20/04/2026

താലി ബന്ധനം : ഭാഗം 38

രചന – സെലുനിസു

ഏയ്‌…. ഗുഡ്മോർണിംഗ് ഡിയർസ്….എന്ന് വിളിച്ചു കൂവി കൊണ്ട് വിശ്വ അവർക്ക് നേരെ കൈ വീശിയതും മിനി ഒന്ന് ചിരിച്ചു കൊണ്ട് തിരിച്ചു കൈ വീശി കാണിച്ചു അങ്ങോട്ട് പോവാൻ ഒരുങ്ങിയതും ലച്ചു അവളുടെ കയ്യിൽ കയറി പിടിച്ചു…

ദേ.. മിനി. ബെൽ അടിക്കാറായി….

അടിക്കാറായല്ലേ ഒള്ളൂ… അടിച്ചില്ലല്ലോ…നീ വാ നമുക്ക് ഒന്ന് മിണ്ടിയിട്ട് പോവാം എന്നവൾ പറഞ്ഞതും ലച്ചു അവളെ ഒന്ന് കൂർപ്പിച്ചു നോക്കി…

നീ പൊക്കോ… ഞാൻ ക്ലാസ്സിൽ കാണും…

അഹ്…അത് വേണ്ടാ… എങ്ങോട്ടാണേലും നമ്മൾ ഒരുമിച്ച്..

ദേ… മിനി. എനിക്ക് ദേഷ്യം വരുന്നുണ്ട്…

ആഹ്‌ണോ.. എന്നാ ബാ ദേഷ്യം തീർക്കാൻ പറ്റിയ ആൾക്കാരാ അവർ എന്നും പറഞ്ഞോണ്ട് ലച്ചുവിന്റെ കൈ പിടിച്ചു വലിച്ചവൾ അവരുടെ അടുത്തേക്ക് ചെന്നു….

എന്താ ഏട്ടൻസ് ഇവിടെ എണ്ണമെടുക്കാൻ നിക്കുന്നതാണോ…..

ആ ദേ ഇവൻ അതിന് നിക്കുന്നതാ എന്നും പറഞ്ഞു ഫാരിസ് ജോബിന്റെ നേർക്ക് കൈ ചൂണ്ടിയതും അവൻ ഫരിയുടെ തലയിലൊരു കൊട്ട് കൊടുത്തു….

വിശ്വേട്ടൻ എന്താ ഒന്നും മിണ്ടാത്തത്…

ഞാൻ ലച്ചുവിനെ ഒന്ന് അനുകരിച്ചതാ…

അയ്യോ… അത് വേണ്ട… അവളോ അങ്ങനായി.ഏട്ടനും കൂടെ ഊമയായി പോയാ ഇവിടെ ബോറടിച്ചു ചാവും…..

മിനി ഓരോന്ന് അവരോട് സംസാരിക്കുന്നുണ്ടെങ്കിലും ലച്ചു മിണ്ടാതെ   അതിലൂടെ പോവുന്ന കുട്ടികളെയും നോക്കി നിൽക്കുവായിരുന്നു….ഇടക്ക് അവളുടെ നോട്ടം വിശ്വയിൽ പതിഞ്ഞതും അവൻ കണ്ണെടുക്കാതെ തന്നെ നോക്കി ഇരിക്കുവാണെന്ന് മനസ്സിലായ ലച്ചുവിന്റെ മുഖമൊന്ന് ചുളിഞ്ഞു. അവൾ നോക്കുന്നത് കണ്ടതും അവൻ അവൾക്കൊന്ന് സൈറ്റ് അടിച്ചു കാണിച്ചു…. അതും കൂടെ ആയതും ലച്ചുവിന് അവിടെ നിൽക്കാൻ തോന്നിയില്ല.

മിനി നീ വരുന്നുണ്ടോ….

ബെൽ അടിച്ചിട്ട് പോയാ പോരെ…

നീ ബെല്ലടിച്ചിട്ട് വന്നാ മതി ഞാൻ പോകുവാ എന്നും പറഞ്ഞവൾ മിനിയുടെ മറുപടിക്ക് കാക്കാതെ അവിടെ നിന്ന് നടന്നു…

എന്താടി ഒറ്റക്കേ ഒള്ളോ..മിനി വന്നില്ലേ..

