന് മഹിയെ കണ്ടപ്പോൾ ശിവയും ഒന്ന് പതറിപോയിരുന്നു.മിഥിലാപുരിയിൽനിന്നും പ്രഭയും സേതുവും മുരളിയും ശ്രീധരനും ഹരീഷും ഉണ്ടായിരുന്നു.ഋഷിയുടെ കുടുംബത്തിലെ നേത്ര ഒഴികെ ബാക്കി എല്ലാവരും ആ മുറിയിൽ ഉണ്ടായിരുന്നു. അദ്രി കൂടെ വന്ന സ്ഥിതിക്ക് ഇനി നമുക്ക് കാര്യങ്ങൾ സംസാരിക്കാം, ഇന്നലെ സംഭവിച്ച കാര്യങ്ങൾക്ക് ഒരു തീരുമാനം വേണല്ലോ ” സേതു സംസാരത്തിന് തുടക്കമിട്ടു.
” അതേ……… കുട്ടികളുടെ ഭാവി നമുക്ക് നോക്കണമല്ലോ, എല്ലാവരും ചേർന്ന് അതിന് ഒരു ഉചിതമായ തീരുമാനം എടുക്കുന്നത് തന്നെയാണ് അതിന്റെ ശരി” സുരേഷ് പറഞ്ഞു.” വേണു ഒന്നും പറഞ്ഞില്ലല്ലോ….. ” പ്രഭ ചോദിച്ചു. ഞാൻ എന്ത് പറയാനാണ്, കാര്യങ്ങൾക്ക് ഒരു തീരുമാനം വേണം,അത് എല്ലാവരും കൂടെ ആലോചിച്ച് തീരുമാനിക്കുന്നത് ആവണം അതോടൊപ്പം എന്റെ മോൾടെ സമ്മതം കൂടി വേണം, അവൾക്ക് താല്പര്യം ഇല്ലാത്തതൊന്നും ഇനി അവളുടെ ജീവിതത്തിൽ നടക്കാൻ പാടില്ല ” വേണു പറഞ്ഞു.
” അത് വേണം……..അതും കൂടെ അറിഞ്ഞിട്ട് നമുക്ക് ഒരു അന്തിമ തീരുമാനം എടുത്താൽ മതി ” മുരളി പറഞ്ഞു.അദ്രി ഇതൊന്നും ശ്രദ്ധിക്കാതെ എങ്ങോട്ടോ നോക്കി നിൽക്കുവാണ്. അദ്രിയെ കണ്ടതുമുതൽ ആദി അവന്റെ ദേഷ്യം കടിച്ചമർത്തി നിൽക്കുവാണ്.” അമ്പലത്തിൽ ദേവിയുടെ മുന്നിൽവച്ചാണ് അദ്രി നേത്രയുടെ കഴുത്തിൽ ആ താലി ചാർത്തിയത്, അറിഞ്ഞോ അറിയാതെയാണെങ്കിലും ഇവൻ ചെയ്തത് തെറ്റ് തന്നെയാണ്. അത് ന്യായീകരിക്കാൻ കഴിയില്ല.
താലി എന്ന പറയുന്നത് പവിത്രമായ ഒന്നാണ് അതുകൊണ്ട്….. അത് ആ കുട്ടിയുടെ കഴുത്തിൽ നിന്ന് അഴിച്ച് മാറ്റുന്നത് തെറ്റ് അല്ലേ ” മുരളി ചോദിച്ചു.
അതുകൊണ്ട് അവളെ ഇവന്റെകൂടെ അയക്കണമെന്നാണോ അങ്കിള് പറഞ്ഞുവരുന്നത് ” ആദി ചോദിച്ചു.” അത് മോനെ……… ” മുരളി ഒന്ന് നിർത്തി.അങ്കിള് ക്ഷമിക്കണം അത് നടക്കില്ല, ഇവനെപോലെ ഒരുത്തന് കൊടുക്കാൻ അല്ല ഞങ്ങള് അവളെ സ്നേഹിച്ചും ലാളിച്ചും വളർത്തിയത്,
കൊലപാതക കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ഇവന് എന്റെ പെങ്ങളെ ഞാൻ കൊടുക്കില്ല ” ആദി പറഞ്ഞു.” മോനെ……. ഒന്നുടെ ഒന്ന് ആലോചിക്ക്, ആ കുട്ടിയുടെ കഴുത്തിൽ കിടക്കുന്നത് ചുമ്മാ ഒരു ചരട് അല്ല,അത് കെട്ടിയ ഇവൻ ജീവിച്ചിരിക്കുമ്പോൾ അത് അഴിച്ച് മാറ്റുന്നത് മഹാപാപമാണ് ” സേതു പറഞ്ഞു.
” ഇവനെപോലെ ഒരുത്തന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് അവള് ജീവിതകാലം മുഴുവൻ ഇവിടെ വിവാഹം കഴിക്കാതെ നിന്നോളും, ഞങ്ങള് നോക്കിക്കോളാം അവളെ ” ആദി പറഞ്ഞു.” മോനെ ആദി……..നിന്റെ ദേഷ്യം ന്യായമാണ്, പക്ഷെ ദേഷ്യത്തിൽ നീ കാണാതെപോകുന്ന കുറച്ചു കാര്യങ്ങളുണ്ട്, നേത്രയുടെ വിവാഹം ഒരിക്കൽ കഴിഞ്ഞതാണ്, ഇതിപ്പോ രണ്ടാമത്തെ തവണയാണ് അവളുടെ കഴുത്തിൽ താലി വീണിരിക്കുന്നത്.
ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും അവര് ഇപ്പോ ഭാര്യാഭർത്താക്കന്മാരാണ്.അതുകൊണ്ട് അർത്ത് മുറിച്ച് ഒരു തീരുമാനം വേണോ ” സേതു ചോദിച്ചു.
” ഇവനെ പോലെ ഒരുത്തൻ കെട്ടിയ താലിക്ക് അത്ര വിലയൊന്നും കൊടുക്കണ്ട കാര്യമില്ല, ഇപ്പോ തന്നെ അത് വലിച്ച് പൊട്ടിച്ചു ഇവന്റെ മുഖത്തേക്ക് തന്നെ വലിച്ചെറിഞ്ഞാൽ തീരാനുള്ളതേ ഉള്ളൂ അത് ” ആദി പറഞ്ഞു.അച്ഛനും അച്ഛമ്മക്കും ഒന്നും ഒരു ഒളുപ്പും തോന്നുന്നില്ലേ, ഇയാൾക്ക് വേണ്ടി ഇവിടെ വന്ന് ചേച്ചിയെ ചോദിക്കാൻ, മനുഷ്യനായി പിറന്ന ആരെങ്കിലും ഇയാൾക്ക് സ്വന്തം മകളെ കെട്ടിച്ച് കൊടുക്കുവോ ” ശിവ ചോദിച്ചു.” മോളെ……. ശിവ……..തെറ്റ് പറ്റി പോയാൽ അതിന് പരിഹാരം കാണണം, അതിൽ ഒരു അഭിമാനക്കുറവുമില്ല,ഇവൻ ചെയ്ത തെറ്റിൽനിന്ന് നമുക്ക് പിന്മാറാൻ കഴിയില്ല, കാരണം ഇവൻ മിഥിലാപുരയിലെ ചോരയാണ് ” പ്രഭ പറഞ്ഞു. അച്ഛമ്മ എന്ത് പറഞ്ഞാലും ചേച്ചിയെ ഇയാളുടെ കൂടെ വിടില്ല ” ശിവ അദ്രിയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.
തുടരും

by