വന്നൂ.. ദേ അവിടെ ഇളിച്ചോണ്ട് നിക്കുന്നു എന്നും പറഞ്ഞവൾ മിനിയെ കാണിച്ചു കൊടുത്തു…

ഓഹ്.. ഇവളിത്രപെട്ടന്ന് അവരോട് കമ്പിനി ആയോ…

മ്മ്… ദാസേട്ടാ…

എന്താടി…

ഞാൻ ഹരിയേട്ടനോട് പറഞ്ഞോട്ടെ വിശ്വജിത്ത് ഇവിടെ ഉള്ളത്… എനിക്കെന്തോ അത് പറയാഞ്ഞിട്ട് മനസ്സിലൊരു ഭാരം പോലെ… അതുമല്ല അയാളുടെ നോട്ടവും കാട്ടിക്കൂട്ടലും ഒക്കെ കൂടെ ഭ്രാന്ത് പിടിക്കുവാ….

അത് നിനക്ക് ഒന്നും മറച്ചു വെച്ച് ശീലമില്ലല്ലോ അതാ… അവൻ ഇങ്ങോട്ട് വരട്ടെടി എന്നിട്ട് പറയാം…

മ്മ്…

ക്ലാസ്സിലേക്ക് പൊക്കോ.. ഞാൻ വന്നോളാം…എന്നവൻ പറഞ്ഞതും അവൾ തിരിഞ്ഞു മിനിയെ ഒന്ന് നോക്കി…

അവൾ വന്നോളും നീ പൊക്കോ…

മ്മ് ശരി…

വൈകുന്നേരം ഹരിയുടെ കാൾ കാത്തിരിക്കുമ്പോഴാണ് അവളുടെ ഫോണിലേക്ക് അറിയാത്തൊരു നമ്പറിൽ നിന്ന് കാൾ വന്നത്…. അറിയാത്ത നമ്പർ എടുക്കണ്ടെന്ന് ഹരിയേട്ടൻ പറഞ്ഞതല്ലേ വേണ്ടാ… എന്ന് സ്വയം പറഞ്ഞവൾ ഫോൺ ബെഡിലേക്ക് വെച്ചതും വീണ്ടും ഫോൺ റിങ് ചെയ്തു….

ആരായിരിക്കും…. ഇനി ഹരിയേട്ടൻ വേറെ ആരുടെ ഫോണിന്നേലും വിളിക്കുന്നതാണെങ്കിലോ എന്ന സംശയം  വന്നതും അവൾ ഫോൺ അറ്റന്റ് ചെയ്തു..,..

ഹലോ..

ഹലോ ലച്ചു എന്ന വിളിയിലൂടെ അതിന്റെ ശബ്ദത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതും അവൾ ഒന്ന് ഞെട്ടി ചെവിയിൽ നിന്ന് ഫോൺ എടുത്തു സ്ക്രീനിലേക്ക് നോക്കി….

വിശ്വജിത്ത്…..

ഹലോ ലച്ചു….എന്താടോ മിണ്ടാത്തെ എന്നവന്റെ ചോദ്യം വീണ്ടും വന്നതും അവൾ ഫോൺ കട്ട്‌ ചെയ്ത് ബെഡിലേക്കിട്ടു.

എന്റെ കൃഷ്ണ….. എനിക്ക് വയ്യാ….ഇയാൾക്ക് എങ്ങനെ എന്റെ നമ്പർ കിട്ടി. എന്താപ്പോ ചെയ്യാ എന്ന് വിചാരിച്ചവൾ തലക്ക് താങ്ങും കൊടുത്തിരിക്കുമ്പോഴാണ് വീണ്ടും അവൻ കാൾ ചെയ്തത്…. ഫോണിലേക്ക് നോക്കും തോറും അവളുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…. കാൾ താനെ കട്ട് ആയതും അവൾ എന്താ ചെയ്യേണ്ടേന്ന് ഒരു പിടിയുമില്ലാതെ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി… പെട്ടന്നാണ് അവൾക്ക് ദാസിനെ ഓർമ വന്നത് ഓടി ചെന്നവൾ ഫോൺ എടുത്തു കൊണ്ട് അവന് വിളിച്ചു…

ഹലോ…

ദാസേട്ടാ…

ലച്ചു… എന്ത് പറ്റി. എന്താ നിന്റെ ശബ്ദം വല്ലാതെ….

അവൻ വിളിച്ചിരുന്നു…

ആര്…

വിശ്വജിത്ത്…

അവനോ…

അതേ ദാസേട്ടാ.. നമ്പർ എങ്ങനെ കിട്ടിയെന്ന് അറിയില്ല… എനിക്ക് പേടിയാവുന്നു…

ഏയ്‌… നീ ടെൻഷൻ ആവല്ലേ…. നിന്റെ നമ്പർ ക്ലാസ്സിൽ ആർക്കും കൊടുത്തിട്ടില്ലല്ലോ…

ഇല്ല… മിനീടെ കയ്യിൽ മാത്രമേ ഒള്ളൂ…

മ്മ്… മതിയല്ലോ…അപ്പൊ സംശയം വേണ്ടാ….അവൾ തന്നെയാണ് നമ്പർ കൊടുത്തത്…

അവള് കൊടുക്കോ. അവൾക്കറിയാലോ എനിക്കിഷ്ടമില്ലെന്ന്….

അല്ലാതെ വേറെ ആരുടെ അടുത്താ നിന്റെ നമ്പർ ഉള്ളത്..

മ്മ്… ശരിയാ… ഇനിയിപ്പോ എന്താ ചെയ്യാ ദാസേട്ടാ….

നീ ഒരു കാര്യം ചെയ്യ് ആ നമ്പർ അങ്ങ് ബ്ലോക്ക്‌ ചെയ്തേക്ക്..

അതെങ്ങനെയാ… എനിക്കറിയില്ല…എന്നവൾ പറഞ്ഞതും ബ്ലോക്ക്‌ ചെയ്യേണ്ടതെങ്ങെനെയെന്ന് അവൾക്ക് പറഞ്ഞു കൊടുത്തു…

ശരി ദാസേട്ടാ… എന്നാ ഞാൻ പെട്ടന്ന് അങ്ങനെ ചെയ്യട്ടെ….

ലച്ചൂ..

ആ…

ഇത് കൊണ്ട് ആശ്വാസം കണ്ടെന്ന്  വിചാരിക്കണ്ട..അവന് ഈ നമ്പർ മാത്രമാവില്ല ഉണ്ടാവുക..ഒരു കാര്യം ചെയ്യ് നാളെ തന്നെ നീയും ഹരിയും തമ്മിലുള്ള റിലേഷൻ അവനെ അറിയിക്കണം….

അതൊക്കെ അവനറിയാം ദാസേട്ടാ…

ഏഹ്…നീ പറഞ്ഞിരുന്നോ….

ഞാൻ അല്ല. മിനിയാ പറഞ്ഞത്….

ഓ… അപ്പൊ അവന്റെ മുഖഭാവം ശ്രദ്ധിച്ചോ നീ…

ഇല്ല… എന്തേ…

ഒന്നൂല്ല….ഞാൻ നോക്കട്ടെ എന്താ ചെയ്യാൻ പറ്റാന്ന്… നീ വെച്ചോ..പിന്നെ ഹരി വിളിക്കുമ്പോ ഇങ്ങനെ ടെൻഷൻ ആയി സംസാരിക്കരുത് കേട്ടല്ലോ…

മ്മ്… ശരി…

എന്നാ ഓക്കേ… എന്നും പറഞ്ഞവൻ കാൾ കട്ട്‌ ചെയ്തതും അവളവൻ പറഞ്ഞത് പോലെ ആ നമ്പർ ബ്ലോക്ക്‌ ചെയ്തു… നെഞ്ചിൽ കൈ വെച്ച് ശ്വാസം എടുത്തു….

ഹരിയോട്  സംസാരിച്ചു കഴിഞ്ഞവൾ മിനിയെ കാണാൻ വേണ്ടി അവളുടെ വീട്ടിലേക്ക് ചെന്നു….

സീതേച്ചി….

ആരിത് ലച്ചുവോ… നീ എന്താടി പതിവില്ലാതെ ഈ നേരത്ത്…..

മിനിയെ കാണാൻ… അവളെവിടെ…

മുറിയിലുണ്ട്.

മുറിയിൽ ചെന്നതും മിനി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു…ലച്ചുവിനെ കണ്ടതും അവൾ പെട്ടന്ന് ഫോൺ കട്ട്‌ ചെയ്ത് ബാക്കിലേക്ക് പിടിച്ചു…

നീ… നീ എന്താ ഈ നേരത്ത്..

എന്താ.. ഈ നേരത്ത് ഇവിടെ വരാൻ പാടില്ലെന്നുണ്ടോ.

അതല്ല… നീ അങ്ങനെ വരാറില്ലല്ലോ. അതാ ചോദിച്ചേ…

വരേണ്ട ആവിശ്യം വന്നു… അല്ല ആരായിരുന്നു ഫോണിൽ..

അത്… എന്റെ കൂട്ടുകാരിയാ..

ഏത് കൂട്ട്ക്കാരി….

നിനക്കറിയില്ല….

ഓ… നീ ആ ഫോണിങ് കാണിച്ചേ ഞാനൊന്ന് നോക്കട്ടെ എനിക്കറിയുവോന്ന്…

എന്തിന്. അതൊന്നും വേണ്ടാ…നിനക്കറിയില്ല..

ഇങ്ങു താടി എന്നും പറഞ്ഞു ലച്ചു അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി നോക്കിയതും വിശ്വേട്ടൻ എന്ന് സേവ് ചെയ്ത നമ്പറിൽ കാൾ കട്ട്‌ ആയി കിടക്കുന്നത് കണ്ടവൾ മിനിയെ ഒന്ന് തുറിച്ചു നോക്കി…..

ആരോട് ചോദിച്ചിട്ടാടി നീ എന്റെ നമ്പർ അയാൾക്ക് കൊടുത്തത്..

നിന്റെ നമ്പറോ… ആർക്ക്..

ദേ…. മിനി… ഞാൻ ഇങ്ങനെ പാവമായി നടക്കുന്നത് നീ കണക്കിൽ എടുക്കണ്ടാ…എന്തിനാടി നമ്പർ കൊടുത്തേ….

അത്.. ലച്ചു…. ഞാൻ കൊടുത്തതല്ല. വിശ്വേട്ടൻ എന്റെ ഫോൺ വാങ്ങി അതീന്നു എടുത്തതാ….

ഓ…. അപ്പോഴേക്കും ഫോണും കൈമാറി വിളിയും തുടങ്ങി….അതിന് മാത്രം അയാളെ കുറിച്ച് എന്തറിഞ്ഞിട്ടാടി…

എന്താ ഇപ്പൊ ഇത്ര അറിയാൻ. ഒരു നമ്പർ അല്ലേ…. വേണ്ടെങ്കിൽ അതങ്ങ് ബ്ലോക്ക്‌ ചെയ്തേക്കണം….

മിനി.. നിന്നെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് എനിക്കറിയാം… നീ എന്ത് വേണെങ്കിലും ചെയ്യ്…. എന്നെ അതിലേക്ക് വലിച്ചിഴക്കരുത് എന്നും പറഞ്ഞവൾ ഫോൺ അവളുടെ കയ്യിലേക്ക് വെച്ച് കൊടുത്ത് കൊണ്ട് മുറി വിട്ടിറങ്ങി….

മാധവേട്ടാ….

മ്മ്…

എന്താ ആലോചിക്കുന്നേ…

ലച്ചുവിന്റെ വിവാഹം ഉടൻ നടത്തണം….അല്ലാതെ പറ്റില്ല….

ഹരിയെങ്ങാൻ അറിഞ്ഞാൽ….പ്രശ്നമാക്കില്ലേ.. അന്നേ അവൻ പറയുന്നതൊക്കെ കേട്ടില്ലേ..

അവൻ അറിയാതിരുന്നാ പോരെ …അവനിനി വന്നു പോയാൽ പിന്നെ മൂന്ന് മാസത്തിനു ശേഷമേ വരൂ…അതിനിടയിൽ എല്ലാം കഴിയണം…
പക്ഷേ…. അവൾക്ക് പറ്റിയ ചെറുക്കനെ കിട്ടാൻ ആണ് പാട്….എല്ലാം അറിഞ്ഞു ആരേലും സ്വീകരിക്കുവോ…
മ്മ്… വരട്ടെ….നോക്കാം.. പൈസ കുറച്ച് കൂടുതൽ കൊടുത്താൽ ചിലപ്പൊ ആരെങ്കിലും വരാതിരിക്കില്ല……പിന്നൊരു കാര്യം. നിന്റെ വായേന്നെങ്ങാൻ ആരെങ്കിലും ഇതറിഞ്ഞാൽ വെച്ചേക്കില്ല ഞാൻ… എന്നൊരു താക്കീതോടു കൂടി ശാരുവിന് നേരെ വിരൽ ചൂണ്ടി മാധവൻ പുറത്തേക്കിറങ്ങി….. ഇതെല്ലാം ഒളിഞ്ഞു നിന്ന് കേട്ട അവരുടെ ചുണ്ടിൽ ഒരു വിജയചിരി വിരിഞ്ഞു….താൻ ഉദ്ദേശിച്ചത് പോലെ  തന്നെ കാര്യങ്ങൾ നടക്കുന്നുണ്ടെന്ന് മനസ്സിൽ വിചാരിച്ചവർ അവിടെ നിന്നും പതിയെ ഉള്ളിലേക്ക് വലിഞ്ഞു…..

ദിവസങ്ങൾ കഴിയും തോറും  ലച്ചുവിന് വിശ്വയുടെ ശല്ല്യം കൂടി വരാൻ തുടങ്ങി…പല നമ്പറിൽ നിന്നും അവൾക്ക് മെസ്സേജും കാളും വന്നു കൊണ്ടിരുന്നു… ദാസ് പല തവണ അവനെ വാൺ ചെയ്തെങ്കിലും അവനത് ചെവി കൊണ്ടില്ല…എക്സാം ടൈം ആയത് കൊണ്ട് തന്നെ  ഹരിക്കിപ്പൊ ലച്ചുവിനെ വിളിക്കാൻ സാധിക്കാറില്ല…എല്ലാം ഒരു മെസ്സേജിൽ ഒതുക്കാറാണ് പതിവ്….പല തവണ മുഖത്തിന്റെ വാട്ടം കണ്ട് ദേവികാന്റി കാരണം ചോദിച്ചെങ്കിലും ഹരി അറിയും എന്നുറപ്പുള്ളത് കൊണ്ട് അവൾ ഒന്നുമില്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി…

എല്ലാം കൊണ്ടും അവളുടെ മനസ്സാകെ കലങ്ങി മറിഞ്ഞിരിക്കുവായിരുന്നു… ഹരിയെ ഒന്ന് കാണാൻ അവളുടെ മനസ്സ് വല്ലാതെ കൊതിച്ചു….ഓരോന്ന് ഓർക്കുംതോറും അവളുടെ മിഴികൾ നിറഞ്ഞു വരാൻ തുടങ്ങി… ഹരിയുടെ ശബ്ദമെങ്കിലും ഒന്ന് കേട്ടെങ്കിൽ കുറച്ചു ആശ്വാസം കിട്ടുമെന്നായതും അവന് വിളിക്കാനായി അവൾ ഫോൺ കയ്യിൽ എടുത്തു..

അല്ലെങ്കി വേണ്ടാ.. നാളെ ഹരിയേട്ടന്റെ ലാസ്റ്റ് എക്സാം അല്ലേ.. മറ്റന്നാ കാലത്ത് ഇങ്ങെത്തുമല്ലോ എന്ന് ആശ്വസിച്ചവൾ ഫോൺ ബെഡിലേക്ക് വെച്ചതും അതിലേക്ക് ഹരിയുടെ  കാൾ വന്നിരുന്നു….

അതീവ സന്തോഷത്തോടെ അവൾ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു…..

ഹലോ… ഹരിയേട്ടാ….

ലച്ചു…

ആ… ഹരിയേട്ടൻ എന്തെടുക്കുവാ…

പഠിക്കുവായിരുന്നു..നാളെ ലാസ്റ്റ് എക്സാം അല്ലേ…പെട്ടന്ന് എന്തോ നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി അതാ വിളിച്ചേ ….ഉറങ്ങിയിരുന്നോ നീ…

ഇല്ല ഹരിയേട്ടാ… ഞാനും ഹരിയേട്ടന്റെ ശബ്ദമൊന്ന് കേട്ടെങ്കിൽ എന്ന് കൊതിച്ചിരിക്കുവായിരുന്നു…

ആഹാ… എന്നാ വിളിച്ചൂടായിരുന്നോ നിനക്ക്…

ഹരിയേട്ടൻ പഠിക്കാവുംന്ന് കരുതി….

നിനക്ക് എന്നോട് സംസാരിക്കണം എന്ന് തോന്നുമ്പോ വിളിക്കണം…അപ്പൊ വേറൊന്നും നോക്കണ്ടാ…

മ്മ്…

മറ്റന്നാൾ നിങ്ങടെ ഫ്രഷേഴ്‌സ് ഡേ ആണല്ലേ. ദാസ് വിളിച്ചപ്പൊ പറഞ്ഞിരുന്നു…. എന്താ ഡ്രസ്സ്‌ ഇടുന്നേ…

മിനി സാരി ഉടുക്കാന്ന് പറയുന്നുണ്ട്…

അതിന് നിന്റെ കയ്യിൽ സെറ്റ് സാരിയല്ലേ ഒള്ളൂ….

ആ….

എന്നാൽ നാളെ ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ ഒന്നെടുത്തോ… ഞാൻ ദാസിനോട് പറഞ്ഞോളാം..

അതൊന്നും വേണ്ട..മിനീടെ കയ്യിൽ രണ്ടെണ്ണം ഉണ്ട് . ഒന്നവൾ എന്റേൽ തന്നിട്ടുണ്ട്…

അഹ്‌ണോ… എന്നാ ഇപ്പൊ അത് വെച്ചോ..ഞാൻ വന്നിട്ട് ഒരെണ്ണം എടുക്കാട്ടോ..

മ്മ്… ഹരിയേട്ടാ…

ആ…പറ.

മറ്റന്നാൾ രാവിലെ എത്തില്ലേ….

എവിടെ.

ഇങ്ങോട്ട്…

പറ്റില്ലെടാ…. എന്നവൻ പറഞ്ഞതും അവളുടെ ഉള്ളൊന്ന് കാളി….

അപ്പൊ. എ.  എന്താ…

ഇവിടെ എന്തോ പ്രോഗ്രാം ഉണ്ടെന്ന് രണ്ട് ദിവസം കൂടെ കഴിഞ്ഞിട്ടേ വരാൻ പറ്റൂ…. അതും കൂടെ പറയാനാ ഞാൻ വിളിച്ചത്…എന്നവൻ പറഞ്ഞതും അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു…

ലച്ചൂ…

മ്മ്…

കരയുവാണോ നീ….

മുഹും… ഇല്ലാ….

രണ്ട് ദിവസം കൂടെ അല്ലെടി അത് കഴിഞ്ഞാ ഞാൻ  അങ് വരില്ലേ….

ഹരിയേട്ടാ…എനിക്ക് ഉറക്കം വരുന്നു. പിന്നെ വിളിക്കാം എന്നും പറഞ്ഞവൾ അവന്റെ മറുപടിക്ക് കാക്കാതെ മുഖം പൊത്തി കരഞ്ഞു….

ഡാാ…. ഹരി… എന്തിനാടാ നീ അവളോട് കളളം പറഞ്ഞത്.. പാവം അതിന് സങ്കടമായികാണും….

ഡാ. കിരണേ മറ്റന്നാൾ ഇനി നമ്മൾ വരില്ലെന്നാവും അവളുടെ മനസ്സിൽ. പെട്ടന്ന് എന്നെ കാണുമ്പോ അവളുടെ മുഖത്തു വിരിയുന്ന ആ സന്തോഷം ഉണ്ടല്ലോ. അത് കാണണം എനിക്ക്….

മ്മ്…..നിനക്ക് വട്ടാ….

വട്ട് നിന്റെ കെട്ടിയോൾക്ക്….

ഓ… അതിനിപ്പൊ എവിടെയാണോ എന്തോ….എന്നും പറഞ്ഞവൻ മുകളിലേക്ക് നോക്കി കൈ മലർത്തി….

പിറ്റേന്ന് ലച്ചുവിന് ഒന്നിനും ഒരുത്സാഹവും തോന്നിയില്ല….. തന്നെയുമല്ല ഒത്തിരി കരഞ്ഞത് കൊണ്ട് തലയൊക്കെ ഭയങ്കര വേദനയും. മിനിയോട് കോളേജിലേക്ക് ഇല്ലെന്ന് പറഞ്ഞു കൊണ്ടവൾ ഒരു വിധം പണി ഒരുക്കി ബെഡിലേക്ക് കിടന്നു…കിച്ചുവും ശ്രീയും വന്നു എന്താ പറ്റിയേന്ന് ഒരുപ്പാട് തവണ ചോദിച്ചെങ്കിലും ഒന്നും മിണ്ടാതെ കണ്ണടച്ച് കിടന്നു….ഹരി വിളിച്ചപ്പോഴും അവൾ അതികം സംസാരിക്കാതെ ഒഴിഞ്ഞു മാറി….

പിറ്റേന്നും കോളേജിലേക്ക് ഇല്ലെന്ന് പറഞ്ഞുവെങ്കിലും അതിന് സമ്മതിക്കാതെ മിനി വന്നു അവളെ ഒരുക്കി കോളേജിലേക്ക് കൊണ്ട് പോയി….

ഗേറ്റിൽ തന്നെ വിശ്വയേയും കൂട്ടുക്കാരെയും കണ്ടതും മിനിയുടെ കയ്യിൽ പിടിച്ചവൾ സ്പീഡിൽ അവിടെ നിന്ന് നടന്നു…

ഡാ… വിശ്വ. എന്താ നിന്റെ ഉദ്ദേശം… നീ കുറച്ചായില്ലേ അവളുടെ പിന്നാലെ നടക്കുന്നു. അവളാണേൽ നിന്നെ മൈൻഡ് പോലും ചെയ്യുന്നില്ല….വിട്ട് കളഞ്ഞേക്കെടാ… നിന്റെ ലിസ്റ്റിൽ ഒത്തിരി പേരില്ലേ ഇനി എന്തിനാ ഇവളെ….

പറ്റില്ല ജോബി. ഇവളെ എനിക്ക് വേണം… നാടൻ അല്ലെടാ.. അപ്പൊ ഒന്നൂടെ ട്ടേസ്റ്റ് കൂടും…. നിങ്ങൾ കണ്ടോ അതികം വൈകാതെ അവൾ എന്റേതായിരിക്കും…

മ്മ്…. നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ…..

പോടാ… ഞാനിപ്പോ വരാം… പെണ്ണ് സാരിയൊക്കെ ഉടുത്തിട്ട് കുറച്ചൂടെ ഭംഗി വെച്ചിട്ടുണ്ട്. ശരിക്കൊന്ന് കണ്ടിട്ട് വരാം..

മ്മ്…പോയത് പോലെ ഇങ്ങു വന്നാ മതി….

വരും… കാരണം നീയല്ല പോവുന്നേ ഞാനാ….എന്നും പറഞ്ഞവൻ ജോബിയുടെ തലയിൽ ഒന്ന് കൊട്ടി ലച്ചുവിന്റെ ക്ലാസ്സിലേക്ക് നടന്നു….

ഹരി… എത്താറായോടാ…. ഇരുന്ന് ഇരുന്ന് മനുഷ്യന്റെ നടു ഒടിഞ്ഞു….

നിന്നോട് ഞാൻ പറഞ്ഞതാണല്ലോ ട്രെയിനിൽ പോരാന്ന്. അപ്പൊ കാർ  വേണമെന്ന് അനി തമ്പുരാന് നിർബന്ധം… സഹിച്ചോ…

അതിന് ഞാൻ അറിഞ്ഞോ. നീ ഇങ്ങനെ വാണം വിട്ടപോലെ പോവാവുംന്ന്……. ഇടക്കൊക്കെ ഒന്ന് നിർത്തി കുറച്ചു പിക്സ് ഒക്കെ എടുത്തിട്ട് പതിയെ പോവാമെന്ന് വെച്ചിട്ടാ ഞാൻ അങ്ങനെ പറഞ്ഞെ….

എന്നാ നീ ഇവിടെ ഇറങ്ങിക്കോ വേറെ വണ്ടി എടുത്ത് പിക്സ് ഒക്കെ എടുത്തു പതിയെ വന്നാ മതി…. മനുഷ്യൻ ഇവിടെ അവളെ കാണാഞ്ഞിട്ട് ഒരു സമാധാനം ഇല്ല…

ഓ…. പറയുന്ന കേട്ടാൽ തോന്നും അവളെ പിരിഞ്ഞിട്ട് വർഷങ്ങളായെന്ന്…

അതേയ്… രണ്ട് ദിവസം കഴിഞ്ഞാ ഇവൾ ഇവടെ വീട്ടിൽ പോവില്ലേ. അപ്പൊ നീ ഇത് ഓർക്കണം. എന്നവൻ നിഷയെ കാണിച്ചു അനിയോട് പറഞ്ഞതും അവനൊന്ന് മുഖം കോട്ടി..

ഡാ.. ഹരി വിശക്കുന്നു… എന്തെങ്കിലും കഴിച്ചിട്ട് പോവാടാ….

കിരൺ പ്ലീസ്…. ഇന്ന് അവരെ കോളേജ് ഉച്ച വരെയൊള്ളു.അവളെ അവിടുന്ന് മുഖം കാണിക്കണം എന്നാ എന്റെ ആഗ്രഹം…. വൈകിയാ ഒന്നും നടക്കില്ല….ദേ എത്താറായി…. അവളെ കണ്ട ഉടൻ നമുക്ക് ഫുഡ്‌ കഴിക്കാൻ കയറാം…അല്ലെങ്കി നിങ്ങക്ക് വീട്ടിൽ ഇറങ്ങണോ…. ഞാൻ അമ്മയോട് വിളിച്ചു പറയാം…

അത് വേണ്ട ഹരി. നിന്നെ കാണുമ്പോഴുള്ള ലച്ചുവിന്റെ എക്സ്പ്രഷൻ എനിക്ക് കാണണം ഇവന്മാരെ വേണേൽ ഇറക്കിയേക്ക് എന്ന് നിഷ പറഞ്ഞതും ഹരി ഒന്ന് ചിരിച്ചു കൊണ്ട് കിരണിനെ നോക്കി..

വേണ്ടാ… വേവുവോളം കാത്തില്ലേ. ഇനി ആറുവോളം കാക്കാം  എന്നും പറഞ്ഞു കിരൺ സീറ്റിലേക്ക് ചാരി കിടന്നു….

ക്ലാസ്സിൽ ലച്ചുവിനെ നോക്കിയിട്ട് കാണാഞ്ഞതും വിശ്വ അവിടൊരു കുട്ടിയോട് അവളെ തിരക്കി… മുകളിലാണ് എന്ന് പറഞ്ഞതും …അവനൊരു ചിരിയോടെ സ്റ്റെപ്പ്  കയറാൻ തുടങ്ങവേ ലച്ചു താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു…അവനെ കണ്ടതുംഅവൾ മുകളിലോട്ട് തന്നെ  കയറാൻ തിരിഞ്ഞതും അവൻ ഓടി ചെന്ന് അവളുടെ മുന്നിലേക്ക് കയറി നിന്നു….

മാറ്. എനിക്ക് പോണം…

നിക്കെന്നേ…. സാരിയുടുത്തിട്ട് നിന്നെ കാണാൻ എന്ത്‌ ഭംഗിയാണെന്നോ….എന്നവൻ പറഞ്ഞതും അവൾ ദേഷ്യത്തോടെ അവനിൽ നിന്ന് മുഖം തിരിച്ചു….

ഡീ… ഇങ്ങോട്ട് നോക്കെടി എന്നും പറഞ്ഞവൻ അവളുടെ കവിളിൽ കുത്തി പിടിച്ചു അവന്റെ നേർക്ക് തിരിച്ചതും അവൾ തല വെട്ടിക്കാൻ തുടങ്ങി…

നിനക്കെന്താടി എന്നെ കാണുമ്പോ ഒരു പുച്ഛം….

എന്റെ ഹരിയേട്ടന്റെ പെണ്ണാണ് ഞാനെന്നറിഞ്ഞിട്ടും  എന്റെ പുറകെ ഉള്ള നിങ്ങടെ ഈ നടപ്പുണ്ടല്ലോ അതിൽ തന്നെ അറിയാം നിങ്ങടെ ഉദ്ദേശം എന്താണെന്ന്….എന്ത്‌ അഭ്യാസമെടുത്താലും എന്നെ നിങ്ങടെ വരുതിയിൽ വരുത്താമെന്ന് വിചാരിക്കണ്ട….

ഓഹോ… അപ്പൊ നിനക്ക് മിണ്ടാനൊക്കെ അറിയാം…… വിശ്വയുടെ തനി സ്വരൂപം നീ മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി നിന്റെ അടുത്ത് ഞാൻ കൂടുതൽ മാന്യത കാണിക്കുന്നില്ല…. എന്നും പറഞ്ഞവൻ അവളുടെ അരയിലൂടെ കൈ ചുറ്റി പിടിച്ചു അവനിലേക്ക് അടുപ്പിച്ചു കൊണ്ട് അവളുടെ മുഖത്തിന്‌ നേരെ അവന്റെ മുഖം കൊണ്ട് ചെല്ലാൻ തുടങ്ങിയതും പെട്ടന്നൊരു ചവിട്ടേറ്റ് അവൻ അവളെയും കൊണ്ട് സൈഡിലേക് മറിഞ്ഞു…

തുടരും